മരണം പൂമരമായി മാറിയ ഒരുവള്‍

മരണം പൂമരമായി മാറിയ ഒരുവള്‍

കിലേഹഹശഴലി്വമസശേീി എന്നൊരു വാക്കുണ്ട് ചരിത്രത്തില്‍. നാസിജര്‍മനിയിലാണ് പിറവി. അഡോള്‍ഫ് ഹിറ്റ്‌ലറാണ് പിതാവ്. ഇന്റലിജെന്‍ഷ്യാ ആക്ഷന്‍ എന്ന് വിശദീകരിച്ചാല്‍ അര്‍ത്ഥത്തിലേക്ക് ജനല്‍ തുറക്കും. വാതില്‍ തുറക്കണമെങ്കില്‍ പരിപാടി അറിയണം. പോളണ്ടിനുവേണ്ടി പ്രത്യേകം തയാറാക്കിയ വംശഹത്യാപദ്ധതിയാണ് സംഗതി. പോളിഷ് അധിനിവേശം സമ്പൂര്‍ണമാക്കാന്‍ ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അന്ത്യവര്‍ഷത്തില്‍ തുടങ്ങിയ പദ്ധതി. പോളണ്ടിലെ പ്രതിഭാശാലികളെ കൂട്ടക്കൊല നടത്തലാണ് പരിപാടി. പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, അധ്യാപകര്‍, എഴുത്തുകാര്‍, സാങ്കേതിക വിദഗ്ധര്‍, ബുദ്ധിജീവികള്‍ അങ്ങനെ പോളണ്ടില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന മുഴുവന്‍ സാന്നിധ്യങ്ങളെയും കൂട്ടക്കശാപ്പ് ചെയ്യുക. പതിവ് പോലെ ഹിറ്റ്‌ലര്‍ കുരുതിക്ക് സിദ്ധാന്തം ചമച്ചു.

“”Poles can only have one master, and that is the German; two masters cannot and must not exist side by side; therefore, all representatives of the Polish intelligentsia should be eliminated [umbringen]. This sounds harsh, but such are the laws of life.”

”എല്ലാം പോളണ്ടിന്റെ നന്മക്ക്. ഒരു ജനതക്ക് ഒരു മാസ്റ്ററേ പാടുള്ളൂ. ഒറ്റ നേതാവ്. രണ്ട് നേതാക്കള്‍ക്ക് ഒരുമിച്ച് നില്‍ക്കല്‍ അസാധ്യം. അതിനാല്‍ ഒറ്റ നേതാവിന്റെ സൃഷ്ടിക്ക് തടസ്സമാകുന്ന ബുദ്ധി കൊല്ലപ്പെടണം.”. കൊന്നു. ഒറ്റവര്‍ഷം കൊണ്ട് ഒരുലക്ഷം മനുഷ്യര്‍, പ്രതിഭാശാലികളും പോരാളികളും ഉള്‍പ്പെടെ ഒരു ലക്ഷം പേരെ കൊന്നുകളഞ്ഞു. രാഷ്ട്രീയ അപകടകാരികള്‍ എന്ന് ഹിറ്റ്‌ലറുടെ ഗെസ്റ്റപ്പോക്കും പോളണ്ടില്‍ അധിനിവേശം നടത്തിയ നാസിപ്പടയിലെ തെമ്മാടികള്‍ക്കും തോന്നിയ മനുഷ്യരെ കൂട്ടക്കൊല ചെയ്തു. ഒരു ലക്ഷം പേര്‍ പോളിഷ് സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷരായി. കുഞ്ഞുങ്ങള്‍, അമ്മമാര്‍, വൃദ്ധര്‍ ഭേദവിചാരമില്ലാത്ത കൂട്ടക്കൊല. അങ്ങനെ കൊന്നുകൊന്നാണ് ഒറ്റനേതാവായി ഹിറ്റ്‌ലര്‍ മാറിയത്. അങ്ങനെ ഒറ്റയായാണ് അയാള്‍, മനുഷ്യരാശി ദര്‍ശിച്ച ഏറ്റവും ക്രൂരനായ ഭരണാധികാരി സ്വയം മരിച്ചത്.

വിവേകികളെയും ജ്ഞാനികളെയുമാണ് സമഗ്രാധിപത്യത്തിനും ഫാഷിസത്തിനും ഭയം. എല്ലാ വ്യക്ത്യാധിപത്യങ്ങളും അവരെ ഇല്ലാതാക്കിയിട്ടേയുള്ളൂ. മജ്ജയും മാംസവും തൊലിയും കായബലവും മാത്രമാണ് മനുഷ്യന്‍ എന്ന് അകമേ ധരിക്കുകയും ആ കായബലത്തിനായുള്ള പരിശ്രമങ്ങള്‍ മാത്രം നടത്തുകയും ചെയ്യും അവര്‍. അതിനപ്പുറമുള്ള മനുഷ്യരെ, അതിനപ്പുറമാണ് മനുഷ്യന്‍ എന്ന് വിളിച്ചുപറയുന്നവരെ അവര്‍ കൊല്ലും. കൊല്ലാനുള്ള ബലം ഇല്ലെങ്കില്‍ കൊലവിളിക്കും. കൊലവിളിയില്‍ ഭയപ്പെടാത്തവരെ, ശാരീരികമായി അവര്‍ ദുര്‍ബലരാണെന്ന് ഉറപ്പാക്കിയാല്‍ വെടിവെച്ച് കൊല്ലും. പിസ്റ്റളാണ് ഇഷ്ടായുധം. ഫാഷിസം ഉണ്ടായ ഇറ്റലിയില്‍, ഫാഷിസ്റ്റുകള്‍ ഉണ്ടാക്കിയ പിസ്റ്റള്‍ കൊണ്ടാണ് നാഥുറാം ഗോഡ്‌സേ ഗാന്ധിജിയെ കൊന്നത്. 606824 എന്ന് നമ്പര്‍ ചേര്‍ത്ത ബെരേറ്റ എന്ന് മുദ്രവെച്ച ആ പിസ്റ്റള്‍ നിര്‍മിച്ചത് 1934-ലാണ്. മുസോളിനിയുടെ ഇറ്റലിയാണ് അന്ന്.
വെടികൊണ്ട് വീഴുമ്പോള്‍ ഗാന്ധിജിയും വൃദ്ധനായിരുന്നു. ഗാന്ധിജിയും പത്രാധിപരായിരുന്നു. മതനിരപേക്ഷതക്ക് വേണ്ടി വാദിച്ചു എന്നതും മതവിവേചനം പാടില്ലെന്ന് ശഠിച്ചതും ന്യൂനപക്ഷങ്ങള്‍ക്ക് നീതിലഭിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതുമായിരുന്നു ഗാന്ധിജിയുടെയും കുറ്റം. അവര്‍ ഗാന്ധിജിയെ ഭയപ്പെട്ടു. അതിനാല്‍ കൊന്നുകളഞ്ഞു. ഗൗരി ലങ്കേഷിനെ ബംഗളൂരുവില്‍ കൊന്നുകളഞ്ഞതുപോലെ. വൃദ്ധയായിരുന്നു, പത്രാധിപയായിരുന്നു, മതനിരപേക്ഷതാ വാദിയായിരുന്നു, സംഘപരിവാര്‍ വിരുദ്ധയായിരുന്നു, ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കൊല്ലപ്പെടുമ്പോള്‍ ഗൗരിലങ്കേഷ്.

ആരായിരുന്നു ഗൗരി ലങ്കേഷ്
ഒറ്റ മരണം കൊണ്ട് പൂമരമായി മാറിയ ഒരുവളെ എന്തിനിനി പരിചയപ്പെടുത്തണം? ധീരര്‍ക്ക് ഒറ്റ മരണമേ ഉള്ളൂ എന്ന് പ്രവചനമുണ്ടല്ലോ? ഭീരുക്കളാണല്ലോ പലവട്ടം മരിക്കുക? ഹിറ്റ്‌ലറെപ്പോലെ, മുസോളിനിയെപ്പോലെ. കായം മാത്രം അഭയമായവര്‍ ഭയം കൊണ്ട് വീഴുന്ന മരണങ്ങള്‍ എത്രയെത്ര? ഗൗരിലങ്കേഷ് നിര്‍ഭയ ആയിരുന്നു. അവരുടെ പിതാവ് പി. ലങ്കേഷും നിര്‍ഭയനായിരുന്നു. കന്നഡ സാഹിത്യത്തിലും കര്‍ണാടകയുടെ സാംസ്‌കാരിക ലോകത്തും പി. ലങ്കേഷിന് ആമുഖങ്ങള്‍ വേണ്ട. നാടകങ്ങളും കാവ്യങ്ങളും പടപ്പാട്ടുകളുമായി ലങ്കേഷ് കന്നഡയുടെ ജീവനിലുണ്ട്. എല്ലാ അര്‍ത്ഥത്തിലും തീപ്പൊരി. ചിന്തകനായിരുന്നു. എല്ലാത്തരം അന്ധവിശ്വാസങ്ങളെയും എതിര്‍ത്തു. മക്കളെ മാതൃകകളായി വളര്‍ത്തി. കന്നഡയുടെയും ഇന്ത്യയുടെയും ചരിത്രത്തില്‍ ലങ്കേഷ് തലയുയര്‍ത്തി നില്‍ക്കുന്നത് പക്ഷേ, മറ്റൊരു കാരണത്താലാണ്. നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ അപ്പോസ്തലനായി. 1980-ല്‍ ലങ്കേഷ് ആരംഭിച്ച ലങ്കേഷ് പത്രിക വിപ്ലവകരമായ മാതൃകയായിരുന്നു. പരസ്യം സ്വീകരിക്കില്ല എന്നതായിരുന്നു ഒരു തീരുമാനം. പരസ്യം വാര്‍ത്തകളെയും നിലപാടുകളെയും സ്വാധീനിക്കും. അതിനാല്‍ ലങ്കേഷ് പത്രികയില്‍ പരസ്യങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ചു. സര്‍ക്കുലേഷന്‍ മാത്രം മതി വരുമാനം എന്ന് ഉറപ്പിച്ചു. പരസ്യത്തിന് പിന്നാലെ പോയാല്‍ നിലപാടില്‍ വെള്ളം ചേര്‍ക്കേണ്ടി വരുമെന്ന് ഭയപ്പെട്ടു. അത് പത്രപ്രവര്‍ത്തനത്തിന്റെ ആര്‍ജവത്തെ തകര്‍ക്കുമെന്ന് വിശ്വസിച്ചു.

പി. ലങ്കേഷിന്റെയും ലങ്കേഷ് പത്രികയുടെയും കാലം ഓര്‍മിക്കണം. എണ്‍പതുകളാണ്. ചാനലുകളില്ല. സോഷ്യല്‍ മീഡിയ സ്വപ്‌നത്തിലില്ല. പത്രമാണ് ശക്തം. പത്രമാണ് നിര്‍മാണവും നിഗ്രഹവും. അധികാരത്തിന്റെ ഇടനാഴി എന്ന വാക്ക് വേരുറച്ച കാലം. ആ ഇടനാഴി മുഴുവന്‍ പത്രക്കാരെക്കൊണ്ട് നിറഞ്ഞ കാലം. ഖുശ്‌വന്ത്‌സിംഗ് മുതല്‍ മാധവന്‍കുട്ടിവരെയുള്ള പ്രാമാണികരുടെ മേളപ്പെരുക്കങ്ങള്‍ക്കിടയില്‍ ലങ്കേഷ് വേറിട്ട പെരുമ്പറയായി. ലിബറല്‍ ചിന്തകളുടെ തേരോട്ടമായിരുന്നു ലങ്കേഷ് പത്രികയില്‍ എമ്പാടും. കന്നഡയിലെ തീ പാറുന്ന ചിന്തകള്‍ തട്ടും തടയലുമില്ലാതെ ലങ്കേഷ് പത്രികയിലൂടെ പുറത്ത് വന്നു. സിദ്ധലിംഗയ്യയും ഡി. ആര്‍ നാഗരാജും പോലുള്ള അന്നത്തെ യുവാക്കള്‍ പത്രികയുടെ കണ്ടെത്തലായിരുന്നു. 2000 ജനുവരി 24-ന് അവസാന പംക്തിയുമെഴുതി മരിച്ചുപോകും വരെ രണ്ട് പതിറ്റാണ്ട് നീണ്ടു പി. ലങ്കേഷിന്റെ മാധ്യമ ജീവിതം.

ലങ്കേഷ് മരിക്കുമ്പോള്‍ ഗൗരിക്ക് 37 വയസാണ്. ലങ്കേഷിന്റെ തീ തെല്ലും ചോരാതെ സൂക്ഷിച്ച മകളായിരുന്നു അവള്‍. ഡോക്ടറാകാന്‍ ആഗ്രഹിച്ചെങ്കിലും എത്തിച്ചേര്‍ന്നത് ജേണലിസത്തില്‍. ഇംഗ്ലീഷായിരുന്നു തട്ടകം. ടൈംസ് ഓഫ് ഇന്ത്യയിലും സണ്‍ഡേയിലും ഇന്ത്യാടുഡേയിലും. ചാനല്‍ കാലത്ത് ഗൗരി ‘ഈനാടി’ലെത്തി. സഹോദരങ്ങളായ കവിതയും ഇന്ദ്രജിത്തും അക്കാലമാകുമ്പോഴേക്കും സിനിമയില്‍ പ്രവേശിച്ചിരുന്നു.

അപ്രതീക്ഷിതമായിരുന്നല്ലോ ലങ്കേഷിന്റെ മരണം. പൊരുത്തപ്പെടാനാവാത്ത ശൂന്യതയെന്ന് ലങ്കേഷിന്റെ മരണത്തെപ്പറ്റി ഗൗരി എഴുതി. ‘ഈനാടിലും’ ഇംഗ്ലീഷിലും താന്‍ നടത്തിയതും നടത്തുന്നതുമായ ജേണലിസത്തിന് പിതാവിന്റേതുമായി ഒരു വിദൂര സാമ്യം പോലുമില്ല എന്ന് ഗൗരിക്ക് അറിയാമായിരുന്നു. അതിനാല്‍ തന്നെ ലങ്കേഷ് കുടുംബം പത്രിക നിര്‍ത്താന്‍ തീരുമാനിച്ചു. (ഇതൊക്കെ എഴുതപ്പെട്ടതാണ് കേട്ടോ. പക്ഷേ, പലയാവര്‍ത്തി എഴുതണം. ഓരോ എഴുത്തും ഗൗരിയുടെ ഓരോ പിറവിയാണല്ലോ?). പത്രിക നിര്‍ത്താന്‍ ആവശ്യപ്പെട്ട ലങ്കേഷിന്റെ മക്കളോട് പ്രസാധകന്‍ പറഞ്ഞ വാക്കില്‍ നിന്നാണ് ഫാഷിസ്റ്റുകളാല്‍ കൊല്ലപ്പെടാന്‍ ‘യോഗ്യ’യായ ഗൗരി ഉണ്ടായത്. പത്രിക തുടരൂ. പോരാടി നോക്കൂ എന്നായിരുന്നു മാനി എന്ന ആ മനുഷ്യന്റെ പ്രതികരണം. കുടുംബത്തില്‍ ചെറിയ പിളര്‍പ്പുകള്‍ സംഭവിച്ചിരുന്നു. ലങ്കേഷ് പത്രിക രണ്ടായി. സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് പത്രികയെന്ന ദിനപത്രവുമായി മുന്നോട്ട് പോയി. കവിത സിനിമയില്‍ ഉറച്ചു. ഗൗരി സ്വന്തം പേരില്‍ ഗൗരി ലങ്കേഷ് പത്രിക തുടങ്ങി. ലങ്കേഷിനുള്ള അന്ത്യാഭിവാദ്യമായി ഗൗരി ആ ടാബ്ലോയിഡിനെ പരിവര്‍ത്തിപ്പിച്ചു. പരസ്യങ്ങള്‍ സ്വീകരിച്ചില്ല. മതനിരപേക്ഷതയുടെ പക്ഷത്ത് ഗൗരി ആ പത്രികയെ ചേര്‍ത്തുകെട്ടി. ഇന്ത്യയില്‍ വലതുപക്ഷ സമഗ്രാധിപത്യം ഹിന്ദുത്വയുടെ ബ്രാന്‍ഡില്‍ കളം പിടിക്കുന്ന ഘട്ടം. ദക്ഷിണേന്ത്യയില്‍ അവര്‍ക്ക് നിലം തൊടാന്‍ പറ്റിയ ഏക മണ്ണായിരുന്നല്ലോ കര്‍ണാടക. അവര്‍ നിലം തൊടുകയും ചെയ്തിരുന്നു. അവര്‍ നിലം തൊട്ടാല്‍ എന്താ ഉണ്ടാവുക? അതെല്ലാം ബംഗളൂരുവില്‍, ഇന്ത്യയുടെ ഐ.ടി ഹബ്ബില്‍ ഉണ്ടായി. ഗൗരി അതിനെതിരെ എഴുതി, പ്രവര്‍ത്തിച്ചു. സംഘപരിവാറിന്റെ ഒന്നാം നമ്പര്‍ ശത്രുവായി ഗൗരി മാറി. പത്രികക്കപ്പുറം ഗൗരി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
ജെ.എന്‍.യു വിലെ ആ രാത്രി നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? ഇന്ത്യന്‍ സര്‍ഗാത്മകതയുടെ കേളീനിലമായ ജെ.എന്‍.യു വിലെ ആ രാത്രി?. കനയ്യകുമാറിന്റെ ആ പ്രസംഗം. ശേഷമുയര്‍ന്ന ആസാദി ഗാനം? ഇന്ത്യന്‍ ഫാഷിസത്തെ ഇത്രമേല്‍ ഭയപ്പെടുത്തിയ മറ്റൊന്ന് സമീപകാല ചരിത്രത്തില്‍ ഇല്ല. കനയ്യയുടെ ചരിത്രപരമായ ആ പ്രഭാഷണാനന്തരം ഗൗരി കനയ്യയെ മകനായി വരിക്കുന്നുണ്ട്. അപൂര്‍വമായി മാത്രം ചരിത്രത്തില്‍ സംഭവിക്കുന്ന അപാരമായ ഒരു ഇടിമിന്നലിനെ ഗൗരി സ്വാംശീകരിക്കുന്നുണ്ട്. വേേു:െ//ംംം.്യീൗൗേയല.രീാ/ംമരേവ?്=5ൂ്ശഏഎ5്യ0ാങ ഇതാണ് ലിങ്ക്. വീണ്ടും വീണ്ടും കാണൂ. വെറുതേ വിടുമോ കായബലത്താല്‍ കയ്യാളുന്ന ഫാഷിസ്റ്റുകള്‍. വെറുതേ വിട്ടില്ല. ഭീഷണികളെ വകവെച്ചില്ല. കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോള്‍ വേണമെങ്കില്‍ പേടിക്കാമായിരുന്നു. പേടിച്ചില്ല.

ഏറ്റവുമൊടുവില്‍
സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമായിരുന്നു. സര്‍വേപ്പിള്ളി രാധാകൃഷ്ണന്‍ എന്ന ഇന്ത്യയുടെ രണ്ടാം രാഷ്ട്രപതിയുടെ ജന്മദിനം. ഹിന്ദുത്വ എന്ന ആശയത്തെ ഏകശിലാത്മകമായി ക്രോഡീകരിച്ചതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ സംഭാവന. ആ ഏകശിലാത്മകത്വം രൗദ്രഭാവം പൂണ്ട് അന്നേ ദിവസം പിസ്റ്റെളടുത്തു. 1948-ല്‍ ഒരു വൃദ്ധനെഞ്ചിലേക്ക് നിറയൊഴിച്ച അതേതരം പിസ്റ്റള്‍. പിന്നില്‍ നിന്ന് വെടിയുതിര്‍ത്തു. കൊന്നു.
ഗൗരിയുടെ അവസാന ആശങ്ക കേള്‍ക്കണോ? കേട്ടിരിക്കും. എങ്കിലും വീണ്ടും കേള്‍ക്കൂ. റോഹിങ്ക്യന്‍ മുസ്‌ലിം അഭയാര്‍ഥികളെ തിരിച്ചയക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ. മരിച്ചയന്നു പകല്‍ സമയം 2.42 ന് അവര്‍ ആ ആശങ്ക പങ്കുവെച്ചിരുന്നു. ഇന്ത്യക്ക് ചരിത്രപരമായി ബാധ്യതയുണ്ട് ആ പ്രശ്‌നത്തില്‍. മറ്റൊരു സന്ദര്‍ഭത്തില്‍ അത് പറയാം.

ഗൗരി ധീരയായിരുന്നു. ഫാഷിസ്റ്റുകള്‍ക്ക് മാത്രം കൊല്ലാന്‍ കഴിയുന്നത്ര സത്യസന്ധയായിരുന്നു. അതുകൊണ്ടല്ലേ മരണശേഷം അവര്‍ അവരെ ഇത്ര രൂക്ഷമായി വേട്ടയാടുന്നത്. ഗൗരിയോട് സുഹൃത്തും ആക്ടിവിസ്റ്റുമായ കെ.പി ശശി ഐക്യദാര്‍ഢ്യപ്പെട്ടത് വായിക്കൂ. പരിഭാഷ നമ്മളാണ്. ഏറെക്കുറെ ഇങ്ങനെയാണ്.
…നിങ്ങളുടെ ഈ കൊടുംമിന്നലുകള്‍ക്കും
ഇടിമുഴക്കങ്ങള്‍ക്കും ശേഷം
പുതിയ വിത്തുകളെ മുളപ്പിച്ചുകൊണ്ട്
സ്വാതന്ത്ര്യത്തിന്റെ
അനന്തവും വൈചിത്ര്യഭരിതവുമായ
വര്‍ണങ്ങളെ വിതാനിച്ചുകൊണ്ട്
ഒരു പുതുമഴ പെയ്യും.
അപ്പോഴും ആ ഗാനം ഞാന്‍ പാടും.
വരാനിരിക്കുന്ന മുഴുവന്‍ ഗാനങ്ങള്‍ക്കും വേണ്ടി..
അതാണ് സത്യം. പാട്ടുകള്‍ ഉയരും. ഉയരാതിരിക്കില്ല. യു.പി ജയരാജ് മറ്റൊരു ഭാഷയില്‍ പറഞ്ഞത് വായിച്ച് നമുക്ക് ഗൗരിയോട് ഐക്യദാര്‍ഢ്യപ്പെടാം.
‘നിലം പതിക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സുപോലെ പുതുതായി മറ്റൊരാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്. സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീര യോദ്ധാവും രാമബാണം പോലെ , സഹസ്രങ്ങളായി പെരുകുന്നുമുണ്ട് . വെയില്‍ ചിന്നുന്നുണ്ട് . ഓര്‍മ്മകള്‍ ഉണരുന്നുണ്ട് . കാക്കകള്‍ കരയുന്നുണ്ട് . മരങ്ങള്‍ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്. ചൂഷണം പെരുകുന്നുണ്ട് . അതു കൊണ്ടുതന്നെ സമരം തുടരുന്നുമുണ്ട്.’
അവര്‍ക്ക് ഈ ഉപമ പെട്ടെന്ന് തിരിയും. തിരിയട്ടെ. ഈ കുറിപ്പില്‍ പറഞ്ഞ ഒരു വാചകം എന്നെ വിളിക്കുന്നു. അത് വായിച്ച് അവസാനിപ്പിച്ചോളൂ.
”അങ്ങനെ കൊന്നുകൊന്നാണ് ഒറ്റനേതാവായി ഹിറ്റ്‌ലര്‍ മാറിയത്. അങ്ങനെ ഒറ്റയായാണ് അയാള്‍, മനുഷ്യരാശി ദര്‍ശിച്ച ഏറ്റവും ക്രൂരനായ ഭരണാധികാരി സ്വയം മരിച്ചത്.”

കെ കെ ജോഷി

You must be logged in to post a comment Login