അങ്ങനെ ഒരു കെമിസ്ട്രിക്കാലത്ത്

അങ്ങനെ ഒരു കെമിസ്ട്രിക്കാലത്ത്

ഇന്റേണല്‍ പരീക്ഷകളുടെ പേപ്പര്‍ കെട്ടുകള്‍ നിറഞ്ഞ മേശക്കു പിന്നില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷാ ഡ്യൂട്ടിക്കു പോകാനുള്ള തയാറെടുപ്പിലിരിക്കുമ്പോളാണ് ഒരപരിചിത നമ്പറില്‍ നിന്നും ആ വിളി വന്നത്. ഹലോ പറഞ്ഞപ്പോള്‍ മറുവശത്ത് അല്പം പരുക്കനായ സ്ത്രീ സ്വരം. ബെറ്റിയല്ലേ? ആ സംബോധന എനിക്കത്ര സുഖിച്ചില്ല. കാരണം ഏറെക്കാലമായി വളരെ അപൂര്‍വമാള്‍ക്കാരേ എന്നെ പേരു ചൊല്ലി വിളിക്കാറുള്ളൂ. അപരിചിതരാരും അത്തരമൊരു സാഹസത്തിനു മുതിരാറുമില്ല. അതേ. ഇതാരാ? ഞാന്‍ കടുപ്പത്തില്‍ തന്നെ മറുചോദ്യം ഉന്നയിച്ചു. ഒരു പഴയ ക്ലാസ്‌മേറ്റാ. ജയ.
എന്റെ ഓര്‍മ 27 ലധികം വര്‍ഷങ്ങള്‍ പിന്നോട്ടു മറിഞ്ഞു. 1988-91 കാലത്തിലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജും ബി.എസ്.സി. കെമിസ്ട്രി ക്ലാസും സഹപാഠികളുമൊക്കെ ഫ്രെയിമില്‍ തെളിഞ്ഞു.

ഞാന്‍ തിരിച്ചറിഞ്ഞ് ശബ്ദിച്ചു: ജയാ ജേക്കബ് കുന്നപ്പള്ളി.
അതേ.

ഞാന്‍ വൈകുന്നേരം വിളിക്കാം, പരീക്ഷാ ഡ്യൂട്ടിയാ.
ഫോണ്‍ കട്ടു ചെയ്ത് സൈലന്റ് മോഡിലാക്കി പരീക്ഷാഹാളിലേക്ക് പോയി.
കുട്ടികള്‍ പരീക്ഷയില്‍ മുഴുകിയപ്പോള്‍ ഞാന്‍ ഓര്‍മകളില്‍ ഊളിയിട്ടു.
ഞാനിങ്ങനെ കോളജധ്യാപിക ആകുമെന്ന് അന്ന് ആരും കരുതിയിട്ടുണ്ടാവില്ല. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ എന്റെ ഒരേ ഒരാഗ്രഹം എങ്ങനെയും അവിടെ തന്നെ ഡിഗ്രിക്ക് പഠിക്കണമെന്നു മാത്രമായിരുന്നു. മറ്റൊരു കോളേജില്‍ പോകാനോ പഠിക്കാനോ ആവില്ലെന്ന യാഥാര്‍ത്ഥ്യബോധവും ഉണ്ടായിരുന്നു. സ്വപ്‌നങ്ങള്‍ക്കൊക്കെ അതിരുകള്‍ തീര്‍ക്കാന്‍ നേരത്തെ പരിശീലിച്ചിരുന്നു. സെക്കന്റ് ഗ്രൂപ്പ് പഠിച്ചതുകൊണ്ട് ബി .എസ്.സി.കെമിസ്ട്രി ഫസ്റ്റ് ചോയ്‌സ് ആയി.
പഠിച്ചു തുടങ്ങിയതേ മനസ്സിലായി, ഈ വിഷയം ബോറാണെന്ന്. പ്രീ ഡിഗ്രി അല്ല ഡിഗ്രി. സബ്ബായിട്ടുള്ള ഫിസിക്‌സും കണക്കും അതിനെക്കാള്‍ ബോറ്. സ്‌ക്രൂ ഗേജ് വച്ച് ചെറുനാരങ്ങയുടെ വ്യാസമളന്നിട്ടല്ലല്ലോ മുറിച്ച് പിഴിയുന്നത്. ഇതുകൊണ്ടൊക്കെ ജീവിതത്തിലെന്തു കാര്യമെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ട്രിഗ്‌നോമെട്രിയിലെ റിസള്‍ട്ടുകള്‍ പട്ടിക മാതിരി പഠിച്ചിട്ടോ, മോഡുലസ് എക്‌സ് ഈസ് ലെസ് ദാന്‍ വണ്‍ എന്നു സ്ഥാപിച്ചിട്ടോ എന്തു ഗുണമെന്നും മനസ്സിലായില്ല. അതുകൊണ്ട് കണക്കിനു ട്യൂഷനു പോയ ഞാന്‍ അവിടെ ഉണ്ടായിരുന്ന പുസ്തകങ്ങളില്‍ കുരുങ്ങി. ചിംഗിസ് ഐത് മാത്തോവിനെയും മിഖയേല്‍ ഷൊളഹോവിനെയുമൊക്കെ ട്യൂഷന്‍ സെന്ററിലെ അലമാരിയില്‍നിന്നും ഞാന്‍ ഒപ്പം കൂട്ടി. വായനയിലൂടെ പരിചയപ്പെട്ട നാടുകളിലൂടെ, ആളുകളിലൂടെ എന്റെ ഭാവന അലഞ്ഞു നടന്നു. കണ്‍മിഴിച്ച് നിശബ്ദമായി സ്വപ്‌നം കാണുക ഒരു കലയായി ഞാന്‍ വികസിപ്പിച്ചതും അക്കാലത്താണ്. ക്ലാസില്‍ നില്‍ക്കുന്ന സാറിനും പ്രശ്‌നമില്ല. ക്ലാസിലിരിക്കുന്ന എനിക്കും പ്രശ്‌നമില്ല.

ഈവിധമൊക്കെയുള്ള ഡിഗ്രി പഠനത്തില്‍ ആശ്വാസമേകിയത് ലാംഗ്വേജ് ക്ലാസുകള്‍ ആയിരുന്നു. ഇംഗ്ലീഷും മലയാളവും മനസ്സില്‍ മധുരം വിളമ്പി.

മൂന്നു വര്‍ഷം കോളേജില്‍ തുടരുക എന്ന സ്വപ്‌നം അങ്ങനെ വലിയ പ്രതീക്ഷയൊന്നും നല്കിയില്ല. ക്ലാസിനു പുറത്തെ കൂട്ടുകെട്ടും തമാശകളുമൊക്കെയാണ് അതിനു നിറച്ചാര്‍ത്തേകിയത്.
ലാംഗ്വേജിലുണ്ടാക്കിയ മികവ് സബ്ജക്ടില്‍ ഉണ്ടാക്കിയില്ലെന്നതോ പോകട്ടെ അവസാന വര്‍ഷ പരീക്ഷ പോലും എഴുതാതെ ഞാനാ കോഴ്‌സിനെ വെടിഞ്ഞു. അതും പോരാഞ്ഞ് കോളജില്‍ നിന്നും കണ്ടെടുത്ത ജീവിതപങ്കാളിയോടൊപ്പം ദാമ്പത്യത്തിലേക്കു കുടിയേറി.
ബെറ്റി മോള്‍ മാത്യു എന്ന വിദ്യാര്‍ത്ഥിനിയില്‍നിന്ന് ഭാര്യയിലേക്കും കുടുംബിനിയിലേക്കുമുള്ള കൂടുമാറ്റം. മറവിയുടെയും ഒഴിവാക്കലിന്റെയും ഒഴിഞ്ഞു മാറലിന്റെയും വര്‍ഷങ്ങള്‍.
മലയാള ഭാഷയുടെ മാദകഭംഗിയേ തുണയാകൂ എന്നു തിരിച്ചറിഞ്ഞ് അതിലേക്ക് എത്തിപ്പെട്ടത് അപമാനവും വ്യഥയും കണ്ണീരും പുരണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
എസ്.ബി കോളേജില്‍ എം.എ മലയാളം പഠിച്ചത് ആവേശത്തോടെയല്ല. ആര്‍ത്തിയോടെയാണ്. ആ രണ്ടു വര്‍ഷങ്ങളാണു ബെറ്റി മോളെന്ന ഉപേക്ഷിക്കപ്പെട്ട കല്ലിനെ മൂലക്കല്ലാക്കിയത്.
പഴയ കെമിസ്ട്രി ക്ലാസും കാഞ്ഞിരപ്പള്ളി കോളജും എന്റെ അസ്വസ്ഥ ജന്മത്തിന്റെ ഏടുകളാണ്. പൊരുത്തക്കേടുകളെ അതിജീവിക്കാന്‍ പഠിപ്പിച്ച കളരിയാണ്. ഭാഷയുടെ സൗന്ദര്യം മനസ്സില്‍ നിറച്ച മലര്‍വാടിയാണ്. ഓര്‍മ്മകളില്‍ സുഗന്ധം മാത്രമല്ല, കണ്ണീരിന്റെ ഉപ്പും നനവുമുണ്ട്.
ഈ കഥയിലെ ഏറ്റവും വലിയ കാവ്യനീതി ആ കെമിസ്ട്രി ക്ലാസിലിരുന്ന 23 പേരില്‍ കോളേജധ്യാപിക ആയതും ഡോക്ടറേറ്റ് എടുത്തതുമൊക്കെ ഞാന്‍ മാത്രമാണെന്നതാണ്. ഏറ്റവും മിടുക്കികള്‍ പലരും കുടുംബനാഥമാരിലൊതുങ്ങി. പഠിപ്പിസ്റ്റുകള്‍ മറ്റു പല മേഖലകളില്‍ ചേക്കേറി. നേഴ്‌സുമാരും വക്കീലന്മാരും സ്‌കൂള്‍ അധ്യാപകരുമായി. വിവരിക്കാനാവാത്ത അസ്വസ്ഥതകളും പേറി സ്വപ്‌നം കണ്ടു കാമ്പസില്‍ കറങ്ങിനടന്ന, പഠിക്കാനുള്ള വിഷയമൊഴികെ ബാക്കി എല്ലാ വിഷയങ്ങളിലെയും പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ത്ത, ഒട്ടും പെര്‍ഫെക്ടാവാതിരുന്ന ഈ പടുമുള മാത്രമാണ് ഇന്നു കോളേജില്‍ ഇതുപോലെ വിചിത്രസ്വഭാവികളായ കുട്ടികള്‍ക്കിടയില്‍ കഴിയുന്നത്.

ഡോ. ബെറ്റിമോള്‍ മാത്യു

You must be logged in to post a comment Login