ഹജ്ജ്; ലോകമേ തറവാട്

ഹജ്ജ്; ലോകമേ തറവാട്

എന്‍റെ പത്താം വയസ്സിലൊക്കെ കപ്പലില്‍ ആള്‍ക്കാര്‍ ഹജ്ജിന് പോകുന്നതിനെപ്പറ്റി ധാരാളം കഥ കേട്ടിട്ടുണ്ടായിരുന്നു. അതിനാല്‍, എന്‍റെ കിനാവിലെ ഹജ്ജ് യാത്രയും കപ്പലിലായിരുന്നു; ഉമ്മയും ഞാനും. വീണ്ടും പതിനഞ്ച് വര്‍ഷം കഴിഞ്ഞു ഹജ്ജ് യാത്ര സഫലമാകാന്‍. അപ്പോഴേക്ക് ഉമ്മ നഷ്ടപ്പെട്ടിരുന്നു. 

ഹജ്ജ് യാത്ര, എല്ലാം ഭൂമിയില്‍ വിട്ട് അല്ലാഹുവിലേക്ക് നടത്തുന്ന യാത്ര. നാഥാ! ഇരുപത്തിയെട്ട് കൊല്ലത്തിന് ശേഷവും ദുആ ചെയ്യുന്നു, ഞങ്ങളുടെ ഹജ്ജ് നീ സ്വീകരിച്ചിട്ടുണ്ടാകണേ! കഅ്ബയുടെ കില്ല പിടിച്ച കൈകള്‍ വീണ്ടും തെറ്റുകളിലേക്ക് പോയിട്ടുണ്ടാകും! നിന്‍റെ ഭവനത്തിന് ചുറ്റും പ്രദക്ഷിണം വച്ച കാലുകള്‍ നീ ഇഷ്ടപ്പെടാത്തിടത്തേക്ക് ചലിച്ചിട്ടുണ്ടാകാം. സര്‍വ്വലോകരക്ഷിതാവായ അല്ലാഹ്, മാപ്പിനായ് നിന്നോട് വീണ്ടും വീണ്ടും കേഴുന്നു. നിന്‍റെ മാപ്പില്‍ മാത്രമേ പ്രതീക്ഷയുള്ളൂ.

1985 ആഗസ്റ്റിലായിരുന്നു ഞങ്ങള്‍ ഹജ്ജിന് പോയത്. ഇരുപത്തിയെട്ട് കൊല്ലം കഴിഞ്ഞു. എനിക്കന്ന് ഇരുപത്തിയഞ്ച് വയസ്സ്. ഉമ്മ മരിച്ച കൊല്ലത്തിലായിരുന്നു അത്. അക്കൊല്ലം മുഹര്‍റം പതിനൊന്നിനായിരുന്നു ഉമ്മയുടെ മരണം. അതുകഴിഞ്ഞ് കൃത്യം പന്ത്രണ്ടാമത്തെ മാസമായിരുന്നു ഹജ്ജ് യാത്ര. ഏതൊരാള്‍ക്കും തന്‍റെ ഉമ്മയായിരിക്കും സ്നേഹമുള്ള ആള്‍. ആ നഷ്ടം സഹിക്കാവുന്നതിലപ്പുറം. 1985 ഏപ്രിലില്‍ ഞാനും മക്കളും അജ്മാനിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ എങ്ങനെയെങ്കിലും അക്കൊല്ലം തന്നെ ഹജ്ജിന് പോകണമെന്ന ആഗ്രഹം കലശലായി. സത്യത്തില്‍ പത്താം വയസ്സില്‍ ഒരു പുസ്തകം വായിച്ച്, അതിലെ ഹജ്ജ് ദൃശ്യങ്ങള്‍ കണ്ടതു മുതല്‍ ഖല്‍ബില്‍ ഹജ്ജുണ്ട്. അങ്ങനെയിരിക്കെ രണ്ടു തവണ ഹജ്ജിന് പോകുന്നത് കിനാവ് കണ്ടു. എന്‍റെ പത്തു വയസ്സിലൊക്കെ കപ്പലില്‍ ആള്‍ക്കാര്‍ ഹജ്ജിന് പോകുന്നതിനെപ്പറ്റി ധാരാളം കഥ കേട്ടിട്ടുണ്ടായിരുന്നു. അതിനാല്‍, എന്‍റെ കിനാവിലെ ഹജ്ജ് യാത്രയും കപ്പലിലായിരുന്നു; ഉമ്മയും ഞാനും. വീണ്ടും പതിനഞ്ച് വര്‍ഷം കഴിഞ്ഞു ഹജ്ജ് യാത്ര സഫലമാകാന്‍. അപ്പോഴേക്ക് ഉമ്മ നഷ്ടപ്പെട്ടിരുന്നു. അതിനാലാവാം കഅ്ബയെ ആദ്യമായിക്കണ്ട നിമിഷം; എന്‍റെ പൊന്നുമ്മാക്ക് സ്വര്‍ഗ്ഗം കൊടുക്കണേ എന്ന് പൊട്ടിക്കരഞ്ഞ് റബ്ബിനോട് പ്രാര്‍ത്ഥിച്ചത്.

ഒരു വിശ്വാസി ഹജ്ജിലൂടെ, ഉംറയിലൂടെ ഒരുപാട് നന്മകളാണ് നേടുന്നത്. എണ്ണിപ്പറയാനാവാത്ത അമൂല്യമായ അനുഭവങ്ങള്‍. ഹജ്ജ് നമ്മില്‍ നിറക്കുന്ന അനുഭവങ്ങള്‍ കടലാസിലേക്ക് പകര്‍ത്താന്‍ എന്‍റെ പേന അശക്തമാണ്.

നമുക്ക് മദീനയിലേക്ക് പോകാം. മദീന പള്ളിയുടെ മിനാരങ്ങള്‍ ദൃശ്യമായതും മുത്തുനബി(സ്വ)യെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തിളച്ചുമറിയാന്‍ തുടങ്ങി. നേരെ തഹജ്ജുദ് നിസ്കാരത്തിനൊരുങ്ങി. അന്ന് മദീന പള്ളി ഇശാക്ക് ശേഷം അടച്ചാല്‍ തഹജ്ജുദിനേ തുറക്കുമായിരുന്നുള്ളൂ. കുറച്ചു നേരം കാത്തു നില്‍ക്കേണ്ടി വന്നു. ബിലാല്‍(റ)ന്‍റെ പിന്‍ഗാമിയുടെ ബാങ്ക് ആദ്യമായി കേട്ട ഉള്‍പുളകം ഇപ്പോഴും ഹൃദയത്തില്‍ അനുഭൂതി നിറക്കുന്നു! അല്‍ഹംദുലില്ലാഹ്. കാത്തുകാത്തിരുന്ന് പരിശുദ്ധ ഭൂമിയിലെത്തിയിരിക്കുന്നു. ശൈഖ് ഹുദൈഫിയുടെ അതിസുന്ദരമായ ഖുര്‍ആന്‍ ഓത്തുള്ള സുബ്ഹ് നിസ്കാരം. നിസ്കാരം തീരല്ലേ, ഖുര്‍ആന്‍ ഓത്ത് തീരല്ലേ എന്ന മനസ്സായിരുന്നു. ശേഷം മുത്തുനബിയുടെ റൗള സിയാറത്തിന് പോയി. ആ റൗളയില്‍ കിടക്കുന്ന ലോകാനുഗ്രഹിയോട് മനസ്സ് കൊണ്ട് ഞാന്‍ കുറേ സംസാരിച്ചു. കഴിഞ്ഞ തവണ ഉംറക്ക് പോയപ്പോഴും ഞാന്‍ സംസാരിച്ചു. അപ്പോള്‍ എനിക്ക് ഇങ്ങിനെ ഒരു തോന്നല്‍. റസൂലും ആഇശ(റ)യും പറയുന്നു; ആഇശാ, നമ്മുടെ മോള്‍ വന്നിരിക്കുന്നു. എന്തെങ്കിലും പറയ് എന്ന്. റൗളയില്‍ ഓരോ തവണ പോകുന്പോഴും നാം ഇതൊക്കെ ഭാവനയില്‍ കാണണം. മുത്തുനബി(സ്വ)യുടെ ദീനീ സദസ്സ് നിലനിന്ന സ്ഥലം. സുഫ്ഫ (കോലായി)യില്‍ ഇരുന്ന് ഖുര്‍ആന്‍ പഠിച്ച സാധുക്കളായ സ്വഹാബിമാര്‍. എല്ലാം ഉപേക്ഷിച്ച് സാധുക്കള്‍ റസൂലിന്‍റെ സാമീപ്യം മാത്രം കൊതിച്ച് കോലായില്‍ അന്തിയുറങ്ങി.
ഉച്ചക്ക് ശേഷം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കാണ് ഞങ്ങള്‍ പോയത്. അവിടെയെത്തിയപ്പോള്‍ എനിക്ക് മൂഡ് ഓഫ്. എന്‍റെ ഭാവനയിലുള്ള സ്ഥലങ്ങള്‍ ഒന്നും കാണാനില്ല. കൊച്ചുനാള്‍ മുതല്‍ ഖന്‍ദഖ് യുദ്ധം നടന്ന സ്ഥലത്ത് ഇപ്പോഴും കിടങ്ങുകള്‍ ഉണ്ടായിരിക്കുമെന്നായിരുന്നു ഭാവന. അവിടെ ചെന്നപ്പോള്‍ കിടങ്ങു കാണാനില്ല. ഏഴ് കൊച്ചു പള്ളികള്‍ കാണാനായി. സൈന്യത്തെ ഏഴു വിഭാഗമാക്കി തിരിച്ചതിന്‍റെ ഓര്‍മ്മക്കാണ് എന്ന് ഉസ്താദ് പറഞ്ഞു തന്നു. ഉഹ്ദില്‍ ചെന്നപ്പോള്‍, ഹംസ(റ)യുടെയും മിസ്അബ്ബ്നു ഉമൈര്‍(റ)ന്‍റെയും ഖബറുകള്‍. ഹൃദയം തേങ്ങിപ്പോയി. അല്പമെങ്കിലും ചരിത്രം ബാക്കി നില്‍ക്കുന്നതവിടെയാണെന്ന് തോന്നി. ഉഹ്ദ് നമ്മോട് പലതും പറഞ്ഞു തരും. മുത്ത് നബി(സ) കുറച്ചുപേരെ കാവല്‍ നിര്‍ത്തിയ ഉഹ്ദ്മല ഇന്നും പലതും സംസാരിക്കുന്നുണ്ട്. നേതാവിനെ അനുസരിച്ചില്ലെങ്കിലുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതം. മുസ്ലിംകള്‍ ഛിന്നഭിന്നമാകുകയും മുത്തുനബി കൊല്ലപ്പെട്ടെന്ന വാര്‍ത്ത വരെ പ്രചരിക്കുകയും ചെയ്ത ഉഹ്ദ് യുദ്ധഭൂമി. ഒരു വിശ്വാസിക്ക് പഠിക്കാന്‍ ഒരുപാട് പാഠങ്ങള്‍! അവരനുഭവിച്ച ത്യാഗത്തിന് വിലമതിക്കാന്‍ ഒന്നുമില്ല, സ്വര്‍ഗമല്ലാതെ. അവര്‍ തന്ന ഇസ്ലാമിനെ നാം എത്രമാത്രം നീതിപൂര്‍വ്വം ഉള്‍ക്കൊള്ളുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

മഗ്രിബായപ്പോഴേക്ക് മദീനാ ഹറമില്‍ തിരിച്ചെത്തി. പിറ്റേന്ന് ഞങ്ങള്‍ ഏഴാളുകള്‍ മക്കത്തേക്ക്. ജീവിതത്തിലാദ്യമായി ഇഹ്റാം കെട്ടാന്‍ പോകുകയാണ്. വായിച്ചും പഠിച്ചും പരീക്ഷ എഴുതിയും കഴിഞ്ഞ കാര്യങ്ങള്‍ ജീവിതത്തിലെ അനുഭവമാകുന്ന സമയത്തെ നിര്‍വൃതിയില്‍. ഞാനോര്‍ത്തു; ഇതിനടുത്താണല്ലോ എന്‍റെ മുത്തുനബിയും സ്വഹാബാക്കളും അന്ത്യവിശ്രമം കൊള്ളുന്നത്. ഞങ്ങളെയും അവരോടൊപ്പം ചേര്‍ക്കേണമേ!

മദീനയോട് വിടപറയുന്പോള്‍ പറയാന്‍ പറ്റാത്ത ഒരു സങ്കടമാണ്. കഅ്ബയോട് വിടപറയുന്പോഴും അങ്ങനെതന്നെ. ഇനിയെന്ന് വരാനാണ് എന്ന തോന്നലൊക്കെ ശക്തമായി മനസ്സില്‍ കടന്നുവരും. എന്നാല്‍ മക്കയില്‍ ചെല്ലുന്പോള്‍ ഇപ്പോള്‍ തോന്നുന്ന ഒരു ചിന്ത; നമ്മുടെ തറവാട്ടില്‍ ചെന്ന പോലെ. നമുക്കെല്ലായിടത്തും സ്വാതന്ത്ര്യം ഉള്ള പോലെ. വിരുന്നുകാരല്ല, വീട്ടുകാരെപ്പോലെ. അതും ഹജ്ജിലൂടെ, ഉംറയിലൂടെ വിശ്വാസിക്ക് ലഭിക്കുന്ന ഊര്‍ജ്ജമാണ്. ലോകമേ തറവാട് എന്ന ചിന്ത. ഹജ്ജ് വിശ്വാസിയെ മറ്റൊരു മനുഷ്യനാക്കി മാറ്റുന്നു എന്നതെത്ര സത്യം.

നമുക്ക് ഇഹ്റാമാകുന്ന ഇഹലോക പരിത്യാഗത്തിലേക്ക് കടക്കാം. പുരുഷന്മാര്‍ കൂട്ടിത്തുന്നാത്ത, വെള്ളവസ്ത്രം. മുണ്ടും ഒരു മേല്‍മുണ്ടും. ലോകത്തെ ഏത് മനുഷ്യനും ഈ പുടവയേ പിരിയുന്പോള്‍ ഇവിടെ നിന്ന് കൊണ്ടുപോകാനുള്ളൂ എന്നോര്‍മിപ്പിക്കുന്നു. രാജാവിനും പ്രജക്കും അടിമക്കും ഉടമക്കും ഇത് മാത്രം. അങ്ങേയറ്റം ചിന്തിക്കേണ്ട സത്യം. ഷൂ പോലും ധരിക്കാന്‍ പാടില്ല. ഇതിലും വിനയമുള്ള ഒരു വേഷം ഇല്ല. സമത്വത്തിന്‍റെ സുന്ദരമായ രൂപം.

ആബാര്‍ അലി എന്ന സ്ഥലത്തു നിന്നാണ് ഇഹ്റാം കെട്ടിയത്. ഇഹ്റാമിന് ശേഷം വണ്ടിയില്‍ ഇരുന്ന് തല്‍ബിയത്ത് ചൊല്ലി, മുസ്ഹഫെടുത്ത് സൂറ ഹജ്ജ് ഓതിത്തുടങ്ങി. ജീവിതത്തിലെ ആദ്യാനുഭവം. നബി(സ്വ)യെ ആദര്‍ശത്തിന്‍റെ പേരില്‍ ആട്ടിയോടിച്ച മക്ക. ക്ഷമകൊണ്ടും സ്ഥിരതകൊണ്ടും വിജയശ്രീലാളിതനായി നബി തിരിച്ചെത്തിയ മക്കയിലേക്ക് തന്നെ. അവിടേക്കാണ് നാം പോകുന്നത്. മനുഷ്യകുലം താമസമാരംഭിച്ചതെന്ന് കരുതപ്പെടുന്ന കഅ്ബയും മക്കയും. പ്രവാചകനും പ്രിയസഹചരനും അല്ലാഹുവിനെ മാത്രം കൂട്ടു പിടിച്ച് ഹിജ്റ പോയ വഴികള്‍. ആ വഴികളിലൂടെയാണ് നാമിപ്പോള്‍ യാത്ര ചെയ്യുന്നത്. കൊടും ചൂടില്‍ മരീചിക രൂപപ്പെട്ടുകിടക്കുന്ന ഭൂഭാഗങ്ങള്‍. പൊരിവെയിലില്‍, പൊടിക്കാറ്റില്‍ രൂപപ്പെടുന്ന നേരിയ ചുഴലിക്കാറ്റുകള്‍. പ്ലാസ്റ്റിക് സഞ്ചികളും കടലാസും പറന്നുയരുന്നു. ഒരു വിശ്വാസിയുടെ ഹൃദയത്തെ നൊന്പരപ്പെടുത്തുന്ന കാറ്റ്. എന്‍റെ മുത്ത് നബി ചുട്ടുപഴുത്ത മണലിലൂടെ സഞ്ചരിച്ചതെന്തിനായിരുന്നു? ആ ആദര്‍ശ സംരക്ഷണത്തിന് ഞാന്‍ എന്ത് സേവനമാണ് സമര്‍പ്പിക്കുന്നത്? ഇസ്ലാമിന്‍റെ സുന്ദരമുഖം ലോകത്തിന് സമര്‍പ്പിക്കാനായിരുന്നു തിരുമേനി ആ പലായനം നടത്തിയത്. ഇന്ന് ശീതീകരിച്ച മോട്ടോര്‍ വാഹനങ്ങളിലാണ് യാത്ര; 140കി. മീറ്ററിലും മറ്റും ചീറിപ്പായുന്ന വാഹനങ്ങളില്‍. അന്ന് ഒരൊട്ടകം ഓടുന്ന സ്പീഡില്‍; ചൂടിലും വേവിലും. മക്കാ നഗരത്തോട് വിടപറഞ്ഞ് തികച്ചും പുതിയ ഭൂമിയിലേക്ക് പോകുന്ന മുത്ത്നബിയുടെ ഉള്ളറകളിലെ ചൂടും വേവും എന്തൊക്കെയായിരുന്നിരിക്കാം. നീ ദുഃഖിക്കേണ്ട, അല്ലാഹു ഉണ്ട് നമ്മോടൊപ്പം എന്ന് പറഞ്ഞ് അബൂബക്കര്‍ (റ)നെ ആശ്വസിപ്പിക്കുന്ന പ്രവാചകന്‍. ആ പ്രവാചകനെ ഈ മുസ്ലിം ഉമ്മത്ത് ഇന്നും വേണ്ട വിധം സാക്ഷാത്കരിക്കുന്നുണ്ടോ എന്നതാണ് ഹജ്ജ് /ഉംറ യാത്രകളില്‍ ഉള്ളില്‍ ഉയരേണ്ട ചോദ്യം. സൗര്‍ഗുഹയും സുറാഖയും തുടങ്ങി പലതും നമ്മുടെ മക്കാ മദീനായാത്രകളില്‍ സ്മൃതിയിലേക്കെത്തേണ്ടതുണ്ട്. പ്രവാചകന്‍ നടന്ന കഠിനമായ വഴികളിലൂടെ, ആത്മാവിനെ, മനസ്സിനെ, ശരീരത്തെ മെരുക്കിക്കൊണ്ടായിരിക്കണം നമ്മുടെ യാത്രയും. അതേ! യാത്ര മനുഷ്യനില്‍ ഉണ്ടാക്കേണ്ടുന്ന മാറ്റങ്ങള്‍ വലുതാണ്. ആ മാറ്റങ്ങളത്രെ നമ്മളെയും ചുറ്റുപാടുകളെയും മാറ്റിത്തീര്‍ക്കുന്നതും സുന്ദരമാക്കുന്നതും.

സബിത ടീച്ചര്‍

You must be logged in to post a comment Login