മുറിവുണക്കാനുള്ള യാത്രകള്‍

മുറിവുണക്കാനുള്ള യാത്രകള്‍

കേരളത്തിലെ സുന്നിപ്രസ്ഥാനങ്ങളുടെ പുതിയകാല മുന്നേറ്റങ്ങളുടെ ചിന്താപരമായ തുടക്കം എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരില്‍ നിന്നായിരുന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സമസ്തയുടെ സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തില്‍ നിന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ച് പ്രവര്‍ത്തനഗോധയില്‍ സജീവമായ വ്യക്തിത്വമാണദ്ദേഹം. സമസ്ത കേന്ദ്ര മുശാവറയിലോ, ഒദ്യോഗികമായ മറ്റേതെങ്കിലും സമിതിയിലോ അംഗമാവുന്നതിനു മുമ്പ് തന്നെ വിവിധങ്ങളായ പദ്ധതികള്‍ രൂപപ്പെടുത്തി നേതാക്കള്‍ക്ക് സമര്‍പ്പിക്കും. അവരുടെ നിര്‍ദേശാനുസരണം കഠിനാധ്വാനം ചെയ്തിട്ടുമുണ്ട്.

മദ്‌റസാ പ്രസ്ഥാനത്തിന്റെ പ്രമേയം മുതല്‍ അതിന്റെ പ്രചാരണത്തിലും പ്രയോഗത്തിലും പരിഷ്‌കരണത്തിലും എം എയുടെ ചിന്തയും ബുദ്ധിയും നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മദ്‌റസാ സംവിധാനം അംഗീകരിക്കാന്‍ സമൂഹത്തിന്റെ മനസ്സ് ക്രമപ്പെടാത്ത ഒരു ഘട്ടത്തിലാണ് അദ്ദേഹം ഇതിനായി ത്യാഗം ചെയ്തത്.

ഞങ്ങള്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് അവിഭക്ത കണ്ണൂര്‍ ജില്ലാ മുശാവറയുടെ രൂപീകരണത്തോടെയാണ്. എന്റെ പേര് പാനലിലുണ്ടായിരുന്നെങ്കിലും അത്ര സജീവമല്ലാത്തതിനാല്‍ അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായില്ല. പിന്നീട് പി എ അബ്ദുല്ല മൗലവിയെ ഉപയോഗപ്പെടുത്തി സമ്മര്‍ദം ചെലുത്തി എന്നെ ഏറ്റെടുപ്പിച്ചത് എം എയാണ്. അങ്ങനെ പി എ ഉസ്താദ് പ്രസിഡന്റും എം എ ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ഞാന്‍ ജോയിന്റ് സെക്രട്ടറിയായി.

അന്നുമുതല്‍ ഒരുമിച്ച് വിവിധങ്ങളായ പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്തു. പദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും പ്രയോഗിക്കുന്നതിലും അദ്ദേഹത്തിന്റെ ധൈഷണികമായ സാന്നിധ്യം അത്ഭുതകരമായിരുന്നു. കാസര്‍കോട് ജില്ലയില്‍ സമസ്തയെ പരിചയപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് സംഘടിപ്പിച്ച കാഞ്ഞങ്ങാട് സമ്മേളനം ആ കാലത്തെ സുപ്രധാന പദ്ധതികളില്‍ ഒന്നാണ്. സമ്മേളനം വിപ്ലവകരമായി എന്നുമാത്രമല്ല, അതിനു വടക്കേ മലബാറില്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാനായി. ആ സമ്മേളനത്തിന്റെ സ്വാഗതസംഘത്തിന് ബാക്കിവന്ന പണം കൊണ്ടാണ് മുതഅല്ലിം സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതി ആരംഭിച്ചത്. മറ്റുപലരും മികച്ച മാതൃകയായി അതേറ്റെടുത്തു. 1979 മുതല്‍ 1995 വരെയുള്ള കാലം സഅദിയ്യയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. ഈ കാലത്ത് എല്ലാ ചലനങ്ങളിലും എം എ കൂടെയുണ്ടായിരുന്നു.

ഖുവ്വതുല്‍ ഇസ്‌ലാമിന്റെ പുരോഗതി സ്വപ്‌നം കണ്ടവരാണ് അതിന് പ്രാപ്തനാണെന്ന് മനസ്സിലാക്കി എം എയെ അവിടെ നിയമിച്ചത്. കഴിവുറ്റ നിരവധി പ്രതിഭകളെ സമൂഹത്തിന് സമര്‍പ്പിക്കുകയും സമന്വയ വിദ്യാഭ്യാസം പ്രവര്‍ത്തകരുടെ ചിന്തയില്‍ സന്നിവേശിപ്പിക്കുകയും ചെയ്തു എന്നതാണ് എം എയുടെ ‘ഖുവ്വത് കാല’ത്തിന്റെ ബാക്കി പത്രം.

സമസ്തയില്‍ പിളര്‍പ്പ് ആസന്നമായപ്പോള്‍ എം എയുടെ കൂടെ അതില്ലാതാക്കാന്‍ നന്നായി ശ്രമിച്ചിരുന്നു ഞങ്ങള്‍. പ്രമുഖരായ പല പണ്ഡിതരെയും സമീപിച്ച് ഇതിന്റെ അനന്തര ഫലങ്ങള്‍ ഉണര്‍ത്തി. 1988-89 കാലത്ത് പതിനായിരത്തിലധികം രൂപ ഈ ആവശ്യാര്‍ത്ഥം യാത്രക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങളെ അകറ്റിയാലേ തങ്ങളിച്ഛിക്കുംവിധം കാര്യങ്ങള്‍ നടക്കൂ എന്ന് കരുതിയവര്‍ ആ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തി. ഒരു കാര്യം ഉറപ്പിച്ചു പറയാം. എം എ പണിതൊരുക്കിയ പശ്ചാതലത്തില്‍ നിന്നല്ലാതെ കേരളത്തില്‍ ഒരു ഇസ്‌ലാമിക മുന്നേറ്റം സൃഷ്ടിച്ചെടുക്കാന്‍ ഏതെങ്കിലും വ്യക്തിക്കോ സംഘടനക്കോ സാധിക്കുകയില്ല.

ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍

You must be logged in to post a comment Login