പരിശുദ്ധി നിറഞ്ഞ പാര്‍പ്പിടം

പരിശുദ്ധി നിറഞ്ഞ പാര്‍പ്പിടം

ആലോചിച്ച് നോക്കൂ, വീടില്ലാത്ത എത്ര ലക്ഷം മനുഷ്യര്‍ ലോകത്തുണ്ട്. വഴിയോരത്തെ കടകള്‍ അടയുന്നതും കാത്ത് കടത്തിണ്ണകളില്‍ അസ്വസ്ഥരായി നില്‍ക്കുന്ന മനുഷ്യരുടെ മുഖങ്ങള്‍ നാം കാണാറുള്ളതാണ്. ഒഴിഞ്ഞ പാടത്തും പാതയോരത്തും തുണികൊണ്ട് മറച്ചു രാത്രി കിടന്നുറങ്ങുന്നവരെയും നാം കാണുന്നു. വീടില്ലാത്തവര്‍ക്ക് അതും വീടാണ്. അന്തി കഴിയാനുള്ള വീട്. ഈ ശുഷ്ക്ക സൗകര്യത്തിന്ന് പോലും നന്ദിയുള്ളവരായിരിക്കണം നമ്മള്‍.
മുസ്ലിമിന്‍റെ വീട് വെറും അന്തിയുറക്കത്തിനുള്ളതല്ല. അച്ചടക്കവും ആത്മശാന്തിയും നിറഞ്ഞു നില്‍ക്കേണ്ട ഇടമാണത്. അന്യ സ്ത്രീ പുരുഷന്മാര്‍ക്ക് അല്ലാഹുവിന്‍റെ ആജ്ഞപോലെ കഴിയാനാവണം അവിടെ. മനുഷ്യരും അവരുടെ യജമാനനും തമ്മിലുള്ള നല്ല ബന്ധം നമ്മുടെ വീട്ടില്‍ കയറുന്പോള്‍ മുറിയാനിടവരരുത്. എന്നുവെച്ചാല്‍ തഖ്വ കൈമോശം വരാതെ ജീവിക്കാന്‍ കഴിയുംവിധം വീട് സജ്ജീകരിക്കണം. അന്യ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഇടകലരാന്‍ നമ്മുടെ വീട് വഴിവെക്കരുത്.

ഒരു നിസ്കാരമുറി വേണം. ശുദ്ധിയും സ്വസ്ഥവുമായ ഒരിടമാവണം അത്. അഴുക്കുപുരണ്ടതും സാധന സാമഗ്രികള്‍ കുന്നുകൂടിയും പരന്നും കിടക്കുന്ന മുറികള്‍ നിസ്കാരത്തിന്‍റെ നല്ല അനുഭവങ്ങള്‍ നഷ്ടപ്പെടുത്തും.

പുണ്യം കിട്ടുംവിധം കിടക്കാന്‍ കഴിയണം ഓരോ മുറികളിലും. അതനുസരിച്ച് കട്ടിലുകള്‍ ശരിപ്പെടുത്തണം, അല്ലെങ്കില്‍ പായ വിരിക്കണം. മയ്യിത്ത് ഖബ്റില്‍ കിടത്തുന്ന രൂപത്തില്‍ തല വടക്കോട്ടും കാല്‍ തെക്കോട്ടും. എന്നിട്ട് വലതുഭാഗത്തിന്മേല്‍ ചെരിഞ്ഞു കിടക്കണം. ഉറങ്ങാന്‍ കിടക്കുന്പോള്‍ അറിയാതെ കിട്ടുന്ന ഈ പുണ്യം ഒഴിവാക്കേണ്ട. അല്ലാഹുവിനും അവന്‍റെ റസൂലിനും അതു വലിയ ഇഷ്ടമാവുകയും ചെയ്യും.
പുറത്തേക്കു തുറക്കുന്ന വാതിലുകള്‍ക്ക്വിരി നല്ലതാണ്. നബി(സ)യുടെ വീടിന് വിരിയുണ്ടായിരുന്നു. എപ്പോഴും വാതിലുകള്‍ അടച്ചിടാന്‍ പറ്റില്ലല്ലോ. വാതില്‍ തുറന്നു കിടക്കുന്പോഴും സ്വകാര്യതകള്‍ ഒരളവോളം വിരിയുണ്ടെങ്കില്‍ ഭദ്രമാവും. വീട്ടിലെത്തുന്ന അന്യ സ്ത്രീ പുരുഷന്മാര്‍ക്ക് ഇതിലൂടെ ഒരു സന്ദേശം കിട്ടും. വീട്ടുകാര്‍ കുറച്ച് അച്ചടക്കമുള്ളവരാണെന്നും അവരോട് ആ നിലയില്‍ തന്നെ പെരുമാറണമെന്നും ആ വിരി അവരെ ഓര്‍മപ്പെടുത്തും. ഇതുപോലെ ഓരോ മുറികള്‍ക്കും വിരിവേണം. റൂമിനകത്ത് ആളുകളുണ്ടെങ്കില്‍ വിരികള്‍ താഴ്ത്തുക.

വീട്ടുകാര്‍ക്ക് അച്ചടക്കം കുറവാകുന്പോള്‍ വരുന്നവര്‍ക്കും അതുണ്ടാകാന്‍ പ്രയാസമാണ്. അച്ചടക്കം ഉള്ള അതിഥികള്‍ തന്നെ വീട്ടിനകത്തെ ശ്രദ്ധയില്ലാത്ത അന്തരീക്ഷം കാണുന്പോള്‍ അതിലലിഞ്ഞു ചേരും.
വീടിന് മുറ്റം നല്ലതാണ്. അന്യരാരുമില്ലാത്തപ്പോള്‍ സ്വസ്ഥമായി ഇരുന്നു കാറ്റുകൊള്ളാമല്ലോ. അതിഥികള്‍ക്ക് നല്ല സ്വസ്ഥതയും കിട്ടും. മുറ്റത്ത് അത്യാവശ്യത്തിന് തണല്‍കിട്ടാന്‍ വേണ്ടത് ചെയ്യണം. കഴിയുന്നതും കോണ്‍ഗ്രീറ്റ് മുറ്റം ഒഴിവാക്കണം.
മുറ്റം വീടിന്‍റെ കണ്ണാടിയാണ്. ഇസ്ലാം അങ്ങനെയാണതിനെ കാണുന്നത്. അതിനാല്‍ വൃത്തിവേണം. ഒരു നബിവചനം ഇങ്ങനെയുണ്ട്
അല്ലാഹു നല്ലവനാണ്. അവന്‍ നല്ലത് ഇഷ്ടപ്പെടുന്നു. വൃത്തിയുള്ളവനാണ്. വൃത്തിയെ ഇഷ്ടപ്പെടുന്നു. മാന്യനാണ്. മാന്യത ഇഷ്ടപെടുന്നു. ധര്‍മിഷ്ടനാണ്. ധര്‍മശീലം ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങള്‍ വീടിന്‍റെ മുറ്റവും പരിസരവും വൃത്തിയായി കൊണ്ടുനടക്കുക. (ബസ്സാര്‍) വൃത്തിയില്ലായ്മ രോഗങ്ങളുണ്ടാക്കും. രോഗം പകരാതിരിക്കാന്‍ ശുചിത്വം നിലനിര്‍ത്തണം. അതുകൊണ്ട് തന്നെ വീടിന്‍റെ മുറ്റങ്ങള്‍ ശ്രദ്ധിക്കണം. കുട്ടികളുടെ വിസര്‍ജ്യങ്ങളൊക്കെ അവിടെ അലക്ഷ്യമായി വലിച്ചെറിയരുത്. ചപ്പു ചവറുകള്‍ ചിതറിയും വിതറിയും വൃത്തികേടായാല്‍ വീടിന്‍റെ അകം ദുഷിക്കും.

അവിടെ പരിശുദ്ധമായിരിക്കണം. രണ്ടര്‍ത്ഥത്തിലുണ്ട് ഈ അകത്തള വൃത്തി. രണ്ട് ഒന്ന് വീടകത്തെ വൃത്തിയും വീട്ടുകാരുടെ മനഃശുദ്ധി. വീട്ടിനുള്ളില്‍ ഇതു രണ്ടുമൊരുമിച്ചാല്‍ അനുഗ്രഹത്തിന്‍റെ മലക്കുകള്‍ വരും.
കാണാന്‍ ഭംഗിവേണം വീടകം. ഭംഗി പ്രകടിപ്പിക്കാന്‍ കൂടിയുള്ളതാണ്. ഖുര്‍ആന്‍ ചോദിക്കുന്നു അല്ലാഹു തന്‍റെ അടിമകള്‍ക്ക് കൊടുത്ത അലങ്കാരങ്ങളെ വേണ്ടെന്നു വെക്കാന്‍ ആര്‍ക്കുണ്ടവകാശം (അല്‍അഅ്റാഫ് 32). നബി(സ)ക്കും ഭംഗി പ്രകടമാക്കുന്നത് ഇഷ്ടമാണ്. ഹദീസില്‍ കാണാം അല്ലാഹു അടിമക്കു നല്‍കിയ അനുഗ്രഹം പ്രകടമായി കാണാന്‍ അവന്‍ ഇഷ്ടപ്പെടുന്നു.
നബി(സ) പറഞ്ഞു നിങ്ങള്‍ ജൂതന്മാരെപ്പോലെ വീടിനകത്ത് അടിക്കാട്ടു കൂട്ടിവെക്കരുത് (ബസ്സാര്‍). സ്വലാഹുദ്ദീന്‍ എന്ന ആധ്യാത്മിക കാവ്യഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഇങ്ങനെ പറഞ്ഞു കാണാം അടിച്ചുകൂട്ടി വീട്ടിനകത്ത് കുന്നുകൂട്ടലും രാത്രി സമയത്ത് വീട് അടിച്ചുവാരലും ദാരിദ്ര്യം വിളിച്ചു വരുത്തും. മേല്‍ ഗ്രന്ഥത്തില്‍ തുടര്‍ന്ന് ഇങ്ങനെയും പറയുന്നു ഉടുത്തിരിക്കുന്ന വസ്ത്രം തുന്നുക, വീടിന്‍റെ ഉമ്മറപ്പടിയില്‍ ഇരിക്കുക, പേനിനെ തീ വെച്ചു കൊല്ലുക, പേനിനെ ജീവനോടെ നിലത്തിടുക, ഉള്ളിത്തോല്‍ കത്തിക്കുക പത്തിരിപ്പൊട്ടും മറ്റും വീടിനകത്ത് ഇടുക തുടങ്ങിയവയും ദാരിദ്ര്യം കടന്നുവരുന്ന വഴികളാണ്.

വീട്ടിനകത്തെ വൃത്തിയും ശുദ്ധിയും ഇല്ലാതാക്കുന്ന മറ്റൊന്നാണ് ചിലന്തിവലകള്‍. ചിലന്തിവല നജസാണെന്ന് ഫത്ഹുല്‍മുഈനില്‍ കാണാം. അത് ദാരിദ്ര്യമുണ്ടാക്കും. ആഴ്ചയിലോ മാസത്തിലോ ഇത് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം.

അലക്കാനുള്ള വസ്ത്രങ്ങളും അലക്കിക്കഴിഞ്ഞതോ നനഞ്ഞതോ ആയ വസ്ത്രങ്ങളുമൊക്കെ കുന്നുകൂട്ടി ഇടുന്ന വീടുകള്‍ ഉണ്ട്. അത്തരം വീട്ടുകാര്‍ക്ക് അതിന്‍റേതായ അസ്വസ്ഥകള്‍ വിട്ടുമാറുകയില്ല. അലക്കാനുള്ളവ കുന്നുകൂട്ടിയിടാതെ പെട്ടെന്ന് അലക്കിത്തീര്‍ത്താല്‍ മനസ്സിനു തുറസ്സു കിട്ടുമല്ലോ. വസ്ത്രം വൃത്തിയുള്ളതും സുഗന്ധപൂരിതവുമായാല്‍ കൂര്‍മബുദ്ധി കൈവരാനും മാനസിക പിരിമുറുക്കം കുറയാനും അതിടയാക്കുമെന്ന് ഇമാം ശാഫിഈ (റ) സന്തോഷം പറഞ്ഞിട്ടുണ്ട്. (ഫത്ഹുല്‍മുഈന്‍).

വീട്ടിനകത്തെ വൃത്തിയില്‍ പ്രധാനമാണ് സാധനസാമഗ്രികളുടെ അടുക്കിവെപ്പ്. അല്‍പം കലാബോധമുണ്ടെങ്കില്‍ വളരെ നന്നായി വെക്കാന്‍ കഴിയും ഇതൊക്കെ. നന്നായി അടുക്കിവെച്ചാല്‍ കൊച്ചുകൂരകള്‍ പോലും പ്രവിശാലമായി തോന്നും. അനാവശ്യ സാധനങ്ങള്‍ ഉടനെ ഒഴിവാക്കുക. നബി(സ) പറഞ്ഞു ആവശ്യമില്ലാത്തവ ഒഴിവാക്കുന്നത് ഒരു മുസ്ലിമിന്‍റെ സദ്ഗുണങ്ങളില്‍ പെട്ടതാണ്.

വീടിനകത്ത് നജസ് വീഴാനിടയായാല്‍ പെട്ടെന്ന് ഒഴിവാക്കണം. ഇസ്ലാം ഗൗരവത്തില്‍ കാണുന്ന അഴുക്കുകളാണത്. അക്കൂട്ടത്തില്‍ കാഷ്ടവും മൂത്രവുമാണ് സാധാരണ സ്ഥിതിയില്‍ നമ്മുടെ വീട്ടിനകത്ത് ആകാനിടയുള്ളത്. അതുതന്നെ തൊണ്ണൂറ്റൊന്പത് ശതമാനവും നമ്മുടെ കുഞ്ഞുങ്ങളുടേത് തന്നെയാകും. അവര്‍ മുതിര്‍ന്നു വരുന്പോള്‍ തന്നെ ഇക്കാര്യത്തിലൊക്കെ ആവശ്യമായ ചിട്ട കൊടുക്കണം. പുറത്തോ തൊടിയിലോ ശ്രദ്ധയുണ്ടെങ്കില്‍ ബാത്ത്റൂമില്‍ തന്നെയോ പോയി ആവശ്യം സാധിക്കാനും സാധിച്ചാല്‍ ആ വിവരം ഉടനെ ഉമ്മയെ അറിയിക്കാനും കുട്ടികളെ പഠിപ്പിക്കണം. ഇല്ലെങ്കില്‍ സമയമാവുന്പോള്‍ കുട്ടി ഉമ്മയെ വിളിക്കണം. എന്നാല്‍ നമുക്കത് കണ്ടെത്താന്‍ പറ്റും. നല്ല ശീലങ്ങള്‍ നമ്മള്‍ കുട്ടിയെ പഠിപ്പിച്ചില്ലെങ്കില്‍ കുട്ടി കുടുംബത്തിലോ അയല്‍പക്കത്തോ ഉള്ള ചീത്തകുട്ടികളില്‍ നിന്ന് പഠിക്കും. അതുവച്ച് കുട്ടി നിങ്ങളെയും പഠിപ്പിക്കും. വീട്ടും പരിസരവും എപ്പോഴും വൃത്തികേടാക്കിക്കൊണ്ടിരിക്കും. പഠിപ്പിക്കേണ്ടത് അപ്പപ്പോള്‍ പഠിപ്പിക്കുന്നതാണ് നല്ല വാത്സല്യം.

കുട്ടികളുടെയും മറ്റും മൂത്രം ശുദ്ധീകരിക്കുന്നതില്‍ പല സഹോദരിമാരും വേണ്ടത്ര ബോധവതികളല്ല. മുലപ്പാലല്ലാതെ മറ്റൊരു അന്നവും കഴിക്കാത്ത രണ്ടുവയസ്സെത്താത്ത ആണ്‍കുഞ്ഞിന്‍റെ മൂത്രമായ സ്ഥലത്ത് മൂത്രത്തേക്കാള്‍ കൂടുതല്‍ വെള്ളം കുടഞ്ഞാല്‍ മതി. മറ്റെല്ലാ നജസുകളും ശുദ്ധിയാവാന്‍ അതിന്‍റെ മണം, രുചി, നിറം എന്നിവ നീങ്ങുന്നതുവരെ കഴുകുക തന്നെവേണം. അതേ സമയം നിറം, വാസന, രുചി തുടങ്ങിയ ഗുണങ്ങള്‍ ഒന്നും ശേഷിക്കാത്ത വിധം മൂത്രം ആയ സ്ഥലം ഉണങ്ങിപ്പോയിട്ടുണ്ടെങ്കില്‍ ഒറ്റപ്രാവശ്യം വെള്ളമൊഴിച്ചാല്‍ തന്നെ വൃത്തിയായി. എന്നാല്‍ ഈവക നിയമങ്ങള്‍ പാലിക്കാതെയാണ് പലരും ഇതൊക്കെ ചെയ്യാറുള്ളത്. അവര്‍ മൂത്രിച്ച സ്ഥലത്ത് ഒരു ശീല നനച്ച് തുടക്കുന്നു. ഇത് കൊണ്ട് നജസൊന്ന് പരന്നു എന്നല്ലാതെ മറ്റു ഫലമൊന്നും ഉണ്ടാകാറില്ല. വൃത്തിയുണ്ടാവണമെങ്കില്‍ ആദ്യം മൂത്രം പറ്റെ ഒഴിവാക്കിയ ശേഷം വെള്ളം നനച്ചു കഴുകണം. മടികാരണം ഇതു ചെയ്യാതിരുന്നാല്‍ അറിയാത്ത പല നഷ്ടങ്ങളും വന്നുചേരും. മൂത്രത്തിന്‍റെയും മറ്റും വാസന, നിറം തുടങ്ങിയവ നീങ്ങിക്കിട്ടാന്‍ സോപ്പ് ഉപയോഗിക്കേണ്ടി വന്നാല്‍ അങ്ങനെ ചെയ്യണമെന്നാണ് ഇസ്ലാമിന്‍റെ വിധി. മറ്റു ജീവികളുടെ കാഷ്ട മൂത്രാദികള്‍ക്കും ഇതുതന്നെയാണ് നിയമം.

ജീവനുള്ള വസ്തുക്കളുടെ പ്രതിമകളും കോലങ്ങളും വീടിനകത്ത് പാടില്ല. നബി(സ)യുടെ മുന്നറിയിപ്പുണ്ട് ജീവികളുടെ രൂപങ്ങള്‍ ഉള്ള ഭവനത്തില്‍ മലക്കുകള്‍ കടന്നുവരുന്നതല്ല (മുസ്ലിം). അനുഗ്രഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മലക്കുകള്‍ രൂപങ്ങള്‍ ഉള്ള വീട്ടില്‍ കടക്കില്ല. അമുസ്ലിംകളുടെ വീട്ടിലാണ് ഇത്തരം രൂപങ്ങളും കോലങ്ങളുമൊക്കെ കാണുക. അവരത് ആരാധനാപൂര്‍വ്വം കൊണ്ടുവെക്കുന്നതാണ്. ഇതുപോലെ തോന്നും ചില മുസ്ലിം വീടുകള്‍ കണ്ടാല്‍. അമുസ്ലിം വീടുകളോടുള്ള ഈ സാദൃശ്യം കൊണ്ടാണ് മലക്കുകള്‍ ഇത്തരം മുസ്ലിം വീടുകളും ഒഴിവാക്കുന്നത് (ബുലൂഗുല്‍ഖസ്വദ്7)

ഫത്ഹുല്‍മുഈനില്‍ കാണാം ഒരാള്‍ ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കണം. എന്നാല്‍ ചെല്ലുന്നിടത്ത് താന്‍ പോവുന്നത് കാരണം, ഒഴിവാക്കപ്പെടാത്ത നിഷിദ്ധങ്ങള്‍ ഉണ്ടെങ്കില്‍ ക്ഷണം സ്വീകരിക്കുന്നത് ഹറാമാകുന്നു. ജീവന്‍ അവശേഷിക്കുന്ന വിധത്തില്‍ പൂര്‍ണമായുള്ള ജീവിരൂപങ്ങള്‍ അത്തരം നിഷിദ്ധങ്ങളില്‍ പെട്ടതാണ്. യാഥാര്‍ത്ഥ്യ ലോകത്ത് ഊഹിക്കാനാവാത്ത രൂപങ്ങളാണെങ്കില്‍ പോലും ഇതാണു വിധി. ചിറകുള്ള കുതിരയോ മനുഷ്യമുഖമുള്ള പക്ഷിയോ ഒക്കെ വരച്ചുവെക്കുമല്ലോ ചിലയിടങ്ങളില്‍. അത് ഭിത്തി വിരി മേല്‍പുര തുടങ്ങിയവയില്‍ അലങ്കാരത്തിന് സ്ഥാപിച്ചതായാലും മറ്റെവിടെയെങ്കിലും ചിത്രീകരിച്ചതായാലും വിധി ഇതു തന്നെയാണ്.
അതുപോലെ ചീത്തഗന്ധമുണ്ടാക്കുന്ന കാര്യങ്ങളും മനുഷ്യര്‍ക്കെന്ന പോലെ മലക്കുകള്‍ക്കും അസഹ്യമാണ്. അവര്‍ വരില്ല. ഉള്ളി തിന്നു കൊണ്ട് പള്ളിയില്‍ വരരുതെന്ന് നബി(സ) പറഞ്ഞത് ഓര്‍ക്കുക (ബുലൂഗുല്‍ഖ്വസദ് 42).

ഖുര്‍ആന്‍ വീടുകളുടെ വെളിച്ചമാണ്. അതു പാരായണം ചെയ്യണം വീട്ടില്‍. അത് ഇറക്കിത്തന്ന യജമാനനോടുള്ള നന്ദിയാണത്. പുരയില്‍ ഖുര്‍ആന്‍ മുടങ്ങരുത്. നബി(സ) പറഞ്ഞു ഖുര്‍ആന്‍ ഓതുന്ന വീട്ടില്‍ നന്മ വര്‍ദ്ധിക്കുന്നതും ഓതാത്തവീട്ടില്‍ നന്മകുറയുന്നതുമാണ് (ബസ്സാര്‍). ആകാശത്ത് നക്ഷത്രങ്ങളെ കാണാന്‍ എന്തുചന്തമാണ്? ഇതുപോലെ നല്ലൊരു കാഴ്ചയാണ് വാനലോകത്തുള്ളവര്‍ക്ക് ഖുര്‍ആന്‍ ഓതുന്ന വീടുകള്‍. അവ ആകാശത്തുള്ളവര്‍ക്ക് നക്ഷത്രങ്ങള്‍ പോലെ തിളങ്ങിക്കാണും (ബൈഹഖി). വീടുകളില്‍ നന്നെ ഇടുങ്ങിയത് ഖുര്‍ആന്‍ ഓതാത്ത വീടുകളാണെന്ന് ഒരിക്കല്‍ തിരുനബി(സ) പറഞ്ഞു.
വീടുകളില്‍ നന്മ പുലരാന്‍ ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വേണ്ടപ്പെട്ടതാണ് മഹാന്മാരുടെ ചരിത്ര പാരായണം. ഖുര്‍ആനില്‍ തന്നെ നിരവധി മഹാന്മാരുടേയും മഹതികളുടേയും ചരിത്രങ്ങളും മഹത്വങ്ങളും കാണാം. ഖുര്‍ആനിലൂടെ അവര്‍ ജീവിക്കുന്നു.
മഹാന്മാരെ ഓര്‍ക്കണമെന്നും പറയണമെന്നും അല്ലാഹു നിര്‍ദ്ദേശിക്കുന്നത് വിവിധ ലക്ഷ്യങ്ങള്‍ വെച്ചാണ്. ഒന്നാമതായി അത്തരക്കാരുടെ മാതൃക ഉള്‍കൊള്ളാന്‍ തന്നെ. മറ്റൊന്ന് അവരെ പറയുന്നിടത്ത് ആത്മീയമായ ശാന്തിയും പുണ്യവും വരും. മുആദുബ്നു ജബല്‍(റ) ഉദ്ധരിക്കുന്ന ഒരു വചനമുണ്ട് നബിമാരെ ഓര്‍ക്കുന്നത് ഇബാദത്തിന്‍റെ ഭാഗമാകുന്നു. മഹാന്മാരെ സ്മരിക്കല്‍ പാപമോചനത്തിനുതകുന്ന കാര്യമാകുന്നു (ദൈലമി).

ഹദീസ് കിതാബുകളിലെല്ലാം മനാഖിബ് എന്ന പ്രത്യേക അധ്യായം കാണാം. മഹാന്മാരുടെ മഹത്വങ്ങളാണ് ഈ ഭാഗത്തുള്ളത്.
നമ്മുടെ വീടുമായി മഹാന്മാര്‍ക്ക് ആത്മബന്ധം വേണമെങ്കില്‍ അവരെ ഓര്‍ക്കാന്‍ വീട്ടില്‍ അവസരമൊരുക്കണം. അതു ലക്ഷ്യമാക്കിയാണ് പൂര്‍വകാല പണ്ഡിതന്മാര്‍ മാലമൗലിദുകള്‍ രചിച്ചത്. അവ വീടുകളില്‍ പാരായണം ചെയ്യണമെന്ന് അവര്‍ ഉദ്ദേശിക്കുകയും അങ്ങനെതന്നെ നടന്നു വരികയും ചെയ്തിരുന്നു.

മൗലിദുകളില്‍ അതിപ്രധാനം തിരുനബി കീര്‍ത്തനങ്ങള്‍ തന്നെയാണ്. മലക്കുകള്‍ വരാനും തിരുനബിയുടെ തന്നെ കാരുണ്യകടാക്ഷത്തിനും മൗലിദു പാരായണം നിമിത്തമാകും. ഇമാം ഇബ്നു ഹജറുല്‍ഹൈതമി ഉദ്ധരിക്കുന്നത് കാണുക ഇമാം സുയൂഥി (റ) അല്‍വസാഇല്‍ഫീ ശറഹിശ്ശമാഇല്‍ എന്ന ഗ്രന്ഥത്തില്‍ എഴുതി നബി(സ)യുടെ പേരില്‍ മൗലിദ് ഓതുന്ന വീട്ടില്‍ മലക്കുകള്‍ ഇറങ്ങുന്നതും വീട്ടുകാര്‍ക്ക് വേണ്ടി കാരുണ്യതേട്ടം നടത്തുന്നതുമാണ്. ആ ഭവനത്തില്‍ നിന്ന് ക്ഷാമം, പ്ലേഗ്, തീപ്പിടുത്തം തുടങ്ങിയ അപകടങ്ങളും ഒഴിവാകും. അസൂയ, കണ്ണേറ്, കള്ളന്‍റെ ശല്യം എന്ന വീടിനു വരാതിരിക്കാനും മൗലിദ് പാരായണം ഉപകരിക്കും.
(അന്നിഅ്മതുല്‍ കുബ്റാഅലല്‍ആലം 11/12)
മഹാന്മാരെ പുകഴ്ത്തുന്ന മാല പാരായണത്തിനും ഇത്തരത്തില്‍ മഹത്വം ഉണ്ട്. ബദ്ര്‍ മാലയുടെ മഹത്വം പരാമര്‍ശിച്ച് മാലയുടെ ആമുഖത്തിലെ വരികള്‍ കാണുക
ഇതിനെ പുരയില്‍ എഴുതികരുതുകില്‍
ഇതമാകയില്ലാ കളവില്‍ അതെന്നോവര്‍
മതിലുകള്‍ പൊട്ടലും തിയ്യുകള്‍ കത്തലും
മറ്റും ഫിത്നാ വരവില്ലാ എന്നോവര്‍.

നബി(സ)ക്കു ശേഷം മഹത്വമുള്ളവരാണ് ബദ്രീങ്ങള്‍. തിരുനബി(സ) അവരുടെ നേതാവാണ്. നാല് ഖലീഫമാരും ബദ്രീങ്ങള്‍ തന്നെ. അതിനാല്‍ അവരുടെ പേരുകള്‍ വീടിനകത്ത് ആദരവോടെ എഴുതിവെച്ചാല്‍ അത് അവരോടുള്ള സ്നേഹത്തിന്‍റെ ഭാഗമായി അല്ലാഹു കണക്കാക്കും. നീ ആരെ സ്നേഹിക്കുന്നോ അവരോടൊപ്പമാണെന്നാണ് നബി(സ) പറഞ്ഞത്. ഇതനുസരിച്ച് നമ്മുടെ വീടുകളില്‍ സുരക്ഷിത്വത്തിന് അവരുടെ നല്ലപേരുകള്‍ സൂക്ഷിക്കണം.
നാലു നൂറ്റാണ്ടിന്‍റെ പാരന്പര്യം അവകാശപ്പെടുന്ന മുഹ്യിദ്ദീന്‍ മാലയിലെ ഒരു വരികാണുക
അവര്‍ക്കൊരു ഫാതിഹ എപ്പോഴും ഓതുകില്‍
അവരുടെ ദുആയും ബര്‍കതും എത്തുമേ.
മുഹ്യിദ്ദീന്‍ മാലയുടെ കര്‍ത്താവ് ഖാളി മുഹമ്മദ് മഹാ പണ്ഡിതനും സൂഫിയുമാണ്. തന്‍റെ അനുഭവ സാക്ഷ്യമായിട്ടാണ് ഈ വരികള്‍ മഹാന്‍ കുറിക്കുന്നത്. ഇതുപോലെ തന്നെ രിഫാഈ മാല, നഫീസത്ത് മാല തുടങ്ങിയവും നമ്മുടെ വീട് നന്നാവാന്‍ ഉതകുന്നവയാണ്.
വീട്ടില്‍ കടക്കുന്പോഴെല്ലാം ഒരു ബിസ്മി ചൊല്ലാന്‍ മറക്കാതിരിക്കുക. പിശാചിനെ അകറ്റാന്‍ ഏറ്റവും നല്ല ആയുധമാണത്. നബി(സ) പറഞ്ഞു ഒരാള്‍ വീട്ടില്‍ കടക്കുന്പോള്‍ അല്ലാഹുവിന്‍റെ പേര് പറഞ്ഞാല്‍ ശ്വൈാന്‍ തന്‍റെ ശിങ്കിടികളോട് പറയും നിങ്ങള്‍ക്കിന്ന് ഈ വീട്ടില്‍ അന്തിയുറങ്ങാന്‍ ഒക്കില്ല.വീട്ടില്‍ കടക്കുന്ന അവസരത്തില്‍ ബിസ്മി ചൊല്ലിയില്ലെങ്കില്‍ പിശാച് പറയും നിങ്ങള്‍ക്കിന്ന് ഇവിടെ പാര്‍ക്കാം. (മുസ്ലിം)
നമ്മുടെ വീടെത്ര ചെറുതായാലും അത് തരുന്ന ശാന്തിയും സമാധാനവും വളരെ വലുതായിരിക്കും. വീടിനു വെളിയില്‍ ഒരിക്കലും വീടകത്തെ സുഖവും സൗകര്യവും കിട്ടില്ല. വീടിന്‍റെ ഈ പ്രത്യേകത വീട് വിട്ടിറങ്ങുന്പോള്‍ നാം നന്നായി അറിയുന്നു. അനുഭവിക്കുന്നു. ഉറക്കു കുറയുന്നു. ചിന്ത കൂടുന്നു. എന്തോ ഒരു വ്യാകുലത. ഈ ഗൃഹാതുരത്വം പേറുന്നവരില്‍ മഹാന്മാരും അല്ലാത്തവരുമുണ്ട്.

സമാധാനവും ശാന്തിയും വീട്വിട്ടിറങ്ങുന്നതോടെ നഷ്ടപ്പെടാതിരിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ ഒന്നത്രെ വീടുവിട്ടുറങ്ങുന്പോള്‍ ഇടതുകാല്‍ വച്ച് മാത്രം ഇറങ്ങുക എന്നത്. ആശാസ്യകരമല്ലാത്ത കേന്ദ്രങ്ങളില്‍ കടക്കുന്പോഴാണ് ഇടതുകാല്‍ മുന്തിക്കേണ്ടത്. വീടിന്‍റെ അകത്തളത്തെ അപേക്ഷിച്ച് പുറം ലോകം അത്ര നല്ലതല്ല. അതു കൊണ്ട് വീടിനു വെളിയിലിറങ്ങുന്പോള്‍ ഇടതുകാല്‍ വെച്ചിറങ്ങണം. ഏതു ഘട്ടത്തില്‍ വീട്ടില്‍ നിന്നിറങ്ങേണ്ടതും ഇവ്വിധമായിരിക്കണം. ഹജ്ജ് പോലുള്ള പുണ്യയാത്രയാണെങ്കില്‍ തന്നെയും ഇടതുകാല്‍ വച്ചേ വീട്ടില്‍ നിന്നിറങ്ങാവൂ. എന്തിനിറങ്ങുന്നുവെന്നതല്ല എവിടേക്കിറങ്ങുന്നുവെന്നതാണ് പ്രധാന്യം. ഇബ്നു ഹജറില്‍ഹൈതമി ഫതാവല്‍ ഹദീസിയ്യയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നമ്മുടെ ഭവനങ്ങളിലേക്ക് കടന്നു വരുന്ന അതിഥികളെ നന്നായി മാനിക്കുക. സല്‍ക്കരിക്കുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അതിഥിയെ മാനിക്കട്ടെയെന്ന് നബി(സ) പറഞ്ഞു. അതിഥിയെ സല്‍കരിക്കാന്‍ സുപ്ര നിവര്‍ത്തിയിരിക്കുന്ന സമയമത്രയും മലക്കുകള്‍ നിങ്ങളുടെ തെറ്റുകള്‍ പൊറുക്കാന്‍ തേടും(ഇസ്വ്ബഹാനി). അതിഥിയെ സല്‍ക്കരിക്കാത്തയാള്‍ക്ക് യാതൊരു നന്മയുമില്ല(അഹ്മദ്).

വീട്ടില്‍ അതിഥികളായും മറ്റും വരുന്നവരെ നാം നന്നായി പരിഗണിക്കണം. പക്ഷേ, വിവാഹബന്ധം ആകാവുന്നവരാണ് അവരെങ്കില്‍ മതിയായ അകലം പാലിച്ചു വേണം പെരുമാറ്റം. വിവാഹബന്ധം ഹറാമായവരാണെങ്കില്‍ കുഴപ്പമില്ല. അല്ലാത്തവരാണെങ്കില്‍ അവരോടൊപ്പം എതിര്‍ലിംഗത്തില്‍പെട്ടവര്‍ ഒറ്റക്ക് പെരുമാറുന്നതും അനാവശ്യ നോട്ടത്തിനും സ്പര്‍ശത്തിനും ഇടയുണ്ടാക്കുന്നതുമൊക്കെ തെറ്റാണ്. നബി(സ) പറയട്ടെ വിവാഹബന്ധം നിഷിദ്ധമായവരില്ലാതെ ഒരന്യ സ്ത്രീയുമായി ഒറ്റക്കാകുന്ന സ്ഥിതി നിങ്ങള്‍ക്കാര്‍ക്കും വരാതിരിക്കട്ടെ. (ബുഖാരി, മുസ്ലിം). നിങ്ങള്‍ പെണ്ണുങ്ങളുമായി തനിച്ചാകുന്നത് ശ്രദ്ധിക്കുക. മൂന്നാമതായി പിശാച് വരുമെന്നുറപ്പ് (ത്വബ്റാനി).
ഒരന്യ വീട്ടില്‍ കടന്നു ചെല്ലുന്നതിനു ഇസ്ലാം മര്യാദകള്‍ വച്ചിട്ടുണ്ട്. അവ പരിഗണിച്ചു വേണം കേറാന്‍.

അനുമതി ചോദിച്ച് സലാം പറയാതെ ഒരിക്കലും കടന്നു ചെല്ലരുത്. വീട്ടില്‍ കയറുന്നതിന് സമ്മതം ചോദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നബി(സ) ഉത്തരം പറഞ്ഞതിങ്ങനെ
സമ്മതം ചോദിച്ചു സലാം പറയുന്നതിന് മുന്പെ ഒരാളുടെ കണ്ണ് അന്യഭവനത്തില്‍ കടന്നാല്‍ പിന്നെ അയാള്‍ക്ക് സമ്മതം നല്‍കരുത്. അവന്‍ സ്വരക്ഷിതാവിനെ അവഗണിക്കുന്നവനാണ്.(ത്വബ്റാനി).
മറ്റൊരിക്കല്‍ അവിടുന്ന് നിര്‍ദേശിച്ചു

നിങ്ങള്‍ അന്യവീടുകളുടെ വാതിലിന് നേരെ ചെന്നു നില്‍ക്കരുത്. അരികിലേക്ക് മാറി നില്‍ക്കണം. എന്നിട്ട് കേറാന്‍ സമ്മതം ചോദിക്കുക. അനുമതിയുണ്ടെങ്കില്‍ മാത്രം കേറുക. ഇല്ലെങ്കില്‍ തിരിച്ച് പോരുക. (ത്വബ്റാനി). സമ്മതമില്ലാതെ വീടിനകത്തേക്കു എത്തി നോക്കുന്നവന്‍റെ കണ്ണ് പിഴുതെടുക്കുന്നതിന് തെറ്റില്ല എന്നാണ് ഒരു ഹദീസില്‍ തിരുനബി(സ) പറഞ്ഞത് (ബുഖാരി, മുസ്ലിം).

സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി

You must be logged in to post a comment Login