മത്സരിക്കുന്നതെന്തിന് നാം?

മത്സരിക്കുന്നതെന്തിന് നാം?

കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
(പൂന്താനം – ജ്ഞാനപ്പാന)

സുഭാഷ് ചന്ദ്രന്‍ മലയാളത്തില്‍ മനുഷ്യനൊരാമുഖം കുറിച്ചപ്പോള്‍ അത് പുരുഷനൊരാമുഖമല്ലേ എന്ന് സന്ദേഹിച്ചവരുണ്ട്. അദ്ദേഹത്തിന്റെ ആദ്യനോവല്‍ വായനാസമൂഹം ഏറ്റെടുത്തത് പതിയെപ്പതിയെ ആണ്. അദ്ദേഹത്തിന്റെ തലമുറയിലും പില്‍ക്കാലക്കാരിലും പെട്ട പല എഴുത്തുകാരുമായും തട്ടിച്ചുനോക്കുമ്പോള്‍ ഏറെയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ല അദ്ദേഹത്തിന്റെ കൃതികള്‍. കഥകള്‍ മോശമായത് കൊണ്ടല്ല. സെല്‍ഫ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വശമില്ലാത്തതും വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ‘കരുത്തില്ലാത്തതും’ കാരണങ്ങളായി വേണമെങ്കില്‍ പറയാം. മനുഷ്യന് ഒരു ആമുഖം സ്ത്രീ വിരുദ്ധമാണെന്ന് ആക്ഷേപിച്ച് വനിതാ കമ്മീഷനില്‍ നിന്ന് ലഭിച്ച വക്കീല്‍ നോട്ടീസ് മാറ്റിനിര്‍ത്തിയാല്‍ ഒരു വിവാദത്തിലും ചെന്നുചാടാന്‍ അദ്ദേഹം താല്പര്യം കാട്ടിയിട്ടില്ല. ആ നോട്ടീസ് പോലും അദ്ദേഹം ‘വേണ്ടവിധം’ ഉപയോഗപ്പെടുത്തിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലായിരുന്നെങ്കില്‍ നോവല്‍ കുറേക്കൂടി വേഗത്തില്‍ വായനയില്‍ തരംഗം സൃഷ്ടിച്ചേനെ.

നോവലിലെ കഥാപാത്രം ജിതേന്ദ്രന്‍ പ്രണയിനിക്കെഴുതിയ കുറിപ്പുകളിലൊന്നില്‍ ഇങ്ങനെ വായിക്കാം: ‘ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗ്ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷം കൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ട്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതമെന്ന് പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളെ, മനുഷ്യനായി പിറന്നതില്‍ എനിക്കഭിമാനിക്കാനൊന്നുമില്ല’. ഈ പ്രതിസന്ധി സ്വത്വപരമാണ്. മനുഷ്യന്‍ എന്ന സ്വത്വം തന്നെയാണ് അഭിമാനിക്കാന്‍ വകയൊന്നുമില്ലാതെ ഇവിടെ ജീവിതനൈരാശ്യങ്ങളിലേക്ക് തുറിച്ചുനോക്കുന്നത്. ‘മനുഷ്യന്‍, എത്ര മനോഹരമായ പദം’ എന്നിത്യാദി സാമ്പ്രദായിക വിചാരങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ പുനര്‍വായിക്കാനുള്ള ശ്രമമായും ഇതിനെ കാണാവുന്നതാണ്. അത്രയൊന്നും മനോഹരമല്ലാത്ത ജീവിതാവസ്ഥകളെ മിനുസമുള്ള വാക്കുകള്‍ കൊണ്ട് മാത്രം മനോഹരമാക്കാന്‍ കഴിയില്ലല്ലോ?

കഥ പോലെ സുന്ദരമാണ് സുഭാഷ് ചന്ദ്രന്റെ ഓര്‍മ്മക്കുറിപ്പുകള്‍. അവിടെ പക്ഷേ, എഴുത്തുകാരന്‍ സന്ദേഹിയാകുന്നില്ല. ‘സ്വന്തം സൃഷ്ട്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെ’ കുറിച്ചുള്ള നിരാശപ്പെടലല്ല, ജീവിതം കൊണ്ട് നിര്‍വഹിക്കാന്‍ പലതുമുണ്ടെന്ന പ്രതീക്ഷയാണ് ഓര്‍മ്മക്കുറിപ്പുകളില്‍ കനത്തുനില്‍ക്കുന്നത്. മറ്റുള്ളവരോട് മത്സരിച്ച് പാഴായിപ്പോകുന്ന എത്രയോ ജീവിതങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഈ മത്സരം വൈയക്തികം മാത്രമായി പരിമിതപ്പെടുന്നില്ല. മതം, ജാതി, രാഷ്ട്രീയം എന്നിങ്ങനെ ‘സാമൂഹികമായ’ പ്രതലങ്ങളില്‍ നിന്ന് കൊണ്ടുള്ള മത്സരവും തകൃതിയാണ്. അതിന്റെ നിരര്‍ത്ഥകതയാണ് ഭക്തകവി പൂന്താനം ജ്ഞാനപ്പാനയില്‍ ചൂണ്ടിക്കാട്ടിയത്. സുഭാഷ് ചന്ദ്രന്റെ ഓര്‍മ്മക്കുറിപ്പുകളുടെ രണ്ടു സമാഹാരങ്ങള്‍ക്കിട്ട പേര് നോക്കുക: മധ്യേയിങ്ങനെ, കാണുന്ന നേരത്ത്. ആരോടും മത്സരിക്കാനില്ലെന്ന് മറ്റെങ്ങനെയാണ് ഒരെഴുത്തുകാരന്‍ ഹൃദയം തുറക്കേണ്ടത്? മധ്യേയിങ്ങനെ എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയാണ് ‘കാണുന്ന നേരത്ത്.’

‘മിക്കവാറും അപക്വവും പലപ്പോഴും ബാലിശവുമായ എന്റെ മനസ്സില്‍ എത്ര കഴുകിത്തുടച്ചാലും പോകാതെ കിടക്കുന്ന ശബ്ദങ്ങളും ദൃശ്യങ്ങളുമാണ് ഇവ. ദൈവമേ, ഈ സുഭാഷ് ചന്ദ്രന്‍ എന്നെപ്പോലെത്തന്നെ എന്ന് എന്റെ വായനക്കാര്‍ ഭൂമിയിലെ ഏതെങ്കിലുമൊരു കോണിലിരുന്ന് വിസ്മയിക്കുമ്പോള്‍ ആ അപക്വതയ്ക്കും ബാലിശതയ്ക്കും അതേമട്ടില്‍ ജീവിതം തുടരാന്‍ അര്‍ഹത കിട്ടുന്നു.’ പുസ്തകത്തിന്റെ ആമുഖത്തില്‍ സുഭാഷ് ചന്ദ്രന്‍.

ആമുഖത്തിന്റെ ആദ്യവായനയില്‍ ബാലിശമായ ഓര്‍മകളാണ് ഇതിലെന്ന് ആരെങ്കിലുമൊക്കെ തെറ്റുധരിച്ചേക്കാം. അങ്ങനെയല്ല, ഈ ഓര്‍മകളില്‍ ചിലതെങ്കിലും ഇക്കാലത്തു നാം ആവര്‍ത്തിച്ച് വായിക്കേണ്ടതാണ്. രണ്ടു ഭാഗങ്ങളാണ് ഈ പുസ്തകത്തിനുള്ളത്. ആദ്യ ഭാഗത്ത് ഓര്‍മകളാണ്. രണ്ടാം ഭാഗം പ്രതികരണങ്ങളും. പുസ്തകത്തിലെ ഓര്‍മ്മകള്‍ കാലഗണന പ്രകാരം ക്രമീകരിക്കപ്പെട്ടതല്ല. അടുക്കിവെക്കാന്‍ ഓര്‍മകള്‍ പുസ്തകങ്ങളല്ലല്ലോ. ജീവിതം ചൂളം വിളിച്ചലറിപ്പായുമ്പോള്‍ ഇങ്ങനെ ചിലതെല്ലാം ഓര്‍ത്തെടുക്കാന്‍ കഴിയുന്നു എന്നത് തന്നെ വലിയ കാര്യമാണല്ലോ. സ്‌കൂളിലെ നാടകാനുഭവം പറഞ്ഞ ശേഷം എഴുത്തുകാരനെ നമ്മള്‍ കാണുന്നത് ‘രാജസ്മിതത്തോടെ പ്ലാസ്റ്റിക് കസേരയില്‍ ഇരിക്കുന്ന’ സാമൂതിരിപ്പാടിന്റെ മുമ്പിലാണ്. കോഴിക്കോടിന്റെ സ്‌നേഹം പറയുകയാണ് ഈ രണ്ടാമധ്യായത്തില്‍. ‘നഗരത്തിന്റെ ഒത്ത നടുവില്‍ ഒരു നാട്ടിന്‍പുറത്തുകാരന് ഒരു സംഭ്രമവുമില്ലാതെ നില്‍ക്കാം. ഹോട്ടലുകളില്‍ ബില്‍ഗേറ്റ്‌സിനെയും പൊക്കുടനെയും ഒപ്പം കാണാം. സാംസ്‌കാരിക സമ്മേളനമായാലും നായ്ക്കുരുണപ്പരിപ്പിന്റെ വില്പനയായാലും ഒരു പോലെ സദസ്സ് നിറയും. എത്ര തിരക്കിട്ടു പോകുന്നവനും ഒരു കോഴിക്കോടന്‍ നിഷ്‌കളങ്കതയോടെ വഴിവാണിഭക്കാരന് ചുറ്റും വട്ടമിടുന്നവരോട് ഒരു നിമിഷം ചുമലുരസി നില്‍ക്കും. രണ്ടുവട്ടം നോക്കിയാല്‍ ഏതപരിചിതനും ഹൃദ്യമായ ഒരു ചിരി കിട്ടും.’ ഒരു നഗരത്തെക്കുറിച്ചുള്ള ഈ ഓര്‍മ്മകള്‍ പോലും പ്രസക്തമാകുന്ന സാമൂഹികാന്തരീക്ഷം ഇവിടെയുണ്ട്. അപരിചിതത്വത്തിന്റെ ആകാശങ്ങളില്‍ മണ്ണും മനുഷ്യനുമായി ബന്ധമൊന്നുമില്ലാതെ സ്വന്തം ചിറകില്‍ പറന്നുനടക്കുന്നതിനിടയില്‍ പരസ്പരം ചിരിക്കാന്‍പോലും മറന്നുപോകുന്നു നമ്മളില്‍ പലരും.

‘കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി, മുസ്‌ലിം സാഹോദരന്‍മാരുടെ ഓരോ ആഘോഷവേളകളിലും ഞാനെന്റെ മൂത്തമകളുടെ ജന്മദിന സന്തോഷവും ചേര്‍ത്തുവെയ്ക്കാറുണ്ട്’ എന്നാണ് ഒരധ്യായം ആരംഭിക്കുന്നത് (മരുഭൂവിലെ ഉറവ). ഭാര്യ തന്റെ കടിഞ്ഞൂല്‍ കുഞ്ഞിന് ജന്മം നല്‍കുന്നതും കാത്ത് വടക്കന്‍ പറവൂരിലെ ഒരു സ്വകാര്യആശുപത്രി വരാന്തയില്‍ സംഭ്രമത്തോടെ നില്‍ക്കുന്ന എഴുത്തുകാരനെയാണ് നമ്മളിപ്പോള്‍ കാണുന്നത്. അദ്ദേഹത്തിന് സംഭ്രമിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. ‘ഞങ്ങളുടെ തൊട്ടടുത്ത മുറിയിലെ ഒരു മുസ്‌ലിം വൃദ്ധ എന്നെത്തന്നെ സാകൂതം ശ്രദ്ധിച്ചു കൊണ്ട് വാതില്‍ക്കല്‍ നിന്നിരുന്നു. കണ്ടുകൊണ്ടുള്ള ഒരു പരിചയത്തിന്റെ ബലത്തില്‍ അവര്‍ എന്റെ അടുത്ത വന്ന് കുശലം പറഞ്ഞു. അവരുടെ മകള്‍ക്കും സിസേറിയന്‍ പറഞ്ഞിരിക്കുകയാണ്. നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഭയപ്പെടാനൊന്നുമില്ല. ഇതൊക്കെ എത്രയോ ആയിരംവട്ടം ഈ ആശുപത്രിയില്‍ നടന്നിരിക്കുന്നു. അവര്‍ എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു’. കാത്തിരിപ്പിന് അറുതിയായി ഭാര്യ പ്രസവിച്ചപ്പോള്‍ മുസ്‌ലിംകള്‍ പുണ്യമായി കരുതുന്ന സംസം ജലം തന്റെ കുഞ്ഞിന്റെ വായിലേക്കിറ്റിച്ച് നല്‍കാനുള്ള ആ ഉമ്മയുടെ ആഗ്രഹത്തോട് എഴുത്തുകാരന്റെ പ്രതികരണമിങ്ങനെ: ”ഞാന്‍ സന്തോഷത്തോടെ തലയാട്ടി. എന്റെ ഭയസംഭ്രമങ്ങള്‍ക്ക് സാക്ഷിയായി നിന്ന ഒരാള്‍ വെച്ചുനീട്ടുന്ന ജലം. എന്റെ മകള്‍ക്ക് ആദ്യമായി നാവില്‍ തളിക്കാന്‍ ഇതിലും നല്ല മറ്റെന്തുണ്ട്?”

സമൂഹം അതിവേഗം മാറുകയാണ്. മനസ്സുകള്‍ക്കിടയില്‍ മതിലുകളുയരുന്നു. ഏതു നന്മയെയും സംശയദൃഷ്ടിയോടെ മാത്രം സമീപിക്കുന്ന മനോവൈകല്യം നമ്മെ പിടികൂടിയിരിക്കുന്നു. ഹിന്ദുവായ സുഭാഷ് ചന്ദ്രന്റെ കടിഞ്ഞൂല്‍ സന്തതിയുടെ വായിലൂടെ ആദ്യമായി അകത്തേക്ക് ചെന്ന പാനീയം മുസ്ലിമായ ഉമ്മ നല്‍കിയ സംസം ആണെന്ന് തുറന്നുപറയുന്നത് പോലും രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്ന കാലമാണിത്. പതിനൊന്ന് അധ്യായങ്ങളാണ് ആദ്യഭാഗത്തുള്ളത്. രണ്ടാം ഭാഗം പ്രതികരണങ്ങള്‍ എന്നെഴുതി വേര്‍തിരിച്ചിരിക്കുന്നുവെങ്കിലും അതിലെ മൂന്നധ്യായങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ശേഷിക്കുന്നത് വൈയക്തികാനുഭവങ്ങളും വായനാനുഭവങ്ങളും തന്നെ. ഒന്നാംഭാഗത്തിലെ ഓര്‍മകളുടെ തുടര്‍ച്ച എന്നും പറയാം.

അമീന്‍ മുബാറക് എം

You must be logged in to post a comment Login