തേജ്പാലിനേയും കാത്തിരിക്കാന്‍മാത്രം ദുര്‍ബലമാണോ നമ്മുടെ മതേതര പോരാട്ടങ്ങള്‍?

തേജ്പാലിനേയും കാത്തിരിക്കാന്‍മാത്രം  ദുര്‍ബലമാണോ  നമ്മുടെ മതേതര പോരാട്ടങ്ങള്‍?

തെഹല്‍ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ ഗോവയിലെ ഹോട്ടലില്‍ വെച്ചു തന്‍റെ കീഴില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒരു ഭാഗത്ത് തരുണ്‍ തേജ്പാലിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ബി ജെ പി ഭരിക്കുന്ന ഗോവ സര്‍ക്കാറും അവിടുത്തെ പോലീസ് സംവിധാനങ്ങളും ആക്കം കൂട്ടുന്പോള്‍, മറുഭാഗത്ത് തരുണ്‍ തേജ്പാല്‍ എന്ന സമീപ കാലത്ത് ഇന്ത്യ കണ്ട മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകനെയും തെഹല്‍ക എന്ന ആര്‍ജ്ജവമുള്ള പത്രസ്ഥാപനത്തെയും നശിപ്പിക്കാനും വേരോടെ പിഴുതെറിയാനുമുള്ള ബി ജെ പി യുടെയും അവരെ പിന്തുണയ്ക്കുന്ന വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെയും ആവേശവും ഗൂഢാലോചനയുമായാണ് ചിലര്‍ ഈ നീക്കങ്ങളെ കാണുന്നത്. വേറെ ചിലരാകട്ടെ, ഇന്ത്യയിലെ നിയമവ്യവസ്ഥയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കാനുള്ള മികച്ച അവസരം എന്ന നിലയിലാണ് തേജ്പാല്‍ വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. സമാനമായ ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്പോള്‍ തന്നെയാണ് തേജ്പാലിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി പന്ത്രണ്ട് ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള കോടതിവിധി വരുന്നത് എന്നവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
തേജ്പാലിനെതിരെയുള്ള ഏതു നീക്കവും തെഹല്‍ക എന്ന സാമൂഹിക പ്രതിബദ്ധതയുള്ള മാഗസിന് എതിരായ നീക്കമായാണ് ഒരു വിഭാഗം കാണുന്നത്. ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്ന തെഹല്‍കയുടെ ഉടമകളും മാനേജിംഗ് എഡിറ്ററായിരുന്ന ഷോമ ചൗധരിയും തേജ്പാല്‍ തന്നെയും പുതിയ ആരോപണങ്ങളെ പ്രതിരോധിക്കുന്നത് പത്രപ്രവര്‍ത്തനത്തില്‍ തെഹല്‍ക പുലര്‍ത്തിയ പ്രതിബദ്ധത നിറഞ്ഞ പഴയ കാലത്തെ ചൂണ്ടിക്കാട്ടിയാണ്. പത്രപ്രവര്‍ത്തനത്തിലും എഴുത്തിലും തേജ്പാല്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ പാടെ വിസ്മരിച്ചുകൊണ്ടാണ് അദ്ദേഹത്തിനിപ്പോള്‍ സ്ത്രീ പീഡകന്‍റെ ലേബല്‍ നല്‍കിയിരിക്കുന്നത് എന്നാണ് ചാരു നിവേദിതയെ പോലുള്ളവര്‍ വിലപിക്കുന്നത്. ഇന്ത്യയിലെ മതേതരത്വത്തിന്‍റെ സുശക്തമായ നിലനില്‍പ്പിനും, പ്രത്യേകിച്ചും നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചുകൊണ്ട്, ഹിന്ദുത്വ അതിന്‍റെ ഏറ്റവും ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലത്ത്, തരുണ്‍ തേജ്പാലും തെഹല്‍കയും ഇല്ലാതെ മതേതരത്വത്തില്‍ വിശ്വസിക്കുന്നവര്‍ എങ്ങനെ രാജ്യത്തിന്‍റെ ഭാവിക്ക് വേണ്ടിയുള്ള യുദ്ധം നയിക്കും, ഇനി നയിച്ചാല്‍ തന്നെ എത്രമേല്‍ ദുര്‍ബലമായിരിക്കും ആ യുദ്ധം എന്നുമാണ് ഈ വക വിലാപങ്ങളുടെ അന്തസ്സത്ത.

ഈയൊരു വികാരമാണ് മുസ്ലിംകളുടെ പത്രാധിപത്യത്തിലും മേല്‍നോട്ടത്തിലും നടക്കുന്ന ഒട്ടുമിക്ക പത്രങ്ങളും തേജ്പാല്‍ വിഷയത്തില്‍ മുന്നോട്ടുവെച്ചത്. ബി ജെ പി ഭരണകാലത്ത് ആയുധ ഇടപാടുകളിലെ അഴിമതി പുറത്തു കൊണ്ടുവന്ന വെസ്റ്റ് എന്‍ഡ്, ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിയുടെ പങ്കു പുറത്തുകൊണ്ടുവന്ന ഒട്ടനവധി അന്വേഷണ പരന്പരകളും ഓപ്പറേഷനുകളും തുടങ്ങി തെഹല്‍ക നടത്തിയ പത്രപ്രവര്‍ത്തന രംഗത്തെ ഒറ്റയാള്‍ കുരിശു യുദ്ധങ്ങളില്‍ എല്ലാം തുറന്നു കാട്ടപ്പെട്ടത് ഹിന്ദുത്വയുടെ രാഷ്ട്രീയ കാപട്യങ്ങളാണ് എന്നതാണ് ഈ മുസ്ലിം പത്രങ്ങളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ന്യായം.

കഴിഞ്ഞ ഡിസംബര്‍ മുന്നാം തിയ്യതി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തേജസ് ദിനപത്രം എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച തെഹല്‍ക്കയെ നിശബ്ദമാക്കുന്നതിലെ രാഷ്ട്രീയം എന്ന ലേഖനത്തില്‍ തേജ്പാലിന്‍റെ അതിക്രമത്തിന് ഇരയായ പത്രപ്രവര്‍ത്തകയുടെ പരാതിയുമായി രംഗത്തുവരാനുള്ള താല്‍പര്യത്തിനു പിന്നില്‍ തന്നെ ഫാസിസത്തിന്‍റെ ഒളിയജണ്ടകള്‍ ഉണ്ടെന്നാണ് ആരോപിക്കുന്നത്.
ലേഖനം ഇങ്ങനെ തുടരുന്നു

എടോ സ്ത്രീലന്പടാ, എന്നോട് നിന്‍റെ തൊട്ടുകളിയൊന്നും വേണ്ടാ എന്ന് തന്‍റേടത്തോടെ പറഞ്ഞു തീര്‍ക്കാവുന്നതായിരുന്നു പ്രശ്നം. അങ്ങനെ ഉഭയകക്ഷി സമ്മതപ്രകാരമല്ലെങ്കിലും തേജ്പാല്‍ കാണിച്ച ആണ്‍കോയ്മയെ സ്ത്രീത്വത്തിന്‍റെ ഉശിരുള്ള മാധ്യമ പ്രവര്‍ത്തക എതിര്‍ത്തു തോല്‍പ്പിക്കുന്നതിനപ്പുറം അവര്‍ അറിഞ്ഞോ അറിയാതെയോ ഫാഷിസ്റ്റ്/ കോര്‍പ്പറേറ്റ് അജണ്ടയുടെ കൈക്കോടാലിയായി മാറിയെന്നു വേണം കരുതാന്‍. സ്വന്തം ശരീരത്തിന്‍റെ സ്വയം നിര്‍ണയാവകാശത്തെ മാന്യമായി സ്ഥാപിക്കുക വയ്യെന്നാണെങ്കില്‍ സമൂഹത്തിന്‍റെ കാവല്‍ക്കാരിയാകാനുള്ള യോഗ്യത തന്നെ സ്വയം തള്ളിപ്പറയുന്നതിനു തുല്യമാണ്. സമ്മതത്തോടു കൂടിയാണെങ്കില്‍ ഇതൊന്നും വലിയ പ്രശ്നമാവില്ല എന്ന വ്യംഗ്യമായ സൂചനയും അവരുടെ എഴുത്തില്‍ ഉണ്ട്. അപ്പോള്‍ തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയുടെ പ്രശ്ന പരിഹാര നിര്‍ദേശം പോലും തള്ളി അവരെ സമ്മര്‍ദ്ദത്തില്‍ അകപ്പെടുത്തി രാജിവെപ്പിച്ചവര്‍ ഒരു മാധ്യമഹത്യക്ക് തക്കം പാര്‍ത്തിരിക്കുന്നവരാണ്.

തേജസിന്‍റെ വാദങ്ങള്‍ വളരെ ലളിതമാണ് നരേന്ദ്ര മോഡിയെയും അദ്ദേഹം നേതൃത്വം നല്‍കുന്ന വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തെയും തൊലിയുരിച്ചു കാണിച്ചതിന്‍റെ ആനുകൂല്യം നല്‍കി തേജ്പാലിനെതിരെയുള്ള ലൈംഗിക അതിക്രമക്കേസ് അതിക്രമം ഏറ്റുവാങ്ങിയ തെഹല്‍ക ലേഖിക ഒതുക്കിത്തീര്‍ക്കണമായിരുന്നു. അതിക്രമം നടന്ന ഉടനെ തേജ്പാലിനെ രണ്ടു തെറി വിളിച്ചു തീര്‍ക്കാമായിരുന്ന പ്രശ്നം പുറത്തുപറയുക വഴി സ്വന്തം ശരീരത്തിന്‍റെ നിര്‍ണയാവകാശത്തിനു പോലും അശക്തയാണെന്ന് സ്വയം വെളിപ്പെടുത്തിയ ഈ സ്ത്രീ പത്രപ്രവര്‍ത്തകയാകാന്‍ പോലും യോഗ്യത ഇല്ലാത്തവളാണ്. നിയമപരമായി ഇത്തരം കാര്യങ്ങളെ നേരിടുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല. ഇതിനൊന്നും പറ്റിയില്ലെങ്കില്‍ ഷോമ ചൗധരിയുടെ പ്രശ്ന പരിഹാര നിര്‍ദേശമെങ്കിലും ലേഖിക സ്വീകരിക്കണമായിരുന്നു.(തേജ്പാലിനെതിരെ ലേഖിക നല്‍കിയ പരാതിയിന്മേല്‍ ഷോമ ചൗധരി സ്വീകരിച്ച നയനിലപാട് എന്താണെന്ന് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ). (തേജസിന്‍റെ ഭാഷയില്‍) സമ്മതത്തോടു കൂടിയാണെങ്കില്‍ പ്രശ്നമില്ലെന്ന് ലേഖിക തന്നെ വ്യംഗ്യമായി സൂചിപ്പിച്ച കാര്യത്തെ ഒരു സമ്മതം ഇല്ലെന്ന മാത്രം കാരണത്താല്‍ ഇത്രയധികം വഷളാക്കേണ്ടതുണ്ടോ?. ഇതൊക്കെയാണ് തേജസ് ലേഖകന്‍ മസ്ഹറുദ്ദീന്‍റെ വാദത്തിന്‍റെ അകംപൊരുള്‍.

ഇത്രയൊന്നും വ്യക്തമായി പറയുന്നില്ലെങ്കിലും തേജസിന്‍റെ അതേ ആകുലതകളാണ് കുറച്ചുകൂടി മികച്ച ഭാഷയില്‍ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം ദിനപത്രവും പ്രകടിപ്പിക്കുന്നത്. നവംബര്‍ 30നു തെഹല്‍ക്ക മരിക്കരുത് എന്ന തലക്കെട്ടില്‍ മാധ്യമം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ തരുണ്‍ തേജ്പാലിനെതിരെ ഉയര്‍ന്നുവന്ന ലൈംഗിക അപവാദത്തിലൂടെ തെഹല്‍കയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് തല്‍പരകക്ഷികള്‍ നടത്തുന്നതെന്നും അതിനാല്‍ കോര്‍പറേറ്റുകളും അധികാര ദല്ലാളുകളും ഇന്ത്യയിലെ മൊത്തം മാധ്യമങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കെ അരുതായ്മകള്‍ക്കെതിരെ പൊരുതാനും സത്യത്തോടൊപ്പം നില്‍ക്കാനും ധൈര്യംകാണിച്ച മാധ്യമമാണ് തെഹല്‍ക എന്ന കാര്യം മറക്കരുത് എന്നുമാണ് വായനക്കാരെ ഓര്‍മപ്പെടുത്തുന്നത്.

ഫാഷിസ്റ്റുകളും കോര്‍പറേറ്റ് ഭീമന്മാരും ഇന്ത്യയുടെ വിഭവങ്ങളും മാധ്യമങ്ങളും വിലപറഞ്ഞ് ഏറ്റെടുത്ത സാഹചര്യത്തില്‍ അനീതിയുടെ ഇരുട്ടറകളില്‍ അടക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും വാര്‍ത്തകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അധികാരികള്‍ക്ക് അലോസരം സൃഷ്ടിക്കുകയും ചെയ്തത് തെഹല്‍കയാണ്. സാഹസിക പത്രപ്രവര്‍ത്തനം അവസാനിച്ചിട്ടില്ലെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് മാധ്യമത്തുടര്‍ച്ചയുണ്ടെന്നും അവര്‍ വീണ്ടും ബോധ്യപ്പെടുത്തി. തീവ്രവാദത്തിന്‍െറ പേരില്‍ തുറുങ്കിലടക്കപ്പെട്ട ചെറുപ്പക്കാര്‍ മുഴുവന്‍ രാജ്യശത്രുക്കളാണെന്നും അവര്‍ക്കുവേണ്ടി സംസാരിക്കുന്നതും വാദിക്കുന്നതും മഹാപാതകമെന്നും വിശ്വസിച്ച കാലത്താണ് അവര്‍ നീതിയുടെ പക്ഷത്ത് ഒറ്റക്ക് നിലയുറപ്പിച്ചതെന്നത് വിസ്മരിക്കാന്‍ പാടില്ല.

ഇപ്പോള്‍, പാര്‍ലമെന്‍റിന്‍െറ വരാന്തകളില്‍ കോര്‍പറേറ്റ് ഇടനിലക്കാരുടെ ഫോണ്‍വിളികളില്‍ ഒത്താശക്കാരായി നിലകൊണ്ടവരാണ് തെഹല്‍കയുടെ ചരമഗീതത്തിന് ചാനല്‍സംഗീതം പൊഴിക്കുന്നത്. സൈന്യത്തിന് നോര്‍ത്ത് ഇന്ത്യയിലെയും കശ്മീരിലെയും പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നതിന് പരിരക്ഷ നല്‍കുന്ന അഫ്സ്പക്കെതിരെ ശബ്ദിക്കുന്നത് രാജ്യദ്രോഹമാണെന്ന് എഴുതിപ്പിടിപ്പിക്കുന്നവരാണ് തെഹല്‍കക്ക് മരണവാറന്‍റ് പുറപ്പെടുവിക്കുന്നത്. കുറ്റവാളികളെ നമുക്ക് നീതിപീഠത്തിന്‍െറ മുന്പാകെ ഹാജരാക്കാം, ശിക്ഷിക്കാം. അത് ഒരു സ്ഥാപനത്തെ അടച്ചുപൂട്ടിയിട്ടാകരുത്. വിശേഷിച്ച് നീതിയുടെ പക്ഷത്ത് ധീരതയോടെ നിലയുറപ്പിച്ച ഒരു മാധ്യമത്തെ എന്നിങ്ങനെ തെഹല്‍കയുടെ പക്ഷത്ത് നില്‍ക്കാനുള്ള ന്യായങ്ങളും ആവശ്യകതയുമാണ് പ്രസ്തുത എഡിറ്റോറിയല്‍ നിരത്തുന്നത്.

ഏതാണ്ട് ഇതിന് സമാനമായ ന്യായങ്ങള്‍ തന്നെയാണ് ഈ ലൈംഗിക പീഡനക്കേസില്‍ പൊതു സമൂഹത്തിന്‍റെ പിന്തുണ ഉറപ്പുവരുത്താന്‍ തേജ്പാലും ഉന്നയിക്കുന്നത്. കേസിന്‍റെ തുടക്കത്തില്‍ പരാതിക്കാരിയായ സ്ത്രീയോട് തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തതില്‍ നിന്നും വ്യത്യസ്തമായ സ്വരമാണ് കോടതിയിലും പുറത്തും തേജ്പാല്‍ ഉയര്‍ത്തുന്നത്. ബി ജെ പി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് കേസ് വിചാരണ ചെയ്യുന്നത് തനിക്കു നീതി നിഷേധിക്കപ്പെടാന്‍ കാരണമാകും എന്നും തേജ്പാല്‍ പറയുകയുണ്ടായി. തേജ്പാലിന്‍റെ ഭാഷയില്‍ സ്ത്രീപീഡകനു കിട്ടേണ്ട ആ നീതി എന്തായിരിക്കും?.

ഈ വക വിവരണങ്ങളിലൂടെയും വിശദീകരണങ്ങളിലൂടെയും കടന്നുപോകുന്പോള്‍ വായനക്കാര്‍ക്ക് കിട്ടുന്ന ചിത്രം, മഹത്തായ ഒരു പത്രസ്ഥാപനത്തെ ശത്രുക്കള്‍ക്ക് മുന്നിലേക്ക് കടിച്ചുകീറാന്‍ പാകത്തിന് ഇട്ടുകൊടുത്ത, നിര്‍ണായകമായ ഒരു സമയത്ത് ഫാഷിസത്തിനു വേണ്ടി കങ്കാണിപ്പണിയെടുക്കുന്ന ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയുടേതും അവരെ പിന്താങ്ങുന്ന കോര്‍പറേറ്റുകളും അധികാര ദല്ലാളുകളും വേട്ടയാടുന്ന സാമൂഹിക പ്രതിബദ്ധതമാത്രം കൈമുതലാക്കിയ തേജ്പാലിന്‍റേതുമാണ്. ഇര വേട്ടക്കാരനും വേട്ടക്കാരന്‍ ഇരയുമായി മാറുന്ന മറിമായം. തേജ്പാലിനെ രക്ഷിക്കാന്‍ തെഹല്‍ക്കയെ ആവശ്യത്തിലധികം നന്നാക്കുന്ന തന്ത്രത്തിന്‍റെ മികച്ച ഫലം. ഇങ്ങനെ തെഹല്‍കയെയും അതുവഴി തേജ്പാലിനെയും ന്യായീകരിക്കാനുള്ള കാരണങ്ങള്‍ നിരത്തുക വഴി അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടാതിരിക്കാനുള്ള ന്യായം കൂടിയാണ് ഈ വക വാദങ്ങള്‍ ഫലത്തില്‍ ഉയര്‍ത്തുന്നത്. ഗോവ പോലീസ് കൈകാര്യം ചെയ്യുന്ന ഈ കേസില്‍ തേജ്പാല്‍ താന്‍ മുന്പ് സ്വയം സമ്മതിച്ച കുറ്റത്തില്‍ നിന്ന് വിമുക്തനാക്കപ്പെടുകയും പ്രസ്തുത മാധ്യമ പ്രവര്‍ത്തകക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു എന്ന് കരുതുക. ആരായിരിക്കും ഈ കേസിന്‍റെ അത്തരമൊരു പര്യവസാനത്തില്‍ ഏറ്റവും സന്തോഷിക്കുക? സംശയമേതുമില്ലാതെ പറയാം. അതു തെഹല്‍കയെ കൊല്ലരുതെന്ന് വിലപിക്കുന്നവരായിരിക്കും. കാരണം കൂടുതല്‍ കരുത്തോടെ തെഹല്‍ക ഇന്ത്യന്‍ മതേതരത്വത്തിന് വേണ്ടി സമര രംഗത്തേക്ക് തിരിച്ചുവരാന്‍ അങ്ങനെയൊരു നീതി നിഷേധിക്കപ്പെടണമല്ലോ?

ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ ബി ജെ പിക്ക് പ്രത്യേക താല്‍പര്യം ഉണ്ടാവുക സ്വാഭാവികമാണ്. തങ്ങളുടെ വേട്ടക്കാരനെയാണ് ബിജെപിക്ക് കയ്യില്‍ കിട്ടിയിരിക്കുന്നത്. നിയമപരമായും രാഷ്ട്രീയമായും ബിജെപിക്ക് സ്ത്രീപീഡകനായി ഇപ്പോള്‍ മുന്നില്‍ വന്നുപെട്ട പഴയ വേട്ടക്കാരനെ ശിക്ഷിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. പക്ഷേ, ഏതൊരു സ്ത്രീപീഡനക്കേസും എത്രമാത്രം ശുഷ്കാന്തിയോടെ വേണം കൈകാര്യം ചെയ്യാനെന്നും എത്ര വേഗത്തില്‍ വേണം കുറ്റവാളികളെ കല്‍തുറുങ്കില്‍ അടക്കാനെന്നും എന്നതിന്‍റെ ഒരു മാതൃക കൂടി ആ ധൃതിയിലുണ്ട്. നിയമപരമായി നോക്കുന്പോള്‍ തേജ്പാലിനെതിരെ ഉയര്‍ന്ന ഒരു ലൈംഗിക അതിക്രമക്കേസിനെ ശരിയാം വിധം തന്നെയാണ് ഗോവ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. പക്ഷേ, നിയമപരമായ ഈ കൈകാര്യം ചെയ്യലിലെ ശരിയെ, അത് ബിജെപി അധികാരത്തില്‍ ഇരിക്കുന്ന ഒരു സംസ്ഥാനത്തെ പോലീസ് ചെയ്യുന്നു എന്ന കാരണത്താലും ശിക്ഷിക്കപ്പെടാന്‍ പോകുന്നത് നമുക്ക് വേണ്ടപ്പെട്ട തെഹല്‍കയുടെ പത്രാധിപര്‍ തേജ്പാലാണ് എന്നതിനാലും, മറക്കേണ്ടത് തെഹല്‍കയെ രക്ഷിച്ചെടുക്കാനുള്ള മതേതര വാദികളുടെ പ്രത്യേക താല്പര്യത്തിന്‍റെ പ്രധാന ഭാഗമാണ്. അതായത് ബിജെപിഎന്ന വലിയ തെറ്റിന് അന്വേഷണത്തില്‍ കാര്യക്ഷമതയും വേഗതയും പുലര്‍ത്തുക എന്ന ശരി ചെയ്യാന്‍ പാടില്ല എന്ന് ചുരുക്കം. തേജ്പാല്‍ എന്ന വലിയ ശരിക്ക് സ്ത്രീ പീഡനം പോലെയുള്ള ചെറിയ തെറ്റുകള്‍ ചെയ്യാം എന്നാണ് ഈ വാദത്തിന്‍റെ മറുവ്യാഖ്യാനം. അങ്ങനെയെങ്കില്‍ ഈ ആനുകൂല്യത്തിന് ഏറ്റവും അര്‍ഹതയുണ്ടായിരുന്നയാള്‍ തെഹല്‍കയുടെ ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡിലൂടെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞ, ബിജെപിയിലേക്ക് എപ്പോഴെങ്കിലും ഒരു ദളിത് പരിപ്രേക്ഷ്യം കൊണ്ടുവരാന്‍ കഴിയുമായിരുന്ന ദളിത് നേതാവ് ബംഗാരു ലക്ഷ്മണ്‍ ആയിരുന്നു.
തെഹല്‍ക എന്ന മാധ്യമ സ്ഥാപനം പ്രമാദമായ പല വസ്തുതകളും പുറത്തുകൊണ്ടുവരികയും ശ്രദ്ധേയമായ പല ഇടപെടലുകളും നടത്തുകയും ചെയ്ത സ്ഥാപനമാണ്. അത് ചരിത്രത്തിന്‍റെ ഭാഗവുമാണ്. പക്ഷേ, അങ്ങനെയൊരു ചരിത്രം ആ സ്ഥാപനത്തിന്‍റെയും അതിന്‍റെ പത്രാധിപരുടെയും മുതലാളിമാരുടെയും എല്ലാ തെറ്റുകളും ന്യായീകരിക്കാനുള്ള മാനദണ്ഡമായി പ്രവര്‍ത്തിക്കുന്നത് ബാലിശമായ രാഷ്ട്രീയബോധത്തിന്‍റെ ഭാഗമാണ് എന്ന് പറയേണ്ടിവരും. അത്തരം രാഷ്ട്രീയബോധമാണ് തേജ്പാല്‍ വിഷയത്തില്‍ ഗൂഢാലോചന കാണുന്നവരുടെയും തെഹല്‍ക പ്രതിബദ്ധ പത്രപ്രവര്‍ത്തനത്തിന്‍റെ അവസാന വാക്കാണ് എന്ന് വിലപിക്കുന്നവരുടെയും രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്. തെഹല്‍കയുടെ തന്നെ പില്‍ക്കാല ചരിത്രം അതിന്‍റെ പ്രതിബദ്ധത ആരോടാണ് എന്നും എന്തിനോടാണ് എന്നും വെളിപ്പെടുത്തിയ ശേഷവും തെഹല്‍കയോട് നിങ്ങള്‍ ന്യൂനപക്ഷങ്ങളെ സഹായിച്ചിരുന്നു എന്ന കാരണത്താല്‍ തിരിച്ചു സഹായിക്കാനൊരുന്പെടുന്നത് രാഷ്ട്രീയ അത്മഹത്യായിരിക്കും.

അഴിമതിക്കും വര്‍ഗീയതക്കുമെതിരെയുള്ള മാധ്യമപരിശ്രമങ്ങളെ മുന്നോട്ടുകൊണ്ടു പോകുന്നതില്‍ തെഹല്‍ക അന്പേ പരാജയമായിരുന്നു എന്നതിന് അതില്‍ നിന്നും രാജിവെച്ചുപോയ പത്രപ്രവര്‍ത്തകരുടെ എണ്ണം തന്നെയാണ് തെളിവ്. പരസ്യത്തിനും തേജ്പാലിന്‍റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും വേണ്ടി കൊന്ന വാര്‍ത്തകളുടെ സൂത്രധാരകരായിരുന്നു ഈ പത്രപ്രവര്‍ത്തകരിലധികവും. പ്രതിബദ്ധത കൈമുതലാക്കി തുടങ്ങിയെന്ന് പറയുന്ന തെഹല്‍ക എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു സ്ഥാപനമായി ചുരുങ്ങിയത് എന്ന് തെഹല്‍കയുടെ തന്നെ മുന്‍ പത്രപ്രവര്‍ത്തകര്‍ വിശദമായ അന്വേഷണങ്ങളിലൂടെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എ കെ ഗുര്‍ത്തു ഹോള്‍ഡിങ്ങ്സ്, എന്‍ലൈറ്റന്‍റ് കണ്‍സള്‍ട്ടന്‍സി, വെല്‍ഡണ്‍ പോളിമെഴ്സ് എന്നിങ്ങനെ പലപേരുകളില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഡല്‍ഹിയിലെ ഷകര്‍പൂരില്‍ കാത്തുകെട്ടി നില്‍ക്കുന്ന അധോലോക വ്യവസായികളുടെയും സന്പന്നരുടെയും അത്താണി കൂടിയായിരുന്നു തെഹല്‍കയുടെ നടത്തിപ്പുകാരായ അനന്ദ് മീഡിയ െ്രെപവറ്റ് ലിമിറ്റഡ് എന്നാണു ഈ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. തേജ്പാലിന്‍റെയും ഷോമചൗധരിയുടെയും കുടുംബമായിരുന്നുവത്രെ ഈ സാന്പത്തിക ഇടപാടുകളുടെ ഗുണഭോക്താക്കള്‍. പത്തു രൂപയ്ക്കു ഷോമയും തേജ്പാലും വാങ്ങിയ തെഹല്‍കയുടെ ഓഹരികള്‍ വാങ്ങിയ അതെ ദിവസം തന്നെ ആയിരവും രണ്ടായിരവും ഇരട്ടി വിലക്ക് കള്ളക്കന്പനികള്‍ക്ക് മറിച്ചു വിറ്റ കഥ തെഹല്‍കയുടെ പഴയ ലേഖകന്‍ രമണ്‍ കൃപാലാണ് പുറത്തുകൊണ്ടുവന്നത്.

പരസ്യത്തിനു വേണ്ടി തെഹല്‍കയുടെ ഈ പത്രാധിപര്‍ കൊന്ന വാര്‍ത്തകളുടെ നീണ്ട നിര തന്നെയുണ്ടെന്നു പറയുന്നത് തെഹല്‍കയിലെ പഴയ പടക്കുതിരകള്‍ തന്നെയാണ്. തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച പരിപാടിയിലെ മുഖ്യ പ്രായോചകര്‍ നരേന്ദ്ര മോഡിയുടെ പ്രിയപ്പെട്ട വ്യവസായ ഗ്രൂപ്പായ അദാനി യാണ്. ഈ കന്പനിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്ന തെഹല്‍ക പൊടുന്നനെ അതവസാനിപ്പിച്ചത് എന്തുകൊണ്ടാണ് എന്ന് തെഹല്‍ക മരിക്കരുത് എന്ന് വിലപിക്കുന്നവര്‍ അന്വേഷിക്കാത്തതും അവര്‍ പുലര്‍ത്തുന്ന പരിമിതവും ലളിതവുമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കൊണ്ടാണ്. ഏറ്റവുമൊടുവില്‍ നരേന്ദ്ര മോഡി ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ ഉപയോഗപ്പെടുത്തി ഒളിച്ചുനോട്ടം നടത്തിയ വാര്‍ത്ത തെഹല്‍കയുടെ കയ്യില്‍ ഒരു മാസത്തിലധികം കിടന്നിട്ടും ഒടുവില്‍ അത് പുറത്തെത്തിക്കാന്‍ തേജ്പാലിന്‍റെ സാമൂഹിക പ്രതിബദ്ധത കാരണം തെഹല്‍ക വിട്ട അനിരുദ്ധ് ബാഹലും ആഷിഷ് ഖേതനും നടത്തുന്ന വെബ്പോര്‍ട്ടലുകള്‍ തന്നെ വേണ്ടിവന്നു!!.

ഇവ്വിധം സമഗ്രമായി ഒരു മാധ്യമ സ്ഥാപനത്തെയും അതിന്‍റെ പത്രാധിപരെയും വിലയിരുത്തുന്നതിന് പകരം, ഇത്തരം ചരിത്രങ്ങളെല്ലാം സൗകര്യപൂര്‍വ്വം മറച്ചുവെച്ച് ഒരു സ്ത്രീപീഡകാന് മറ പിടിക്കാന്‍ രംഗത്തെത്തുന്നവര്‍ മതേതരത്വത്തിന്‍റെ വലയിലേക്ക് സെല്‍ഫ് ഗോളടിക്കുകയാണ് ചെയ്യുന്നത്. തേജസ് ദിനപത്രം ആഗ്രഹിക്കുന്നത് പോലെ, ഈ സ്ത്രീപീഡനക്കേസ് ഷോമ ചൗധരി നിര്‍ദേശിച്ചത് പോലെ തെഹല്‍കക്കകത്ത് ഒതുക്കി നിര്‍ത്തുകയായിരുന്നു വേണ്ടിയിരുന്നതെങ്കില്‍ അതേ അവകാശം ഗുജറാത്തിലെ നൂറുകണക്കിനു മുസ്ലിം സ്ത്രീകളെ മാനഭംഗപ്പെടുത്തിയ വംശീയ കലാപത്തിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിക്കും ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും. അതല്ലെങ്കില്‍, ഹിന്ദുത്വ ശക്തികള്‍ പലപ്പോഴും പരിഹസിക്കാറുള്ളത് പോലെ, ഇന്ത്യയില്‍ ഹൈന്ദവ സ്ത്രീ പീഡനങ്ങളും മതേതര സ്ത്രീ പീഡനങ്ങളും ഉണ്ടെന്ന് സംഘപരിവാരത്തോട് ചേര്‍ന്ന് നിന്നു മുദ്രാവാക്യം വിളിക്കാനായിക്കും നമ്മുടെ മതേതര ചാവേറുകളുടെ രാഷ്ട്രീയ നിയോഗം.

പലരും മുന്പേ ചൂണ്ടിക്കാട്ടിയത് പോലെ, തെഹല്‍ക അഴിഞ്ഞു പൊളിയാന്‍ അവസരം കാത്തിരുന്ന ഒരു മുഖം മൂടിയായിരുന്നു എന്ന വസ്തുത സമ്മതിക്കുന്നതിനു പകരം, അതിന്‍റെയും അതിന്‍റെ പത്രാധിപ/മുതലാളിമാരുടെയും എല്ലാ ചെയ്തികളെയും നീതിബോധത്തെ ബലികൊടുത്തു ന്യായീകരിക്കാനുള്ള മതേതര വാദികളുടേയും ചില മുസ്ലിം സംഘടനകളുടെയും മാധ്യമങ്ങളുടെയും ശ്രമം ഇന്ത്യയിലെ സവര്‍ണ ഹൈന്ദവ രാഷ്ട്രീയത്തെക്കുറിച്ചുള്ള അവരുടെ തെറ്റായ കാഴ്ചപ്പാടുകളില്‍ നിന്ന് ഉടലെടുക്കുന്നതാണ്. നരേന്ദ്ര മോഡിക്കെതിരെയുള്ള രാഷ്ട്രീയ യുദ്ധത്തില്‍ തേജ്പാലിനെ പോലുള്ള ഒരു സ്ത്രീ പീഡകന്‍ കൂടിയേ തീരൂ, എന്ന കാഴ്ചപ്പാട് മതേതരത്വത്തെയും ഫാസിസത്തെയും കുറിച്ചുള്ള ദുര്‍ബലമായ പാഠമാണ് മുന്നോട്ടു വെക്കുന്നത്. മതേതര രാഷ്ട്രീയത്തിന് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മുന്നോട്ടുപോകാന്‍ ഈ ദുര്‍ബല രാഷ്ട്രീയം മതിയാവില്ല. ഒരു സ്ത്രീ പീഡകനെ തലയിലേറ്റി വേണം നരേന്ദ്ര മോഡിയെ നേരിടാന്‍ എന്ന വാദം നരേന്ദ്രമോഡിയെ ഇനിയും മനസ്സിലാക്കാന്‍ ഈ മതേതരവാദികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് കൂടിയാണ് വെളിപ്പെടുത്തുന്നത്. ശിവം വിജ് ചോദിച്ചത് പോലെ ഒരു ബാലാല്‍സംഗക്കാരനെ തോളിലേറ്റി ഫാസിസത്തിനെതിരെ പോരാടാന്‍ മാത്രം ദുര്‍ബലവും നിരാശജനകവുമായ അവസ്ഥയിലാണോ ഇന്ത്യന്‍ മതേതരത്വം?.

തേജ്പാലും കോര്‍പ്പറേറ്റ്/ഹൈന്ദവ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ട(അങ്ങനെയാണല്ലോ ഈ നിയമപോരാട്ടങ്ങളെ ഇപ്പോള്‍ പലരും വിശേഷിപ്പിക്കുന്നത്.)ത്തില്‍ മുസ്ലിംകള്‍ ആരുടെ കൂടെ നില്‍ക്കണം എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഒരു ഭാഗത്തുള്ളത് ചില നിര്‍ണായക സമയങ്ങളില്‍ മുസ്ലിംകളെ രക്ഷിക്കുകയും ഒരു പക്ഷേ ഇനിയും അവസരം കിട്ടിയാല്‍ രക്ഷിച്ചെടുക്കുകയും കൂടെ നില്ക്കുകയും ചെയ്തേക്കാവുന്ന ഒരാളാണ്. മറുഭാഗത്ത് മുസ്ലിംകളുടെ ജീവിതത്തിനു മേല്‍ തീ കോരിയിട്ട, ഇനിയും അങ്ങനെ ചെയ്തേക്കാവുന്ന ശക്തികളും. പീഡനക്കേസില്‍ ഇരയായ ഒരു പെണ്‍കുട്ടിയെ അത്തരം ആളുകള്‍ പിന്തുണയ്ക്കുന്നുണ്ട് എന്ന കാരണത്താല്‍ (അങ്ങനെയൊരു ബന്ധം തേജസും മറ്റും പറയുന്നത് പോലെ ഉണ്ടെങ്കില്‍ തന്നെ) ആ പെണ്‍കുട്ടിയെ മുസ്ലിം മാധ്യമങ്ങള്‍ കയ്യൊഴിയണോ?. അപ്പോഴും നാം തെഹല്‍ക ചെയ്ത സഹായങ്ങളെ വാഴ്ത്തിയിരിക്കുകയാണോ വേണ്ടത്? ഇന്ത്യന്‍ മതേതരത്വം അത്രമേല്‍ നിരാശജനകമായ അവസ്ഥയിലാണോ?. ആത്യന്തികമായ രാഷ്ട്രീയ വിജയം നേടാന്‍ ഏതു തെറ്റിനെയും തെറ്റുകാരനെയും ന്യായീകരിക്കാം എന്നത് ഇസ്ലാമിക രാഷ്ട്രീയത്തിന്‍റെ ഏതു ഭൂമിക വെച്ചാണ് ഇവര്‍ വിശദീകരിക്കുക?.

മതേതരവാദികള്‍ക്കു തിരഞ്ഞെടുപ്പിനേയും മോഡിയെയും ഹിന്ദുത്വയെയും നേരിടാന്‍ കുറ്റവാളിയായ തേജ്പാലും (കുറ്റം സമ്മതിച്ചുകൊണ്ടും മാപ്പപേക്ഷിച്ചുകൊണ്ടും തേജ്പാല്‍ തന്നെ എഴുതിയ കത്ത് തെഹല്‍ക തന്നെയാണ് പുറത്തു വിട്ടത്) സംശയാസ്പദമായ സാന്പത്തിക ഇടപാടുകള്‍ക്കു കൂട്ടു നിന്ന തെഹല്‍കയും ആവശ്യമാണെങ്കില്‍ മോഡിക്ക് എന്തുകൊണ്ട് അമിത്ഷായെ കൂടുപിടിച്ചു കൂടാ?. ഇനിയതല്ല, മുള്ളിനെ മുള്ള് കൊണ്ടെടുക്കുക എന്ന് പറഞ്ഞതുപോലെ മോഡിയുടെ അതേ കൗശലങ്ങളെക്കൊണ്ടേ ഫാസിസത്തെ നേരിടാനാകൂ എന്നാണോ?. അങ്ങനെയെങ്കില്‍ ആര്‍ക്കെതിരെയാണ് മതേതര ശക്തികളുടെ പോരാട്ടം? മോഡി എന്ന വ്യക്തിക്കെതിരെയാണോ, അതോ മോഡി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനെതിരെയാണോ? രണ്ടാമത്തേതാണ് മതേതരവാദികളുടെ ആത്യന്തിക സമരമെങ്കില്‍ അവര്‍ ഇനിയും ഒരുപാട് രാഷ്ട്രീയപാഠങ്ങള്‍ അഭ്യസിക്കേണ്ടതുണ്ട് എന്നാണ് തേജ്പാല്‍ വിവാദത്തിലെ മുസ്ലിം മാധ്യമങ്ങളുടെ നിലപാട് പഠിപ്പിക്കുന്നത്.

താല്‍കാലികമായ വാദങ്ങള്‍ക്കും പ്രതിച്ഛായകള്‍ക്കും രാഷ്ട്രീയ ലാഭങ്ങള്‍ക്കും വേണ്ടി എക്കാലത്തേക്കും നിലനില്‍ക്കേണ്ട നീതിബോധത്തെയും തത്വങ്ങളെയും ബലികഴിക്കുന്ന മതേതരവാദികള്‍ ആകും ഫാസിസത്തിനെതിരെയുള്ള നമ്മുടെ പ്രതിരോധങ്ങളെ വരുംകാലങ്ങളില്‍ ഏറ്റവും ദുര്‍ബലമാക്കുക. അതിന്‍റെ മികച്ച ഉദാഹരണമാണ് തേജ്പാല്‍/ തെഹല്‍ക കേസില്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഫാസിസത്തിന് മോഡി ഒരത്യാവശ്യമാകുന്പോള്‍ തന്നെയാണ് ഇന്ത്യന്‍ മതേതരത്വത്തിന് തേജ്പാലും തെഹല്‍കയും ഒരത്യാവശ്യക്കാരായി മാറിക്കൊണ്ടിരിക്കുന്നത്. ദുര്‍ബലനായ ശത്രു ഉണ്ടാവുക എന്നതാണല്ലോ എളുപ്പത്തില്‍ യുദ്ധം ജയിക്കാനുള്ള മികച്ച വഴി. അതാണ് ഈ മതേതരവാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു സ്ത്രീപീഡകനെയും അദ്ദേഹത്തിന്‍റെ സ്ഥാപനത്തെയും മുന്നില്‍ നിര്‍ത്തി തോല്പ്പിക്കാവുന്ന, ലളിതമായ ഒരു പോരാട്ടമാണ് ഫാസിസത്തിനെതിരെയുള്ള പോരാട്ടം എന്നാണ് അവരുടെ ധാരണ. ആ ധാരണയാണ് നരേന്ദ്ര മോഡിക്ക് സ്വീകാര്യതയും പിന്തുണയും വര്‍ദ്ധിപ്പിക്കുന്നതിലെ പ്രധാനഘടകമായി വര്‍ത്തിക്കുന്നതും.

തേജ്പാലിനെതിരെ ഉയര്‍ന്ന സ്ത്രീപീഡനത്തെ മുന്‍ നിര്‍ത്തി അദ്ദേഹത്തെയും തെഹല്‍കയെയും പ്രതിസ്ഥാനത്ത് നിര്‍ത്തി, റാഡിയ ടേപ്പുകള്‍ മറക്കാന്‍ ബര്‍കാദത്ത് കാണിക്കുന്ന ആവേശം നമുക്ക് മനസ്സിലാക്കാം. തേജ്പാലിനും തെഹല്‍കക്കുമെതിരെ ബി ജെ പിയും സഖ്യകക്ഷികളും നടത്തുന്ന സമരങ്ങളും നമുക്ക് മനസ്സിലാകും. പക്ഷേ, തേജ്പാലിനും തെഹല്‍കക്കും വേണ്ടി വക്കാലത്ത് ഏറ്റെടുത്ത് ആത്യന്തികമായി ആരെ ജയിപ്പിക്കാനാണ്, ആരുടെ വാദങ്ങള്‍ക്ക് ശക്തിപകരാനാണ് മുസ്ലിം പത്രങ്ങളും പത്രാധിപന്മാരും ആവേശം കാണിക്കുന്നത്?.
വിവരങ്ങള്‍ക്കു കടപ്പാട് വിജയ് സിന്‍ഹ, ശിവം വിജ്, രമണ്‍ കൃപാല്‍

നുഐമാന്‍

You must be logged in to post a comment Login