ജി എസ് ടി കാലത്തെ കോര്‍പറേറ്റുകളും സാധാരണക്കാരും

ജി എസ് ടി കാലത്തെ കോര്‍പറേറ്റുകളും സാധാരണക്കാരും

2014 ഡിസംബറില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലാണ് 122-ാമതു ഭരണഘടനാ ഭേദഗതിയിലൂടെ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന, ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചരക്കു സേവന നികുതി (ജി എസ് ടി )ക്ക് അടിസ്ഥാനമാകുന്നത്. ഒരു പുതിയ വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കുക വഴി നികുതി നിര്‍ണയത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഏഴാം ഷെഡ്യൂളിലെ സംയുക്ത പട്ടികയിലാക്കുന്നു. നിലവിലുണ്ടായിരുന്ന വിവിധ കേന്ദ്ര സംസ്ഥാന നികുതികള്‍ക്കു പകരമായി ചരക്കു സേവനനികുതി എന്ന ഒറ്റ നികുതിയിലേക്കു രാജ്യം മാറുന്ന ഒരു ഭേദഗതിയാണിത്. കേന്ദ്ര സര്‍ക്കാര്‍ പിരിക്കുന്ന എക്‌സൈസ് തീരുവ, വാറ്റ് , സേവനനികുതി, ഒക്ട്രോയി , സെന്‍വാറ്റ് കേന്ദ്ര വില്പനനികുതി, പ്രവേശനനികുതി, ആഡംബര നികുതി, ആസ്വാദനനികുതി തുടങ്ങി പല തട്ടുകളിലുള്ള നികുതികള്‍ ഇനി ഇല്ലാതാകുന്നു. 1947 നു ശേഷം രാജ്യം നടത്തുന്ന ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്‌കരണമാണിതെന്നും ഇതുവഴി രാജ്യത്തിന്റെ മൊത്ത ഉത്പാദനത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നുമാണ് ധനമന്ത്രി അവകാശപ്പെട്ടത്. ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്ന ആവേശകരമായ മുദ്രാവാക്യം ഇതിന്ന് അകമ്പടിയാവുന്നു. നിലവിലുള്ള നികുതി സംവിധാനത്തിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കപ്പെടുന്നു എന്നും നടപടിക്രമങ്ങള്‍ സുതാര്യവും ലളിതവുമാക്കപ്പെടുന്നു എന്നും അവകാശപ്പെടുന്നു.

കേന്ദ്ര ധനമന്ത്രി അധ്യക്ഷനും കേന്ദ്ര സഹധനമന്ത്രിയും സംസ്ഥാനങ്ങളുടെ ധന, റവന്യൂ, നികുതി വകുപ്പുമന്ത്രിയോ സംസ്ഥാനങ്ങളുടെ ഓരോ പ്രതിനിധിയോ അംഗങ്ങളുമാകുന്ന ഒരു ദേശീയ ജി എസ് ടി കൗണ്‍സില്‍ രൂപീകരിക്കുന്നു. അവരാണ് ചരക്കു സേവന നികുതി സംബന്ധിച്ചുള്ള നയം രൂപീകരിക്കുന്നത്. കേന്ദ്ര സംസ്ഥാന തദ്ദേശ ഭരണകൂടങ്ങള്‍ പിരിക്കുന്ന ഏതൊക്കെ നികുതികള്‍ ചരക്കു സേവന നികുതി വരുന്നതോടെ ഇല്ലാതാക്കപ്പെടുമെന്നും ഏതെല്ലാം സേവനങ്ങളും ചരക്കുകളും ഇതില്‍ വരുമെന്നും അവക്ക് ഏതൊക്കെ നിരക്കിലുള്ള നികുതികള്‍ ഏര്‍പ്പെടുത്തണമെന്നും തീരുമാനിക്കുന്നതും ഈ സമിതിയാണ്.
മനുഷ്യരുടെ ഉപയോഗത്തിനുള്ള മദ്യത്തിന്റെ വിതരണം ഈ നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ക്രൂഡ് ഓയില്‍, പെട്രോള്‍ മുതലായ ഇന്ധനങ്ങള്‍ക്കു മേല്‍ ഏതുതരം നികുതി ഏര്‍പ്പെടുത്തണമെന്നു ജി എസ് ടി സമിതി തീരുമാനിക്കും. സംസ്ഥാനാന്തര വ്യാപാരങ്ങള്‍ക്കു ഒരു ശതമാനം അധിക കേന്ദ്ര നികുതി ഈടാക്കും. അടുത്ത രണ്ട് വര്‍ഷത്തേക്കോ കൗണ്‍സില്‍ തീരുമാനിക്കുന്നത് വരെയോ ഇതിന്റെ വരുമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. പുതിയ നികുതിനയം മൂലം സംസ്ഥാനങ്ങള്‍ക്ക് നഷ്ടമുണ്ടാകുന്നു എങ്കില്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് ആ നഷ്ടം നികത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പാര്‍ലമെന്റിനു അധികാരമുണ്ടാകും. ജി എസ് ടി യെ മൂന്നായി തിരിക്കുന്നു. കേന്ദ്ര (സി ജി എസ് ടി), സംസ്ഥാന (എസ് ജി എസ് ടി) , സമഗ്ര (ഐ ജി എസ് ടി) എന്നിങ്ങനെ.

രാജ്യത്തെ ചരക്കുകളെയും സേവനങ്ങളെയും അഞ്ചായി തരം തിരിച്ച് അവയുടെ നികുതിക്ക് അഞ്ചു നിരക്കുകള്‍ ഏര്‍പ്പെടുത്തിരിക്കുന്നു കൗണ്‍സില്‍. മൊത്തം 1211 ഉത്പന്നങ്ങളെയും സേവനങ്ങളെയുമാണ് ഇപ്പോള്‍ തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂജ്യം മുതല്‍ 28 ശതമാനം വരെയാണ് നികുതി നിരക്കുകള്‍. ചിലതിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ കുറവാണ് പുതിയ നിരക്കിലുള്ളത്. അവയുടെ വില കുറയും. അതുവഴി ഉപഭോക്താക്കള്‍ക്ക് ഭാരം കുറയും. മറിച്ചാണെങ്കില്‍ അവരുടെ മേല്‍ അധികഭാരം വരും. മൊത്തം ചരക്കു സേവനങ്ങളുടെ പട്ടികയില്‍ ഏഴു ശതമാനം നികുതിയില്ലാത്തവയും 14 ശതമാനത്തിനു അഞ്ചു ശതമാനം നികുതിയും 17 ശതമാനത്തിനു 12 ശതമാനവും 43 ശതമാനം ചരക്കു സേവനങ്ങള്‍ക്ക് 18 ശതമാനം നികുതിയും ബാക്കി 19 ശതമാനത്തിനു ഏറ്റവും ഉയര്‍ന്ന 28 ശതമാനം നികുതിയുമാണ് ജി എസ് ടി യിലെ നിരക്കുകള്‍.

നികുതി ഒഴിവാക്കപ്പെടുന്നവയില്‍ അമ്പതു ശതമാനത്തോളം ഉപഭോക്തൃ ചരക്കുകള്‍ പെടുന്നു. ഭക്ഷ്യധാന്യങ്ങള്‍ അതില്‍ ഏറ്റവും പ്രധാനമായവയാണ്. ഇതുവഴി നാണ്യപ്പെരുപ്പം തടയുകയാണ് ലക്ഷ്യം. ജനങ്ങളെ നേരിട്ട് പെട്ടെന്ന് ബാധിക്കാതിരിക്കാനും ഇതുവഴി സാധിക്കുന്നു. അവരുടെ എതിര്‍പ്പ് തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാക്കപ്പെടുന്നു. മസാലകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, കടുക് മുതലായവയാണ് അഞ്ചു ശതമാനം നികുതിപ്പട്ടികയില്‍ ഉള്ളത്. സംസ്‌കരിക്കപ്പെട്ട ചരക്കുകള്‍ക്കാണ് 12 ശതമാനം നികുതി ചുമത്തപ്പെടുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പ്, ടൂത് പേസ്റ്റ് മുതലായവക്ക് 18 ശതമാനാകും നികുതി. വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍, ഷാമ്പൂ, ഷേവിങ് ഉത്പന്നങ്ങള്‍, സോപ് മുതലായവക്ക് 28 ശതമാനം നികുതിയാണ് ഇതില്‍ ഉള്ളത്. പൂജ്യം മുതല്‍ 31 ശതമാനമായിരുന്നു നിലവില്‍ ഇവയുടെ നിരക്ക്. ഇപ്പോള്‍ താഴ്ന്ന മധ്യവര്‍ഗക്കാര്‍ ഉപയോഗിക്കുന്നവയാണ് ഈ ചരക്കുകള്‍. കാര്‍, പാന്‍മസാല, പുകയില ഉത്പന്നങ്ങള്‍ മുതലായവക്കും ഇതുതന്നെ നിരക്ക്. ചരക്കുകളേക്കാള്‍ സേവനങ്ങളുടെ നിരക്കുകളിലാണ് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. മുന്‍പ് 15 ശതമാനം നിരക്കിലുണ്ടായിരുന്ന സേവനനികുതി ഇപ്പോള്‍ 18ഉം 28 ഉം ശതമാനമായി ഉയരുന്നു. ഹോട്ടല്‍, ഭക്ഷണശാല, ടെലിഫോണ്‍ തുടങ്ങിയ സേവനങ്ങളുടെ മേല്‍ വരുന്ന അധികഭാരം ചില ഉദാഹരണങ്ങള്‍ മാത്രം
നികുതി ഘടന ലഘൂകരിക്കപ്പെടുന്നതോടെ നികുതി പിരിവും അത് വെട്ടിക്കുന്നത് തടയുന്ന ജോലിയും എളുപ്പമാകും എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. പല നികുതികള്‍ ഒരുമിച്ചു ചേര്‍ക്കുന്നതുവഴി ഇരട്ട നികുതി ഭാരം ഒഴിവാക്കാനും പൊതു ദേശീയകമ്പോളം സൃഷ്ടിക്കാനും കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഒരു ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ അന്തിമ ഉപയോഗഘട്ടത്തിന് മുന്‍പ് വിവിധ ഘട്ടങ്ങളിലൂടെ അത് കടന്നുപോകും. നിരവധി വ്യത്യസ്ത പരോക്ഷ നികുതികള്‍ നമ്മള്‍ നല്‍കുന്നുണ്ടാകും. ഉദാഹരണത്തിന് നാം ഒരു കടയില്‍ കയറി കാപ്പി കുടിക്കുന്നു എന്ന് കരുതുക. അതിനു വേണ്ട കാപ്പിപ്പൊടി ഒരു കമ്പനി ഉണ്ടാക്കുന്നതാകും. ആ കമ്പനി അതിനുള്ള കുരു മറ്റൊരു സ്ഥാപനത്തില്‍ നിന്നും വാങ്ങുന്നതാകും. കുരു കര്‍ഷകരില്‍ നിന്നും വാങ്ങി ഉണക്കി വില്‍ക്കുന്ന സ്ഥാപനം അതിന്റെ നികുതികള്‍ എക്‌സൈസ് തീരുവ, ആ കുരുവിന്റെ വിലക്കനുസരിച്ചുള്ള വില്പന നികുതി അഥവാ വാറ്റ് എന്നിങ്ങനെ നല്‍കണം. അവര്‍ നൂറു രൂപയുടെ കാപ്പിക്കുരു വില്‍ക്കുമ്പോള്‍ പത്ത് രൂപ അങ്ങനെ നികുതിയായി നല്‍കി എന്ന് കരുതുക. ആ കുരു വാങ്ങി പൊടിയാക്കി പാക്ക് ചെയ്യുന്ന സ്ഥാപനം വില്‍ക്കുന്ന വില 200 രൂപയാണ് എങ്കില്‍ അവിടെ 20 രൂപ നികുതി നല്‍കണം. പക്ഷെ ആദ്യഘട്ടത്തില്‍ നല്‍കിയ പത്ത് രൂപ ഇവിടെ പരിഗണിക്കപ്പെടുന്നു. ഫലത്തില്‍ ബാക്കി പത്ത് രൂപ മാത്രമേ നികുതി നല്‍കേണ്ടതുള്ളൂ. ആ പൊടി വാങ്ങി അതില്‍ മറ്റു പല ഘടകങ്ങളും ചേര്‍ത്ത് ഹോട്ടലില്‍ നമുക്ക് കാപ്പിയായി തരുമ്പോള്‍ അയാള്‍ വില്‍ക്കുന്നത് അഞ്ഞൂറ് രൂപക്കാണെന്നു കരുതുക. അയാള്‍ നല്‍കേണ്ട നികുതി അമ്പതു രൂപയാണ്. പക്ഷെ ഒന്നും രണ്ടും ഘട്ടങ്ങളിലായി ഇരുപതു രൂപ നല്‍കിയതിനാല്‍ ബാക്കി മുപ്പതു രൂപയേ അയാള്‍ നികുതിയായി നല്‍കേണ്ടതുള്ളൂ. അപ്പോള്‍ മൊത്തവില 530 രൂപ മാത്രം. ഇന്‍പുട്ട് ക്രെഡിറ്റ് എന്നാണു ഈ കുറവിന്റെ പേര്. അതായത് മുന്‍പ് ഉത്പന്നത്തിനോ അതിന്റെ അസംസ്‌കൃത വസ്തുവിനോ നല്‍കിയ നികുതി കുറക്കാം. ഒറ്റനോട്ടത്തില്‍ ഇത് മൊത്തവില കുറയ്ക്കുമെന്ന് തോന്നാം. അതുതന്നെയാണ് സര്‍ക്കാര്‍ പ്രചാരണത്തിന്റെ ആകര്‍ഷണീയതയും.

വില പൊതുവെ കുറയുമെന്നും സംസ്ഥാന അതിര്‍ത്തികളില്‍ അനേക മണിക്കൂറുകള്‍ കെട്ടിക്കിടന്നുണ്ടാകുന്ന സമയനഷ്ടവും ധനനഷ്ടവും ഒഴിവാകുമെന്നും അന്തിമമായി അതിന്റെ നേട്ടവും ഉപഭോക്താവിന് കിട്ടുമെന്നുമാണ് അവകാശവാദങ്ങള്‍. പക്ഷെ ഇതൊക്കെ പ്രയോഗത്തില്‍ വരുത്തുക എന്നതാണ് പ്രശ്‌നം. ഭരണഘടന തയാറാക്കുന്നതിന്റെ അന്തിമഘട്ടത്തില്‍ ഡോക്ടര്‍ അംബേദ്കര്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നത് പോലെ എത്ര നല്ല നിയമം ഉണ്ടായാലും അത് ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ട സംവിധാനമില്ലാതിരിക്കുകയോ ഭരണകര്‍ത്താക്കള്‍ അത് നടപ്പാക്കാതിരിക്കുകയോ ചെയ്താല്‍ പിന്നെന്തു നേട്ടം?

കഴിഞ്ഞ വര്‍ഷം നവംബറില്‍ 500 ,ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചപ്പോഴും വലിയ അവകാശവാദങ്ങള്‍ ഉണ്ടായിരുന്നു. അനേക ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഉപയോഗശൂന്യമാകും, കള്ളനോട്ടെന്ന പ്രശ്‌നം പരിഹരിക്കപ്പെടും, സമ്പദ്‌വ്യവസ്ഥ കുതിച്ചുയരും..അങ്ങനെ പലതും. പക്ഷെ അതിന്റെ അന്തിമ ഫലം നാം കണ്ടല്ലോ. കോടാനുകോടി ജനങ്ങള്‍ വലഞ്ഞു. നൂറുകണക്കിനാളുകള്‍ വീണു മരിച്ചു. കാര്‍ഷിക ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു. കര്‍ഷക ആത്മഹത്യ കൂടി. ഒരു കള്ളപ്പണവും കള്ളനോട്ടും കണ്ടില്ല. പകരം പുതുതായി ഇറക്കിയ നോട്ടിനു ധാരാളം കള്ളനോട്ടുകള്‍ ഇറങ്ങുകയും ചെയ്തു. ഇതിനെല്ലാം പുറമെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ നന്മ ചെയ്താല്‍ മരണാനന്തരം സ്വര്‍ഗരാജ്യം കിട്ടും എന്നത് മതവിശ്വാസമാണ്. അവരവരുടെ വിശ്വാസം അനുസരിച്ചു ഓരോരുത്തരും ജീവിക്കുന്നു. പക്ഷെ ഒരു സര്‍ക്കാര്‍ അത്തരം പരലോക വിശ്വാസം പോലെ ഭാവി നന്നാകും എന്ന പ്രതീക്ഷ നല്‍കിയല്ല ഭരിക്കേണ്ടത്. നല്ല അനുഭവങ്ങള്‍ അവര്‍ക്കുണ്ടാകണം. നികുതി പരിഷ്‌കരണത്തിന്റെ വിഷയത്തിലും ഈ അനുഭവം നാം ഓര്‍ക്കണം. സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ എതിര്‍ക്കുന്നവരെയെല്ലാം തീവ്രവാദികളോ രാജ്യദ്രോഹികളോ ആയി പ്രഖ്യാപിച്ചു കൊണ്ട് അടിച്ചമര്‍ത്തി ഭരിക്കുന്നതല്ല ജനാധിപത്യം.

ഇത്തരൊമൊരു പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ പ്രസക്തമാണ്. പക്ഷെ അതിനു മുന്‍പ് ഇത്തരമൊരു നികുതി പരിഷ്‌കരണം താത്വികമായോ നിയമപരമായോ രാഷ്ട്രീയമായോ ശരിയാണോ എന്ന തരത്തിലുള്ള ചില ചോദ്യങ്ങള്‍ പരിശോധിക്കപ്പെടണം. വളരെ ഗഹനവും വിശാലവുമായ വിഷയമായതിനാല്‍ ചില സൂചനകള്‍ നല്‍കാന്‍ മാത്രമേ ഇവിടെ ശ്രമിക്കുന്നുള്ളൂ. മദ്യം, വൈദ്യുതി, പെട്രോള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയെ എന്തുകൊണ്ട് ജി എസ് ടി യില്‍ നിന്നും ഒഴിവാക്കി എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ജി എസ് ടി അത്ര ഗുണകരമാണെങ്കില്‍ ചില മേഖലകളില്‍ ഉള്ളവര്‍ക്ക് അത് നിഷേധിക്കുന്നതെന്തിന്? സമ്പദ്ഘടനയെ ആകെ ഉയര്‍ത്തുകയല്ലേ ഇതിന്റെ ലക്ഷ്യം? ഇന്ന് ഏറ്റവുമധികം കള്ളപ്പണം ഒഴുകുന്ന ഒരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ് എന്നാര്‍ക്കാണറിയാത്തത്? രാജ്യത്തെ കള്ളപ്പണത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ഇത് മറന്നു പോയോ? ഇവിടെ നടക്കുന്ന കള്ളപ്പണ ഇടപാടിനെ സഹായിക്കുക അദ്ദേഹത്തിന്റെ ലക്ഷ്യമാണോ?

ലോകത്ത് 140 രാജ്യങ്ങളില്‍ ഇതിനകം ജി എസ് ടി നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയില്‍ വരട്ടെ എന്ന വാദത്തില്‍ കഴമ്പുണ്ട്. പക്ഷെ പല രാജ്യങ്ങളിലും ജി എസ് ടിയില്‍ വലിയ പങ്കു വരുന്ന മേഖലകളാണ് ഇന്ത്യയില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഇതെങ്ങനെ ന്യായമാകും? ഇതു വഴി നികുതി അടിത്തറ ഏറെ ചുരുങ്ങിപ്പോയി. അതുകൊണ്ടാണ് മറ്റു മിക്ക രാജ്യങ്ങളിലേതിനെക്കാള്‍ ഇന്ത്യയിലെ ജി എസ് ടി നിരക്ക് വളരെ അധികം ഉയര്‍ന്നിരിക്കുന്നത്. ആഗോള തലത്തിലെ ജി എസ് ടി ഉയര്‍ന്ന നിരക്ക് ശരാശരി 16.4 ശതമാനവും ഏഷ്യ പസഫിക് മേഖലയിലെ ശരാശരി 9.88 ശതമാനവും കാനഡയിലും നൈജീരിയയിലും അഞ്ചു ശതമാനവുമാണ്. നമ്മുടേത് 28 ശതമാനമാണ്. 2010 ല്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ അന്നത്തെ നിര്‍ദ്ദേശമായി വന്നത് പരമാവധി നികുതി 12 ശതമാനം എന്നായിരുന്നു. ഇന്നത് 28 ശതമാനമാണ്. 12 ആയിരുന്നെങ്കില്‍ ഒട്ടു മിക്ക ചരക്കുകളുടെയും സേവനങ്ങളുടെയും വില കാര്യമായി കുറയുമായിരുന്നു. ജനങ്ങള്‍ക്ക് അത് ഗുണകരമാകുമായിരുന്നു.

പെട്രോളിനെ താല്‍ക്കാലികമായെങ്കിലും ഒഴിവാക്കുക വഴി ജനങ്ങള്‍ക്കുണ്ടാകുമായിരുന്ന ലാഭം അഥവാ ചെലവ് കുറവ് വലുതാണ്. ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പെട്രോള്‍ വില കേവലം അമ്പത് രൂപയെങ്കിലുമാകുമായിരുന്നു. അത് പോലെ ഡീസല്‍ വിലയും കുറയും. അത് നല്‍കുന്ന ആശ്വാസം എന്തുകൊണ്ടില്ലാതായി? സംസ്ഥാനങ്ങള്‍ക്ക് നികുതി നിര്‍ണയത്തിലുള്ള അധികാരം ഏതാണ്ട് ഇല്ലാതായി എന്നുതന്നെ പറയാം. ഒരു യഥാര്‍ത്ഥ ഫെഡറല്‍ ഘടനക്കു യോജിച്ചതല്ല ഈ പരിഷ്‌കാരം. ചില നികുതികള്‍ക്കു മേല്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നു. പ്രാദേശിക ആവശ്യമനുസരിച്ചു നികുതി നിര്‍ണയിക്കാമായിരുന്നു. ഇപ്പോള്‍ അതില്ലാതായി. പല സംസ്ഥാനങ്ങളും അതുകൊണ്ട് തന്നെ ജി എസ് ടിയെ എതിര്‍ക്കുന്നു. ഒരു ഉപഭോഗ സംസ്ഥാനമെന്ന നിലയില്‍ തങ്ങള്‍ക്കു വരുമാന വര്‍ധനവുണ്ടാകും എന്ന സ്വാര്‍ത്ഥലാഭം കണ്ടുകൊണ്ട് രാഷ്ട്രീയമായ ഒരു തെറ്റിന് പിന്തുണ നല്‍കുകയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്. മുമ്പ് വാറ്റിന്റെ പ്രഖ്യാപനസമയത്തും ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് ഇടതുപക്ഷം തയാറായി. നോട്ടു നിരോധനവിഷയത്തിലും അതിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം കണ്ടെത്താന്‍ അവര്‍ക്കായില്ല.

ഇതിന്റെ നടത്തിപ്പു സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള പ്രശ്‌നങ്ങള്‍ കേവലം ബാലാരിഷ്ടതകളായി മാത്രം കാണുന്നത് ശരിയല്ല. ജി എസ് ടി നിയമമനുസരിച്ചുള്ള രജിസ്റ്ററുകള്‍ തയാറാക്കി സൂക്ഷിക്കുക എന്നത് ചെറുകിട ഉത്പാദകര്‍ക്കും വ്യാപാരികള്‍ക്കും എളുപ്പമല്ല. അവര്‍ വാങ്ങുന്ന പല ഉത്പന്നങ്ങളുടെയും നികുതി ഇളവുകള്‍ അവര്‍ക്കുപയോഗിക്കാന്‍ ആവാത്ത വിധം അനൗപചാരികമാണ്. ഇതവര്‍ക്കു വലിയ നഷ്ടമുണ്ടാക്കും. മറിച്ചു വന്‍ കോര്‍പറേറ്റുകള്‍ക്ക് ഇത് എളുപ്പമാണ്. ഫലത്തില്‍ ചെറുകിട ഉല്‍പാദകരെയും വ്യാപാരികളെയും ക്രമേണ ഇല്ലാതാക്കലും കുത്തകകള്‍ക്ക് ഈ മേഖലകള്‍ സമ്പൂര്‍ണ്ണമായി തീറെഴുതലുമാണ് ലക്ഷ്യം. വിദേശി സ്വദേശി കോര്‍പറേറ്റുകള്‍ ഇതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എന്നതും കാണുക. ചെറുകിട, ഇടത്തരം മേഖലകളെല്ലാം കടുത്ത ആശങ്കയിലുമാണ്. പ്രശ്‌നങ്ങള്‍ കുറച്ചെങ്കിലും പരിഹരിക്കാന്‍ കഴിയും വിധത്തിലുള്ള തയാറെടുപ്പുകള്‍, പരിശീലനങ്ങള്‍ മുതലായവയൊന്നും ഉണ്ടായില്ല. നിരവധി മേഖലകള്‍ നിശ്ചലമായിരിക്കുന്നു. ആര്‍ക്കും വ്യക്തതയില്ല. കേരളത്തിലെ അവസ്ഥ തന്നെ നോക്കുക. ഇതെഴുതിക്കൊണ്ടിരുന്നപ്പോള്‍ കേരളത്തിലെ വ്യാപാരികള്‍ കടയടപ്പ് സമരത്തിലാണ്. പെട്രോള്‍ പമ്പുകള്‍ അടഞ്ഞു കിടക്കുന്നു. കോഴിവ്യാപാരികള്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നു. സര്‍ക്കാര്‍ പണം മുടക്കി നല്‍കിയിരിക്കുന്ന പരസ്യം കണ്ടാല്‍ തന്നെ എത്രമാത്രം അവ്യക്തതയാണ് നിലനില്‍ക്കുന്നതെന്ന് ബോധ്യപ്പെടും. യാതൊരു വിധ ഉറപ്പും അവര്‍ക്കില്ല. ദീര്‍ഘകാലം കൊണ്ട് വില്‍ക്കുന്ന പല ചരക്കുകള്‍ ഉണ്ട്. ഒരു വര്‍ഷം മുമ്പ് വാങ്ങിയവയാണെങ്കില്‍ അവക്ക് ഇന്‍പുട്ട് ക്രെഡിറ്റ് കിട്ടില്ല. അങ്ങനെ വരുമ്പോള്‍ പുതിയ നിരക്കില്‍ ജി എസ് ടി ഈടാക്കേണ്ടി വരും. അതുവഴി ചിലപ്പോള്‍ ഇവ എം ആര്‍ പിയെക്കാള്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കേണ്ടി വരും. വിലക്കൂടുതലുള്ള ചരക്കുകളാണെങ്കില്‍ ഇത്തരം വര്‍ധനവ് അവഗണിക്കാന്‍ വ്യാപാരികള്‍ക്ക് കഴിയില്ല. പക്ഷെ എം ആര്‍ പിയേക്കാള്‍ കൂടിയ വിലക്ക് വിറ്റാല്‍ അത് ശിക്ഷാര്‍ഹമാണ്. ഇത്ര ഗുരുതരമായ ഒരു പ്രശ്‌നത്തോട് എത്ര നിരുത്തരവാദപരമായാണ് കേരള സര്‍ക്കാര്‍ പ്രതികരിക്കുന്നത് എന്ന് ആ പരസ്യത്തില്‍ കാണാം. ഒരു ഉല്‍പ്പന്നം വാങ്ങി ആറു മാസത്തിനകം അത് വിറ്റുതീര്‍ക്കണമെന്നും അല്ലെങ്കില്‍ ഇന്‍പുട്ട് ക്രെഡിറ് കിട്ടില്ലെന്നും നിയമം പറയുന്നു. പലപ്പോഴും ഇത് സാധ്യമല്ല. അതിനും കേരള സര്‍ക്കാരിന് വ്യക്തമായ പരിഹാരമില്ല.. ഇതുപോലെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാന്‍ സാധ്യതയില്ല. അവ്യക്തതകള്‍ നീക്കാനും ആശങ്കകള്‍ പരിഹരിക്കാനും ശ്രമങ്ങള്‍ തുടരും എന്നിങ്ങനെയുള്ള സമാധാന വചനങ്ങളാണ് സര്‍ക്കാരിന്റെ മറുപടി. ഭക്ഷ്യവിതരണ ശൃംഖലയില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ചെറുതല്ല. ഇവയെ അവഗണിക്കാന്‍ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ സംസ്ഥാന ധനമന്ത്രിക്ക് ഒടുവില്‍ നിലപാട് മാറ്റേണ്ടി വന്നത് നാം കണ്ടു. ഹോട്ടല്‍ ഭക്ഷണത്തിനു വലിയ തോതില്‍ വില കൂടുമെന്നു മന്ത്രി തന്നെ സമ്മതിക്കുന്ന സ്ഥിതി ഉണ്ടായി. പല ഉല്‍പന്നങ്ങള്‍ക്കും വിലക്കുറവുണ്ടാകുമെന്നും മറ്റും പ്രചാരണം നടത്തി ഒരു പരിഷ്‌കാരം നടപ്പിലാക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയുമോ? ഇതിനെ കേവലം നടത്തിപ്പിലെ ചില പ്രശ്‌നങ്ങള്‍ മാത്രമായി കാണാനാകില്ല. ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ ഇത് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന് അധിക വരുമാനമുണ്ടാകും എന്ന ഒറ്റക്കാരണത്താല്‍ ഇതിനെ സാധൂകരിക്കുന്ന ഇടതുപക്ഷം വലിയൊരു ചതിക്കുഴിയിലാണുള്ളത്. കേരളത്തിന്റെ അവസ്ഥ നാളെ മാറാം. സര്‍ക്കാരിന് തന്നെ വലിയ നഷ്ടമാകാം. അഞ്ചു വര്‍ഷത്തിനപ്പുറം ഒന്നും കാണാന്‍ കഴിയാത്തവരായി നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ മാറിയിരിക്കുന്നത് നമ്മുടെ ദുരവസ്ഥയാണ്. പെട്രോളിന്റെയും, ഡീസലിന്റെയും വില എന്തുകൊണ്ടാണ് ജി എസ് ടി ക്കു കീഴില്‍ കൊണ്ടുവരാത്തത്? കാരണം വ്യക്തം. ഇവയുടെ എക്‌സൈസ് ഡ്യൂട്ടി 23 ശതമാനവും സംസ്ഥാന വാറ്റ് 34 ശതമാനവും ആണ്. എന്നാല്‍ ഇതു ജി എസ് ടിക്ക് കീഴിലായാല്‍ ആകെ നികുതി 28% ആയി കുറയും. അതായത് പെട്രോള്‍ വില നിലവില്‍ ഉള്ളതിനെക്കാള്‍ പകുതിയോളമാകും ( ഇന്ത്യയിലെ ഇന്നത്തെ വില 31.20 രൂപയാണ്. അതിന്റെ കൂടെ 28 ശതമാനം നികുതി എന്നാല്‍ 8.75 രൂപ. മൊത്തം പെട്രോള്‍ വില 40 രൂപയാകും). ഡീസല്‍ വിലയും ഇതേ നിരക്കില്‍ കുറയും. ജനജീവിതത്തില്‍ ഇതുണ്ടാക്കുന്ന നേട്ടങ്ങള്‍ ചെറുതാവില്ല. ഇതിനു വേണ്ടിയല്ലേ ഇടതുപക്ഷമെങ്കിലും വാദിക്കേണ്ടത്. പക്ഷെ അവര്‍ അത് ചെയ്യില്ല. കാരണം അങ്ങനെ വന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തിലും വന്‍ കുറവുണ്ടാകും. ഇവിടെയും പ്രശ്‌നം ഇടതുപക്ഷത്തിന്റെ ഹ്രസ്വ ദൃഷ്ടി തന്നെയാണ്.

ഏതു പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോഴും സര്‍ക്കാരും അതിനെ പിന്തുണക്കുന്നവരും ഉന്നയിക്കുന്ന ഒരു സ്ഥിരം വാദമുണ്ട്. വലിയൊരു വിഭാഗത്തിന് നേട്ടമുണ്ടാകുമ്പോള്‍ ചെറിയൊരു വിഭാഗത്തിന് അല്പം നഷ്ടമുണ്ടാകാം എന്നതാണത്. പക്ഷെ ഇത്തരം എല്ലാ പരിഷ്‌കാരങ്ങളുടെയും നേട്ടം സാധാരണ മനുഷ്യര്‍ക്ക് കര്‍ഷകര്‍, ഗ്രാമീണര്‍, ദളിത് ആദിവാസി വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാകില്ല. അവര്‍ക്കെപ്പോഴും കോട്ടങ്ങള്‍ മാത്രം.നേട്ടം മറ്റൊരു കൂട്ടര്‍ക്കും. ലളിത് മോഡി, മല്യ തുടങ്ങിയ വന്‍ വെട്ടിപ്പുകാര്‍ സ്വതന്ത്രമായി അന്താരാഷ്ട്ര ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ താര സുന്ദരികളുമായി കറങ്ങി നടക്കുമ്പോള്‍ അറിവില്ലായ്മ കൊണ്ടോ മറ്റോ ഒരു രജിസ്റ്റര്‍ ശരിയായി സൂക്ഷിക്കാത്തതിന് കോഴിക്കോട്ടെ ഒരു ചെറുകിട വ്യാപാരി ജയിലില്‍ ആകുന്നു. ഇതാണ് സര്‍ക്കാര്‍ നയം. മേരാ ഭാരത് മഹാന്‍ എന്ന് പറയുന്നത് ആരുടെ ഭാരതത്തെക്കുറിച്ചാണ്?

സി ആര്‍ നീലകണ്ഠന്‍

You must be logged in to post a comment Login