തറവാട്ടുവീട്ടിലെ മോടി(ഡി)പ്പണികള്‍

തറവാട്ടുവീട്ടിലെ  മോടി(ഡി)പ്പണികള്‍

ദലിത് വിഭാഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനുള്ള നിയമ നിര്‍മാണവും നിയമ ഭേദഗതിയും മുറതെറ്റാതെ ചെയ്ത സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ അത് നടപ്പാക്കാനാണ് ഭരണകൂടങ്ങള്‍ ഉത്സാഹം കാട്ടാതിരുന്നത്. ദീര്‍ഘകാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ്, ദളിതുകള്‍ക്ക് ഭൂമിക്കുമേല്‍ അവകാശം സ്ഥാപിച്ചുകൊടുക്കും വിധത്തില്‍ നിയമം നടപ്പാക്കാന്‍ യത്‌നിച്ചില്ല. 2001 അവസാനം മുതല്‍ 2014 മെയ് വരെ ഗുജറാത്ത് അടക്കി ഭരിച്ച നരേന്ദ്ര മോദിയും ദളിതുകള്‍ക്ക് ഭൂമി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം നടപ്പാക്കാന്‍ ശ്രമിച്ചില്ല. മോദിയുടെ ഭരണകാലത്ത് ദളിതുകളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായി ചില സര്‍ക്കാറിതര സംഘടനകള്‍ ആക്ഷേപിക്കുന്നുണ്ട്. ജാതി വ്യവസ്ഥയും അതിന്റെ ഭാഗമായുള്ള അയിത്താചരണവും വിവിധ രൂപങ്ങളില്‍ നിലനില്‍ക്കുന്നുമുണ്ട്. താണ ജാതിക്കാര്‍ക്ക് ഉയര്‍ന്നവര്‍ക്കൊപ്പം ഇരിക്കാന്‍ സാധിക്കില്ല, ജാതി അനുസരിച്ച് ഭക്ഷണം പ്രത്യേകം പാത്രങ്ങളില്‍ വിളമ്പുകയാണിപ്പോഴും. ഇങ്ങനെ അയിത്തം വിവിധ രൂപങ്ങളില്‍ തുടരുന്നുവെന്നത് വസ്തുതയാണ്.

രാജ്യത്തെ വിവിധ ആദിവാസി മേഖലകളെ ഭരണ സംവിധാനം എങ്ങനെയാണ് ഇത്രയും കാലം അഭിസംബോധന ചെയ്തത് എന്നതുകൂടി പരിഗണിക്കണം. ധാതുക്കളുടെ ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുകയോ, സ്വമേധയാ കുടിയൊഴിയാന്‍ പ്രേരിപ്പിക്കപ്പെടുകയോ ചെയ്തവരാണ് മധ്യേന്ത്യയിലെയും വടക്ക് കിഴക്കന്‍ ഇന്ത്യയിലെയും ആദിവാസി മേഖലകളിലുള്ളവര്‍. പുനരധിവാസം പ്രഖ്യാപനങ്ങളിലൊതുങ്ങി. സമഗ്ര വികസനത്തിന് പ്രഖ്യാപിക്കപ്പെട്ട മറ്റ് പദ്ധതികളുടെയും സ്ഥിതി മറ്റൊന്നായില്ല. പ്രഖ്യാപനങ്ങള്‍ക്കനുസരിച്ച് അനുവദിക്കപ്പെട്ട പണം രാഷ്ട്രീയ – ഉദ്യോഗസ്ഥ – കരാര്‍ – ഇടനില പ്രതിനിധികളുടെ പോക്കറ്റുകളിലേക്ക് ഒഴുകിയെത്തി. സ്വാതന്ത്ര്യത്തിന് 70 വയസ്സാകാന്‍ പോകുമ്പോഴും ഇതിലൊന്നും വലിയ മാറ്റമുണ്ടായിട്ടില്ല. സാക്ഷരതയില്‍ മുന്നിലെത്തുകയും വികസനത്തിന്റെ ഇതര മാനദണ്ഡങ്ങളുടെ കണക്കില്‍ വികസിത രാഷ്ട്രങ്ങള്‍ക്ക് മുന്നിലെന്ന് ഊറ്റം കൊള്ളുകയും ചെയ്ത കേരളത്തില്‍പ്പോലും ആദിവാസി സമൂഹങ്ങളുടെ നില മെച്ചമല്ല. പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്നത് തുടര്‍ക്കഥയാണ്. കൈയേറ്റക്കാര്‍ ഭൂമി സ്വന്തമാക്കിയതോടെ, പുറന്തള്ളപ്പെട്ട ആദിവാസികള്‍ രണ്ട് നിയമനിര്‍മാണങ്ങള്‍ക്കും സര്‍ക്കാറുമായുണ്ടാക്കിയ മൂന്ന് കരാറുകള്‍ക്കും ശേഷം വാഗ്ദത്തഭൂമി സ്വപ്നം കണ്ടിരിക്കുകയാണ്. കിട്ടിയ ഭൂമി വിത്തിറക്കാന്‍ കഴിയാത്തതോ, കാട്ടാനയുടെ വഴിത്താരയിലുള്‍പ്പെട്ടതോ ആകയാല്‍ ഉപേക്ഷിച്ച് പോരേണ്ടിവന്നവര്‍ക്ക് സര്‍ക്കാര്‍ കണക്കില്‍ വാഗ്ദത്തം ബാക്കിയാകുന്നില്ല. പട്ടികജാതിക്കാരില്‍ ഭൂരിപക്ഷവും കോളനിവാസികളോ നാമമാത്രഭൂമിയുടെ ഉടമകളോ ആണ്. ഓരോ കുറി കടല്‍ പ്രക്ഷുബ്ധമാകുമ്പോഴും കൂര നഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട് ഇപ്പോഴും തീരപ്രദേശത്ത്. സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങള്‍ മൂലം സ്‌കൂളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറെയുള്ളതും ഈ മേഖലയില്‍ തന്നെ.

അടിസ്ഥാനജനവിഭാഗങ്ങളെ അഭിസംബോധനചെയ്യും വിധത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനധാര നിലനില്‍ക്കുകയും അവരുടെ സംസ്‌കാരിക – സാമൂഹിക ഉന്നമനം ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും ആ ലക്ഷ്യത്തോടെയുള്ള നിരവധി നിയമനിര്‍മാണങ്ങളുണ്ടാകുകയും ചെയ്ത നാട്ടിലേത് ഇതാണ് സ്ഥിതിയെങ്കില്‍, രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളിലെ പ്രത്യേകിച്ച് അവിടങ്ങളിലെ ഗ്രാമങ്ങളിലെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം സ്ഥലങ്ങളില്‍ സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തനവും ഒപ്പം പ്രേഷിത പ്രവര്‍ത്തനവും നടത്തുകയാണ് ക്രിസ്തീയ മിഷണറിമാര്‍ ചെയ്യാറ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന വിശ്വാസം, മതത്തിന്റെ വ്യാപനത്തിന് ഉപയോഗിക്കുകയും ചെയ്യും. ഇതിനെ നിര്‍ബന്ധിതമോ പ്രലോഭിപ്പിച്ചോ ഉള്ള മതപരിവര്‍ത്തനമായി കാണാനാകുമോ?

തിരുവനന്തപുരത്തെ അര്‍ബുദരോഗാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെപ്പോലും പരിവര്‍ത്തനത്തിന് വിധേയരാക്കുന്നുവെന്ന ആരോപണം ബി ജെ പി നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. അര്‍ബുദബാധയില്‍ മരണംകാക്കുന്നവരെപ്പോലും വെറുതെവിടാതെ മതംമാറ്റുകയാണെന്ന പ്രതീതിയാണ് ഇവിടെ പൊതുവെ സൃഷ്ടിക്കപ്പെടുക. രോഗശമനത്തിനായി ആയുസ്സിലെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തേണ്ടിവന്നവര്‍, തുടര്‍ചികിത്സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍, മരണമെത്തുന്ന കാലത്തോളം മനസ്സമാധാനത്തോടെയുള്ള ജീവിതം കാംക്ഷിക്കുന്നവര്‍, രോഗത്തെ കീഴടക്കാന്‍ വിശ്വാസം അനിവാര്യമാണെന്ന തോന്നലിലേക്ക് വൈകിയെത്തുന്നവര്‍ അങ്ങനെ പലതരക്കാരെ രോഗം സൃഷ്ടിച്ചെടുക്കും. ഇവരില്‍ ചിലരൊക്കെ, ബൈബിളിന്റെ താളുകളിലോ അതുമായെത്തുന്നവര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തിലോ ആകൃഷ്ടരാകുകയും വിശ്വാസം മാറുകയും ചെയ്തിട്ടുണ്ടാകാം. ഇതിനെ നിര്‍ബന്ധിതമോ പ്രലോഭിപ്പിച്ചുള്ളതോ ആയ മതപരിവര്‍ത്തനമായി കാണാനാകുമോ?

‘ഘര്‍ വാപ്പസി’ എന്ന ഓമനപ്പേരിട്ട് രാഷ്ട്രീയ സ്വയം സേവക് സംഘ് ആസൂത്രണം ചെയ്യുകയും പരിവാര്‍ സംഘടനകള്‍ നടപ്പാക്കുകയും ചെയ്യുന്ന പരിവര്‍ത്തനം പക്ഷേ, നിര്‍ബന്ധിതമോ പ്രലോഭിപ്പിച്ചുള്ളതോ ആണെന്ന് പറയാതെ തരമില്ല. ക്രിസ്തീയ മിഷണറിമാരെപ്പോലെ ഏതെങ്കിലും വിഭാഗങ്ങള്‍ക്കിടയില്‍ നിരന്തരമുള്ള പ്രവര്‍ത്തനമോ പ്രയാസകാലത്തുള്ള കൈത്താങ്ങാകലോ ഒന്നും ഇത്തരം പരിവര്‍ത്തനങ്ങളുടെ അണിയറയിലില്ല. റേഷന്‍ കാര്‍ഡുകള്‍ ബി പി എല്‍ പട്ടികയില്‍പ്പെടുത്തി നല്‍കാമെന്നതായിരുന്നു ആഗ്രയിലെ വാഗ്ദാനം. സര്‍ക്കാറില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ വാങ്ങിനല്‍കാമെന്ന പ്രലോഭനം, നിര്‍ദേശമനുസരിച്ചില്ലെങ്കില്‍ സര്‍ക്കാറിന്റെ പ്രതികാര നടപടികള്‍ക്ക് വിധേയരാക്കുമെന്ന ഭീഷണി കൂടിയാണ്. പ്രലോഭനവും നിര്‍ബന്ധവും ഒരേപോലെ പ്രയോഗിക്കപ്പെടുന്നു ‘ഘര്‍ വാപ്പസി’യില്‍. ആഗ്രക്ക് പിറകെ ഗുജറാത്തിലെ വത്സദ് അടക്കമുള്ള ചില പ്രദേശങ്ങളിലും ‘ഘര്‍ വാപ്പസി’ നാടകം അരങ്ങേറി. ഇവിടങ്ങളിലൊക്കെ ഈ പ്രക്രിയക്ക് വിധേയരാക്കപ്പെട്ടവര്‍ ചേരിവാസികളോ പട്ടിക വിഭാഗക്കാരോ ദളിതുകളോ ആയിരുന്നു. പൊതുവില്‍ അധികാരഘടനക്ക് പുറത്തുനില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍. വ്യവസ്ഥാപിതമായ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായ എന്തും ആരോപിക്കപ്പെടാന്‍ സാധിക്കും ചേരിനിവാസികള്‍ക്കുമേല്‍. അതുകൊണ്ടുതന്നെ ഇക്കൂട്ടരെ ഭീഷണിപ്പെടുത്തകയോ പ്രലോഭിപ്പിക്കുകയോ ചെയ്യുക എന്നത് അല്‍പ്പം സ്വാധീനശക്തിയുള്ള ആര്‍ക്കും എളുപ്പമാണ്. ജാതി വിവേചനത്തിന്റെ ഇരകളായി തുടരുന്നവരാണ് വടക്കേ ഇന്ത്യയിലെ ഭൂരിപക്ഷം ദളിതുകളും പട്ടിക വിഭാഗക്കാരും. ഒരു ജന്മിയും അയാളുടെ ഗുണ്ടകളും വിചാരിച്ചാല്‍ ഭൂമിയില്‍ നിന്ന് പുറന്തള്ളപ്പെടുകയോ ആക്രമണത്തിന് ഇരയാകുകയോ ചെയ്യാം ഇവര്‍. ഇവരെക്കൊണ്ട് ‘ഞങ്ങളൊക്കെ മതംമാറി’ എന്ന സംഘഗാനം പാടിക്കാന്‍ ഏറെയൊന്നും പ്രയാസപ്പെടേണ്ടിവരില്ല, സംഘ് പരിവാരത്തിന്റെ നേതാക്കള്‍ക്ക്.

കേരളത്തില്‍ നടന്നതായി പറയുന്ന ‘ഘര്‍ വാപ്പസി’കള്‍ എല്ലാം തന്നെ, നേരത്തെ തന്നെ മതം മാറിയവരെ അമ്പലങ്ങളിലേക്ക് വിളിച്ചുവരുത്തി നടത്തപ്പെട്ട ആഘോഷങ്ങളായിരുന്നുവെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. സാമൂഹികമായ അകറ്റിനിര്‍ത്തലുകളില്‍ മനംനൊന്ത് മതം മാറാന്‍ തീരുമാനിച്ചവരില്‍ പലരും പലകാരണങ്ങളാല്‍ പിന്നീട് മടങ്ങി. സംവരണാനുകൂല്യത്തിനുള്ള അര്‍ഹതയായിരുന്നു കാരണങ്ങളില്‍ പ്രധാനം. മാറിയെത്തിയ സമുദായത്തിലും ജാതിവിവേചനം പരോക്ഷമായി നിലനില്‍ക്കുന്നുവെന്നും അന്തസ്സിലെ തുല്യത തങ്ങള്‍ക്കില്ലെന്നും തിരിച്ചറിഞ്ഞതോടെ തിരിച്ചെത്തിയവരുമുണ്ട്. പുനഃപരിവര്‍ത്തനത്തിന് ശേഷവും സംവരണമുള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തവര്‍ക്ക്, അന്വലത്തില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും മറ്റും സര്‍ക്കാര്‍ ഓഫീസുകളില്‍ കാട്ടിക്കൊടുക്കാന്‍ കഴിയും. പുനഃപരിവര്‍ത്തനച്ചടങ്ങിനായി അമ്പലത്തില്‍ പണമടച്ചതിന്റെ രശീതും തെളിവായി സമര്‍പ്പിക്കാം. ക്ഷേത്രങ്ങളിലെ രശീതും ചിത്രങ്ങളുമൊക്കെ, വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിനുള്ള തെളിവാണ് എന്നത് ഓര്‍ക്കുക. സര്‍ട്ടിഫക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് സഹായിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇപ്പറയുന്ന ‘വാപ്പസി’കള്‍ സംഘടിപ്പിക്കപ്പെട്ടതെങ്കില്‍ അത് പ്രലോഭനമാണെന്ന് തന്നെ പറയേണ്ടിവരും. കേന്ദ്ര ഭരണം തങ്ങളുടേതാണെന്ന വാക്യം ആവര്‍ത്തിച്ചായിരിക്കുമല്ലോ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടാകുക!

മതപരിവര്‍ത്തനമുണ്ടാകുന്നതു കൊണ്ടാണല്ലോ പുനഃപരിവര്‍ത്തനമുണ്ടാകുന്നത് എന്ന കേന്ദ്ര ഭരണാധികാരികളുടെയും ബി ജെ പി നേതാക്കളുടെയും യുക്തി ചോദ്യംചെയ്യപ്പെടുന്നത് ഇവിടെയാണ്. പരിവര്‍ത്തനം സംഭവിക്കുന്നത്, പൊടുന്നനെ ചില വാഗ്ദാനങ്ങള്‍ നല്‍കി രംഗത്തെത്തുന്നവരുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങിയല്ല. ആ പരിവര്‍ത്തനത്തിന് മുന്‍കൈ എടുക്കുന്നവര്‍ക്കൊന്നും രാജ്യഭരണത്തില്‍ നേരിട്ടൊരു സ്വാധീനവും പങ്കാളിത്തവുമില്ല താനും. അത്തരം പരിവര്‍ത്തനങ്ങളെ നിര്‍ബന്ധിതമെന്ന് ചിത്രീകരിക്കുമ്പോള്‍ അത് മത പ്രചാരണത്തിന് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ രാജ്യത്ത് പൊതുവായൊരു നിയമം കൊണ്ടുവരുന്നതിനുള്ള അവസ്ഥ സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതിനുള്ള നീക്കമാണ്. പുനഃപരിവര്‍ത്തനങ്ങളുടെ സാഹചര്യങ്ങള്‍ മുഴുവന്‍ നിര്‍ബന്ധിതമോ പ്രലോഭിപ്പിച്ചുള്ളതോ ആയ മാറ്റങ്ങളാണ് വിവരിക്കുന്നത്. ബി ജെ പി ഭരണത്തിലുണ്ടാകുമ്പോള്‍ മാത്രമാണ് ഇത്തരം സംഗതികള്‍ ഉണ്ടാകുന്നത് എന്നത് പുനഃപരിവര്‍ത്തനത്തിന് അധികാരസ്വാധീനം ഏത് വിധത്തില്‍ പ്രയോജനപ്പെടുത്തപ്പെടുന്നുവെന്നതിന് തെളിവാണ്.

നിര്‍ബന്ധിത മത പരിവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മാണം വേണ്ടതില്ല എന്നാണ് ഭരണഘടനാ നിര്‍മാണസഭ ആഴത്തിലുള്ള സംവാദങ്ങള്‍ക്ക് ശേഷം തീരുമാനമെടുത്തത്. ഹിന്ദുത്വശക്തികള്‍ അനുകരണീയ നേതൃമാതൃകയായി ചൂണ്ടിക്കാട്ടുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹം കഴിഞ്ഞാല്‍ ആരാധ്യനായി കാണുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ പോലും നിര്‍ബന്ധിത മത പരിവര്‍ത്തനം തടയുന്ന നിയമം വേണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നില്ല. നിര്‍ബന്ധത്തിന് വഴങ്ങിയോ, പ്രലോഭനത്തിന് വശംവദരായോ മതപരിവര്‍ത്തനമുണ്ടായാല്‍ അത് നിയമവിധേയമാകില്ല എന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദേശവും ഭരണഘടനാ നിര്‍മാണ സഭയില്‍ ഉയര്‍ന്നിരുന്നു. അതുപോലും ഉള്‍ക്കൊള്ളിക്കേണ്ടതില്ലെന്നായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ അഭിപ്രായം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്ന് കണ്ടെത്തിയാല്‍ ശിക്ഷ വിധിക്കുന്നതിനും അത്തരം പ്രവൃത്തികള്‍ തടയുന്നതിനും നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ധാരാളമാണെന്നാണ് പട്ടേല്‍ ചൂണ്ടിക്കാട്ടിയത്.

ഇത്തരമൊരു സാഹചര്യത്തില്‍ പുനഃപരിവര്‍ത്തനം സംഘടിപ്പിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് രാജ്യത്ത് പൊതു നിയമം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്യുന്ന സംഘ് പരിവാരം, ഹിന്ദു സമുദായത്തിന്റെ ഭാഗമെന്ന് അവര്‍ കരുതുന്ന വിവിധ ജാതികളില്‍ നിലനില്‍ക്കുന്ന സമവാക്യങ്ങളെ ഉലക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ബി ജെ പിയുടെ രാഷ്ട്രീയാധികാരത്തിന് ഇന്ധനമാകാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ ഈഴവരും പട്ടിക വിഭാഗക്കാരുമാണെന്നതാണ് ആര്‍ എസ് എസ്സിന്റെ വിലയിരുത്തല്‍. രാജ്യത്തിന്റെ അധികാരത്തുടര്‍ച്ചയില്‍ ഉത്തരേന്ത്യയിലെ പിന്നാക്ക – ദളിത് വിഭാഗക്കാര്‍ വോട്ടുബാങ്കായി പിന്നില്‍ നില്‍ക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ക്ക് അറിയുകയും ചെയ്യാം. ഇത് സാധ്യമാകണമെങ്കില്‍ ‘ഹിന്ദു’ എന്നത് സംഘടിതമതമാണെന്നും എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന സ്ഥിതി അവിടെ സംജാതമായിട്ടുണ്ടെന്നും ബോധ്യപ്പെടുത്തേണ്ടതുണ്ട്. സാമൂഹിക – സാമ്പത്തിക കാരണങ്ങളാല്‍ മതം വിട്ട് പോയവരെപ്പോലും തിരികെക്കൊണ്ടുവന്ന് സംരക്ഷിക്കാന്‍ പാകത്തിലുള്ള ശക്തമായ രക്ഷാകര്‍തൃ സംവിധാനം നിലവില്‍ വന്നിരിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കേണ്ടതുമുണ്ട്. അതിനുള്ള പല ശ്രമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി വേണം പുനഃപരിവര്‍ത്തന ശ്രമങ്ങളെയും അതിന് നല്‍കുന്ന പ്രചാരണങ്ങളെയും കാണാന്‍. രാജ്യത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ ഇത് സൃഷ്ടിക്കാനിടയുള്ള കാലുഷ്യം എത്ര വലുതായിരിക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടതും. പരിവര്‍ത്തനത്തിന് കാരണമായ സാമൂഹിക – സാമ്പത്തിക ഘടകങ്ങളൊക്കെത്തന്നെയാണ് പുനഃപരിവര്‍ത്തനത്തിനും വിനിയോഗിക്കപ്പെടുന്നത് എന്നതാണ് കൗതുകകരം. വര്‍ണാശ്രമത്തിന്റെ വിവിധതട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ട് മതാടിസ്ഥാനത്തിലുള്ള ഏകീകരണമാണ് ആര്‍ എസ് എസ് ആഗ്രഹിക്കുന്നത്, അതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതും. ആ ലക്ഷ്യം ഈ ‘ഘര്‍ വാപ്പസി’യിലുമുണ്ട്. പോയപ്പോള്‍ ഉപേക്ഷിച്ച വീടിനേക്കാള്‍ ജീര്‍ണിച്ച വീട്ടിലേക്കാണ് മടങ്ങിയതെന്ന് ഈ കുളിരത്തിട്ട കാവിപ്പുതപ്പ് മാറ്റുമ്പോഴേ ബോധ്യമാകൂ. ആ തിരിച്ചറിവ് എളുപ്പത്തിലുണ്ടാകാനിടയുണ്ടെന്ന് അടിയന്തരാവസ്ഥക്ക് ശേഷമുള്ള ജനവിധി ഓര്‍പ്പിക്കുന്നുണ്ട്.

 

You must be logged in to post a comment Login