ഇപ്പോള്‍ പുറത്തിറങ്ങേണ്ട ,ചെറുപ്പക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്

ഇപ്പോള്‍ പുറത്തിറങ്ങേണ്ട ,ചെറുപ്പക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്

ഇക്കഴിഞ്ഞ റമളാന്‍ ഇരുപത്തിരണ്ടിനാണോ അതോ ഇരുപത്തി മൂന്നിനാണോ എന്നുറപ്പില്ല, ഒരു സുഹൃത്തിന്റെ പെങ്ങള്‍ക്ക് പുതിയാപ്പിള അന്വേഷണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിനടുത്ത് ഒരിടത്ത് ഞാനെത്തിപ്പെടുന്നു. തറാവീഹിന് പള്ളിയില്‍ എത്തിനോക്കുമ്പോള്‍, എന്റെ ഒരു മുന്‍പരിചയക്കാരനാണ് ഇമാമവര്‍കള്‍. എന്നെ കണ്ടപാടേ, ‘എന്തായാലും ഇന്ന് രാത്രി തറാവീഹിന് ശേഷം നിങ്ങള്‍ ഒരര മണിക്കൂര്‍ പ്രസംഗിക്കണം’ എന്ന് പറഞ്ഞ് എന്നെ കുരുക്കിക്കളഞ്ഞു. ‘ഞാനൊക്കെ പ്രസംഗിച്ചിട്ട് എന്ത് കാര്യമാണ്, നിങ്ങളെ പോലുള്ളവരാവുമ്പോള്‍ നല്ല കാമ്പുള്ള കാര്യങ്ങള്‍ പറയുമല്ലോ. മാത്രവുമല്ല നിങ്ങളുടെ ‘തളിരിലകള്‍’ സ്ഥിരമായി വായിക്കുന്ന കുറേ ആളുകളുണ്ടിവിടെ’ എന്നുകൂടി മൂപ്പിച്ചപ്പോള്‍ ഏതൊരു പച്ചപ്പാവത്തെയും പോലെ ഞാനും അ റിയാതെ മാങ്കൊമ്പ് കയറിപ്പോയി.

ഞാനാണെങ്കില്‍ നേരത്തെ വിവരം കിട്ടി, നന്നായി തയാറാവാതെ, പെട്ടെന്നുള്ള പ്രസംഗപ്പെടലുകളില്‍ അത്ര ഷൈന്‍ ചെയ്യാന്‍ കഴിയാത്തൊരു ടൈപ്പാണ്.
പഠിക്കുന്നന്നേ പ്രസംഗിക്കാന്‍ മടിയനും സാഹിത്യ സമാജത്തില്‍ പേരു വിളിക്കുന്നതിന്റെ അല്‍പം മുമ്പ് തണ്ടാസിലേക്ക് തടിതപ്പുകയും ചെയ്യുന്ന ഒരാളാണ് ഈ ഇമാമായിട്ടുള്ള എന്റെ ജൂനിയര്‍ സുഹൃത്ത്. അന്നേ ‘നീ ഈ പരിപാടി നിര്‍ത്തണം, നന്നായി പ്രസംഗിച്ച് പഠിക്കണം കെട്ടോ’ എന്ന് പറഞ്ഞത് ഇപ്പോഴും ഞാനോര്‍ക്കുന്നു. ഇതേ കാര്യം, ഇപ്പോള്‍ പലയിടത്തായി പഠിച്ചുകൊണ്ടിരിക്കുന്ന, പ്രസംഗിത്തിനായി പേരുവിളിക്കാന്‍ നേരം തടിയെടുക്കല്‍ പ്രവണതയുള്ള മുഴുവന്‍ മിടുക്കരോടും സാന്ദര്‍ഭികമായി ഉണര്‍ത്തുകയാണ്. പിന്നീട് ഖേദിക്കാന്‍ ഇടവരരുത് എന്നതിനാല്‍.

എന്താണിന്ന് പ്രസംഗിക്കുക? നിങ്ങളാണെങ്കില്‍ പെട്ടെന്നിതുപോലൊരു കുടുക്കില്‍ പെട്ടാല്‍ ഏതു വിഷയമാണ് തെരഞ്ഞെടുക്കുക? അരീക്കോട് മജ്മഇല്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് പള്ളികളില്‍ ചെന്ന് ‘ക്ലോണിംഗി’ നെപറ്റി റമളാനുറുദി കാച്ചിവിട്ടതിന്റെ ചേര്‍ച്ചക്കേടോര്‍മിച്ച് ഈയടുത്ത കാലം വരെ എനിക്ക് കൂച്ചിവലിയുണ്ടായിട്ടുണ്ട്. അന്ന് ക്ലോണിംഗായിരുന്നു താരം. മര്‍ഹും പി എം കെ ഉസ്താദ് അല്‍ഇര്‍ഫാദ് മാസികയില്‍ അതേകുറിച്ച് നല്ല ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. പക്ഷെ സാധാരണക്കാരനെന്ത് ക്ലോണിംഗ്? സദസ്സിനോട് യോജിക്കാത്ത മഹാ ശാസ്ത്ര സാങ്കേതിക സമന്വയ ക്ണാപ്പുകള്‍ പ്രസംഗിക്കുന്നത് കേള്‍ക്കേണ്ടിവരുമ്പോള്‍ ഒരുതരം അസഹ്യത സദസ്സിലുള്ളവര്‍ അനുഭവിക്കുന്നത് ശ്രദ്ധിക്കാറുണ്ട്. സദസ്സിന്റെ ഗ്രാഹ്യനിലവാരത്തിനപ്പുറമുള്ള എന്തെങ്കിലും ച്ചിരിപ്പിടി കാര്യങ്ങള്‍ തട്ടിവിട്ടില്ലെങ്കില്‍ പ്രസംഗം ഗുമ്മാവില്ല എന്നത് ചിലരുടെ ആത്മവിശ്വാസക്കുറവിന്റെ അടയാളമായാണ് വിലയിരുത്തപ്പെടുത്തുന്നത്.

ആട്ടെ, വിഷയമതൊന്നുമല്ല. ഞാന്‍ പ്രസംഗിച്ചു. പക്ഷെ, കേള്‍ക്കണോ നിങ്ങള്‍ക്ക്? കിട്ടിയ ചാന്‍സിന് എന്നെക്കൊണ്ട് പ്രസംഗിപ്പിച്ച് സ്വന്തം മടിയെ വിരുന്നൂട്ടിയവന്‍ ഇപ്പം ശരിക്കും വെട്ടിലായി!? എന്റെ പ്രസംഗം ആകെ വിവാദമായി!!! പ്രസംഗത്തെ തുടര്‍ന്ന് ഉടലെടുത്ത മൂലചേര്‍ന്നുള്ള അടക്കം പറച്ചിലുകള്‍ വന്‍ ഒച്ചപ്പാടിലേക്ക് പടര്‍ന്നു പിടിച്ചു. ഈ വിവാദസംഭവം മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ അറിയുന്നതിന്റെ മുമ്പേ ഞാന്‍ തന്നെ നേരിട്ട് പറയുന്നതെന്ത് കൊണ്ടെന്നാല്‍, മറ്റു വഴിക്കാകുമ്പോള്‍ പറയുന്നവരുടേതായ പറ്റും പശയും അതില്‍ കലര്‍ന്ന് ചേരാനിടവരും. അതങ്ങനെയാണ്. ഒരു മഴ പെയ്താല്‍ അതിലെ വെള്ളം ഒരുവഴിക്ക് ചാണകക്കുണ്ടിലൂടെ മാലിന്യം പേറിയെത്തും. മറ്റൊരുവഴിക്ക് പൂന്തോപ്പിലൂടെ പൂക്കള്‍ വഹിച്ച് വരും. ചിലപ്പോള്‍ എവിടെയും തട്ടാതെ നേര്‍ക്കുനേര്‍ പെയ്തിറങ്ങും. ഞാന്‍ നേരിട്ട് പറയുമ്പോള്‍ എന്റെ ഭാഗങ്ങള്‍ പരമാവധി ന്യായീകരിച്ച് കൊണ്ടവതരിപ്പിക്കാമെന്ന സൗകര്യമുണ്ടല്ലോ.

പ്രസംഗം വിവാദമാവുമോ എന്നൊന്നും ആലോചിക്കുന്നതിന് മുമ്പേ, ഞാന്‍ അവന്റെ ആ അപേക്ഷ സ്വീകരിക്കാന്‍ പശ്ചാത്തലപരമായ ഒരു കാരണമുണ്ട്. ഞാനാദ്യം അവനോട് ചോദിച്ചത് ‘ഇവിടുന്ന് വല്ല കാശും പിരിഞ്ഞ് കിട്ടുമോ ചങ്ങാതീ’ എന്നാണ്. ഞാനങ്ങനെ ചോദിക്കാനുള്ള കാരണം തലയില്‍ വലിയൊരു ഭാരമുണ്ടായിരുന്നു. അരീക്കോട് മജ്മഇന്റെ തട്ടിമുട്ടിപ്പോവുകയായിരുന്ന അലുംനിയെ ഇയ്യടുത്തായി ഒന്നുരണ്ട് പേര്‍ രംഗത്തിറങ്ങി അതിസജീവമാക്കിക്കളഞ്ഞു, ടഅഇഞഋഉ എന്ന പേരില്‍. പാലക്കാട് പോലുള്ള പിന്നാക്ക പ്രദേശങ്ങളില്‍ ഗ്രാമങ്ങള്‍ ദത്തെടുക്കുക, വിദൂരദേശങ്ങളില്‍ മദ്‌റസകള്‍ പണിയുക, പാവപ്പെട്ടവര്‍ക്ക് പഠനോപകരങ്ങള്‍ വിതരണം ചെയ്യുക, കേരളത്തിന് വെളിയില്‍ കേന്ദ്രീകൃത ദഅ്‌വ നടത്തുക, ട്രെന്റ് സെറ്റിംഗ് ബൗദ്ധിക സംവാദങ്ങള്‍ സംഘടിപ്പിക്കുക… എന്നീ തുടങ്ങിയ ഗംഭീരപദ്ധതികളാണ് ആവിഷ്‌കൃതമായത്. ആയതുകളുടെ നടത്തിപ്പിലേക്കായി ഓരോരുത്തരും റമളാന്‍ കഴിഞ്ഞ മുറക്ക് പതിനായിരം രൂപവെച്ച് അടച്ചു കൊള്ളണം എന്നാണുത്തരവ്. ഇല്ലെങ്കില്‍ ആനക്കര കണ്ണുരുട്ടും! ഉല്‍പുസായ്‌വ് മൂക്ക് വിടര്‍ത്തും!!

‘ഇതെവിടുന്ന് പിരിച്ചുണ്ടാക്കും ഈ കണ്ട തുക മേലായ റബ്ബേ’ എന്ന ചിന്ത നോമ്പൊന്നു മുതല്‍ ഉള്ളിലെരിയുന്നുണ്ട്. ഭാര്യവീട്ടില്‍ നോമ്പുതുറക്ക് പോയ അന്ന് ഞാന്‍ ”സ്ത്രീധനമൊന്നും വാങ്ങിച്ചിട്ടില്ലല്ലോ” എന്ന പഴയ വെടിക്കെട്ട് പൊട്ടിച്ചിട്ട് അമ്മായി-അമ്മോശ-അളിയ പ്രഭൃതികളില്‍ നിന്ന് സമ്മര്‍ദ്ദപരമായി റസീപ്റ്റില്‍ തുകകളെഴുതിച്ചു എന്നതൊഴിച്ചാല്‍ കാര്യമായി ഒന്നും ഇതുവരെ കയ്യിലായിട്ടില്ല. ഇനി പുതുതായി പുതിയാപ്പിള മെമ്പര്‍ഷിപ്പെടുത്ത നൂറാനിയെ പിഴിഞ്ഞാലും എവിടെയുമെത്തില്ല. പ്രസംഗ ശേഷം ഈ വിഷയം മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ച് ഒരാറായിരമെങ്കിലും കൈക്കലാക്കാമെന്ന ആശയിലാണ് ഞാന്‍ ഉറുദിയേറ്റത്.
രിസാലയില്‍ എഴുതിപ്പോരുകയായിരുന്ന ‘സാമ്പത്തിക ശുദ്ധി’ മറ്റൊരു വിധത്തില്‍ ഉരുട്ടിപ്പറയാനായിരുന്നു എന്റെ പ്ലാന്‍. അതൊരു കഥ പോലെയാക്കി പറഞ്ഞു തുടങ്ങുകയായിരുന്നു ഞാന്‍: അതിഥികള്‍ വരുന്നതിനാല്‍ ഉമ്മ എന്നെ മാര്‍ക്കറ്റിലയച്ചു. വെട്ടി വാങ്ങിക്കൊണ്ടുവന്ന അയക്കൂറക്കണ്ടങ്ങള്‍ വെള്ളത്തിലിട്ടപ്പോള്‍ കടുംനാറ്റം, നോക്കുമ്പോള്‍ ചീഞ്ഞ്ചണ്ടിയായത്! തറിച്ചു വാങ്ങിയ ആട്ടിറച്ചിയില്‍ കൊട്ടും എല്ലും പിന്നെ പ്ലവ-പാട-നെയ്ക്കട്ടാദികളുടെ അനുപാതീതമായ ആധിക്യവും. ഞാന്‍ പണം കൊടുത്ത് വാങ്ങിയ സാധനം വീട്ടിലെത്തി അഴിച്ചു നോക്കുമ്പോള്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നു. എന്റെ മനസ്സ് വേദനിക്കുന്നു. ഇത്രകാലം പഠിച്ചിട്ട് നിനക്ക് മര്യാദക്കൊരു സാധനം നോക്കി വാങ്ങാനറിയാണ്ടായിപ്പോയല്ലോ മോനേ എന്നുമ്മ തേങ്ങലോടെ കലമ്പുന്നു. നിങ്ങള്‍ക്കാണ് ഇതേ അനുഭവമെങ്കില്‍ നിങ്ങളുടെ മനസ്സു വേദനിക്കില്ലേ- ഞാന്‍ സദസ്സിനോട് ചോദിച്ചു. കഥ പോലെ തുടങ്ങിയതിനാല്‍ എല്ലാവരും നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് കുറച്ച് ഫിലോസഫിക്കല്‍ ടച്ചോടെ ചില കാര്യങ്ങള്‍ ചാമ്പിവിട്ടു. അത് ഞാന്‍ പ്രസംഗിച്ച അപ്പടിയല്ലെങ്കിലും അതിലെ ആശയങ്ങള്‍ ചുവടെ കൊടുത്ത പ്രകാരം സംഗ്രഹിക്കാം.

അര്‍ത്ഥമില്ലാത്ത ആധികളുടെയും അതിരുവിട്ട ആര്‍ത്തികളുടെയും കാലത്താണ് നമുക്ക് ജീവിക്കാന്‍ യോഗം എന്ന് പറയുന്നത് ശരിയല്ല. കാരണം അത് ഇന്നിന്റെ മാത്രം പ്രശ്‌നമല്ല. മനുഷ്യകുലം എന്നും അങ്ങനെയാണ്. മനുഷ്യന്റെ സിരകളിലൂടെ ശൈത്വാനികമായ തീച്ചോര ഒഴുകുന്ന കാലത്തെല്ലാം അതുണ്ടാവും. ഇപ്പോള്‍ അതിത്ര ഓവറായിട്ടില്ലേ എന്ന് ചോദിച്ചാല്‍ യെസ്സെന്ന് സമ്മതിച്ചു തരാം. ആര്‍ത്തി അതിരുവിടുമ്പോഴാണ് ഹലാലിനപ്പുറത്തേക്ക് മനസ്സ് പാളി നോക്കുന്നത്. നിവൃത്തികേട് സഹിക്ക വയ്യാതാകുമ്പോഴും അങ്ങനെ വരാം. ആര്‍ത്തി മൂത്തു കഴിയുമ്പോള്‍ അയല്‍ക്കാരനെ അടിച്ചിരുത്തണം എന്ന കെട്ടശാഠ്യം പത്തിപരത്തും. അപ്പോഴാണ് കണക്കുകള്‍ കരക്കടുപ്പിക്കാനാവാതെ വരുന്നത്/വൗച്ചറുകള്‍ കാണാതാവുന്നത്/ റസീപ്റ്റ് കുറ്റികള്‍ കളവ് പോകുന്നത്/പിരിച്ച് കൂട്ടിയ നേര്‍ച്ചപ്പണം മടക്കിക്കെട്ടി വീട്ടിലേക്ക് കൊണ്ട് പോവുന്നത്.
അറിവുള്ളവര്‍ക്ക് പോലും ഹറാം പണം ആസ്വാദ്യകരമായി വരുന്നു എന്ന് പറയുമ്പോള്‍ കരളില്‍ ഒരു കടച്ചിലനുഭവപ്പെടുന്നില്ലേ നിങ്ങള്‍ക്ക്? രണ്ടാം നില പണിയാനും, മാര്‍ബിള്‍ പതിക്കാനും, കാറ് വാങ്ങാനും മറ്റാഢംബരങ്ങള്‍ക്കും പലിശപ്പണത്തെ ആശ്രയിക്കുന്ന കാഴ്ച നിങ്ങളുടെ കണ്ണുകളെ കൊത്തിവലിക്കുന്നില്ലേ? ശുദ്ധിയും സംസ്‌കരണവും പ്രസരിപ്പിക്കേണ്ട ധര്‍മ സ്ഥാപനങ്ങളില്‍ വരെ കട്ടുമുടി പടരുമ്പോള്‍ അന്ത്യനാളിന്റെ കാലൊച്ച കേള്‍ക്കുമ്പോലെ തോന്നുന്നില്ലേ? ഓഡിറ്റിംഗിനിറങ്ങിയ കണക്കുസാമ്രാട്ടുകള്‍ അക്കൗണ്ട് ടാലിയാക്കാനാവാതെ തലമിന്നി വീഴുമ്പോള്‍, കട്ടതിന്റെ മാനം കാക്കാനായി നാട്ടിലുള്ളവനെ ഗള്‍ഫിലേക്ക് കടത്താനും ഗള്‍ഫിലുള്ളവനെ നാട്ടിലേക്ക് തള്ളാനും, മാനേജറെ സസ്‌പെന്‍ഡ് ചെയ്യാനും, അഡ്മിനിസ്േ്രടറ്ററെ അടിച്ചുപുറത്താക്കാനും, മഹല്ല് ട്രഷറര്‍ക്കെതിരെ പത്രവാര്‍ത്ത കൊടുക്കാനും, ട്രസ്റ്റ് കോ ഓഡിനേറ്ററെ പിരിച്ചുവിടാനും, ജനറല്‍ സെക്രട്ടറിയെ പൊങ്ങുതസ്തികയിലേക്ക് തള്ളി ആളുകള്‍ക്കിടേ മാനക്കേടിലാക്കാനും ഒക്കെ നിര്‍ബന്ധിതരാവുന്ന ആത്മീയാവസ്ഥ എന്തുമാത്രം അസഹ്യമാണ്.

ഇതിനോട് ചേര്‍ത്ത് കച്ചവടത്തിലും മറ്റും സാധാരണയായി നടന്നു വരുന്ന ചില കള്ളത്രാണങ്ങള്‍ പച്ചക്ക് ഞാനങ്ങ് പറഞ്ഞു. കോഴിക്കച്ചവടക്കാരെ ഞാന്‍ കഴുത്തിന് പിടിച്ചു. കല്യാണം പോലുള്ള ആവശ്യങ്ങള്‍ക്ക് ബള്‍ക്കായി തൂക്കി മാറ്റുകയും പിന്നീട് അറക്കുന്നേരം ഓരോന്നിനെ പിടിച്ച് കൂട്ടിലേക്കെറിയുകയും ചെയ്യുന്ന, മുത്ത് നബി പഠിപ്പിച്ച ഒരു കരുണയും കാണിക്കാതെ അറുത്തു തള്ളുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഞാനങ്ങു തകര്‍ത്തു. പുറം മിനുത്തുതുടത്തതായിരിക്കുമ്പോഴും അകമേ പുഴുത്ത്‌കെട്ട മാങ്ങയും നാരങ്ങയും തൂക്കി വില്‍ക്കുന്ന, ഉശിരന്‍ പോത്തെന്ന് പറഞ്ഞ് കറവ വറ്റിയ പിണ്ടിപ്പശുവിനെ വെട്ടി വില്‍ക്കുന്ന, ചൈനയുടെ ലക്കഡാ എമര്‍ജന്‍സി ജാപ്പാന്റേതെന്ന് പറഞ്ഞ് പിടിപ്പിക്കുന്ന, ചവിട്ടില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ മൂരാച്ചിപ്പശുവിനെ വായില്‍ വിരലിട്ടാല്‍ കടിക്കാത്ത തങ്കക്കുടം എന്ന് പറഞ്ഞ് വിറ്റ് പറ്റിക്കുന്ന, ‘ഇനി ട്രൗസറിന്റെ വള്ളിപോലും ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും, മേലില്‍ ഒരിടപാടും നടക്കില്ല, വേഗം വിറ്റോ’ എന്ന് പറഞ്ഞ് പൊന്നുവിലയുള്ള കണ്ണായ പ്ലോട്ടുകള്‍ ചുളുവിലക്ക് അടിച്ചു മാറ്റുന്ന, കണക്ഷന്‍ ലൂസായി പോയ ഫ്രിഡ്ജും, മിക്‌സിയുമൊക്കെ ആഴത്തിലൊരു നോട്ടം നോക്കി ഇതിന്റെ ‘സില്‍ബാന്ററി’ അടിച്ചുപോയി, മാറ്റേണ്ടി വരും എന്ന് പറഞ്ഞ് പതിനാറുറുപ്പികയുടെ പണിക്ക് രണ്ടായിരത്തി മുന്നൂറ്റി നാല്‍പത്തഞ്ചു രൂപാ ബില്ല് കൊടുക്കുന്ന, അതാ അക്കാണുന്ന സ്ഥലത്തേക്ക് മറ്റൊരു വഴിയേ വളഞ്ഞ് പുളഞ്ഞ് ഓട്ടോയോടിച്ച് അധിക വാടക പിടുങ്ങുന്ന, അറബി അര്‍പ്പിച്ച വിശ്വാസത്തെ വഞ്ചിച്ചോ, അയാളുടെ അറിവുകേടിനെ മുതലെടുത്തോ റിയാല്‍ ഇസ്‌ക്കുന്ന, മുതലാളി കാണാതെ പിസ്തയും ബദാമും നിഡോയും കട്ട് നാട്ടിലേക്കയക്കുന്ന, ദണ്ണവുമായെത്തുന്ന പാവങ്ങളെ ഇല്ലാരോഗം പറഞ്ഞ് പേടിപ്പിച്ച് വേണ്ടാടെസ്റ്റുകള്‍ ചെയ്യിക്കുന്ന, ഡേറ്റുകഴിഞ്ഞ ഗുളികകള്‍ പുതിയ അളക്കുകളിലാക്കി വിറ്റ് രോഗികളെ വഞ്ചിക്കുന്ന, സകറാത്തില്‍ കിടന്ന് പിടക്കുന്ന അല്ല, ഓള്‍റെഡി മയ്യിത്തായിക്കഴിഞ്ഞവരെ പോലും മണിക്കൂറുകളോളം വെന്റിലേറ്ററില്‍ കുരുക്കി താങ്ങാനാവാത്ത ചതിബില്ല് പേ ചെയ്യിക്കുന്ന, ഉദരം തുരക്കുന്ന അജ്‌നാമോട്ടോ വാരിവിതറി നിര്‍മ്മിത രുചിപ്പുറത്ത് ഹോട്ടല്‍ കച്ചവടം പൊടിപൊടിക്കുന്ന, ദീനീസ്ഥാപനത്തിന് വേണ്ടി നടത്തിയ ഇടപാടിന്‍ പുറത്ത് കമ്മീഷന്‍ കട്ടുവാങ്ങുന്ന എന്ന് വേണ്ട എന്തിനധികം പറയുന്നു, നമ്മുടെ ചുറ്റുപാടും നടക്കുന്ന സാമ്പത്തികാര്‍ബുദങ്ങളെ പറ്റി ഒരര മണിക്കൂര്‍ ഞാനങ്ങ് ഉറഞ്ഞു തുള്ളി! എന്നുവെച്ചാല്‍ സദസ്സിലുള്ള ഒരാളെയും വെറുതെ വിടാതെ, മുഖം നോക്കിയുള്ള അസ്സല്‍ വെറുപ്പിക്കല്‍സ്!

ശേഷം ഞാനെന്റെ ഈ ചൂണ്ടുവിരല്‍ സദസ്സിന്റെ മുന്നാകെ ഉദ്ധരിച്ച് നിര്‍ത്തിക്കൊണ്ട് ചോദിച്ചു: ഇങ്ങനെ അരുതാത്ത വഴിയിലൂടെ നേടിയ പണം കൊണ്ട് നാം ഭാര്യക്ക് ആഹാരം വാങ്ങിച്ചു കൊടുക്കുന്നു. അവള്‍ കഴിക്കുന്നതിന്റെ സത്ത് അവളുടെ ഉദരത്തില്‍ ഊറുന്നു. അത് അവിടെ വളരുന്ന നിങ്ങളുടെ കുഞ്ഞ് കുഴല്‍വഴി ഞണ്ണുന്നു. ഹറാമായ ആഹാരത്തില്‍ നിന്ന് ഊറിയുണ്ടായ ചോര തെളിഞ്ഞ് അവളുടെ പാല്‍ക്കുടങ്ങളില്‍ അമ്മിഞ്ഞ തിങ്ങുന്നു. പിറന്നുവീണ നിങ്ങളുടെ നിഷ്‌ക്കളങ്കനായ കല്‍ക്കണ്ടപ്പൈതല്‍ ആദ്യമായി ചപ്പിക്കുടിക്കുന്നത് ഹറാമിന്റെ വാടപൊങ്ങുന്ന വിഷപ്പാല്‍. ഹറാമില്‍ നിന്ന് മുളച്ചുണ്ടാവുന്നതെല്ലാം അഗ്നിബദ്ധമെന്ന് ആരമ്പനബി. തിന്നുന്നതും കുടിക്കുന്നതും ഉടുക്കുന്നതും എല്ലാം ഹറാം മയം. എന്നിട്ട് യാ റബ്ബി യാ റബ്ബി എന്ന് കേണുരുകുന്നു. എങ്ങനെയുത്തരം കിട്ടാന്‍ എന്നും മുത്തു റസൂല്‍ ചോദിക്കുന്നു. ഇത് ഞാനീ എഴുതിയത് പോലെയൊന്നുമല്ല. നല്ല തെളിഞ്ഞ വാക്കുകളില്‍, ചങ്കില്‍ തറക്കുന്ന വികാരവിക്ഷുബ്ധതയോടെ, ആകര്‍ഷകമായ ആശയകൂര്‍മതയോടെയാണ് അന്നവതരിപ്പിച്ചത് എന്ന് ആ പ്രസംഗം നേരിട്ട് കേട്ടവരോട് ചോദിച്ചാലറിയാം.

”ഇവിടെയുണ്ടൊരു ഉസ്താദ്, മര്യാദക്ക് ഒന്നും പറയില്ല-പ്രസംഗമായാല്‍ ഇങ്ങനെ വേണം, കണ്ടീഷനായി, കണ്ടീഷന്‍! നോമ്പിന് ശേഷം നിങ്ങളിവിടെ ഉസ്താദായി നില്‍ക്കുമോ?!!!” എന്ന് പറഞ്ഞ് പ്രസംഗ ശേഷം ക്യൂവില്‍ ഓരോരുത്തരായി വന്ന് എന്റെ കൈ മുസാഫഹത് ചെയ്ത് എന്റെ മജ്മഅ് ഫണ്ടിലേക്ക് സംഭാവനകള്‍ കുമിഞ്ഞുകൂടുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ സംഭവിച്ചതോ? ഹലാക്കിന്റെ വിവാദം!! ഒരാളും എന്നെ മൈന്റ് ചെയ്യുന്നില്ല. മുത്താഴത്തിന് ക്ഷണിക്കുന്നില്ല. ഒന്ന് വീട്ടില്‍ വരെ വന്ന് ഒരരക്ലാസ് കുത്തരിക്കഞ്ഞി കഴിച്ച് പോവാമെന്ന ക്ഷണമില്ല. കറുപ്പടിച്ച മുഖങ്ങള്‍. അങ്ങിങ്ങ് കൂട്ടം ചേര്‍ന്നുള്ള കുശുകുശുകള്‍. ഒരു ജാതി വിവരം കെട്ട നാട്ടുകാര്‍, എന്നല്ലേ നിങ്ങളായിരുന്നെങ്കില്‍ പറഞ്ഞുപോവുക?

ഇമാം എന്നെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. ചെറിയ പ്രശ്‌നമായിട്ടുണ്ട്. പ്രസംഗം എന്തോ അവര്‍ക്ക് പിടിച്ചിട്ടില്ല. ഞാന്‍ പറയിപ്പിച്ചതാണെന്നാണ് ഖജാഞ്ചി പറയുന്നത്. നിങ്ങളെ ചോദ്യം ചെയ്യാന്‍ പുറത്ത് കുറച്ച് ചെറുപ്പക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഇപ്പം പുറത്തിറങ്ങണ്ട!! എന്റെ കുഞ്ചി രോമങ്ങള്‍ സൈറണ്‍ കേട്ട പട്ടാളക്കാെര പോലെ ചാടിയെണീറ്റു. ‘എന്റെ ആ പഴയ ക്ലോണിംഗ് തന്നെ അടിച്ചാല്‍ മതിയായിരുന്നപ്പാ’ എന്നൊരു പശ്ചാത്താപപരമായ ഖേദപ്പാട് എന്നിലുയര്‍ന്നു. മുമ്പ് അങ്ങനെ ആയിരുന്നു, സദസ്സിന്റെ ആവശ്യം പരിഗണിക്കാതെ കമ്മ്യൂണിസത്തിന്റെ കാലിടര്‍ച്ചകള്‍, ഹണ്ടിംഗ്ടന്റെ പരീക്ഷണശാല, ആന്തലൂസിന്റെ ആത്മസംഘര്‍ഷങ്ങള്‍, ചെച്‌നിയയുടെ ചെറുത്തുനില്‍പുകള്‍ എന്നിങ്ങനെയുള്ള പ്രമേയത്തിലായിരുന്നു റമളാന്‍ ഉറുദികളും മറ്റും. അത്തരം വിഷയങ്ങളേ നമ്മളൊക്കെ സംസാരിക്കാവൂ എന്നൊരു പൊങ്ങച്ചബോധം സമൂഹത്തില്‍ നിന്ന് (സ്വന്തത്തില്‍ നിന്നല്ല?) വീണ് കിട്ടിയിരുന്നു.

തുടക്കക്കാലത്ത് എഴുത്തും അങ്ങനെത്തന്നെയായിരുന്നു. ”അരാഷ്ട്രീയവത്ക്കരണത്തിന്റെ ദേശാന്തരീയ ധ്രുവീകരണങ്ങളിലെ ആന്തരമര്‍മങ്ങള്‍ ധൈഷണികമായ പരിസരത്തു നിന്ന് വിമലിനീകരണത്തോടുകൂടി വീക്ഷി..” എന്നോ അലക്‌സ് ഫെല്ലനി ‘ദ റീബര്‍ത്ത് ആന്റ് ഫ്‌ളറിഷിംഗ് ഓഫ് കള്‍ച്ചറല്‍ മെറ്റമോര്‍ഫോസിസ് ആന്റ് തേഡ്‌വേള്‍ഡ് കുന്തം’ എന്ന ഗ്രന്ഥത്തിന്റെ മൂന്നാം വാള്യത്തില്‍ അടയാളപ്പെടുത്തിയ നിരീക്ഷണത്തെ ആര്‍തര്‍ ഇല്ലക്‌സ്ട്രും ഏയ്ഞ്ചലോ ഹുയാള്‍ഷ്ടിയും ചേര്‍ന്നെഴുതിയ ‘എ ക്രിട്ടീക് ഓണ്‍ മോഡേണ്‍ ഓകസ്‌പോയഡിയ വിത്ത് സ്‌പെഷ്യല്‍ ഫോക്കസ് ഓണ്‍ മാര്‍ജിനലൈസ്ഡ് കൊടച്ചക്രം’ എന്ന പ്രബന്ധത്തിന്റെ നൂറ്റിമുപ്പത്തിമൂന്നാം പേജിലെ മൂന്നാം ഖണ്ഡികയില്‍ ഖണ്ഡിക്കുമ്പോള്‍..” മനസ്സിലായില്ലേ?
ഡാര്‍വിന്റെ സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്, പ്രകൃതി നിര്‍ദ്ധാരണം ഒക്കെ എഴുതിയ ലേഖനം വായിക്കാന്‍ ശ്രമിച്ചിട്ട് ‘അല്ല! നിന്നോടൊന്ന് ചോയിക്കട്ടെ, നീ ഇതാര്‍ക്ക് വായിക്കാന്‍ വേണ്ടിയാ ഈയെഴുതുന്നത് എന്ന് മൂത്ത ഇത്താത്ത ആയിശ ചോദിച്ചപ്പോഴാണ് അകക്കണ്ണിനെ മൂടിയ അക്കാഡമിക് ജാഡയുടെ ജീര്‍ണവാല്‍മീകം ഉടഞ്ഞ് തരിപ്പണമായത്. തുടര്‍ന്നാണ് ഈ കാണുന്ന തനി തറഭാഷയിലേക്ക് എന്റെ എഴുത്ത് വികാസം പ്രാപിച്ചത്. അതില്‍ പിന്നെയാണ് എനിക്ക് കുത്തുവാക്കുകളും, പ്രകോപന പ്രതികരണങ്ങളും, ഫോണ്‍ഭീഷണികളും വരാന്‍ തുടങ്ങുന്നത്. ഈ ഭാഷ പലര്‍ക്കും ഇഷ്ടമല്ലെന്ന് എനിക്കറിയാം. എന്റെ നന്മ കൊതിക്കുന്ന പലരും ഈ ഭാഷയില്‍ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തിനധികം പറയുന്നു, എനിക്ക് തന്നെ എന്റെ ഭാഷ ഇഷ്ടമല്ല! പക്ഷെ നിങ്ങളെന്ത് തറയെന്ന് വിളിച്ചാലും പച്ചമനുഷ്യരുടെ വിയര്‍പ്പിന്റെ ഉപ്പുപടര്‍ന്ന ഭാഷ വെടിഞ്ഞ് മെഡുല ഒബ്ലേംഗേറ്റയുടെ നാറ്റമുള്ള പ്രഭുഭാഷയില്‍ എഴുതണമെന്ന് പറഞ്ഞാല്‍, ഹാദാ ഫിറാഖു ബൈനീ വ ബൈനിക്, വിട്ടോ ലാല്‍സലാം

ഒരിക്കല്‍ എന്നോട് ഒരാള്‍ പറഞ്ഞു, നിന്റെ എഴുത്തു പിടിക്കാത്ത ചിലര്‍ നിന്നെ ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. നീ രാത്രി വീട്ടില്‍ ഒറ്റക്ക് പോകരുത്. ഞാന്‍ പറഞ്ഞു. ഹാ! അതൊന്നു കാണണമല്ലോ? ഞാനന്ന് ബസ്സിറങ്ങി സാധാരണക്ക് വിരുദ്ധമായി ഓട്ടോ പോലും പിടിക്കാതെ, വളരെ സാവകാശം ഫസ്റ്റ് ഗിയറില്‍ നടന്നാണ് വീടുപിടിച്ചത്. അങ്ങനെ ഉള്ളതായിട്ടുള്ള എന്നെ ഇപ്പോള്‍ ചെക്കന്മാര്‍ പുറത്തു കാത്തുനില്‍ക്കുന്നുണ്ടത്രേ. ആരമ്പനബി പഠിപ്പിച്ചത് ”സത്യം അതെത്ര കയ്പ്പുള്ളതാണെങ്കിലും തുറന്നടിക്കാനാണ്”. ഞാനിതാ രണ്ട് കൈയും തിരുകിക്കയറ്റി, മസിലുറപ്പ് പരിശോധിച്ച് പുറത്തേക്കിറങ്ങുകയാണ്. നോക്കാലോ?

ഫൈസല്‍ അഹ്‌സനി ഉളിയില്‍

You must be logged in to post a comment Login