ദേഷ്യം ഇത്രക്കുണ്ടോ, എങ്കില്‍ കൊണ്ടേ പോകൂ

ദേഷ്യം ഇത്രക്കുണ്ടോ,  എങ്കില്‍ കൊണ്ടേ പോകൂ

പണ്ടൊരു രാജാവുണ്ടായിരുന്നു. ഒട്ടിഷ്ടമായിരുന്നു, നായാട്ട.് പ്രാവിനേയും കൂടെക്കൂട്ടിയാണ് വേട്ടക്ക് പോവുക. ഒരു നാള്‍ ഘോരവനത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കെ, രാജാവിന് ദാഹം വന്നു. ചങ്കുപൊട്ടുന്ന പെരും ദാഹം. പക്ഷേ, എവിടേയും വെള്ളം കിട്ടാനില്ല.

അങ്ങനെയിരിക്കവെ, ഒരു മരത്തിന്‍റെ കീഴ്ഭാഗത്ത് കൂടെ ഒരു മാതിരി വെള്ളം ഒലിച്ചിറങ്ങുന്നു. ദാഹം മൂത്ത രാജന്‍ ഓടിച്ചെന്ന് കൈക്കുന്പിളില്‍ ആ വെള്ളം കോരിയെടുത്ത് കുടിക്കാനോങ്ങി. അപ്പോഴേക്കും പ്രാവ് പിടഞ്ഞുപറന്ന് അത് തട്ടിമറിച്ചുകളഞ്ഞു, അസത്ത്! രണ്ടാമതും രാജാവ് കയ്യില്‍ വെള്ളം പിടിച്ചു. ചുണ്ടോടടുപ്പിക്കേണ്ട താമസം, പ്രാവ് വീണ്ടും ഇടങ്കോലിട്ട് തൂത്തിക്കളഞ്ഞു, നാശം!! മൂന്നാമതും രാജാവ് വെള്ളം കോരിയെടുത്തു. പക്ഷെ ഇത്തവണയും പ്രാവ് കുടി മുടക്കി, കുരിശ്!!!

അരിശം മൂത്ത രാജാവ് തന്‍റെ വാള്‍ വലിച്ചൂരി, പ്രാവിന്‍റെ ചിറക് അരിഞ്ഞ് താഴെയിട്ടു. വേദനകൊണ്ട് പുളഞ്ഞ അത് അലറിക്കരഞ്ഞു. പ്രാണവേദനയാല്‍ പിടപിടച്ചു. എന്തോ പന്തികേടു തോന്നിയ രാജാവ് ആ മരത്തിന്‍റെ മുകളിലേക്ക് നോക്കി. അപ്പോള്‍, ഒരു കുടുന്തല്‍ വിഷപ്പാന്പുകള്‍ അവിടം പിണഞ്ഞുകിടക്കുന്നു. ഒരു മഹാസത്വത്തിന്‍റെ തലമുടികള്‍ പോലെ! അവയുടെ കൊടും വിഷമാണ്, മരത്തിലെ കീഴ്പൊത്തിലൂടെ ഈ ഒഴുകിവരുന്നത്. അതെങ്ങാനും ഞാന്‍ കുടിച്ചിരുന്നെങ്കില്‍ എന്നോര്‍ത്ത് സങ്കടം പൊട്ടിയ രാജന്‍ തന്‍റെ പ്രാവിനെ അനുകന്പയോടെ നോക്കി. അപ്പോഴേക്കും, കരുവാളിച്ച മുഖത്തോടെ അത് ചത്തുമലച്ചിരുന്നു. ആയിരത്തൊന്ന് രാവുകളിലെ അറബിക്കഥയല്ലേ നിങ്ങളീ പറഞ്ഞുവരുന്നത് എന്ന് നിങ്ങളില്‍ പെട്ട ആരെങ്കിലും ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കും. ആകയാല്‍ അതല്ലാത്ത മറ്റൊരു കഥയിലേക്ക് കടക്കുകയാണ്.

പൂമുഖവാതില്‍ താഴിട്ടുപൂട്ടി പുറത്ത് പോയിരിക്കുകയാണ് വീട്ടുടമ. തിരിച്ചുവന്ന് വീടുതുറന്ന് നോക്കുന്പോള്‍ പതിവിനു വിപരീതമായി അങ്ങിങ്ങ് പട്ടിയുടെ കാലടികള്‍. ഉറക്കറയില്‍ കയറി ലൈറ്റിട്ടുനോക്കുന്പോള്‍ കിടക്കവിരിപ്പിലും ചെളികലര്‍ന്ന പട്ടിക്കാലടികള്‍. ഏതെങ്കിലും പെരുച്ചാഴിയെ പിടിച്ചുകൊണ്ടുവന്ന് കൊന്ന് ശാപ്പിട്ടുകാണും, ആ മിച്ച. ഈയടുത്ത കാലത്തായി എന്‍റെ മിച്ചക്കിത്തിരി അനുസരണം കുറയുന്നുണ്ടോ? വിരിപ്പല്‍പം മാറ്റിനോക്കിയപ്പോള്‍ ആകപ്പാടെ ചോരക്കലകളും ഇറച്ചിത്തുണ്ടുകളും. ങ്ഹാ! എന്‍റെ നായേ… നായിന്‍റെ മോനേ… നീ എനിക്കിട്ട് പണി തന്നു അല്ലേടാ.. എന്നും പറഞ്ഞ് അയാള്‍ അടുക്കളപ്പുറത്തേക്ക് ഓടിപ്പോയി.

കോപം കൊണ്ട് അയാളുടെ കണ്ണുകള്‍ കത്തുന്നുണ്ടായിരുന്നു. ഒരൊന്നാം നന്പര്‍ ഉണക്ക വിറകിന്‍തടി വലിച്ചൂരി. എന്തോ ആലോചിച്ച്, എങ്ങോ നോക്കി പിന്‍കാലുകളില്‍ ഉക്കിച്ചിരിക്കുകയായിരുന്ന മിച്ചയുടെ നടുപ്പുറത്തും മുതുകത്തും അയാള്‍ അരിശത്തോടെ ആഞ്ഞുതല്ലി. കൂര്‍പ്പുതട്ടി മുതുക് മുറിയുകയും വേദനകൊണ്ട് പുളയുകയും ചെയ്ത മിച്ച പക്ഷെ, വാലാട്ടിക്കൊണ്ട് അയാളെ ചുറ്റിപ്പറ്റി മണപ്പിച്ചുനടന്നു. ഇടക്കിടെ കാല് കുടഞ്ഞുകൊണ്ടിരുന്നു. അതിന്‍റെ മുഖം പ്രസവവേദന കടുത്തതുപോലെ വിഷണ്ണമായിരുന്നു. വീണ്ടും അകത്തുകയറി തലയിണയും വിരിപ്പും മാറ്റി കട്ടില്‍ അല്‍പം വലിച്ചുമാറ്റിയപ്പോള്‍, ന്‍റമ്മേ…!!!! ഷോക്കേറ്റപോലെ ഞെട്ടിത്തരിച്ചു അയാള്‍. കറുത്തുതടിച്ച ഒരു മസ്മാരി മൂര്‍ഖന്‍ അതാ ചത്തുമുറിഞ്ഞ് കിടക്കുന്നു! പേടിച്ച് പുറത്തേക്കോടിയ അയാള്‍ കണ്ടത് കണ്ണ് നനച്ച് സങ്കടപ്പെട്ടിരിക്കുന്ന മിച്ചയെയായിരുന്നു. അത് നിര്‍ത്താതെ കാല്‍കുടഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നെ കാത്തുകൊള്ളാന്‍ മൂര്‍ഖനോട് ജീവന്‍മരണ പോരാട്ടം നടത്തിയ പോറ്റുപട്ടിയെ ഇമ്മട്ടിലടിച്ചൊടിച്ച ഞാനെന്തു നായയെടാ… എന്നോര്‍ത്ത് അയാള്‍ക്ക് അയാളോടു തന്നെ പുച്ഛം തോന്നി.

ഇതും കഥയല്ലേ എന്നായിരിക്കും നിങ്ങളില്‍ ചിലര്‍ക്ക് തോന്നുന്നുണ്ടാവുക. എന്നാല്‍ ഫോണ്‍വിളിച്ച സംഭവം കേട്ടുനോക്ക്. കല്യാണ നിശ്ചയമാണ് നടക്കാനിരിക്കുന്നത്. ആചാരപരമായ ചടങ്ങുകള്‍ക്ക് വൈകിയെത്തി വെയ്റ്റു തെളിയിക്കുന്ന ചില കാര്‍ണോര്‍മാര്‍ ഇനിയും മരിച്ചുതീര്‍ന്നിട്ടില്ല എന്ന കാര്യം നിങ്ങള്‍ മറന്നിട്ടില്ലല്ലോ? ആണ്‍വീട്ടുകാരില്‍ ആര് എത്ര വൈകിയാലും കുഴപ്പമില്ല, പെണ്‍വീട്ടുകാരില്‍ ഒരാളും അരമിനിറ്റുപോലും വൈകാന്‍ പാടില്ല എന്ന സാമൂഹ്യനിയമവും നിലവിലുള്ളതായി നിങ്ങളോര്‍ക്കുന്നുണ്ടല്ലോ?
ഒന്നരയാണ് സമയം പറഞ്ഞുറച്ചിരുന്നത്. ആണ്‍ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഇതാ സകലരും ഹാജര്‍! വൈകിയെത്തി വില തെളിയിക്കുന്ന കോലാന്പിക്കാര്‍ണോര്‍ വരെ!! എന്നാല്‍, പെണ്‍വീട്ടുകാര്‍ ഇനിയുമെത്തിയിട്ടില്ല!
ഓഹോ, ഒന്നേമുക്കാലായിട്ടും?!

ഇല്ല, എത്തിയിട്ടില്ല!!
എന്നു മാത്രമല്ല, ഇതാ ഞങ്ങളെത്തിപ്പോയി, എന്ന് എളിമയില്‍ ഒന്നു വിളിച്ചുപറയലില്ലേ, അതുമില്ല.
എന്തിനധികം, അങ്ങോട്ട് വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നുമില്ല.
വേറൊരാളെ വിളിച്ചപ്പോള്‍ സ്വിച്ചോഫ്. മറ്റൊരാള്‍ പരിധിക്കുപുറത്ത്.
അളിയന്‍ കുട്ടിയെ വിളിച്ചപ്പോള്‍ വെറും കീ….കീ……കീ……കീ…..
ഇതെന്ത് ധിക്കാരമെടാ?
മനുഷ്യരായാല്‍ ഇത്തിരി മാനവും മര്യാദയുമൊക്കെ വേണ്ടേ?
ഇതെന്തിന് ഇവരെ കാത്തുനില്‍ക്കണം?
ഇതെന്തിന്‍റെ ആവശ്യം?
സമയമിപ്പോള്‍ രണ്ടേകാലായി.
കൂടി നിന്നവരില്‍ സംഘക്കലി ആളിപ്പടര്‍ന്നു. അപ്പോള്‍ കൂട്ടത്തില്‍പെട്ട ഒരാള്‍ക്ക് ഒരു ബോധോദയമുണ്ടായി
എടാ നീ ഫോണെടുക്ക്.

വീട്ടിലേയ്ക്ക് വിളിച്ച് പെണ്ണിന്‍റുമ്മാനോട് നാല് മറ്റേത് പറ!
വൈകിയെത്തിയ കോലുകാര്‍ണോര്‍ മുണ്ട് പൊക്കി ട്രൗസറിന്‍റെ കീശയില്‍ നിന്നും, പശുവിന് വിത്തുസൂചി വെക്കാനോങ്ങുന്ന മൃഗഡോക്ടറെ അനുസ്മരിപ്പിച്ചു കൊണ്ട്, അത് വലിച്ചൂരിയെടുത്തു.
ഇതിലടിക്കടാ!

ദ്യേം കൊണ്ടു വിറക്കുകയായിരുന്ന അയാള്‍ അലറി. കെട്ടുചെക്കന്‍ തന്‍റെ പ്രതിശ്രുത അമ്മായിയുമ്മയുടെ നന്പര്‍ അതില്‍ ഡയലുചെയ്തുകൊടുത്തു. യാ അഹദ്, യാ സ്വമദ്, യാ റബ്ബ്, യാ റഹ്മാന്‍!!! … അയാള്‍ ഉപയോഗിച്ച പദങ്ങളില്‍ ഒന്നുപോലും നാലാള്‍ കൂടിയ ഒരു മാന്യസദസ്സില്‍ ഉരത്താന്‍ പറ്റിയതേ അല്ല, അത്രയേ ഞാന്‍ പറയുന്നുള്ളൂ.

മറുതലയ്ക്കല്‍ ഉപ്പുപറ്റുള്ള ഒരു നനഞ്ഞ സ്ത്രീശബ്ദം. വിധവയായിരുന്നു അവര്‍. കൂലിപ്പണി എടുത്താണ് അഞ്ചാറുമക്കളെ പോറ്റി വളര്‍ത്തുന്നത്. ഇരുപത്തൊന്ന് കഴിഞ്ഞ ഏറ്റവും മൂത്തതിന്‍റെ കല്യാണ നിശ്ചയമാണ് നടക്കാനിരിക്കുന്നത്. താഴെ മൂന്ന് പെണ്ണ് ഇനിയുമുണ്ട്. നടുവൊടിഞ്ഞുപോവുന്പോലുളള ഡിമാന്‍റുകളാണ് അവര്‍ വെച്ചത്. മണിയറ വേണം. സ്വര്‍ണം വേണം. പണം വേണം. പതിനഞ്ച് സെന്‍റ് സ്ഥലവും വേണം. പക്ഷെ, അത് വൈകി വാങ്ങിച്ചുകൊടുത്താല്‍ മതി.

മീശ പൊടിച്ചുതുടങ്ങുന്ന രണ്ടാണ്‍കുട്ടികളാണ് ഇതെല്ലാം താങ്ങാനുള്ളത്. നിശ്ചയത്തിന് ചെന്നാല്‍ കാര്യങ്ങളെല്ലാം കാര്‍ണോര്‍ കടുപ്പിച്ചു പറയും എന്ന വിവരം ഉമ്മാക്ക് നേരത്തെ കിട്ടിയിട്ടുണ്ട്. മക്കള്‍ ഉമ്മാന്‍റെ കൈ പിടിച്ച് സമ്മതം വാങ്ങി ഇറങ്ങാന്‍ നിന്നതും ആ കണ്ണുകളില്‍ നിന്ന് പേമാരി കുത്തിച്ചൊരിഞ്ഞു. പെട്ടെന്ന് ആ ഉമ്മയുടെ ബിപി കൂടി, കുഴഞ്ഞു വീണു. മുക്കാമണിക്കൂര്‍ കഴിഞ്ഞു അവര്‍ക്ക് ബോധം തിരികെവന്ന് നേരെയാവാന്‍.

നേരത്തിനെത്താനുള്ള മരണപ്പാച്ചിലിനിടെ ഒരു ട്രാവലറിന്‍റെ മൂലക്കിടിച്ച് അവരുടെ ആ ആപ്പ ഓട്ടോ തലകുത്തി മറിഞ്ഞു. എല്ലാവരും ഒരു വിധം കുടഞ്ഞ് നിവര്‍ന്നെണീറ്റു. ഒരാള്‍ മാത്രം വണ്ടിക്കടിയില്‍ ഞെരക്കമറ്റ് കിടന്നു. ഈ ചുമടൊന്നും ചുമലിലേറ്റാന്‍ കാത്തുനില്‍ക്കാതെ ആ ഇളം കുടുംബനാഥന്‍ നടുറോഡിലൊടുങ്ങി.

വിവരമറിഞ്ഞതും കോന്തന്‍ കാര്‍ണോരുടെ നാക്കിറങ്ങിപ്പോയി!!!
ഇനി അഹന്തയാജിയുടെ കുറ്റം കൂടി പറഞ്ഞ് ഏതായാലും നമുക്ക് കാര്യത്തിലേക്ക് കടക്കാം. എന്തെങ്കിലും തട്ടുമുട്ടുകാര്യങ്ങള്‍ക്ക് ആളുകള്‍ക്കിടെ കത്തിപ്പിടിച്ച് ചൂടാവുന്ന ആളാണിദ്ദേഹം. ജുമുഅ നിസ്കാരം കഴിഞ്ഞ് സലാം വീട്ടിയതും ഒരു മുസ്ല്യാരുട്ടിയുണ്ട് എഴുന്നേറ്റ് നിസ്കരിക്കുന്നു. ഹാജി ഇതു ശ്രദ്ധിക്കുന്നുണ്ട്. ആ ശ്രദ്ധിക്കുന്നത് മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ട്. ഇപ്പം പൊട്ടുമെന്ന് എല്ലാവര്‍ക്കുമറിയാം.

ദിക്റിനും ദുആക്കും നില്‍ക്കാതെ നിങ്ങള്‍ തന്നെ ഇങ്ങനെയൊക്കെ ചെയ്താലോ? പിന്നെ മറ്റോലെ കുറ്റം പറഞ്ഞിട്ട് കാര്യണ്ടോ? പഠിച്ച ങ്ങക്ക് തന്നെ ഒന്നിനും നേരല്ല. എന്താ മോല്യാരേ ഉമ്മ ഐസീലാ കെടക്ക്ന്നത്……
ആ പാവം മുതഅല്ലിം പൂച്ചക്ക് മുന്നില്‍ പെട്ട എലിക്കുഞ്ഞിനെപേലെ വിറച്ചു. ദീര്‍ഘയാത്രക്കാരനായിരുന്നു അയാള്‍. തഖ്ദീമിന്‍റെ ജംഅ് ആക്കുന്പോള്‍ രണ്ട് നിസ്കാരങ്ങള്‍ക്കിടയില്‍ കൂടിയ ഫസ്വ്ല് പാടില്ല. അല്ലാതെ ദിക്റ് ചൊല്ലാന്‍ നേരമില്ലാഞ്ഞിട്ടോ ചൊല്ലാഞ്ഞിട്ടോ അല്ല. അതിന് ഇയാള്‍ക്കെന്ത് ജംഅ?് എന്ത് ഖസ്വ്റ്?

ഹാജിയെവിളിച്ച് ഖത്വീബുസ്താദ് കാര്യം വിശദീകരിച്ചപ്പോള്‍, എനിക്ക് കാര്യമായ തെറ്റൊന്നും പറ്റിയിട്ടില്ല എന്ന ഭാവത്തില്‍ അമര്‍ത്തി മൂളുക മാത്രം ചെയ്തു ഹാജി. അയാള്‍ ഇതിന് മുന്പും ഇങ്ങനെ പല കേസുകളിലായി ഹാലിളകി പിടിക്കപ്പെട്ട് അമര്‍ത്തിമൂളേണ്ടിവന്നിട്ടുണ്ട്. പക്ഷേ, അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്ത അഹന്തമൂത്ത മൊശടുകാക്ക ആയതിനാലാണ്, ആളുകള്‍ അയാള്‍ക്ക് അഹന്തയാജി എന്ന ഏപ്പേര് നല്‍കിയത്.

സുഹൃത്തെ, ഇനി വളരെ കോണ്‍ഫിഡന്‍ഷ്യലായി ഒരുചോദ്യം ചോദിക്കട്ടെ, നിങ്ങളോട്? ഇടംവലം നോക്കാതെ എന്തെങ്കിലുമങ്ങ് പറഞ്ഞുകളയുക, ചെയ്തുകളയുക. തുടര്‍ന്ന് അതേക്കുറിച്ചോര്‍ത്ത് ദുഖിക്കേണ്ടിവരിക. ഇങ്ങനെ വല്ല അനുഭവവും നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടുണ്ടോ?
ഉണ്ടാവാം അല്ലേ?

എന്താണതിന് കാരണം? പ്രധാനമായും കോപം തന്നെ. അതിനു തുണയായി ഊഹവും രണ്ടിന്‍റേയും അദ്ധ്യക്ഷനായി അഹന്തയും. ഈ ത്രിക്കടല്‍ സംഗമിക്കുന്ന മനസ്സിന്‍റെ കന്യാകുമാരിയിലാണ്, ഈ ജാതി അബദ്ധങ്ങളുടെ നാറുശവങ്ങളടിയുന്നത്. അതേ കടലറ്റത്തുതന്നെയാണ് നമ്മിലെ മനുഷ്വത്വം അസ്തമിച്ചൊടുങ്ങുന്നതും.

കോപം അഗ്നിയാണ.് അഗ്നിയ്ക്ക് വിവേചന രസമില്ല. തന്‍റെ വായില്‍ കിട്ടിയതിനേയെല്ലാം അത് ഊന്പി ചാരമാക്കും. ഒരിക്കല്‍ ചാരമാക്കിയിതിനെ പിന്നെയും പച്ചപ്പാക്കി മാറ്റാനാകില്ലെന്നതാണ് അഗ്നിയുടെ കാര്യമായ കഴിവുകേട്്. അഗ്നിക്ക് ഒരു കോമരത്തിന്‍റെ കളിയാണ്. അത് പിടിച്ചാല്‍ ആളുറഞ്ഞുതുള്ളും. അടിക്കും. തെറി പറയും. സാധനങ്ങള്‍ നശിപ്പിക്കും. കണ്ണുകലങ്ങും. മുഖം ചോക്കും.

പ്രലോഭനത്തിന്‍റെ വൈകാരിക വേളകളില്‍ എന്ന പോലെ പ്രകോപനത്തിന്‍റെ വിപല്‍സന്ധികളിലും വിവേകമുള്ളവര്‍ക്ക് യുക്തിദീക്ഷയോടെ പെരുമാറാനാവും. വല്ലാത്ത ഒരു ഗുണവിശേഷണം തന്നെയാണിത്. വിശുദ്ധഖുര്‍ആന്‍ അത്തരക്കാരെ വാഴ്ത്തുകയും അവര്‍ക്ക് പ്രതിഫലത്തിന്‍റെ മഹാവാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ആലുഇംറാന്‍ അദ്ധ്യായം നൂറ്റിമുപ്പത്തിനാലിലും ശൂറാസൂറത്ത് മുപ്പത്തെട്ടിലും അത്തരം വാഴ്ത്തലുകള്‍ വായിക്കാവുന്നതാണ്.

ത്വാഹാറസൂലിന്‍റെ തിരുവചനങ്ങളിലും കോപച്ചര്‍ച്ച പിടിപ്പത് കടന്നുവരുന്നുണ്ട്. ഒരു ദിവസം സായാഹ്നത്തില്‍ നബി സ്വ സഹചരോടൊപ്പം ഇരിക്കുകയാണ്. അപ്പോള്‍ ആറ്റലോര്‍ ഒരു കൊച്ചു പ്രഭാഷണം നടത്തി. മനുഷ്യനോളജി ആയിരുന്നു വിഷയം. മനുഷ്യരെ തങ്ങള്‍ നാലുതരക്കാരാക്കിത്തിരിച്ചു. അതില്‍ ഏറ്റവും നല്ലവരേയും ഏറ്റവും ചീത്തവരേയും തരംതിരിച്ചുപറഞ്ഞു. കോപത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ആ വര്‍ഗീകരണം. ചിലര്‍ക്ക് എളുപ്പം കോപം തിളക്കും. വൈകിയേ അത് കെട്ടടങ്ങൂ. മറ്റു ചിലര്‍ക്ക് വേഗം തിളക്കുമെന്നപോലെ വേഗം തന്നെ കെടുകയും ചെയ്യും. വേറെ ചിലര്‍ക്ക് വൈകിയേ തിളക്കൂ. പക്ഷെ വേഗം കെട്ടുപോവും. ഇനിയും ചിലര്‍ക്ക് വൈകിത്തിളക്കും, വൈകിയേ കെടുകയുമുള്ളൂ.

ദേഷ്യംവരുന്പോള്‍ നാം ചിലപ്പോള്‍ കടിച്ചിറക്കി നിന്നുകൊടുക്കും. അത് നമുക്ക് നമ്മുടെ ദ്യേത്തെ സ്വാതന്ത്രമായി ചെലവഴിക്കാന്‍ പറ്റാത്തവിധം ഉന്നതനാണ് മറ്റേ ആള്‍ എങ്കിലാണ്. അതേ സമയം നമുക്ക് കീഴെയുള്ള, നാമെന്ത് ചെയ്താലും തിരിച്ചൊന്നും ചെയ്യാന്‍ കഴിവില്ലാത്തവരോടാണ് നമുക്ക് ഈര്‍ഷ്യ കയറുന്നതെങ്കിലോ? എന്നിട്ടാണ് നാം ഒന്നും ചെയ്യാതെ കടിച്ചുപിടിച്ചു സഹിക്കുന്നതെങ്കിലോ? പറയണോ അതിന്‍റെയൊരു പോരിശ? ഹദീസിലത് എടുത്തുപറയുന്നുണ്ട്. കോപപ്പെട്ടാല്‍ പിന്നെ കണ്ണും മൂക്കുമുണ്ടാവില്ല. ആയതു കൊണ്ടാണ് ആറ്റല്‍ നബി അരുളിയത്, കോപമുറഞ്ഞ വിധികര്‍ത്താവ് അന്നേരം വിധിപറയാന്‍ പാടില്ല.
പൊതുവെ ശക്തിയളക്കപ്പെടുന്നത് അടിപ്പോരിമയിലൂടെയാണ്. ആള്‍ ഭയങ്കരനാണ്, പത്തിരുപതാള്‍ ഒന്നിച്ചുവന്നാലൊന്നും ലവലേശമേശില്ല എന്നൊക്കെ അടിവീരന്‍മാരെ പറ്റി ആളുകള്‍ പുകള്‍പ് പറയാറുണ്ട്. പക്ഷെ ആലോചിക്കേണ്ട കാര്യം, ഇരുപത് പേരെ അടിച്ചുമലര്‍ത്തുന്ന ഒരാള്‍ക്ക് സ്വന്തം ശരീരത്തെ കീഴ്പെടുത്താന്‍ കഴിയുന്നില്ല എന്ന തമാശ നിറഞ്ഞ ഉള്‍പൊരുളിനെ പറ്റിയാണ്. കോപമുറഞ്ഞാല്‍ പിരിപൊട്ടിയ കോമാളിയായി അയാള്‍ തരംതാഴുന്നു എന്നാണല്ലോ അതിനര്‍ത്ഥം? ഒരു ഹദീസിലുണ്ട്, ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍, മറിച്ച് കോപവേളയില്‍ സ്വശരീരത്തെ നിയന്ത്രിക്കുന്നവനാണ്. എത്ര ആഴമുണ്ട് ആ വാക്കിന്?

യഥാര്‍ത്ഥത്തില്‍ നാം നിര്‍മിച്ചെടുക്കുന്നതല്ല കോപമെന്നത്. അത് നമ്മില്‍ നിന്ന് പതഞ്ഞുപൊന്തുന്നതാണ്. ആളുടെ പ്രകൃതത്തിനനുസരിച്ച് അതിന്‍റെ തീവ്രതക്കും സാന്ദ്രതക്കും വ്യത്യാസം വരും. യൂനുസ് നബി(അ)നെ നോക്കൂ. മഹാനോരുടെ കോപത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. തന്‍റെ പ്രബോധിതരുടെ കൊടിയ ധിക്കാരം കണ്ടുസഹിക്കാനാകാതെ ധാര്‍മികരോഷം പൂണ്ട് നാടുകടക്കുകയായിരുന്നു മഹാന്‍. മൂസാ നബിയും രോഷത്തിന്‍റെ കാര്യത്തില്‍ ഊക്കനായിരുന്നു എന്ന് ആ ജീവിതത്തിലെ ഒരുപാട് സംഭവങ്ങളില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്. സ്വഹാബത്തിന്‍റെ കൂട്ടത്തില്‍ നിന്ന് പിന്നെ ഉമര്‍ ഖത്താബിന്‍റെ കാര്യം പ്രത്യേകം എടുത്തുപറയേണ്ടതില്ല. നിങ്ങള്‍ ഉമറിന്‍റെ കോപം കരുതിയിരുന്നോളണേ. ഉമര്‍ കോപിച്ചാല്‍ അല്ലാഹുവും കോപിക്കും കേട്ടോ, എന്നുണര്‍ത്തിയിട്ടുണ്ട് മുത്തുനബി. മിഅ്റാജ് രാത്രിയില്‍, ഉമര്‍ ഖത്താബിനൊരുക്കി വെച്ച വന്പന്‍ കൊട്ടാരം കണ്ണില്‍ പെട്ടു. പക്ഷേ നബിയങ്ങോട്ട് കയറിനോക്കിയില്ല, ഉമറി(റ)ന്‍റെ ഈറയെപ്പറ്റി അറിയാവുന്നത് കൊണ്ട്.

കോപം നിയന്ത്രിച്ചില്ലെങ്കില്‍ ദാന്പത്യബന്ധത്തിലും സാമൂഹ്യ ജീവിതത്തിലും കാര്യമായ കാലിടര്‍ച്ചകള്‍ ഉണ്ടാകും. കോപാന്ധതയാല്‍ ഉറഞ്ഞുതുള്ളുന്നവനെ ആരും ഇഷ്ടപ്പെടില്ല. കപടമായി ആദരിക്കുകയോ, പുറംപൂച്ചില്‍ പേടിക്കുകയോ ചെയ്യുന്നുണ്ടാവാം. മുന്‍കോപി സര്‍വരാലും കയ്യൊഴിക്കപ്പെട്ട് മൂലക്കാക്കപ്പെടുകയാണ് ചെയ്യുക. ആയതു കൊണ്ടായിരിക്കണം കാര്യമായ ഒരുപദേശം തേടിവന്ന ആളിനോട് നബി (സ) നീ കോപിക്കരുത് എന്നുമാത്രം പറഞ്ഞത്. പിന്നെയും പിന്നെയും ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോഴും ഉത്തരം ഒന്നുതന്നെയായിരുന്നു, നീ കോപിക്കരുത്.

ഒറ്റയടിക്ക് പറിച്ചുമാറ്റാവതല്ല കോപം. അതിന് ക്രമപ്രവൃദ്ധമായ പരിശീലനം വേണം. ശരീരത്തേയും മനസ്സിനേയും കൂട്ടിപ്പിടിച്ചുകൊണ്ടുള്ള ഒരു ഹോളിസ്റ്റിക് നിര്‍ദേശമാണ് തിരുനബി (സ) പറഞ്ഞുതന്നിട്ടുള്ളത്. കൗണ്‍സിലിംഗ് ആണ് ഒന്നാമത്തേത്. കോപത്തെകുറിച്ചുവന്ന ഹദീസുകളെല്ലാം അതേകുറിച്ച് യാഥാര്‍ത്ഥ്യ ബോധം സൃഷ്ടിക്കുന്ന ഒന്നാന്തരം കൗണ്‍സിലിംഗ് കണ്ടെന്‍റുകളാണ്. മറ്റൊന്ന്, ഒരുതരം ഓട്ടോസജഷനാണ്. കോപപ്പെടല്‍ ഒരുതരം പിശാചുകയറ്റമാണ്. അപ്പോള്‍ പിശാചിനെ തൊട്ട് കാവല്‍ തേടിയുള്ള വചനം (അഊദു ബില്ലാഹി മിനശ്ശൈത്വാനി…..) ഉരുവിട്ടുകൊണ്ടേയിരിക്കണം എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. തീ കെടുത്തുന്ന ഒരു സാധനം വെള്ളമാണല്ലോ. കോപിഷ്ഠനോട് വുള്വു (അംഗശുദ്ധി) എടുക്കാനാണ് തിരുനബി (സ) നിര്‍ദേശിക്കുന്നത്. മണ്ണാണ് തീയുടെ മറ്റൊരന്തകന്‍. കോപം വന്നാല്‍ മണ്ണോട് ചേര്‍ന്ന് നില്‍ക്കട്ടെ എന്നും ഹദീസിലുണ്ട്. ഏതായാലും നിയന്ത്രണ വിധേയമല്ലാത്ത കോപം അപകടമാണ്. അത് നമ്മളെയും കൊണ്ടേ പോകൂ. എന്നുവെച്ച് അശേഷം കോപിക്കാനാകാത്ത അതിനിര്‍വികാരനുമായിപ്പോവരുത്. അത്യാവശ്യ ഘട്ടത്തില്‍ പോലും കോപിക്കാന്‍ കഴിയാത്തവന്‍ കഴുതയാണ്. ഇമാം ശാഫി(റ) ആണത് പറഞ്ഞത്.

ഫൈസല്‍ അഹ്സനി ഉളിയില്‍

You must be logged in to post a comment Login