മാധ്യമപ്രവര്‍ത്തകരിപ്പോള്‍ സംരക്ഷിതവംശമല്ല

മാധ്യമപ്രവര്‍ത്തകരിപ്പോള്‍ സംരക്ഷിതവംശമല്ല

എഴുതാന്‍ കഴിയുന്നില്ല എന്നാണെങ്കില്‍,അവരാദ്യം എഴുത്തു നിര്‍ത്തട്ടെ. എന്നിട്ടാകാം ബാക്കി കാര്യങ്ങള്‍,’ എം എം കല്‍ബുര്‍ഗിയുടെയും ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ധബോല്‍ക്കറിന്റെയും കൊലയെ തുടര്‍ന്ന്,അഹിഷ്ണുതയുടെയും ഭീഷണിയുടെയും വിരട്ടലിന്റെയും കെട്ടിപ്പടുക്കപ്പെടുന്ന അന്ത:രീക്ഷത്തിനെതിരെ ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ എഴുത്തുകാര്‍ തിരിച്ചു നല്‍കിക്കൊണ്ടിരുന്ന അവസരത്തില്‍ കേന്ദ്രസാംസ്‌കാരിക മന്ത്രിയായ മഹേഷ് ശര്‍മ്മ 2015 ഒക്‌ടോബറില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു.  ഇന്ത്യയിലെ ഏറ്റവും മികച്ച എഴുത്തുകാരും  കലാകാരന്മാരുമാണ് ശര്‍മ്മയുടെ പരിഹാസത്തിന് ഇരയായത്. അവരിലധികം പേരും ശര്‍മ്മയുടെ താക്കീത് മുഖവിലക്കെടുക്കുകയോ എഴുത്തു നിര്‍ത്തുകയോ ചെയ്തില്ല. മിക്കവരും ധാര്‍ഷ്ട്യത്തോടെ കൂടുതല്‍ എഴുതുകയാണുണ്ടായത്. എന്നാല്‍ എഴുത്തുകാരുടെ എഴുത്തു നിര്‍ത്താന്‍ കൂടുതല്‍ നിര്‍ണായകമായ വഴികളുണ്ടെന്ന് ഇപ്പോള്‍ സ്പഷ്ടമാണ്. രണ്ടു രാത്രികള്‍ക്കു മുമ്പ് ഗൗരി ലങ്കേഷ് അങ്ങനെ അവസാനിപ്പിക്കപ്പെട്ടു.  മുമ്പു നടന്ന കൊലപാതകങ്ങളോട് അലോസരപ്പെടുത്തുന്ന സാദൃശ്യമുള്ള രീതിയില്‍ രണ്ട് അജ്ഞാതര്‍ ഗൗരിക്കു നേരെ വീടിനു പുറത്തു വെച്ച് വെടിയുതിര്‍ത്തു.ഗൗരി ലങ്കേഷ് പത്രികയുടെ,എന്തും  വെട്ടിത്തുറന്നു പറയുന്ന ആ പത്രാധിപര്‍ ചങ്കുറപ്പുള്ള പത്രപ്രവര്‍ത്തകയും എഴുത്തുകാരിയായിരുന്നു. ഗൗരി ലങ്കേഷ് ഇനിയില്ല.മുമ്പു നടന്ന കൊലപാതകങ്ങളില്‍ പിന്തുടര്‍ന്ന ‘പ്രവര്‍ത്തനരീതി’യെ കുറിച്ച് പലരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. പക്ഷേ, വളരെ പ്രധാനപ്പെട്ട കാര്യം ഇതാണ്: ഗൗരി ലങ്കേഷിന്റെ കൊലപാതകം തന്നെയാണ് അതിന്റെ സന്ദേശം. ഒരേ പ്രവര്‍ത്തനരീതിയുടെ തിരഞ്ഞെടുപ്പും ആ സന്ദേശത്തിന്റെ ഭാഗമാണ്. ”അതെ,അതു ഞങ്ങളാണ്. ഞങ്ങളത് വീണ്ടും ചെയ്തിരിക്കുന്നു. വീണ്ടും ചെയ്യുകയും ചെയ്യും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ!”ദു;ഖത്തിന്റെയും രോഷത്തിന്റെയും ആത്മാര്‍ത്ഥമായ ഒഴുക്കിനുള്ളിലും ദുഷ്ടത നിറഞ്ഞ ചില ശബ്ദങ്ങള്‍  സമൂഹ ‘വിരുദ്ധ’ മാധ്യമങ്ങളില്‍ വന്നു. ഗൗരിയുടെ പ്രവൃത്തികള്‍ അവരെ തിരിഞ്ഞു കൊത്തിയതാണത്രേ. രാഷ്ട്രീയമല്ല ഗൗരിയുടെ കൊലപാതകത്തിനു കാരണം,നേരെ തിരിച്ചാണത്രേ കാര്യങ്ങള്‍! അവരവരുടെ കണ്ണുകളിലെങ്കിലും പത്രപ്രവര്‍ത്തകരായ ചിലരും ഇക്കൂട്ടത്തിലുണ്ട്. ഗൗരിയുടെ കൊലപാതകികള്‍ ആരായിരുന്നാലും അവര്‍ക്ക് മാധ്യമലോകത്ത് പ്രത്യയശാസ്ത്രകൂട്ടുകാരുണ്ട്. ആയുധധാരികളായ കൊലപാതകികള്‍ വക വരുത്തിയ സഹപ്രവര്‍ത്തകയുടെ മരണത്തിനു മേല്‍ ആര്‍ത്തട്ടഹസിക്കുന്നവരുടെ ഒരു കാലം ഞാനോ നിങ്ങളോ ചിന്തിച്ചിട്ടു കൂടിയുണ്ടോ? ”ദു:ഖകരമായ ഒരു സംഭവം” എന്ന് ആ മരണത്തെ വിശേഷിപ്പിക്കുകയും 2002ലെ ഗുജറാത്ത് കലാപത്തിനിടയിലുണ്ടായ അക്രമത്തെ കുറിച്ച് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞ പ്രസിദ്ധമായ വാചകത്തെ ഓര്‍ത്തെടുക്കുകയും  (”കാറിന്റെ ചക്രത്തിനടിയില്‍ ഒരു നായ്ക്കുട്ടി അകപ്പെട്ടാലും വേദന  തോന്നില്ലേ? തീര്‍ച്ചയായും”) ചെയ്യുന്നവരുമുണ്ട്.നാം കാണുന്നത്,അതെത്ര മാത്രം അലോസരപ്പെടുത്തുന്നതാണെങ്കിലും,അറിവു നല്‍കുന്നതാണ്. ആ സന്ദേശം ഇങ്ങനെയും പറയുന്നു:”ഞങ്ങള്‍ ഞങ്ങളുടെ വല വിശാലമാക്കുകയാണ്.” ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഉത്തരവാദികള്‍ ആരെന്ന് നമുക്കറിയില്ല. പക്ഷേ, അത്തരം കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഭീതിയുടെയും അക്രമത്തിന്റെയും സംസ്‌കാരം സൃഷ്ടിക്കുന്നതാരാണ്? വിയോജിക്കുന്നവരെ ‘രാജ്യദ്രോഹികള്‍’ എന്നും ‘വഞ്ചകര്‍’ എന്നും മുദ്ര കുത്തുന്നതാരാണ്? അത്തരം വിമര്‍ശകര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാരാണ്? അതാരാണെന്ന് നമുക്കറിയാം.ഗൗരി ലങ്കേഷിന്റെ മരണം ഒരു യുക്തിവാദിയുടെ മരണമായി പരിഗണിക്കുകയാണെങ്കില്‍ അത് വ്യക്തമായും ഒരു കണ്ണിയുടെ ഭാഗമാണ്: ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി. ഗൗരിയുടെ മരണം തീര്‍ത്തും ഞെട്ടിക്കുന്നതും, ചിലര്‍ക്കങ്ങനെയല്ലെങ്കിലും, അതിശയിപ്പിക്കുന്നതുമാണ്. ഗൗരിയുടേത് ഒരു മാധ്യമപ്രവര്‍ത്തകയുടെ വ്യക്തിത്വമായിരുന്നു.ഗൗരിയുടെ മരണം ഒരു മാധ്യമപ്രവര്‍ത്തകയുടെ മരണമാണെങ്കില്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തരെ  കൊലപ്പെടുത്തുന്ന രീതിയില്‍ നിന്ന് അതിനല്പം മാറ്റമുണ്ട്. ഘാതകര്‍ അവരുടെ വ്യാപ്തി വികസിപ്പിക്കുകയാണെന്നും അതിനര്‍ത്ഥമുണ്ട്.മൗലികവാദികളുടെ ഊന്നല്‍ യുക്തിവാദികളുടെ കൊലപാതകത്തിലാണെന്ന് 2015 ഒക്‌ടോബറില്‍ നടന്ന പന്‍സാരെ അനുസ്മരണ പ്രഭാഷണത്തില്‍ ഞാന്‍ പറയുകയുണ്ടായി. അവര്‍ മതേതരത്വത്തിന്റെ വര്‍ണ്ണരാജിയെ ഒന്നടങ്കം ആക്രമിക്കുമ്പോഴും ഏറ്റവും മോശമായത് യുക്തിവാദികള്‍ക്ക് വേണ്ടിയാണ് കരുതിവെക്കുന്നത്. അന്ധവിശ്വാസങ്ങളെ ആക്രമിക്കുന്നതും മതമൗലികമിത്തുകളുടെ കാമ്പില്‍ വെട്ടുന്നതും അവരാണല്ലോ. അതാണ് മതഭ്രാന്തരെ വെറിപിടിപ്പിക്കുന്നത്.പത്രപ്രവര്‍ത്തകരെ കൊന്നൊടുക്കുന്നതിന്റെ രീതി എന്താണ്? 1992 മുതല്‍ 2015 വരെ നാല്പതിലധികം പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ ഇരുപത്തിയേഴുപേരുടെയും കൊലപാതകം അവരുടെ എഴുത്തും പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഗൗരി ലങ്കേഷ് ഇരുപത്തിയെട്ടാമത്തെയാളാണ്.ഗൗരി ലങ്കേഷിന്റെ കൊലപാതകം മറ്റുള്ള പത്രപ്രവര്‍ത്തരെ കൊലപ്പെടുത്തിയ രീതിയില്‍ നിന്ന് അല്പം വ്യത്യസ്തമാണെന്ന് പറഞ്ഞല്ലോ. എങ്കിലും അത് ഒരു പൊതുചട്ടക്കൂടിനുള്ളില്‍ ഒതുങ്ങുന്നുണ്ട്. പ്രൊട്ടക്ഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് കമ്മിറ്റിയുടെ ഇന്ത്യയിലെ പത്രപ്രവര്‍ത്തകരുടെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനു വേണ്ടി 2016ല്‍ ഞാന്‍ ആമുഖം എഴുതിയിരുന്നു. 1992 മുതല്‍ കൊലപ്പെടുത്തപ്പെട്ട ഇരുപത്തിയേഴ് പേരില്‍ വന്‍നഗരങ്ങളില്‍ നിന്നുള്ള ഒരൊറ്റ ഇംഗ്ലീഷ് ഭാഷാപത്രപ്രവര്‍ത്തകന്‍ പോലുമില്ല. വന്‍കിട കോര്‍പറേറ്റ് മാധ്യമസ്ഥാപനത്തിന്റെ ഇംഗ്ലീഷ് ശാഖയില്‍ നിന്നുള്ള ഒരൊറ്റയാള്‍ പോലുമില്ല എന്നര്‍ത്ഥം. കൊല്ലപ്പെട്ടവരുടെ പട്ടികയിലുള്ളത് ഉള്‍നാടുകളിലോ ചെറുപട്ടണങ്ങളിലോ പ്രവര്‍ത്തിക്കുന്ന എളിയ, ഇംഗ്ലീഷിതര പശ്ചാത്തലമുള്ളവരാണ്. ഏറിയ പങ്കും എഴുതിയത് ഇന്ത്യന്‍ ഭാഷകളില്‍, ഇന്ത്യന്‍ (ചിലപ്പോള്‍ പ്രശസ്തമായ) പ്രസിദ്ധീകരണങ്ങളിലാണ്. പലപ്പോഴും അവര്‍ ഫ്രീലാന്‍സ് ചെയ്യുന്നവരോ സ്ട്രിംഗര്‍മാരോ ആയിരുന്നു. സ്ഥിരം പത്രപ്രവര്‍ത്തകരാണെങ്കില്‍ അധികാരശ്രേണിയുടെ താഴെക്കിടയിലുള്ളവരും.  മിക്കവരും പ്രവര്‍ത്തിച്ചിരുന്നത് അച്ചടി മാധ്യമങ്ങളിലായിരുന്നു. എങ്കിലും  ഇക്കൂട്ടത്തില്‍ കശ്മീരിലെ ദൂരദര്‍ശനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൊല്ലപ്പെട്ടവരുമുണ്ട്. ആജ് തക് എന്ന ജനകീയ ചാനലില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൊല്ലപ്പെട്ട അക്ഷയ് സിംഗുമുണ്ട്. ഡല്‍ഹി ആസ്ഥാനമായ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. പക്ഷേ അതെല്ലാം ഒറ്റപ്പെട്ട ഉദാഹരണങ്ങളാണ്.എന്നാല്‍ ഗൗരി ലങ്കേഷ് വന്‍നഗരത്തിലെ പത്രപ്രവര്‍ത്തകയായിരുന്നു. (വിനീതവിധേയരായ കോര്‍പറേറ്റ് കൂലിയെഴുത്തുകാരുടെ നേര്‍വിപരീതമായിരുന്നെങ്കിലും). എങ്കിലും അവര്‍ പ്രധാനമായും അച്ചടിമാധ്യമപ്രവര്‍ത്തകയും ഇംഗ്ലീഷിലല്ലാതെ കന്നഡയില്‍ എഴുതുന്നയാളുമായിരുന്നു.ഉയര്‍ന്ന സ്വാധീനമുള്ള കോര്‍പറേറ്റ് മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതരാണ്. ഇതു വരെയെങ്കിലും! അവരുടെ മുതലാളിമാരുടെ വര്‍ഗവും ജാതിയും സാമൂഹ്യപദവിയും അവര്‍ക്ക് ഒരു പരിധിവരെ സംരക്ഷണം നല്‍കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ മുന്തിയ പത്രപ്രവര്‍ത്തകരുടെ പേരില്ല എന്ന കാര്യം അവര്‍ കൂടുതല്‍ സുരക്ഷിതരാണ് എന്നു മാത്രമല്ല പറഞ്ഞു തരുന്നത്. അവര്‍ സ്വാധീനമുള്ളവരെ വെല്ലുവിളിക്കുന്ന ഒന്നും ചെയ്യാന്‍ സാധ്യതയില്ല എന്നു കൂടിയാണ്.എന്നാല്‍ ആ സംരക്ഷണവലയത്തിനാണ് ഗൗരി  ലങ്കേഷിന്റെ ഘാതകര്‍ കോട്ടം വരുത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ശക്തമായ കോര്‍പറേറ്റ് സ്ഥാപനത്തിന്റെ പിന്‍ബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ക്ക് നിങ്ങളെ കൊല്ലാം. നിങ്ങളുടെ കാഴ്ചപ്പാടുകളുടെയോ വസ്തുതകളുടെയോ പ്രകാശനം നിങ്ങളുടെ സ്ഥാപനം കടിഞ്ഞാണിടുകയോ അരിച്ചെടുക്കുകയോ നേര്‍പ്പിക്കുകയോ ചെയ്താലും അവര്‍ നിങ്ങളെ കൊല്ലാം! ലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ച്,കൊലപാതകികളെ കുറിച്ച് നമുക്ക് ഇനിയും ഏറെ അറിയാനുണ്ടെങ്കിലും ഇത്രയും കാര്യങ്ങള്‍ വ്യക്തമാണ്. സംരക്ഷിതവംശമെന്ന മാധ്യമപ്രവര്‍ത്തകരുടെ പദവി എടുത്തു മാറ്റപ്പെട്ടിരിക്കുന്നു.സ്ഥിതിഗതികള്‍ ഇതിനെക്കാള്‍ മോശമാകില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? തീര്‍ച്ചയായും ഇതിനെക്കാള്‍ മോശമാകാം. ഗൗരിയെ കൊന്നവരുടെ മേല്‍വിലാസം നമ്മെ അത്ഭുതപ്പെടുത്തിയാല്‍ പോലും അവരുടെ വെറുപ്പുപട്ടിക ഇനിയും തീര്‍ന്നിട്ടില്ല. അപ്പോള്‍ ചുണകെട്ട മാധ്യമനേതൃത്വം എന്തു ചെയ്യും? മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥന്മാര്‍ക്കിടയില്‍, സര്‍ക്കാര്‍ പൊതുവിഭവങ്ങള്‍ സ്വകാര്യവല്‍കരിക്കുന്നതിന്റെ ഓരോ ചുവടില്‍ നിന്നും ഗുണഫലമനുഭവിക്കുന്നവരുണ്ടെങ്കില്‍ എന്തു ചെയ്യും? അവര്‍ ‘ഒറ്റപ്പെട്ട തീവ്രവാദി ചെയ്തി’കളെ ‘കടിഞ്ഞാണിടേണ്ട’ ആവശ്യകതയെക്കുറിച്ച് മുഖപ്രസംഗങ്ങളെഴുതും.  അത്തരം ഭ്രാന്തന്മാര്‍ അരികുകളിലല്ല ഉള്ളതെന്നും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉള്‍ക്കാമ്പിനാണ് ഭ്രാന്തുള്ളതെന്നും അവര്‍ ഒരിക്കലും സമ്മതിക്കില്ല. നിലവിലുള്ള മൗനത്തിന്റെയും ഒന്നും കണ്ടില്ലെന്ന നാട്യങ്ങളുടെയും പ്രേരണകളുടെയും ബലത്തിലാണ് ധാര്‍മ്മിക അപഭ്രംശങ്ങള്‍ അതിജീവിക്കുന്നതെന്ന് അവര്‍ ഒരിക്കലും കാണില്ല. അവരുടെ ‘ശത്രുക്കള്‍’ക്ക് മാനഹാനി വരുത്തുന്നതും അവരെ കുടുക്കുന്നതുമായ ദൃശ്യങ്ങളും രേഖകളും ചമയ്ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അവര്‍ പട്ടും വളയും നല്‍കും. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയ എഴുത്തുകാരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യും. രാജ്യത്തെ പരമോന്നത പദവികളില്‍ ഇത്രയും താഴ്ന്ന ധര്‍മ്മനിഷ്ഠ വളരെ വിരളമായി മാത്രമേ (ചിലപ്പോള്‍ ഇതിനു മുമ്പൊരിക്കല്‍ പോലുമില്ല) ഒളിപ്പിച്ചു വെക്കപ്പെട്ടിട്ടൂള്ളൂ എന്നറിഞ്ഞു കൊണ്ടു തന്നെ അവര്‍ മൗനം പാലിക്കും. അത്തരം നേതൃത്വ സംസ്‌കാരം സമൂഹത്തിലെ ഏറ്റവും കെട്ടതിനെ പുറത്തെടുക്കുകയും ഏറ്റവും മികച്ചതിന്റെ കഴുത്തു ഞെരിക്കുകയും ചെയ്യുന്നു.കൊലപാതകങ്ങള്‍ തുടരുക തന്നെ ചെയ്യും. സംരക്ഷിക്കപ്പെട്ട ഉപവംശം അവരാണെന്ന് കൊലപാതകികള്‍ക്ക് ഇപ്പോള്‍ അറിയാം. അവരുടെ ശ്രേണിയിലെ ഏറ്റവുമടിയിലുള്ള ചിലര്‍ ബലിയാടാക്കപ്പെട്ടേക്കാം. എങ്കിലും കുരിശുയുദ്ധം തുടരുക തന്നെ ചെയ്യും. അവരുടെ കയ്യില്‍ ഒരു പട്ടികയുണ്ടെന്നത് വ്യക്തമാണ്. അവരതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. അവര്‍ ശിക്ഷാഭീതിയില്ലാതെ  പ്രവര്‍ത്തിക്കും. ശിക്ഷയില്‍ നിന്നുള്ള ഒഴികഴിവ് അവര്‍ക്ക് ദാനം നല്‍കിയിരിക്കുകയാണല്ലോ. ആരെങ്കിലും പിടിക്കപ്പെട്ടാല്‍ തന്നെയത് തങ്ങള്‍ക്കിടയിലെ അപ്രധാനികളാകുമെന്ന് അവര്‍ക്കറിയാം. പന്‍സാരെയുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ പിടിക്കപ്പെട്ടവര്‍ക്കെതിരെയുള്ള കേസുകള്‍ പോലും ദുര്‍ബലമാക്കപ്പെടുകയും തകര്‍ന്നു തരിപ്പണമാകുന്നതു വരെ തുരങ്കം വെക്കപ്പെടുകയും ചെയ്യും. വീണ്ടും ശര്‍മ്മയുടെ പരിഹാസത്തിലേക്ക് തിരിച്ചു പോകാം. പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്ത എഴുത്തുകാര്‍ക്കെതിരെയുള്ള അധിക്ഷേപത്തെ ചൊല്ലി പ്രധാനമന്ത്രി ശര്‍മ്മയെ ശകാരിച്ചില്ല. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ശര്‍മ്മക്ക് പ്രതിഫലവും നല്‍കി. ലുട്ട്യെന്‍സിന്റെ ഡല്‍ഹിയിലെ ഏറ്റവും മികച്ച കെട്ടിടങ്ങളിലൊന്ന്,രാഷ്ട്രപതി അബ്ദുല്‍കലാം പദവിയില്‍ നിന്ന് വിരമിച്ചതിനുശേഷം താമസിച്ചിരുന്ന വസതി ശര്‍മ്മക്ക് നല്‍കി. (അത് ശാസ്ത്ര മ്യൂസിയമാക്കണമെന്ന് കലാമിന്റെ കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.)ഒരാഴ്ചക്ക് മുമ്പ് ശര്‍മ്മക്ക് മറ്റൊരു ചുമതല കൂടി ലഭിച്ചു-പരിസ്ഥിതി,വനം,കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ ചുമതല. രാജ്യത്തിന്റെ സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ ഗുരുതരമായ കാലാവസ്ഥാവ്യതിയാനമുണ്ടാക്കുന്നതിലേക്ക് അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ടെന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്.നാം ഇപ്പോള്‍ ചെയ്യേണ്ടതെന്താണ്? ശര്‍മ്മയുടെ അഭിപ്രായം കേള്‍ക്കുകയും ‘ആദ്യം എഴുത്തു നിര്‍ത്തുകയും’ ചെയ്യേണ്ടതുണ്ടോ? ഗൗരി ലങ്കേഷിന്റെ കൊലപാതകികളുടെ സന്ദേശം സ്വീകരിക്കണമോ?  ഗൗരിയുടെയും സ്വാതന്ത്ര്യത്തെ ഓജസ്സോടെ നിലനിര്‍ത്താന്‍ പോരാടിയ എഴുത്തുകാരുടെയും കവികളുടെയും കലാകാരന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും നിര്‍ഭയത്വത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടതുണ്ടോ? നമുക്കെല്ലാവര്‍ക്കും വേണ്ടിയാണ് ഗൗരി ലങ്കേഷ് പോരാടിയത്. നമുക്ക്  ഗൗരിക്ക് വേണ്ടി പോരാടാം. അവരുടെ ജീവനെടുത്ത ഭീകരതയെ ചങ്കൂറ്റത്തോടെ നേരിടാം.
കടപ്പാട്: thewire.in

വിവ: കെ സി

You must be logged in to post a comment Login