ഒരു പൂ വിടരും പോലെ

ഒരു പൂ വിടരും പോലെ

ഇനി നിങ്ങള്‍ എന്നെ സംശയദൃഷ്ടിയോടെ ചോദ്യം ചെയ്ത കാര്യത്തെ പറ്റി പറയാം. ആദ്യം തന്നെ പറയാം, അതിത്തിരി ഓവറായിപ്പോയി. ഞാനിപ്പോള്‍ നിന്റെ ലക്കുവിട്ട ധൈര്യത്തെ പറ്റി ഓര്‍ത്ത് സ്വയം പ്രകോപിച്ച് പോവുകയാണ്. ഞാന്‍ നിന്നെ ക്ഷണിക്കുക എന്നത് പോട്ടെ. നീ നേരത്തെ ഒന്ന് വിളിച്ച് അപ്പോയിന്‍മെന്റെടുത്ത് മര്യാദക്ക് കയറിവരിക എന്നതുപോലുമില്ലാതെ അരക്കിറുക്കനായി അതിഥിയായി പൊടുന്നനെ എന്റെ വീട്ടിലേക്ക് വലിഞ്ഞുകയറി വരിക. എന്നിട്ട് എന്റെ കാപ്പിയും റസ്‌കും എന്റെ കഞ്ഞിയും എന്റെ മുള്ളനും മൂക്കറ്റം തട്ടുക. എന്നിട്ട് എന്റെ എഴുത്തിനെയും വാക്കിനെയും സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുക. എനിക്ക് നിന്റെയീ അഭിനയപ്പിരാന്ത് കാണുമ്പോള്‍ ഹാംലെറ്റിനെയാണ് ഓര്‍മവരുന്നത്. നിനക്ക് മെത്തേഡിക്കല്‍ മാഡ്‌നെസാണെന്ന് പറഞ്ഞ് നിന്നെ പെരുന്തലമട്ടലുകൊണ്ട് അടിച്ചോടിക്കേണ്ട സമയമാവാഞ്ഞിട്ടല്ല. അതിഥിയല്ലേ, പോരാത്തതിന് ച്ചിരി ലൂസും എന്ന് കരുതിയിട്ട് ക്ഷമിക്കുകയാണ്.

നീ എന്താ ഇപ്പം പറഞ്ഞത്, എഴുത്തിന്റെ ഒഴുക്കു സുഖത്തിനു വേണ്ടി ഓരോന്ന് തട്ടിവിടുകയല്ലേ. പിറന്നതില്‍ പിന്നെ മകന്‍ ആശുപത്രി കണ്ടിട്ടില്ല എന്നൊക്കെ പൂശി വിട്ടത് ശരിതന്നെയാണോ എന്ന് അല്ലേ? ഒന്നാമതായി പറയട്ടെ, ഞാനങ്ങനെ എഴുതിയിട്ടില്ല. എന്റെ മകന്‍ ജനിച്ച അന്നുതന്നെ ആശുപത്രി വിട്ടു എന്നത് ശരിയാണ്. അതിനുശേഷം മൂന്നുതവണ അവനെയും കൂട്ടി ആശുപത്രിയില്‍ പോയിട്ടുണ്ട്. ആദ്യമായി പോയത് അബ്ദുര്‍റഹ്മാനെ കാണാനാണെന്നാണെന്റെ ഓര്‍മ. അവന്റെ ഉപ്പയുടെ സഹോദരിയുടെ നവജാതശിശുവാണ് അബ്ദുര്‍റഹ്മാന്‍. ഈ അബ്ദുല്ലയെ പ്രസവിച്ച അതേ ആശുപത്രിയില്‍ തന്നെയാണ് അവനെയും പ്രസവിച്ചത്. അവന്റെ ഉമ്മയും ഖുര്‍ആന്‍ കുടിച്ച് ഗര്‍ഭകാലം കഴിച്ചവളാണ്. പേരിനൊരിക്കലെങ്ങാന്‍ ഡോക്ടറെ കാണിച്ചു. പെറാന്‍ ചെല്ലുന്നേരം ആട്ടിപ്പായിക്കാതിരിക്കാന്‍ വേണ്ടി. എന്നിട്ട് ഡോക്ടര്‍ പറഞ്ഞ തിയതി ആയി, അല്ല കഴിഞ്ഞു. കഴിഞ്ഞിട്ടും ഒരാഴ്ച കഴിഞ്ഞു. പ്രസവവേദന ഇല്ലാത്തതിനാല്‍ പോയില്ല. രണ്ടാഴ്ച കഴിയാനിരിക്കുന്നു. വേദന. പോയി പെറ്റു. അബ്ദുര്‍റഹ്മാന്‍, അവനെ കാണാനാണ് ഉമ്മയോടൊപ്പം എന്റെ അബ്ദുല്ല ആശുപത്രിക്ക് പോകുന്നത്.

പിന്നെ പോവുന്നത് എത്രയോ മാസങ്ങള്‍ക്കു ശേഷം. അബൂബക്കറിനെ കാണാനാണ്. അതും അതേ ആശുപത്രിയില്‍. അന്ന് പ്രസവിക്കുന്നത് അവന്റെ ഉമ്മയുടെ അനിയത്തിയായിരുന്നു. നോക്കുമ്പോള്‍ ആകെ കോംപ്ലിക്കേഷന്‍. കാണിക്കാത്തതില്‍, ഗുളിക കഴിക്കാത്തതില്‍, സ്‌കാന്‍ ചെയ്യാത്തതില്‍ ഡോക്ടര്‍ വക പൊരിഞ്ഞ ചീത്ത. കുട്ടിയാണെങ്കില്‍ അമിതത്തൂക്കം. ഇപ്പം ഡിസ്ചാര്‍ജ് വാങ്ങി സ്ഥലം വിടണമെന്ന് ഡോക്ടര്‍. കുട്ടിയുടെ കഴുത്തിലൂടെ കഴല ചുറ്റിക്കിടക്കുകയാണത്രേ. എന്തും സംഭവിക്കാം. ഇപ്പോള്‍ ഒപ്പിട്ടുകൊടുത്താല്‍, സിസേറിയന്‍ നടത്തി രക്ഷപ്പെടാം. പറ്റില്ല, വേണ്ട, ഞാന്‍ നേരെചൊവ്വേ പെറ്റോളാം എന്ന് അവളും. ഒരു തരം ഉരസല്‍. ചെറുമട്ട് സംഘര്‍ഷാവസ്ഥ പോല്‍. കുടുംബക്കാരും കൂടി നിന്നവരും കണ്ണ് പിഴിയാന്‍ തുടങ്ങുന്നു. തങ്ങളുടെ മുന്നില്‍ വെച്ച് ഒരുമ്മയും പൂര്‍ണവളര്‍ച്ചയെത്തിയ ഒരു കുഞ്ഞും ഇതാ കാഞ്ഞ് പോവാനിരിക്കുന്നു. ഞങ്ങള്‍ക്കെല്ലാം പരക്കെ ചൊല്ലാന്‍ കിട്ടി. ഞാന്‍ നിഷ്‌കളങ്കമായി തുറന്ന് പറയാം. എന്റെ ജീവിതത്തിലാദ്യമായി ഒറ്റയിരുപ്പിന് തുടരെത്തുടരെ പതിനഞ്ച് യാസീന്‍ ഓതിത്തീര്‍ത്തത് അന്നായിരുന്നു. അങ്ങനെ ഭയവിഹ്വലമായ പ്രസവിക്കാ കാലാവസ്ഥയിലേക്ക് ഖുര്‍ആനിക മന്ത്രങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍, ഡോക്ടര്‍ കോപിച്ച് പുറത്തിറങ്ങിപ്പോയ മുറക്ക് നഴ്‌സിന്റെ കൈകളിലേക്ക് അബൂബക്കര്‍ ഒഴുകിയെത്തി. ഒരു പൂ വിടരും പോലെ.

”ഈശ്വരനുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടേയുള്ളൂ. ഇപ്പോഴിതാ ഞാന്‍ കണ്ണാല്‍ കണ്ടു” എന്ന് പറഞ്ഞു തിരിച്ചെത്തി ലേഡി ഡോക്ടര്‍.

പിന്നെ പോയത് അഹ്മദ് കബീറിനെ കാണാനാണ്. ഏകദേശം ഒരു മാസം മുമ്പ്. അബ്ദുല്ലയുടെ ഉപ്പാന്റെ ലാസ്റ്റ് പെങ്ങളാണ് ഇപ്പോള്‍ പ്രസവതാരം. ഡേറ്റ് കഴിഞ്ഞു. എന്നിട്ടും ഒരാഴ്ച കഴിഞ്ഞു. ഇപ്പോള്‍ രണ്ടാഴ്ച പിന്നിട്ടു. പതിനാറാം ദിവസമാണ്. ആധിയുണ്ട് എല്ലാവര്‍ക്കും. ആശുപത്രിയിലെത്തിയതും അപകടം, കുട്ടിയാകെ മഷി കുടിച്ച് കുഴപ്പക്കട്ടയായി കിടക്കുകയാണെന്ന് ഡോക്ടര്‍. കൃത്യമായി കാണിക്കുകയും റിപ്പോര്‍ട്ടുകള്‍ സൂക്ഷിച്ച് കൂടെക്കരുതുകയും ചെയ്യാത്ത ഈ അലവലാതി കേസൊക്കെ നീ എന്തിന് ഏറ്റെടുത്തു എന്ന് ചോദിച്ച് ഹെഡ് നേഴ്‌സിനോട് തട്ടിക്കയറുകയാണ് ഡോക്ടര്‍. അഞ്ച് യാസീനാണ് ഓതാന്‍ കിട്ടിയത്. രണ്ടാമത്തെ യാസീന്‍ മുഴുമിക്കും മുമ്പ് ശൈഖ് രിഫാഇയുടെ ജമാദുല്‍അവ്വല്‍ മാസം ഒന്നാം തിയ്യതി അഹ്മദുല്‍കബീര്‍ മഷിയേതും പുരളാതെ പുറപ്പെട്ട് പോന്നു.

കുനുഷ്ടു രീതിയില്‍ കാര്യങ്ങളെ കാണുന്ന ചങ്ങാതീ. എന്റെ മകന് മരുന്ന് നല്‍കിയിട്ടില്ല എന്നല്ലാതെ ആശുപത്രിയില്‍ പോയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നീ കാര്യങ്ങളിലെ നന്മ കണ്ടെടുക്കുകയും അതുള്‍കൊള്ളുകയും ചെയ്യുന്നതിന് പകരം വിമര്‍ശനപരമായി വസ്തുക്കളെ വിലയിരുത്താനാണ് ശ്രമിക്കുന്നത്. വെറുതെയല്ല നിനക്ക് പേടിയും പിരാന്തും കയറുന്നത്. നിന്റെ മനസ്സില്‍ എന്ത് ചോദ്യമാണ് ഭ്രൂണപ്പെടുന്നത് എന്നെനിക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ട്. അത് പറയുന്നതിന്റെ മുമ്പ് നീ എന്തായിരുന്നു ചിന്തിക്കേണ്ടത്/ ചോദിക്കേണ്ടത് എന്ന് ഞാന്‍ പറയാം. പ്രസവം ഉത്സവമാക്കുന്ന ഈ കാലത്ത് പെണ്ണുങ്ങള്‍ എങ്ങനെയാണ് ഖുര്‍ആന്‍ കൊണ്ട് പിടിച്ചു നില്‍ക്കുന്നത് എന്നാണ് നീ ചോദിക്കേണ്ടിയിരുന്നത്. എങ്കില്‍ സൂറത് മര്‍യം, മആരിജ്, അല്‍ഹാഖ, അല്‍ ഫാതിഹ, നൂറ്റൊന്ന് സ്വലാത്ത് എന്നിവ ദിവസവും വലിയ പാത്രത്തില്‍ എഴുതി ഗര്‍ഭാരംഭം മുതല്‍ ഒടുനാള്‍വരെ കുടിക്കുന്നു. എന്ന് ഞാനുത്തരം പറയുമായിരുന്നു

പക്ഷേ, കുഷുണ്ടനായ നിന്റെ മനസ്സില്‍ ചൊറിയുന്ന ചോദ്യം, എന്നാപ്പിന്നെ ഇങ്ങനെയൊക്കെ പിടിച്ചു നില്‍ക്കുന്ന നിങ്ങള്‍ക്ക് പെറലും വീട്ടീന്നാക്കിയാല്‍ പോരേ, എന്നതല്ലേ? സുഹൃത്തെ നിന്റെ ചോദ്യം ശരിയാണ്. അങ്ങനെ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആവാഞ്ഞിട്ടാണ്. എഴുന്നൂറ്റിത്തൊണ്ണൂറ്റെട്ട് മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കോടെ പാസ്സായി വരുന്ന ദരിദ്രനായ മകനോട് മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളോടെ ആഢ്യക്കാരണവര്‍ തിരിച്ചുചോദിച്ചത് ‘ഛെ! ആ രണ്ട് മാര്‍ക്കുകൂടി വാങ്ങി എണ്ണൂറുതികക്കാന്‍ മരമണ്ടാ നിനക്കായില്ലല്ലോ’ എന്നാണ്. അതേ കേടുമനസ്സുതന്നെയാണ് നിന്റെയുള്ളിലും പിടക്കുന്നത്.

കാര്യങ്ങള്‍ നമുക്കാവുന്നതിന്റെ പരമാവധി ചെയ്യുകയെന്നല്ലാതെ അതിപൂര്‍ണത പ്രാപിക്കണം എന്ന് നീ പറഞ്ഞാല്‍ അതെങ്ങനെ നടക്കാനാണ്. ഞാനെന്റെ മൂന്നാമത്തെ മോന് അബ്ദുല്ല എന്നാണ് പേരിട്ടത്. അത് ഫത്ഹുല്‍മുഈനില്‍ പറഞ്ഞ ശ്രേഷ്ട നാമമാണ്. കെട്ടിയവള്‍ക്ക് മൂന്നാമത് വിശേഷം തുടങ്ങിയപ്പോള്‍ ഞാന്‍ സുലൈമാന്‍ ഉസ്താദിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. നിനക്ക് രണ്ട് പെണ്‍കുട്ടികളല്ലേ ഉള്ളത്. ഇനി നല്ലൊരാണിനെ കിട്ടട്ടെ എന്ന് പറഞ്ഞു ഉസ്താദ്. ഉസ്താദിന്റെ ആദ്യമോന്റെ പേരും അബ്ദുല്ല എന്നാണ്. അബ്ദുല്ല അഹ്മദ് അഹ്‌സനി.

പക്ഷേ ഞാന്‍ എന്റെ രണ്ടാമത്തെ മോള്‍ക്ക് ഒരു ഫാഷന്‍ പേരാണ് ഇട്ടുപോയത്. ഇസ്സഃവദൂദ്. ആയിനാല്‍ അവള്‍ക്കില്ലാത്ത കുരുത്തക്കേട് ലോകത്തില്ലതാനും. സംഗതി ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും അടര്‍ത്തിയെടുത്ത് വിളക്കിച്ചേര്‍ത്ത സങ്കരപ്പേര് തന്നെയാണ്. എങ്കിലും കാലങ്ങളായി മനസ്സിലൊരു ചുരമാണ്. ഇപ്പോള്‍ അധികവും നടക്കുന്നത് അങ്ങനെയാണ്. വായില്‍കിട്ടിയ മര്‍കൂഷ്, അഹ്ഷാമി, ജനീഷ്മ, സാനിസനീ തുടങ്ങിയ ഏതെങ്കിലും കൊസ്രാക്കൊള്ളി പേരിടും. ഇട്ട ശേഷമാണ് അവര്‍ വിളിച്ച് അതിന്റെ അറബി അര്‍ത്ഥം എന്തെന്ന് ചോദിക്കുക. നമുക്കിതല്ലേ പണി; കണ്ട പിരിപിരിയൊച്ചകള്‍ക്കെല്ലാം അറബിയര്‍ത്ഥം കൂട്ടിക്കൊടുക്കല്‍. അങ്ങനെയുള്ള ഫോണ്‍ തന്നെ ആരും എടുത്തുപോകരുത്!

ഒടുവില്‍ ഞങ്ങള്‍ അവളുടെ പേരു മാറ്റാന്‍ തന്നെ തീരുമാനിച്ചു. ഞാനും അവളും കണ്ണൂര്‍ മുനിസിപ്പാലിറ്റി ഓഫീസില്‍ അപേക്ഷയും കോര്‍ട്ട്‌സ്റ്റാമ്പും സത്യവാങ്മൂലവുമായി ചെന്ന് പേരുതിരുത്താന്‍ ഒരുമ്പെട്ടു. ഇസ്സ വദൂദ് എന്ന ലേറ്റസ്റ്റ് പേര് മാറ്റി എന്ത് പേരിടാനാണ് നിങ്ങള്‍ പോവുന്നതെന്ന് ഓഫീസര്‍ ചോദിച്ചു. ഒറ്റ സ്വരത്തില്‍ ഞങ്ങള്‍ രണ്ടാളും പറഞ്ഞു: ഹവ്വാബി!!! ഹാ!
സുഹൃത്തെ, ആകാവുന്നത്ര ചെയ്യുക; കഴിയുന്നത്ര വീണ്ടെടുക്കുക. ഫാഷന്‍ കളികളില്‍ നിന്നും ആശുപത്രി ആശ്രയങ്ങളില്‍ നിന്നും ആകാവുന്നത്ര അകന്നുനില്‍ക്കുക. ഞാനിപ്പറഞ്ഞതൊന്നും നിനക്ക് വിശ്വാസമായില്ലെങ്കില്‍ നീ എന്നെത്തന്നെ നോക്ക്! ഞാനിന്നേക്ക് നാലുദിവസമായി തീക്കട്ടപോലെ പനിച്ചുകിടക്കുന്നു. ഞാന്‍ നിനക്കെന്റെ മേശയും കട്ടിലും അലമാരയും ഒക്കെ വിശദമായി കാട്ടിത്തരാം. ഈ കഞ്ഞിയും കാപ്പിയുമല്ലാതെ എന്തെങ്കിലും ഒരു ഗുളികയുണ്ടോ ഞാന്‍ കഴിക്കുന്നു. ഇവിടെയെവിടെയെങ്കിലും ഒരു മരുന്നുകുപ്പിയോ ഒരു ഗുളികപ്പേക്കോ അമൃതാഞ്ജന്‍ ഡബ്ബയോ നീയുണ്ടോ കാണുന്നു?

സൂറത്തുല്‍ഫാതിഹ, ആയതുല്‍കുര്‍സിയ്യ്, ആമനര്‍റസൂല്‍, സ്വലാത്ത് എന്നിവ ഓതിയൂതിയ തേന്‍ മുമ്മൂന്ന് നേരം വീതം ഞാന്‍ കഴിക്കുന്നുണ്ട്. സംസം വെള്ളം ച്ചിരിച്ചിരി അകത്താക്കിക്കൊണ്ടിരിക്കുന്നു. അത്രതന്നെ. ഇനി നിനക്ക് ചോദിക്കാനുണ്ടാകുക ”നിങ്ങളിത്ര നേരം നടത്തിയത് സെല്‍ഫടിയല്ലേ” എന്നായിരിക്കും. അതിനുത്തരം ”അതെയതെയതെ!!!” എന്നുതന്നെയാണ്. ഇത്തരം വിഷയങ്ങളില്‍ ആശയം പറഞ്ഞുകൊടുക്കാന്‍ ആളുകളേറെ വരുകയും മാതൃകകാണിക്കാന്‍ ആളെക്കിട്ടാതെ വരികയും ചെയ്യുന്ന ഇക്കാലത്ത് ആവുംവിധം സ്വയം ചെയ്ത് ഇതാ ഇങ്ങനെ എന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ആയതുകൊണ്ടാണ് ഉളുപ്പുരഹിതമായ പച്ചസെല്‍ഫടിക്ക് മുന്നിട്ടിറങ്ങയതും. എന്തെടാ, നിനക്കതിനെന്താ ചേതം? നീയെന്താ ആളെപ്പേടിപ്പിക്കുന്നോ…?

നീ ഒരു കാര്യം ചെയ്യ്. നീ ഇതാ ഈ അഞ്ഞൂറുര്‍പ്യ പിടി. എനിക്കിതെല്ലാം കൂടി ഇങ്ങനെ നീട്ടിപ്പരത്തി എഴുതിയാല്‍ ആകെ കിട്ടുക അറുന്നൂറുര്‍പ്യയാണ്. ആറില്‍ അഞ്ചോഹരി നിനക്ക് കിടക്കട്ടേ. നീ പോയി നിന്റെ താടിമുടി കത്രിച്ച് വെടിപ്പാക്കി നിന്റെയീ പിരാന്തന്‍ കോലമൊന്ന് മാറ്റ്. അങ്ങാടിയില്‍ ചെന്ന് നല്ല ഒരുകൂട്ടം ഉടുമുണ്ടുകള്‍ വാങ്ങ്. ഒരത്തര്‍ കുപ്പിയും. നന്നായി ഉരച്ച് തേച്ച് കുളിച്ച് വൃത്തിയായി നല്ല വസ്ത്രം ധരിച്ച് അത്തര്‍ പൂശി ഹോട്ടലില്‍ കയറി പള്ളനിറച്ച് ഒരാടുബിരിയാണിയും തട്ട്. ഇത്രയുമായാല്‍ തന്നെ നിന്റെ നട്ടപ്പിരാന്ത് കുറെ മാറിക്കിട്ടും. ദയവുചെയ്ത് ഇനി ഇങ്ങോട്ട് വരാതിരുന്നാല്‍ നല്ല ഉപകാരമായിരുന്നു എന്ന് അങ്ങുന്നിന്റെ തിരുമനസ്സിനെ ഇതിനാല്‍ സവിനയം സാദരം ബോധിപ്പിച്ചുകൊള്ളുന്നു. മേലാല്‍ ഈവഴിക്ക് കള്ളപ്പിരാന്തുമായി കണ്ടുപോയാല്‍ കാലടിച്ചു മുറിക്കും എന്നത് മറക്കുകയും വേണ്ട!

ഫൈസല്‍ അഹ്‌സനി ഉളിയില്‍

You must be logged in to post a comment Login