വിദ്വേഷ പ്രസാരണത്തിന്‍റെ വിപണന സാധ്യതകള്‍

വിദ്വേഷ പ്രസാരണത്തിന്‍റെ വിപണന സാധ്യതകള്‍

അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ന്‍ കാംഫ് മനസ്സിരുത്തി വായിക്കുന്നവര്‍ക്ക് പോലും അതിലടങ്ങിയ അപകടകരമായ ആശയങ്ങളെക്കുറിച്ച് പെട്ടെന്ന് ഗ്രഹിക്കാന്‍ സാധിക്കണമെന്നില്ല. പ്രത്യക്ഷത്തില്‍, ഒരു രാജ്യത്തിന്‍െറ ദുരന്തഗ്രസ്തമായ കാലഘട്ടത്തിന്‍െറ സത്യസന്ധവും ആധികാരികവുമായ കഥ പറച്ചിലായേ ഏത് വായനക്കാരനും അത് അനുഭവപ്പെടൂ. ഒന്നാംലോകയുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മനിയുടെ പരിതോവസ്ഥ, യുദ്ധാനന്തരം നേരിടേണ്ടിവന്ന തീക്ഷ്ണമായ പരീക്ഷണങ്ങള്‍, സാന്പത്തിക പ്രതിസന്ധികള്‍, ഏറ്റുവാങ്ങേണ്ടിവന്ന അഭിമാനക്ഷതങ്ങള്‍, നിരാശയില്‍ മനോവീര്യം തകര്‍ന്ന പ്രജകളുടെ നിസ്സംഗത തുടങ്ങി ഒരു ജനതയുടെ മനസ്സിന്‍െറ പിടച്ചിലുകളും ഒരു നാട്ടിന്‍െറ ഹൃദയവേദനയുമാണ് മെയ്ന്‍കാംഫില്‍ മുഖ്യമായും വിവരിക്കുന്നത്. എന്നിട്ടും, ആധുനിക കാലഘട്ടത്തില്‍ രചിക്കപ്പെട്ട ഏറ്റവും വിനാശകാരിയും വിഷലിപ്തവുമായ കൃതിയായി അത് വിശേഷിപ്പിക്കപ്പെട്ടു. യു.എസ് രാഷ്ട്രീയനിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ നോര്‍മന്‍ കസിന്‍സ് മെയ്ന്‍ കാംഫ് എങ്ങനെ വിനാശകൃതിയായി എന്ന് സമര്‍ഥിക്കുന്നത് ഇങ്ങനെ മെയ്ന്‍കാംഫിലെ ഓരോ വാക്കിനും നഷ്ടമായത് 125ജീവിതങ്ങള്‍. ഒരു പേജിന് 47,000 മരണം, ഓരോ അധ്യായത്തിനും 12,00,000 മരണം.

പറയുന്നത് സ്വന്തം നാട്ടിന്‍െറ ചരിത്രമാണെങ്കിലും അതിലൂടെ ലക്ഷ്യമിട്ടത് വെറുപ്പിന്‍െറ കനലൂതിപ്പിടിപ്പിക്കുകയും ജൂത സമൂഹത്തിന് എതിരെ ഒരു രാജ്യത്തെ തന്നെ അണിനിരത്തുകയുമായിരുന്നു. എവിടെയും നുഴഞ്ഞുകയറി, മറ്റുള്ളവരെ സാന്പത്തിക പ്രമാണിത്തത്തിലൂടെ കീഴടക്കി രാഷ്ട്രം സ്ഥാപിക്കാന്‍ കഴിയുന്ന ഒരൊറ്റ അധമവര്‍ഗമേ ലോകത്തുള്ളൂയഹൂദവര്‍ഗം എന്ന് ജര്‍മനിയിലെ ക്രിസ്ത്യാനികളുടെ മനസ്സിലേക്ക് വിഷം കുത്തിക്കയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹിറ്റ്ലര്‍ രൂപപ്പെടുത്തിയെടുത്തത്. വിഷസഞ്ചിയായി മാറിയ മനസ്സ് ഏത് ദുഷ്ടത്തരവും ചെയ്യാന്‍ തയാറാവുമെന്ന് ഫാഷിസത്തിന്‍െറ അപ്പോസ്തലന് ബോധ്യമുണ്ടായിരുന്നു. അതിനു തന്‍െറ ഭാവന രൂപപ്പെടുത്തിയ അത്യാഹിതസിദ്ധാന്തങ്ങള്‍, ദുരന്തമുന്നറിയിപ്പായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ഉത്ക്കണ്ഠയുടെ മുനയില്‍ അവരെ നിര്‍ത്തി ശത്രുവിനെതിരെ ആക്രമണോല്‍സുകമാക്കുകയും ചെയ്യാന്‍, താന്‍ സ്വായത്തമാക്കിയ ഭാഷയും ശൈലിയും യഥേഷ്ടം വിനിയോഗിച്ചു ഭവിഷ്യത്ത് എന്താകുമെന്നുള്ള പൂര്‍ണബോധ്യത്തോടെ. ജൂതമേല്‍കോയ്മക്കെതിരെ പോരാടാന്‍ ദൈവത്താല്‍ നിയുക്തനായ ഒരു നേതാവാണ് താന്‍ എന്ന് നിസ്സങ്കോചം പ്രചരിപ്പിക്കാന്‍ പോലും ആത്മകഥയിലൂടെ ആ മനുഷ്യന്‍ ശ്രമിച്ചു. യഹൂദവര്‍ഗത്തിനെതിരായ വിദ്വേഷ പ്രസാരണ യജ്ഞത്തിലേര്‍പ്പെടുന്പോള്‍ ഹിറ്റ്ലറുടെ തൂലികയിലൂടെ ഒഴുകുന്ന വിഷദ്രാവകം എത്ര അപകടകരവും ദുര്‍ഗന്ധപൂരിതവുമാണെന്ന്് കാണുക

ജൂതവംശം മാര്‍ക്സിസ്റ്റ് വര്‍ഗത്തിന്‍െറ സഹായത്തോടെ ഈ ലോകത്തിലെ മനുഷ്യര്‍ക്കുമേല്‍ വിജയം നേടിയാല്‍ അവരുടെ വിജയകിരീടം മനുഷ്യവംശത്തിന്‍െറ ശവക്കല്ലറയില്‍ വെക്കുന്ന പുഷ്പചക്രമാവും. ഭൂമി ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്പെന്ന പോലെ മനുഷ്യജീവനില്ലാത്ത വന്ധ്യഗോളമായി മാറും. അതിനാല്‍, എന്‍െറ നിയോഗം ദൈവനിശ്ചയമാണെന്നു ഞാന്‍ കരുതുന്നു. ജൂതനെതിരെയുള്ള എന്‍െറ പോരാട്ടം ദൈവത്തിന്‍െറ ഭൂമിയെ രക്ഷിക്കാനുള്ളതും.

ഏതു പ്രസ്ഥാനവും ജനങ്ങളെ കീഴടക്കണമെങ്കില്‍ അത് സ്വന്തം ലക്ഷ്യങ്ങള്‍ക്കായി പൊരുതിയാല്‍ മാത്രം മതിയാവില്ല ആ ലക്ഷ്യത്തെ എതിര്‍ക്കുന്നവരെ തകര്‍ക്കുകയും വേണം. ഇഷ്ടമില്ലെങ്കില്‍ കൊല്ലുക എന്നു തന്നെ… ജനഹൃദയങ്ങളെ കീഴടക്കി അവരെ ദേശസ്നേഹികളാക്കാനുള്ള പോരാട്ടത്തിന് ഒറ്റ വഴിയേ ഉള്ളൂ. അവരില്‍ രാജ്യാന്തരബോധത്തിന്‍െറ വിഷം കുത്തിവെച്ചവരെ കൊല്ലുക ഉന്മൂലനം ചെയ്യുക.

വിദ്വേഷ പ്രസാരണത്തിന്‍െറ ആത്യന്തിക ലക്ഷ്യം ശത്രുസംഹാരമാണ്. എന്നെന്നേക്കുമായി എതിരാളികളെ ഉന്മൂലനം ചെയ്യുക. ഹിറ്റ്ലര്‍ ആ ലക്ഷ്യത്തില്‍ വിജയിച്ചു. കൂട്ടമായി കൊന്നൊടുക്കപ്പെടേണ്ടവരാണ് യഹൂദവര്‍ഗം എന്ന കാഴ്ചപ്പാട് ജനങ്ങളില്‍ കുത്തിവെക്കുന്നതില്‍ വിജയിച്ചപ്പോള്‍ ഗ്യാസ് ചേംബറുകളിലേക്ക് നിരപരാധികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആട്ടിത്തെളിക്കുന്പോഴും അതിനു മുകളില്‍ ഒരു നീതീകരണവും യുക്തിയും കുട പിടിക്കുന്നുണ്ടായിരുന്നു. ഓഷ്വിറ്റ്സിലേക്കുള്ള അവസാന തീവണ്ടിയില്‍ കൂട്ടിയിട്ട മനുഷ്യക്കോലങ്ങളെ ഗില്ലറ്റിനുകള്‍ക്ക് താഴെ അട്ടിയിടുന്പോഴും ക്രൈസ്തവ യൂറോപ്പ് ഒരിറ്റ് അശ്രു പൊഴിക്കാതിരുന്നത് യഹൂദവര്‍ഗം ആ കൊടിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട് എന്ന് അവരുടെ ബോധമണ്ഡലങ്ങള്‍ പിറുപിറുത്തത് കൊണ്ടായിരുന്നു.

വെറുപ്പിന്‍െറ പ്രത്യയശാസ്ത്രത്തോളം അപകടകാരിയായ ആശയസംഹിത ഭൂമുഖം കണ്ടിട്ടുണ്ടാവില്ല. അധികാരം പിടിച്ചെടുക്കാനും ആധിപത്യം ഉറപ്പിക്കാനും എതിരാളികളെ വകവരുത്തേണ്ടതുണ്ട്. അതിനുള്ള എളുപ്പ വഴിയാണ് ശത്രുവിനു നേരെ അനുയായികളെ സജ്ജരാക്കി നിര്‍ത്തുക എന്നത്. ശത്രുക്കള്‍ക്കെതിരെ വിദ്വേഷം ഉദ്ദീപിപ്പിക്കുക എന്നതാണ് അതിനുള്ള എളുപ്പ വഴി.

രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍. എസ്.എസ്) വിദ്വേഷ പ്രത്യയശാസ്ത്രത്തില്‍ പടുത്തുയര്‍ത്തിയ ഹൈന്ദവ കൂട്ടായ്മയായതു കൊണ്ട് അതിന്‍റെ ആവിര്‍ഭാവം മുതല്‍ ഊര്‍ജവും സമയവും ചെവലവഴിക്കുന്നത് മുസ്ലിംകള്‍ക്കെതിരെ വെറുപ്പ് ഉല്‍പാദിപ്പിക്കാനാണ്. ഹിന്ദുക്കള്‍ നേരിടേണ്ടിവരുന്ന സകല പ്രശ്നങ്ങള്‍ക്കും ഉത്തരവാദി മുസ്ലിംകളാണെന്നും ഈ രാജ്യത്തോട് അശേഷം കൂറോ പ്രതിബദ്ധതയോ ഇല്ലാത്ത ഇക്കൂട്ടര്‍ രാജ്യദ്രോഹികളാണെന്നും ശാഖാതലം തൊട്ട് അനുയായികളെ ഇവര്‍ പഠിപ്പിക്കുന്നു. മുസ്ലിം വിരുദ്ധതയിലൂന്നിയ പ്രചാരണങ്ങള്‍ കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ അന്തരീക്ഷം പ്രക്ഷുബ്ധമാകുന്നത് മതദ്വേഷം പരന്നൊഴുകുന്നതു കൊണ്ടാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം ചോദിച്ചു കേസെടുത്തു തുടങ്ങിയ വാര്‍ത്തകള്‍ കൊണ്ട് ഓട്ടയടക്കാന്‍ ചില കേന്ദ്രങ്ങള്‍ വിഫലശ്രമം നടത്തുന്നുെണ്ടങ്കിലും വര്‍ഗീയത ചുരത്തുന്ന വെറുപ്പാണ് ഈ തെരഞ്ഞെടുപ്പിന്‍െറ ഊര്‍ജസ്രോതസ്സെന്ന് സമ്മതിക്കലാണ് ബുദ്ധി. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കിയേ അടങ്ങൂ എന്ന ശാഠ്യവുമായി ഗോദയില്‍ കച്ചമുറുക്കിയ സംഘ്പരിവാര്‍ നേതാക്കള്‍ പരസ്യമായും രഹസ്യമായും വര്‍ഗീയത ഊതിക്കത്തിക്കുന്നു. പകയുടെയും പ്രതികാരത്തിന്‍െറയും വിഷസഞ്ചിയാണ് അവര്‍ തുറന്നുവിടുന്നത്.

ഗുജറാത്തിലെ വികസനം മുഖ്യവിഷയമായി എടുത്തു തുടങ്ങിയ ഇലക്ഷന്‍ കാന്പയിന്‍ രംഗം അവസാന ഘട്ടമെത്തിയപ്പോഴേക്കും വര്‍ഗീയ, വിദ്വേഷ അതിപ്രസരണം കാരണം ആരെയും ശ്വാസം മുട്ടിക്കും വിധം അന്തരീക്ഷം മലിനീകരിക്കുകയാണ്. നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത് തടയുന്നവര്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നും അവരുടെ സ്ഥാനം പാകിസ്ഥാനിലാണെന്നും ആക്രോശിക്കാന്‍ ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങിന് ധൈര്യം നല്‍കുന്നത് വര്‍ഗീയവത്കരിക്കപ്പെട്ട രാഷ്ട്രീയ ഭൂമിക അല്ലാതെ മറ്റെന്താണ്? മോഡിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാന്‍റെ ആളുകളാണെന്ന് പറഞ്ഞ് ഒരു വിഭാഗത്തിന്‍റെ രാജ്യസ്നേഹത്തെ പോലും മ്ലേച്ഛരീതിയില്‍ ചോദ്യം ചെയ്യുകയാണ്. അതിനിടയിലാണ,് ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് മുസ്ലിംകള്‍ സ്വത്ത് വാങ്ങാന്‍ ഒരു നിലക്കും അനുവദിക്കരുതെന്നും വീട് വാങ്ങിയ അസ്ഗര്‍ അലി സവേരി 24മണിക്കൂറിനുള്ളില്‍ സ്വത്ത് കൈമാറുന്നില്ലെങ്കില്‍ അതിനു മുന്നില്‍ ബജ്റംഗ്ദളിന്‍െറ ബാനര്‍ കെട്ടി കൈയേറണമെന്നും പ്രവീണ്‍ തൊഗാഡിയ ആഹ്വാനം ചെയ്യുന്നത്. രാജീവ് ഗാന്ധിയുടെ ഘാതകരെപ്പോലും ഇതുവരെ തൂക്കിക്കൊന്നിട്ടില്ലെന്നും കെട്ട തക്കാളിയും തീപ്പന്തവുമായി മുസ്ലിമിന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നതില്‍ ഒരു തെറ്റുമില്ലെന്നും തൊഗാഡിയ അനുയായികളെ പഠിപ്പിക്കുന്പോഴും തെരഞ്ഞെടുപ്പ്കമീഷനു പതിവ് നോട്ടീസയക്കലിനപ്പുറം വല്ലതും ചെയ്യാനുെണ്ടന്ന് തോന്നുന്നില്ല. കൂടിപ്പോയാല്‍, ഏതാനും മണിക്കുര്‍ നേരത്തേക്ക്, അല്ലെങ്കില്‍ ദിവസത്തേക്ക് പ്രചാരണ വിലക്ക്. മുസഫര്‍ നഗറില്‍ മുസ്ലിംകളോട് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്ത മോഡിയുടെ വലംകൈ അമിത്ഷാക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അത് ബാലന്‍സ് ചെയ്തു ഹിന്ദുത്വ മനസ്സിനെ സമാശ്വസിപ്പിക്കാന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഅ്സം ഖാനെ പ്രചാരണത്തില്‍നിന്ന് തടഞ്ഞ നീതീബോധമാണ് ഇലക്ഷന്‍ കമീഷനെ പോലും ഭരിക്കുന്നത്.

രാജ്യം സംഘര്‍ഷഭരിതമായ ദശാസന്ധികള്‍ കടന്നുപോയപ്പോഴെല്ലാം അന്തരീക്ഷം ചൂടുപിടിപ്പിച്ചു നിര്‍ത്താനും വര്‍ഗീയധ്രുവീകരണത്തിന് ആക്കം കൂട്ടാനും തൊഗാഡിയ എന്ന അഭിനവ ഗീബല്‍സ് പരമാവധി ശ്രമിച്ചതായി കാണാം. മോഡി തൊഗാഡിയയെ തള്ളിപ്പറഞ്ഞതായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ വേണ്ടി മാത്രമാണ്. മോഡിയും തൊഗാഡിയയും ഇരട്ടപെറ്റ വര്‍ഗീയരാക്ഷസന്മാരാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കപ്പെടും എന്നു വന്നപ്പോള്‍ അതിനു തുരങ്കംവെക്കാനും അന്തരീക്ഷം വര്‍ഗീയവത്കരിക്കാനും വി.എച്ച് പി. നേതാക്കളായ അശോക് സിംഗാളും തൊഗാഡിയയും പ്രസരിപ്പിച്ച വര്‍ഗീയ വിഷം ഇപ്പോഴും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്. അന്ന് തൊഗാഡിയ മോഡിയെ പ്രതിരോധിച്ചുകൊണ്ടു പറഞ്ഞത് ആരും മറന്നുകാണില്ല. കലാപം നിയന്ത്രണവിധേയമാക്കുക എന്ന നല്ല കാര്യം മോഡി ചെയ്തപ്പോള്‍ ഗുജറാത്തിലെ ചില പട്ടികള്‍ കുരച്ചു. രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളിലും അവര്‍ കുരക്കാന്‍ തുടങ്ങി. അതോടെ ഒരു ഇറ്റാലിയന്‍ പട്ടി ( സോണിയ ഗാന്ധി ) കുരക്കാന്‍ തുടങ്ങിയിട്ടുണ്ട്.

മാറാട് കലാപാനന്തരം കോഴിക്കോട്ടും പരിസരത്തും പ്രക്ഷുബ്ധാവസ്ഥ നിലനിന്ന സമയത്ത് കുളം കലക്കി മീന്‍ പിടിക്കാന്‍ ഇവിടെ വന്ന തൊഗാഡിയ മുതലക്കുളം മൈതാനിയില്‍ പരസ്യമായി പറഞ്ഞത് ഓര്‍മയിലുണ്ടാവണം. ഹിന്ദു മാറിയിരിക്കുന്നു. മാറാടും ഗോധ്രയും ഇനി ഹിന്ദു ഉള്ള ഒരിടത്തും ആവര്‍ത്തിക്കില്ല. ഗോധ്ര ആവര്‍ത്തിക്കാതിരിക്കാന്‍, മാറാട് ആവര്‍ത്തിക്കാതിരിക്കാന്‍ ഇവിടുത്തെ ഓരോ മദ്രസയും അടച്ചുപൂട്ടാന്‍ ആവശ്യപ്പെടുന്നു. മദ്രസകള്‍ രാജ്യദ്രോഹ പ്രവര്‍ത്തന കേന്ദ്രമാണ്. അവ അടച്ചുപൂട്ടണം. ഈ ഭാരതം, ശ്രീരാമപരമഹംസരുടെ ഭൂമിയാണ്. ഇവിടെ ഹിന്ദുമുസ്ലിം മൈത്രി നിലനില്‍ക്കണമെങ്കില്‍ ഹിന്ദു കാഫിറാണ്, വിശുദ്ധ യുദ്ധം, ഇസ്ലാം രാജ്യം എന്നീ മൂന്നു തത്വങ്ങളും ഇസ്ലാം ഉപേക്ഷിക്കണം. അല്ലാത്തപക്ഷം ഇവിടെ ശാന്തി നിലനില്‍ക്കില്ല. ഗുജറാത്തില്‍ വിജയകരമായ ഒരു പരീക്ഷണം പൂര്‍ത്തിയാക്കി, ഇനി രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ ഇത് പരീക്ഷിച്ചുകൂടായ്കയില്ല എന്ന് അശോക് സിംഗാള്‍ പറഞ്ഞപ്പോള്‍ ആ നിമിഷം പോട്ട പ്രകാരം ഭീകരവാദത്തിനു കേസെടുക്കാമായിരുന്നു. എന്താണ് ഭീകരവാദം എന്നതിന് പോട്ട നിയമം നല്‍കുന്ന നിര്‍വചനത്തില്‍ ഇത്തരം ചെയ്തികള്‍ ഉള്‍പ്പെടുന്നുണ്ട്. പക്ഷേ, ബാല്‍താക്കറെമാരും സിംഗാള്‍മാരും തൊഗാഡിയമാരും കരിനിയമങ്ങളുടെ മൃദുസ്പര്‍ശമേല്‍ക്കാതെ രക്ഷപ്പെട്ടപ്പോള്‍ കുറെ മുസ്ലിം ചെറുപ്പക്കാരാണ് തുറുങ്കിലടക്കപ്പെട്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 153 (a), 153, 295 (a), 298, 505, 503 എന്നീ വകുപ്പുകള്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരെയും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കുന്നവരെയും സാമുദായിക മൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും കൈകാര്യം ചെയ്യാന്‍ പോന്നതാണ്. പക്ഷേ ഹിന്ദുത്വ നേതാക്കളാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതെങ്കില്‍ നമ്മുടെ നീതിന്യായ സംവിധാനവും നിയമപാലകരും കര്‍മശേഷിയില്ലാതെ തലകുനിക്കുന്നതാണ് കാണേണ്ടിവരുന്നത്. മഹാ കഷ്ടം എന്നെല്ലാതെ എന്തു പറയാന്‍!
ശാഹിദ്

You must be logged in to post a comment Login