വിളക്കില്ലാത്ത വീട്

വിളക്കില്ലാത്ത വീട്

സോദരീ, നേരുന്നു ക്ഷേമവും ഐശ്വര്യവും. അല്ല, അറിയുമോ എന്താണ് ഐശ്വര്യമെന്ന്? നല്ല ചോദ്യം! ഐശ്വര്യത്തില്‍ കഴിയുന്നവരോട് അതെന്താണെന്നറിയുമോ എന്ന് അല്ലേ?

നല്ല ഭക്ഷണം, വിലയേറിയ വസ്ത്രം, മുന്തിയ പാര്‍പ്പിടം, ആധുനിക വാഹനം, എല്ലാം നല്‍കുന്ന സന്പന്നനായ ഭര്‍ത്താവുണ്ട്; മക്കളും.

കാഴ്ചക്ക് എല്ലാം തികഞ്ഞ ജീവിതം. പക്ഷേ, എന്തോ ഒരു കുറവുണ്ടോ? മനസ്സിന് ഒരു തൃപ്തിയില്ലായ്മ? ഒന്നു പുഞ്ചിരിക്കാന്‍ തോന്നുന്നില്ലേ?
എങ്കില്‍ നിന്‍റേത് ഐശ്വര്യമില്ലാത്ത ജീവിതം.

നിന്‍റെ അയല്‍പക്കത്തേക്കു ശ്രദ്ധിച്ചോ?

കൊച്ചുവീട്, വിലയേറിയതൊന്നുമില്ല. പകിട്ടില്ലാത്ത വസ്ത്രമുള്ളവര്‍. വില കുറഞ്ഞ ഭക്ഷണം, വാഹനമൊന്നുമില്ല. പക്ഷേ, അവര്‍ക്ക് ഒന്നിനും ഒരു കുറവും തോന്നുന്നില്ല. ഇനിയും വേണമെന്നുമില്ല. ഉള്ളതുകൊണ്ട് ഓണം. പടച്ചവന്‍ തന്നതുമതി എന്ന ചിന്ത.

അവര്‍ക്ക് തെളിച്ചമുള്ള മുഖമുണ്ട്. സദാ പുഞ്ചിരി.
അവരുടേതാണ് ഐശ്വര്യമുള്ള ജീവിതം.
മനസ്സുഖമാണ് മഹാസുഖം.
മനസ്സ് സ്വസ്ഥമല്ലെങ്കില്‍ മറ്റെന്തും അപ്രസക്തം.

ഏതു സുഖവും ശരീരം കുറച്ചു ദിനങ്ങളേ ആസ്വദിക്കുന്നുള്ളൂ എന്നത് ചിന്തിച്ചിട്ടുണ്ടോ?

ഓര്‍ത്തുനോക്കൂ: നിന്‍റെ പഴയവീട്. സൗകര്യം പരിമിതമായിരുന്നു. പിന്നെ ഭര്‍ത്താവ് സന്പന്നനായപ്പോള്‍, മക്കള്‍ പ്രാപ്തരായപ്പോള്‍ പുതിയ വീടായി, വലിയ സൗകര്യങ്ങളായി.

പക്ഷേ, ഈ സൗകര്യമൊക്കെ മനസ്സ് എത്ര ദിവസം ആസ്വദിച്ചു?

ഏതാനും ദിനങ്ങള്‍ കൊണ്ട് എല്ലാം പഴയതുപോലെയായി. മനസ്സിനിപ്പോള്‍ പ്രത്യേകിച്ചൊന്നുമില്ല. അന്നെങ്ങനെയോ ഇന്നുമങ്ങനെ.

എങ്കില്‍ ചോദിക്കട്ടെ. പിന്നെന്തിനാണ് ഏറെ മുന്തിയതിനായി വാശിപിടിക്കുന്നത്. ജീവിത വിഭവങ്ങളേതും ശരാശരി പോരേ? സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മത്സരിക്കുന്നതെന്തിന്? അരുതാത്തതു ചെയ്തും ധനം കുന്നുകൂട്ടാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്നതെന്തിന്? മക്കളെ ആര്‍ത്തിപ്പണ്ടാരങ്ങളായി മാറ്റുന്നതെന്തിന്?

എല്ലാത്തിന്‍റെയും കടിഞ്ഞാണ്‍ നിന്‍റെ കൈയിലാണ് സോദരീ. നീ എന്താണ് നിയന്ത്രിക്കാത്തത്?

ഇനി ഈ പുണ്യവതി പറയുന്നതു കേള്‍ക്കൂ: നബി(സ) നിസ്കരിക്കുന്പോള്‍ മുന്പില്‍ ഞാന്‍ ഉറങ്ങാറുണ്ടായിരുന്നു. എന്‍റെ കാലുകള്‍ അവിടുത്തെ സുജൂദിന്‍റെ സ്ഥാനത്തായിരിക്കും. സുജൂദ് ചെയ്യുന്പോള്‍ അവിടുന്ന് എന്നെ കുത്തുകയും ഞാന്‍ കാല്‍ വലിക്കുകയും ചെയ്യും. നബി(സ) എഴുന്നേറ്റാല്‍ വീണ്ടും ഞാന്‍ കാല്‍ നീട്ടും. വീട്ടില്‍ അന്ന് വിളക്കൊന്നുമുണ്ടായിരുന്നില്ല.

കിടപ്പറയും അടുക്കളയും സ്റ്റോര്‍ മുറിയും സ്വീകരണ മുറിയും ഡൈനിംഗ് ഹാളും നിസ്കാര ഹാളും സിറ്റൗട്ടുമൊക്കെയായി എത്ര മുറികളാണ് സോദരീ നിന്‍റെ വീടിന്? എന്നാല്‍ ആഇശ(റ)യുടെ വീട് ഇതെല്ലാമായി ഒറ്റ മുറി. അതും വിളക്കു പോലുമില്ലാത്ത വീട്!

എന്നിട്ടും പരാതിയില്ലാത്തതായിരുന്നു അവരുടെ ജീവിതം. അവര്‍ ഏറെ മോഹിച്ചില്ല. ഇല്ലായ്മയെച്ചൊല്ലി പരിഭവിച്ചില്ല.

വീടകം ഇരുളെങ്കിലും ഖബ്റിടം പ്രകാശിതമാവണമെന്നായിരുന്നു അവരുടെ മോഹം.

അതല്ലേ നാമും മോഹിക്കേണ്ടത്?

സ്വാദിഖ് അന്‍വരി

You must be logged in to post a comment Login