മര്യാദയുള്ള ജീവിതത്തിന്

മര്യാദയുള്ള  ജീവിതത്തിന്

സാബിതിനെ പള്ളിയില്‍ കണ്ടിട്ട് കുറെയായി. അദ്ദേഹത്തിനെന്തുപറ്റി?
മദീനാ പള്ളിയില്‍ പതിവായി ജമാഅത്തിന് എത്താറുള്ള നബിശിഷ്യനാണ് സാബിത്ബ്നു ഖൈസ്(റ). ഈയിടെയായി അദ്ദേഹം പള്ളിയില്‍ വരുന്നില്ല. നബി(സ) അദ്ദേഹത്തെപ്പറ്റി അന്വേഷണമാരംഭിച്ചു. ഇഷ്ടപ്പെട്ട ശിഷ്യനെത്തേടി അവിടുന്ന് അദ്ദേഹം താമസിക്കുന്നിടത്തെത്തി. കണ്ടു കാര്യമന്വേഷിച്ചു. അപ്പോള്‍ സാബിത്(റ) മനസ്സു തുറന്നു അല്ലാഹുവിന്‍റെ ദൂതരേ, അങ്ങയുടെ ശബ്ദത്തെക്കാള്‍ ശബ്ദമുയരരുതെന്ന് ഇയ്യിടെ ഖുര്‍ആന്‍റെ നിര്‍ദേശമുണ്ടായി. അങ്ങനെ ആരുടെയെങ്കിലും ശബ്ദം ഉയര്‍ന്നുപോയാല്‍ അവരുടെ എല്ലാ സല്‍പ്രവൃത്തികളും പൊളിഞ്ഞു പോവുമെന്നാണല്ലോ ഖുര്‍ആന്‍റെ വിധി. അങ്ങേക്കറിയാമല്ലോ എനിക്കല്പം ഒച്ച കൂടുതലാണെന്ന്. ഇതും പറഞ്ഞ് സാബിത് വിതുന്പി.

മറുപടി കേട്ടപ്പോള്‍ നബി(സ)ക്കും പ്രയാസം തോന്നി. അവിടുന്ന് ആശ്വസിപ്പിച്ചു
സാബിത്! താങ്കള്‍ അത്തരക്കാരനല്ലല്ലോ. നന്മയോടെ ജീവിക്കുകയും നല്ല നിലയില്‍ മരിക്കുകയും ചെയ്യാന്‍ ഭാഗ്യമുള്ള ആളാണ്. അതുമാത്രമല്ല, സ്വര്‍ഗ്ഗാവകാശികൂടിയാണ്.

നബി(സ)യുടെ മറുപടി കേട്ടപ്പോള്‍ സാബിത്(റ) സ്തബ്ധനായി. മറ്റൊരാള്‍ക്കും കിട്ടാത്ത സുവാര്‍ത്തയാണല്ലോ ഇത്. നന്മയോടെ ജീവിക്കും, നന്മയോടെ മരിക്കും. സ്വര്‍ഗം കിട്ടും. ഇതില്‍പരം നേട്ടമെന്താണ്? സാബിത്ബ്നു ഖൈസ്(റ) അങ്ങനെ മറ്റാര്‍ക്കും കിട്ടാത്ത യോഗ്യതയുള്ള ആളായി. നബിയോടൊത്തു ജീവിക്കുന്പോഴുള്ള സാബിതിന്‍റെ സൂക്ഷ്മത അദ്ദേഹത്തെ ഭാഗ്യവാനാക്കി. താന്‍ നബിയുടെ സദസ്സില്‍ ചെന്നാല്‍ അറിയാതെ ഒച്ചകൂടിപ്പോയാല്‍ വന്നേക്കാവുന്ന വലിയ നഷ്ടമോര്‍ത്തുള്ള ആധിയായിരുന്നു സാബിതിന്ന്.

വിശ്വസിച്ചവരേ, നബിയുടെ ശബ്ദത്തെക്കാള്‍ നിങ്ങള്‍ ശബ്ദമുയര്‍ത്തരുത്. നിങ്ങളില്‍ ചിലര്‍ മറ്റുചിലരോട് ഉറക്കെ പറയുംപോലെ നബിയോട് ഒച്ചവെക്കരുത്. നിങ്ങളുടെ സല്‍പ്രവൃത്തികള്‍ നിങ്ങളറിയാതെ പൊളിഞ്ഞു പോവാന്‍ അതിടയാക്കും എന്ന ആശയമുള്‍ക്കൊള്ളുന്ന, സൂറ അല്‍ഹുജുറാത്തിലെ രണ്ടാം സൂക്തമിറങ്ങിയ ഉടനെയാണ് ഈ സംഭവമുണ്ടായത്.

നബി(സ)യെ അങ്ങേയറ്റം ബഹുമാനിച്ചിരുന്ന ഒരു ശിഷ്യന്‍ ഖുര്‍ആന്‍റെ നിര്‍ദേശം ശിരസ്സാവഹിക്കാന്‍ കണ്ട ഒരു വഴിയാണിത്. സൂക്ഷ്മ മര്യാദയുടെ അതിഭാവം.

നബി(സ)യുടെ വാക്ക് ഫലിച്ചു. സാബിത്ബ്നു ഖൈസ്(റ) നന്മയിലായി ജീവിച്ചു. ഒന്നും എടുത്തുമാറ്റാനില്ലാത്ത സംശുദ്ധ പുരുഷായുസ്സു തന്നെ. പില്‍ക്കാലത്ത് സിദ്ദീഖ്(റ)ന്‍റെ ഖിലാഫത്ത് കാലത്ത് കള്ള പ്രവാചകന്‍ മുസൈലിമയുമായുള്ള പോരാട്ടത്തിലായിരുന്നു സാബിത്(റ)ന്‍റെ അനുഗൃഹീതമായ അന്ത്യം തിരുദൂതര്‍ പറഞ്ഞപോലെ നല്ല മടക്കയാത്ര.

അന്നു രാത്രി സാബിതിനെ കൂട്ടുകാരന്‍ ഉറക്കത്തില്‍ കണ്ടു.
സാബിത് കൂട്ടുകാരനോട് പറഞ്ഞു
വെട്ടേറ്റു വീണ ഉടനെ എന്‍റെ ശരീരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള പടയങ്കി ഒരു കപടന്‍ കട്ടെടുത്തിട്ടുണ്ട്. ഞാന്‍ വെട്ടേറ്റ് വീണിടത്തു നിന്നു കുറച്ചകലെ ഒരു മരത്തിന്‍റെ ചോട്ടില്‍ അത് ഒളിപ്പിച്ചുവെച്ചിട്ടുണ്ടയാള്‍.

അവിടെ ഒരൊട്ടകം പുല്ലു തിന്നുന്നുണ്ട്. അതിനടുത്ത് ഒരു പാത്രം കമിഴ്ത്തിവെച്ചിട്ടുണ്ടാവും. അതു പൊക്കിനോക്കിയാല്‍ മതി. പടയങ്കി അവിടെ കാണാം.

അതെടുത്തു കൊണ്ടുവന്നിട്ട് ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ)നെ ഏല്‍പിക്കണം. അതു വിറ്റിട്ട് എന്‍റെ കടങ്ങള്‍ വീട്ടാന്‍ പറയണം. ഇത്രയുമായിരുന്നു സ്വപ്നം.

സാബിതിന്‍റെ കൂട്ടുകാരന്‍ ഞെട്ടിയുണര്‍ന്നു. അദ്ദേഹം പടക്കളത്തിലേക്കോടി. പടയങ്കി കണ്ടെടുത്ത് ഖലീഫയെ ഏല്‍പിച്ചു.
സംഭവമെല്ലാം ഖലീഫയോട് വിശദീകരിച്ചു. ഖലീഫ സാബിത്ബ്നു ഖൈസി(റ)ന്‍റെ മരണാനന്തര വസിയ്യത്തുകള്‍ നടപ്പില്‍ വരുത്തി.

സിദ്ദീഖ്(റ)ന്‍റെ ഈ നടപടി ചരിത്രത്തില്‍ അത്യപൂര്‍വമായി. ഇസ്ലാമിന്‍റെ കര്‍മ്മശാസ്ത്രമനുസരിച്ച് സ്വപ്നത്തിലൂടെ കിട്ടിയെന്ന് മറ്റൊരാള്‍ അവകാശപ്പെടുന്ന വസിയ്യത്ത് നടപ്പിലാക്കാവതല്ല. പക്ഷേ, സാബിത്(റ)ന്‍റെ കാര്യത്തില്‍ നിയമം വഴിമാറുന്നു. ഇസ്ലാമിക ചരിത്രത്തില്‍ മറ്റൊരാള്‍ക്കും ലഭിക്കാത്ത ഇളവുകളും ആനുകൂല്യങ്ങളുമാണ് തിരുദൂതരുടെ ഈ പ്രിയശിഷ്യന് കിട്ടിയത്. മര്യാദക്കും വിനയത്തിനുമുള്ള അംഗീകാരം.

ഉനൈസ് പുത്തന്‍പീടിയേക്കല്‍

You must be logged in to post a comment Login