സമുദായത്തില്‍ ക്രിമിനലുകള്‍ രൂപപ്പെടുന്നത്

സമുദായത്തില്‍ ക്രിമിനലുകള്‍ രൂപപ്പെടുന്നത്

എല്ലാ രംഗങ്ങളിലും പിന്തള്ളപ്പെടുന്ന മുസ്ലിംകള്‍ രണ്ട് മേഖലകളില്‍ മികവ് കാട്ടുന്നതായി പലരും ചൂണ്ടിക്കാട്ടാറുണ്ട്. കള്ളക്കടത്തിന്‍റെയും കുരുതിവരെയെത്തുന്ന അക്രമങ്ങളുടെയും അധോലോകത്തും, തിന്മകളുടെ വിളനിലമായ സിനിമാലോകത്തും. ജീര്‍ണതയുടെ ഈ നിലവറകളില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ തങ്ങളുടെ ആധിപത്യം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്തിട്ടില്ലത്രെ. ഈ നിരീക്ഷണം മുസ്ലിംവിരുദ്ധരുടേതാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ലോകത്തിന്‍റെ, രാജ്യത്തിന്‍റെ, നമ്മുടെ കൊച്ചുകേരളത്തിന്‍റെ അവസ്ഥ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആരും തലയാട്ടി അംഗീകരിക്കുന്ന ഒരു യാഥാര്‍ഥ്യമാണിത്. ഒരുഭാഗത്ത് ആത്മീയതയിലേക്കും മതനിഷ്ഠയിലേക്കും യുവാക്കളടക്കം കൂട്ടമായി ഓടിയടുക്കുന്പോള്‍ മറുഭാഗത്ത് എല്ലാത്തരം തെമ്മാടിത്തരങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാവലാളുകളായി മുസ്ലിംനാമധാരികള്‍ മുന്‍നിര കൈയടക്കിവെച്ചിരിക്കുന്നു. പുലരികളില്‍ നമ്മുടെ മുന്നിലെത്തുന്ന മാധ്യമ താളുകള്‍ ഇതിനു സാക്ഷിയാണ്. എന്തു കുറ്റകൃത്യങ്ങള്‍ അരങ്ങേറിയാലും, കൊലപാതകമാവട്ടെ കൂട്ടബലാല്‍സംഗമാവട്ടെ പ്രതികളില്‍ മുസ്ലിംസമുദായത്തിന്‍റെ പ്രാതിനിധ്യം അര്‍ഹമാംവിധം ഉറപ്പിച്ചിട്ടുണ്ടാവും. വ്യാജ ചാരായം കഴിച്ചു ഒരു കൂട്ടര്‍ മരിച്ചാലും അക്കൂട്ടത്തിലുമുണ്ടാവും മുസ്ലിം പ്രതിനിധികള്‍. രാജ്യത്തെ ജയിലുകളില്‍ മുസ്ലിം ജനസംഖ്യയുടെ അനുപാതത്തിന്‍റെ ഇരട്ടിയോ അതിലപ്പുറമോ സമുദായ അംഗങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട് എന്ന വാസ്തവികതയെ സര്‍ക്കാരിന്‍റെയും പോലിസിന്‍റെയും പക്ഷപാത നിലപാടില്‍ കയറിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് നമ്മുടെ പതിവുശൈലി. മുസ്ലിംകളില്‍ വര്‍ധിച്ചുവരുന്ന കുറ്റവാസനയെക്കുറിച്ച് ഗൗരവപൂര്‍വം വിലയിരുത്താനോ നല്ല തറവാട്ടിലെ കുട്ടികള്‍ പോലും ക്രിമിനല്‍ സ്വഭാവത്തിലേക്ക് വഴുതിവീഴുന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണത്തിനോ നാം ആഴത്തിലുള്ള ആത്മവിചിന്തിനത്തിനോ തയാറാവാറില്ല. കൊലക്കേസാവട്ടെ, ബലാല്‍സംഗമാവട്ടെ കൊടുംവഞ്ചനയാവട്ടെ ലോകമുസ്ലിംകള്‍ക്ക് മാതൃകയായ കൊച്ചുകേരളത്തില്‍ പോലും സമുദായത്തിന്‍റെ അവസ്ഥ അതിഭീകരമാംവിധം വഷളായിക്കൊണ്ടിരിക്കയാണ്. ഒരുഭാഗത്ത് വിദ്യാഭ്യാസപരമായും സാമൂഹികമായും സാന്പത്തികമായും ഔന്നത്യങ്ങള്‍ നേടാന്‍ ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്പോള്‍ മറുഭാഗത്ത് എങ്ങനെയെങ്കിലും പണം സന്പാദിക്കാനും ജീവിതം ആഡംബരപൂര്‍ണമാക്കാനും മണിമാളികകള്‍ കെട്ടിപ്പൊക്കാനും സുന്ദരിമാരോടൊത്ത് സുഖിക്കാനുമുള്ള വെന്പലില്‍ സമുദായത്തിലെ യുവാക്കള്‍ വഴിതെറ്റി നാശത്തിന്‍റെ ഗര്‍ത്തങ്ങളില്‍ ആപതിക്കുന്ന ദയനീയ കാഴ്ചയാണ് നമ്മുടെ മുന്നില്‍ കെട്ടഴിഞ്ഞുവീഴുന്നത്. അപ്പോഴും ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ ഉത്തരവാദപ്പെട്ടവര്‍ പുലര്‍ത്തുന്ന നിസ്സംഗത കൊടുംനാശത്തിന്‍റെ നാളുകള്‍ അടുത്തെത്തി എന്ന മുന്നറിയിപ്പ് നല്‍കുന്നു.

അടുത്ത കാലത്ത് മലബാറില്‍ നടന്ന രണ്ടു ദാരുണ സംഭവങ്ങള്‍ സാന്പിളായി എടുത്ത് പരിശോധിക്കാം. നമ്മള്‍ അഭിമാനിക്കുന്ന എല്ലാ നേട്ടങ്ങളും മണല്‍പ്പുറത്താണ് കെട്ടിപ്പടുത്തതെന്നും ഭാവി ഇരുളുറഞ്ഞതാണെന്നുമുള്ള താക്കീതാണ് അവ കൈമാറുന്നത്. കോഴിക്കോട് താമരശ്ശേരിക്കടുത്ത് അബ്ദുല്‍കരീം എന്ന പ്രവാസി വ്യവസായിയുടെ കൊലയുടെ ദുരൂഹതകള്‍ ചുരുള്‍ നിവര്‍ന്നപ്പോള്‍ പിടിയിലായത് രണ്ടു ആണ്‍മക്കളും പ്രിയപത്നിയും. പിതാവ് മറ്റൊരു സ്ത്രീയെ നിക്കാഹ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നറിഞ്ഞ മക്കള്‍ കൊലയാളികളായി മാറുകയായിരുന്നു. ബാപ്പയെ കൊന്ന് ചാക്കില്‍കെട്ടി മൈസൂരിലെ ഡാമില്‍ കൊണ്ടിട്ട മക്കളുടെ കാപാലികതക്ക് മുന്നില്‍ നാം നടുങ്ങിവീഴുന്നു. ക്രൂരകൃത്യത്തിനു ഉമ്മയുടെ അനുഗ്രഹാശിസ്സുകളുണ്ടായിരുന്നുവെന്ന് കൂടി അറിയുന്പോള്‍ മൂക്കിനു വിരല്‍ വെച്ചുപോകാമെങ്കിലും ആസുരത മൂത്ത ഒരു കാലഘട്ടത്തിന്‍റെ, രോഗാതുരമായ കുടുംബവ്യവസ്ഥിതിയിലെ താളപ്പിഴയെ കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ നാം സമാനമായ മറ്റൊരു വാര്‍ത്തക്കായി കാതോര്‍ക്കുകയാണ്. അപ്പോഴാണ് കള്ളക്കടത്തായി കൊണ്ടുവന്ന സ്വര്‍ണം ഉടമകളെ ഏല്‍പിക്കാതെ സ്വയം വിറ്റ് കാശ് കീശയിലാക്കാന്‍ ശ്രമിച്ച കോഴിക്കോട്ടേയും തലശ്ശേരിയിലെയും രണ്ടു യുവാക്കള്‍ കൊലക്കത്തിക്കു ഇരയായതിന്‍റെയും കുഴിച്ചുമൂടിയ മയ്യിത്തുകള്‍ പുറത്തെടുക്കുന്പോഴേക്കും മറ്റു മൂന്നു യുവാക്കള്‍ കൊലയാളികളായി രംഗപ്രവേശം ചെയ്യുന്നതിന്‍റെയും നടുക്കുന്ന കഥ നമ്മെ തേടിയെത്തുന്നത്. കൊല്ലപ്പെട്ടതും കൊലയാളികളും സമുദായത്തിന്‍റെ യുവരക്തങ്ങള്‍! നഫീര്‍ അഹ്മദ്, ഫഹീം , മുനവ്വര്‍ സനാഫ്, മുഹമ്മദ് സഫ്വാന്‍, മുഹമ്മദ് ഇര്‍ശാദ് … എത്ര ഇന്പമുള്ള പേരുകള്‍!

ജീവിതത്തിന്‍റെ പുലര്‍ക്കാലത്തു തന്നെ ചോരയുടെയും കബന്ധങ്ങളുടെയും ലോകത്ത് കൊടും നാശം ഏറ്റുവാങ്ങാന്‍ ഇവരെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്താണ്? രണ്ടുമുസ്ലിം യുവാക്കളെ കൊന്നു കുഴിച്ചുമൂടിയ കഥയില്‍ കാസര്‍ക്കോട്ടെ മൂന്നു മുസ്ലിം യുവാക്കള്‍ കൊലയാളികളായി കടന്നുവരുന്പോള്‍ സമുദായം ഒന്നുഞെട്ടുക മാത്രമല്ല, ഒരുമിച്ചിരുന്നു ഇതേക്കുറിച്ച് സംസാരിക്കാനെങ്കിലും സന്മനസ്സ് കാട്ടിയിരുന്നുവെങ്കില്‍. പ്രതികളിലൊരാള്‍ മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും മുസ്ലിംലീഗ് അനുഭാവ സംഘടനയുടെ നേതാവുമായ ഒരഭിഭാഷകന്‍റെ മകനും നിയമവിദ്യാര്‍ഥിയുമാണെന്നറിയുന്പോഴാണ് പടച്ചതന്പുരാനേ നമ്മുടെ യുവതക്ക് എവിടെയാണ് പിഴച്ചുപോയതെന്ന് തലക്കു കൈവെച്ചു ചോദിച്ചുപോകുന്നത്.

കുറ്റകൃത്യങ്ങള്‍ എല്ലാ കാലത്തും എല്ലാ സമുദായങ്ങളിലും നടമാടാറുണ്ട്. പക്ഷേ, ഇന്ന് സമുദായം നിഖില മേഖലകളിലും വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കയാണെന്ന് അഭിമാനം കൊള്ളുന്നതിനിടയിലാണ് പുരോഗതി ഒരു പുകമറ മാത്രമാണെന്നും അകം ഇപ്പോഴും ജീര്‍ണതകള്‍ കൊണ്ട് നീറിപ്പുകയുകയാണെന്നും നാം തിരിച്ചറിയുന്നത്. യുവത്വത്തിലേക്ക് കാലെടുത്തുവെച്ച അഞ്ചുയുവാക്കളെ കള്ളക്കടത്തിലേക്കും കൊടുംവഞ്ചനയിലേക്കും അവിടന്നങ്ങോട്ട് സര്‍വനാശത്തിലേക്കും ആട്ടിത്തെളിച്ചു കൊണ്ടുപോയ ചേതോവികാരങ്ങള്‍ എന്താണ്? പണത്തോടുള്ള അത്യാര്‍ത്തി, എങ്ങനെയെങ്കിലും പണമുണ്ടാക്കുക, ജീവിതം അടിച്ചുപൊളിക്കുക, ആഡംബര കാര്‍, മുന്തിയതരം മൊബൈല്‍ ഫോണുകള്‍, ബ്രാന്‍ഡഡ് ഡ്രസുകള്‍, മദ്യം, മയക്കുമരുന്ന്, മദിരാക്ഷി, ഉറങ്ങാത്ത രാവുകള്‍. ലക്ഷ്യം നഷ്ടപ്പെട്ട ഒരു തലമുറയുടെ ജീവിതം കറങ്ങുന്നത് ഇത്തരം പ്രലോഭനങ്ങള്‍ക്കു ചുറ്റുമാണ്. അവയെ പ്രലോഭനങ്ങളായോ താളപ്പിഴകളായോ കാണാന്‍ ഇഷ്ടപ്പടാത്ത ചെറുപ്പക്കാരുടെ ലോകം കാണാമറയത്തുണ്ടെന്ന സത്യം പോലും നാമറിയുന്നത് ഇത്തരം ദുരന്തങ്ങള്‍ കണ്‍മുന്പില്‍ പൊട്ടിവീഴുന്പോഴാണ്. മനുഷ്യരെ കൊന്നോ, ചതിച്ചോ , വഞ്ചനയുടെ വലയില്‍ കുടുക്കിയോ എങ്ങനെയെങ്കിലും സന്പാദിക്കുക, സുഖലോലുപമായ ജീവിതം നയിക്കുക, മുസ്ലിം സമുദായത്തിലെ അടിത്തട്ടുമുതല്‍ മേല്‍ത്തട്ടുവരെ പരിശോധിച്ചാല്‍ ഈ രോഗം പടര്‍ന്നുകയറുന്നതായി കാണാം. ഒരുവേള എളിമയാര്‍ന്ന ജീവിതവും ഉയര്‍ന്ന മനോഭാവവും വെച്ചുപുലര്‍ത്തിയ കേരളീയ മുസ്ലിംകള്‍ ഇന്ന് അതിഭൗതികയുടെ പിന്നാലെ നെട്ടോട്ടമോടുകയാണ്. ഗള്‍ഫ് പണത്തിന്‍റെ ഒഴുക്കില്‍ കൈവന്ന സാന്പത്തികാഭിവൃദ്ധി കൊണ്ട് വയറ്റിലെ കാളല്‍ നിലച്ചപ്പോള്‍ ശരീരത്തിന്‍റെ കാമാതുരമായ ചോദനകളെ താലോലിക്കാനുള്ള പരക്കം പാച്ചിലിലാണ് ദിശയേതെന്നറിയാത്ത യുവത. മക്കള്‍ പരമാവധി സുഖിച്ചോട്ടെ എന്ന ചിന്തയില്‍ മുന്തിയ കാറും വിലപ്പെട്ട ആടയാഭരണങ്ങളും വാങ്ങിക്കൊടുക്കാന്‍ മടിക്കാത്ത മാതാപിതാക്കള്‍ എ.ടി.എം കൗണ്ടറില്‍നിന്ന് ഇവര്‍ പിന്‍വലിക്കുന്ന പണം എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് പോലും ഒരിക്കലും ചിന്തിക്കാറില്ല. പ്രത്യേകിച്ചും മകനോ മകളോ കോളജിലാണ് പഠിക്കുന്നതെങ്കില്‍. അല്ലെങ്കില്‍ മകന്‍ ഗള്‍ഫുകാരനാണെങ്കില്‍. അവര്‍ക്കു എന്തും ചെയ്യാനുള്ള ലൈസന്‍സ് നാം വകവെച്ചുകൊടുത്തിട്ട് കാലമേറെയായി? വീട്ടിലേക്ക് എപ്പോഴെങ്കിലും കയറിവരുന്ന മക്കള്‍ അതുവരെ എവിടെയായിരുന്നുവെന്ന് അന്വേഷിക്കാനുള്ള പെറ്റമ്മയുടെ ആകുലതകള്‍ പോലും പണത്തിന്‍റെ മുന്നില്‍ വഴിമാറിനിന്നപ്പോഴാണ് മകന്‍റെ കത്തിക്കരിഞ്ഞ മയ്യിത്തിനു മുന്നില്‍ വാവിട്ടുകരയേണ്ട ഗതികേട് വന്നുചേരുന്നത്. കാസര്‍കോട്ട് കൊല്ലപ്പെട്ട സഫീര്‍ അഹ്മദ്ജാന്‍റെയും ഫഹീമിന്‍റെയും ജീവിതരേഖ അടയാളപ്പെടുത്തുന്നത് തന്നെ ലക്ഷ്യബോധമില്ലാത്ത അലഞ്ഞുതിരിയലിന്‍റെയും ഒടുവില്‍ എത്തിപ്പെടുന്ന ദുരന്തമുഖങ്ങളുടെയും ഭീകരതകളാണ്. മക്കള്‍ പണവുമായി വീടണയുന്പോള്‍ മോന് എന്താണ് പണിയെന്ന് ചോദിക്കാനോ വഴി പിഴവിന്‍റെ ലക്ഷണങ്ങള്‍ കണ്ടുപിടിക്കാനോ കരുത്തില്ലാത്ത മാതാപിതാക്കള്‍ ഈ കാലഘട്ടത്തിന്‍റെ ഭൗതികാസക്തിയുടെ ഉപോല്‍പന്നമാണ്. എല്ലാവര്‍ക്കും പണം കിട്ടിയാല്‍ മതി. ഗള്‍ഫുകാരന്‍ വിമാനം കയറി എന്നു കേള്‍ക്കുന്പോഴേക്കും പഴയ തറവാട് പൊളിച്ച് കോണ്‍ക്രീറ്റ് സൗധം പണിയുന്നതിനെ കുറിച്ച് സ്വപ്നം കാണുന്ന ഒരു സമൂഹത്തിന്‍റെ യഥാര്‍ഥരോഗം കണ്ടുപിടിച്ച് ചികില്‍സിക്കാന്‍ ആരും ഇതുവരെ മെനക്കെട്ടിട്ടില്ല. കാരണം, നന്മയിലോ സദാചാരത്തിലോ ധര്‍മനിഷ്ഠയിലോ അല്ല വീടിന്‍റെയും വാഹനത്തിന്‍റെയും നിലവാരത്തിലാണ് വ്യക്തിയുടെ മഹത്വവും ആദരവും കുടിക
ൊള്ളുന്നതെന്ന് തെറ്റിദ്ധരിച്ച ഒരു തലമുറയാണ് നമ്മുടേത്. ഉന്നതരെന്ന് കരുതുന്നവരുടെ മൊത്തം ശ്രദ്ധ പണം സന്പാദനത്തിലും അതുവഴിയുള്ള സുഖജീവിതത്തിലുമാകുന്പോള്‍ യുവാക്കള്‍ മാത്രം സദാചാരബോധമുള്ളവരായി വളരണം എന്നു ശഠിക്കുന്നതിലെ പോഴത്തം എങ്ങനെ കാണാതിരിക്കും?

കേരളത്തിലെ മുസ്ലിം സമൂഹത്തിന്‍റെ പോക്ക് ഗുരുതരമായ താളപ്പിഴകളിലൂടെയാണെന്ന് ശാഹിദ് മുന്പും പലവട്ടം ഓര്‍മപ്പെടുത്തിയതാണ്. കടന്നുപോയ തലമുറകളില്‍നിന്ന് നാം ഏറ്റുവാങ്ങിയ മൂല്യവത്തായ ഈടുവെപ്പുകള്‍ ഓരോന്നായി കൈമോശം വന്നതോടെ എല്ലാം പണം എന്നതായി മാറി. വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ പണസന്പാദനത്തിനു വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്പോള്‍ പലവിധ മാഫിയകള്‍ സമുദായത്തിന്‍റെ ലേബളില്‍ പൊട്ടിമുളക്കുകയാണ്. മണല്‍മാഫിയ മുതല്‍ മദ്യമാഫിയവരെ മുസ്ലിം പേരുകളിലാണ് അധോലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളത്. ഇവര്‍ക്ക് രാഷ്ട്രീയനേതൃത്വത്തിന്‍റെയും ചില ആത്മീയ വാദികളുടെയും രഹസ്യമോ പരസ്യമോ ആയ പിന്‍ബലമുണ്ട്. കൈയൂക്കും കായികബലവും കൊണ്ട് സമുദായത്തിനു കാവല്‍ നില്‍ക്കാന്‍ ഒരുകൂട്ടര്‍ പ്രതിരോധകവചം തീര്‍ത്തപ്പോള്‍ ഒരു വിഭാഗം ചെറുപ്പക്കാര്‍ അവരോടൊപ്പം ചേര്‍ന്നത് മുസ്ലിം നേതൃത്വത്തിന്‍റെ കൊള്ളരുതായ്മ കൊണ്ടായിരുന്നു. മാതൃകാപുരുഷന്മാര്‍ നഷ്ടപ്പെട്ട മുസ്ലിംരാഷ്ട്രീയ പാര്‍ട്ടികളുടെ കുട്ടിനേതാക്കളുടെ ഒത്താശയോടെയാണ് പ്രാദേശികതലങ്ങളില്‍ മാഫിയസംഘങ്ങള്‍ അടക്കിവാഴുന്നതെന്ന രഹസ്യം പരസ്യമായ അങ്ങാടിപ്പാട്ടാണ്. ഇപ്പോള്‍ ഇരട്ടകൊലപാതക ദുരന്തം അരങ്ങേറിയ കാസര്‍കോടിന്‍റെ സാമൂഹിക ജീവിതപരിസരവും ജനതയുടെ മനോഘടനയും കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍നിന്നും എന്നും ഭിന്നമായി തുടര്‍ന്നത് അനാശാസ്യങ്ങളുടെയും കള്ളക്കടത്തിന്‍റെയും അറുകൊലയുടെയും പേരിലാണ്. എത്രയെത്ര പ്രമുഖര്‍ ആ മണ്ണില്‍ അപമൃത്യു പൂണ്ട് പിടിഞ്ഞുമരിച്ചു. ഹംസ കൊലക്കേസും എം ബി മൂസ കൊലപാതകവുമൊക്കെ കാലത്തിന്‍റെ ചാരത്തില്‍ ഇന്നും അമര്‍ന്നുകത്തുന്ന, നടുക്കുന്ന ഓര്‍മകളാണ്. നിയമവിരുദ്ധ മാര്‍ഗങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍ ഹവാലയും കള്ളക്കടത്തും കള്ളനോട്ടടിയും ഒരു പ്രദേശത്തിന്‍റെ ജൈവസ്വഭാവമായി മാറുന്ന ദയനീയാവസ്ഥ നമുക്ക് കാണേണ്ടിവന്നു. സമുദായനേതൃത്വം അതൊന്നും ഗൗരവമായി കണ്ടില്ല എന്നു മാത്രമല്ല, എല്ലാ അപചയങ്ങളുടെയും കാവലാളുകളായി നിന്നുകൊടുത്തു. അതോടൊപ്പം ചെളിക്കുണ്ടില്‍നിന്ന് പരമാവധി ലാഭം കൊയ്യാനും അത്യാചാരങ്ങള്‍ക്ക് പച്ചക്കൊടി കാട്ടാനും മടി കാണിച്ചുമില്ല.. ഉറങ്ങാത്ത രാവുകളില്‍ വീരസ്യം പറഞ്ഞും ബിരിയാണിയില്‍ മുഖം അമര്‍ത്തിയും നാട്ടിലെ അഭിസാരികകളില്‍ ശരീരം നിക്ഷേപിച്ചും വഴിപിഴപ്പിനു പുതിയ ഭാഷ്യങ്ങള്‍ രചിക്കുന്ന വിഭാഗം വെറുതെ നന്നാവുമെന്ന് കരുതുന്നത് മടയത്തമാണ്. മണിമാളിക പണിതും കണ്ണഞ്ചിപ്പിക്കുന്ന കാറുകള്‍ പോര്‍ച്ചുകളില്‍ നിരത്തിയും കൈനിറയെ സംഭാവന നല്‍കിയും ധൂര്‍ത്തിന്‍റെ അഴിമുഖങ്ങളില്‍ നഗ്നസ്നാനം നടത്തുന്ന അല്‍പന്മാരുടെ മക്കളില്‍നിന്ന് വഞ്ചകരും കൊലപാതകികളും പിറന്നില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ.

സമുദായത്തിന്‍റെ മൊത്തത്തിലുള്ള അപഥസഞ്ചാരത്തിന്‍റെ ഇടക്കിടെയുള്ള വിളംബരങ്ങളായി വേണം ഇത്തരം ദുരന്തങ്ങളെ കാണാന്‍. എന്താണ് ഇതിനു പ്രതിവിധി എന്നു ചോദിച്ചാല്‍ ചികില്‍സ കുടുംബത്തില്‍നിന്ന് തുടങ്ങണമെന്നേ ഏത് സാമൂഹിക ഭിഷഗ്വരനും പ്രതിവിധി കുറിച്ചിടൂ. കുടുംബാന്തരീക്ഷം ഇന്ന് ആകെ താളം തെറ്റിയിരിക്കയാണ്. പടിഞ്ഞാറന്‍ സമൂഹത്തില്‍ ഇന്നലെ സംഭവിച്ചത് നാമിന്ന് അനുഭവിച്ചുതുടങ്ങുന്നു എന്നുമാത്രം. ഇഛകള്‍ക്കു കടിഞ്ഞാണില്ലാതെയുള്ള ജീവിതം കുടുംബത്തിലെ ഓരോ അംഗത്തിലേക്കും അവരറിയാതെ പലവിധത്തിലുള്ള സാംക്രമിക രോഗങ്ങള്‍ പരത്തുകയാണ്. ഗള്‍ഫ്യുഗത്തിന്‍റെ തുടക്കത്തോടെ നാന്ദികുറിച്ച കുടുംബശൈഥില്യം അപകടകരമായ ദശയാണ്് ഇപ്പോള്‍ പിന്നിടുന്നത്. ഗൃഹനാഥന്‍റെ അഭാവത്തില്‍ മക്കളിലുണ്ടായ താന്തോന്നി സ്വഭാവം എല്ലാ പരിധികളും വിട്ട് മക്കള്‍ കുടുംബത്തിന്‍റെ അകത്തളം മുഴുവന്‍ ഭരിക്കുന്ന അവസ്ഥയിലെത്തിച്ചു. തലമുറകള്‍ തമ്മിലുള്ള ആശയവിനിമയ വിടവ് മാതാപിതാക്കളെ കാലഹരണപ്പെട്ട സ്ഥാപന ഉടമകളാക്കി മാറ്റി. അനുസരണശീലവും വിദ്യയും കൈമുതലായ മക്കള്‍ വീടിനകത്ത് വിപ്ലകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു സംസ്കരണത്തിന്‍റെ പുതിയ പാഠശാലകള്‍ക്ക് തുടക്കമിട്ടു. അതേസമയം, മക്കള്‍ക്ക് എന്തും ചെയ്യാമെന്ന് വന്നപ്പോള്‍ വിദ്യാവിഹീനരും താന്തോന്നികളുമായ ഒരു വിഭാഗം കൂടുതല്‍ ജീര്‍ണിതമായ പരിസരത്തേക്ക് ചേക്കേറുകയും തീവ്രചിന്താഗതികളിലേക്കും മാഫിയ സംസ്കാരത്തിലേക്കും കണ്ണി ചേര്‍ക്കപ്പെടുകയും ചെയ്തു. ക്രിമനിലുകളായി സമുദായത്തിന്‍റെ കണക്കില്‍ വരവു ചേര്‍ക്കപ്പെടുന്ന ഇക്കൂട്ടര്‍ സമീപകാലത്ത് നാം കരഗതമാക്കിയ ആത്മീയഔന്നത്യത്തിന്‍റെയോ മതനേതൃത്വത്തിന്‍റെയോ ഭ്രമണപഥത്തിലേക്ക് കടന്നുവരുന്നില്ല. ഇത്തരം ക്രിമിനലുകളുടെ ഒരു സമാന്തരലോകം വിപുലപ്പെട്ടുവരുകയാണ്. ഇന്ന് തൊഴില്‍രഹിതനായി ഒരുത്തനെയും കാണില്ല. സുതാര്യമല്ലാത്ത, നിഗൂഢത നിറഞ്ഞ വഴിയിലൂടെയാണ് പലരും ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നത്. മിക്കവാറും നിയമവിരുദ്ധ മാര്‍ഗമായിരിക്കാം അവലംബിച്ചിട്ടുണ്ടാവുക. കച്ചവടത്തില്‍ കണിശമായ സത്യസന്ധത കാണിച്ച് ലോകത്തിനു മാതൃകയായ ഒരു സമൂഹമായിരുന്നു ഇന്നലെ വരെ കേരളീയ മുസ്ലിംകള്‍. നാല് ദിവസത്തെ മതപ്രസംഗം, ഒരു ടേബിള്‍ടോക്ക്, സെമിനാര്‍ ഇതുകൊണ്ടൊക്കെ സമുദായം ശരിപ്പെടുമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. ഇതാണ് ഇസ്ലാമിക ജീവിതം എന്ന് പറഞ്ഞു ചൂണ്ടിക്കാണിക്കാവുന്ന മാതൃകാജീവിതങ്ങളും ഇതാണ് ഇസ്ലാം എന്നു നിര്‍ഭയം പറയാന്‍ കഴിയുംവിധം നട്ടെല്ലുറപ്പിച്ച നേതൃത്വവും മഹല്ലുകളിലുണ്ടെങ്കില്‍ മാറ്റങ്ങള്‍ പതുക്കെ വരും. ഈ നിലയിലേക്ക് ഉയരാന്‍ നമുക്ക് കെല്പുണ്ടോ എന്നതാണ് ഉത്തരവാദപ്പെട്ടവരെ കുഴക്കുന്ന ചോദ്യം.

ശാഹിദ്

You must be logged in to post a comment Login