കിബ്റ് തിന്നുപോയ കാലം

കിബ്റ് തിന്നുപോയ കാലം

കലാലയ കാലത്ത് ലഭിക്കുന്ന വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടാണ് നല്ല സൗഹൃദങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഊണും ഉറക്കവുമടക്കം നിത്യചലനങ്ങളെല്ലാം ഒരു മേല്‍ക്കൂരക്കു കീഴില്‍ ഒരുമിച്ചു നിര്‍വ്വഹിക്കുന്ന ഹോസ്റ്റല്‍ ജീവിതം പ്രത്യേകിച്ചും. എന്നാല്‍ ജീവിതാന്ത്യം വരെയും മധുംസ്മരണകളായി ബാക്കി നില്‍ക്കേണ്ട സുഹൃദ് ബന്ധത്തിന്‍റെ പാനപാത്രങ്ങളെ അക്ഷന്തവ്യമായ അഹംഭാവവും താന്‍പോരിമയും കൊണ്ട് തട്ടിയകറ്റിയ ഒരു ഹതഭാഗ്യന്‍റെ വിലാപകഥനമാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്.
ഒന്പതുവര്‍ഷം മുന്പ് ഹസനിയ്യയിലെത്തിയതു തന്നെ മുന്പ് കുറച്ചുകാലം പഠിച്ച മറ്റൊരു സ്ഥാപനത്തില്‍ നിന്നു കിട്ടിയ ഒരു ത്വരീഖത്തിന്‍റെ ശേഷിപ്പുകള്‍ ഉള്ളില്‍ പേറിയാണ്. ഒരു പതിനഞ്ചുകാരന്‍ മുരീദ് കോളജില്‍ കാലെടുത്തു വച്ചതു മുതല്‍ ആത്മീയ നാട്യങ്ങളുടെയും വാഗ്വാദങ്ങളുടെയും ഘോഷമായിരുന്നു. എല്ലാവരോടും ഒരുതരം പുച്ഛഭാവം. സ്നേഹബന്ധങ്ങളുടെ അകല്‍ച്ചക്ക് ഇതെല്ലാം ധാരാളമായിരുന്നു. അവസാനം ഈ വ്യാജത്വരീഖത്ത്ബാധ ഉസ്താദുമാരറിയുകയും നിരന്തരമായ ഗുണദോഷങ്ങള്‍ക്കു ശേഷം എന്‍റെ ഞാനത് വിടുകയും ചെയ്തു.

എങ്കിലും ബാക്കിപത്രമെന്നോണം ഒരു തലക്കനം ഉള്ളിലെവിടെയോ അങ്ങനെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. പരീക്ഷകളിലെ ഉയര്‍ന്ന മാര്‍ക്കും മത്സരവിജയങ്ങളിലെ മുന്‍തൂക്കയും കൂടിയായപ്പോള്‍ എന്നിലെ അഹങ്കാരി വര്‍ണവിളക്കുകളുടെ കാഞ്ചനപ്രഭയിലെന്നപോലെ വെട്ടിത്തിളങ്ങി നിന്നു. കൂട്ടുകാരെ അകറ്റുന്നതില്‍ അഹങ്കാരത്തെക്കാള്‍ വില്ലനായി മറ്റൊന്നുമില്ലല്ലോ?
വര്‍ഷങ്ങള്‍ ആര്‍ക്കും പിടികൊടുക്കാത്ത വേഗതയിലായിരുന്നു. പടിഞ്ഞാറുഭാഗത്തെ മാന്പറക്കോറികളില്‍ നിന്ന് ഹൃദയസമാനമായ കരിങ്കല്ലുകള്‍ പരശ്ശതം ലോഡുകള്‍ കയറ്റിപ്പോയി. പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞു നല്ല മാര്‍ക്കോടെ. ഈ നേട്ടങ്ങളൊക്കെ കവച്ചുവെച്ചുകൊണ്ട് എന്നിലെ കിബ്ര്‍ മുന്പേ നടന്നു. കലാലയ വിവാദങ്ങളിലും പ്രകടന പരതയിലുമെല്ലാം പലതവണ അത് മുഴച്ചുനിന്നു.

കഴിഞ്ഞ വര്‍ഷത്തെ മീലാദ് ഫെസ്റ്റിന്‍റെ സമാപന നിമിഷങ്ങളിലാണ് വീണ്ടുമത് തനിസ്വരൂപം പൂണ്ടത്. ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്‍റെ നേടിയ എന്നെ കലാപ്രതിഭയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എന്‍റെ കലിതുള്ളല്‍. എല്ലാവര്‍ഷവും കലാപ്രതിഭാപട്ടം പതിവുള്ളതാണെങ്കിലും അപ്രാവശ്യം എന്തോ സാങ്കേതികതടസ്സം കൊണ്ടായിരുന്നു സംഘാടകസമിതി പ്രഖ്യാപനം വേണ്ടെന്നു വെച്ചത്. അവരത് വ്യക്തമാക്കിയെങ്കിലും കാന്പസില്‍ വലിയ ആള്‍ ചമയാനുള്ള എന്‍റെ ദുരാഗ്രഹം ഇവിടെയും താണ്ഡവമാടി. ഫലമോ? വെറുക്കപ്പെട്ടവനെന്ന വിശേഷണത്തിന് ഒന്നുകൂടി മകുടം ചാര്‍ത്തപ്പെട്ടു. എന്‍റെ അഹങ്കാരത്തെപ്പറ്റിയുള്ള കമന്‍റുകളും വിമര്‍ശനങ്ങളുമായിരുന്നു എവിടെയും.

ഇപ്രകാരം കുറേ പഠിച്ചു മത്സരിക്കലും ആളാവലുമൊക്കെയാണ് വിദ്യാര്‍ത്ഥി ജീവിതമെന്ന് ധരിച്ച എന്നെ മാറ്റിയെടുക്കാനൊരു നിമിത്തമുണ്ടായി.

ബിരുദധാരികളായി ഇറങ്ങാനിരുന്നവര്‍ക്കുവേണ്ടി സെന്‍റ് ഓഫ് നടക്കുകയാണ്. വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കു സാക്ഷിയായ ദിനം. സുഹൃദ്ബന്ധങ്ങളുടെ മൂല്യം പൂര്‍ണാര്‍ത്ഥത്തില്‍ ബോധ്യപ്പെട്ടത് അന്നാണ്. ഒന്പത് വര്‍ഷത്തെ ദഅ്വാ കോഴ്സ് പൂര്‍ത്തിയാക്കിയിറങ്ങുകയാണ്. ദീര്‍ഘമായൊരു കാലയളവിലെ സ്നേഹസന്പര്‍ക്കങ്ങള്‍ കഴിഞ്ഞ് പടിയിറങ്ങുന്നവരായതിനാല്‍ വേര്‍പിരിയലിന്‍റെ സങ്കടക്കടല്‍ തളം കെട്ടിനിന്നു. അശ്രുകണങ്ങള്‍ ഞങ്ങളുടെ കാഴ്ച മറച്ചു. കൂട്ടത്തില്‍ അല്പം അലസനെങ്കിലും എല്ലാവരുടെയും ഹൃദയ സാഗരങ്ങളില്‍ ആത്മാര്‍ത്ഥ സൗഹൃദത്തിന്‍റെ പവിഴപ്പുറ്റുകള്‍ തീര്‍ത്ത ആ സുഹൃത്ത് മൈക്കിനു മുന്നില്‍ നിന്ന് വാക്കുകള്‍ കിട്ടാതെ പൊട്ടിക്കരഞ്ഞപ്പോള്‍ ഗര്‍വ്വിന്‍റെ ക്ലാവ് പിടിച്ച ചീട്ടുകൊട്ടാരങ്ങള്‍ എന്‍റെ മനസ്സില്‍ തകര്‍ന്നുവീഴുകയായിരുന്നു. പ്രശോഭിതമായൊരു കാലഘട്ടത്തെ സ്നേഹബന്ധങ്ങളുടെ പച്ചപ്പുകല്‍ മാറ്റി നിര്‍ത്തി ഊഷരമാക്കിയതിന്‍റെ വിങ്ങലുകളും അനാവശ്യ പിടിവാശിയുടെയും തലക്കനത്തിന്‍റെയും പരിഹാസ്യമായ നിരര്‍ത്ഥകതയും ഉള്ളില്‍ വരിഞ്ഞു മുറുകി. ഉസ്താദുമാരുമായുള്ള ബന്ധത്തിന്‍റെ മഹത്തരവും മധുരതരവുമായ ഓര്‍മാനുഭവങ്ങള്‍ ചിലര്‍ ഗദ്ഗദകണ്ഠരായി വിശദീകരിച്ചപ്പോഴും ഞാന്‍ സ്വയം പഴിച്ചുകൊണ്ടേയിരുന്നു. ഈ എട്ടൊന്പതു വര്‍ഷത്തെ കാലയളവില്‍ ഗുരുനാഥരുമായി സതീര്‍ഥ്യരെപ്പോലെ ഹൃദയബന്ധങ്ങളൊന്നും സ്ഥാപിക്കാന്‍ കഴിയാത്തതോര്‍ത്ത് എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
വൈകിയെങ്കിലും ഇന്ന് എല്ലാം തിരിച്ചറിയുന്നു. ഈ ഓര്‍മക്കുറിപ്പ് പോലും ഒരു പ്രായശ്ചിത്തമാണ്. നല്ല സുഹൃത്തുക്കളെ തേടുന്നത് മാത്രമല്ല, നല്ലൊരു സുഹൃത്താവല്‍ കൂടിയാണ് ജീവിതം എന്ന പാഠമുള്‍കൊണ്ട് മറ്റുള്ളവരുടെ മുഖത്ത് ചിരി വിരിയിക്കുന്ന സ്നേഹസൗഹൃദങ്ങളുടെ ആകാശത്തേക്ക് കണ്ണുംനട്ടിരിക്കുകയാണിപ്പോള്‍.

സ്വലാഹുദ്ദീന്‍ വല്ലപ്പുഴ
ഹസനിയ്യ പാലക്കാട്

One Response to "കിബ്റ് തിന്നുപോയ കാലം"

  1. NISHTHAR KK SHARJAH  January 29, 2014 at 5:42 pm

    ഇത് എഴുതിയ ആൾ തന്നെക്കുരിച്ചു തന്നെ എഴുതിയതാനെങ്കിൽ ….ഞാൻ ബോധം ഇനിയും മാറിയിട്ടില്ല എന്നെ സഹോദരാ പറയാനുള്ളൂ ! ഒരു പാട് അഹ്ങാരിയായിരുന്ന ഞാൻ ഇന്ന് എല്ലാം ഒഴിവാക്കി വലിയ മഹാൻ ആയി എന്ന് സ്വയം വിളംബരം ചെയ്യുന്ന എഴുത്ത് … അത്മാർതതതയുല്ല മനസ്സ് ആണെങ്കിൽ താങ്ങലെക്കുരിച്ച് വേറെ ആരെങ്കിലും നല്ലത് പറയട്ടെ ! ഞാൻ നല്ലവാൻ ആയി എന്ന് ഇങ്ങനെ എഴുതി വാരികക്ക് അയക്കല്ലെ സഹോദരാ !

You must be logged in to post a comment Login