ബാക്കിയായ കുപ്പിവളകള്‍

ബാക്കിയായ കുപ്പിവളകള്‍

സ്കൂളില്‍ 5ാം ക്ലാസില്‍ പഠിക്കുന്ന കാലം. ഒരു വ്യാഴാഴ്ച ഏകദേശം ഉച്ചയോടടുത്ത നേരം. നാലാമത്തെ പിരിയഡാണെന്ന് ഓര്‍ക്കുന്നു. ടീച്ചര്‍ ഒഴിവായതുകൊണ്ട് ഞങ്ങള്‍ ആ പിരിയഡില്‍ പാട്ടു മത്സരം നടത്തി. ക്ലാസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലായിരുന്നു മത്സരം. ആദ്യം ആരു പാടും എന്ന് തര്‍ക്കമായപ്പോള്‍ ലീഡര്‍ നറുക്കിടാം എന്ന് പറഞ്ഞു. നറുക്ക് വീണത് പെണ്‍കുട്ടികള്‍ക്കാണ്. അങ്ങനെ ഒരു പെണ്‍കുട്ടി വന്ന് പാട്ടുപാടി. ഇനി ഊഴം ആണ്‍കുട്ടികളുടേത്. ആണ്‍കുട്ടികളില്‍ നിന്ന് പാട്ടുപാടാന്‍ ആദ്യം എന്നെ ക്ഷണിച്ചു. ഞാന്‍ പാട്ട് അവതരിപ്പിച്ചുകഴിഞ്ഞതും ഒരു കുട്ടി വന്ന് ഇയാസിനെ പ്രിന്‍സിപ്പാല്‍ വിളിക്കുന്നുണ്ടെ’ന്ന് പറഞ്ഞു. കുഴപ്പമായോ? ഞാന്‍ വേഗം പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ ചെന്നു.

അവിടെ എന്‍റെ കുടുംബക്കാരനും പ്രിയ സുഹൃത്തുമായ ജലീലും എന്‍റെ മൂത്താപ്പയും നില്‍ക്കുന്നുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ അയല്‍വാസികളുടെ കുടിയിരിക്കല്‍ ചടങ്ങായതുകൊണ്ട് എന്നെ അവിടേക്ക് കൊണ്ട് പോകാനാവും മൂത്താപ്പ വന്നതെന്ന് ഞാന്‍ ഊഹിച്ചു. എന്നോട് ബാഗെടുത്തുവരാന്‍ മൂത്താപ്പ ആവശ്യപ്പെട്ടു. ഞാന്‍ ബാഗെടുത്തു വന്നു. അങ്ങനെ ഞങ്ങള്‍ ബൈക്കില്‍ മൂത്താപ്പയുടെ പിറകിലിരുന്ന് വീട്ടിലേക്ക് യാത്ര തിരിച്ചു.

പോകുന്ന വഴിയിലായിരുന്നു ജലീലിന്‍റെ ഉപ്പ ജോലിചെയ്തിരുന്ന കട. ആ കടയുടെ ഷട്ടര്‍ താഴ്ത്തിയിട്ടുണ്ട്. പതിവിന് വിപരീതമായി ആ കട അടഞ്ഞുകിടക്കുന്നത് കണ്ടപ്പോള്‍ ജലീല്‍ മൂത്താപ്പയോട് കാര്യം തിരക്കി. പക്ഷേ മറുപടിക്ക് കാത്തിരുന്ന ഞങ്ങളെ നിരാശരാക്കി മൂത്താപ്പ ഒന്നും പറഞ്ഞില്ല. ആ സമയത്ത് മൂത്താപ്പയുടെ മുഖത്ത് എന്തോ നിഗൂഢത നിഴലിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്തായാലും ഞാന്‍ അതിന്‍റെ കാരണം തിരക്കാന്‍ മുതിര്‍ന്നില്ല. മനസ്സകത്ത് ആ നിഗൂഢതയും പേറി സഞ്ചാരം തുടര്‍ന്നു.

വീടോടുത്തപ്പോള്‍ അവിടെ ഒരു ചെറിയ പന്തലും അങ്ങിങ്ങായി കുറച്ചാളുകളും.
അയല്‍വാസിയുടെ കുടിയിരിക്കലിന് ഭക്ഷണം എന്‍റെ വീട്ടില്‍ വെച്ചു കൊടുക്കാനാകും പന്തലിട്ടതെന്ന് ഞാന്‍ നിനച്ചു. പക്ഷെ മൂത്താപ്പ ബൈക്ക് വീടിന് മുന്പില്‍ നിര്‍ത്തി. ആളുകള്‍ ഒന്നും മിണ്ടുന്നില്ല. എന്‍റെ കുടുംബക്കാരൊക്കെയുണ്ട്. എല്ലാവരെയും കണ്ട സന്തോഷത്തില്‍ ഞാന്‍ തുള്ളിച്ചാടി. അങ്ങനെ ആഹ്ലാദിച്ചുനില്‍ക്കുന്പോഴാണ് എന്‍റെ ഇളയ സഹോദരി മരിച്ചെന്ന വാര്‍ത്ത ഒരു ഇടിമുഴക്കം പോലെ കാതില്‍ പതിഞ്ഞത്. ആദ്യമൊന്നും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് യാഥാര്‍ത്ഥ്യത്തിനുമുന്പില്‍ എനിക്ക് കീഴടങ്ങേണ്ടി വന്നു.

വീട്ടിനുള്ളിലെ സഹോദരിമാരുടെ കരച്ചിലും ദുഖം കടിച്ചമര്‍ത്തി എന്നെ സാന്ത്വനിപ്പിക്കുന്ന ഉപ്പയുടെ മുഖവും ഉമ്മയുടെ കവിളിലൂടെ ഒഴുകിയൊലിക്കുന്ന കണ്ണുനീരും ദുഖിതരായി നില്‍ക്കുന്ന കുടുംബങ്ങളെയും കണ്ടപ്പോള്‍ എന്‍റെ സങ്കടം അണപൊട്ടിയൊഴുകാന്‍ തുടങ്ങി. അവസാനമായി ആ ഖബ്റിനു മേല്‍ മണ്ണു വാരിയിടുന്പോള്‍ ഖബ്ര്‍ എന്നില്‍ നിന്നും എന്തോ ബലമായി പിടിച്ചു പറിച്ച് കുഴിയില്‍ മൂടുന്നതായാണ് എനിക്ക് തോന്നിയത്.
അവള്‍ക്കു കൊടുക്കാന്‍ വേണ്ടി അന്ന് ഞാന്‍ വാങ്ങിവെച്ച മിഠായികളും കുപ്പി വളകളും എന്‍റെ ബാഗില്‍ അനാഥമായി കിടന്നു.

ഇയാസ് കൂടല്ലൂര്‍

You must be logged in to post a comment Login