ഇരുപതാണ്ടിന്‍റെ സര്‍ഗദൂരം

ഇരുപതാണ്ടിന്‍റെ സര്‍ഗദൂരം

എസ്എസ്എഫ് ഇരുപതാമത് സാഹിത്യോത്സവിന് കൊടിയിറങ്ങി. ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം കാലത്തിനൊപ്പം നടന്നു തീര്‍ത്ത സര്‍ഗദൂരമാണിത്. ഈ വഴിയില്‍ ധന്യസാക്ഷാത്കാരത്തിന്‍റെ അടയാളങ്ങളായി എണ്ണമറ്റ പ്രഭാഷകര്‍, എഴുത്തുകാര്‍, കവികളും കഥാകാരന്മാരും… 

എസ്എസ്എഫിന് സാഹിത്യോത്സവുകള്‍ വെറുമൊരു കലാമേളയല്ല; ആത്മീയ പ്രവര്‍ത്തനമാണ്. ഒരാസ്വാദന സംരംഭമല്ല. പ്രബോധന ധര്‍മമാണ്. സാഹിത്യോത്സവ് വേദിയില്‍ വെളിപ്പെട്ട പ്രതിഭാത്വം നന്മപ്പൂമരമായി വളര്‍ന്ന് നാടിനും സമൂഹത്തിനും സുഗന്ധം പകരുമെന്നതിന് സര്‍ഗാവിഷ്കാരത്തിന്‍റെ ഇരുപതാണ്ടുകള്‍ സാക്ഷി.

പ്രബോധനത്തിന്‍റെ പുതിയ സാധ്യതകളാരായാന്‍ ഇക്കാലത്ത് നാം നിര്‍ബന്ധിതരാണ്. പഴയ സങ്കേതങ്ങള്‍ക്കൊപ്പം പുതിയ സാങ്കേതിക വിദ്യകള്‍ കൂടി ഈ വഴിയില്‍ ഉപയോഗപ്പെടുത്തണം. ആ നിലക്ക് കാലത്തിനൊപ്പം നടക്കാനല്ല, കാലത്തിനു മുന്പേ നടക്കാനുള്ള എസ്എസ്എഫ് പ്രയത്നങ്ങളുടെ സാര്‍ത്ഥകമായ സാക്ഷാത്കാരമായി സാഹിത്യോത്സവുകളെ വായിക്കുന്നതാണുചിതമെന്നു തോന്നുന്നു.

1993ല്‍ തളിപ്പറന്പിലാണ് എസ്എസ്എഫിന്‍റെ പ്രഥമ സംസ്ഥാന സാഹിത്യോത്സവ് നടന്നത്. 2013ല്‍ മണ്ണാര്‍ക്കാട്ടേക്കെത്തുന്പോള്‍ സാഹിത്യോത്സവിന്‍റെ ഘടനയും സ്വഭാവവും ഏറെ മാറ്റങ്ങള്‍ക്കു വിധേയമായി. ഓരോ വര്‍ഷവും പുതിയ ഇനങ്ങള്‍ മത്സരപ്പട്ടികയിലിടം നേടി. ഒപ്പം പൈതൃക കലകളുടെ ഉയിര്‍പ്പിനും ഉണര്‍വിനും സാഹിത്യോത്സവ് വഴിയൊരുക്കി. ഇതര കലാമേളകള്‍ അക്കപ്പെരുക്കങ്ങളില്‍ ജേതാക്കളെ നിര്‍ണയിക്കുന്പോള്‍ ഇവിടെ സര്‍ഗസിദ്ധിയുടെ അകംപുറം പരിശോധിച്ച് പ്രതിഭകളെ തിരഞ്ഞെടുക്കുകയാണ്. ആ നിലക്ക് സാന്പ്രദായിക കലോത്സവങ്ങള്‍ക്ക് സാഹിത്യോത്സവ് തിരുത്തെഴുതുന്നുവെന്നു പറയാം.

സപ്തംബര്‍ 20, 21 തീയതികളിലായാണ് ഇരുപതാമത് സാഹിത്യോത്സവ് നടന്നത്. വേദിയൊരുങ്ങിയത് മണ്ണാര്‍ക്കാട് കല്ലടി ഹയര്‍സെക്കണ്ടറി സ്കൂളില്‍. നാടിന്‍റെ നാനാദിക്കുകളില്‍ നിന്നെത്തിയ സര്‍ഗപ്രതിഭകള്‍ പാടിയും പറഞ്ഞും എഴുതിയും വരച്ചും സ്വയം വിസ്മയങ്ങളായി മാറിയ രണ്ടു ദിനങ്ങള്‍.

ഇരുപതാമത് സാഹിത്യോത്സവിനെ വേറിട്ട അനുഭവമാക്കിയ അനേകം ഘടകങ്ങളുണ്ട്. മികച്ച സംഘാടനം തന്നെ ഏറ്റവും ശ്രദ്ധേയം. സ്വാഗതസംഘം പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ വൃഥാവിലായില്ല. നിറഞ്ഞ സംതൃപ്തിയോടെയാണ് മത്സരാര്‍ത്ഥികളും നേതാക്കളും വിധി നിര്‍ണയിച്ചവരും മടങ്ങിയത്. ജഡ്ജുമാര്‍ അഭിപ്രായ പുസ്തകത്തില്‍ അക്കാര്യം പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു. മറ്റൊന്ന് നിറഞ്ഞ സദസ്സാണ്. ആദ്യാന്ത്യം വലിയ ജനപങ്കാളിത്തമുണ്ടായി എന്നത് നല്ല മുന്നൊരുക്കത്തിന്‍റെയും പ്രചാരണങ്ങളുടെയും കൂടി ഫലമാണ്. പ്രദേശത്തിന്‍റെ ഉത്സവമാക്കി സാഹിത്യോത്സവിനെ മാറ്റിയെടുക്കുന്നതില്‍ സംഘാടകര്‍ വിജയിച്ചുവെന്ന് നിസംശയം പറയാം.

20ന് വൈകുന്നേരം കുമരംപുത്തൂര്‍ ചുങ്കത്ത് നിന്നാരംഭിച്ച ഘോഷയാത്രയോടെയാണ് സാഹിത്യോത്സവിന് തുടക്കമായത്. സംസ്ഥാന തലത്തില്‍ പുതിയ മത്സര ഇനമായി നിര്‍ദേശിച്ച പ്ലോട്ടുകളാണ് ഘോഷയാത്രക്ക് ദൃശ്യചാരുത പകര്‍ന്നത്. എസ്എസ്എഫ് സമരവഴികളെ പ്രമേയങ്ങളിലൂടെ ആവിഷ്കരിച്ച മലപ്പുറത്തിന്‍റെ പ്ലോട്ടാണ് ഒന്നാം സ്ഥാനത്തിനര്‍ഹമായത്. തുടര്‍ന്ന് സാഹിത്യോത്സവ് നഗരിയില്‍ സമസ്ത കേന്ദ്രമുശാവറ അംഗം എന്‍ അലി മുസ്ലിയാര്‍ കുമരംപുത്തൂര്‍ പതാക ഉയര്‍ത്തി. സാഹിത്യോത്സവിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് എസ്വൈഎസ് സംസ്ഥാന പ്രസിഡന്‍റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. കലാസാഹിത്യങ്ങളുടെ മാനുഷിക മുഖവും ഇസ്ലാമിക മാനവും പ്രതിപാദിച്ചാണ് ഉസ്താദ് പ്രസംഗിച്ചത്. കലയുടെ അÇീലവത്കരണത്തിനെതിരായ എസ്എസ്എഫിന്‍റെ സര്‍ഗ പ്രതിരോധമാണ് സാഹിത്യോത്സവെന്ന് അദ്ദേഹം പ്രസ്താവിച്ചു.

സംസ്ഥാന കമ്മിറ്റിയുടെ സാഹിത്യോത്സവ് അവാര്‍ഡ് ജേതാവ് പോക്കര്‍ കടലുണ്ടിക്ക് എം ഹംസ എംഎല്‍എ ഉപഹാരം നല്‍കി. രിസാലമാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ ജേതാവിനെ പരിചയപ്പെടുത്തി പ്രസംഗിച്ചു. 2013ലെ അവാര്‍ഡിന് പ്രമുഖ എഴുത്തുകാരന്‍ സി ഹംസയെ തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു. മാലപ്പാട്ടുകളുടെ ആത്മീയതയും സാഹിത്യവും എന്ന വിഷയത്തില്‍ ഉദ്ഘാടന വേദിയില്‍ നടന്ന ചര്‍ച്ച ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ പങ്കുവച്ചു. സാധാരണക്കാരോട് സംവദിക്കുന്ന ഭാഷയും ഘടനയുമാണ് മുഹ്യിദ്ദീന്‍ മാലയെ ജനകീയമാക്കിയതെന്ന് പ്രവാസി രിസാല കണ്‍സള്‍ട്ടിംഗ് എഡിറ്ററും എഴുത്തുകാരനുമായ കെ അബൂബക്കര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഉള്ളടക്കം ശൈഖ് ജീലാനി ആയതാണ് മുഹ്യിദ്ദീന്‍ മാലയുടെ ജനകീയതക്കടിസ്ഥാനമെന്ന് പി എ മുഹമ്മദ് ഫാറൂഖ് നഈമി നിരീക്ഷിച്ചു. കാവ്യ സൗന്ദര്യത്തേക്കാള്‍ വ്യക്തി പ്രഭാവമാണ് മുഹ്യിദ്ദീന്‍ മാലയുടെ രചനാ വൈശിഷ്ട്യമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം.

ജൂനിയര്‍, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, സീനിയര്‍, കാന്പസ്, ജനറല്‍ വിഭാഗങ്ങളിലായി എഴുപത്തിനാല് ഇനങ്ങളില്‍ സാഹിത്യോത്സവ് മത്സരങ്ങള്‍ നടന്നു. ജനറല്‍ വിഭാഗം ദഫ് മത്സരമാണ് പ്രധാനവേദിയില്‍ ആദ്യം നടന്നത്. സാഹിത്യോത്സവിന്‍റെ ആദ്യദിനം മത്സരങ്ങള്‍ സമാപിക്കുന്പോള്‍ മുന്നിട്ടു നിന്നത് മലപ്പുറം ജില്ലയായിരുന്നു. തൊട്ടുപിന്നില്‍ കണ്ണൂരും. ശേഷം കോഴിക്കോടും. രണ്ടാം ദിനത്തില്‍ അപ്രതീക്ഷിതമായ ചില മാറിമറിയലുകളുണ്ടായെങ്കിലും അവസാന ഫലം പുറത്തുവന്നപ്പോള്‍ മലപ്പുറം ഒന്നാമതും കോഴിക്കോട് രണ്ടാമതും കണ്ണൂര്‍ മൂന്നാമതുമായി. ഇടയ്ക്ക് കണ്ണൂര്‍ ഒന്നാം സ്ഥാനത്തും മലപ്പുറം മൂന്നാം സ്ഥാനത്തുമായി പോയിന്‍റ് നില പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സാഹിത്യോത്സവില്‍ മുല്ലപ്പൂ വിപ്ലവമെന്നെഴുതിയ പ്ലക്കാര്‍ഡുയര്‍ന്നത് കൗതുകക്കാഴ്ചയായി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ മലപ്പുറം ആധിപത്യം വീണ്ടെടുത്തു. 2012ല്‍ കായംകുളത്ത് നാല് പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ നഷ്ടമായ കിരീടം 35 പോയിന്‍റിന്‍റെ വ്യക്തമായ മേല്‍ക്കയ്യില്‍ മണ്ണാര്‍ക്കാട്ട് മലപ്പുറം വീണ്ടെടുത്തു.

സമാപനവേദി ഉദ്ഘാടനം ചെയ്യാനെത്തിയ അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിനെ പ്രവര്‍ത്തകര്‍ ത്വലഅല്‍ ബദ്റു.. ആലപിച്ചാണ് വരവേറ്റത്. ധാര്‍മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതില്‍ എസ്എസ്എഫ് വഹിക്കുന്ന പ്രശംസനീയമായ പങ്ക് പ്രതിപാദിച്ചാണ് ഉസ്താദ് പ്രസംഗിച്ചത്. സമുദായത്തില്‍ അനൈക്യം വിതക്കുന്നവരെ കരുതിയിരിക്കാനും ഉസ്താദ് ആഹ്വാനം ചെയ്തു. ഇരുപതാമത് സംസ്ഥാന സാഹിത്യോത്സവില്‍ 416പോയിന്‍റ് നേടി ജേതാക്കളായ മലപ്പുറം ടീമിന് കാന്തപുരം ഉസ്താദ് ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ കോഴിക്കോടിന് എന്‍ അലി മുസ്ലിയാരും മൂന്നാം സ്ഥാനത്തെത്തിയ കണ്ണൂരിന് കൊന്പം കെ പി മുഹമ്മദ് മുസ്ലിയാരും ട്രോഫി നല്‍കി. 2014ലെ സംസ്ഥാന സാഹിത്യോത്സവിന് ആതിഥ്യമരുളുന്ന കാസര്‍ക്കോട് ജില്ലക്ക് വേണ്ടി ഭാരവാഹികള്‍ എന്‍ കെ സിറാജുദ്ദീന്‍ ഫൈസിയില്‍ നിന്ന് പതാകയേറ്റുവാങ്ങി.

അമീന്‍ മുബാറക്

You must be logged in to post a comment Login