പശു രാഷ്ട്രീയത്തിലിറങ്ങിയാല്‍

പശു രാഷ്ട്രീയത്തിലിറങ്ങിയാല്‍

വാസുകിയെ കയറാക്കി, വിഷ്ണുവെടുത്ത കൂര്‍മാവതാരത്തിന്റെ പുറത്ത് മന്ദര പര്‍വതത്തെ ഉറപ്പിച്ച്, പാലാഴി കടഞ്ഞപ്പോളുയര്‍ന്നുവന്ന പലതില്‍ ഒന്നാണ് കാമധേനുവെന്നാണ് ഹൈന്ദവരുടെ വിശ്വാസം. ആഗ്രഹിക്കുന്നതെന്തും പ്രദാനം ചെയ്യാന്‍ ശേഷിയുള്ളതായാണ് പുരാണങ്ങളില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ലോകത്താകമാനമുള്ള പശുക്കളെയൊക്കെ കാമധേനുവായി കാണുക എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമാണ് ഗോമാതാ എന്ന വിശേഷണവും വിശ്വാസവും. ദേവാംശമുണ്ടെന്ന വിശ്വാസം ശക്തമായതോടെ പശുക്കളെ കൊല്ലുന്നത് പാപമാണെന്ന ചിന്ത ശക്തിപ്പെട്ടു. ശിവന്റെ ഭൂതഗണങ്ങളില്‍പ്പെട്ടതാണ് നന്ദിയെന്ന കാള. അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ക്ക് ആരാധനാമൂര്‍ത്തി. ചിത്രഗുപ്തന്റെ കണക്ക് പുസ്തകം നോക്കി, ആളുകളെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ കൂട്ടിക്കൊണ്ടുവരുന്ന ഉത്തരവാദിത്വമാണ് യമധര്‍മന്. ദേവന്റെ വാഹനം പോത്ത്. ദേവന്റെ വാഹനത്തിന് ദേവാംശമുണ്ടാകാതെ തരമില്ല. മഹാരാഷ്ട്രയില്‍ അധികാരത്തിലിരുന്ന ശിവസേന-ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന മൃഗസംരക്ഷണ ഭേദഗതി നിയമം (1995), പശു, കാള, കിടാവ്, പോത്ത് എന്നിവയെ കൊല്ലുന്നത് നിരോധിക്കാനും ഇവയുടെ മാംസം കൈവശം വെക്കുന്നത് അഞ്ച് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാക്കാനും വ്യവസ്ഥ ചെയ്യുന്നു. ഹിന്ദു വിശ്വാസങ്ങളിലുള്ള ഏതെങ്കിലും ദൈവവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നില്ല എന്നതിനാലാകണം എരുമകളെ കൊല്ലുന്നത് തടയാന്‍ ഭേദഗതിയില്‍ വ്യവസ്ഥയില്ല.

മഹാരാഷ്ട്രക്ക് പിറകെ സമാനമായ നിയമനിര്‍മാണത്തിന് ഹരിയാന സന്നദ്ധമാകുന്നുണ്ട്. കൂടുതല്‍ കര്‍ശനമായ ശിക്ഷ നിര്‍ദേശിക്കും വിധത്തിലാണ് ഹരിയാനയുടെ നിയമനിര്‍മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പശു, കാള, പോത്ത് എന്നിവയെ കൊല്ലുന്നതും അവയുടെ മാംസം കൈവശം വെക്കുന്നതും കുറ്റകരമാക്കുന്ന മാതൃകാ നിയമം (നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന നിയമമാണ് മാതൃക) തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നത് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ യൂനിയനില്‍ നിലനില്‍ക്കുന്ന ഫെഡറല്‍ സമ്പ്രദായത്തില്‍ ഇക്കാര്യങ്ങളില്‍ അവസാനതീരുമാനം സംസ്ഥാന സര്‍ക്കാറുകളാണ് എടുക്കേണ്ടത് എന്നതിനാല്‍ കേരളത്തില്‍ തല്‍ക്കാലം നിരോധനമുണ്ടാകില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളും ബി ജെ പിയുടെ ഭരണത്തിന്‍ കീഴിലായതിനാല്‍, അവിടങ്ങളിലൊക്കെ പുതിയ നിയമ നിര്‍മാണത്തിന് സാധ്യതയുണ്ട്. രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം വരികയാണെങ്കില്‍, ഒന്നോ രണ്ടോ സംസ്ഥാനങ്ങള്‍ക്ക് മാത്രമായി എത്രകാലം മാറിനില്‍ക്കാനാകുമെന്നത് കണ്ടറിയണം.
വിശ്വാസത്തിലേക്ക് തന്നെ മടങ്ങിയാല്‍, മുപ്പത്തിമുക്കോടി ദേവതകളുണ്ടെന്നാണ് ഹിന്ദുക്കളുടെ കണക്ക്. ഇന്ത്യയിലെ ജനസംഖ്യ 130 കോടിയോളമായി വളര്‍ന്ന ഈ നൂറ്റാണ്ടിലെ കണക്കല്ല ഇത്. ദേവതകള്‍ വിവാഹം കഴിക്കുകയും അവര്‍ക്ക് സന്താനങ്ങളുണ്ടാകുകയും ചെയ്യുന്നുണ്ട് പുരാണത്തില്‍. ദേവന്‍മാര്‍ അനശ്വരരാകയാല്‍ നശ്വരരായ മനുഷ്യരേക്കാള്‍ വലിയ കൂട്ടമായി അവരിപ്പോള്‍ മാറിയിട്ടുണ്ടാകും. ആ നിലക്കാണെങ്കില്‍ മുപ്പത്തിമുക്കോടിയായിരുന്ന ദേവസംഖ്യ, പുതിയ കാലമായപ്പോഴേക്കും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടാകണം. ഇവര്‍ക്കെല്ലാമുള്ള വാഹനങ്ങളാകാന്‍ നിലവില്‍ തിരിച്ചറിഞ്ഞ മൃഗങ്ങള്‍ പോരാതെ വരും. മൃഗങ്ങളെയൊന്നും കൊല്ലരുതെന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു കേന്ദ്ര നിയമം കൊണ്ടുവരുന്നതാകും ഇത്തരുണത്തില്‍ ഉചിതം. വിശ്വാസ സംരക്ഷണത്തിന് ഇതല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നും കാണുന്നില്ല.

ഇത്തരമൊരു വംശവര്‍ധന ദേവഗണങ്ങള്‍ക്കുണ്ടായിട്ടില്ലെന്നും സംഖ്യ മുപ്പത്തിമുക്കോടിയായി തുടരുകയാണെന്നും അവരില്‍ നിലവില്‍ വാഹനങ്ങളായുപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് പുറത്ത് മറ്റാരെയും ജോലിക്കായി തെരഞ്ഞെടുത്തിട്ടില്ലെന്നും വിശ്വസിക്കുകയാണെങ്കില്‍ ഇത്തരത്തിലൊരു നിയമനിര്‍മാണം വേണ്ടിവരില്ല. എങ്കിലും മറ്റുചിലത് ആവശ്യമായി വരും. ശ്രീരാമനായി അവതരിച്ച വിഷ്ണുതന്നെ മത്സ്യമായും കൂര്‍മമായും (പാലാഴി മഥനാര്‍ഥം) അവതരിച്ചിട്ടുണ്ട്. ആയതിനാല്‍ മത്സ്യങ്ങളെയും ആമകളെയും ആരാധിക്കേണ്ടത് അനിവാര്യമാണ്. ആയതിനാല്‍ മീന്‍ പിടിത്തവും മീന്‍ കൈവശംവെക്കലും അടിയന്തിരമായി നിരോധിക്കേണ്ടതാകുന്നു. ആമകളുടെ കാര്യത്തിലും തഥാസ്തു. ഇവ രണ്ടിന്റെയും ആവാസകേന്ദ്രമായതിനാല്‍ സമുദ്രങ്ങള്‍, കായലുകള്‍, നദികള്‍ എന്നിവ ക്ഷേത്രതുല്യമാണ്. അവിടങ്ങളില്‍ നടന്ന കൈയേറ്റങ്ങളെല്ലാമൊഴിപ്പിച്ച്, മാലിന്യങ്ങളൊക്കെ നീക്കി, 24 കാരറ്റിന്റെ ശുദ്ധി ഉടന്‍ കൊണ്ടുവരേണ്ടതുമാണ്. നിയമ നിര്‍മാണത്തിന് മടിക്കേണ്ടതില്ല. തീരപ്രദേശം ഏറെയുള്ളതിനാല്‍ ഗുജറാത്തിന് തന്നെ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാം. വ്യാഴവട്ടത്തിലേറെക്കാലം ഗുജറാത്ത് ഭരിച്ചിട്ടും ഇതിന് തയ്യാറാകാത്തതിലുള്ള പ്രായശ്ചിത്തം നരേന്ദ്ര മോഡി ഏത് വിധം ചെയ്യണമെന്നതില്‍ പ്രശ്‌നകാര്യക്കാര്‍ വിധി പറയും.

പ്രഹ്‌ളാദ വധത്തിന് ഉദ്യുക്തനായി നിന്ന ഹിരണ്യ കശിപു, എവിടെ നിന്റെ ദൈവം എന്ന് ചോദിക്കുന്നു. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നാണ് പ്രഹ്ലാദന്റെ മറുപടി. എന്നാലതൊന്ന് കാണട്ടെ എന്ന് ആക്രോശിച്ച് പ്രഹ്ലാദനെ കൊല്ലാനടുക്കുന്ന കശിപുവിനെ തൂണുപിളര്‍ന്നെത്തുന്ന നരസിംഹാവതാരം വധിക്കുന്നുവെന്നാണ് വിശ്വാസം. തൂണിലും തുരുമ്പിലും വരെ ദൈവാംശമുണ്ട്. അപ്പോള്‍പ്പിന്നെ ചീരമുരിങ്ങാദി വെണ്ടക്കകളെ കീറിമുറിച്ച് വേവിച്ച് ഭുജിക്കുന്നതെങ്ങനെ? നാരങ്ങകളെ പിളര്‍ന്ന്, പിഴിഞ്ഞ് പാനം ചെയ്യുവതും എങ്ങനെ? ഇവയെയൊക്കെ വേരോടെ പിഴുതോ സസ്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തോ ജഡമാക്കുന്നത് എങ്ങനെ അനുവദിക്കും? വിളവെടുക്കുന്ന സകല കര്‍ഷകരെയും, വിളവിന്റെ തോതനുസരിച്ച് തടവിന്റെ കാലം നിര്‍ണയിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണം അടിയന്തിരമായി വേണം. എങ്കിലേ ദൈവാംശമുള്ള സസ്യജാലങ്ങളെയാകെ ഇല്ലായ്മ ചെയ്യുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ സാധിക്കൂ. ഇവയൊക്കെ കൈവശം വെക്കുന്നവര്‍ക്ക് തടവ് വേറെയും വ്യവസ്ഥ ചെയ്യാം.

മാട്ടിറച്ചിയുടെ (എരുമയുടേതൊഴികെ) ഉത്പാദനവും വിതരണവും നിരോധിച്ചതിന് ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധമൊന്നുമില്ലെന്നും കാര്‍ഷിക മേഖലയുടെ സംരക്ഷണം ഉദ്ദേശിച്ചാണെന്നുമാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശദീകരിക്കുന്നത്. ഭരണഘടനയുടെ 48-ാം ഖണ്ഡത്തില്‍ പറയുന്നതനുസരിച്ചാണ് നിയമനിര്‍മാണമെന്നും. ഭരണഘടന ആവിഷ്‌കരിക്കുന്ന കാലത്ത് കാര്‍ഷികോത്പാദനമായിരുന്നു ഇന്ത്യന്‍ സമ്പദ് ഘടനയെ നിയന്ത്രിച്ചിരുന്നത്. അക്കാലത്ത് കന്നുകാലികളെ ഉപയോഗിച്ചായിരുന്നു കാര്‍ഷികവൃത്തി മുന്നോട്ടുപോയിരുന്നതും. അതുകൊണ്ടുതന്നെ കാലികളെ സംരക്ഷിക്കുക എന്നത് കാര്‍ഷികോത്പാദനത്തിന് ആവശ്യവുമായിരുന്നു. എന്നാല്‍ ഇന്ന് യന്ത്ര സഹായത്തോടെയുള്ള കൃഷി വ്യാപിച്ചിരിക്കുന്നു. ആടുമാടുകളുടെ സംരക്ഷണം പാലിന്റെയും ഇറച്ചിയുടെയും ഉത്പാദനവുമായാണ് ഇപ്പോള്‍ ഏറെയും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ കാര്‍ഷികമേഖലയുടെ സംരക്ഷണം മാത്രമുദ്ദേശിച്ച് നിരോധമേര്‍പ്പെടുത്തുന്നുവെന്നത് യുക്തിക്ക് നിരക്കുന്ന വാദമല്ല.

കാര്‍ഷികമേഖലയുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള വ്യവസായവത്കരണമല്ല രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നതും കണക്കിലെടുക്കണം. മാതൃകാ നിയമം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഗുജറാത്തിലെ വ്യവസായ മേഖലയിലൂടെ സഞ്ചരിച്ചാല്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന ഒരു കാര്യം, കൃഷിഭൂമി വ്യാപകമായി നികത്തിക്കൊണ്ടാണ് വ്യവസായ സ്ഥാപനങ്ങള്‍ കെട്ടിയുയര്‍ത്തിയത് എന്നാണ്. ഖനനം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളുടെ വലിയ മുന്നേറ്റത്തില്‍ നഷ്ടമാകുന്നതില്‍ വലിയൊരളവ് കൃഷി ഭൂമി തന്നെ. ഈ മേഖലകളെ ഏത് വിധത്തിലൊക്കെ പ്രോത്സാഹിപ്പിക്കാമോ അതൊക്കെ ചെയ്യുന്നുമുണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍. അതുകൂടി കണക്കിലെടുത്താല്‍, കന്നുകാലി സംരക്ഷണം ഉറപ്പാക്കിയതിലൂടെ കാര്‍ഷിക മേഖല വികസിക്കുമെന്ന വാദത്തിന്റെ പൊള്ളത്തരം കൂടുതല്‍ വ്യക്തമാകും.

വി എച്ച് പി അടക്കമുള്ള സംഘ് പരിവാര സംഘടനകള്‍ ഗോവധ നിരോധം രാജ്യത്താകെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് ഹൈന്ദവ വിശ്വാസങ്ങളുമായി ചേര്‍ത്തായിരുന്നു. ഇത് അവര്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. ആ നിലക്ക് നോക്കുമ്പോള്‍, നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം, ആര്‍ എസ് എസ് മേധാവി പലകുറി ആവര്‍ത്തിച്ചത് പോലെ, ഹിന്ദു രാഷ്ട്ര സ്ഥാപനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എടുക്കുന്ന പല തീരുമാനങ്ങളുടെയും ഭാഗമാണ് മാട്ടിറച്ചി നിരോധശ്രമമെന്ന് കരുതണം. ഭൂരിപക്ഷമതത്തിന്റെ വിശ്വാസങ്ങളെ സംരക്ഷിക്കാന്‍ പാകത്തിലുള്ള നടപടികള്‍ തങ്ങള്‍ സ്വീകരിക്കുന്നുവെന്ന സന്ദേശം നല്‍കുകയാണ് സര്‍ക്കാര്‍. അതിനെ എതിര്‍ക്കുന്നവര്‍ ഭൂരിപക്ഷ മതത്തിന്റെ ഇംഗിതങ്ങളെ അംഗീകരിക്കാത്തവരാണെന്ന തോന്നല്‍ സൃഷ്ടിക്കുകയും. ഇത്തരം നടപടികള്‍ വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്തുന്നതിന് സഹായകമാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിവെച്ചത് കോണ്‍ഗ്രസ് സര്‍ക്കാറുകളാണെന്നതും കാണാതിരുന്നുകൂട. രാജ്യത്തെ 24 സംസ്ഥാനങ്ങളിലെങ്കിലും ഗോവധത്തിന് നിരോധമോ നിയന്ത്രണമോ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമമുണ്ട്. ഇതൊക്കെ കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാറുകളാണ്. മൃദു ഹിന്ദുത്വ സമീപനത്തിലൂടെ അധികാരത്തുടര്‍ച്ച ഉറപ്പാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായിരുന്നു ഇത്തരം നിയമ നിര്‍മാണങ്ങളൊക്കെ.

സ്വാതന്ത്ര്യ സമര കാലത്തുതന്നെ ഹിന്ദുത്വ വാദികള്‍ കോണ്‍ഗ്രസിലുണ്ടായിരുന്നുവെന്നത് തര്‍ക്കമില്ലാത്ത ചരിത്രമാണ്. ബാലഗംഗാധര തിലക് മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെയുള്ളവര്‍ ഇതിന്റെ തെളിവുകളാണ്. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) ആശയങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്ന് വരെ ആവശ്യപ്പെട്ടവരുണ്ട്. ജവഹര്‍ ലാല്‍ നെഹ്‌റുവിനെപ്പോലുള്ള മതനിരപേക്ഷ നിലപാടുകാര്‍, ഹിന്ദുത്വ ആശയഗതിക്കാരുടെ മേല്‍ മേല്‍ക്കൈ നേടിയതുകൊണ്ടു മാത്രമാണ് ആര്‍ എസ് എസ് പാതയിലേക്ക് കോണ്‍ഗ്രസ് നയിക്കപ്പെടാതിരുന്നത്. വലിയ തര്‍ക്കമായി വളരുകയും ബി ജെ പിയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുകയും ചെയ്ത ബാബ്‌രി മസ്ജിദ് പ്രശ്‌നം, ഈ വിധത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഉത്തര പ്രദേശത്തിന്റെ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് വല്ലഭ് പന്ത് വലിയ സഹായം ചെയ്തിട്ടുണ്ട്. മസ്ജിദിനുള്ളില്‍ രാമ വിഗ്രഹം സ്ഥാപിക്കാന്‍ അവസരമുണ്ടാകുകയും അത് ഉടന്‍ നീക്കണമെന്ന അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നിര്‍ദേശം തള്ളിക്കളയുകയും ചെയ്തത് ഗോവിന്ദ് വല്ലഭ് പന്തായിരുന്നു. ഭൂരിപക്ഷ മതത്തെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടര്‍ന്നതിന്റെ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.

ഗോവധം രാജ്യത്താകെ നിരോധിക്കാമെന്ന ആശയം മുന്നോട്ടുവെക്കുമ്പോള്‍ ബി ജെ പിക്കും സംഘ് പരിവാരത്തിനുമുള്ള സൗകര്യവും വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തിയ നിരോധമാണ്. വര്‍ഗീയ അജണ്ട നടപ്പാക്കാനല്ല, കോണ്‍ഗ്രസ് നടപ്പാക്കിയ നിയമങ്ങള്‍ കുറേക്കൂടി ശക്തമാക്കുക മാത്രമാണ് എന്ന് വാദിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ചുരുക്കം.

സ്വാതന്ത്ര്യാനന്തരം രാജ്യത്ത് അരങ്ങേറിയ വര്‍ഗീയ/വംശീയ ഹത്യാ ശ്രമങ്ങളൊക്കെ സമ്പത്ത് കൈക്കലാക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയുള്ളതായിരുന്നു. 1984ല്‍ ഡല്‍ഹിയില്‍ സിഖുകാര്‍ക്കും 2002ല്‍ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കും നേര്‍ക്കുണ്ടായ വംശഹത്യാ ശ്രമം, വാണിജ്യ – വ്യവസായ രംഗങ്ങളില്‍ ഈ സമുദായങ്ങള്‍ കൈവരിച്ച നേട്ടങ്ങളെ അപഹരിക്കുക എന്ന ഉദ്ദേശ്യം കൂടിയുള്ളതായിരുന്നു. ഇപ്പോള്‍, മാടുകളുടെ അറവും ഇറച്ചിയുടെ വില്‍പ്പനയും നിരോധിക്കുമ്പോഴും അത്തരമൊരു ഉന്നം പിറകിലുണ്ട്. തുകല്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ ഏറെയും ന്യൂനപക്ഷ വിഭാഗങ്ങളാണ്. അതിലൂടെ അവര്‍ വലിയ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുകയും ചെയ്തിരിക്കുന്നു. നിരോധമേര്‍പ്പെടുത്തുന്നതോടെ ഈ വ്യവസായത്തെ തളര്‍ത്തുക എന്ന ഉദ്ദേശ്യം ബി ജെ പി സര്‍ക്കാറുകള്‍ക്കുണ്ടാകണം.

എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുകയും അടുക്കളയിലേക്ക് കൂടി വര്‍ഗീയ അജണ്ടയെ എത്തിച്ച്, ധ്രുവീകരണ ശ്രമങ്ങള്‍ക്ക് ആക്കമേറ്റുകയുമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഉദ്ദേശ്യം. അതിന്റെ ഭാഗമായി ചില മേഖലകളെ തളര്‍ത്താന്‍ കഴിഞ്ഞാല്‍, അതൊരു അധികനേട്ടമായി അവര്‍ കാണുകയും ചെയ്യും. ആ നിലക്ക് നോക്കുമ്പോള്‍ നിരോധമേര്‍പ്പെടുത്താനുള്ള ശ്രമത്തിന് ഭൂരിപക്ഷ മതത്തിന്റെ വിശ്വാസവുമായി ബന്ധമൊന്നുമില്ലെന്ന അവരുടെ വാദം ശരിയാണ് താനും.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login