സൂക്ഷിക്കുക, മുതലപ്പുറത്താണ് ഈ സവാരി

സൂക്ഷിക്കുക, മുതലപ്പുറത്താണ് ഈ സവാരി

ആശിഷ് രഞ്ജന്‍ സിന്‍ഹയെ കേരളത്തിലെ മലയാളികളില്‍ അധികമാരും ഓര്‍ക്കാനിടയില്ല. സഞ്ജീവ് ത്രിപാഠിയെയും അങ്ങനെതന്നെ. സിന്‍ഹ ബിഹാറില്‍ ഡി.ജി.പി ആയിരുന്നു. ത്രിപാഠി റോ മേധാവിയും. പൊലീസിന്റെയും ഇന്റലിജന്‍സിന്റെയുമെല്ലാം തലപ്പത്ത് വിരാജിച്ചവര്‍. സിന്‍ഹ ഡി.ജി.പി ആയിരുന്ന കാലം ബിഹാറില്‍ ജീവിക്കുന്ന മലയാളികള്‍ ഒന്നേകാല്‍ പതിറ്റാണ്ട് കഴിഞ്ഞിട്ടും മറന്നിട്ടുണ്ടാവാനിടയില്ല. രണ്‍വീര്‍സേനയുടെ കാലം കൂടിയായിരുന്നു അത്. ജാതി ഹിന്ദുക്കളുടെ അക്രാമക അഴിഞ്ഞാട്ടത്തിന്റെ കാലം. കോടാനുകോടികളുടെ അഴിമതി പെറ്റുപെരുകിയ കാലം. ആശിഷ് രഞ്ജന്‍ പക്ഷേ മിടുക്കനായിരുന്നു. ഒരു സൂപ്പര്‍ ഹീറോ ഇമേജ് പുള്ളി സ്വയം നിര്‍മിച്ചെടുത്തിരുന്നു. ത്രിപാഠിയും മോശമല്ല. വമ്പനായിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണത്തിന്റെ നിര്‍ണായക പദവിയില്‍ എത്തിയിരുന്നു മുന്‍ റോ മേധാവി ജി.എസ് ബാജ്‌പേയിയുടെ മരുമകന്‍ കൂടിയായ കക്ഷി. വിക്കിപീഡിയയില്‍ തിരഞ്ഞാല്‍ നിഷ്പ്രയാസം കിട്ടുന്ന വിവരങ്ങള്‍, കേരളത്തെ സംബന്ധിച്ച് ഒരു പ്രാധാന്യവുമില്ലാത്ത വിവരങ്ങള്‍ ഒരു ലേഖനത്തിന്റെ ആദ്യ ഭാഗത്ത് നിറക്കുന്നതെന്തിന് എന്ന ചോദ്യം ഉയര്‍ന്നില്ലേ ഉള്ളില്‍? ഉത്തരം ഇതാണ്. സര്‍വീസാനന്തരം ഇരുവരും ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സംഘ്പരിവാറില്‍ രാഷ്ട്രീയാഭയം കണ്ടെത്തിയ ഇരുന്നൂറിലേറെ അത്യുന്നതോദ്യോഗസ്ഥ ശ്രേണിയില്‍ നിന്ന് രണ്ടു കാലത്തെ രണ്ടു സ്‌പെസിമന്‍ മാത്രമാണ് സിന്‍ഹയും ത്രിപാഠിയും എന്നുകൂടി പശ്ചാതലത്തില്‍ വായിക്കുക.

ഇനി മെറ്റാരു പൊലീസ് മേധാവിയെ പരിചയപ്പെടാം. ടി.പി സെന്‍കുമാര്‍. 1983-ല്‍ ഐ.പി.എസ് കിട്ടിയ, സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള മലയാളി. കണ്ണൂരിലും എറണാകുളത്തും കെ.എസ്.ആര്‍.ടിസിയിലും പൊലീസ് ആസ്ഥാനത്തുമായി കേരളത്തില്‍ പണിയെടുത്ത പൊലീസുകാരന്‍. എതിരാളികളും അതിവാദികളും എന്തുതന്നെ പറഞ്ഞോട്ടെ ടി.പി സെന്‍കുമാര്‍ ഒരു മോശം പൊലീസ് ഓഫീസര്‍ ആയിരുന്നില്ല. ഓണ്‍ലൈന്‍ പി.ആര്‍ പണി തരംഗമായ കാലത്ത് ഈ വാചകം നെറ്റി ചുളിപ്പിക്കുമെന്നുറപ്പാണ്. അടുത്ത വാചകം വായിക്കും മുന്‍പ് അടി വീഴും. അടി അവിടെ നില്‍ക്കട്ടെ, സെന്‍കുമാറിലേക്ക് വരാം. സര്‍വീസിലെ ഒരു കാലത്തും സെന്‍കുമാര്‍ സാമ്പത്തിക അഴിമതിയുടെ പേരില്‍ അന്വേഷണം നേരിട്ടിട്ടില്ല. കസ്റ്റഡി കൊലപാതകങ്ങള്‍ക്കും കൂട്ടബലാല്‍സംഗങ്ങള്‍ക്കും കേള്‍വികേട്ട കേരള പൊലീസിനിടയിലായിരുന്നു ഈ ഐ.പി.എസുകാരനും. ഇല്ല, തെളിയിക്കപ്പെട്ട അഴിമതിയോ തെളിവന്വേഷിച്ച അഴിമതിയോ അദ്ദേഹത്തിനെതിരില്‍ ഇല്ല. രാഷ്ട്രീയ വിധേയത്വമോ? അങ്ങനെയുണ്ടാവാം; പക്ഷേ, തെളിവുകള്‍ കമ്മിയാണ്. സ്ത്രീകള്‍ അദ്ദേഹത്തെപ്പറ്റി പരാതിപ്പെട്ടിട്ടില്ല. സര്‍വീസിലിരിക്കെ അദ്ദേഹം അതിനാല്‍ ഒരു സ്ത്രീയാക്രമി ആയിരുന്നില്ല. കേരള പൊലീസിലായിരുന്നുവല്ലോ അദ്ദേഹവും പണിയെടുത്തിരുന്നത്. വമ്പന്‍ നേട്ടങ്ങളൊന്നുമുണ്ടാക്കിയില്ലെങ്കിലും സെന്‍കുമാര്‍ കൊള്ളാവുന്ന ഒരു പൊലീസായിരുന്നില്ലേ? പിണറായി വിജയന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഡി.ജി.പിയാകാന്‍ കൊള്ളില്ലെന്ന് കാട്ടി മാറ്റിനിര്‍ത്തിയപ്പോള്‍ ഏറെക്കുറെ പാര്‍ട്ടിയിതരകേരളം ഐക്യദാര്‍ഢ്യം കാട്ടിയത് മറക്കരുതല്ലോ? രണ്ട് ദേശീയ പത്രങ്ങള്‍ 100 പോയന്റ് ബോള്‍ഡില്‍ ലീഡില്‍ നീട്ടി സല്യൂട്ടാക്കിയത് ചരിത്രമാണല്ലോ? ദേശാഭിമാനിയൊഴികെ സര്‍വതും മുഖപ്രസംഗമെഴുതിയത് ഫയലില്‍ ഉണ്ടല്ലോ? കൊള്ളാവുന്ന ആളല്ലേല്‍ അതുണ്ടാവുമോ? ഇല്ല. അപ്പോള്‍ അടിക്കാനോങ്ങിയ കൈ തിരിച്ചെടുക്കുകയല്ലേ?
ഇങ്ങനെയൊരാള്‍, ബുദ്ധന്റെ ഓര്‍മ പേരിലുള്ള ഒരാള്‍ എങ്ങനെ മുന്‍കൂര്‍ ജ്യാമിതനായി കൂപ്പുകുത്തി? സര്‍വീസനന്തരം വലത് ഹിന്ദുത്വം കാലങ്ങളായി പടച്ചുവിടുന്ന വമ്പന്‍ നുണകളുടെ ഉച്ചഭാഷിണിയായി? ദേശസ്‌നേഹിയെന്നും വ്യക്തിപരമായി പരിചയമുണ്ട് എന്നുമുള്ള വലതുഹിന്ദുത്വയുടെ ഉശിരന്‍ ചാവേര്‍ രാഹുല്‍ ഇശ്വറിന്റെ അറ്റസ്‌റ്റേഷന് പാത്രീഭൂതനുമായി? സംഘ്പരിവാര്‍ എന്തുകൊണ്ട് അദ്ദേഹത്തില്‍ നിന്ന് മനക്കോട്ടക്ക് മണ്ണെടുപ്പ് തുടങ്ങി? അതെന്താ ടി.പി സെന്‍കുമാറിന് കാക്കിയഴിച്ചാല്‍ കാവിയിട്ടുകൂടേ എന്ന ന്യായമായ ചോദ്യം പതിയെ ഉയരുന്നുണ്ട്. ഉയരണം. ജനാധിപത്യം അതുകൂടി ചേര്‍ന്നതാണ്. പുലിക്കോടനെ മറക്കാന്‍ മരിച്ചാലും പറ്റില്ല മനുഷ്യരായ മലയാളിക്ക്. ഇന്ത്യന്‍ ജനാധപത്യത്തെ ഇന്ദിര തലക്കടിച്ച് വീഴ്ത്തിയപ്പോള്‍ ചോരകുടിക്കാന്‍ നിയോഗിക്കപ്പെട്ട സൃഗാലക്കൂട്ടങ്ങളില്‍ ഏറ്റവും മുമ്പനായിരുന്നു അയാള്‍, പുലിക്കോടന്‍ നാരായണന്‍. നിലവിളികള്‍ സംഗീതം പോലെയും ഞരക്കങ്ങള്‍ സുവിശേഷം പോലെയും കരുതിയ അയാള്‍ സര്‍വീസനന്തരം എത്തിപ്പെട്ടല്ലോ ആത്മീയതയിലേക്ക്. അയാള്‍ക്ക് അതാകാമെങ്കില്‍ സെന്‍കുമാറിന് ഇതായിക്കൂടേ?

ചോദ്യം ലളിതമാണെങ്കിലും ഉത്തരം അങ്ങനെയല്ല. സിന്‍ഹയിലും ത്രിപാഠിയിലുമില്ലാത്ത ഒന്ന് സെന്‍കുമാറിലുണ്ട്. അദ്ദേഹം കേരളത്തിലായിരുന്നു എന്ന ഒരു അധികമൂല്യം. അതെന്തിന്? വലത് ഹിന്ദുത്വം അതിന്റെ രാഷ്ട്രീയ പദ്ധതികളുടെ വിളഭൂമിയായി കാണുകയും ഇടപെടുകയും വിജയിക്കുകയും ചെയ്ത ഹിന്ദിമണ്ണില്‍ നിന്നാണ് സിന്‍ഹയും ത്രിപാഠിയും നൂറുകണക്കിന് സമാനരും വലത് ഹിന്ദുത്വത്തിന്റെ ധ്വജവാഹകരായി കുതിച്ചെത്തിയത്. പാഠപുസ്തകങ്ങള്‍ മുതല്‍ പാട്ടുപുസ്തകങ്ങള്‍ വരെ ഹിന്ദുത്വയാക്കിയ മണ്ണില്‍ നിന്ന്. വിദ്വേഷം വിതച്ച് വിനാശം കൊയ്യുന്ന മണ്ണില്‍ നിന്ന്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ കൂട്ടക്കുരുതികളിലൊന്നായ ഭഗല്‍പൂര്‍ വംശഹത്യയുടെ ഓര്‍മകളുള്ള മണ്ണാണല്ലോ സിന്‍ഹയുടെ ബിഹാര്‍. 1989 ഒക്‌ടോബര്‍ 24-ന് ഭഗല്‍പൂര്‍ അരങ്ങേറുമ്പോള്‍ സിന്‍ഹ പൊലീസിലുണ്ടായിരുന്നല്ലോ? ചരിത്രം ഓര്‍മിക്കണം എന്ന് ആഗ്രഹമുള്ളവര്‍ രാമചന്ദ്രഗുഹയെ വായിക്കുക. ഗുഹ എഴുതുന്നു:

”ബിഹാറിലെ ഭഗല്‍പൂരിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞാന്‍ ഒരു സംഘം പണ്ഡിതര്‍ക്കൊപ്പം പോയി. അയോധ്യയിലെ ബാബറി മസ്ജിദിന്റെ സ്ഥലത്ത് രാമക്ഷേത്രം പണിയാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട ശിലാപൂജയാണ് ലഹളക്ക് തിരികൊളുത്തിയത്. ടൗണില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സംഘര്‍ഷം പടര്‍ന്നു. രണ്ടായിരത്തിനടുത്ത് ആള്‍ക്കാര്‍ കൊല്ലപ്പെട്ടു. അതിലുമധികം പേര്‍ ഭവനരഹിതരായി. ജനസംഖ്യയില്‍ 20 ശതമാനം പേര്‍ മാത്രമേ മുസ്‌ലിങ്ങള്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും കൊല്ലപ്പെട്ടവരിലും പലായനം ചെയ്തവരിലും 70 ശതമാനത്തിലധികം അവരായിരുന്നു. ഒരിക്കല്‍ സമൃദ്ധമായിരുന്ന മുസ്‌ലിം നെയ്ത്തുകാരുടെ അഥവാ ജുലാഹകളുടെ ഒരു ഗ്രാമം ഞങ്ങള്‍ സന്ദര്‍ശിച്ചു. അവരുടെ വീടുകളും തറികളും ഒരു ഹിന്ദു ആള്‍ക്കൂട്ടം പാടേ നശിപ്പിച്ചിരുന്നു. അഭയാര്‍ഥികളുടെ പുനരധിവാസത്തിന്റെയും സംരക്ഷണത്തിന്റെയും കാര്യത്തില്‍ സര്‍ക്കാറിന്റെ പൊടിപോലും കാണാനില്ലായിരുന്നു.” ഇത്രകൂടി കേള്‍ക്കുക. ഭഗല്‍പൂര്‍ നടപ്പാകുമ്പോള്‍ ഇന്ത്യയില്‍ വലത്ഹിന്ദുത്വം അതിന്റെ അധികാരയാത്ര തുടങ്ങിയിട്ടില്ല, പ്രത്യേകിച്ച് ബിഹാറില്‍. പിന്നെയും പതിറ്റാണ്ട് കഴിഞ്ഞ് ഗുജറാത്തിലെത്തുമ്പോള്‍ അധികാരമെന്നത് അവരുടെ സാമീപ്യത്തിലും പ്രതീക്ഷയിലും ഉണ്ടായിരുന്നു എന്നും ഓര്‍ക്കുക.
ഇതെന്ത് ലോജിക്? സെന്‍കുമാറിനെക്കുറിച്ച് പറയുമ്പോള്‍ സിന്‍ഹയെക്കുറിച്ച് പറയുക. കേരളത്തെക്കുറിച്ച് പറയുമ്പോള്‍ ഭഗല്‍പൂരിനെക്കുറിച്ച് പറയുക. ലോജിക് ഉണ്ട്.
”ഫാഷിസം ഒരുനാള്‍ നമ്മുടെ മേല്‍ വന്നുപതിക്കുകയാണെങ്കില്‍ വാര്‍ധക്യം പ്രാപിക്കുന്ന നമ്മുടെ ജനാധിപത്യം ആ വരവിനെ മനസ്സിലാക്കാന്‍ കഴിയാത്ത വിധം നമ്മുടെ മാനസികഘടനയെ പരുവപ്പെടുത്തുകയും മരവിപ്പിക്കുകയും ചെയ്തിരിക്കും. തത്വദീക്ഷയുള്ളവരെന്ന് സ്വയം ഘോഷിക്കുന്നവരുടെ അവസരവാദവും സിനിസിസവും കണ്ട് നാം അമ്പരക്കാതായിട്ടുണ്ട്” എന്നെഴുതിയത് ആനന്ദാണ്. ഇടത് പൊതുബോധത്തിന് മേല്‍ക്കൈ ഉണ്ടായിരുന്ന മലയാളി സാംസ്‌കാരികതയിലേക്ക് വലതുപക്ഷത്തിന്റെ പ്രത്യക്ഷ അധിനിവേശത്തെ ചൂണ്ടിക്കാട്ടുന്ന, സൗത്ത് ലൈവ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ എന്‍.പി സജീഷ് ഉദ്ധരിച്ചതാണ് മേല്‍വരി. സാംസ്‌കാരിക രംഗത്തെ വലിയ പേരുകളെ സാവധാനത്തില്‍ ഫാഷിസത്തിന്റെ ചേരിയിലേക്ക് കൊണ്ടുവരാന്‍ സംഘപരിവാറിന് കഴിഞ്ഞതായി സജീഷ് ചൂണ്ടിക്കാട്ടുന്നുണ്ട്. തപസ്യയുടെ മേല്‍ കേരളത്തിലെ എഴുത്തുലോകം പുലര്‍ത്തിയിരുന്ന അസ്പൃശ്യത ഇല്ലാതായി. വേദിപങ്കിട്ടാലെന്താ എന്ന ചോദ്യം ഉറക്കെയായി. അവിടെയും പോകും ഇവിടെയും പോകും എന്ന ദ്വന്ദ്വം സൃഷ്ടിക്കപ്പെട്ടു. അതിനെന്താ എന്ന അരാഷ്ട്രീയ നിഷ്‌കളങ്കത സ്വാഭാവികമായും വേരാഴ്ത്തപ്പെട്ടു. എം.ജി.എസ് ഉള്‍പ്പടെയുള്ള വലിയ ചരിത്രകാരന്‍മാര്‍ ഓര്‍ഗനൈസര്‍ പത്രാധിപര്‍ക്കൊപ്പം പത്രസമ്മേളനം നടത്തുന്ന കാഴ്ചയുണ്ടായി. ഭക്ഷണ രാഷ്ട്രീയത്തിലെ സംഘ്പരിവാര്‍ വാദങ്ങളെ ചരിത്രം ഉയര്‍ത്തി പ്രതിരോധിച്ച എം.ജി.എസിനെ സ്വന്തം വേദിയിലും കൊണ്ടുവരുക വഴി എന്തൊരു ജനാധിപത്യവാദികളാണ് ഞങ്ങള്‍ എന്ന് അമ്പരപ്പിക്കാന്‍ സംഘ്പരിവാറിന് കഴിഞ്ഞു. രാജ്യമാകമാനം പടരുന്ന അസഹിഷ്ണുതയും ഭക്ഷണക്കൊലപാതകങ്ങളും അക്കാദമിക് അധിനിവേശവുമൊന്നും സാംസ്‌കാരിക നേതൃത്വങ്ങളുടെ വേദിപങ്കിടലിനെ ഉലച്ചില്ല. സുരേഷ് ഗോപി എന്ന വലിയ താരശരീരത്തെ മുന്‍നിര്‍ത്തി ചലച്ചിത്രമേഖലയിലെ വലിയ പേരുകളെ തങ്ങള്‍ക്ക് ഒപ്പമല്ലെങ്കില്‍ കൂടി എതിരായല്ലാതെ നിര്‍ത്താന്‍ സംഘ്പരിവാരത്തിന് എളുപ്പത്തില്‍ കഴിഞ്ഞു. ദേശസ്‌നേഹത്തിന്റെ മറവില്‍ മേജര്‍ രവിക്കൊപ്പം മേഹന്‍ലാല്‍ ഒളിച്ചുകടത്തുന്ന വലത് ഹിന്ദുത്വം കയ്യടികളോടെ ആദരിക്കപ്പെട്ടു. പ്രതിരോധവും പ്രചാരണവും എന്ന ന്യായം പറഞ്ഞ് മുസ്‌ലിം ഗ്രൂപ്പുകളില്‍ ചിലര്‍ നടത്തിയ സാഹസങ്ങളും അബദ്ധങ്ങളും ഈ കൈയ്യടികള്‍ക്ക് ബലം കൂട്ടി.

മലയാള മുഖ്യധാരാ മാധ്യമങ്ങളില്‍ പതിറ്റാണ്ടിനിടെ വന്ന വലിയ മാറ്റങ്ങള്‍ വലത് ഹിന്ദുത്വയുടെ പൊതുജീവിതത്തിലെ അധിനിവേശത്തെ വേഗത്തിലാക്കി. രാജ്യത്ത് ഹിന്ദുത്വയുടെ ഏറ്റവും വലിയ വിമര്‍ശകരായ സി.പി.എം ഈ അധിനിവേശത്തിന്റെ കെണിയില്‍ വീണുപോയ സാഹചര്യങ്ങള്‍ പലവട്ടം ഉണ്ടായി. അമ്പാടിമുക്ക് സഖാക്കള്‍ എന്നപേരില്‍ കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ട പ്രതിഭാസം ഈ കെണിയില്‍ വീഴലിന്റെ ദൃഷ്ടാന്തമായിരുന്നു. സംഘപരിവാറിന്റെ ഒരു ബാലികേറാമല സാവധാനത്തില്‍ കീഴടങ്ങുന്നതിന്റെ ദൃശ്യം എമ്പാടുമുണ്ടായി. ഹജ്ജ് സബ്‌സിഡി-ക്ഷേത്രവരുമാനം എന്ന ചര്‍ച്ചാവിഷയം ഉയര്‍ന്നുവന്നു. എം.ബി രാജഷിനെപ്പോലെയുള്ള നേതാക്കള്‍ അതിന്റെ വസ്തുതാവിരുദ്ധത ചൂണ്ടിക്കാട്ടിയിട്ടും ഏശിയില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടതുപക്ഷം നടത്തിയ ചില പ്രത്യക്ഷ മുസ്‌ലിം പ്രീണനങ്ങള്‍ സംഘ്പരിവാറിന് വളമാവുകയും ന്യൂനപക്ഷ ജീവിതത്തിന് വിഷമാവുകയും ചെയ്തു. മലപ്പുറം എന്ന പ്രദേശത്തെ മുന്‍നിര്‍ത്തിയുണ്ടായ വിദ്വേഷ പ്രചാരണങ്ങളെ തളര്‍ത്താന്‍ കേരളത്തിലെ മതേതര-ഇടതുപക്ഷ ചേരിക്ക് കഴിഞ്ഞില്ല. യോഗയുടെ രാഷ്ട്രീയ ഉള്ളടക്കം മനസിലാക്കുന്നതില്‍ പരാജയപ്പെട്ട ഇടതുപക്ഷം വിപ്ലവമുദ്രാവാക്യങ്ങളെ യോഗ മന്ത്രത്തിന് ബദലായി ചമക്കാന്‍ ശ്രമിച്ച് പലയിടത്തും അപഹാസ്യരായി. ആ അപഹാസ്യത ആത്യന്തികമായി സംഘ് രാഷ്ട്രീയത്തിന് വെള്ളം നനച്ചു. ചാനല്‍ ചര്‍ച്ചകളിലെ ആള്‍ ലഭ്യത എന്ന പരിമിതിയെ ബി.ജെ.പി പൊതുസ്വീകാര്യതയുടെ പോള്‍വാള്‍ട്ടാക്കി. കേരളത്തിലെ മതേതര പൊതുമണ്ഡലം നെടുകെ പിളര്‍ന്നു. പതിറ്റാണ്ടുകള്‍ മുന്‍പേ തുടങ്ങിവെച്ച ഒരു രാഷ്ട്രീയ ആസൂത്രണത്തിന്റെ വിജയം ദൃശ്യമായിത്തുടങ്ങി. പ്രൊഫഷണലുകള്‍, കലാകാരന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമസ്ത മേഖലയിലും സംഘ് രാഷ്ട്രീയത്തിന് സ്വീകാര്യതയും ചിലയിടങ്ങളില്‍ മേല്‍കൈയും വന്നുചേര്‍ന്നു. ഈ സ്വീകാര്യത ഉല്‍പാദിപ്പിക്കാന്‍ പോകുന്ന രാഷ്ട്രീയം കേരളത്തിലെ ഇടതുപക്ഷവും മതേതര ജനാധിപത്യ സമുഹവും വേണ്ടത്ര തിരിച്ചറിഞ്ഞില്ല. നാരായണഗുരു മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിവരെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കൊണ്ട് തൂത്തെറിയാന്‍ ശ്രമിച്ച ജാതീയത തീന്‍മേശയിലേക്ക് പൊട്ടിയൊലിച്ച അഴുക്കുചാല്‍ എന്നപോലെ തിരികെയെത്തി. ആദ്യം ശീലങ്ങളായും പിന്നെ ഫാഷനായും കടന്നുവന്ന ഈ ജാതീയത ഒരു രാഷ്ട്രീയ അജണ്ടയുടെ നടപ്പാക്കലാണെന്ന് തിരിച്ചറിയപ്പെട്ടില്ല. കര്‍ക്കിടകത്തെ രാമായണമാസമായി വേരുറപ്പിച്ചത് കൊച്ചിയില്‍ നടന്ന ആര്‍.എസ്.എസ് സമ്മേളനത്തിനെറ തീരുമാനത്തിന്റെ ഭാഗമായിരുന്നു എന്ന ഒ. രാജഗോപാലിന്റെ ആത്മകഥയിലെ പരാമര്‍ശം ആരും പരിഗണിച്ചില്ല. മുസ്‌ലിം എന്നതും ക്രിസ്ത്യന്‍ എന്നതും ഹിന്ദു എന്നതും മൂന്ന് അപരങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടു. ഈ പ്രതിഷ്ഠാപനത്തിന്റെ വിളവെടുപ്പുനാളുകളിലേക്കാണ് വരുംകാല കേരളത്തിന്റെ യാത്ര.

സാംസ്‌കാരിക, പൊതുമണ്ഡലങ്ങളിലെ ഈ തീവ്രവേഗത്തിലുള്ള മാറ്റം സംഭവിച്ച വഴികള്‍ ഇപ്പോള്‍ ഏറെക്കുറെ വ്യക്തമാണ്. ഗുജറാത്ത് ഇപ്പോള്‍ സാംസ്‌കാരിക സമ്മേളനങ്ങളിലെ ഒരു വാക്കല്ല. അതൊക്കെ കഴിഞ്ഞില്ലേ എന്ന കോട്ടുവായാണ് ചുറ്റും. ആ കോട്ടുവായകളുടെ കാറ്റാണ് കൊടുങ്കാറ്റ് പോലെ രൂപം മാറുന്നത്. നമ്മുടെ പൊതു വിദ്യാലയങ്ങള്‍ ഇപ്പോള്‍ സൂക്ഷ്മതലത്തില്‍ പോലും മതേതരമല്ല. ഒരിടത്ത് ഇങ്ങനെ വളരെ സൗമ്യമായി, അസാധാരണത്വങ്ങള്‍ തെല്ലും പ്രദര്‍ശിപ്പിക്കാതെ വലത് ഫാഷിസം തഴക്കുമ്പോള്‍ അതിനെതിരില്‍ എന്നപേരില്‍ സംഭവിക്കുന്നത് എന്താണ്. പ്രതിരോധം എന്നുപേരിട്ട് നടക്കുന്ന സ്വത്വവാദ കാട്ടിക്കൂട്ടലുകള്‍ കത്തിയെരിയുന്ന കാട്ടിലേക്കുള്ള പെട്രോളൊഴിക്കലായി മാറുന്നു. പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം തരുന്ന സന്ദേശമെന്തെന്ന് ഒരു സംവാദം പോലുമുയരുന്നില്ല. അങ്ങിനെ മുന്‍പേ പറഞ്ഞപോലെ നമ്മുടെ പൊതുജീവിതത്തെ വലത് ഫാഷിസം കീഴടക്കാനൊരുങ്ങുകയോ പൊതുസമൂഹത്തില്‍ അത് അലിഞ്ഞുചേരുകയോ ചെയ്തിരിക്കുന്നു. അത് ഒരു ദീര്‍ഘകാല പദ്ധതി ആയിരുന്നു എന്നത് നമ്മെ ഭയപ്പെടുത്തേണ്ടിയിരിക്കുന്നു. ആ ഭയം ഉണ്ടാകുന്നില്ല എന്നത് നമ്മെ നടുക്കേണ്ടിയിരിക്കുന്നു.
ഈ ദീര്‍ഘകാലപദ്ധതിയെക്കുറിച്ച് അറിഞ്ഞുതുടങ്ങുമ്പോഴാണ് സെന്‍കുമാറിന്റെ സര്‍വീസാനന്തര ജീവിതം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. നിസ്സാരക്കാരനല്ല സെന്‍കുമാര്‍. സംസ്ഥാന പൊലീസില്‍ ഏറെക്കാലം മേധാവിയായിരുന്നു. ദുരിതാശ്വാസ നിധി എന്ന ആശയത്തിന്റെ അമരക്കാരനായിരുന്നു. രാഷ്ട്രീയ നേതൃത്വത്തെ ഉദ്യോഗസ്ഥ കരിസ്മകൊണ്ട് സ്വാധീനിച്ചിരുന്നു. ഇപ്പോള്‍ സുവ്യക്തമായ കാരണത്താല്‍ പിണറായി സര്‍ക്കാര്‍ അദ്ദേഹത്തെ ക്രമസമാധാനച്ചുമതലയുള്ള പൊലീസ് മേധാവിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത് സുപ്രീം കോടതിയില്‍ നേരിട്ടയാളാണ്. ചരിത്രപ്രധാനമായ വിധി സമ്പാദിച്ച് ഇടതുഭരണത്തിന്‍ കീഴില്‍ അവരെ അക്ഷരാര്‍ഥത്തില്‍ വെല്ലുവിളിച്ച് ഡി.ജി.പി ആയിരുന്ന ആളാണ്. ക്രമസമാധാനത്തിലെ ജാതി എന്ന വിഷയം കലാഭവന്‍ മണിയുടെ കേസുമായി ബന്ധപ്പെട്ട് തുറന്നുപറഞ്ഞയാളാണ്. അന്ന് കയ്യടികള്‍ വാങ്ങിയ ആളാണ്. ജാതി വിവേചനം എന്നത് സമര്‍ഥമായ ഒരു സംഘപരിവാര്‍ അജണ്ടയാണെന്ന് ഇപ്പോള്‍ നമുക്ക് അറിയാം എന്നത് ചെറിയ കാര്യമല്ല. ജാതീയതക്കും ജാതി വിവേചനത്തിനുമെതിരെ ഏറ്റവും വലിയ സമരം നടത്തുക സംഘ്പരിവാറാണ്. അത് ജാതിയെ ഉറപ്പിക്കാനുള്ള ഒരു തന്ത്രമാണെന്നും ഇന്ന് വെളിപ്പെടുന്നുണ്ട്. ജാതി ഒരു ഹിന്ദു വിഷയമായി സംവാദത്തില്‍ വന്നാല്‍ ജാതി ജാതി എന്ന് പറഞ്ഞ് ഹിന്ദു ഹിന്ദു എന്നതിനെ ഉറപ്പിക്കാം. അയഞ്ഞ ഒരു ജീവിത വ്യവസ്ഥയായി മാത്രം ചരിത്രത്തില്‍ നാം മനസിലാക്കുന്ന ഹിന്ദുമതത്തെ മതമായി ഉറപ്പിച്ചതിന് ജാതി വിരുദ്ധ സമരങ്ങള്‍ വഹിച്ച പങ്ക് ചരിത്രകാരന്‍മാര്‍ പലവുരു ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ?

പറഞ്ഞുവന്നത് ഇതാണ്. സെന്‍കുമാറിന്റെ പുതിയ പരിവേഷം സര്‍വീസാനന്തരം പൊടുന്നനെ വന്നുചേര്‍ന്നതാണോ?. മുസ്‌ലിം ജനസംഖ്യ പെരുകുന്നതായി അദ്ദേഹം പറഞ്ഞ അഭിമുഖം, അത് വസ്തുതയാണെങ്കില്‍ അദ്ദേഹത്തിന് പെട്ടെന്നുണ്ടായ ബോധോദയമാണോ?. ൈഹക്കോടതി തള്ളിക്കളഞ്ഞ ലൗ ജിഹാദ് എന്ന കെട്ടുകഥ അദ്ദേഹം ഇപ്പോള്‍ മുതലാണോ വിശ്വസിച്ചുതുടങ്ങുന്നത്? ആണെങ്കില്‍ അപകടം കുറവാണ്. പക്ഷേ, സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ ഇന്നോളമുള്ള ചരിത്രവും അതിന്റെ വിവിധതലങ്ങളിലെ പ്രവര്‍ത്തന രീതിയും മനസിലാക്കിയിട്ടുള്ളവര്‍ക്ക് അങ്ങനെ ഒരു ‘ആണെങ്കില്‍’ വിശ്വസനീയമല്ല. ആ അവിശ്വാസം അപകടമാണ്. നമ്മുടെ ഭരണതലത്തിലെ ഏറ്റവും പ്രബലനായിരുന്ന ഒരു ഓഫീസര്‍ ഇമ്മാതിരി ബോധ്യങ്ങളാല്‍ നയിക്കപ്പെട്ടിരുന്നു എന്ന അറിവ് നല്‍കുന്ന അപകടകരമായ അവസ്ഥ മാത്രമല്ല കാരണം. സിന്‍ഹയും ത്രിപാഠിയും തുടങ്ങി അപാര സ്വാധീനമുണ്ടായിരുന്നവരെ മുളയിലേ പിടിച്ച് ഭരണതലങ്ങളെ വരുതിക്കാക്കുന്ന പരീക്ഷണം കേരളത്തില്‍ നടന്നിരുന്നു എന്ന ഭയമാണത്. അപ്പോള്‍ സെന്‍കുമാര്‍ ഉദ്യോഗസ്ഥാധികാരത്തിലിരിക്കേ എടുത്ത നടപടികള്‍ കേരളീയ സമൂഹത്തെ, മതേതര സമൂഹത്തെ നെടുകെ പിളര്‍ത്തുന്നതിനും കേരളത്തില്‍ സംഘ്പരിവാര്‍ സ്വാധീനം ഉയര്‍ത്തുന്നതിനും സഹായിച്ചിരുന്നോ എന്ന ചോദ്യം ഉയര്‍ന്നുവരും. അങ്ങനെ ആരൊക്കെ അത്തരത്തില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന അന്വേഷണവും ആവശ്യമാവും.
അതുകൊണ്ടാണ് സെന്‍കുമാറിന്റെ സര്‍വീസാനന്തര ഉടന്‍ വെളിപ്പെടുത്തലകള്‍ക്ക് ഗുരുതരമായ മാനമുണ്ടാകുന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയപ്രയോഗത്തിന്, രാഷ്ട്രീയ ബാഹ്യമായി ചുമതല ചെയ്യാന്‍ ബാധ്യതയുള്ള ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നിട്ടുണ്ടോ എന്ന ഓഡിറ്റിംഗാണ് ഇനി നടക്കേണ്ടത്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള അത്തരത്തില്‍ ആരുടെയെങ്കിലും വിദ്വേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളം അതിന്റെ പ്രജകളോട് വംശീയമായി പെരുമാറിയിട്ടുണ്ടോ എന്ന പരിശോധനയാണ് നടക്കേണ്ടത്. അത് നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നതിന് ഗുജറാത്ത്, യു.പി സംസ്ഥാനങ്ങള്‍ ഉത്തരം തന്നുകഴിഞ്ഞു.

അതിനാല്‍ നിലപാടെടുക്കുക എന്നതാണ് പരമപ്രധാനം. പക്ഷം ചേരുക എന്നതും ഇത്തരം മുതലപ്പുറത്തുള്ള സവാരികളില്‍ നിന്ന് പൊതുസമൂഹത്തെ രക്ഷിക്കുക എന്നതുമാണ് പ്രധാനം. അതിന് സത്യം പറയാന്‍ നമ്മള്‍ തയാറാവുകയാണ് വേണ്ടത്. ആ സത്യം ആര്‍ക്കെല്ലാം അനഭിമതമായാലും. സച്ചിദാനന്ദന്‍ എഴുതുന്നുണ്ടല്ലോ:
”മുതലപ്പുറത്ത് സവാരിക്ക് ക്ഷണിക്കുമ്പോള്‍
ഞാനെന്റെ ഹൃദയം മരക്കൊമ്പില്‍ത്തന്നെ സൂക്ഷിക്കുന്നു.
അരമനക്കാര്‍ക്ക് ഞാന്‍ അരാജകവാദിയാണ്
യാഥാസ്ഥിതികര്‍ക്ക് ആധുനികന്‍
പരിഷ്‌കരണവാദികള്‍ക്ക് ഞാന്‍ തീവ്രവാദിയാണ്.
തീവ്രവാദികള്‍ക്കോ വെറുമൊരു ജനാധിപത്യവാദി.”
അങ്ങനെ ഏത് അലങ്കാരത്താല്‍ നമ്മള്‍ അധിക്ഷേപിക്കപ്പെട്ടാലും പൊതുസമൂഹത്തിനായുള്ള ജാഗ്രത കൂടുതല്‍ ശക്തമാക്കണം എന്നതാണ് സര്‍വീസാനന്തര സെന്‍കഥ കേരളത്തോട് പറയുന്നത്.

കെ.കെ ജോഷി

You must be logged in to post a comment Login