All You Can Do Is Pray

All You Can Do Is Pray

ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ക്രിസ്ത്യാനികളാണ്; 220 കോടി. തൊട്ടടുത്ത് മുസ്ലിംകളും; 160 കോടി. ഹിന്ദു സമൂഹം മൂന്നാം സ്ഥാനത്താണത്രേ. മൊത്തം 100 കോടിയോളം വരും. നാലാം സ്ഥാനത്തു വരുന്നത് ബുദ്ധമതമാണ്. 48 കോടി. ഭൂമുഖത്തെ എല്ലാ ഭീകരവാദികളും മുസ്ലിംകളാണെന്നാണ് ഇതുവരെ ഇസ്ലാം വിരുദ്ധരും മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, കൊടും ഭീകരവാദികള്‍ മറ്റു മതത്തിലുമുണ്ടെന്ന സത്യം ലോകം ഒടുവില്‍ സമ്മതിച്ചിരിക്കുന്നു. അങ്ങനെയാണ് ലോകപ്രശസ്തമായ ടൈം വാരികയുടെ മുഖചിത്രമായി(2013 ജൂലൈ ഒന്ന് ലക്കം) ബര്‍മയിലെ (മ്യാന്‍മര്‍) ബുദ്ധമത സന്യാസി വിറാതു പ്രത്യക്ഷപ്പെടുന്നത്. ആ ചിത്രത്തിന്റെ ശീര്‍ഷകം ഇതാണ്: ഠവല ളമരല ീള ആൗററശെേ ഠലൃൃീൃ(ബുദ്ധ ഭീകരതയുടെ മുഖം).
ബര്‍മയുടെ ബിന്‍ ലാദന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിറാതു ഇന്ന് ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മുസ്ലിംകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഈ നാല്‍പത്താറുകാരന്റെ മുഖ്യായുധം അദ്ദേഹത്തിന്റെ വിഷലിപ്തമായ നാക്കാണ്. വായ തുറന്നാല്‍ മുസ്ലിംകള്‍ക്കെതിരെ കൊടും വിദ്വേഷവും പച്ചക്കള്ളവും മാത്രമേ അദ്ദേഹം പറയൂ. ആറു കോടി ജനങ്ങള്‍ താമസിക്കുന്ന ഒരു രാജ്യത്തെ അഞ്ചുശതമാനം മാത്രം വരുന്ന മുസ്ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി ഇദ്ദേഹം തുടങ്ങിയ പ്രചാരണം ഇന്ന് രക്തപങ്കിലമായ പോരാട്ടമായി മാറിയിരിക്കുന്നു. അതോടെ ബര്‍മയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുസ്ലിംകള്‍ ജീവരക്ഷാര്‍ത്ഥം മറ്റു രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പ്രവഹിക്കുകയാണ്. ലോകത്തിലെ ഏറ്റവും പീഡിത ജനവിഭാഗം എന്ന് യു എന്‍ വിശേഷിപിച്ച റോഹിങ്ക്യ മുസ്ലിംകളാണ് വിറാതുവിന് കീഴില്‍ അണി നിരന്ന ബുദ്ധവര്‍ഗീയ വാദികളുടെ കാടത്തത്തിന് 2012 തൊട്ട് ഇരകളാവുന്നത്. ഇതിനകം പതിനായിരം പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ആഗോള മനുഷ്യാവകാശ വേദിയായ ഹ്യൂമന്‍ റൈറ്റ് വാച്ച് മുസ്ലിം വിരുദ്ധ വംശഹത്യയെ കുറിച്ച് പഠിച്ച് തയ്യാറാക്കിയ 153 പേജ് വരുന്ന റിപ്പോര്‍ട്ട് അവസാനിക്കുന്നത് ഒരു വാചകത്തിലാണ്: അഹഹ ്യീൗ രമി ഉീ ശ െ ജൃമ്യനിങ്ങള്‍ക്ക് ആകെ ചെയ്യാനുള്ളത് പ്രാര്‍ത്ഥിക്കുക മാത്രമാണെന്ന്. മ്യാന്‍മറിലെ അറാകന്‍ പ്രവിശ്യയില്‍ നടന്ന കൂട്ടക്കൊല കൊടുംഭീതി പരത്തിയപ്പോള്‍ 125000 റോഹിങ്ക്യകളാണ് ജീവരക്ഷാര്‍ത്ഥം നാനാഭാഗങ്ങളിലേക്ക് ഓടിപ്പോയത്. ബുദ്ധതീവ്രവാദികള്‍ മുസ്ലിംകള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടപ്പോള്‍ പ്രാദേശിക ഭരണകൂടമോ പോലീസോ സൈന്യമോ അവരുടെ രക്ഷക്കെത്തിയില്ല. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷനും (ഒ ഐ സി) അറബ് ഇസ്ലാമിക് ലോകവും കൂട്ടക്കുരുതിയില്‍ അമര്‍ഷവും രോഷവും പ്രകടിപ്പിച്ചെങ്കിലും മ്യാന്‍മറിലെ അര്‍ധ ജനാധിപത്യ സര്‍ക്കാര്‍ എല്ലാം നിഷേധിക്കുകയായിരുന്നു. വിറാതുവിനെ ഭീകരവാദി എന്നു വിശേഷിപ്പിച്ച് കവര്‍ സ്റ്റോറി എഴുതിയതിന് ടൈം വാരികക്ക് വിലക്കു ഏര്‍പ്പെടുത്തുകയും ചെയ്തു.
വിറാതുവിനെ ഇമ്മട്ടില്‍ കയറൂരി വിട്ടത് അമ്പതുവര്‍ഷത്തോളം സൈനിക ഭരണത്തിന്റെ നുകത്തിനു കീഴില്‍ കഴിഞ്ഞ ശേഷം കൈവന്ന ജനാധിപത്യവും സ്വാതന്ത്ര്യവുമാണെന്നു പറയാം. രാജ്യത്ത് അസ്വാസ്ഥ്യം വളര്‍ത്തുന്നതിന് പട്ടാളത്തിന്റെ പരോക്ഷമായ കൃപാശിസ്സുകള്‍ ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നാണ് പലരും സംശയിക്കുന്നത്. 2003 ല്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ 25 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഈ സന്യാസി. 2010 ല്‍ പ്രഖ്യാപിച്ച പൊതുമാപ്പിലൂടെയാണ് ഇദ്ദേഹം വീണ്ടും രംഗത്തുവന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ റോഹിങ്ക്യ മുസ്ലിംകളെ മൂന്നാമതൊരു രാജ്യത്തേക്ക് ആട്ടിയോടിക്കാന്‍ പ്രസിഡന്‍റ് തീന്‍ സീന്‍ പദ്ധതി ആവിഷ്കരിച്ചപ്പോള്‍ അതിനെ പിന്തുണച്ചുകൊണ്ട് മന്‍ദാലയയില്‍ സന്യാസിമാര്‍ പ്രകടനം നടത്തി. അതിനു നേതൃത്വം കൊടുക്കാന്‍ വിറാതു മുന്നിലുണ്ടായിരുന്നു. മധ്യ ബര്‍മയിലെ മീക്തില നഗരത്തില്‍ മുസ്ലിംകളുടെ കടകളും ജ്വല്ലറികളും വീടുകളും പള്ളികളും കത്തിച്ചാമ്പലാക്കാന്‍ ബുദ്ധതീവ്രവാദികള്‍ രംഗത്തിറങ്ങിയതോടെയാണ് വിറാതു വിതച്ച വിഷവിത്തുകള്‍ എത്ര മാരകമായാണ് വളര്‍ന്നു പന്തലിച്ചിരിക്കുന്നതെന്ന് ലോകം മനസ്സിലാക്കുന്നത്. നാല്‍പത് മുസ്ലിംകള്‍ കൊല്ലപ്പെടുകയും 13000 പേര്‍ പിറന്നമണ്ണില്‍ നിന്ന് നിഷ്കാസിതമാവുകയും ചെയ്തതോടെയാണ് മ്യാന്‍മറിലെ മനുഷ്യ ദുരന്തത്തിന്റെ വ്യാപ്തി ലോകം അറിയുന്നത്.
വെള്ളം ചേര്‍ക്കാത്ത മതവൈരവും കല്ലുവെച്ച നുണകളില്‍ ചാലിച്ച കിംവദന്തികളുമാണ് വിറാതു എന്ന ബുദ്ധ ഭീകരന്റെ കൈയിലെ ആയുധങ്ങള്‍. സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെയും ഡിവിഡിയിലൂടെയും അതിദ്രുതം ഇദ്ദേഹത്തിന്റെ വിഷലിപ്ത പ്രഭാഷണങ്ങളും ആഹ്വാനങ്ങളും ബുദ്ധമതാനുയായികളിലേക്ക് ലോകമെന്പാടും പ്രസരിപ്പിക്കപ്പെടുകയാണ്. 969 എന്ന കാമ്പയിനിലൂടെയാണ് ഈ സന്യാസി അനുയായികളെ മുസ്ലിംകള്‍ക്കെതിരെ ഇളക്കിവിടുന്നത്. 9 ഇയാളുടെ സവിശേഷതകളെയും 6 തന്റെ അധ്യാപനങ്ങളുടെ പ്രത്യേകതകളെയും 9 ബുദ്ധവിഭാഗങ്ങളെയുമാണത്രെ പ്രതീകവത്കരിക്കുന്നത്. 2500 ലേറെ സന്യാസിമാര്‍ വിറാതുവിന്റെ മഠത്തില്‍ അനുയായികളായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രവുമായുള്ള അഭിമുഖത്തില്‍ എന്തുകൊണ്ട് താന്‍ മുസ്ലിംകള്‍ക്കെതിരെ തിരിഞ്ഞു എന്ന് ഈ സന്യാസി തെളിച്ചു പറയുന്നുണ്ട്; നരേന്ദ്ര മോഡിയെയും തൊഗാഡിയെയും തോല്‍പിക്കുന്ന പച്ചക്കള്ളങ്ങള്‍ നിരത്തിക്കൊണ്ട്. 95% വരുന്ന ബുദ്ധമതവിശ്വാസികളുടെ മുന്നില്‍ മുസ്ലിംകളെ അപരന്മാരായും കൊടിയ ശത്രുക്കളായും അവതരിപ്പിച്ചാണ് വംശീയവും വര്‍ഗീയവുമായ ധ്രുവീകരണത്തിന് ഈ മനുഷ്യന്‍ ആക്കംകൂട്ടുന്നത്. അതിന് ഇല്ലാത്ത കഥകളാണ് പ്രചരിപ്പിക്കുന്നത്. നാം എല്ലാ പട്ടണങ്ങളിലും ബലാത്സംഗം ചെയ്യപ്പെടുകയാണ്. എല്ലാ പട്ടണങ്ങളും വളഞ്ഞുവെച്ച് മര്‍ദിക്കപ്പെടുകയാണ്. എല്ലാ പട്ടണങ്ങളിലും ക്രൂരരും കാടന്മാരുമായ മുസ്ലിം ഭൂരിപക്ഷമുണ്ട്. ബുദ്ധ സ്ത്രീകളെ കൂട്ടമായി ഇസ്ലാമിലേക്ക് മതം മാറ്റുകയാണെന്നും മതം മാറാന്‍ സമ്മതിക്കാത്തവരെ കൂട്ടമായി കൊല്ലുകയാണെന്നും വിറാതു ആരോപിക്കുന്നു. ഹലാല്‍ ഇറച്ചിക്കുവേണ്ടി മൃഗങ്ങളെ അറുക്കുന്നതു കൊണ്ട് മുസ്ലിംകള്‍ ചോര ഇഷ്ടപ്പെടുന്നവരാണെന്നും ലോകസമാധാനത്തെ തകര്‍ക്കും വിധം അത് രൂക്ഷമാവാന്‍ പോവുകയാണെന്നും പറയുമ്പോള്‍ അനുയായികളുടെ രോഷം തിളക്കുകയാണ്. ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായിരിക്കുന്നു. നിങ്ങളുടെ രക്തം തിളച്ചുമറിയട്ടെ. ഒരു മതപുരോഹിതന്റെ ഇത്തരം ആക്രോശങ്ങള്‍ സാധാരണക്കാരായ അനുയായികളെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അറബ് ഇസ്ലാമിക ലോകത്തു നിന്ന് റോഹിങ്ക്യ മുസ്ലിംകള്‍ക്ക് നിര്‍ബാധം പണവും ആയുധവും സാങ്കേതിക വിദ്യയും ലഭിക്കുന്നുണ്ടെന്നും അദൃശ്യമായ കരങ്ങളാണ് ബര്‍മീസ് മുസ്ലിംകളുടെ പിന്നില്‍ നിന്ന് ചരടുവലിക്കുന്നതെന്നും പറഞ്ഞ് മറ്റേത് ഇസ്ലാമിക് ഫോബിയ ഗ്രൂപ്പുകളെയും പോലെ മുസ്ലിംകളെ കുറിച്ച് ഭീതിയും വെറുപ്പും ജനിപ്പിക്കാന്‍ ഈ മനുഷ്യന്‍ പരമാവധി ചെയ്യുന്നുണ്ട്.
1968 ല്‍ മന്‍ദാലയക്ക് സമീപം ക്യാക്സെ എന്ന സ്ഥലത്താണ് വിറാതുവിന്റെ ജനനം. 14 വയസ് വരെ മാത്രമേ സ്കൂളില്‍ പോയുള്ളൂ. 1984 ല്‍ പൗരോഹിത്യം സ്വീകരിച്ചു. മുസ്ലിം ബിസിനസ് സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് 2001 ല്‍ 969 എന്ന അള്‍ട്രാ ദേശീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. 10 മുസ്ലിംകളുടെ കൂട്ടക്കൊലക്ക് വഴിതെളിച്ച കലാപത്തിന് കാരണമായ വിദ്വേഷ പ്രചരണത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ 2003 ല്‍ അന്നത്തെ സൈനിക ഭരണകൂടം 25 വര്‍ഷത്തെ തടവിന് വിധിച്ചു. 2012 ല്‍ റാക്കിനെ പ്രവിശ്യയില്‍ റോഹിങ്ക്യ മുസ്ലിംകളും ബുദ്ധിസ്റ്റുകളും തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. കഴിഞ്ഞ സെപ്തംബറിലാണ് ബര്‍മീസ് ഭരണകൂടം റോഹിങ്ക്യകള്‍ക്കെതിരെ പരസ്യമായി രംഗത്തുവരുന്നത്. നിസ്സഹായരായ ഈ ജനവിഭാഗത്തെ മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്തി വംശീയ സമസ്യക്ക് പരിഹാരം കാണണമെന്നായിരുന്നു പ്രസിഡന്‍റ് അടക്കമുള്ളവര്‍ വാദിച്ചത്. ഈ ഫോര്‍മുലയെ പിന്തുണച്ച് ബുദ്ധ ഭിക്ഷുക്കളെ വിറാതു രംഗത്തിറക്കുകയായിരുന്നു. ഒക്ടോബര്‍ ആയപ്പോഴേക്കും കലാപം അതിന്റെ രാക്ഷസീയ മുഖം തുറന്നുകാട്ടി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ആഗോളസമൂഹത്തെ ഞെട്ടിക്കുന്ന കൂട്ടനരഹത്യയും നശീകരണവും നടന്നത്. അതോടെയാണ് വിറാതു എന്ന മതതീവ്രവാദിയെ കുറിച്ച് പുറംലോകം അറിയാന്‍ തുടങ്ങുന്നത്.
റോഹിങ്ക്യ മുസ്ലിംകള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ തുടരുകയും വിറാതു പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുകയും ചെയ്ത കാലസന്ധിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ലണ്ടനിലെ സസാന റംസി എന്ന ബര്‍മീസ് മഠത്തിന്റെ ആള്‍ക്കാര്‍ വിറാതുവിന് മതസ്വാതന്ത്ര്യ പുരസ്ക്കാരം നല്‍കി ആദരിച്ചതോടെ ഈ മനുഷ്യന് പിന്നില്‍ ആഗോള ലോബിയുടെ അദൃശ്യാംഗുലികള്‍ ചലിക്കുന്നുണ്ടെന്ന് ബോധ്യമായി. യൂറോപ്യന്‍ യൂണിയന്റെ ഉദാരമായ സാമ്പത്തിക സഹായം കൈപറ്റുന്ന ഒരു രാജ്യം എന്ന നിലക്ക് മ്യാന്‍മറിന്റെ വഴിവിട്ട പോക്കിന് കടിഞ്ഞാണിടാന്‍ വലിയ ബാധ്യത ഉണ്ടായിട്ടും പടിഞ്ഞാറന്‍ ശക്തികള്‍ അവലംബിക്കുന്ന മൗനത്തിന് പിന്നില്‍ ഇസ്ലാമോഫോബിയ പടര്‍ത്തുന്ന ആഗോളലോബിയുടെ കരങ്ങള്‍ സംശയിക്കുന്നവരുണ്ട്. എന്നിട്ടും വിറാതു പറയുന്നത് തനിക്ക് ധാരാളം മുസ്ലിം സുഹൃത്തുക്കളുണ്ടെന്നും താന്‍ ഒരു മതത്തിനും എതിരല്ലെന്നുമാണ്. മുസ്ലിം സുഹൃത്തുക്കളെ കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെ: ഞങ്ങള്‍ വളരെ അടുപ്പത്തിലല്ല. കാരണം മുസ്ലിം സുഹൃത്തുക്കള്‍ക്ക് എങ്ങനെയാണ് ഒരു ബുദ്ധ സന്യാസിയോട് പെരുമാറേണ്ടത് എന്നറിയില്ല. അവരെ ഞാന്‍ സുഹൃത്തുക്കളായി അംഗീകരിക്കണമെങ്കില്‍ അവര്‍ എന്ന ആദരണീയനായ സന്യാസി പ്രമുഖനായി അംഗീകരിക്കേണ്ടതുണ്ട്.
വിറാതുവിന്റെ അഴിഞ്ഞാട്ടത്തിനെതിരെ ബുദ്ധമതാനുയായികളില്‍ നിന്നു തന്നെ എതിരിഭിപ്രായം ഉയരുന്നുണ്ട് എന്നതാണ് ആശ്വാസകരമായ ഏക സംഗതി. ബഹുമത ആക്ടിവിസ്റ്റുകള്‍ ഈയിടെ തെരുവിലിറങ്ങി പ്രകടനം നടത്തിയത് മതാനുയായികളെ ഒന്നിപ്പിക്കാനുള്ള സന്ദേശവുമായാണ്. ഠവലൃല വെമഹഹ യല ിീ ൃമരശമഹ ീൃ ൃലഹശഴശീൗ െരീിളഹശര േെയലരമൗലെ ീള ാല (ഞാന്‍ വഴി മതപരമോ വംശീയമോ ആയ സംഘട്ടനം ഉണ്ടാവില്ല) എന്ന് മുദ്രണം ചെയ്ത ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് എല്ലാവരും പ്രകടനത്തിനെത്തിയത്. എന്നാല്‍ വിറാതുവിന്റെ മതദ്വേഷ പ്രചാരണത്തെ പിന്തുണക്കുന്ന വിധമാണ് മ്യാന്‍മര്‍ ഭരണകൂടം പോലും മുസ്ലിംകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. മുസ്ലിംകളുടെ ജനസംഖ്യാ വിസ്ഫോടനത്തെ കുറിച്ചാണ് വിറാതുവിന്റെ വര്‍ഗീയ സംഘം അനുയായികളില്‍ ആശങ്ക പരത്തുന്നത്. ഭാവിയില്‍ നമ്മുടെ രാജ്യം മുസ്ലിംകള്‍ പിടിച്ചടക്കും എന്ന് ഭീതി പരത്തുമ്പോള്‍ രണ്ടില്‍ കൂടുതല്‍ സന്താനങ്ങളുണ്ടാവാന്‍ പാടില്ല എന്ന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നു. മുസ്ലിംകള്‍ക്കെതിരായ ഈ യുദ്ധം ജയിച്ചാല്‍ മറ്റു മുസ്ലിം ലക്ഷ്യങ്ങളിലേക്ക് നമ്മള്‍ നീങ്ങും എന്ന് വിറാതു ആക്രോശിക്കുമ്പോള്‍ ഇത് പെട്ടെന്നൊന്നും അവസാനിക്കുന്ന പോരാട്ടമല്ലെന്ന് വ്യക്തമാവുന്നുണ്ട്. എന്നു മാത്രമല്ല ബുദ്ധമതാനുയായികള്‍ ഭൂരിപക്ഷമുള്ള മറ്റു രാജ്യങ്ങളിലേക്ക് കൂടി മുസ്ലിം ഭത്സന പ്രവണത പടര്‍ന്നു പന്തലിക്കുന്നതായാണ് ശ്രീലങ്കയിലെയും തായ്ലന്‍ഡിലെയും അനുഭവങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നത്. ലങ്കയില്‍ തമിഴ് പുലികളുമായുള്ള വംശീയ പോരാട്ടത്തിന് പകലറുതി വന്നതോടെ ബുദ്ധമതാനുയായികള്‍ മുസ്ലിംകളെയാണ് മുഖ്യമായും ശത്രുപക്ഷത്ത് നിര്‍ത്തി അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. ബുദ്ധമത തീവ്രവാദികള്‍ക്ക് പ്രസിഡന്‍റ് മഹീന്ദ്ര രാജപക്ഷയുടെ എല്ലാവിധ പിന്തുണയുമുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഗതി. ബുദ്ധശക്തിയുടെ സേന (ബോഡു ബാലാ സേന ബി ബി എസ്) എന്ന സംഘടനയാണ് ലങ്കയില്‍ മുസ്ലിം വിരുദ്ധ പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. രാജ്യത്തിന്റെ ബുദ്ധ പാരമ്പര്യത്തിനും പൈതൃകത്തിനും മുസ്ലിംകള്‍ വെല്ലുവിളി ഉയര്‍ത്തുന്നു എന്നാരോപിച്ച് മുസ്ലിം സ്ഥാപനങ്ങളും പള്ളികളും തകര്‍ക്കുന്നതിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ സിംഹള വലതു ഗ്രൂപ്പുകാര്‍ കൊളംബോ ലോ കോളജിലേക്ക് ഇരച്ചുകയറിയത് പരീക്ഷാ ഫലം മുസ്ലിംകള്‍ക്ക് അനുകൂലമാക്കാന്‍ നീക്കമുണ്ടെന്ന് ആരോപിച്ചായിരുന്നു. പള്ളികളും ദര്‍ഗകളും തട്ടിനിരപ്പാക്കാന്‍ അവര്‍ അനുയായികളോട് പരസ്യമായി ആഹ്വാനം ചെയ്തു. പുരാതന തലസ്ഥാന നഗരിയായ അനുരാധപുരത്ത് ദര്‍ഗകള്‍ തകര്‍ക്കുന്നതിനിടയില്‍ ഒരു ബുദ്ധ സന്യാസി പച്ച വിരിപ്പ് കത്തിക്കുന്ന രംഗം ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത് ലോകമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ദംബുല്ല പട്ടണത്തില്‍ മുഖ്യ ബുദ്ധ പുരോഹിതന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയത് മുസ്ലിം പള്ളി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്. ഇന്ന് ഞങ്ങള്‍ വന്നത് ഒരു കൈയില്‍ ബുദ്ധ ധ്വജം ഏന്തിയാണ്. എന്നാല്‍ അടുത്ത തവണ ഇതായിരിക്കില്ല സ്ഥിതി. പ്രക്ഷോഭകര്‍ക്ക് നല്‍കാനുണ്ടായിരുന്ന മുന്നറിയിപ്പ് ഇതായിരുന്നു. ബോഡു ബാലാ സേന കൊളംബോയില്‍ കശാപ്പുശാലകള്‍ക്ക് നേരെയാണ് മുഖ്യമായും അക്രമം അഴിച്ചുവിട്ടത്. മേലില്‍ അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് സര്‍ക്കാറിനെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നതില്‍ സംഘം വിജയിച്ചിരിക്കയാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയും ബുദ്ധവലതും ഇവിടെ വില്ല് കുലക്കുന്നുണ്ട്.
തായ്ലന്‍ഡിലും ബുദ്ധഭീകരത മുസ്ലിംകള്‍ക്കെതിരെ തിരിഞ്ഞിരിക്കയാണ്. 2004 നു ശേഷം വിവിധ ആക്രമണങ്ങളില്‍ 5000 മുസ്ലിംകള്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സിവിലിയന്‍ മിലിഷ്യക്ക് ആയുധപരിശീലനം നല്‍കുന്നത് പട്ടാളമാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ആയുധം സംഭരിക്കാനും മുസ്ലിം സ്ഥാപനങ്ങള്‍ ആക്രമിക്കാനും ബുദ്ധഭിക്ഷുക്കള്‍ പോര്‍ക്കളത്തില്‍ ഇറങ്ങുമ്പോള്‍ അവര്‍ക്ക് അകടമ്പടി സേവിക്കാന്‍ സൈന്യം സദാ സജ്ജമാണ് എന്നതാണ് ഈ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്. ഒരു വേള അഹിംസയും സഹനവും എളിമയും അധ്യാപനം ചെയ്ത ഒരു മതത്തിന്റെ അനുയായികളാണ് ഇന്ന് കടുത്ത വര്‍ഗീയവാദികളായും അക്രമികളായും മാറിയിരിക്കുന്നത്. ഏതൊക്കെയോ കുടില ശക്തികളുടെ ആസൂത്രിത പദ്ധതികളാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നതെന്ന് ചുരുക്കം.

ശാഹിദ്

You must be logged in to post a comment Login