അത്രക്ക് രോഗാതുരമാണോ ഇന്ത്യ?

ജനാധിപത്യ മതേതര വ്യവസ്ഥയിലൂടെ അധികാരം പിടിച്ചടക്കിയ മോഡിക്ക് ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സുമനസ്സുകളെയും ഭരണഘടനയെയും മൂകസാക്ഷിയാക്കി നിറുത്തി എക്കാലവും വര്‍ഗീയത കൊണ്ട് അമ്മാനമാടാന്‍ മാത്രം രോഗാതുരമാണോ നമ്മുടെ നാട്ടിന്റെ രാഷ്ട്രീയാടിത്തറ? ശാഹിദ്

2014ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ മനസ്സ് തുറന്നിട്ടില്ല. എന്നാല്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന വീറുറ്റ ഒരു പോരാട്ട ചിത്രത്തില്‍ ഒരു ഭാഗത്ത് രാഹുല്‍ഗാന്ധിയാണെങ്കില്‍ മറുഭാഗത്തുള്ളത് നരേന്ദ്രമോഡിയാണ്. എല്‍ കെ അദ്വാനിയാണോ മോഡിയാണോ കാവിരാഷ്ട്രീയത്തെ ഇന്ദ്രപ്രസ്ഥത്തില്‍ പ്രതിനിധാനം ചെയ്യേണ്ടത് എന്ന തര്‍ക്കമുയര്‍ന്നാല്‍ സംഘ്പരിവാരം ആരുടെ പിന്നിലായിരിക്കും അണിനിരക്കുക എന്നതിന് ഉത്തരം കിട്ടിക്കഴിഞ്ഞു. സംഘ്പരിവാര്‍ നേതാക്കളായ മോഹന്‍ഭഗവതും പ്രവീണ്‍ തൊഗാഡിയയും അര്‍ത്ഥശങ്കക്കിടം നല്‍കാത്ത വിധം ഒരു കാര്യം വെട്ടിത്തുറന്നുപറഞ്ഞു: ‘മുസ്ലിംകളെ പാഠം പഠിപ്പിക്കുന്നതില്‍ മോഡി ഐതിഹാസികമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇരുപത്തഞ്ച് കോടി മുസ്ലിംകളെ ഇന്ത്യന്‍ സമുദ്രത്തില്‍ മുക്കിത്താഴ്ത്താന്‍ ബിജെപി നേതാക്കളില്‍ ഏറ്റവും അനുയോജ്യന്‍ മോഡി തന്നെ.’
തീവ്രഹിന്ദുത്വം കൊണ്ടേ ദല്‍ഹി സിംഹാസനം കൈപിടിയിലൊതുക്കാന്‍ സാധിക്കുകയുള്ളുവെന്നും ആര്‍എസ്എസിന്റെ അടിസ്ഥാന അജണ്ടയായ മുസ്ലിംവിരുദ്ധത വിജയകരമായി നടപ്പാക്കാന്‍ മോഡിയെപ്പോലുള്ള മാറ്റുതെളിയിച്ച ഹിന്ദുത്വവാദികള്‍ തന്നെ വേണമെന്നും ചുരുക്കം. എന്നാല്‍ ജനാധിപത്യ മതേതര വ്യവസ്ഥയിലൂടെ അധികാരം പിടിച്ചടക്കിയ ഈ നരാധമന് ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സുമനസ്സുകളെയും ഭരണഘടനയെയും മൂകസാക്ഷിയാക്കി നിറുത്തി എക്കാലവും വര്‍ഗീയത കൊണ്ട് അമ്മാനമാടാന്‍ മാത്രം രോഗാതുരമാണോ നമ്മുടെ നാട്ടിന്റെ രാഷ്ട്രീയാടിത്തറ? മുഖ്യമന്ത്രിമോഡി ഒരു പതിറ്റാണ്ടായി ഗുജറാത്തില്‍ നടപ്പാക്കിവരുന്ന ക്രൂരകൃത്യങ്ങള്‍ക്ക് ഒരിക്കലും മറുപടി പറയേണ്ടിവരില്ല എന്ന മൂഢവിശ്വാസം ആരെങ്കിലും വച്ചുപുലര്‍ത്തുന്നുണ്ടോ? വൈകിയാണെങ്കിലും ഗുജറാത്ത് ചോരയുടെയും കബന്ധങ്ങളുടെയും കണക്ക് തീര്‍ക്കാന്‍ നിര്‍ബന്ധിതരാവുന്ന ചേതോഹരമായ കാഴ്ചകള്‍ നല്‍കുന്ന ശുഭപ്രതീക്ഷ, നിയമത്തിന്റെ ബലിഷ്ഠമായ കരങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ സാക്ഷാല്‍ മോഡിയെയും പിടികൂടുമെന്ന് തന്നെയാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഓരോ ദിവസം കഴിയുന്തോറും മോഡിയുടെയും ഹിന്ദുത്വയുടെയും കാലിന്നടിയിലെ മണ്ണ് ഒലിച്ചുപോകുന്ന സംഭവങ്ങള്‍ നമ്മുടെ മുന്നില്‍ കെട്ടഴിഞ്ഞുവീഴുമ്പോള്‍ 2014ലെ ലോക്സഭാ ഇലക്ഷന്റെ സമയമാകുമ്പോഴേക്കും തകരുന്ന ബാങ്കിലെ അവധിച്ചെക്കായി ആ മനുഷ്യന്‍ ആപതിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. അതിന്റെ ലക്ഷണങ്ങളാണ് സിബിഐ നടപടികളായും കോടതിവിധികളായും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ആഗോള മനഃസാക്ഷിയെ ഞെട്ടിച്ച 2002ലെ മുസ്ലിം വിരുദ്ധ വര്‍ഗീയ വിഛേദന പദ്ധതി നടപ്പാക്കിയ ശപ്തയാമത്തില്‍ മോഡിയുടെ കമാണ്ടര്‍മാരായി ഇടത്തും വലത്തും നടന്ന രണ്ടു ഹിന്ദുത്വവാദികളെ നിയമം പിടികൂടിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങളെ പരമാവധി കൊന്നൊടുക്കാനുള്ള പദ്ധതി ആവിഷ്കരിച്ച്, പോലീസിന്റെ പരസ്യമായ സഹായത്തോടെ നടപ്പാക്കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് അന്നത്തെ ആഭ്യന്തര സഹമന്ത്രി അമിത്ഷാ എന്ന മോഡിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പോലും കൊലയാളികളായും കൂട്ടക്കുരുതിയുടെ കാവലാളുകളായും മാറ്റിയെടുത്ത് ഗാന്ധിജിയുടെ നാട്ടിനെ മുസ്ലിം രക്തം കൊണ്ട് ചുകപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ആ ധനാഢ്യന്‍ ഇന്ന് സിബിഐയുടെ കുരുക്കില്‍പെട്ടു പിടയുകയാണ്. മുസ്ലിംഭീകരതയുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വരച്ചുകാണിച്ച്, ഗുജറാത്തിലെ കൂട്ടക്കശാപ്പിന് ന്യായീകരണം തേടുകയായിരുന്നു ഇവരുടെ ലക്ഷ്യം. അങ്ങനെയാണ് മലയാളിയായ സൊഹ്റാബുദ്ദീനെയും ഭാര്യ കൌസര്‍ബാനുവിനെയും 2005ല്‍ പച്ചയായി വെടിവച്ചിടുന്നതും ഭീകരവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതും. ഭീകരവാദികളുമായുള്ള പോലീസിന്റെ ഏറ്റുമുട്ടല്‍ കെട്ടിച്ചമച്ച കഥയാണെന്ന് തെളിഞ്ഞതോടെ 2010 ജൂലൈ 25ന് ഷായും കൂട്ടരും അറസ്റിലായിരുന്നു. ഇയാള്‍ക്ക് ജാമ്യം നല്‍കാന്‍ പാടില്ല എന്ന് സിബിഐ ശഠിച്ചതോടെ ഗുജറാത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്നു സുപ്രീംകോടതി വ്യവസ്ഥ വച്ചു. എന്നാല്‍, ഇതേ അമിത്ഷായെ ഇപ്പോള്‍ മറ്റൊരു വ്യാജഏറ്റുമുട്ടല്‍ കേസില്‍ സിബിഐ പ്രതിചേര്‍ത്തിരിക്കുകയാണ്. സൊഹ്റാബുദ്ദീന്‍ – കൌസര്‍ബാനു കൊലക്ക് സാക്ഷിയായ തുളസിറാം പ്രജാപതിയെ 2006ല്‍ നടന്ന മറ്റൊരു വ്യാജഏറ്റുമുട്ടലിലൂടെ കൊന്നു എന്നതാണ് കേസ്. അന്നത്തെ പോലീസ് മേധാവി പി സി പാണ്ഡെ അടക്കം ആറ് ഐപിഎസ് ഉദ്യോഗസ്ഥരും ഈ കേസില്‍ പ്രതിയാണ് എന്നത് ‘മോഡിയുഗം’ എന്തുമാത്രം അന്ധകാര നിബിഡമായിരുന്നുവെന്ന് ഓര്‍മപ്പെടുത്തുന്നു. സിഐഡി മേധാവി (ക്രൈം) ഒ പി മഥൂറിനെതിരെ കൊലക്കുറ്റത്തിനാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് മേധാവികളും മുസ്ലിംകളെ വകവരുത്തുന്നതിലും കേസുകള്‍ നശിപ്പിക്കുന്നതിലും എത്ര നികൃഷ്ടമായ രീതിയാണ് സ്വീകരിക്കുന്നത് എന്നറിഞ്ഞു നാം സ്തബ്ധരായിരിക്കുമ്പോഴാണ് ആഗസ്റ് 31ന് നരോദപാട്യ കൂട്ടക്കൊലയുടെ വിധി പ്രത്യേക കോടതി പ്രഖ്യാപിക്കുന്നത്. അതോടെ 2002ലെ ഒരു കറുത്ത രാത്രിയില്‍ ഹിന്ദുത്വ കശ്മല•ാര്‍ തീയിട്ടു കൊന്ന 35 കുഞ്ഞുങ്ങളും 32 സ്ത്രീകളടക്കം 97 മനുഷ്യരെക്കുറിച്ച് ലോകം ഒരിക്കല്‍കൂടി ഓര്‍ക്കാന്‍ നിര്‍ബന്ധിതരായി. രാജ്യചരിത്രത്തിലെ കറുത്തഅധ്യായം എന്ന് പ്രത്യേക കോടതി ജഡ്ജി ജ്യോത്സാറയത്നിക്ക് എന്ന നിയമജ്ഞ വിശേഷിപ്പിച്ച അത്യപൂര്‍വ ദുരന്തത്തിന്റെ പിന്നിലെ ദുര്‍മൂര്‍ത്തികളെ നിയമം കൈയോടെ പിടികൂടുന്ന കാഴ്ചകണ്ട് മനഃസാക്ഷിയുള്ളവര്‍, ജാതിമതഭേദമന്യേ അത്യാഹ്ളാദിച്ചു. വംശീയഹത്യക്ക് നേതൃത്വം കൊടുത്ത മായാ കൊഡ്നാനി എന്ന മോഡിയുടെ വലംകൈയെ ഇരുപത്തിയെട്ടു വര്‍ഷം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി പുറത്തുവന്നതോടെയാണ് ഹിന്ദുത്വ പെണ്‍പിശാചുക്കളെയും സൃഷ്ടിച്ചുവിട്ടിട്ടുണ്ടല്ലോ എന്നോര്‍ത്തു ജനം അമ്പരക്കുന്നത്. വിദ്യാഭ്യാസമോ സംസ്കാരമോ തൊട്ടുതീണ്ടാത്ത കേവലം ഗുണ്ടാഗണത്തില്‍പ്പെടുന്ന സ്ത്രീയല്ല ഇവര്‍. കുലീനമായ കുടുംബത്തില്‍ വളര്‍ന്ന് എംബിബിഎസും ഡിജിഒയും എടുത്ത പേരുകേട്ട ഗൈനക്കോളജിസ്റാണ്. മൂന്നു തവണ ബിജെപി എംഎല്‍എയായി, എന്നിട്ടും മുസ്ലിംകളെ കൂട്ടക്കൊല നടത്താനുള്ള ആസൂത്രണത്തിനു പിന്നില്‍ കൊഡ്നാനിയാണെന്ന് നീതിപീഠത്തിന് എടുത്തുപറയേണ്ടി വന്നു. നരോദ പാട്യയിലെ നിരാലംബരും നിസ്സഹായരുമായ മുസ്ലിംകളെ ഒന്നാകെ വകവരുത്തി പ്രദേശം ‘ശുദ്ധീകരിക്കുക’യായിരുന്നുവത്രെ ഈ ഹിന്ദുത്വവാദികളുടെ ലക്ഷ്യം. അങ്ങനെയാണ് തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ ആസുരമുഖം എന്തെന്ന് തിരിച്ചറിയാന്‍ പോലും ത്രാണിയില്ലാത്ത മുപ്പത്തിയഞ്ച് കുഞ്ഞുങ്ങളെ മുപ്പല്ലികൊണ്ട് കുത്തിയും പെട്രോളൊഴിച്ച് കത്തിച്ചും കഥ കഴിച്ചത്. കലാപ കാലഘട്ടത്തില്‍ മനുഷ്യത്വം മരവിക്കാത്തവരുടെ ഉള്ളുലച്ച കുറെ ഭീകരകൃത്യങ്ങള്‍ നടമാടിയത് നരോദപാട്യയിലാണെന്നോര്‍ക്കണം. കൌസര്‍ ബാനു എന്ന ഗര്‍ഭിണിയുടെ വയര്‍ ത്രിശൂലം കൊണ്ട് കുത്തിക്കീറി. ഭ്രൂണം പുറത്തെടുത്ത് പെട്രോളില്‍ മുക്കി ചാരമാക്കിയ കഥകേട്ട് ലോകം നടുങ്ങിയതാണ്. അതുപോലെ ബല്‍കീസ് ബാനു എന്ന യുവതിയെ ഉറ്റവരുടെ മുന്നിലിട്ട് ബലാല്‍സംഗം ചെയ്തു കൊല്ലുകയും അവരുടെ മക്കളെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്ത കൊടുംക്രൂരത ആ കാലഘട്ടത്തില്‍ മനഃസാക്ഷി മരവിക്കാത്തവരെ കരയിച്ചതാണ്. ആ വക മൃഗീയതക്ക് നേതൃത്വം കൊടുത്ത മായാ കൊഡ്നാനിയെ എല്ലാറ്റിനുമൊടുവില്‍ നിയമം കൈയ്യോടെ പിടികൂടിയപ്പോള്‍ നരോദപാട്യയിലെ പാവങ്ങളുടെ കണ്ണ് ആഹ്ളാദം കൊണ്ടു നിറഞ്ഞു. പല മാധ്യമങ്ങളും എടുത്തു കാട്ടിയതു പോലെ പത്തുവര്‍ഷത്തിനു ശേഷം ആദ്യമായാണ് അവിടുത്തെ മനുഷ്യര്‍ ഒന്നിച്ചു ചിരിക്കുന്നതും ആഹ്ളാദാതിരേകത്താല്‍ മധുരം വിതരണം ചെയ്യുന്നതും.
ഒരളവോളമെങ്കിലും നീതി നടപ്പാക്കിക്കിട്ടി എന്ന് ഗുജറാത്തിലെ മുസ്ലിംകള്‍ക്ക് സമാധാനിക്കാനായത് മായാ കൊഡ്നാനിയോടൊപ്പം അധമനില്‍ അധമനായ ബാബു ബജ്റംഗി എന്ന കാപാലികനടക്കം മുപ്പത്തിരണ്ടു പേരെ കോടതി ശിക്ഷിച്ചപ്പോഴാണ്. നരോദപാട്യയെ പട്ടടയാക്കി മാറ്റാന്‍ കച്ചമുറുക്കി ചോരക്കളത്തിലിറങ്ങിയ ബാബു ബജ്റംഗി മരിക്കുന്നതു വരെ കാരാഗൃഹത്തില്‍ കഴിയട്ടെ എന്ന് ന്യായാസനം വിധിച്ചത് ആ മനുഷ്യന്‍ ചെയ്ത ക്രൂരതയുടെ വ്യാപ്തി തിരിച്ചറിഞ്ഞാണ്.
സംഘ്പരിവാറിന്റെ ഗുണ്ടാമുഖമായ ബജ്റംഗ്ദളിന്റെ കുപ്പായമിട്ട്, കൂട്ടക്കുരുതിക്ക് ഇറങ്ങിയ ഈ മനുഷ്യന്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ ഒളിക്യാമറ പ്രയോഗത്തിനിടയില്‍ തെഹല്‍ക്ക അയവിറക്കിയപ്പോള്‍ രാജ്യം ഞെട്ടിവിറച്ചതാണ്. ആ സത്യവാങ്മൂലങ്ങള്‍ തന്നെ ഈ മനുഷ്യനെ കുരുക്കിലാക്കി എന്നത് കാവ്യനീതി മാത്രം. ഗര്‍ഭിണികളുടെ വയര്‍ പിളര്‍ന്ന് കുഞ്ഞുങ്ങളെ പുറത്തെടുത്തത് താനാണെന്നും കൂട്ടക്കൊല ആസ്വദിച്ച താന്‍ മഹാറാണ പ്രതാപിനെപ്പോലെയാണ് കിടന്നുറങ്ങിയതെന്നും പറയുമ്പോള്‍ ഡോ. ഹെഡ്ഗേവാറും ഗോള്‍വാര്‍ക്കറും നനച്ചുവളര്‍ത്തിയ പ്രത്യയശാസ്ത്രം ഇത്രമാത്രം അപകടകാരിയാണോ എന്ന് ആരും ചോദിച്ചു പോകും.
ലോകമെങ്ങും ‘മുസ്ലിംഭീകരരെ’ അന്വേഷിച്ചു നടക്കുന്ന ഒരു വിചാരധാരയുടെ അരുമശിഷ്യ•ാരെയാണ് നീതിപീഠം കൈയോടെ പിടികൂടിയിരിക്കുന്നത്. ആര്‍ജവമുള്ള ആ ചുവടുവെപ്പിന് ഒരു സ്ത്രീ തന്നെ ന്യായാധിപക്കസേരയില്‍ ഇരിക്കേണ്ടി വന്നു എന്നത് ഈ പ്രപഞ്ചത്തില്‍ നീതി മരിക്കാതെ സൂക്ഷിക്കാന്‍ പടച്ചതമ്പുരാന്‍ ചില ബലതന്ത്രങ്ങള്‍ ഒരുക്കിവച്ചിട്ടുണ്ട് എന്നതിന്റെ നിദര്‍ശനമാണ്. അല്ലെങ്കില്‍, എന്തുകൊണ്ട് ഭരണകൂടവും ജുഡീഷ്യറിയും പോലീസും ഭൂരിഭാഗം ജനങ്ങളും വര്‍ഗീയവത്കരിക്കപ്പെട്ട ഒരു സംസ്ഥാനത്ത് ഏതാനും കൊലയാളികള്‍ പിടിക്കപ്പെട്ടു എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. 1960ന് ശേഷം ഇന്ത്യാമഹാരാജ്യത്ത് പതിനായിരക്കണക്കിന് വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മുസ്ലിം വിരുദ്ധ കൂട്ടഹത്യകളെയാണ് ‘കലാപം’ എന്ന ഓമനപ്പേരിട്ട് നമ്മുടെ മാധ്യമങ്ങള്‍ അവധാനത കാണിക്കാറ്. അലീഗറിലും മുറാദാബാദിലും മീറത്തിലും ഭഗല്‍പൂരിലും ജംഷഡ്പൂരിലും ഇന്‍ഡോറിലും മുംബൈയിലും താനയിലും നെല്ലിയിലുമൊക്കെ എത്രയെത്ര നിരപരാധര്‍ വര്‍ഗ്ഗീയാഗ്നിയില്‍ കത്തിച്ചാമ്പലായി? മതേതരത്വത്തിന്റെ അപ്പോസ്തല•ാരായ കോണ്‍ഗ്രസുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു ഈ നരഹത്യകള്‍ ദേശീയോത്സവങ്ങളായി കൊണ്ടാടപ്പെട്ടത്. എന്നാല്‍ ഏതെങ്കിലും കലാപത്തിന്റെ പിന്നിലെ കറുത്ത കരങ്ങളെ കണ്ടുപിടിക്കാനോ കുറ്റവാളികളെ ശിക്ഷിക്കാനോ ഇതുവരെ സാമൂഹിക വ്യവസ്ഥിതിക്ക് ത്രാണിയുണ്ടായില്ല. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയില്‍ കലാപകാരികള്‍ക്ക് മാതൃകാപരമായി ശിക്ഷ കിട്ടിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുക പ്രയാസമാണ്. ബാബരി മസ്ജിദ് ദുരന്തത്തിന് ശേഷം രണ്ടായിരത്തിലേറെ മുസ്ലിംകളെയാണ് ബാല്‍താക്കറെയുടെ ശിവസേനയും ആര്‍എസ്എസും ചേര്‍ന്ന് കൊന്നു തള്ളിയത്. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റിസ് ശ്രീകൃഷ്ണ കണ്ടെത്തിയത് താക്കറെ, ഒരു പട്ടാള കമാണ്ടറെ പ്പോലെ തെരുവുകള്‍ തോറും നടന്ന് കൂട്ടക്കശാപ്പിന് ആജ്ഞ നല്‍കുന്നുണ്ടായിരുന്നു എന്നാണ്. എന്നാല്‍ താക്കറെയുടെ രോമത്തില്‍ സ്പര്‍ശിക്കാന്‍ നമ്മുടെ ഭരണകൂടത്തിനോ നീതിപീഠത്തിനോ കഴിഞ്ഞില്ല. അതേ സമയം ഈ മുസ്ലിംവിരുദ്ധ അതിക്രമത്തില്‍ പ്രതിഷേധിക്കാനായി അധോലോക സംഘം മുംബൈ നഗരത്തില്‍ ബോംബുകള്‍ വച്ചപ്പോള്‍ കുറെ നിരപരാധികള്‍ മരിച്ചു. മുംബൈ സ്ഫോടനക്കേസില്‍ കോടതി കിറുകൃത്യം ശിക്ഷിച്ചു. അറുപതിലേറെ പേര്‍ ഇപ്പോഴും ജയില്‍വാസം അനുഭവിക്കുകയാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസിലും മാറാട് കൂട്ടക്കൊല കേസിലും ശിക്ഷിക്കപ്പെട്ടവര്‍ കാരാഗൃഹവാസം അനുഭവിക്കുന്നത് മറക്കുന്നില്ല. എന്നാല്‍ മുസ്ലിംകള്‍ കൂട്ടക്കൊലക്ക് ഇരയായ സംഭവത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക എന്നത് എന്തോ അപമാനമായാണ് നീതിപീഠം പോലും കാണാറ്. അതിന് ഒരപവാദമാണ് നരോദ പാട്യയിലെ വിധി. അതുകൊണ്ടു തന്നെ ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്തസ്സും ഔജ്വല്യവും വാനോളം ഉയര്‍ന്നിരിക്കുന്നു.

You must be logged in to post a comment Login