രാഷട്രീയ കേരളം ജനങ്ങളെ നേരില്‍കാണുന്നു

രാഷട്രീയ കേരളം ജനങ്ങളെ നേരില്‍കാണുന്നു

ആദര്‍ശ കേരളത്തിന്‍റെ അമരക്കാരനെന്നാണ് ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ പ്രകീര്‍ത്തിക്കപ്പെടുന്നത് ജനപക്ഷയാത്രയുടെ പ്രചാരണാര്‍ഥം കേരളത്തിലങ്ങോളമിങ്ങോളമുയര്‍ത്തപ്പെട്ട ബോര്‍ഡുകളിലും ബാനറുകളിലുമൊക്കെ വാഴ്ത്തുമൊഴികളുണ്ട് ഏതാണ്ടെല്ലാറ്റിനും അര്‍ഥം മേല്‍പ്പറഞ്ഞതിനൊക്കും കേരളത്തിലെ കോണ്‍ഗ്രസ്/യു ഡി എഫ് രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന്‍റെ ആള്‍രൂപമായി വാഴ്ത്തപ്പെട്ടിരുന്നത് എ കെ ആന്‍റണിയെയായിരുന്നു താന്‍ ധരിച്ചിരിക്കുന്ന ഖദര്‍ വേഷത്തില്‍ കറയുടെ ലേശമുണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധി കാട്ടിയിരുന്ന വ്യക്തി ആദര്‍ശ പ്രതിച്ഛായ നിലനിര്‍ത്താന്‍ കാലാകാലങ്ങളില്‍ സ്വീകരിച്ച നടപടികള്‍, അദ്ദേഹത്തിന് കേന്ദ്ര മന്ത്രി പദവും മുഖ്യമന്ത്രി പദവുമൊക്കെ നഷ്ടമാക്കിയിട്ടുണ്ട് കേരളത്തിലെ ഇന്നിംഗ്സ് അവസാനിപ്പിച്ച് ഡല്‍ഹിയില്‍ സ്ഥിരം ചുവടുറപ്പിച്ചതിന് ശേഷം ആദര്‍ശ പരിവേഷത്തിന്‍റെ ആവശ്യകത ഇനി വേണ്ടതില്ലെന്ന് അദ്ദേഹം ധരിച്ചതിനാലോ മറ്റോ ആകണം, പ്രതിരോധ മന്ത്രാലയത്തെക്കുറിച്ചും യു പി എ സര്‍ക്കാറിനെക്കുറിച്ചുമൊക്കെ അതിശയിപ്പിക്കും വിധത്തിലുള്ള അഴിമതി ആരോപണങ്ങളുയര്‍ന്നപ്പോള്‍ എ കെ ആന്‍റണി നിശ്ശബ്ദം, കസേരയില്‍ അമര്‍ന്നിരുന്നത്.

കേരളത്തിന്‍റെ ആരോഗ്യമന്ത്രി സ്ഥാനവും നിയമസഭാ സ്പീക്കര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട് വി എം സുധീരന്‍ രണ്ട് സ്ഥാനങ്ങളിലും പ്രകടനം മോശമായിരുന്നില്ലെന്ന് ആരും സമ്മതിക്കും സ്പീക്കറായിരിക്കെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനുമായി ഉരസിപ്പോലും സഭയുടെ കീഴ്വഴക്കങ്ങള്‍ പാലിക്കാനും സ്പീക്കറുടെ നിഷ്പക്ഷത ഉറപ്പിക്കാനും യത്നിച്ചിരുന്നു സുധീരന്‍ പിന്നീട് എ കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ ആരോഗ്യവകുപ്പിന്‍റെ മന്ത്രിയായിരിക്കെ, കാര്യക്ഷമത വര്‍ധിപ്പിക്കാനും അതോടൊപ്പം സുതാര്യത നിലനിര്‍ത്താനും യത്നിച്ചിരുന്നു പിന്നീടിങ്ങോട്ട് പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ മാറിയും മറിഞ്ഞുമൊക്കെയുണ്ടായിരുന്നുവെങ്കിലും അധികാരസ്ഥാനങ്ങളിലേക്ക് എത്തിയിരുന്നില്ല സുധീരന്‍ ഒടുവില്‍ ആദര്‍ശധീരനായ എ കെ ആന്‍റണിയുടെ പിന്തുണയുടെ ബലത്തില്‍ കെ പി സി സിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവരോധിതനായതോടെ, ആദര്‍ശ പ്രതിച്ഛായയുടെ നിലനില്‍പ്പ് ഇനി എങ്ങനെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു പ്രായോഗിക രാഷ്ട്രീയത്തിലെ കരുനീക്കങ്ങളിലെ വൈദഗ്ധ്യവും ഏത് വിധേനയും കാര്യങ്ങള്‍ നടപ്പാക്കിയേ അടങ്ങൂ എന്ന വാശിയും കൈമുതലായുള്ള ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ പ്രത്യേകിച്ചും.

മദ്യനയത്തെക്കുറിച്ചുള്ള വലിയ തര്‍ക്കമാണ് സുധീരനും സര്‍ക്കാറും തമ്മിലുള്ള ഭിന്നതക്ക് വലിയ തെളിവ് മദ്യ നിരോധം പ്രായോഗികമാണോ എന്നത് എത്ര വാദിച്ചാലും കൃത്യമായ ഉത്തരം ലഭിക്കാത്ത ചോദ്യമാണ് മദ്യ വര്‍ജനം എത്രത്തോളം ഫലം ചെയ്യുമെന്നതും ഇതുപോലുള്ള ചോദ്യം തന്നെ കെ പി സി സി പ്രസിഡന്‍റായി ചുമതലയേറ്റയുടന്‍, പാര്‍ട്ടിയില്‍ തനിക്കും സര്‍ക്കാറിന് മേല്‍ പാര്‍ട്ടിക്കുമുള്ള പിടി മുറുക്കാന്‍ കിട്ടിയ വലിയ ആയുധം എന്ന നിലയിലാണ് ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍ എന്ന പ്രശ്നത്തെ സുധീരന്‍ സമീപിച്ചത് അവിടെ നിരോധമോ വര്‍ജനമോ നല്ലത് എന്ന തര്‍ക്കമോ ഘട്ടം ഘട്ടമായുള്ള മദ്യ നിരോധമെന്ന ആശയമോ ഒന്നുമുണ്ടായിരുന്നില്ല തര്‍ക്കം നടക്കുകയും കെ പി സി സി പ്രസിഡന്‍റിനെ കടത്തിവെട്ടി മുഖ്യമന്ത്രി മദ്യനയം പ്രഖ്യാപിക്കുകയും അത് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയുമൊക്കെ ചെയ്യുന്പോഴും അതിനെയൊക്കെ മദ്യലോബിയുടെ ഇടപെടലായി മാത്രം ചിത്രീകരിക്കാന്‍ സുധീരന്‍ ശ്രമിക്കുന്നത് അതുകൊണ്ട് കൂടിയാണ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം, ബാര്‍ മുതലാളിമാരില്‍ നിന്ന് കോഴ വാങ്ങിയെന്ന് ആരോപണമുണ്ടായപ്പോള്‍ മന്ത്രി മാറി നിന്ന് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് പറയാനുള്ള ആദര്‍ശ ധീരത സുധീരന് ഉണ്ടാകാതിരുന്നതും അതുകൊണ്ടാണ്.

സോളാര്‍ മുതല്‍ ബാര്‍ വരെ നീണ്ട ക്രമക്കേട്/തട്ടിപ്പ്/അഴിമതി ആരോപണങ്ങളും ജനസന്പര്‍ക്കം മുതല്‍ ഭൂരഹിതരില്ലാത്ത കേരളം വരെ പാളിപ്പോയ പദ്ധതികളും കൊടിയ സാന്പത്തിക പ്രതിസന്ധിയുമൊക്കെയായി പ്രതിരോധത്തില്‍ നില്‍ക്കുന്ന സര്‍ക്കാറിനെ നോക്കി ഒന്നിച്ചൊന്ന് കൂവാന്‍ പോലും സാധിക്കാതെ, ഭിന്നിച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന പ്രധാന കക്ഷിയുടെ നേതാവ്, പാര്‍ട്ടിയെ ഏത് വിധത്തില്‍ പുനഃസംഘടിപ്പിക്കണമെന്നും മൂന്നണിയെ ഏത് വിധത്തില്‍ യോജിപ്പിച്ച് കൊണ്ടുപോകണമെന്നും ഉഴറുന്നു അത് പുറത്തേക്ക് കാണാതിരിക്കാന്‍ വേണ്ടി, പതിനാറ് വര്‍ഷത്തോളമായി തുടരുന്ന വിമര്‍ശ തീഷ്ണമായ ധാര്‍ഷ്ട്യം തുടര്‍ന്ന് പോകുന്നു.

തന്നോളം പോന്നവരാരുമില്ല പടക്കളത്തിലെന്ന തോന്നല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവും മുന്പ് സി പി എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി എസ് അച്യുതാനന്ദനില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ് പിണറായി വിജയന് വലംകൈ കൊണ്ട് ഇടംകൈയില്‍ വെട്ടി, നിലപാടുകള്‍ ഖണ്ഡിതമാക്കുന്ന, ഏത് അനുനയത്തിന് മുന്നിലും ചെവികൊടുക്കില്ലെന്ന് നിര്‍ബന്ധമുള്ള നേതാവ് അതിന്‍റെ തുടര്‍ച്ചയാണ് 1998 മുതലിങ്ങോട്ടുള്ള പതിനാറ് വര്‍ഷം സി പി എമ്മിലും ഇടത് മുന്നണിയിലും കണ്ടത് പ്രത്യയശാസ്ത്ര അടിത്തറയുണ്ടെങ്കിലുമില്ലെങ്കിലും ഭിന്നാഭിപ്രായങ്ങള്‍ മൂക്കുകയും പഴുക്കുകയും ചെയ്തു ചിലത് പഴുത്ത് പൊഴിഞ്ഞു മറ്റ് ചിലത് പഴുത്ത് ചീഞ്ഞു വേറെ ചിലത് പഴുത്ത് വ്രണമായി നിലനില്‍ക്കുന്നു ഭൂമി മുതല്‍ ലോട്ടറി വരെയും സ്ത്രീ പീഡനം മുതല്‍ കൊലപാതകം വരെയും പലതും സി പി എമ്മിനെ ഉലച്ചു എല്ലാറ്റിനും മറുപടി നല്‍കാനും വിമര്‍ശകരെ അടിച്ചൊതുക്കാനും ശ്രമിച്ച് പിണറായി വിജയന്‍ മുന്നില്‍ നിന്നു ഓരോ ശ്രമവും ശത്രുനിരയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു ഇതൊക്കെ മുന്നണിക്കുള്ളിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു ഇങ്ങിനി വരാത്തവണ്ണം, ഘടകകക്ഷികളില്‍ ചിലത് യു ഡി എഫിലേക്ക് പോയി ഇടത് മുന്നണി മെലിഞ്ഞു വലതില്‍ നിന്ന് ഇടതിലേക്ക് ചിലരെ വലിച്ച്, അധികാരത്തിലേക്ക് വരാനുള്ള നീക്കങ്ങള്‍ പാളി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ബി ജെ പി, സംസ്ഥാനത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കാന്‍ സമയമായെന്ന് അവകാശപ്പെടുകയും പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുള്‍പ്പെടെ വിഷയങ്ങളില്‍ ഇടപെടാന്‍ പാകത്തില്‍ പൊതുപ്രസക്തി തങ്ങള്‍ക്കുണ്ടായെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

പ്രായോഗിക രാഷ്ട്രീയത്തിലെ, എല്ലാ മസാലക്കൂട്ടുകളും ചേര്‍ന്ന് നില്‍ക്കുകയാണ് കേരളത്തിന്‍റെ ചുവരുകളില്‍ അവിടെ എഴുന്നുനില്‍ക്കുന്ന നിറങ്ങള്‍ മൂലം മങ്ങിപ്പോയ മറ്റ് ചില കാര്യങ്ങളാണ് ഇനി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു വ്യക്തിത്വമുണ്ടെന്ന് ഏറെക്കാലത്തിന് ശേഷം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വി എം സുധീരന് സാധിച്ചുവെന്നതാണ് ഏറ്റം പ്രധാനം അതിന്‍റെ പ്രതിഫലനം ജനപക്ഷയാത്രയെ സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാകും ഇതൊരു പച്ചക്കറി യാത്രയാണെന്ന് വിമര്‍ശിക്കുകയും യാത്രയെ അപ്രസക്തമാക്കും വിധത്തില്‍ തര്‍ക്കങ്ങള്‍ ഉയര്‍ത്തിവിടുയകും ചെയ്യുന്നവര്‍ക്ക് പോലും യാത്രയുടെ സ്വീകരണ വേദിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയുന്നില്ല യാത്ര മുഴുവന്‍, ബാര്‍ കോഴ ആരോപണത്തിന് മറുപടി പറയേണ്ടിവരുമെന്ന് പ്രതീക്ഷിച്ചവരെ അന്പരപ്പിച്ച് കൊണ്ട് മദ്യ നയത്തെക്കുറിച്ചും അത് തുടരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും സുധീരന്‍ പറയാന്‍ തുടങ്ങി നയം ശരിയോ തെറ്റോ എന്നതിനും അത് നടപ്പാക്കുമോ ഇല്ലയോ എന്നതിനും അപ്പുറത്ത്, മദ്യോപഭോഗത്തിലെ ആധിക്യത്തെക്കുറിച്ചും മദ്യോപഭോഗത്തിലേക്ക് യുവാക്കള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നതിനെക്കുറിച്ചുമൊക്കെ ഗൗരവത്തിലുള്ള ആലോചനകള്‍ ഉയര്‍ത്താന്‍ ഈ നിലപാട് സഹായിച്ചുവെന്നത് കാണാതിരുന്നുകൂട ഓണത്തിനും പുതുവത്സരത്തിനും ചാലക്കുടിയും കരുനാഗപ്പള്ളിയും കുടിയില്‍ മത്സരിച്ചതിന്‍റെ കണക്കുകള്‍ പുറത്തുവരുന്പോള്‍ ആസ്വദിച്ചിരുന്നവരില്‍ കുറച്ച് പേരെങ്കിലും മാറിച്ചിന്തിച്ച് തുടങ്ങിയിരിക്കുന്നു
കരിമണല്‍ ഖനനത്തിന് സ്വകാര്യ കന്പനികള്‍ നല്‍കിയ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിറകെ, അത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിറകിലൊരു സുധീരന്‍ ആഘാതമുണ്ട് അത് സുധീരന്‍ അറിഞ്ഞുകൊണ്ടുള്ളതാണെങ്കിലും ഇല്ലെങ്കിലും ഇല്ലെങ്കില്‍ സ്വകാര്യ കന്പനികളെ പരിഗണിക്കണമെന്ന കോടതി വിധി എങ്ങനെ അവഗണിക്കുമെന്നൊന്ന് ചോദിച്ചു നോക്കുമായിരുന്നു സര്‍ക്കാര്‍ നേതൃത്വം കോടതികളോട് വലിയ ബഹുമാനം എക്കാലത്തും നിലനിര്‍ത്തുന്ന ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രത്യേകിച്ചും.

നിയമസഭാകക്ഷി നേതാവായ മുഖ്യമന്ത്രിക്ക് ഭരണത്തിലും പാര്‍ട്ടിയിലെ സമവാക്യങ്ങളിലുമുള്ള ആധിപത്യം ഇളക്കമേല്‍ക്കാതെ തുടരുന്നുണ്ടെങ്കിലും സര്‍ക്കാറിനെയും അതിന് നേതൃത്വം നല്‍കുന്നവരെയും പാര്‍ട്ടി നിയന്ത്രിക്കുകയും പാര്‍ട്ടിയുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് നയരൂപവവത്കരണം നടക്കുകയും ചെയ്യുമെന്ന തോന്നല്‍ കോണ്‍ഗ്രസില്‍ സജീവമായിരിക്കുന്നു കെ പി സി സി പ്രസിഡന്‍റാകുന്പോഴും ഒറ്റക്കായിരുന്ന സുധീരനൊപ്പം കോണ്‍ഗ്രസിലൊരു നേതൃനിരയുണ്ടായി വരുന്നു ആന്‍റണിയുടെ പിന്തുണ തുടരുകയും സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കെ പി സി സി പ്രസിഡന്‍റ് വരെയുള്ളവരെ തെരഞ്ഞെടുക്കണമെന്ന നിര്‍ബന്ധബുദ്ധിയില്‍ നിന്ന് രാഹുല്‍ ഗാന്ധി കേരളത്തെ ഒഴിവാക്കുകയും ചെയ്താല്‍ കുറച്ച് കാലം കൂടി വി എം സുധീരന്‍ ഇപ്പോഴത്തെ സ്ഥാനത്ത് തുടരും കെ മുരളീധരന്‍ ഇപ്പോള്‍ പറഞ്ഞ പച്ചക്കറിയേക്കാള്‍ വലിയ പച്ചക്കറിയായിരുന്നു രമേശ് ചെന്നിത്തല കെ പി സി സി പ്രസിഡന്‍റായിരിക്കെ നടത്തിയ കേരള യാത്ര ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി എന്ന ലക്ഷ്യം, ആഭ്യന്തര മന്ത്രി പദത്തില്‍ പരിമിതപ്പെട്ടുവെങ്കിലും യാത്ര ഫലം ചെയ്തു ഈ യാത്ര, അധികാര സമവാക്യത്തില്‍ തത്കാലം എന്തെങ്കിലും മാറ്റമുണ്ടാക്കില്ല പക്ഷേ, കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളുമായി വി എം സുധീരന്‍ നേരിട്ടുണ്ടാക്കുന്ന ബന്ധം, അതിന്‍റെ ഫലം അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിലാകും കേരളം കാണുക മദ്യപിക്കുന്നവരെ സ്ഥാനാര്‍ഥികളാക്കില്ലെന്നും മറ്റുമുള്ള പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് ഏത് വിധത്തിലാണ് സ്വീകരിക്കപ്പെടുക എന്നത് കണ്ടുതന്നെ അറിയേണ്ടിവരും.

ഇതുപോലൊരുമാറ്റം പ്രതിപക്ഷത്തിലെ മുഖ്യപാര്‍ട്ടിയുടെ നേതൃത്വത്തിലും നടക്കുന്നുവെന്നതാണ് കാണേണ്ട മറ്റൊന്ന് ദൈനംദിന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയില്‍ അത് മാധ്യമ ശ്രദ്ധയില്‍ എത്തുന്നുണ്ടാകില്ല പക്ഷേ, ജനങ്ങളിലേക്ക് എത്തുന്നുണ്ട് എന്ന് തന്നെ കരുതണം മാലിന്യ സംസ്കരണ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സി പി എം ശ്രമിക്കുകയാണ് ഇതിന് പിറകെ ജൈവ കൃഷി വ്യാപിപ്പിക്കാനും സി പി എം തയ്യാറെടുക്കുകയാണ് സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുക എന്നതാണ് അടുത്തപടി പദ്ധതികളുടെ ആസൂത്രണവും പരീക്ഷണ നടത്തിപ്പും തോമസ് ഐസക്കിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴയിലാണ് നടക്കുന്നത് പദ്ധതികള്‍ സംസ്ഥാന വ്യാപകമാക്കുന്നതിനുള്ള ചുമതല പിണറായി വിജയന്‍ നേരിട്ട് ഏറ്റെടുക്കുന്നു അടുത്ത സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പദം ഒഴിയുന്ന പിണറായി, ഇത്തരം പരിപാടികളുടെ അമരത്ത് കൂടുതല്‍ സജീവമാകുമെന്നാണ് കരുതപ്പെടുന്നത്.

രണ്ട് മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്ന പതിവ് ഭരണപക്ഷമോ പ്രതിപക്ഷമോ എന്ത് ചെയ്താലും ഇല്ലെങ്കിലും മാറാത്ത പതിവ് ഇത് സൃഷ്ടിച്ച ജഡത്വവും ഭാവനാശൂന്യതയും അതിലൊരു മാറ്റമുണ്ടാക്കാന്‍ ഒരുപക്ഷേ സഹായിച്ചേക്കും സുധീരന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സി പി എമ്മും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ ചാര്‍ത്തിക്കൊടുക്കപ്പെട്ട ആദര്‍ശ പരിവേഷവും അത് നിലനിര്‍ത്താന്‍ കാട്ടുന്ന കാപട്യങ്ങളുമൊക്കെ ഈ പരീക്ഷണത്തില്‍ ആയുധങ്ങളായേക്കും സ്വയം ചാര്‍ത്തിയെടുത്ത ഏകാധിപതിയെന്ന പ്രതിച്ഛായയും അതില്‍ അഭിരമിച്ച് നടത്തിയ പ്രകടനങ്ങളും പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ സഹായിക്കും വിധത്തില്‍ ഉപയോഗപ്പെടുത്തിയേക്കാം .

ആരോപണങ്ങളാലും ആക്ഷേപങ്ങളാലും സജീവവും തര്‍ക്കങ്ങളാല്‍ മുഖരിതവുമാകുകയും ഏതാണ്ട് ഒരേ വേഗത്തിലും താളത്തിലും സഞ്ചരിക്കുകയും ചെയ്തിരുന്ന കേരളത്തിലെ രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാകാന്‍ പോകുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് അത് ആരോപണങ്ങളെച്ചൊല്ലി നടക്കുന്ന വലിയ തര്‍ക്കങ്ങള്‍ക്ക് പുറത്ത് ജനങ്ങള്‍ക്കിടയിലാണ് നടക്കാനിടയുള്ളത് അതിന്‍റെ സൂചനകളായി സുധീരന്‍റെ യാത്രയെയും മാലിന്യ നിര്‍മാര്‍ജനമുള്‍പ്പെടെ പരിപാടികളോട് പിണറായി വിജയന്‍ കാട്ടുന്ന താത്പര്യത്തെയും കാണേണ്ടിവരും.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login