ഈജിപ്തിലെ ആണ്ടുനേര്‍ച്ചകള്‍ അപകര്‍ഷതയും അഹങ്കാരങ്ങളും

ഈജിപ്തിലെ ആണ്ടുനേര്‍ച്ചകള്‍ അപകര്‍ഷതയും അഹങ്കാരങ്ങളും

ഈജിപ്ത് നേര്‍ച്ചകളുടെ നാടാണ്. സൂഫിസത്തിന് ആഴത്തില്‍ വേരോട്ടമുള്ള ദേശമായതിനാല്‍ പുരാതനകാലം മുതലേ, പുണ്യവാളന്‍മാരുടെ ജനന മരണദിനങ്ങളില്‍ ഈജിപ്തുകാര്‍ സംഗമിക്കുന്നു. നേര്‍ച്ചകളിലെ പ്രധാന ഇനമാണ് മൗലിദെന്നതിനാല്‍, മൗലിദ് സദസ്സുകള്‍ എന്നും നേര്‍ച്ചകള്‍ അറിയപ്പെടന്നു.

ജനങ്ങള്‍ സംഗമിക്കുന്ന ഏറ്റവും വലിയ വേദികളാണ് ഈജിപ്തിലെ നേര്‍ച്ചകള്‍. സാധാരണയായി, തെരുവുകളിലും ഗ്രാമപ്രാന്തങ്ങളിലുമൊക്കെയാണ് നേര്‍ച്ചകള്‍ നടക്കാറുള്ളത്. ഒഴിഞ്ഞുകിടക്കുന്ന പ്രവിശാലമായ വയലുകളില്‍ വലിയ മൗലിദുകള്‍ (നേര്‍ച്ചകള്‍) അരങ്ങേറുന്നു. രാത്രിയിലാണ് ഇവ സംഘടിക്കപ്പെടുന്നത്. മിക്കപ്പോഴും ആഴ്ചയിലെ അവസാന ദിവസവും.

ഒരു സൂഫി മഖ്ബറയെങ്കിലുമില്ലാത്ത ഗ്രാമങ്ങള്‍ ഈജിപ്തില്‍ അപൂര്‍വമായിരിക്കും. അത് കൊണ്ട്, എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും മൗലിദുകള്‍ നടക്കുന്നു. വലിയ മൗലിദുകള്‍ രാജ്യം മുഴുവന്‍ വിശ്രുതമാണ്. ഇത്തരം ഇരുപത്തിയഞ്ചോളം മൗലിദ് മഹാസംഗമങ്ങള്‍ ഓരോ വര്‍ഷവും ഈജിപ്തില്‍ നടക്കുന്നു.

കൈറോയിലെ സയ്യിദ് ഹുസൈന്‍(റ), സയ്യിദഃ സൈനബ(റ) എന്നിവരുടെ മഖ്ബറകളില്‍ നടക്കുന്ന മൗലിദ് സദസ്സിലേക്ക് ഈജിപ്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ പ്രവഹിക്കുന്നു. ഖിനായില്‍ മറപ്പെട്ട് കിടക്കുന്ന അബ്ദുറഹ്മാന്‍ ഖിനാവി, അബുല്‍ഹസനു ശാദുലി(റ) എന്നിവരുടെ ആണ്ടും മൗലിദും ഗംഭീരമായി അരങ്ങേറുന്നു. ഈജിപ്തിലെ ഏറ്റവും വലിയ മൗലിദ് സയ്യിദ് അഹ്മദുല്‍ബദവി(റ)വിന്‍റെ പേരില്‍ നൈല്‍ താഴ്വരയില്‍ നടക്കുന്നതായിരിക്കണം. കൈറോയില്‍ നിന്നും നൈല്‍ തീരങ്ങളില്‍ നിന്നുമായി അഞ്ചുലക്ഷത്തിലധികം ജനങ്ങള്‍ വാര്‍ഷിക മൗലിദിനായി ബദവി മഖാമിലെത്തുന്നു.

ഫാത്വിമ നബവിയ്യ
ഫാത്വിമ നബവിയ്യ(റ) നബി(സ)യുടെ മൂന്നാം തലമുറയിലുള്ള സന്തതിയാണ്. ദര്‍ബുല്‍ അഹ്മര്‍ ജില്ലയിലാണ് അവരുടെ മഖ്ബറ. ആ ജില്ലയിലെ തെരുവുകളിലും കൊച്ചു ഗ്രാമങ്ങളിലുമെല്ലാം ഫാത്വിമ നബവിയ്യയുടെ പേരിലുള്ള മൗലിദുകള്‍ കേള്‍ക്കാം. വര്‍ണാഭമായ ചടങ്ങുകള്‍.

ഇസ്ലാമിന്‍റെ അധ്യാത്മിക പാരന്പര്യം അനുസരിച്ച് സൂഫികള്‍ അല്ലാഹുവിന്‍റെ ഇഷ്ടദാസരാണ്. അല്ലാഹുവിന്‍റെ പ്രത്യേകമായ സംരക്ഷണമുണ്ടവര്‍ക്ക്. സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലാത്ത പലതും ഔലിയാക്കള്‍ക്ക് സാധ്യമാണ്. മഹാന്മാരുടെ ജീവചരിത്രത്തിലും, തലമുറകളായി കൈമാറുന്ന ചരിത്രകഥകളിലും, അതിന്ദ്രീയമായ അസാധാരണ പ്രവര്‍ത്തനങ്ങള്‍ കാണാം. ഈ കഴിവുകള്‍ പ്രാപ്യമാകുന്നത്, നിരന്തരവും ആത്മാര്‍ത്ഥവുമായ ആരാധനകളിലൂടെയാണ്. സാധാരണ വിശ്വാസികള്‍ ദിവസവും അനിവാര്യമായ നിസ്കാരങ്ങള്‍ മാത്രം നിര്‍വ്വഹിക്കുന്പോള്‍ പുണ്യവാളന്മാര്‍ നൂറുകണക്കിന് തവണ നിസ്കരിക്കുന്നു. വര്‍ഷത്തില്‍ മിക്കപ്പോഴും നോന്പനുഷ്ഠിക്കുന്നു.

സൂഫിനികള്‍, ഈജിപ്തില്‍ ധാരാളമുണ്ട്. ഫാത്വിമ നബവിയ്യ അതില്‍ പ്രമുഖയാണ്. സൂഫീ വനിതകളുടെ പേരു പരാമര്‍ശിക്കുന്പോള്‍ “മാമാ’ എന്ന് കൂടി പറയുന്നു. ഉമ്മ എന്ന അര്‍ത്ഥത്തില്‍. ഫാത്വിമ നബവിയ്യക്ക് “ഉമ്മുനനാന്‍’ “ഉമ്മുല്‍യതാമാ’ തുടങ്ങിയ നാമങ്ങള്‍ കൂടിയുണ്ട്. കര്‍ബലയില്‍ കൂട്ടക്കൊല നടന്നപ്പോള്‍ കുഞ്ഞുങ്ങളെ സംരക്ഷിച്ചിരുന്നത് അവരായിരുന്നല്ലോ.

മൗലിദിലെ ഏറ്റവും പ്രധാന താല്‍പര്യം “ബറകത്’ ആണ്. അല്ലാഹു ഇഷ്ടദാസന്മാരിലേക്ക് നല്‍കുന്ന അധ്യാത്മിക തെളിച്ചമാണത്. പ്രഥമമായി നബി(സ)യിലും, അവിടുത്തെ കുടുംബങ്ങളിലും ഔലിയാക്കളിലും വിശുദ്ധ സ്ഥലങ്ങളിലും അതു പ്രതീക്ഷിക്കുന്നു.

അല്ലാഹുവിന്‍റെ സവിശേഷമായ ശ്രദ്ധ ഒരു ആരാധകന്/ ഉപാസകന് ലഭിക്കുന്പോള്‍ അയാളില്‍ സാധാരണ കഴിവുകള്‍ക്കതീതമായത് സംഭവിക്കാറുണ്ട്. പ്രാര്‍ത്ഥനകള്‍ക്കു ഉടനെ ഉത്തരം ലഭിക്കുക തുടങ്ങിയ കാര്യങ്ങള്‍ പലരുടെയും അനുഭവങ്ങളാണ്. അല്ലാഹുവില്‍ നിന്നുള്ള ഈ ബഹുമതി (കറാമത്ത്) ഔലിയാക്കള്‍ക്കു ലഭിക്കുന്ന സവിശേഷതയാണ്. ഇത് ജനങ്ങളെ അവരിലേക്ക് ആകര്‍ഷിക്കാനിടയാക്കുന്നു. ജീവിതകാലത്തും മരണാനന്തരവും ഈ സവിശേഷതകള്‍ കാണാറുണ്ട്. ആ കറാമത്തുകളിലൂടെ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി ലഭിക്കുന്ന അനുഭവം മൂലമാണ് ഇലാഹീ വിശ്വാസികള്‍ മഖ്ബറകളിലേക്കൊഴുകുന്നത്.

പള്ളിയോട് ചേര്‍ന്ന് നിര്‍മിച്ച ഒരു മുറിയിലാണ് ഫാത്വിമ നബവിയ്യയുടെ മഖാം. എല്ലാ ദിവസവും ഇവിടെ സന്ദര്‍ശകരെത്തുന്നു. പക്ഷേ, തിങ്കളാഴ്ചയാണ് ജനത്തിരക്ക്. വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന ആണ്ടിന് പതിനായിരങ്ങളെത്തുന്നു. പള്ളിയും മഖാമും വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകളും ബാനറുകളും വെച്ച് കമനീയമാക്കുന്നു, അപ്പോള്‍.

മഖ്ബറ സന്ദര്‍ശനത്തിനെത്തുന്ന ആളുകളുടെ തോത് വളരെ കൂടുതലായിരിക്കും വാര്‍ഷിക മൗലിദ് കാലത്ത്. എല്ലാ സന്ദര്‍ശകരും മഖ്ബറ സിയാറത്ത് ചെയ്യുന്നു. ഫാത്വിഹ ഓതുന്നതിന്‍റെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാം. ചിലര്‍ ഉറക്കെ മൗലിദ് ചൊല്ലി ഫാത്വിമ നബവ്വിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്നു.

മഖാമുകളിലെ ആണ്ടു കാലത്ത് സന്നദ്ധസേവനം ചെയ്യാന്‍ ഈജിപ്തുകാര്‍ക്ക് വലിയ താല്‍പര്യമാണ്. “ഖിദ്മ’ എന്നാണതറിയപ്പെടുന്നത്. മൗലിദിനെത്തുന്ന ജനങ്ങള്‍ക്ക് ഭക്ഷണമൊരുക്കല്‍, താമസ സൗകര്യം തയ്യാറാക്കല്‍, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കല്‍ എന്നിവയെല്ലാം ഇവര്‍ ചെയ്യുന്നു. ബറകത്ത് ആശിച്ചാണ് അവരിത് ചെയ്യുന്നത്.

നേര്‍ച്ചകളിലെ ഏറ്റവും ആകര്‍ഷണീയ ചടങ്ങാണ് ദിക്റ് ചൊല്ലല്‍. പള്ളിയിലും മഖാമിന്‍റെ പരിസരത്തുമായി ഒരുമിച്ച് കൂട്ടുന്ന വിശ്വാസികള്‍ അല്ലാഹുവിന്‍റെ നാമങ്ങളും കീര്‍ത്തനങ്ങളും ഒരുമിച്ച് ഉരുവിടുന്നു. ഹൃദയത്തില്‍ ദിക്റുകള്‍ ഉരുവിടുന്നവര്‍, ഉച്ചത്തില്‍ ചെല്ലുന്നവര്‍, എഴുന്നേറ്റുന്നിനു ചെല്ലുന്നവര്‍ എല്ലാം നേര്‍ച്ചകളില്‍ കാണാം.

പൊതുവില്‍ സൂഫീ സംഗമങ്ങളിലെ മുഖ്യ ചടങ്ങാണ് ദിക്റ് ചൊല്ലല്‍. ഈജിപ്ത് സൂഫീ സരണികളുടെ നാടാണെന്ന് പറഞ്ഞല്ലോ. മുഖ്യമായും അഞ്ച് മഹാന്മാരിലൂടെ പ്രചരിച്ച ത്വരീഖതുകളാണ് ഈജിപ്തില്‍ സജീവം. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി, അഹ്മദുല്‍ബദവി, അബുല്‍ഹസന്‍ ശാദുലി, ഇബ്റാഹീം ദസൂഖി, അഹ്മദുല്‍കബീരി രിഫാഈ എന്നിവരാണിവര്‍. ഈ സൂഫീ സരണികള്‍ക്ക് കീഴില്‍ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ആയി, അനുയായികള്‍ ദിക്റ് മജ്ലിസുകള്‍ നടത്തി വരാറുണ്ട്.

ആണ്ട് വേളകള്‍ കച്ചവടക്കാര്‍ക്ക് പെരുന്നാളാണ്. തൊപ്പികളും മിഠായികളും, മതപരമായ വചനങ്ങള്‍ കൊത്തിവച്ച സ്റ്റിക്കറുകളും പുസ്തകങ്ങളുമൊക്കെ നിരത്തുകളില്‍ വില്‍പനക്ക് വെച്ചത് കാണാം. ഓരോ സ്ഥലത്തും മരണപ്പെട്ട് കിടക്കുന്ന മഹാന്മാരുടെ അപദാനങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങളും വില്‍പനക്കുണ്ടാകും. ഈ ഷോപ്പുകളില്‍ സൂഫീ സംഗീതം സിഡികളിലും കാസറ്റുകളിലുമായി സംപ്രേഷണം ചെയ്യുന്നു.

രാത്രി ഭക്ഷണവും വൈകുന്നേരത്തെ ലഘുപാനീയവുമെല്ലാം തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായിരിക്കും. പ്രദേശത്തെ പ്രമുഖരായ വ്യാപാരികളും രാഷ്ട്രീയക്കാരുമൊക്കെയാണിത് സംഭാവന ചെയ്യുന്നത്. 2003ല്‍ നടന്ന ഫാത്വിമ നബവിയ്യയുടെ ആണ്ടിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ സംവിധാനിച്ച വിശാലമായ ടെന്‍റിന്‍റെ മുഴുവന്‍ ചിലവും വഹിച്ചത് ഈജിപ്തിലെ ഒരു പാര്‍ലമെന്‍റംഗമായിരുന്നു. താമസിക്കുന്നവര്‍ക്ക് ആവശ്യമുള്ള അരിയും ഇറച്ചിയും പച്ചക്കറിയുമെല്ലാം അദ്ദേഹത്തിന്‍റെ വകയായിരുന്നു.

സയ്യിദ ഫാത്വിമയുടെ നേര്‍ച്ചയിലെ പ്രധാനപ്പെട്ടൊരു ചടങ്ങാണ് “സബാഹിയ്യ’. മഖ്ബറക്ക് പരിസരത്ത്, മഹതിയുടെ അപദാനങ്ങള്‍ വാഴ്ത്തി നടക്കുന്ന റാലിയാണിത്. റസൂലിന്‍റെയും കുടുംബത്തിന്‍റെയും സവിശേഷതകള്‍ ആ പ്രകടനത്തില്‍ സ്മരിക്കപ്പെടുന്നു. നേര്‍ച്ചയുടെ അവസാന ദിവസത്തിലെ പ്രഭാതത്തില്‍ നടത്തപ്പെടുന്ന ചടങ്ങായതിനാലാണ് “സ്വബാഹിയ്യ’ എന്ന് ഇതിന് പേരുവന്നത്.

ആധുനികതയും വിമര്‍ശനങ്ങളും

ആണ്ടുനേര്‍ച്ചകള്‍ പുതിയ ഈജിപ്തില്‍ എതിര്‍ക്കപ്പെടുന്നുണ്ട്. മുസ്ലിം ബ്രദര്‍ഹുഡിന്‍റെ രംഗപ്രവേശനത്തിന് ശേഷമാണ് ഈ പ്രവണത ശക്തമായത്.

നേര്‍ച്ചകളെയും മൗലിദാഘോഷത്തെയും ബിദ്അത്ത്, ശിര്‍ക്ക് തുടങ്ങിയ പേരുകള്‍ നല്‍കി എതിര്‍പ്പിന് തുടക്കമിട്ടത് ഇബ്നു തൈമിയ്യയാണ്. അദ്ദേഹത്തിന്‍റെ കുതുബുല്‍ബിദ്അയില്‍ മതദര്‍ശനങ്ങളെ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളാണുള്ളത്.

മഖ്ബറ സന്ദര്‍ശനം പോലുള്ള കര്‍മങ്ങള്‍ ശിര്‍ക്കാണെന്ന ഭാഷ്യമാണ് ഇബ്നു തൈമിയക്ക്. അതിനാല്‍ സമകാലിക പണ്ഡിതന്മാര്‍ വരെ രൂക്ഷമായ ഭാഷയില്‍ ഇബ്നുതൈമിയ്യക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.
ഇബ്നു തൈമിയ്യയുടെ വാദമുഖങ്ങള്‍ക്ക് അധ്യാത്മികതയെ അടുത്തറിഞ്ഞ ജനങ്ങളെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. അതിനാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യം വരെ നേര്‍ച്ചകളും മൗലിദുകളും ഗംഭീരമായി അരങ്ങേറിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഈജിപ്തിലെ പ്രധാന പണ്ഡിതനായിരുന്ന മുര്‍തളാ അല്‍സബീദി പറയുന്നു “”സയ്യിദ് ബദവി തങ്ങളുടെ ആണ്ടുകള്‍ അദ്ദേഹത്തിന്‍റെ സൂഫീ ചിന്തകള്‍ ജനങ്ങളിലേക്ക് പ്രചരിപ്പിക്കാനുള്ള സന്ദര്‍ഭങ്ങളായിരുന്നു. ഈജിപ്ഷ്യന്‍ ഗവണ്‍മെന്‍റ്, മന്ത്രിമാരെ ആ ആണ്ടുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നു.”

പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അവസാനം വരെ ഈജിപ്തിനെ ആത്മീയമായി നിയന്ത്രിച്ചിരുന്നത് സൂഫീ പണ്ഡിതന്മാരായിരുന്നു.
പിന്നീട്, ഈജിപ്തില്‍ ആണ്ടുനേര്‍ച്ചയും മൗലിദുകളും വിലക്കപ്പെടുന്നതിലേക്കെത്തിച്ചത് 1880ല്‍ മുഹമ്മദ് അബ്ദുവിന്‍റെ ബിദഈ ചിന്തകളാണെന്നു പറയാം. അദ്ദേഹം അല്‍വസാഇബുല്‍മിസ്രിയ്യ എന്ന പത്രത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതിലെഴുതുന്നു ദിക്റ് സദസ്സുകള്‍, ചീത്ത ശബ്ദത്തില്‍ അനര്‍ത്ഥകമായി പദങ്ങള്‍ ഉച്ഛരിക്കുന്നു.” ഇബ്നുതൈമിയ്യയുടെ “കുതുബുല്‍ബിദ്അ’യില്‍ പറഞ്ഞ വാദമുഖങ്ങളോട് വളരെ സാദൃശ്യമുണ്ടതിന്.

ഈജിപ്തിനെ ആധുനികവത്കരിക്കുന്ന പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു മുഹമ്മദ് അബ്ദു. മതത്തിന്‍റെ സൗന്ദര്യ ശാസ്ത്രപരമായ അധ്യാത്മികതയോടുള്ള അബ്ദുവിന്‍റെ എതിര്‍പ്പ് രൂപം കൊള്ളുന്നത്, നിലനില്‍ക്കുന്ന പരന്പരാഗത വ്യവസ്ഥകള്‍ പിന്നാക്കാവസ്ഥയുടെ സൂചനകളാണ് എന്ന തെറ്റായ ബോധത്തില്‍ നിന്നാണ്. യൂറോപ്യന്‍ ശക്തികളെപ്പോലെ ഈജിപ്തും അവിടത്തെ പൗരന്മാരും വികസിക്കണമെങ്കില്‍ മതചിട്ടകളിലും അനുഷ്ഠാനങ്ങളിലും പുരോഗമനപരമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്നദ്ദേഹം വിശ്വസിച്ചു.

ഈജിപ്തിലെ സാമൂഹിക ശ്രേണിയില്‍ ഉന്നതരായ വ്യക്തികളെയൊക്കെ ആധുനികതയുടെ ആശയങ്ങള്‍ പെട്ടെന്ന് സ്വാധീനിച്ചു. സംസ്കാരവും മതവുമൊക്കെ യൂറോപ്യന്‍ മാതൃകയില്‍ പുനസൃഷ്ടിക്കണമെന്നവര്‍ വാദിച്ചു.

ആധുനികരുടെ ആര്യവാദം
യോറോപ്യന്‍ ആധുനികതയുടെ സങ്കല്‍പങ്ങള്‍ ഈജിപ്തിലെ ആധുനിക വിദ്യാഭ്യാസത്തോട് പ്രതിപത്തി പുലര്‍ത്തുന്നവരെയും സാമൂഹിക ശ്രേണിയില്‍ ഉന്നതിയില്‍ നില്‍ക്കുന്ന കുടുംബങ്ങളെയും ആകര്‍ഷിച്ചു. ആധുനികതയുടെ ആശയങ്ങള്‍ അനുസരിച്ച് രൂപപ്പെടുത്താന്‍ കഴിയുന്ന ഇസ്ലാമിന്‍റെ ദര്‍ശനങ്ങള്‍ മാത്രം സ്വീകരിക്കുകയും അല്ലാത്തവയെ പിന്തിരിപ്പന്‍ എന്ന മുദ്രകുത്തി അവഗണിക്കുകയും ചെയ്തു ഇവര്‍. മുഹമ്മദ് ഫഹ്മി അബ്ദുല്‍ലത്വീഫിന്‍റെ 1948ല്‍ എഴുതിയ Alsayyidul Badavi and Deruish state in Egypt എന്ന പുസ്തകം ഈ പ്രവണതയുടെ ഉദാഹരണമാണ്. ശ്രദ്ധേയനായ രാഷ്ട്രീയ മതചിന്തകനായിരുന്നു ഇമാം ബദവി എന്നും, സാമൂഹിക ശാസ്ത്രപരമായ ചില സിദ്ധാന്തങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നുവെന്നും രചയിതാവ് രേഖപ്പെടുത്തുന്നു. അതേ സമയം അദ്ദേഹം പ്രചരിപ്പിച്ച ത്വരീഖത്തും മരണാനന്തരം ബദവിയുടെ മഖ്ബറയില്‍ നടക്കുന്ന നേര്‍ച്ചകളും ആചാരങ്ങളുമൊക്കെ ധിഷണയില്ലാത്ത ഒരു സമൂഹത്തിന്‍റെ കേവല വൈകാരിക പ്രകടനങ്ങള്‍ മാത്രമാണെന്നും പുസ്തകത്തില്‍ എഴുതുന്നു.

മതാചാരങ്ങളെ ശരി, തെറ്റ് എന്നീ രണ്ട് കളങ്ങളിലേക്ക് അനായാസേന പരിമിതപ്പെടുത്തുന്ന ഈജിപ്തിലെ ആധുനികവാദികളെ പ്രേരിപ്പിച്ചത് യൂറോപ്പില്‍ ഉണ്ടായ വ്യവസായിക വിപ്ലവവും അതേ തുടര്‍ന്ന് ശക്തമായ വിക്ടോറിയന്‍ മാതൃകയിലുള്ള വിദ്യാഭ്യാസ ധാര്‍മിക സങ്കല്‍പങ്ങളുമാണ്. ഫ്രാന്‍സില്‍ നിന്ന് ഇതേകാലത്ത് പുറത്തുവന്ന സാമൂഹിക ശാസ്ത്ര സിദ്ധാന്തങ്ങളും ഈജിപ്തിലെ ആധുനിക വാദികളെ ഹരം കൊള്ളിച്ചു. അങ്ങനെയാണ് ആണ്ടുനേര്‍ച്ചകള്‍ യുക്തിരഹിതവും അനിസ്ലാമികവുമായത്.

ഈജിപ്തിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചിലരും പരന്പരാഗത മതസന്പ്രദായങ്ങളെ എതിര്‍ത്തു കാണുന്നു. ഇതിന് പിന്നിലെ മാനസികാവസ്ഥ കൗതുകകരമാണ്. ഖബര്‍ സിയാറത്തിനെയും ദിക്റ് ഹല്‍ഖയെയുമൊക്കെ എതിര്‍ക്കുന്പോള്‍ സാമൂഹിക ശ്രേണിയില്‍ മേലെ നില്‍ക്കുന്നവരാണ് തങ്ങളെന്ന ഒരു ബോധം അവര്‍ക്കുണ്ടായിരുന്നു. ഒരുതരം ആത്മരതി. സന്പത്തിനെയും വരേണ്യതയെയുമൊക്കെ അടിസ്ഥാനമാക്കി മനുഷ്യന്‍റെ ഔന്നിധ്യത്തെയും കാഴ്ചയെയും നിശ്ചയിക്കുന്ന യൂറോപ്യന്‍ മാതൃകയെ അപ്പടി സ്വീകരിച്ചത് കൊണ്ടുള്ള അപകടമാണിത്.

അവലംബം സാമൂലി ഷില്‍ക്കെയുടെ perils of joy
ലുഖ്മാന്‍ കരുവാരക്കുണ്ട്

You must be logged in to post a comment Login