മുത്തുനബിയുടെ വീട്ടിലേക്ക്

മുത്തുനബിയുടെ  വീട്ടിലേക്ക്

ഹറമൈനി സന്ദര്‍ശിച്ചപ്പോള്‍ മനസ്സിനെ ഏറെ വേദനിപ്പിച്ചത് നജ്ദികള്‍ ചരിത്രത്തോട് ചെയ്ത തുല്യതയില്ലാത്ത ക്രൂരതകളായിരുന്നു. മുന്പൊക്കെ വഹാബി അധിനിവേശ കാലത്തെ സഊദിയുടെ ചരിത്രം വായിക്കുന്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്ന ഒരു തോന്നല്‍ അവശേഷിച്ചിരുന്നു. എന്നാല്‍ നജ്ദിയന്‍ ചിന്ത, ഒരു ആദര്‍ശം ഒരു വിഭാഗത്തെ എത്രമേല്‍ ഹൃദയ ശൂന്യരാക്കുമെന്ന് ഈ സന്ദര്‍ശനം ത്യെപ്പെടുത്തി.

പുണ്യ സമയങ്ങളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ജനങ്ങളെ അകറ്റിനിര്‍ത്തുവാന്‍ പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും നിയമങ്ങളുടെയും അധികാരത്തിന്‍റെയും ബലത്തില്‍കൂടിയും ശ്രമിക്കുകയായിരുന്നു മുന്പ് നജ്ദികള്‍. വിശുദ്ധഖുര്‍ആനിലെ ഇന്ന സൂക്തപ്രകാരം ഈ പ്രവര്‍ത്തനം ഹറാമാണെന്നോ, രാഷ്ട്രത്തിന്‍റെ ഇന്ന നിയമപ്രകാരം ഈ പ്രവര്‍ത്തനം അനുവദനീയമല്ലെന്നോ ഉളള ഉപദേശങ്ങള്‍ ചെവിക്കൊളളാത്തവരെ ബലപ്രയോഗത്തിലൂടെ കീഴടക്കുവാനായിരുന്നു ശ്രമം. ഇതുകൊണ്ടൊന്നും വിശ്വാസിസമൂഹത്തിന്‍റെ കരള്‍ തുടിപ്പ് നിലച്ചു പോകില്ലെന്ന് മനസ്സിലാക്കിയവര്‍ അവയുടെ ചരിത്രത്തെ തന്നെ നിഷേധിക്കാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ ചെയ്തുകൂട്ടുന്നത്. തിരു നബി ജനിച്ച വീടിനോടുള്ള സമീപനം ഉദാഹരണം.

മസ്ജിദുല്‍ഹറാമിന്‍റെ അടുത്ത് ഇന്ന് കാണുന്ന ഖുശാശിയ്യ റോഡരികില്‍ സൂഖുല്ലൈല്‍ എന്ന് ഇന്നറിയപ്പെടുന്ന ഭാഗത്താണ് തിരുനബി(സ) ജനിച്ച വീടുണ്ടായിരുന്നത്.

മുത്ത്നബി ജനിച്ച വീട് എന്നു കേള്‍ക്കുന്പോള്‍ എന്തെന്ത് വികാരങ്ങളാണ് ഒരു വിശ്വാസിയുടെ അകതാരില്‍ തിരയിളകുന്നത്!
ഓരോ മാസത്തിലും ശുഭവാര്‍ത്തകളുമായി പൂര്‍വ്വ അന്പിയാക്കള്‍ ഗര്‍ഭിണിയായ ആമിനയെ സന്ദര്‍ശിക്കുന്നത്, വേദനയോ പ്രയാസങ്ങളോ ഇല്ലാതെ ആമിനാബീവി പ്രസവിക്കുന്നത്, ‘ശിഫ’ എന്ന ഉമ്മ കുട്ടിയെ ഈറ്റെടുക്കുന്നത്, സിറിയയിലെ ബുസ്റ പട്ടണത്തിലെ കൊട്ടാരങ്ങള്‍ കാണും വിധം ജ്വലിക്കുന്ന പ്രകാശം അവിടെയെങ്ങും പ്രഭ പരത്തിയത്, ബിംബങ്ങള്‍ തലകുത്തി വീണത്, പിതാമഹന്‍ കുട്ടിയുമായി കഅ്ബയിലേക്ക് ചെന്നത്, അവിടെ വച്ച് മദ്ഹ് ഗീതം ആലപിക്കുന്നത്, മുഹമ്മദ് എന്ന് പേരിട്ടത്, ഖുറൈശി കുടുംബത്തില്‍ ഒരാണ്‍കുട്ടി പ്രസവിച്ചിട്ടുണ്ടോ എന്ന് ചന്തയില്‍ ഒരു ജൂതന്‍ ചോദിച്ചത്, ആമിനയുടെ പൊന്നോമനയെ കാണാന്‍ ജൂത പുരോഹിതന്‍ ധൃതിക്കാട്ടിയത്, അവിടുത്തെ തോളിലെ നുബുവ്വത്തിന്‍റെ സീല്(ഖാതമുന്നുബുവ്വ) കണ്ട് പുരോഹിതന്‍ ബോധരഹിതനായി വീണത്…

മന്‍ഖൂസ് മൗലിദ് മനസ്സില്‍ വഹിച്ചാണ് തിരുപ്പിറവി കൊണ്ടനുഗൃഹീതമായ ആ വീടിനടുത്തേക്ക് നടന്നു നീങ്ങിയത്. വീട് ഏതോ സലഫികള്‍ പണ്ടെന്നോ പൊളിച്ചിട്ടുണ്ടെന്ന് നേരത്തെ വായിച്ചത് ഓര്‍മയിലുണ്ട്. ചരിത്രത്തെ അപ്പാടെ നിലനിര്‍ത്തുക എന്ന ദൗത്യം തീരെ പാലിക്കപ്പെടാത്ത നാടാണ് സഊദി അറ്യേ. അത് അവര്‍ക്ക് സാധിക്കാത്തതു കൊണ്ടല്ല. 7000 കൊല്ലം മുന്പുള്ള സമൂദ് ഗോത്രക്കാരുടെ ഗുഹാഭവനങ്ങള്‍മദാഇന്‍ സ്വാലിഹ് ഇന്നും സഊദിയിലുണ്ട്. അത് ധിക്കാരികളുടെ കൊട്ടാരങ്ങളാണ്.അവിടെ വല്ലാതെ തങ്ങരുതെന്നാണ് തിരുനബിയുടെ തന്നെ ഉപദേശം. അതുകൊണ്ട് തന്നെ അവിടെ ആരും ബറക്കത്തിനു വേണ്ടി പോവുകയില്ല. എന്നാല്‍ ധിക്കാരികളുടെ ആ കൊട്ടാരം സംരക്ഷിച്ചവര്‍ക്ക് മുത്ത് നബിയുടെ വീട് അതേ പോലെ നിലനിര്‍ത്താനായില്ല. ഇപ്പോള്‍ അവിടെതിരു ജന്മം കൊണ്ട് അനുഗൃഹീതമായ ആ പുണ്യ സ്ഥലത്ത് ഒരു ലൈബ്രറിയാണ് സ്ഥിതി ചെയ്യുന്നത് മക്തബതു മക്കത്തില്‍മുക്കറമ അത്രയും നല്ലത് എന്ന് നമുക്ക് സമാധാനിക്കാം.

മുത്തുനബിയെ പെറ്റയിടം കാണാന്‍ ഹൃദയം വല്ലാതെ കൊതിച്ചു. അതിനടുത്തേക്ക് നടന്നു നീങ്ങുന്പോള്‍ ഒരു ഇലക്ട്രിക് നോട്ടീസ് ബോര്‍ഡ് കണ്ണുകളിലുടക്കി. അതിങ്ങനെ പറഞ്ഞു മുഹമ്മദ് നബി(സ) ഇവിടെയാണ് ജനിച്ചത് എന്നതിന് ഒരു രേഖയുമില്ല!! അച്ഛന്‍ പത്തായത്തിലുമില്ലെന്ന് പറയുന്ന കുട്ടിയുടെ വാശിയോടെ ആ അക്ഷരങ്ങള്‍ നില്‍ക്കാതെ ചലിച്ചുകൊണ്ടേയിരുന്നു.

1400 കൊല്ലമായപ്പോഴേക്കും നിങ്ങളുടെ പ്രവാചകന്‍ ജനിച്ച സ്ഥലമേതാണെന്നു പോലും നിങ്ങള്‍ക്കറിയില്ലല്ലോ/അതോ നിങ്ങളുടെ പ്രവാചകന്‍ ജനിച്ചിട്ടേയില്ലേ എന്ന് ആരൊക്കെയോ ആര്‍ത്തുചിരിച്ച് ചോദിക്കുന്നതുപോലെ….എനിക്ക് വാവിട്ട് കരയാന്‍ തോന്നി.

എത്ര കൃത്യമായാണ് ചരിത്രം തിരുനബിയെ പെറ്റയിടം അടയാളപ്പെടുത്തിയത്? എന്നിട്ടും ഈ ചരിത്ര സത്യത്തിനു നേരെ ഇവര്‍ വാളോങ്ങുന്നതെന്തിനാണ്? മരുമകളോട് അരിശം മൂത്ത് മകനെ കൊല്ലുന്നത് എന്ത് നീതിയാണ്?

ചരിത്രം പറയുന്നതിങ്ങനെയാണ്
അബ്ദുല്‍ മുത്തലിബ് തന്‍റെ കാഴ്ച ശക്തി നഷ്ടപ്പെട്ടപ്പോള്‍, ജീവിത കാലത്ത് തന്നെ തന്‍റെ സന്പത്ത് മക്കള്‍ക്കിടയില്‍ വീതിച്ചു നല്‍കി. തിരുനബി ജനിച്ച സ്ഥലവും അതിന്‍റെ ചുററുഭാഗങ്ങളുമടങ്ങുന്ന സ്ഥലം അവിടുത്തെ പിതാവ് അബദുല്ലക്കാണ് ലഭിച്ചത്. അവിടെയാണ് അബ്ദുല്ലയുടെ വീട്. ആ വീട്ടിലാണ് മുത്തുനബി ജനിക്കുന്നത്. അവിടെയാണു വളരുന്നതും. 25ാം വയസ്സില്‍ ഖദീജ (റ)യെ വിവാഹം ചെയ്തതിന് ശേഷം അവരുടെ വീട്ടിലും താമസിച്ചിട്ടുണ്ട്. 28 വര്‍ഷം! ഹറമിന്‍റെ തൊട്ടടുത്തായിരുന്നു ഈ വീട്. കുറെ കാലം ആ വീടിന്‍റെ അവശിഷ്ടങ്ങള്‍ നിലനിന്നിരുന്നു. പിന്നീട് ഹറം വികസനത്തിന്‍റെ ഭാഗമായി അവ മണലിന്നടിയിലായി.

അന്പത്തിമൂന്നാം വയസ്സില്‍ ഹിജ്റ പോകുന്പോള്‍ തിരുനബി(സ) തന്‍റെ വീട് പിതൃവ്യ പുത്രന്‍ ഉഖൈലിന് നല്‍കി.ഹജ്ജിന് വേണ്ടി തിരുനബി മക്കയില്‍ വന്നപ്പോള്‍ ആളുകള്‍ ചോദിച്ചു എവിടെ താമസിക്കും? ഉഖൈല്‍ നമുക്ക് സ്വല്‍പ്പം തണല്‍ നല്‍കില്ലേ? എന്നായിരുന്നു അവിടുത്തെ മറുപടി.

ഉഖൈലിന്‍റെ മരണ ശേഷം തന്‍റെ മകന്‍ ആ വീട് ഹജ്ജാജുബ്നു യൂസുഫിന്‍റെ സഹോദരന്‍ മുഹമ്മദുബ്നു യൂസുഫിന് നല്‍കി.അദ്ദേഹം ആ വീട് തന്‍റെ വീടിന്‍റെ അകത്താക്കി വികസിപ്പിച്ചു. അദ്ദേഹത്തിന്‍റെ വീട് പിന്നീട് ദാറുബ്നുയൂസുഫ,് ദാറുല്‍ ബൈളാഅ് എന്നൊക്കെ അറിയപ്പെട്ടു. ഹാറൂന്‍ റശീദിന്‍റെ ഉമ്മ ഖീസറാന്‍ (ഹിജ്റ 171 ല്‍) ഹജ്ജിന് പോയപ്പോള്‍ തിരുനബി ജനിച്ച വീടിനെ ദാറുബ്നുയൂസുഫിന്‍റെ പുറത്താക്കുകയും അവിടെ നിസ്കരിക്കാന്‍ സൗകര്യമുള്ള ഒരു പളളിയായി വിശാലമാക്കുകയായിരുന്നു. ഹിജ്റ 250ല്‍ വഫാതായ അസ്റഖിയും ഹി. 320 ല്‍ വഫാതായ ത്വബ്രിയും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹി. 774ല്‍ വഫാതായ ഇബ്നുകസീര്‍ പറയുന്നത് ഇപ്പോള്‍ (ഹി. 8ാം നൂററാണ്ടിലും) ആ സ്ഥലം പള്ളിയായിട്ടാണ് അറിയപ്പെടുന്നതെന്നാണ്. ഹി.885ല്‍ വഫാതായ ചരിത്രകാരന്‍ ശൈഖ് അബൂബക്ര്‍ ബിന്‍ അലിയും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രം അതി സൂക്ഷ-്മമായി ഈ വീടിനൊപ്പം സഞ്ചരിച്ചുവെന്നല്ലേ ഇതിനര്‍ത്ഥം?

പക്ഷേ, ഈ കാലങ്ങളിലൊക്കെത്തന്നെയും പ്രസ്തുത വീട് അതു പോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് ചരിത്രകാരന്‍മാരുടെ വിവരണത്തില്‍ നിന്ന് മനസ്സിലാകുന്നത്.ഹി.832ല്‍ വഫാതായ തഖിയുദ്ദീന്‍ അല്‍ഫാസി തന്‍റെ ശിഫാഉല്‍ഗറാം ബി അഖ്ബാരില്‍ബലദില്‍ഹറാം എന്ന ഗ്രന്ഥത്തില്‍ വീടിന്‍റെ ദൃക്സാക്ഷി വിവരണം നടത്തുന്നുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെ

ചതുരത്തിലുള്ള ഒരു വീട്. രണ്ട് കെട്ടുകളുള്ള ഒരു തൂണുണ്ട്.പടിഞ്ഞാറു ഭാഗത്ത് തെക്കിനോട് ചേര്‍ന്ന് ഒരു മൂലയുണ്ട്. ജബലിനടുത്തുള്ള വാതിലിനഭിമുഖമായിട്ടാണ് ഈ മൂല. കിഴക്ക് ഭാഗത്തും ഒരു വാതിലുണ്ട്. ജനലുകള്‍ പത്ത്. കിഴക്ക് ചുമരില്‍ നാല്. വടക്ക് മൂന്ന്.പടിഞ്ഞാറ് ഒന്ന്. മൂലയില്‍ രണ്ട്. (വലത്തെ ചുമരില്‍ ഒന്ന്, ഇടത്ത് മറെറാന്ന.്) വീട്ടില്‍ ഒരു സുപ്രധാന മുറിയുണ്ട്. ഈ മുറിക്കടുത്ത് ഒരു കുഴി. കുഴിക്ക് 1 1/6 മുഴം നീളവും വീതിയും ആഴവും കാണും. കുഴിക്ക് ചുററും മരം കൊണ്ട് ഭദ്രമായി വളച്ചു കെട്ടിയിരിക്കുന്നു. കുഴിയുടെ മധ്യെ പച്ച മാര്‍ബിള്‍ കഷ്ണമിട്ടിരിക്കുന്നു. ഈ മാര്‍ബിള്‍ വെള്ളി കൊണ്ട് പൊതിഞ്ഞിരുന്നുവെന്നും വെള്ളിയടക്കം അതിന്‍റെ വീതി ഒരു ചാണിന്‍റെ 2/3 വരുമെന്നും ഇബ്നു ജുബൈര്‍ പറഞ്ഞിട്ടുണ്ട്. ഇവിടെയാണ് മുത്തുനബി പെറ്റു വീണ കൃത്യമായ ഇടം!

ഹി.1327ല്‍ വഫാതായ ശൈഖ് മുഹമ്മദ് ലബീബും ഈ പുണ്യ സ്ഥലം വിശദമായി വിശദീകരിച്ചിട്ടുണ്ട്. പതിനാലാം നൂററാണ്ടിന്‍റെ തുടക്കം വരെ ഇത് സംരക്ഷിക്കപ്പെട്ടിരുന്നുവെന്നും തിരുപ്പിറവി കൊണ്ടനുഗൃഹീതമായ വീടാണിതെന്നത് സംശയലേശമന്യെ പരക്കെ വിശ്രുതമായിരുന്നുവെന്നുമല്ലേ ഈ രേഖകള്‍ വിളിച്ചു പറയുന്നത്? ഇപ്പോഴും സഊദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മക്കാ ചരിത്ര ഗ്രന്ഥങ്ങള്‍ ഇതംഗീകരിക്കുന്നു.

1370 ജ.അവ്വല്‍ മാസത്തിലാണ് ശൈഖ് അബ്ബാസ് അല്‍ ഖത്താന്‍ അവിടെ ഒരു ലൈബ്രറി ഉണ്ടാക്കാന്‍ അബ്ദുല്‍ അസീസ് രാജാവിനോട് അനുവാദം വാങ്ങിയത്….

ഇപ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അതൊരു ലൈബ്രറി മാത്രമായിരിക്കുന്നു! മുഹമ്മദ് നബി(സ) ഇവിടെയാണ് ജനിച്ചത് എന്നതിന് ഒരു രേഖയുമില്ലത്രെ! ഇനിയെന്തൊക്ക നാം കേള്‍ക്കേണ്ടി വരും?

ദുഖം ഉള്ളിലൊതുക്കി കവാടത്തിനടുത്തേക്ക് നടന്നു നീങ്ങി. അപ്പോഴാണ് പുതിയ നിര്‍ദേശം കിട്ടിയത്! ലൈബ്രറിയിലേക്ക് പ്രവേശനമില്ലത്രെ! മീശ മുളക്കാത്ത ഒരു ചെറുപ്പക്കാരനാണ് അത് പറഞ്ഞത്. കൊളോക്കിയല്‍ അറബി മാത്രമേ ആ കുട്ടിക്കറിയൂ. ഇംഗ്ലീഷും ഉര്‍ദുവും ക്ലാസിക്കല്‍ അറബിയുമൊന്നും അവനു വേണ്ട. ഒന്നും അറിയാത്ത പോലെ,കേള്‍ക്കാത്ത പോലെ, മനസ്സിലാകാത്ത പോലെ അവന്‍ തടയുക മാത്രം ചെയ്യുന്നു.

ഒരു പാകിസ്ഥാനിയാണെന്ന് തോന്നുന്നു പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ടു. താന്‍ ഒരു ഗവേഷകനാണെന്നും തനിക്ക് ലൈബ്രറിയില്‍ പ്രവേശിക്കേണ്ടതുണ്ടെന്നും പറഞ്ഞ് ചെറുപ്പക്കാരന്‍റെ വിലങ്ങുകള്‍ക്കോ പ്രതികരണങ്ങള്‍ക്കോ ചെവി കൊടുക്കാതെ അദ്ദേഹം വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കടന്നു!

ഒരു നിമിഷം ഹൈദരാബാദും ഇഫ്ലുവും ബാപ്പു ഉസ്താദും മനസ്സില്‍ മിന്നി മറിഞ്ഞു.
അദ്ദേഹത്തോടൊപ്പം ഞാനും! തടയാന്‍ ശ്രമിച്ചപ്പോള്‍ ഞാനും പ്രതികരിച്ചു..താനും ഒരു ഗവേഷക വിദ്യാര്‍ത്ഥിയാണെന്ന്!
ആകാംക്ഷയോടെ അകത്തേക്ക്!
എന്തായിരിക്കും ആ ലൈബ്രറിയുടെ ഉള്ളിലുണ്ടാവുക? കുഴി? മാര്‍ബിള്‍? തിരു ശേഷിപ്പുകള്‍? ചിത്രങ്ങള്‍? ചരിത്രങ്ങള്‍….?
തുടരും
ഫൈസല്‍ അഹ്സനി രണ്ടത്താണി

One Response to "മുത്തുനബിയുടെ വീട്ടിലേക്ക്"

  1. ധാർമിക വിപ്ലവം/MoralRevolution  December 16, 2013 at 9:01 am

    <<>>ഈ വഹാബിസം ആരോടാണ് അരിശം തീര്ക്കുന്നത്….ലോകാനുഗ്രഹിയായ പുണ്യ പ്രവാചകൻ ജനിച്ച സ്ഥലം അത് പോലെ നിലനിർത്തിയാൽ ഇവര്ക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്…..ഇസ്ലാമിക പൈത്ര്കങ്ങൾ മായ്ച്ചു കളയാൻ ആരാനിവര്ക്ക് പ്രചോദനം നല്കുന്നത്?…..

You must be logged in to post a comment Login