മദ്ഹില്‍ പൂത്തുലഞ്ഞ ബന്ധം

മദ്ഹില്‍ പൂത്തുലഞ്ഞ ബന്ധം

ഉസ്താദുല്‍അസാതീദ് ഒ.കെ ഉസ്താദിന്‍റെ കീഴില്‍ ബാപ്പു മുസ്ലിയാരുമൊത്തുള്ള പഠനകാലം മനോഹരമായ ഒരോര്‍മയാണ്. തലക്കടുത്തൂര്‍ ജുമുഅത്ത് പള്ളിയില്‍ വെച്ചാണത്. പഠിക്കുന്ന സമയത്ത് തന്നെ അദ്ദേഹം നന്നായി കവിത രചിക്കുമായിരുന്നു. നബി(സ)യുടെയും സജ്ജനങ്ങളുടെയും പ്രകീര്‍ത്തനങ്ങളായിരുന്നു ബാപ്പു മുസ്ലിയാരുടെ മിക്ക വരികളിലും ഉണ്ടായിരുന്നത്.

ഈ കാവ്യസിദ്ധിയാണ് യഥാര്‍ത്ഥത്തില്‍ ബാപ്പു മുസ്ലിയാരുമായി കൂടുതല്‍ അടുപ്പിച്ചത്. റസൂലുല്ലാഹി (സ) യുടെ മദ്ഹ് കേള്‍ക്കാന്‍ എന്തൊരു ഇഷ്ടമാണ്. അതു കൊണ്ട് ബാപ്പു മുസ്ലിയാര്‍ എഴുതിയ സാഹിത്യസൃഷ്ടികള്‍ ഞാന്‍ വളരെ താല്‍പര്യത്തോടെയാണ് നോക്കിക്കാണാറുള്ളത്. സുന്നത് ജമാഅതിന് വേണ്ടി നമ്മള്‍ നടത്തിയ വളരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് ബാപ്പു മുസ്ലിയാര്‍ വളരെ ആവേശത്തോടെ സംഘടനാ രംഗത്ത് വരികയുണ്ടായി.

മുസ്ലിം സമുദായത്തിന് അനല്‍പമായ നഷ്ടങ്ങളാണ് മതപണ്ഡിതരുടെ വിയോഗം മൂലം സംഭവിക്കുന്നത്. മുഹമ്മദ് നബി(സ)യുടെ കാലഘട്ടം മുതല്‍ മത പണ്ഡിതരുടെയും ഔലിയാക്കളുടെയും തണലില്‍ വളരുന്ന സംസ്കാരമാണ് മുസ്ലിംകള്‍ക്കുള്ളത്.

ഓരോ കാലഘട്ടത്തിലും കഴിവുറ്റ മതപണ്ഡിതരും സൂഫീവര്യന്മാരും ഈ സമുദായത്തെ വഴി നടത്തി. സുന്നീപാരന്പര്യത്തില്‍ അടിയുറച്ച് വിശ്വസിക്കാനും ആ വഴിക്ക് ജീവിതം ക്രമീകരിക്കാനും പണ്ഡിത നേതൃത്വം സമൂഹത്തെ നിരന്തരം പ്രേരിപ്പിച്ചു പോന്നു. അധ്യാത്മിക വഴിയില്‍ മുന്നേറുന്ന, ആദര്‍ശ ബോധമുള്ള വിശ്വാസികളെ വാര്‍ത്തെടുക്കുന്നതില്‍ പണ്ഡിതന്മാരുടെ ഈ നേതൃപാടവം വഹിച്ച പങ്ക് ചെറുതല്ല. ഈയര്‍ത്ഥത്തില്‍, തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ ജീവിതം കേരള മുസ്ലിം ചരിത്രത്തിന്‍റെ തിളക്കമുള്ള അധ്യായമാണ്. തന്‍റെ പാണ്ഡിത്യവും സംഘാടനവും രചനകളും അതിമനോഹരമായി സമന്വയിപ്പിച്ച ബാപ്പു മുസ്ലിയാരുടെ സമര്‍പ്പിത പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. ദീനീ വിജ്ഞാനത്തിന്‍റെ എല്ലാ മേഖലകളിലും പ്രാവീണ്യം നേടിയ അദ്ദേഹം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നീണ്ട കാലം ദര്‍സ് നടത്തി. വൈജ്ഞാനിക ആധ്യാത്മിക നേതൃത്വത്തിലൂടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം എക്കാലത്തും മുന്‍പന്തിയിലുണ്ടായിരുന്നു. ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത പുന:സംഘടിപ്പിച്ചപ്പോള്‍ സെക്രട്ടറിമാരില്‍ ഒരാളായി ബാപ്പു മുസ്ലിയാര്‍ ഉണ്ടായിരുന്നു. ചരിത്രത്തില്‍ നിര്‍ണായകമായ ഒരു സമയമായിരുന്നു അത്.

നീണ്ട കാലം സമസ്തയില്‍ സേവനമനുഷ്ഠിച്ച ബാപ്പു മുസ്ലിയാര്‍ രോഗം കാരണം ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അതിന് ശേഷവും വൈജ്ഞാനിക സേവനങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്‍റെ പരന്പരയില്‍പെട്ട ബാപ്പു മുസ്ലിയാരുടെ ജീവിതത്തില്‍ നിന്ന് ആത്മീയ സായൂജ്യം കിട്ടിയവര്‍ നിരവധിയാണ്. അറബി കാവ്യ ലോകത്തിന്‍റെ ഗഹനത ഉള്‍കൊണ്ട് വിരചിതമായ അദ്ദേഹത്തിന്‍റെ ഉല്‍കൃഷ്ട രചനകള്‍ കേരള പണ്ഡിതരില്‍ നിന്ന് അറബി സാഹിത്യത്തിനു ലഭിച്ച വിലപ്പെട്ട സംഭാവന കൂടിയാണ്.

ഇല്‍മുല്‍ഹയ്അത്, ഇല്‍മുല്‍ഫലക് എന്നീ വിഷയങ്ങള്‍ ഒ.കെ ഉസ്താദില്‍ നിന്ന് നേരിട്ട് പഠിച്ച ശിഷ്യരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. അതു കാരണം ഖിബ്ല നിര്‍ണയിക്കുക, നക്ഷത്രങ്ങള്‍ നോക്കി ദിശ നിര്‍ണയിക്കുക തുടങ്ങിയവയില്‍ നല്ല പ്രാവീണ്യമായിരുന്നു അദ്ദേഹത്തിന്ന്.

ബാപ്പു ഉസ്താദ് ബാഖിയാത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഉപരിപഠനത്തിന് പോയത്. എങ്കിലും ഞങ്ങളൊന്നിച്ച് നിരവധി കിതാബുകള്‍ ഓതിയിട്ടുണ്ട്. ബാഖിയാത്തില്‍ പഠിക്കുന്ന സമയത്ത് സരസമായി തമാശകള്‍ പറയുന്പോള്‍ പോലും അദ്ദേഹം പ്രകടിപ്പിച്ച ബുദ്ധിവൈഭവം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ലാളിത്യത്തില്‍ ജീവിച്ച പ്രതിഭയായിരുന്നു ബാപ്പു മുസ്ലിയാര്‍. അദ്ദേഹം എഴുതിയ മുഖമ്മസുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. യാ സയ്യിദസ്സാദാത്തിനെഴുതിയ പഞ്ചീകരണം ഒരു സാധാരണ കവിക്ക് എഴുതാനാവില്ല. അത്ര ഗംഭീരമായാണ് അതെഴുതിയത്. ഒരാളുടെ ശൈലിയില്‍ സ്വതസിദ്ധമായി അദ്ദേഹം എഴുതിയ ആ തഖ്മീസ് മൂല കവിതയിലെ വരികളേക്കാള്‍ ആഴത്തിലുള്ളതാണെന്ന് തോന്നും. ഇത് സാഹിത്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യവും സര്‍ഗാത്മകതയും വ്യക്തമാക്കുന്നതാണ്.

റിയാദ് ജയിലില്‍ നിന്നു ഞാന്‍ മോചിതനായി വരുന്ന സമയത്ത് ബാപ്പു മുസ്ലിയാര്‍ എഴുതിയ കവിത ഇപ്പോഴും എന്‍റെ പക്കലുണ്ട്. അതിലെ കുന്‍ത തുഖീമു ലി അഅ്ദാ ഖൈരി ഖല്‍ഖിന്‍ തുടങ്ങിയ വരികള്‍ ആ തടവറ ജീവിതത്തിന്‍റെ നിമിത്തങ്ങളിലേക്ക് സംയമനത്തോടെ നടത്തിയ കാവ്യസഞ്ചാരമാണ്. മനോനൈര്‍മല്യമുള്ള ഇത്തരം ആലിമുകളുടെ വിയോഗം കാലത്തിന്ന് അളവറ്റ നഷ്ടമാണ് വരുത്തിവെക്കുന്നത്. അല്ലാഹു ആ ഖബറിടം പ്രകാശമാനമാക്കട്ടേ.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

You must be logged in to post a comment Login