ഇനിയും റിപോര്‍ട്ട് ചെയ്തിട്ടില്ല

ഇനിയും റിപോര്‍ട്ട് ചെയ്തിട്ടില്ല

അന്നൊരു നബിദിനത്തില്‍ മദ്രസയിലെ ഗാനാലാപന മത്സരത്തില്‍ ഒന്നാംസ്ഥാനം എനിക്കായിരുന്നു. അടുത്തത് റൈഞ്ച് തലത്തിലുളള മത്സരമാണ്. പലരും നിരന്തരം എനിക്ക് പ്രചോദനങ്ങള്‍ നല്‍കി. ദിവസവും ഒന്നോ, രണ്ടോ തവണ പാടി കേള്‍പ്പിച്ചല്ലാതെ ഉസ്താദിനും സമാധാനമായിരുന്നില്ല. സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒരു ദിവസം ഉസ്താദ് മോനേ നാളെയാണ് പരിപാടി. ശബ്ദത്തിന്‍റെ കാര്യം ശ്രദ്ധിക്കണം. തണുത്ത വെളളം കുടിക്കരുത് എന്നെല്ലാം പറഞ്ഞു.

പ്രഭാതം പൊട്ടി വിടര്‍ന്നപ്പോള്‍ അഹ്ലാദപൂര്‍വ്വം ഞാന്‍ ഉമ്മയോടും ഉപ്പയോടും സലാം പറഞ്ഞിറങ്ങി. ഓരോ പരിപാടിക്കും തിരഞ്ഞെടുത്ത പതിമൂന്ന് പേരാണ് ഞങ്ങളുടെ ടീം. മദ്രസാ വരാന്തയില്‍ ഞങ്ങളെ യാത്രയാക്കാന്‍ സഹപാഠികള്‍ നിറഞ്ഞു നിന്നിരുന്നു. യാത്രയിലുടനീളം ഉസ്താദിന്‍റെ നര്‍മ്മം കലര്‍ന്ന ഉപദേശങ്ങള്‍ ഞങ്ങള്‍ക്കാവേശം പകര്‍ന്നു. വര്‍ണാരവങ്ങള്‍ കൊണ്ട് നിബിഡമായ കോടനാട് മദ്രസയില്‍ ഞങ്ങളെത്തി.

കോഡ് ലെറ്റര്‍ കൈപറ്റിയതോടെ പലരും പല വഴിയില്‍ ചിന്നിച്ചിതറി. ഞാനാദ്യമായാണ് ഇത്തരം പരിപാടിയില്‍ സംബന്ധിക്കുന്നത്. അതും കുറച്ച് ദൂരെ. എന്തോ ഒരു ഒറ്റപ്പെടലിന്‍റെ വേദന എന്നെ അലട്ടി കൊണ്ടിരുന്നു.എങ്കിലും പതിയെ പതിയെ ഓരോ സ്റ്റേജിനരികിലുടെയും നടന്നു. എല്ലായിടത്തും ഒറ്റയായും, സംഘമായും പലരുടെയും ചുണ്ടുകള്‍ ചലിച്ചു കൊണ്ടിരിക്കുന്നു. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. ഉസ്താദാണെങ്കില്‍ വന്നപാടെ ഓഫീസില്‍ കയറിയതാ. കൂടെ വന്നവര്‍ നേരത്തെ ഇവിടെ പരിചയമുളളവരാണ്. അവര്‍ പരിചയം പുതുക്കാന്‍ പലരെയും തേടിപോയി. ഞാന്‍ ഒറ്റപ്പെട്ടു..

പെട്ടന്ന് പിറകില്‍ നിന്ന് ഉനൈസ്…” ഉസ്താദിന്‍റെ വിളിയായിരുന്നു അത്. നീറുന്ന ഹൃദയത്തിന്നത് സ്വാന്തനമായി. എന്താ ഒറ്റക്ക് നില്‍ക്കുന്നത്. ഭക്ഷണത്തിനുള്ള ടോക്കണ്‍ കിട്ടിയോ.”
ഇല്ല.”
ഭക്ഷണം കഴിച്ചോളൂ” എന്നു പറഞ്ഞ് ടോക്കണ്‍ കൈയില്‍ തന്നു.
നിന്‍റെ പരിപാടി എപ്പോഴാണെന്നറിയുമോ…”
ഇല്ല. ഒന്നും അറിഞ്ഞിട്ടില്ല ഉസ്താദെ…” അല്‍പം വേദനയോടെ തന്നെ പറഞ്ഞു. ഒരു കെട്ട് പേപ്പറുകള്‍ മറിച്ചിട്ട് ജൂനിയര്‍ എന്ന ശീര്‍ഷകത്തില്‍ നോക്കി പറഞ്ഞു ഉച്ചക്ക് ശേഷം സ്റ്റേജ് ഒന്നില്‍ വെച്ചാണ് ഗാനം. 3 ാം സ്റ്റേജില്‍ ഖിറാഅത്തും” എന്നും പറഞ്ഞ് ഉസ്താദ് പോയി. എന്തൊക്കെയോ പറയാന്‍ തോന്നുന്നുണ്ട്. പക്ഷേ കേള്‍ക്കാന്‍ മാത്രമെ എനിക്കായുള്ളൂ. പെട്ടെന്ന് തന്നെ പ്രാതല്‍ കഴിച്ച് സ്റ്റേജ് ഒന്നില്‍ ഒഴിഞ്ഞ കസേരകളിലൊന്നില്‍ ഇടം പിടിച്ചു. പതിയെ ഞാനും പുതിയ കൂട്ടുകാരെ കണ്ടെത്തി. മുഷിപ്പുണ്ടെങ്കിലും ഏതാനും മത്സര ഫലങ്ങള്‍ പുറത്തു വന്നതോടെ തക്ബീര്‍ ധ്വനികള്‍ കൊണ്ട് ആവേശമായിരുന്നു. മുനീറുല്‍ഇസ്ലാം എന്ന് എന്‍റെ മദ്രസയുടെ പേര്‍ കേള്‍ക്കുന്പോള്‍ അതിന്നൊരു പ്രത്യേകം മധുരം തന്നെ.

ളുഹര്‍ ബാങ്ക് മുഴങ്ങി. ഭക്ഷണത്തിന് വേണ്ടിയും നിസ്കാരത്തിന് വേണ്ടിയും നീങ്ങാന്‍ അറിയിപ്പ് കിട്ടുന്പോള്‍ സ്റ്റേജ് മൂന്നില്‍ എന്‍റെ ഖുര്‍ആന്‍ പാരായണം നടക്കുകയായിരുന്നു. അതിനിടെ കൂട്ടുകാരില്‍ പലരും നിസ്കരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. മത്സരം കഴിഞ്ഞപ്പോഴേക്കും എന്തെന്നില്ലാത്ത തലവേദനയും, തലകറക്കവും എന്നെയേറെ അലോസരപ്പെടുത്തി. അടുത്ത പരിപാടി ഉള്ളതല്ലേ.. പെട്ടെന്ന് ഭക്ഷണം കഴിക്കാം എന്ന് കരുതി ഭക്ഷണപ്പൊതി കൈപറ്റി. ഹായ് … നല്ല അസ്സല്‍ ബിരിയാണി. അതു കഴിച്ച് നിസ്കാരത്തിന്നായ് പള്ളിയിലെത്തുന്പോള്‍ വീണ്ടും തലകറക്കം പോലെ.

സിമന്‍റ് കട്ടകൊണ്ടുള്ള ഇരിപ്പിടത്തിലിരുന്ന് വുളൂ എടുക്കാന്‍ പാകത്തിലുള്ള വലിയ ഹൗളായിരുന്നു ആ പള്ളിയില്‍. അതിലെ മീനുകള്‍ എന്നെ നോക്കി എന്തൊക്കെയോ കുശലം പറയുന്നത് പോലെ. എല്ലാം ഒരു പുതുമയായി തോന്നി. വളരെ പ്രയാസപ്പെട്ടാണെങ്കിലും വുളു എടുത്ത് കാല്‍ കഴുകുന്നതിന്ന്വേണ്ടി ഇരിപ്പിടത്തില്‍ നിന്ന് പൊന്തുന്പോഴേക്കും പിന്നിലൂടെ പോയ ആരുടെയോ കാല്‍ എന്നെ ഹൗളിലേക്ക് വീഴ്ത്തി. ബ്ളും… എന്നൊരു ശബ്ദം മാത്രമേ ഓര്‍മയുള്ളൂ. ഹൗളില്‍ നിന്നും ഒരുപാട് വെളളം കുടിച്ചെന്ന് തോന്നുന്നു. ആരൊക്കയോ കൂടി എന്നെ ഹൗളില്‍ നിന്നും കയറ്റി. കണ്ണ് തുറന്നു നോക്കുന്പോള്‍ ആള്‍ക്കൂട്ടം ശരിക്കും എന്നെ പൊതിഞ്ഞിരിക്കുന്നു. ഏതോ ബദ്റു എന്ന ആളുടെ കാലായിരുന്നു എന്നെ വീഴ്ത്തിയത്.. അവനും സമീപത്തുണ്ട്. വയറമര്‍ത്തിപ്പിടിച്ച് വെളളം പുറത്തെടുക്കാനുളള തന്ത്രപാടിലാണ് ചിലര്‍. ബദ്റായാലും, ഉഹ്ദായാലും നോക്കി നടക്കേണ്ടേ…’ എന്ന് പറഞ്ഞ് അവനെ പഴിചാരുകയാണ് മറ്റു ചിലര്‍. വസ്ത്രമാകെ മുഷിഞ്ഞ് ഇനി എന്ത് ചെയ്യണമെന്നറിയാതിരിക്കുന്പോള്‍ സ്റ്റേജ് ഒന്നില്‍ നിന്ന് അനൗണ്‍സ് കോഡ് ലെറ്റര്‍ 103, ഇനിയും റിപോര്‍ട്ട് ചെയ്തിട്ടില്ല…”

ഉനൈസ് കുടല്ലൂര്‍

You must be logged in to post a comment Login