ഹിജ്‌റയുടെ തത്വശാസ്ത്രം

ഹിജ്‌റയുടെ തത്വശാസ്ത്രം

പലായനം ഒരു ജീവിതത്തിന്റെ ഏറ്റവും കയ്‌പേറിയ അനുഭവമാണ്. വിയര്‍പ്പിന്റെ ഗന്ധമലിഞ്ഞുചേര്‍ന്ന മണ്ണിനോടും ബാല്യവും കൗമാരവും ആവാഹിച്ചെടുത്ത സാഹചര്യങ്ങളോടും ജീവിതത്തിന്റെ നിമ്‌നോന്നതികള്‍ ഒപ്പിയെടുത്ത ബന്ധുമിത്രാദികളോടും ആയുഷ്‌കാലം മുഴുവന്‍ ആര്‍ജ്ജിച്ച സമ്പാദ്യങ്ങളോടും വിടപറഞ്ഞ് ഒരന്യ ദേശത്തേക്ക് യാത്രപോവുക! പലായനത്തില്‍ വേവുന്ന ഒരു ഹൃദയമുണ്ട്. ലോകഭൂപടത്തില്‍ പലായനം ഒരുപാട് ചോരചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ചരിത്രകാരന്മാരും ദാര്‍ശനികരും കവികളും കഥാകാരന്മാരും പലായനം വിഷയമാക്കിയത്. ഡബ്ലിയു. എച്ച്. ഓഡ ന്റെ വരികളില്‍ ഒരു ‘മുഹാജിറി’ന്റെ ഗൃഹാതുരത്വം നമുക്ക് വായിച്ചെടുക്കാം.

There head falls forward, fatigued at evening
And dreams of home
waiving from window spread of welcome
Kissing of under single sheet
But walking sees
Bird-Flocks nameless to him through
door way voices
of new man making another love
സന്ധ്യാസമയത്ത് പരിക്ഷീണനായി തലകുനിച്ചിരുന്ന് വീടിനെക്കുറിച്ചും അവിടുത്തെ ആരവങ്ങളെക്കുറിച്ചും പ്രിയതമയുടെ ചുടുനിശ്വാസത്തെക്കുറിച്ചും സ്വപ്‌നം കാണുന്ന ‘മുഹാജിര്‍’ ഇരമ്പുന്ന കടലിന്റെ ഭീകരതയിലേക്ക് അപരിചിതത്വത്തിന്റെ കറുത്ത കാഴ്ചകളിലേക്ക് കണ്ണുതുറക്കുന്ന കാഴ്ച ഹൃദയഭേദകമായി അവതരിപ്പിക്കുന്ന കവി കേവല ‘ഹിജ്‌റ’ യുടെ മനഃശാസ്ത്രത്തിലേക്ക് നമ്മെ ആനയിക്കുന്നു.

ചരിത്രത്തിലൊരുപാട് പലായനങ്ങളുണ്ടായിട്ടുണ്ട്. പുരാതന ബ്രിട്ടണില്‍ സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റത്തില്‍ സ്വദേശികള്‍ പലായനം ചെയ്യേണ്ടി വരുന്നുണ്ട്. പലായനത്തിന്റെ ദുരന്തമുഖങ്ങളെക്കുറിച്ച് സ്വാതന്ത്ര്യാനന്തരഭാരതം തന്നെ നമ്മോട് സംസാരിക്കുന്നു. ഫലസ്തീനില്‍ യഹൂദ കുടിയേറ്റത്തെത്തുടര്‍ന്ന് പലായനം ഒരു തുടര്‍ക്കഥ തീര്‍ത്തുകൊണ്ടിരിക്കുന്നു. ഇന്ന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരന്തകഥകളാണ് കനവിലും നിനവിലും. ഇവക്കെല്ലാം അപ്പുറം തിരുനബിയുടെ ഹിജ്‌റ ഒരു പരിവര്‍ത്തനത്തിലേക്കുള്ള പലായനമായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിന്റെ വഴിത്തിരിവ് കുറിച്ച ഒരു മഹാസംഭവം.

ഗോത്രമഹിമയുടെ മണ്ണായിരുന്നു മക്ക. തറവാടിത്തവും തന്റേടവും അന്തസ്സും ആഭിജാത്യവും ഉള്ള ജനത. ശൈത്യകാലത്തും ഉഷ്ണകാലത്തും അവര്‍ വ്യവഹാരവും കച്ചവടവും സമൃദ്ധിയായി നടത്തുന്നു(വി.ഖു. 106:2). ആര്‍ഭാടവും ആഘോഷങ്ങളും അവര്‍ക്ക് വേണ്ടത്രയുണ്ട്. അവിടെ അനേകായിരം ദേവന്മാരെയും ദേവതകളെയും വണങ്ങുകയും പൂജിക്കുകയും ചെയ്യുന്ന ആജാനുബാഹുക്കള്‍. ഈ സാഹചര്യമാണ് തൗഹീദിന്റെ വെള്ളിനക്ഷത്രം ഉദിച്ചുയരാന്‍ മക്കയെ നിമിത്തമാക്കിയത്. അബലരും അശക്തരുമായ ഒരു ജനതയില്‍ ഒരു പ്രത്യയശാസ്ത്രം മുളച്ച് പൊന്തുകയും പടര്‍ന്ന് പന്തലിക്കുകയും ചെയ്യുന്നത് സ്വാഭാവികത മാത്രമാണ്. പക്ഷേ, അത് പോരാ. ശബ്ദം ബഹുദൈവങ്ങളുടെ കോട്ടകള്‍ക്കുള്ളില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങണം. അവിടെനിന്ന് അത് വേരുപിടിക്കണം. പ്രവാചകത്വത്തിന്റെ പ്രഭാവം മക്കയായിരിക്കാന്‍ ഇതായിരിക്കാം ഒരു കാരണം.

എങ്കില്‍, ഇസ്‌ലാം വളരാനും അത് പടര്‍ന്ന് പന്തലിക്കുവാനും പടച്ചവന്‍ മദീന തിരഞ്ഞെടുത്തതെന്തിനാണ്? മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് ‘ഹിജ്‌റ’ പോകേണ്ടിവന്നതിന്റെ പൊരുളെന്തായിരുന്നു? ഇതിന് രണ്ട് കാരണങ്ങളുണ്ടാവാം. ഖുറൈശികളില്‍ ജനിച്ചുവളര്‍ന്ന മുഹമ്മദ്, അവരുടെ പ്രശംസ പിടിച്ചുപറ്റിയ ‘അല്‍അമീന്‍’, പുതിയ പ്രത്യയശാസ്ത്രവുമായി വരുമ്പോള്‍ തന്റെ ഗോത്രം അതുള്‍ക്കൊള്ളുകയും ഉന്നതഗോത്രത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അറേബ്യ സ്വീകരിക്കുകയും അങ്ങനെ ഇസ്‌ലാം പടര്‍ന്ന് പന്തലിക്കുകയും ചെയ്താല്‍ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് നിദാനം വംശീയതയാണെന്ന് സിദ്ധിക്കും. വംശത്തോടുള്ള സ്‌നേഹം നബിയിലുളള വിശ്വാസം ഉണ്ടാക്കിത്തീര്‍ക്കുകയല്ല ചെയ്തത്, പ്രത്യുത തിരുനബിയിലുള്ള വിശ്വാസം അവിടുത്തെ വംശത്തോടുള്ള സ്‌നേഹം സൃഷ്ടിക്കുകയാണ് ചെയ്തത്. അഥവാ വംശസ്‌നേഹം ഒരു മതത്തെ നിര്‍മിക്കുകയല്ല ചെയ്തത്. മതം വംശസ്‌നേഹം ഉണ്ടാക്കുകയായിരുന്നു. ഈ തത്വം ലോകത്തെ പഠിപ്പിക്കാന്‍ പ്രപഞ്ചനാഥന്‍ ഉദ്ദേശിച്ചിരിക്കാം.

മറ്റൊരു കാരണം, മല്ലന്മാരുടെയും ശക്തന്മാരുടെയും ഒഴുക്ക് ആദ്യമേ ഇസ്‌ലാമിലേക്കുണ്ടായിരുന്നെങ്കില്‍, ഈ ആള്‍ബലവും കൈയ്യൂക്കും സാമ്പത്തിക ശേഷിയുമാണ് ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് വളമായതെന്ന് പറയാന്‍ അവസരമുണ്ടാകുമായിരുന്നു. പക്ഷേ, അതിക്രമികളുടെ കരാളഹസ്തങ്ങളില്‍ നിന്ന് അശാന്തരായി പലായനം ചെയ്യുന്ന വിശ്വാസിവൃന്ദം, ഇല്ലായ്മയുടെയും വല്ലായ്മയുടെയും നടുവിലും അതിശക്തമായ ഒരായുധം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതാണ് ബദറില്‍ സംഭവിച്ചത്. ഹിജറയുടെ 2-ാം വര്‍ഷം. നിരായുധരായ മുന്നൂറില്‍പരം പ്രവാചക സഖാക്കള്‍ സര്‍വായുധ വിഭൂഷിതരായ ആയിരം പടയാളികളോടരാടി. എതിരാളികള്‍ പിന്തിരിഞ്ഞോടി. ആളും അര്‍ത്ഥവും ആയുധവും വിശ്വാസവിപ്ലവത്തിന് മുമ്പില്‍ നിശേഷം തകര്‍ന്നടിഞ്ഞു. വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കപ്പെട്ട ശേഷം ഇസ്‌ലാം വീണ്ടും പടര്‍ന്ന് പന്തലിച്ചു. പ്രവചകരും സഹചരും പിറന്ന മണ്ണിലേക്ക് തിരിച്ച് വന്ന് വിജയപ്പതാക ഉയര്‍ത്തുമ്പോള്‍ ഹിജ്‌റയുടെ ഉത്തരം പൂര്‍ത്തിയാവുകയായിരുന്നു. മിഅ്‌റാജി ന്റെ എട്ടാം ഘട്ടത്തില്‍ തിരുനബി ദര്‍ശിക്കുന്ന ചമഞ്ഞൊരുങ്ങി നില്‍ക്കുന്ന സിദ്‌റതുല്‍ മുന്‍തഹ ഈ വിജയാഘോഷത്തിന്റെ പ്രതീകമായിരുന്നു.

ഇവിടെ ചിന്തനീയമായ മറ്റൊരു പ്രശ്‌നമുണ്ട്. പീഡനത്തിന്റെയും പലായനത്തിന്റെയും പ്രയാസങ്ങള്‍ അനുഭവിക്കാന്‍ തന്റെ പ്രിയദാസനെ പടച്ചവന്‍ തിരെഞ്ഞെടുത്തതെന്തിനാണ്? തിരുനബിയെ വിമര്‍ശിച്ച ശത്രുസഞ്ചയത്തെ മുഴുവനും അവന് കാച്ചിക്കളയാമായിരുന്നില്ലേ? സ്വസ്ഥതയോടെയും സൈ്വര്യത്തോടെയും മതപ്രബോധനം നടത്താനുള്ള അവസരം ഒരുക്കിക്കൂടായിരുന്നോ?

കാര്യകാരണങ്ങളുമായി ബന്ധപ്പെടുത്തി ഭൗതിക നിയമങ്ങളെ സംവിധാനിച്ച പടച്ചവന്റെ യുക്തിഭദ്രമായ തീരുമാനങ്ങളുടെ ഭാഗമാണത്. ഒരു പ്രവാചകന്റെയും ആവശ്യമില്ലാതെ പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടികളെയും അവന് വിശ്വാസികളാക്കിത്തീര്‍ക്കാമായിരുന്നു. പക്ഷേ മനുഷ്യനെ വിവേചന ശക്തിയുള്ള ജീവിയായിട്ടാണവന്‍ പടക്കാന്‍ ഉദ്ദേശിച്ചത്. നല്ലതും ചീത്തയുമറിയാന്‍, അതറിയിച്ച് കൊടുക്കാന്‍ അവന്‍ പ്രവാചകന്മാരെയും അയച്ചു. പ്രവാചകന്‍ മനുഷ്യകുലത്തിന്റെ വിളക്കുമാടങ്ങളാണ്. തിരുനബി മാലാഖയല്ല; മനുഷ്യനായിരുന്നു. മനുഷ്യന്‍ ജീവിതം പഠിക്കേണ്ടത് പ്രവാചകനെ നോക്കിയാണ്. സമ്പൂര്‍ണ്ണതയുടെ മനുഷ്യനും മനുഷ്യന്റെ സമ്പൂര്‍ണ്ണതയുമാണ് പ്രവാചകന്‍. അതുകൊണ്ടു തന്നെ നബിക്ക് പ്രശ്‌നങ്ങളും പ്രയാസങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. അപ്പോഴെല്ലാം അത് പരിഹരിക്കാനുള്ള കാരണങ്ങളന്വേഷിക്കുകയായിരുന്നു തിരുനബി. എല്ലാം പടച്ചവനിലര്‍പ്പിച്ച് ഒരു മുറിയില്‍ ചടഞ്ഞിരുന്നാല്‍ പോരാ. മനുഷ്യനോടും മണ്ണിനോടും സംവദിക്കണം. മനുഷ്യഹൃദയത്തിലേക്കിറങ്ങി വരണം. ചിലപ്പോള്‍ എല്ലാം ത്യജിച്ച് ഇറങ്ങിപ്പുറപ്പെടേണ്ടി വരും. മലയിടുക്കുകളില്‍ ഒളിഞ്ഞിരിക്കേണ്ടി വരും. അപ്പോഴൊക്കെയും മനുഷ്യനു മാതൃകയായി പ്രവാചകന്‍ മുന്നില്‍ നില്‍ക്കുന്നു.

പരിത്യാഗം പരിപൂര്‍ണമാകുമ്പോള്‍
പലായനം പരിത്യാഗമാണ്. ത്യാഗികളെ പടച്ചവന്‍ വിസ്മരിക്കില്ല. പടച്ചവന് വേണ്ടി എല്ലാം ഉപേക്ഷിക്കുമ്പോള്‍ അവന്‍ അവന്റെ സര്‍വമാന സഹായങ്ങളും തന്റെ അടിമക്ക് ചെയ്തു കൊടുക്കുന്നു. ഇതിന്റെ വിവിധ ദൃഷ്ടാന്തങ്ങള്‍ ഹിജ്‌റയില്‍ നാം ദര്‍ശിക്കുന്നു. ഒരു രാത്രി ഖുറൈശി പ്രമുഖര്‍ തിരുനബിയെ വധിക്കാന്‍ വീട് വളയുന്നു. വിവരം മണത്തറിഞ്ഞ നബി അലി(റ)നെ തന്റെ പുതപ്പില്‍ കിടത്തി ശത്രുക്കളറിയാതെ സ്ഥലം വിടുന്നു. അബൂബക്കര്‍(റ) യാത്രയില്‍ തിരുനബിയോടൊപ്പം സഹകരിക്കുന്നു. ശത്രുക്കള്‍ നബിയെത്തിരഞ്ഞ് നാലുപാടും ഓടുകയാണ്. നബിയും അബൂബക്കറും ഒരു മാളത്തില്‍ പതുങ്ങിയിരിക്കുന്നു. മൂന്ന് ദിവസം! അബൂബക്കര്‍(റ)ന്റെ മകന്‍ അബ്ദുല്ലയും മകള്‍ അസ്മാഉം സേവകന്‍ ഇബ്‌നു ഫുഹൈറയും ഭക്ഷണമെത്തിക്കുവാനും തിരുനബിയെക്കുറിച്ച് നടക്കുന്ന സംസാരങ്ങളെക്കുറിച്ചറിയിക്കുവാനും നബിക്ക് സഹായമായിത്തീരുന്നു- നോക്കുക! ആരൊക്കെയാണ് നബിയുടെ സഹായികള്‍? അവിടെ പുരുഷനും സ്ത്രീയുമുണ്ട്. കൗമാരവും യുവത്വവുമുണ്ട്. സത്യവിശ്വാസിയും നിഷേധിയുമുണ്ട്.
ഹിജ്‌റഃയെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന ഒരു ചിത്രമുണ്ട്. വല നെയ്ത ചിലന്തിയും മുട്ടയിട്ട പ്രാവും.

കവി പാടുന്നു:
‘മറച്ചു ഗുഹയൊരു ചിലന്തിയൊരുക്കിയ
കറുത്ത വല, ഒരു കനത്ത ദുര്‍ഗ്ഗം പോലെ
പുറത്ത് വിരിയാത്ത മുട്ടകള്‍ ചെറിയൊരു
പിറാവിന്‍ വിശുദ്ധിയുമവിടെപ്പാറാവുകാര്‍’.
പരിത്യാഗിക്ക് സഹായിയായി വര്‍ത്തിക്കുന്നത് മനുഷ്യന്‍ മാത്രമല്ല. ചിലന്തിയും പ്രാവുമാണ്. പ്രാവിന്റെ മുട്ടകളും. ഒരു മരം ഗുഹക്കു മറയായി വന്നു നിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ജീവികള്‍ക്ക് പുറമെ സസ്യവും നബിക്ക് സൈന്യമായി വര്‍ത്തിക്കുന്നു! നബിക്ക് വേണ്ടി സായുധരായി റോന്ത് ചുറ്റുന്ന തടിമാടന്മാരെ ചിലന്തിവല കാണിച്ച് പടച്ചവന്‍ അടക്കിയിരുത്തുന്നു. സമാധാനത്തിന്റെ ചിഹ്നമായ പറവയെ കാണിച്ച് പിന്തിരിപ്പിക്കുന്നു.

മാളത്തില്‍ നിന്നിറങ്ങി തിരുനബി യാത്ര തുടരുമ്പോള്‍ നബിയെ പിടിക്കാന്‍ ഓടിവരുന്ന സുറാഖയുടെ ഒട്ടകത്തെ ഭൂമി വിഴുങ്ങാനൊരുങ്ങുന്നു. പലപ്രാവശ്യം ഇതാവര്‍ത്തിക്കുന്നു. സുറാഖ തിരിച്ചുവരുന്നു. സുറാഖയെ പരിഹസിക്കുന്ന അബൂജഹ്‌ലിനോട് അവന്റെ മറുപടി ഇങ്ങനെ:
‘അബാഹകം, കേള്‍ക്കയറിഞ്ഞിടില്‍ നീയെന്‍
മണല്‍പ്പരപ്പില്‍ കാല്‍ പതിഞ്ഞരൊട്ടകം
പതിച്ചിടുന്നത്ഭുതമതില്‍ മുഹമ്മദിന്‍
പ്രമാണ ദൂതുകള്‍ നിനക്കുദിച്ചിടും’.

തന്റെ ഒട്ടകത്തിന്റെ പാദങ്ങള്‍ ഭൂമിയിലേക്കാണ്ടുപോയ കഥ നീ അറിഞ്ഞിരുന്നെങ്കില്‍ മുഹമ്മദ് പ്രവാചകനാണെന്ന് നീയും വിശ്വസിച്ചു പോയിരുന്നേനെ എന്ന് തുറന്നടിക്കുകയാണ് സുറാഖ.
പ്രപഞ്ചത്തിലെ മുഴുവന്‍ സമഷ്ടികളുടെയും സേവനം പരിത്യാഗിയെത്തേടിയെത്തുമെന്ന് ഹിജ്‌റഃ വിളിച്ചുപറയുന്നു. ഹിജ്‌റഃയും ജിഹാദും നടത്തുന്നവര്‍ ഔലിയാക്കളാകുമെന്ന് വിശുദ്ധവേദം സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ കാര്യത്തില്‍ കഠിന ശ്രമം നടത്തുന്നവര്‍ക്ക് നമ്മുടെ പാതകള്‍ നാം തുറന്ന് കൊടുക്കുമെന്നും ഖുര്‍ആന്‍ സുവ്യക്തമാക്കുന്നു. ദേഹേച്ഛകള്‍ വെടിയുന്നതാണ് നമ്മുടെ ഹിജ്‌റ. സ്വന്തം ശരീരത്തോട് ചെയ്യുന്ന ജിഹാദാണ് ജിഹാദുല്‍ അക്ബര്‍. പ്രവാചകചരിത്രത്തിന്റെ അതിശയകരമായ ഏടുകള്‍ നാം ആസ്വദിക്കുന്നത് ഈ പരിപ്രേക്ഷ്യത്തിലാണ്. പറവകളും മൃഗങ്ങളും വേവലാതികളുമായി നബിയെ സമീപിച്ചത്, നബിക്ക് വേണ്ടി മരം നടന്നു വന്നത്, തിരുനബിയുടെ പേര് കേള്‍ക്കുമ്പോള്‍ ഹിംസിക്കാന്‍ വന്ന സിംഹം സേവകനായി മാറുന്നത്… ഹിജ്‌റഃയും മുജാഹദയും പതിവാക്കിയ സച്ചരിതരായ മഹാന്മാര്‍ ഹിംസ്രജന്തുക്കള്‍ക്കിടയില്‍ ജീവിച്ചിരുന്നുവെന്നത് ചരിത്ര യാഥാത്ഥ്യങ്ങളാണ്.

പ്രകൃതിക്ക് ജീവനുണ്ടോ?
ഹിജ്‌റഃയുടെ കഥ പറയുമ്പോള്‍ ഉദിക്കുന്ന ഒരു സംശയം ചിലന്തി വല നെയ്തതും പ്രാവ് മുട്ടയിട്ടതും, മരം മറയായി നിന്നതും ഭൂമി വിഴുങ്ങാനൊരുങ്ങിയതും വിചാരത്തോടെയും വികാരത്തോടെയും കൂടിയായിരുന്നോ? മണ്ണിനും മരത്തിനും ജീവനുണ്ടോ?
ഖുര്‍ആന്‍ എങ്ങനെയാണ് ഈ പ്രശ്‌നത്തോട് പ്രതികരിക്കുന്നത് ? മര്‍ഹൂം മുഹമ്മദ് മുതവല്ലിശഅ്‌റാവിയുടെ വ്യാഖ്യാനം പ്രസക്തമാണ്. മനുഷ്യന് മാത്രമല്ല ഇതര ജീവികള്‍ക്കും അജൈവവസ്തുക്കളെന്ന് നാം വിളിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കും ജീവനുണ്ട്. അവക്ക് വിചാരങ്ങളും വികാരങ്ങളുമുണ്ട്. പക്ഷേ അത് മുഴുവനും നമുക്കുള്‍ക്കൊള്ളുവാനും മനസ്സിലാക്കുവാനും കഴിയണമെന്നില്ല. ഒരു വിഭാഗത്തിന്റെ നിയമം ഉയര്‍ത്തിപ്പിടിച്ച് മറ്റൊരു വിഭാഗത്തിനെതിരെ ശണ്ഠക്കുവരരുത്. ഇന്ത്യക്കാരന്റെ അവകാശങ്ങളും അമേരിക്കക്കാരന്റെ അവകാശങ്ങളും രണ്ടാണ്. അവരുടെ നിയമങ്ങളും വ്യത്യസ്തമാണ്. അതിനാല്‍ ഇന്ത്യക്കാരന് മാത്രമായുള്ള ഒരു അവകാശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കന്‍ പൗരന് അവകാശമില്ലെന്ന് ആരും മുറവിളി കൂട്ടരുത്. ഹുദ്ഹുദ് സുലൈമാന്‍ നബിയോട് സംസാരിച്ചുവെന്ന് പറയുമ്പോഴേക്ക് പക്ഷിക്ക് ഭാഷയില്ലെന്ന് പറയരുത്. സംസാരിച്ചുവെന്നത് സത്യമാണ്. എല്ലാം കേള്‍ക്കുന്നവര്‍ക്ക് തിരിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ടാണ് സുലൈമാന്‍ നബിക്ക് പക്ഷികളുടെ ഭാഷ നാം പഠിപ്പിച്ചു (27:16)വെന്ന് ഖുര്‍ആന് പറയേണ്ടിവന്നത്. പക്ഷിക്ക് ഭാഷ മാത്രമല്ല, ആളുകളുടെ വിശ്വാസം പോലും വേര്‍തിരിച്ചറിയാന്‍ കഴിയുമെന്നാണ് ബല്‍ഖീസിന്റെ മേല്‍ ശിര്‍ക്കാരോപിക്കുന്ന ഹുദ്ഹുദയില്‍ നിന്ന് നാം വായിക്കുന്നത്. അവയൊക്കെ നമ്മെപോലെയുള്ള സമുദായമാണ്. ഖുര്‍ആനിക സൂക്തം ഇവിടെ പ്രസക്തമാകുന്നു.
‘മുഴുവന്‍ വസ്തുക്കളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നു. പക്ഷേ നിങ്ങള്‍ക്കത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല'(വി.ഖു. 17:44).

ഇത് കവിതയാണോ? ഖുര്‍ആന്‍ കവിതയല്ല. ആലങ്കാരികമായി വ്യാഖ്യാനിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കരുത്. ദാവൂദ് നബിയോടൊപ്പം പര്‍വതങ്ങള്‍ തസ്ബീഹ് ചൊല്ലുന്നുണ്ടെന്ന് (21-79) ഖുര്‍ആനില്‍ വായിക്കുമ്പോള്‍ അജൈവവസ്തുക്കള്‍ക്ക് ബോധമുണ്ടെന്ന സത്യത്തിലേക്ക് നാം തിരിച്ചു വരുന്നു.

ഭൂമിക്കും ആകാശത്തിനും വികാരമുണ്ടെന്ന് തന്നെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഒട്ടനേകം ഭൗതിക വിഭവങ്ങള്‍ ഭൂമിയില്‍ ഉപേക്ഷിച്ച് അന്ത്യയാത്ര നടത്തേണ്ടി വന്ന ഫിര്‍ഔനിന്റെ ജനതയെക്കുറിച്ച് പറയുമ്പോള്‍ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ‘ആകാശവും ഭൂമിയും അവക്കുവേണ്ടി കരഞ്ഞില്ല’ ഈ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്? ആര്‍ക്കൊക്കെയോ വേണ്ടി ആകാശഭൂമികള്‍ കരയുന്നുണ്ടെന്നു തന്നെ. ഇമാം അലിയുബ്‌നു അബീത്വാലിബ്(റ) വിശദീകരിക്കട്ടെ:

ഒരു മനുഷ്യന്‍ മരിച്ചാല്‍ അവനുവേണ്ടി രണ്ട് സ്ഥലങ്ങള്‍ കരയുന്നു. ഭൂമിയില്‍ താന്‍ നിസ്‌കരിക്കുന്ന സ്ഥലങ്ങള്‍. വാനലോകത്ത് തന്റെ സുകൃതങ്ങള്‍ വഹിക്കുന്ന മേഖലകള്‍.

ഇത്രയും വിശദീകരിക്കുമ്പോള്‍ നബിക്ക് സലാം ചൊല്ലിയ കല്ലിനെകുറിച്ച് നാം അത്ഭുതപ്പെടേണ്ടി വരുന്നില്ല. പുതിയ മിമ്പറുണ്ടാക്കിയപ്പോള്‍ പഴയ ഈന്തപ്പനക്കഷ്ണം കരഞ്ഞുപോയതും നാം മറക്കുന്നില്ല. നബിക്ക് മേഘം തണലിട്ടതും. ‘അമ്പിയാക്കളുടെ ശരീരം ഭൂമി ജീര്‍ണ്ണിപ്പിക്കുകയില്ലെന്ന’ ഹദീസ് ഈ വ്യാഖ്യാനത്തിന്റെ തണലില്‍ നമുക്ക് സുന്ദരമായി ആസ്വദിക്കാം.
ഇനി ചോദിക്കുക സുറാഖ നബിയെ പിടിക്കാന്‍ വരുമ്പോള്‍ ഭൂമിയെന്തിന് കോപിക്കണം?
ശഅ്‌റാവിയുടെ വ്യഖ്യാനത്തില്‍ ഇതിനും മറുപടിയുണ്ട്. അല്ലാഹു പ്രവാചകന്മാരെ അയച്ചതെന്തിനാണ്? മനുഷ്യരെ പ്രകൃതിയുമായി ചങ്ങാത്തത്തിലാക്കുവാന്‍! പ്രകൃതിയുമായുള്ള അനുരഞ്ജനം, ഇതാണ് മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം! ഭൂമിയും ആകാശവും പര്‍വതങ്ങളും നക്ഷത്രങ്ങളുമൊക്കെ പടച്ചവന് പ്രണമിച്ച് കിടക്കുകയാണ്. വിശുദ്ധവേദം പഠിപ്പിക്കുന്നു മുഴുവന്‍ വസ്തുക്കളും പടച്ചവനെ ജപിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ ഈ അവസ്ഥയിലേക്ക് മനുഷ്യരെയും എത്തിക്കുക അതാണ് പ്രവാചക ദൗത്യം.

അപ്പോള്‍ സൗര്‍ ഗുഹയിലൊളിച്ച പ്രവാചകനോട് പ്രകൃതി നിസ്സഹകരിക്കാമോ? പ്രവാചകരെ പിന്തുടരുന്നവന്റെ ഒട്ടകത്തിനോട് ഭൂമി കരുണ കാണിക്കുമോ? ഖാറൂനിനെ പിടിച്ച് വിഴുങ്ങിയ ഭൂമി സുറാഖയുടെ ഒട്ടകത്തിനോടും വേണ്ടതുപോലെ പെരുമാറി!
അതെ. ഹിജ്‌റയുടെ ത്യാഗം നമുക്ക് മധുരം പകരുന്നു. അതിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ അതിമധുരമായി അനുഭവപ്പെടുന്നു.

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login