ന്യൂനപക്ഷ ഉന്നമനം എന്ന മരീചിക

ന്യൂനപക്ഷ ഉന്നമനം എന്ന മരീചിക

1953ല്‍ സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ കേന്ദ്രവിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ കലാം ആസാദ്, വാര്‍ത്താവിനിമയ മന്ത്രിയായിരുന്ന ജഗ്ജീവന്‍ റാമിന് എഴുതി: ജമ്മുകാശ്മീരില്‍ നിന്ന് 53പേര്‍ വാര്‍ത്താവിനിമയ വകുപ്പില്‍ ക്ലര്‍ക്ക് പോസ്റ്റില്‍ അപേക്ഷിച്ചതില്‍ ഒരാളെ മാത്രമാണ് തെരഞ്ഞെടുത്തത്. മറ്റുള്ളവരെല്ലാം സംസ്ഥാനത്തിന് പുറത്തുള്ളവരാണ്. ഇത് എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു. കാശ്മീരിന്‍റെ കാര്യത്തിലുള്ള നമ്മുടെ സ്റ്റാന്‍ഡിനെ സങ്കീര്‍ണമാക്കുന്നതാണ് ഈ നിലപാടെന്ന് റിക്രൂട്ട്മെന്‍റിന്‍റെ ചുമതലയുള്ളവര്‍ വേണ്ടതു പോലെ മനസ്സിലാക്കിയിട്ടുണ്ടാവണമെന്നില്ല. താങ്കള്‍ക്ക് അറിയുന്നത് പോലെ, വാര്‍ത്താവിനിമയവും പ്രതിരോധവും സംസ്ഥാനത്തു നിന്ന് കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. കമ്യൂണിക്കേഷന്‍, ഡിഫെന്‍സ് മന്ത്രാലയങ്ങള്‍ ഇങ്ങനെയാണ് കാശ്മീരി മുസ്ലിംകളോട് പെരുമാറുന്നതെങ്കില്‍ മറ്റു വകുപ്പുകള്‍കൂടി കേന്ദ്രത്തിലേക്ക് മാറ്റിയാല്‍ എന്തായിരിക്കും അവസ്ഥ എന്ന് കളിയാക്കി ചോദിച്ചേക്കാം. അപ്പോള്‍ എന്തുത്തരമാണ് നമുക്ക് നല്‍കാന്‍ കഴിയുക?

ഗാന്ധിജിക്കും ജവഹര്‍ലാല്‍ നെഹ്റുവിനും സര്‍ദാര്‍ പട്ടേലിനും സമശീര്‍ഷനായി സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ നഭസ്സില്‍ വെട്ടിത്തിളങ്ങിയ അബുല്‍ കലാം ആസാദ് എന്ന അതികായന്‍റെ സ്വരം കൂടുതലായി പിന്നീട് നമുക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. അധികാരത്തിന്‍റെ കോട്ടക്കൊത്തളങ്ങളില്‍ നടമാടുന്ന പക്ഷപാതപരവും വിഭാഗീയവുമായ പെരുമാറ്റം അദ്ദേഹത്തെ വല്ലാതെ വേദനപ്പിച്ചത്രെ. ഒരുവേള പാര്‍ലമെന്‍റില്‍ ഉര്‍ദുവിന് വേണ്ടി അദ്ദേഹം വാദിച്ചപ്പോള്‍ ബഹളമുണ്ടാക്കി ഇരുത്തിച്ചത് കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. അതിനുശേഷം അത്തരം വിഷയങ്ങള്‍ ഉന്നയിക്കാനോ മുസ്ലിം വിഷയങ്ങള്‍ എടുത്തിടാനോ ആസാദ് ധ്യൈം കാട്ടിയിരുന്നില്ലെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന് ആറര സംവല്‍സരങ്ങള്‍ കടന്നുപോയിട്ടും എന്തുകൊണ്ട് പന്ത്രണ്ട് ശതമാനം വരുന്ന മുസ്ലിം ജനവിഭാഗത്തിന് സാമൂഹികോല്‍ക്കര്‍ഷത്തിന്‍റെ പാതയില്‍ മുന്നേറാന്‍ സാധിച്ചില്ല എന്ന ചോദ്യത്തിന്‍റെ ഉത്തരം അബുല്‍ കലാം ആസാദിന്‍റെ വേദനയില്‍ ലയിച്ചുകിടപ്പുണ്ട്. ശുദ്ധമതേതരനായ നെഹ്റുവിന്‍റെ കാലത്തുപോലും മുസ്ലിംകള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ ഭരണരാഷ്ട്രീയ നേതൃത്വം വിശാല മനസ്കത കാട്ടാത്തതിന്‍റെ തിക്താനുഭവങ്ങള്‍ക്ക് സാക്ഷിയായ ആസാദ് വേദന തിന്നാണത്രെ ആറുവര്‍ഷം മന്ത്രിപദത്തില്‍ കഴിച്ചുകൂട്ടിയത്. ദേശസ്നേഹ വിഷയത്തില്‍ സംശയം ബാക്കി നില്‍ക്കുന്നതിനാല്‍ പട്ടാളത്തിലും പോലീസിലും മുസ്ലിംകളെ എടുക്കരുതെന്ന് രഹസ്യസര്‍ക്കുലര്‍ അയക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ശുഷ്കാന്തി കാട്ടിയതായി സംസാരമുണ്ടായിരുന്നു. എല്ലാ നിലക്കും മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഇന്ത്യയിലെ മുസ്ലിംകളുടെ സാന്പത്തികവും സാമൂഹികവുമായ അവസ്ഥയെക്കുറിച്ച് ഒരു ഭരണാധികാരിയും ആത്മാര്‍ത്ഥമായി പഠിക്കുകയോ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയോ ചെയ്തില്ല എന്നിടത്താണ് മുസ്ലിം പിന്നാക്കാവസ്ഥയുടെ വേര് ആണ്ടിറങ്ങുന്നത്. 2006ല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ മുസ്ലിം പ്രീണനത്തിന്‍റെ വാര്‍ത്തകളേ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നുള്ളൂ. മുസ്ലിം വോട്ടുബാങ്കിനു വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ നടപ്പാക്കാതെയും നാലുവരെ കല്യാണം കഴിക്കാന്‍ ഉദാരസ്വാതന്ത്ര്യം നല്‍കിയും മുസ്ലിംകളെ പ്രീണിപ്പിക്കുകയാണെന്ന് വലതുപക്ഷം പ്രചണ്ഡമായി പ്രചരിപ്പിച്ചപ്പോള്‍ മറുഭാഷ്യം അവതരിപ്പിക്കാന്‍ ആ രംഗത്ത് ആരുമുണ്ടായിരുന്നില്ല. 1975ല്‍ അടിയന്തരാവസ്ഥവരെ ഇന്ത്യയിലെ മുസ്ലിംകള്‍ ഗാഢനിദ്രയിലായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. മുസ്ലിം നേതൃത്വമാവട്ടെ, വൈകാരികവും മതപരവുമായ ഏതാനും വിഷയങ്ങള്‍ കൊണ്ടു നടക്കുകയും കൊല്ലത്തിലൊരിക്കല്‍ വാര്‍ഷികയോഗം ചേര്‍ന്നു പ്രമേയം പാസാക്കി പിരിയുകയുമായിരുന്നു പതിവ്. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, മജ്ലിസെ മുശാവറ തുടങ്ങിയ പൊതുവേദികളെ മൗലാനമാരുടെ വൃദ്ധസദനമായാണ് ദേശീയ മാധ്യമങ്ങള്‍ നോക്കിക്കണ്ടിരുന്നത്. ഈ സംഘടനാ നേതാക്കളുടെ വായില്‍ നിന്ന് വീഴുന്ന വിവാദം സൃഷ്ടിക്കാവുന്ന വാക്കുകള്‍ അടര്‍ത്തിയെടുത്തു ഭൂരിപക്ഷത്തിന്‍റെ ഹൃദയാന്തരാളത്തില്‍ വെറുപ്പും വിദ്വേഷവും വിളയിക്കാനല്ലാതെ മുസ്ലിംകളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്നോ സാമൂഹികമായോ സാന്പത്തികമായോ തൊഴില്‍പരമായോ അവര്‍ എവിടെ നില്‍ക്കുന്നുവെന്നോ സത്യസന്ധമായ ഒരന്വേഷണമോ പഠനമോ ഒരിക്കലും ഏറ്റെടുത്തു നടത്താന്‍ ആരും മെനക്കെട്ടില്ല.

അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന തുര്‍ക്കുമാന്‍ ഗേറ്റ് ശുദ്ധീകരണവും നിര്‍ബന്ധ വന്ധ്യംകരണവും മറ്റ് അതിക്രമങ്ങളും മുസ്ലിം സെന്‍സിബിലിറ്റിയെ തൊട്ടുനോവിച്ചത് ഉത്തരേന്ത്യന്‍ മുസ്ലിംകളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ് അവര്‍ കോണ്‍ഗ്രസുമായി അകലുന്നതും ജനതാപാര്‍ട്ടിക്കു പിന്നില്‍ അണിനിരക്കുന്നതും. മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ ആദ്യമായി നിയോഗിക്കുന്നത് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി ഗവണ്‍മെന്‍റായിരുന്നു. എന്നാല്‍ ആ ദിശയില്‍ കൂടുതല്‍ ദൂരം മുന്നോട്ടുപോവാന്‍ കാലഘട്ടത്തിന്‍റെ രാഷ്ട്രീയം അനുവദിച്ചില്ല. 1980ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചുവന്നതോടെ മുസ്ലിം പിന്തുണ വീണ്ടെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പതിനഞ്ചിന പരിപാടി കൊണ്ടുവന്നു. 1983 മേയ് 11ന് ഇന്ദിരാഗാന്ധി മന്ത്രിസഭാംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ഈ പരിപാടിയെക്കുറിച്ച് പറയുന്നത് കാണുക: കുട്ടിക്കാലം മുതല്‍ മതേതര ആദര്‍ശങ്ങളോട് ഞാന്‍ പ്രതിജ്ഞാബദ്ധയാണ്. നമ്മുടെ സ്വപ്നത്തിലുള്ള ഇന്ത്യ നിലനില്‍ക്കുകയും വളരുകയും ചെയ്യണമെങ്കില്‍ മുസ്ലിംകളും മറ്റു സമുദായങ്ങളും അങ്ങേയറ്റത്തെ സുരക്ഷിതത്വത്തിലും ആത്മവിശ്വാസത്തിലും ജീവിക്കാന്‍ സാധിക്കണം. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് , മദ്രസ നവീകരണം, കേന്ദ്രസംസ്ഥാന തൊഴില്‍ മേഖലയില്‍ പ്രത്യേക പരിഗണന തുടങ്ങിയ സംഗതികളായിരുന്നു പതിനഞ്ചിന പരിപാടിയില്‍ അക്കമിട്ടു നിരത്തിയിരുന്നത്. പദ്ധതി നടപ്പാക്കപ്പെടുന്നതിനു മുന്പ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതോടെ, പിന്നീടുള്ള കാലങ്ങളില്‍ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മുഖ്യഇനമായി പതിനഞ്ചിന പരിപാടി സ്ഥാനം പിടിക്കാന്‍ തുടങ്ങി. അതല്ലാതെ മുസ്ലിം ക്ഷേമം മുന്‍നിര്‍ത്തി മൂര്‍ത്തമായ ഒരു പദ്ധതിയും സംസ്ഥാനങ്ങളിലോ കേന്ദ്രത്തിലോ നടപ്പാക്കാന്‍ ആരും ആത്മാര്‍ത്ഥത കാണിച്ചില്ല.

വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന്‍റെ പാദപതനം കേട്ടുതുടങ്ങിയതോടെ ന്യൂനപക്ഷ പദ്ധതിയുടെ കുത്തൊഴുക്കാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമൊക്കെ. സാക്ഷാല്‍ നരേന്ദ്രമോഡിക്കു പോലും ന്യൂനപക്ഷങ്ങളോട് അനുതാപം തോന്നിത്തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും വിചിത്രം. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവിഷ്കരിച്ച പതിനഞ്ചിന പരിപാടിയില്‍ മുസ്ലിംകളുടെ സാന്പത്തികവും തൊഴില്‍പരവുമായ ഉന്നമനത്തിനായി കുറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്‍റേതായ തനതു പതിനഞ്ചിന പരിപാടി പുറത്തിറക്കിയാണ് മുസ്ലിംവോട്ട് കോണ്‍ഗ്രസില്‍ നിന്ന് തട്ടിമാറ്റുന്നത്; തട്ടിയെടുക്കുന്നത് തടയാന്‍ തടകള്‍ തീര്‍ത്തു കൊണ്ടിരിക്കുന്നത്. മുപ്പത് വകുപ്പുകള്‍ക്ക് കീഴിലുള്ള എണ്‍പത്തിയഞ്ച് പദ്ധതികളില്‍ മുസ്ലിംകള്‍ക്ക് ഇരുപത് ശതമാനം സംവരണമാണ് അഖിലേഷ് നടപ്പാക്കാന്‍ പോകുന്നത്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയിലെ ചില പദ്ധതികള്‍ പോലും അദ്ദേഹം കടമെടുത്തിട്ടുണ്ട് എന്നു മാത്രമല്ല, കോണ്‍ഗ്രസ് പതിനഞ്ച് ശതമാനം വിഭവങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കായി വകയിരുത്തുന്പോള്‍ മുലായം സിങ്ങിന്‍റെ പുത്രന്‍ ഇരുപത് ശതമാനമാണ് മുസ്ലിംകള്‍ക്കായി നല്‍കാന്‍ പോകുന്നത്.

മുസ്ലിംകളെ സേവിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ മത്സരം അല്‍പമെങ്കിലും ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ സാമൂഹിക സാന്പത്തിക രംഗത്ത് എത്രയോ മുന്നോട്ടു പോയേനെ. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും കൊട്ടും കുരവയുമായി നടപ്പാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട കോലാഹലം ഇലക്ഷന്‍ ഫലം പുറത്തുവരുന്നതോടെ കെട്ടടങ്ങുകയല്ലേ പതിവ്. ഈവക പദ്ധതികള്‍ എത്ര കണ്ട് നടപ്പാക്കിയെന്നോ മുസ്ലിംകളുടെ നില ഏതു വിധത്തില്‍ മെച്ചപ്പെട്ടുവെന്നോ ആരെങ്കിലും പഠിച്ചിട്ടുണ്ടോ? ഇല്ല എന്നു മാത്രമല്ല, ആരെങ്കിലും അതിന് ശ്രമിക്കുന്നുവെന്ന് കണ്ടാല്‍ തുരങ്കം വെക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാനായിരിക്കും അടുത്ത നീക്കം. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശയുടെയും പതിനഞ്ചിന പരിപാടിയുടെയും പ്രയോഗവത്കരണം എത്രകണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനപ്പെട്ടുവെന്ന് അവലോകനം നടത്താന്‍ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഡോ. അമിതാഭ് കുണ്ടുവിന്‍റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിലെ ഡോ. മണ്‍സൂര്‍ ആലത്തിന്‍റെയും നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിക്കാന്‍ നീക്കം തുടങ്ങിയത് തന്നെ യുഎസ് ഇന്ത്യ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഖ്യഗവേഷകന്‍ അബ്ദുല്‍ സ്വാലിഹ് ശരീഫ് ഈ വിഷയത്തില്‍ ആഴത്തിലുള്ള പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് അറിഞ്ഞതു കൊണ്ടാണെന്ന് പറയപ്പെടുന്നു. സച്ചാര്‍ ശിപാര്‍ശകള്‍ നടപ്പാക്കിയതിനു ശേഷം മുസ്ലിംകളുടെ അവസ്ഥയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. (ചീ ുലൃരലുശേീിമഹ ശാുൃീ്ലാലി േശി വേല െേമൗേ െീള ങൗഹെശാ)എന്നാണത്രെ അദ്ദേഹത്തിന്‍റെ നിഗമനം.
196 ജില്ലകളിലെ മുസ്ലിംകള്‍ ഗണ്യമായുള്ള 77 ബ്ലോക്കുകളില്‍ നടപ്പാക്കിയ ബഹുമുഖ വികസന പരിപാടികള്‍  കാര്യക്ഷമമായി പ്രയോഗവത്കരിച്ചിരുന്നുവെങ്കില്‍ അരികുവത്കരിക്കപ്പെട്ട ഒരു ജനതക്ക് ഒരു പടിയെങ്കിലും മുന്നേറാന്‍ കഴിയുമായിരുന്നു. എന്നാല്‍ അശേഷം പ്രതിബദ്ധതയില്ലാത്ത സംസ്ഥാന സര്‍ക്കാറുകളും ന്യൂനപക്ഷ ക്ഷേമപദ്ധതികളെ തുരങ്കം വെക്കാന്‍ പാടുപെടുന്ന ബ്യൂറോക്രസിയും ഒത്തുപിടിച്ചപ്പോള്‍ കേരളത്തില്‍ ഇന്ദിര ആവാസ് യോജന എന്ന ഭവനപദ്ധതിക്ക് വന്ന ദുര്‍ഗതി സാര്‍വത്രികമായി എന്ന് വിലയിരുത്തുന്നതാവും സത്യസന്ധത. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ന്യൂനപക്ഷ ക്ഷേമപദ്ധതി എങ്ങനെ കുളം തോണ്ടാം എന്ന് കാണിച്ചുതന്നതിന്‍റെ പൂര്‍ണ ക്രെഡിറ്റ് യുഡിഎഫ് സര്‍ക്കാരിനുള്ളതാണ്. പാവങ്ങള്‍ക്ക് വീട് നിര്‍മാണത്തിന് സാന്പത്തിക സഹായം നല്‍കുന്ന ഇന്ദിര ആവാസ് യോജന ഈ വര്‍ഷം നടപ്പാക്കേണ്ടതില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് ഗുണഭോക്താക്കളില്‍ 47 ശതമാനവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നാവണം എന്ന് കേന്ദ്രം നിര്‍ദേശിച്ചതു കൊണ്ടാണത്രെ. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാര്‍സി വിഭാഗങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വരെ പതിനഞ്ച് ശതമാനമായിരുന്നു നീക്കിവച്ചിരുന്നത്. ഈ വര്‍ഷം അത് 47 ശതമാനമാക്കി ഉയര്‍ത്തിയതോടെ, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള 47 ശതമാനവും കഴിച്ച് പൊതുവിഭാഗത്തില്‍ ആറു ശതമാനം മാത്രമാണ് വരുന്നത്. കേരളത്തിന്‍റെ സവിശേഷ സാഹചര്യത്തില്‍ ഈ അനുപാതത്തില്‍ സഹായം വിതരണം ചെയ്യുന്നത് സാമുദായിക സന്തുലനം തെറ്റിക്കുമത്രെ! അതുകൊണ്ട് മാനദണ്ഡങ്ങള്‍ മാറ്റിയെഴുതിക്കാന്‍ വകുപ്പ് മന്ത്രി ജയറാം രമേശിനെ കാണാനിരിക്കുകയാണ് കേരള മുഖ്യമന്ത്രി.

ഒരു കേന്ദ്രപദ്ധതിയുടെ ഗുണഭോക്താക്കളില്‍ വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങളാണ് എന്ന ഒരൊറ്റക്കാരണത്താല്‍ പദ്ധതിതന്നെ വേണ്ടെന്നു വെക്കുന്നത് എന്തു ധിക്കാരമാണ്. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പതിനഞ്ചിന പരിപാടിയിലെ ഒരു ഇനമാണിതെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി മുഖ്രമന്ത്രിക്കും സാമൂഹ്യക്ഷേമം കൈയാളുന്ന ഡോ. എം കെ മുനീറിനും ഇല്ലാതെ പോയത് മഹാകഷ്ടമായിപ്പോയി. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ബന്ധപ്പെട്ട സര്‍ക്കാറുകള്‍ കാണിക്കുന്ന അനാസ്ഥ കാണുന്പോള്‍ തോന്നുക ഈ വിഭാഗത്തിന്‍റെ ഒന്നാം നന്പര്‍ ശത്രു പ്രതിബദ്ധതയില്ലാത്ത ഗവണ്‍മെന്‍റുകളാണെന്നാണ്. കോണ്‍ഗ്രസ് എം പി ഹേമന്ദബിസ്വാള്‍ അധ്യക്ഷനായ പാര്‍ലമെന്‍റിലെ സാമൂഹിക നീതി ശാക്തീകരണ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ന്യൂനപക്ഷ ഫണ്ട് വിനിയോഗിക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെടുന്നതില്‍ അങ്ങേയറ്റം രോഷാകുലരാവുന്നുണ്ട്. 201213 വര്‍ഷത്തിലേക്ക് 3,135 കോടി രൂപ വകയിരുത്തിയതില്‍ 2,165.82 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ഉപയോഗിക്കാത്ത 969.38 കോടി ന്യൂനപക്ഷ മന്ത്രാലയം തിരിച്ചു കൊടുത്തു. അതോടെ ധനമന്ത്രാലയം 2,200 കോടി രൂപയായി ബജറ്റ് നീക്കിയിരുപ്പ് പുതുക്കി നിശ്ചയിച്ചു. ഈ നില തുടരുകയാണെങ്കില്‍ ന്യൂനപക്ഷ ക്ഷേമങ്ങള്‍ ഉദ്ദേശിച്ചുള്ള മുഴുവന്‍ പദ്ധതികളും പാഴ്വേലയായി പരിണമിച്ചേക്കുമോ എന്ന് ഹേമന്ദ് ബിസ്വാള്‍ സമിതി ഉത്കണ്ഠ രേഖപ്പെടുത്തുന്നു.

ന്യൂനപക്ഷ പദ്ധതികള്‍ കൊണ്ടു വിവക്ഷിക്കുന്നത് മുസ്ലിം, ക്രിസ്ത്യന്‍, പാര്‍സി, ജൈന, ബുദ്ധ വിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പരിപാടികളാണെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. മുസ്ലിംകള്‍ ഒഴിച്ചുള്ള എല്ലാ വിഭാഗങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ആവുന്നത്ര കിട്ടുന്പോള്‍ നാമമാത്ര പ്രയോജനം കൊണ്ട് ഈ വിഭാഗത്തിന് തൃപ്തിപ്പെടേണ്ടിവരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 21നു പാര്‍ലമെന്‍റിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി അഭിമാനപൂര്‍വം ചൂണ്ടിക്കാട്ടിയ ഒരു വസ്തുത 201213 വര്‍ഷത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് 1,71,960 കോടി രൂപ വായ്പ നല്‍കി എന്നതാണ്. എന്നാല്‍ ഇതില്‍ മുസ്ലിം വിഭാഗത്തിന് എത്ര കോടി നല്‍കി എന്ന് ചോദിച്ചപ്പോള്‍ മതം തിരിച്ചുള്ള കണക്ക് തങ്ങളുടെ കൈവശമില്ലെന്ന് പറഞ്ഞു ധനമന്ത്രാലയം ഒഴിഞ്ഞുമാറുകയായിരുന്നു. 1.17 ലക്ഷം കോടിയില്‍ ബിസിനസ് സമുദായങ്ങളായി സിഖുകാരും ജൈനന്മാരും ക്രിസ്ത്യാനികളും സിംഹഭാഗവും കൈക്കലാക്കുന്പോള്‍ മുസ്ലിംകളുടെ ഓഹരി ഏതാനും ആയിരം കോടിയായിരിക്കുമെന്നുറപ്പ്. അതു തുറന്നു പറയാന്‍ മടിയുള്ളതു കൊണ്ടാണ് മതം തിരിച്ചുള്ള കണക്ക് വെക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നത്.

ശാഹിദ്

You must be logged in to post a comment Login