അക്കാദമിക വായനയും ചിന്തയും


അക്കാദമിക വായനയില്‍ നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സിന്റെ വിവിധ വായനകളാണുണ്ടാവുക. അതില്‍ സിലബസ് പ്രകാരമുള്ള ടെക്സ്റുകള്‍, വിഷയവുമായി ബന്ധപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങള്‍ പഠനഗ്രന്ഥങ്ങള്‍, മാഗസിനുകള്‍ തുടങ്ങിയവ കടന്നുവരും.

യാസര്‍ അറഫാത്ത് ചേളന്നൂര്‍

ഈ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകം ശശി തരൂര്‍ എഴുതിയ ‘ജമഃ കിറശരമിമ’ എന്ന ഇംഗ്ളീഷ് പുസ്തകമാണ്. എന്‍ ഡി ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ ശശി തരൂര്‍ പറയുന്നത് തീര്‍ത്തും രസകരമായ ഒരു കാര്യമാണ്: “ഞാനീ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് എന്റെ പത്നി സുനന്ദ പുഷ്കര്‍ക്കാണ്. അവള്‍ എന്നെ നിരന്തരം നിര്‍ബന്ധിച്ചിരുന്നില്ലെങ്കില്‍ ഇത് പുറത്തിറങ്ങുമായിരുന്നില്ല. ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഏറെ ചര്‍ച്ച നടക്കുന്നത് വളരെ സന്തോഷമുണ്ടാക്കുന്നുണ്ട്. എല്ലാ ക്രെഡിറ്റും എന്റെ പത്നിക്കാണ്. എഴുത്തിലായാലും വായനയിലായാലും നമ്മെ മുന്നോട്ടു നയിക്കുന്ന എന്തെങ്കിലുമൊരു പ്രോത്സാഹനം എപ്പോഴും ഉണ്ടായിരിക്കണം.”
വായന, ചിന്ത എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ സ്ട്രീമിലെയും വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ ലക്കം ഡയറക്ഷന്‍. ശശി തരൂര്‍ പറഞ്ഞതു പോലെ, നിരന്തരം പ്രോത്സാഹിപ്പിക്കുന്ന ഒരു ശക്തി നമ്മെ വിടാതെ പിന്തുടരുന്നുവെങ്കില്‍ അക്കാദമിക വായനയും പ്രസന്റേഷനുമൊന്നും ഒരു വെല്ലുവിളിയാവില്ല. ആ പ്രോത്സാഹനം തരുന്നത് ചിലപ്പോള്‍ അധ്യാപകരായിരിക്കും. മറ്റു ചിലപ്പോള്‍ കൂട്ടുകാരായിരിക്കും. അല്ലെങ്കില്‍ പുറമെ നിന്നുള്ള ഒരു പ്രേരണയുമില്ലാതെ ഉള്ളില്‍ നിന്നുണ്ടാവുന്ന ഒരു ഇച്ഛാശക്തിയായിരിക്കും.
ആദ്യം വായനയെക്കുറിച്ച് ചിന്തിക്കാം. വിദ്യാര്‍ത്ഥികളുടെ വായനക്ക് അതിര്‍ വരമ്പുകളിടരുതെന്നാണ് പണ്ഡിത മതം. അവര്‍ പരമാവധി വായിക്കട്ടെ എന്ന ശുഭ ചിന്തയാണിത്. വിശാലാര്‍ത്ഥത്തില്‍ വായന അക്കാദമിക വായന, പൊതുവായന എന്നിങ്ങനെ രണ്ടാണ്.
അക്കാദമിക വായനയില്‍ നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സിന്റെ വിവിധ വായനകളാണുണ്ടാവുക. അതില്‍ സിലബസ് പ്രകാരമുള്ള ടെക്സ്റുകള്‍, വിഷയവുമായി ബന്ധപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങള്‍, പഠന ഗ്രന്ഥങ്ങള്‍, മാഗസിനുകള്‍ തുടങ്ങിയവ കടന്നുവരും. പല വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക വായന എങ്ങനെ നടത്തണമെന്നറിയില്ല. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതാന്‍ വേണ്ടി ചില നോട്സുകളോ സ്റഡി മെറ്റീരിയലുകളോ പഠിച്ച് മാര്‍ക്ക് വാരാന്‍ നോക്കുകയാണ് പതിവ്. ഇതു ശരിയല്ല. ഒരു കോഴ്സ് പഠിച്ചു സര്‍ട്ടിഫിക്കറ്റു കിട്ടി എന്ന നിലവാരം മാത്രമേ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവൂ. ഉദാഹരണത്തിന് ഇക്കണോമിക്സില്‍ എം എ കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിയോട് അമര്‍ത്യാ സെന്നിന് സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം കിട്ടിയത് ഏത് വിഷയത്തിലാണ് എന്നു ചോദിച്ചാല്‍ ഉത്തരമുണ്ടാവില്ല. കാരണം പരീക്ഷയെഴുതുവാനുള്ള വായനയില്‍ ഇങ്ങനെയൊരു ചോദ്യം ഉണ്ടാവില്ല. സാമ്പത്തിക ശാസ്ത്രത്തിലെ വിശദ വായനയിലാണത് കാണാന്‍ കഴിയുക.
അക്കാദമിക വായന ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചു കൂടാനാവാത്ത ഒരു ദിനചര്യയാണ്; പ്രത്യേകിച്ച് വലിയ ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ക്ക്. എന്താണ് വായിക്കേണ്ടത് എന്ന പഠനമാണ് അക്കാദമിക വായനയില്‍ പരമ പ്രധാനമായിട്ടുള്ളത്. പഠിച്ചു കൊണ്ടിരിക്കുന്ന കോഴ്സിന്റെ സിലബസ് കിട്ടിയാല്‍ എന്താണ് വായിക്കേണ്ടത് എന്ന് ഏകദേശ ധാരണയായി. ഓരോ പേപ്പറിന്റെയും സിലബസ് കാണാതെ പഠിച്ചാല്‍ വളരെ നല്ലത്. സിലബസ് ഒരു രൂപരേഖ മാത്രമാണ്. സിലബസില്‍ പറഞ്ഞതിന്റെ വിശദ വിവരങ്ങള്‍ ക്ളാസ് നോട്ടായും സ്റഡി മെറ്റീരിയലായും ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാറുണ്ട്. വായന ഒരിക്കലും ഈ ഒന്നു രണ്ട് കാര്യങ്ങളില്‍ പരിമിതപ്പെടുത്തരുത്. സിലബസ് ശരിക്കും പഠിച്ചു കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് പരിമിതികളില്ലാതെ വിശദ വായന നടത്താം. ആദ്യമായി ക്ളാസ് ശ്രദ്ധിച്ചു കേള്‍ക്കണം. പ്രധാനപ്പെട്ട പോയിന്റുകള്‍ കുറിച്ചു വെക്കണം. ശേഷം ആ പോയിന്റുകളുടെ വിശദ വായന ലൈബ്രറിയില്‍ പോയി നടത്തണം. ക്ളാസില്‍ നിന്നെഴുതിയ നോട്സിലെ സംശയങ്ങള്‍ അധ്യാപകരുമായി ചര്‍ച്ച ചെയ്തോ റഫറന്‍സ് ഗ്രന്ഥങ്ങള്‍ പരതിയോ പെട്ടെന്നു തന്നെ തീര്‍ക്കണം. എന്തെങ്കിലുമൊക്കെ സംശയം ഓരോ വിഷയത്തിലുമുണ്ടാകുന്നത് വായന ശരിയായ ദിശയിലേക്ക് നയിക്കും. സിലബസിലെയും ക്ളാസ് നോട്ടിലെയും പ്രധാന ആശയങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ പുസ്തകങ്ങളും ലൈബ്രറിയില്‍ നിന്നെടുത്ത് വിശദമായി വായിക്കുക. ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ തീസീസുകള്‍ അടങ്ങിയ ആനുകാലികങ്ങളും വായിക്കണം. ഈ വിശദ വായനയുടെ നല്ലൊരു നോട്ട് തയ്യാറാക്കുക കൂടി ചെയ്താല്‍ അക്കാദമിക വായന നടന്നു എന്നു പറയാം. അക്കാദമിക വായന ശീലമാക്കിയ ഒരു വിദ്യാര്‍ത്ഥി തന്റെ വൈജ്ഞാനിക മണ്ഡലം ഒരിക്കലും മേല്‍പറഞ്ഞ കാര്യങ്ങളില്‍ ഒതുക്കില്ല. മറിച്ച് കൂട്ടുകാരുമായുള്ള വൈജ്ഞാനിക ചര്‍ച്ചകള്‍, ഓരോ വിഷയത്തിലും പ്രഗത്ഭരുമായുള്ള സംഭാഷണങ്ങള്‍, കാമ്പസിലെ സെമിനാറുകള്‍ തുടങ്ങിയവയിലൊക്കെ സജീവമാകും. ഇങ്ങനെ വായിച്ചതും പഠിച്ചതും നിരന്തരം ഓര്‍മിക്കാനുള്ള ശ്രമം കൂടി നടത്തിയാല്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന കോഴ്സില്‍ മാസ്റര്‍ ആവാന്‍ പ്രയാസമുണ്ടാവില്ല. വിഷയവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും സന്ദര്‍ശിക്കാവുന്നതാണ്.
രണ്ടാമത്തേത് ജനറല്‍ വായനയാണ്. കോഴ്സിന് പുറമെയുള്ള എല്ലാ വായനയും ജനറല്‍ വായനയില്‍ പെടും. പത്രങ്ങള്‍, വാരികകള്‍, മാഗസിനുകള്‍, പഠനഗ്രന്ഥങ്ങള്‍, സാഹിത്യഗ്രന്ഥങ്ങള്‍ തുടങ്ങിയവ ഈ വായനയില്‍ വരും. ജനറല്‍ വായനയില്‍ എന്തെല്ലാം വായിക്കണമെന്ന് ഓരോ വിദ്യാര്‍ത്ഥിയും തന്റെ താത്പര്യമനുസരിച്ച് തീരുമാനിക്കണം. പത്രപാരായണം ഒരിക്കലും ഒഴിവാക്കരുത്. ഒന്നില്‍ കൂടുതല്‍ പത്രങ്ങള്‍ വായിക്കണം. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളില്‍ താത്പര്യമുള്ളവയാണ് ജനറല്‍ വായനയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഉദാഹരണത്തിന് എഞ്ചിനീയറിംഗിന് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് സാഹിത്യ കൃതികളോട് വലിയ കമ്പമുണ്ടെങ്കില്‍ ആ വിദ്യാര്‍ത്ഥി ജനറല്‍ വായനയില്‍ ഫിക്ഷന്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണം. ഏതു പുസ്തകം വായിക്കാന്‍ തിരഞ്ഞെടുക്കുമ്പോഴും പ്രശസ്തരായ എഴുത്തുകാരുടേതായാല്‍ വളരെ നന്ന്. ഭാഷ, വിജ്ഞാനം, സാമൂഹികാവബോധം, വിശാലമായ ചിന്ത, ജനറല്‍ നോളജ് എന്നിവ വര്‍ധിക്കാനും അതുവഴി ആത്മവിശ്വാസം ഉണ്ടാവാനും ജനറല്‍ വായന ഏറെ സഹായകരമായിരിക്കും.
വായനക്ക് ഇന്റര്‍നെറ്റും ഉപയോഗിക്കാം. പുസ്തകങ്ങള്‍, ഇ-ജേണലുകള്‍, പഠനങ്ങള്‍, അഭിപ്രായങ്ങള്‍ തുടങ്ങി അറിവിന്റെ സാഗരം തന്നെ ആധുനിക സാങ്കേതിക വിദ്യനമ്മുടെ മുന്നിലെത്തിക്കുന്നു. ഇവിടെ വിവേകമുള്ള വായനക്കാരനാവാന്‍ ഓരോ വിദ്യാര്‍ത്ഥിയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റില്‍ നിന്ന് എന്തു വായിക്കണമെന്ന വിവേചന ബുദ്ധി ഉണ്ടായിരിക്കണം.
നാം വായിക്കുന്ന ഭാഷ ഒരു പ്രധാന ഘടകമായി കാണേണ്ടതില്ല. ഏതു ഭാഷയാണോ സൌകര്യം ആ ഭാഷയില്‍ വായിക്കുക. അത് മലയാളമോ അറബിയോ ഇംഗ്ളീഷോ ആവാം. ഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഭാഷയിലെ പുസ്തകങ്ങള്‍(ഫിക്ഷനാണ് നല്ലത്) കൂടുതല്‍ വായിക്കണം.
ഇനി വായനയിലൂടെ വളര്‍ന്ന് വരുന്ന ചിന്തയെക്കുറിച്ച് പറയാം. നമുക്കറിയാവുന്ന ചില കാര്യങ്ങള്‍ ക്രമാനുസൃതം അടുക്കിവെച്ച് നമുക്കറിയാത്ത ഒരു കാര്യത്തിലേക്ക് നമ്മുടെ മസ്തിഷ്കം എത്തിച്ചേരുന്നതിനെയാണ് പൊതുവെ ചിന്ത എന്നു പറയുന്നത്. ഉദാഹരണത്തിന് നിങ്ങളോടൊപ്പം കോളജ് ഹോസ്റലില്‍ താമസിക്കുന്ന ഒരു സുഹൃത്തിനെ നിങ്ങള്‍ കണ്ടുമുട്ടുന്നു. ആ സുഹൃത്ത് എവിടെയോ പോവാനുള്ള തയ്യാറെടുപ്പില്‍ ഹോസ്റലിനടുത്തുള്ള ബസ് സ്റോപ്പിലാണ് നില്‍ക്കുന്നത്. നന്നായി വസ്ത്രധാരണം ചെയ്ത സുഹൃത്തിന്റെ കൈയില്‍ ഒരു ബാഗുമുണ്ട്. അവന്‍ എവിടെയാണ് പോവുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. ഉടനെ ബസ് വന്നു. അവന്‍ ബസില്‍ കയറി. ബസ് ആ സുഹൃത്തിന്റെ നാട്ടിലേക്കുള്ളതാണ്.
ഇവിടെ ചിന്ത നടക്കുന്നത് എങ്ങനെ എന്ന് നോക്കുക. നിങ്ങള്‍ക്കറിയാത്ത കാര്യം സുഹൃത്ത് എവിടെ പോവുന്നു എന്നതാണ്. നിങ്ങള്‍ക്കറിയുന്ന കാര്യങ്ങള്‍ കുറേയുണ്ട്. നന്നായി ഡ്രസ് ചെയ്ത് സുഹൃത്ത് ബസ് കാത്തുനില്‍ക്കുന്നു. ശേഷം ബസ് വരുന്നു. അവന്‍ അതില്‍ കയറുന്നു. അവന്‍ കയറിയ ബസ് അവന്റെ സ്വന്തം നാട്ടിലേക്കുള്ളതാണ്. ഇത്രയും കാര്യങ്ങള്‍ (നിങ്ങള്‍ക്കറിയുന്ന കാര്യങ്ങള്‍) നിങ്ങളുടെ മസ്തിഷ്കം ക്രമാനുസൃതമായി അടുക്കി വെച്ചപ്പോള്‍ സുഹൃത്ത് നാട്ടില്‍ പോവുന്നു (നിങ്ങള്‍ക്കറിയാത്ത കാര്യം) എന്ന ഉത്തരം കിട്ടി. ഇവിടെ ഒരു ചിന്ത നടന്നു എന്ന് പറയാം.
ഇതുപോലെ, നമ്മള്‍ വായിച്ചതില്‍ നിന്ന് നമുക്കറിയാവുന്ന നിരവധി കാര്യങ്ങളുണ്ടാവും. ആ അറിയുന്ന കാര്യങ്ങളിലൂടെ അറിയാത്ത കാര്യങ്ങളിലേക്ക് നമ്മുടെ മസ്തിഷ്കം എപ്പോഴെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ നമ്മള്‍ ചിന്തിച്ചു എന്ന് പറയാം.
അപ്പോള്‍ വെറുതെ വായിച്ച് തള്ളിയതു കൊണ്ട് കാര്യമില്ല. ശേഷം നന്നായി ചിന്തിക്കണം. എന്നിട്ട് പുതിയ കാര്യങ്ങള്‍ കണ്ടെത്തണം. അതിനെയാണ് മൌലിക ചിന്ത എന്നു പറയുന്നത്. ചിലപ്പോള്‍ മറ്റുള്ളവരുടെ ചിന്തകള്‍ നമ്മെ സ്വാധീനിച്ചേക്കാം. അതിനെ തുടര്‍ന്ന് നമ്മളിലുണ്ടാവുന്ന ചിന്തയുടെ ഫലം മൌലികമാവണമെന്നില്ല. അതേസമയം നമ്മള്‍ വായിച്ചതിലൂടെ നമ്മള്‍ തന്നെ ചിന്തിച്ച് ഒരു പുതിയ കാര്യം കണ്ടെത്തുമ്പോള്‍ അത് നമ്മുടേത് മാത്രമാവുന്നു. അതിന് വലിയ മഹാ•ാരാവേണ്ട കാര്യമൊന്നുമില്ല. ഇങ്ങനെ ചിന്തിച്ച് ചന്തിച്ചാണ് പല പ്രമുഖ ചിന്തകരും ശാസ്ത്രജ്ഞരും തത്ത്വചിന്തകരുമൊക്കെ ജ•മെടുക്കുന്നത്.
ചിന്തയില്‍ തെറ്റുകള്‍ കടന്നുവരാം. അറിയുന്ന കാര്യങ്ങളിലൂടെ അറിയാത്തതിലേക്ക് എത്തുന്നതെല്ലാം ശരിയാവണമെന്നില്ല. ചിലപ്പോള്‍ നമ്മുടെ ചിന്തയുടെ ഫലം ഒരു തെറ്റായ കാര്യമായിരിക്കും നമുക്കു തരിക. അപ്പോള്‍ ചിന്ത ശരിയായ ഫലം തരാനും തെറ്റായ റിസല്‍ട്ട് തരാതിരിക്കാനും ചിന്തിക്കുന്നയാള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിന്ത തെളിയാനും അതില്‍ തെറ്റുവരാതിരിക്കാനും ചില വിദ്യാര്‍ത്ഥികള്‍ തര്‍ക്കശാസ്ത്രം പഠിക്കാറുണ്ട്. പള്ളി ദര്‍സുകളിലെ മുതഅല്ലിമുകള്‍ മന്‍ത്വിഖ് എന്ന പേരിലും ഫിലോസഫി എന്ന പേരിലും തര്‍ക്കശാസ്ത്രം പഠിക്കുന്നുണ്ട്. ജീവിത വ്യവഹാരങ്ങളിലെ ഓരോ നിമിഷവുംബുദ്ധിപൂര്‍വം മുന്നേറുന്ന ശീലമുണ്ടാവുമ്പോള്‍ ക്രിയാത്മകമായി ചിന്തിക്കാനുള്ള കഴിവ് നേടാനാവും.
ചുരുക്കത്തില്‍ നമ്മുടെ വായനയും ചിന്തയും പഠന പുരോഗതിക്കും ജീവിത വിജയത്തിനും നിദാനമാവണം. ശാസ്ത്രീയമായ വായനയും ചിന്തയും നിത്യജീവിതത്തില്‍ ശീലമാക്കിയാല്‍ അത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായി തീരുകയും ചെയ്യും. എപ്പോഴെങ്കിലും എങ്ങനെയെങ്കിലും വായിക്കാനോ ചിന്തിക്കാനോ ശ്രമിക്കാതെ ശാസ്ത്രീയമായ വായനയും അച്ചടക്കമുള്ള ചിന്തയും ഒരു ശീലമാക്കി മാറ്റിയാല്‍ വിദ്യാര്‍ത്ഥികളുടെ പ്രസന്റേഷന്‍, ക്ളാസിലെ ചര്‍ച്ചകള്‍, വിവിധ തരം അക്കാദമിക രചനകള്‍ തുടങ്ങിയവയൊക്കെ മുമ്പില്ലാത്ത വിധം നിലവാരം പുലര്‍ത്തും.

 

You must be logged in to post a comment Login