പ്രണയം അല്ലാഹുവിനോട്

പ്രണയം അല്ലാഹുവിനോട്

മണ്‍സൂണ്‍ കാലത്തെ കനത്ത പേമാരിയില്‍ കരകവിഞ്ഞൊഴുകുന്ന പുഴക്കു കുറുകെ നീന്തി മറുകരയിലെത്തുമ്പോഴുണ്ടാകുന്ന ഒരു അനുഭൂതിയുണ്ട്. ജീവിതവും മരണവും സ്രഷ്ടാവിനായി സമര്‍പ്പിക്കുന്ന സത്യവിശ്വാസിക്ക് ആത്മാവ് നഷ്ടപ്പെടാത്ത നോമ്പിലൂടെ നേടിയെടുക്കാനാവുന്നത് ഇത്തരമൊരു ഈടുറ്റ അനുഭൂതിയാണ്. നോമ്പുകാരന് രണ്ടു സന്തോഷമുണ്ടെന്ന പ്രവാചകാധ്യാപനവും ഇഹത്തിലും പരത്തിലുമുള്ള അനുഭൂതിയെക്കുറിച്ചു തന്നെയാണ് പറയുന്നത്.
നവൈതു സ്വൗമ ഗദിന്‍ ഈ കൊല്ലത്തെ… ഒരു വലിയ സമരത്തിനുള്ള ഒരുക്കം നടക്കുകയാണ്. പ്രത്യാക്രണത്തെക്കാള്‍ പ്രതിരോധമാണിവിടെ വിഷയമാകുന്നത്.പൈശാചികതയും ദേഹേച്ഛയും വച്ചുനീട്ടുന്ന പ്രലോഭനങ്ങളെ ജയിച്ചടക്കാനുള്ള ശക്തമായൊരു പ്രതിരോധ പ്രവര്‍ത്തനം. നോമ്പിലൂടെ വിശ്വാസി കൈവരിക്കുന്നത് മികച്ച ഒരു സമരമുറയാണ്.
ശീലങ്ങളൊന്നും മാറ്റാനാവില്ലെന്ന വാദം നിരര്‍ത്ഥകമാണെന്ന് കാലം മാത്രമല്ല നോമ്പും തെളിയിക്കുന്നു. ഇക്കാലത്തുമുണ്ട് ചിലര്‍ക്കെങ്കിലും ചെയിന്‍ സ്മോക്കര്‍ എന്ന ഓമനപ്പേര്. എന്തു തന്നെയായാലും പുകവലി നിര്‍ത്താനാവില്ലെന്ന മട്ടിലാണവര്‍. നേരം വെളുത്ത് വൈകുന്നേരമാകുമ്പോഴേക്കും കുറെയേറെ ഊതിവിട്ടിട്ടുണ്ടാകും. ആര് ഉപദേശിച്ചാലും നിസ്സഹായനായി പ്രതികരിക്കും. ഈ ജന്മത്തില്‍ മാറ്റാനാകുമെന്ന് തോന്നുന്നില്ല. എന്തുചെയ്യും, അതൊരു ശീലമായിപ്പോയില്ലേ? അത്തരക്കാരെയും നോമ്പ് പ്രത്യേക പാഠങ്ങളൊന്നും പഠിപ്പിക്കേണ്ടതില്ല. നോമ്പ് പരിചയാണ്. തിരുവചനത്തിന്റെ പൊരുള്‍ ആര്‍ക്കും മനസ്സിലാകും.
വിവേകവും വിചാരവും മാത്രല്ല, വികാരങ്ങള്‍ കൂടിയാണ് മനുഷ്യനെ നയിക്കുന്നത്. വൈകാരികമായ പ്രേരണകളൊന്നുമില്ലാത്ത മലക്കുകള്‍ മനുഷ്യര്‍ക്കെതിരെ മുറുമുറുപ്പുണ്ടാക്കാനുള്ള കാരണവും മറ്റൊന്നല്ല. മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ചുള്ള നിലപാടിനോട് മലക്കുകള്‍ വിയോജിച്ചുവെങ്കിലും നിങ്ങള്‍ക്കറിയാത്തതൊക്കെ എനിക്കറിയാമെന്നായിരുന്നു സ്രഷ്ടാവിന്റെ പ്രതികരണം. വൈകാരികമായ സമ്മര്‍ദങ്ങള്‍ക്കിടയിലും തന്റെ പൊരുത്തം കാംക്ഷിക്കുന്നവരായിരിക്കും മനുഷ്യ സമൂഹമെന്ന ആശയമാണ് അല്ലാഹു മുന്നോട്ടുവെച്ചത്.
അച്ചടക്കമാണ് നോമ്പിന്റെ ആത്മാവ്. ശരീരത്തിനൊപ്പം മനസ്സിനെയും പരിപൂര്‍ണ അച്ചടക്കത്തിനു വിധേയമാക്കുന്നു. വയറിന്റെ പ്രശ്നം മാത്രമല്ല, മറ്റു അവയവങ്ങളും നോമ്പിലൂടെ കടുത്ത പ്രതിരോധത്തിലാവുകയാണ്. ആഗ്രഹിക്കുന്നതിന്റെ പിന്നാലെ പോകുന്ന പതിവു രീതികളില്‍ നിന്നും നോമ്പുകാലം സത്യവിശ്വാസിക്ക് വിശ്രമം നല്‍കുന്നു.
നമ്മുടെ അവയവങ്ങള്‍ക്കൊക്കെ ഒരു സവിശേഷതയുണ്ട്. നല്ലതിനെന്ന പോലെ ചീത്തയായ കാര്യങ്ങള്‍ക്കും അവ പ്രയോജനപ്പെടും. കണ്ണും നാവുമാണ് പ്രധാന വില്ലന്മാര്‍. നബി(സ) ഓര്‍മിപ്പിച്ചു: ഒരാള്‍ ഗൂണമുള്ളതോ അല്ലാത്തതോ എന്നൊന്നും ആലോചിക്കാതെ സംസാരിച്ചു കൊണ്ടിരിക്കും. അതിലൂടെ നരകത്തിലേക്കുള്ള വഴിയില്‍ അവന്‍ ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. (ബുഖാരി, മുസ്ലിം). മറ്റൊരു ഹദീസ് നോക്കൂ: നേരം വെളുത്താല്‍ ശരീരത്തിലെ മുഴുവന്‍ അവയവങ്ങളും നാവിനോട് വിനയപൂര്‍വം പറയുമത്രെ: നീ അല്ലാഹുവിനെ സൂക്ഷിക്കണം, ഞങ്ങളൊക്കെയും നീ പറയുന്നേടത്താണ്. അഥവാ നീ നേരെ നിന്നാല്‍ ഞങ്ങളും നേര്‍വഴിയില്‍, അല്ലെങ്കിലോ ഞങ്ങളും വഴി തെറ്റിക്കൊണ്ടേയിരിക്കും.(തിര്‍മുദി). ഒരു ഹദീസ് കൂടി: ഒരാള്‍ നല്ലൊരു വാക്ക് പറയും; അത്രത്തോളം വലിയ സംഗതിയാണെന്നൊന്നും കരുതിയിട്ടല്ല. പക്ഷേ ഈ ഒരൊറ്റ വാക്കിലൂടെ അവന്‍ അല്ലാഹുവിന്റെ പൊരുത്തം നേടിക്കഴിഞ്ഞിട്ടുണ്ടാകും. (മുവത്വ). സ്വഹാബിയായ മുആദ്(റ) സ്വര്‍ഗം കിട്ടാനുള്ള വഴി പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നബി(സ) നല്‍കിയ സമഗ്രമായ ഒരു ഉപദേശമുണ്ട്: ഓ, മുആദ്, നിങ്ങള്‍ ചോദിച്ച കാര്യം ഭയങ്കരമാണ്. അല്ലാഹു ഉദ്ദേശിച്ചവരെ സംബന്ധിച്ചിടത്തോളം അതു വളരെ എളുപ്പമുള്ള സംഗതിയാണ്. തുടര്‍ന്ന് നബി(സ) തങ്ങള്‍ നല്‍കുന്ന ഉപദേശം കേള്‍ക്കുക: അല്ലാഹുവിനെ ആരാധിക്കുക, ഒരിക്കലും ശിര്‍ക്ക് ചെയ്യരുത്, നേരായ വണ്ണം നിസ്കരിക്കുക, സകാത്ത് നല്‍കുക, റമളാനില്‍ നോമ്പെടുക്കുക, കഴിവുള്ളവനാണെങ്കില്‍ ഹജ്ജ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് ഞാന്‍ നന്മയുടെ കവാടം പരിചയപ്പെടുത്തിത്തരാം: നോമ്പ് പരിചയാണ്. വെള്ളം തീ കെടുത്തിക്കളയുന്നതുപോലെ ദാനധര്‍മങ്ങള്‍ തിന്മകളെ കരിച്ചുകളയും. ഉറക്കില്‍ നിന്ന് എണീറ്റുകൊണ്ടുള്ള രാത്രിയിലെ നിസ്കാരം നന്മയുടെ പ്രധാന കവാടമാണ്.
തുടര്‍ന്ന് നബി(സ) പറഞ്ഞു: മുഴുവന്‍ നന്മകളുടെയും ഉടലും തലയും അതിന്റെ മികച്ച ഭാഗവും ഞാന്‍ പറഞ്ഞുതരാം: ഏതൊന്നിന്റെയും തല ഇസ്ലാം തന്നെ. ഉടല്‍ നിസ്കാരമാണ്. അതില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന, എടുത്തു കാണിക്കുന്ന ഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരമാണ്. ഒന്നുകൂടി പറയാം: ഇപ്പറഞ്ഞതൊക്കെ സ്വാംശീകരിക്കപ്പെടുന്ന സമഗ്രമായ ഒരു കേന്ദ്രബിന്ദുവുണ്ട്. അത് ഏതാണെന്നോ? നാവിനെ അമര്‍ത്തിപ്പിടിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ഇതാ, ഇതിനെ സൂക്ഷിച്ചുകൊള്ളുക. മുആദ്(റ) പറയുന്നു: ഞാന്‍ ചോദിച്ചു: നബിയേ, നാവുകൊണ്ടുള്ള നമ്മുടെ സംസാരങ്ങളൊക്കെ ശിക്ഷിക്കപ്പെടാന്‍ കാരണമാണെന്നാണോ? നബി(സ) പറഞ്ഞു: മനുഷ്യരെ നരകത്തിലെത്തിക്കുന്നതില്‍ മുഖ്യഹേതു നാവില്‍ നിന്ന് കെട്ടഴിഞ്ഞുവീഴുന്ന വാക്കുകളല്ലാതെ മറ്റെന്താണ്! (തിര്‍മുദി).
മനസ്സിനൊപ്പം പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകേണ്ട മറ്റൊരവയവം കണ്ണാണ്. കണ്ണുകളെ കൊണ്ടുള്ള നോട്ടത്തില്‍ വ്യഭിചാരമുണ്ടെന്ന് നബി(സ) പറയുന്നു. സത്യവിശ്വാസികളോട് കണ്ണുകള്‍ അടയ്ക്കാന്‍ പറയുക. വ്യഭിചാരത്തിന്റെ ഒരു വിഹിതം മനുഷ്യര്‍ക്കെല്ലാം കിട്ടുമെന്ന കാര്യം ഉറപ്പാണ്. കാരണം കണ്ണുകള്‍ കൊണ്ടുള്ള നോട്ടം വ്യഭിചാരമാണ്.
നല്ലതിനും ചീത്തക്കും ഒരുപോലെ വഴങ്ങുന്ന അവയവങ്ങളെ നന്മയുടെ പക്ഷത്ത് പിടിച്ചുനിര്‍ത്താനുള്ള സമരപ്രവര്‍ത്തനത്തിന് സത്യവിശ്വാസിക്ക് ആവേശം നല്‍കുകയാണ് നോമ്പ്. തീക്ഷ്ണമായൊരു സമരം ജയിച്ചാലുള്ള ആത്മനിര്‍വൃതിയും അനുഭൂതിയുമാണ് നോമ്പിലൂടെ വിശ്വാസി കൈവരിക്കുന്നത്.
നാവനക്കാനും കണ്ണ് തുറക്കാനും മനസ്സ് പ്രവര്‍ത്തിക്കാനുമെല്ലാം നിയന്ത്രണങ്ങള്‍ നേരിടുന്ന ഒരു സുകൃതമെന്ന നിലയില്‍ നോമ്പിനെ വിലയിരുത്തുമ്പോഴേ നോമ്പിന്റെ ആത്മാവ് കണ്ടെത്താനാവൂ. നിറഞ്ഞൊഴുകുന്ന പുഴ മുറിച്ചു കടന്നാലുണ്ടാകുന്ന അനുഭൂതിയെക്കുറിച്ചാണ് നാം പറഞ്ഞു തുടങ്ങിയത്. നോമ്പുകാരന്റെ അനുഭൂതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അതൊന്നുമല്ല.
നോമ്പുകാരന്റെ രണ്ടു സന്തോഷങ്ങളിലൊന്ന് നോമ്പ് തുറക്കുമ്പോഴുള്ളതാണ്. സുഭിക്ഷമായ വിഭവങ്ങളുടെ മുന്നിലിരിക്കുമ്പോഴുണ്ടാകുന്നതല്ല അത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു സദ്കര്‍മം പൂര്‍ത്തിയാക്കാനായതിലുള്ള അഭിമാനവും അനുഭൂതിയുമാണത്.
രണ്ടാമത്തെ സന്തോഷം അല്ലാഹുവിനെ കാണുമ്പോഴുള്ളതും. സ്വര്‍ഗത്തിലെത്തിയ വിശ്വാസിയുമായി സ്വര്‍ഗത്തെ കാക്കുന്ന മലക്കുകള്‍ നടത്തുന്ന ചില സംഭാഷണങ്ങളുണ്ട്. ഓരോ അനുഗ്രഹവും നേരില്‍ ദര്‍ശിച്ച് കലവറയില്ലാത്ത സന്തോഷം ഉള്ളില്‍ പൂത്തിരമ്പുന്നതാണ് ഈ രംഗം. മലക്കുകള്‍ പറയും: നിങ്ങള്‍ക്ക് ഇനി കിട്ടാനുള്ളത് ഇപ്പോള്‍ കിട്ടിയതിനെക്കാള്‍ വലുതാണ്. സ്വര്‍ഗവാസി അത്ഭുതം കൂറും. എന്താണീ കേള്‍ക്കുന്നത്? ഇതിനെക്കാള്‍ വലിയ ഒരനുഗ്രഹമോ? അതെന്തായിരിക്കും? അങ്ങനെയൊന്ന് ഇനിയുമുണ്ടാവുമോ? സ്വര്‍ഗത്തിന്റെ ഏറ്റവും ചെറിയ അനുഗ്രഹത്തെക്കുറിച്ച് പോലും അങ്ങനെയേ ഓര്‍ക്കാനാവൂ. ഒടുവില്‍ അല്ലാഹുവിനെ കാണുക എന്ന അനുഗ്രഹത്തിലെത്തുമ്പോഴാണ് മലക്കുകള്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാവുക. ആനന്ദാതിരേകത്താല്‍ മുമ്പുള്ളതെല്ലാം മറന്നുപോകുന്ന നിമിഷമാണത്. ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സുകൃതങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളട്ടെ. ആരാധനയില്‍ മറ്റൊന്നിനെയും പങ്കുചേര്‍ക്കുകയുമരുത്. (അല്‍കഹ്ഫ്).
വിശ്വാസി അല്ലാഹുവിനെ പ്രണയിക്കുകയാണ്. ജീവിതവും മരണവും അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ടാണീ പ്രണയം. ആത്മജ്ഞാനത്തിനനുസരിച്ച് പ്രണയത്തിന്റെ മൂര്‍ച്ചകൂടും. സത്യവിശ്വാസികളെ അല്ലാഹു തിരിച്ചും സ്നേഹിക്കുന്നു. അവന്‍ വിശക്കണമെന്ന് പറഞ്ഞപ്പോള്‍ വിശപ്പ് സഹിച്ചു. ഉറക്കമൊഴിക്കാന്‍ പറഞ്ഞപ്പോള്‍ അതു ചെയ്തു. കയ്യിലുള്ളത് ദാനം ചെയ്യാന്‍ പറഞ്ഞപ്പോഴും സ്നേഹത്തിന് വിള്ളല്‍ വന്നില്ല. സമഗ്രമായ സമര്‍പ്പണത്തിന്റെ വഴിയില്‍ വര്‍ഷത്തിലൊരിക്കല്‍ വിരുന്നായെത്തുന്ന നോമ്പ് പ്രണേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുമെന്നതില്‍ സംശയമില്ല.
അല്ലാഹു വാഗ്ദാനങ്ങള്‍ പാലിക്കുന്നവനാണ്. മലക്കുകളോട് അവന്‍ പറയും. നോമ്പുകാര്‍ക്ക് പ്രത്യേക ഓഫര്‍. സ്വര്‍ഗത്തിന്റെ എട്ടു കവാടങ്ങളും അവര്‍ക്കായി തുറന്നു വെക്കുക. നാമേറ്റവും സ്നേഹിക്കുന്ന അല്ലാഹുവിനെ സ്വര്‍ഗത്തില്‍ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ആത്മാനുഭൂതി. അതിനപ്പുറം ഒന്നുമില്ല. ഈ ലക്ഷ്യത്തിനായി നമ്മള്‍ നോമ്പിലൂടെ ശരീരത്തോടും മനസ്സിനോടും പിശാചിനോടും എത്ര സമരം ചെയ്താലും നമുക്കെന്തു നഷ്ടം?

എന്‍ എം സ്വാദിഖ് സഖാഫി

You must be logged in to post a comment Login