അധികാര ശക്തികള്‍ക്കിടയിലെ ബലിയാടായി മലാല

 

                  താലിബാനെതിരെ ഒരു പെണ്‍കുട്ടിയെ കവചമായി   പിടിച്ചത് ആ കുരുന്നിന്റെ ജീവന്‍ പണയം വെച്ചായിരുന്നു.  പഠിക്കാന്‍ മിടുക്കിയായ ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും സുരക്ഷിതത്വവും നല്‍കുക എന്ന പ്രാഥമിക കര്‍ത്തവ്യം ഏറ്റെടുക്കുന്നതിനു പകരം താലിബാന്‍ വിരുദ്ധമുദ്രകള്‍ ചാര്‍ത്തി അവളെ തീവ്രവാദികളുടെ മുന്നില്‍ ഇട്ടുകൊടുക്കുകയായിരുന്നു അധികാരികള്‍.

ശാഹിദ്

                          2012 ഒക്ടോബര്‍ ഒമ്പത് ചൊവ്വാഴ്ച. സ്വാത് താഴ്വരയിലെ മിന്‍കോറ പട്ടണത്തിലെ കുഷാന്‍ സ്കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മറ്റു കുട്ടികളോടൊപ്പം അവള്‍ പുറത്തിറങ്ങിയതായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ വാനില്‍ കയറിയ നേരത്ത് മൂന്നാള്‍ വന്ന് ചോദിച്ചു: ആരാ മലാല യൂസുഫ് സായ്?’ ഒരു കുട്ടി നിഷ്കളങ്കമായി മലാലയിലേക്ക് വിരല്‍ചൂണ്ടി. നിമിഷാര്‍ധം കൊണ്ട് മലാലയുടെ കഴുത്തിലേക്കും തലയിലേക്കും വെടിയുണ്ടകള്‍ പാഞ്ഞു. ഒരു പൂവിതള്‍ പോലെ അവള്‍ നിലം പതിച്ചു. സതീര്‍ത്ഥ്യരായ മറ്റു രണ്ടുപേരും വെടിയേറ്റു വീണു.

ഈ കുറിപ്പെഴുതുമ്പോള്‍ (ഒക്ടോബര്‍ 18) മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോക മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇംഗ്ളണ്ടിലെ ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലിലെ (ബര്‍മിങ് ഹാം) തീവ്രപരിചരണ വിഭാഗത്തില്‍ ജീവനുമായി മല്‍പ്പിടുത്തിലാണവള്‍. ലോകമൊന്നടങ്കം അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു; ജഗന്നിയന്താവേ, ആ കുട്ടിക്ക് ആയുരാരോഗ്യ സൌഖ്യം പ്രദാനം ചെയ്യണമേയെന്ന്. മലാല ഇന്ന് ഒരു പ്രതീകമാണ്. പ്രശ്നകലുഷിതമായ ഒരു രാജ്യത്തെ സംഘര്‍ഷഭരിതമായ ഒരു താഴ്വരയില്‍ നിന്ന് പഠിച്ചുവളരാനും സുഗന്ധം പരത്താനും കൊതിച്ച് ഒറ്റയടിപ്പാതയിലൂടെ നടന്നു നീങ്ങിയ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് തരണം ചെയ്യേണ്ടി വരുന്ന വൈതരണികളിലൊന്നാണ് ജീവനുവേണ്ടിയുള്ള ഈ മല്‍പിടുത്തം. തീവ്രവാദികള്‍ പണിത ചുടലക്കളത്തിലാണ് അവള്‍ വീണുകിടക്കുന്നതെന്ന് അറിയുമ്പോള്‍ മനഃസാക്ഷിയുള്ള ആര്‍ക്കും കണ്ണീരടക്കാന്‍ കഴിയുന്നില്ല. ഇതിനു മാത്രം ക്രൂരമാണോ വികലചിന്ത കൊണ്ട് ആന്ധ്യം ബാധിച്ച ഇക്കൂട്ടരുടെ മനസ്സ്? കാരണം, തങ്ങള്‍ തൊടുത്തുവിട്ട വെടിയുണ്ടകള്‍ അവളുടെ ജീവനെടുത്തില്ലെങ്കില്‍ തങ്ങള്‍ ഇനിയും ആ ദൌത്യവുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരിക്കയാണത്രെ ‘തഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍’ എന്ന തീവ്രവാദി കൂട്ടായ്മയുടെ അമരക്കാര്‍.

ഭീകരവാദത്തെ നമ്മള്‍ ഇതുവരെ നിര്‍വചിച്ചത് ചിന്തയിലെയും കര്‍മത്തിലെയും സീമകള്‍ വിട്ടുള്ള കളിയാണ്. ഇത് ആ പരിധിയും കടന്ന് കാടത്തത്തിന്റെയും മനുഷ്യത്വമില്ലായ്മയുടെയും സകല മെയ്യഭ്യാസങ്ങളും പുറത്തെടുക്കുമ്പോള്‍ തോല്‍ക്കുന്നത് അവര്‍ ഏത് മതത്തിന്റെ പേരിലാണോ ശപഥം ചെയ്യുന്നത്, ആ മതവും അതിന്റെ അനുയായികളുമാണ്; വിജയശ്രീലാളിതരായി ഉ•ാദമാടുന്നതോ തങ്ങളുടെ ബദ്ധ വൈരികളും. മൂന്ന് വെടിയുണ്ടകള്‍ കൊണ്ട് യാങ്കി സാമ്രാജ്യവും പിണിയാളുകളും എത്ര പെട്ടെന്നാണ് ജിന്നയുടെ നാട്ടില്‍ ജയിച്ചു കയറിയത്. തങ്ങള്‍ പറയുന്നത് ശരിയല്ലേ എന്ന് ലോകത്തോട് ചോദിക്കുമ്പോള്‍ ഇരകളുടെ ഉത്തരം മുട്ടുന്നു.

മലാല എന്ന പെണ്‍കുട്ടി ലോക മീഡിയയിലേക്ക് കയറിച്ചെന്നത് മൂന്നാലു വര്‍ഷം മുമ്പാണ്. 2007-09 കാലഘട്ടത്തില്‍ സ്വാത് എന്ന വടക്കുകിഴക്കന്‍ പ്രവിശ്യയിലെ പ്രകൃതിരമണീയമായ മേഖല മീഡിയയില്‍ അന്നു നിറഞ്ഞു നിന്നിരുന്നു. താലിബാന്‍ ഭീകരവാദികള്‍ക്കെതിരെ അമേരിക്ക ബോംബിടാനും ആളില്ലാ പൈലറ്റുകളെ (ഡ്രോണ്‍) തൊടുത്തുവിടാനും തുടങ്ങിയതോടെയായിരുന്നു അത്. ആയിരക്കണക്കിന് മനുഷ്യര്‍ ബോംബ് വര്‍ഷത്തില്‍ പിടഞ്ഞു മരിച്ചതു കണ്ട് ഭൂരിഭാഗം ജനങ്ങളും താഴ്വര വിട്ട് സമീപ പ്രദേശങ്ങളില്‍ അഭയം തേടി. ആ കാലസന്ധിയിലാണ് മലാല എന്ന പതിനൊന്നുകാരിയെക്കുറിച്ച് ലോകം അറിയുന്നത്. താലിബാന്‍ അധിപത്യത്തിനു കീഴില്‍ ജീവിക്കേണ്ടി വരുമ്പോള്‍ തന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും അലോസരങ്ങളും എഴുതിയ ഒരു ഡയറി ബിബിസി ഉര്‍ദുവിന് അവള്‍ അയച്ചുകൊടുത്തു. അതോടെ ആ പെണ്‍കുട്ടിയെ തേടി മാധ്യമങ്ങള്‍ താഴ്വരയിലെത്തി. അങ്ങനെയാണ് വിദ്യയുടെ രാജപാതയിലൂടെ വളരാനും ഡോക്ടറായി ജനസേവനം നടത്താനും താല്‍പര്യമുള്ള ഒരു പെണ്‍കുട്ടിയെ ക്കുറിച്ച് ലോകം കേള്‍ക്കുന്നത്. താലിബാന്‍ ആധിപത്യത്തിനു കീഴില്‍ പെണ്‍കുട്ടികള്‍ക്കു ഭൌതിക വിദ്യാഭ്യാസത്തിന് സ്വാതന്ത്യ്രമില്ലെന്നും തങ്ങള്‍ തടവു ജീവിതമാണ് അനുഭവിക്കുന്നതെന്നും അവള്‍ എഴുതിയപ്പോള്‍ പടിഞ്ഞാറന്‍ ലോകത്തിന് നല്ലൊരു ഇരയെ കിട്ടി. ന്യൂയോര്‍ക്ക് ടൈംസ് രണ്ടു ഡോക്യുമെന്ററികള്‍ തയാറാക്കി. ബിബിസിയും ഒരു ഡോക്യുമെന്ററിയിലൂടെ താഴ്വരയിലെ പുതിയ താരോദയം ലോകത്തിന് കാട്ടിക്കൊടുത്തു. അതോടെ സ്വദേശത്തും വിദേശത്തും മലാല അധികാരവര്‍ഗത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അതുവരെ സ്വാതിന്റെ വികസനത്തിലോ പുരോഗതിയിലോ അശേഷം ശ്രദ്ധ ചെലുത്താതിരുന്ന ഇസ്ലാമാബാദ് ഭരണകൂടം യുവാക്കള്‍ക്കുള്ള ദേശീയ സമാധാന പുരസ്കാരം (National Peace Award for Youth)  നല്‍കി അവളെ ആദരിച്ചു. രാഷ്ട്രാന്തരീയ തലത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി വര്‍ത്തിക്കുന്ന ‘കിഡ്സ് റൈറ്റ് ഫൌണ്ടേഷന്‍’ അന്താരാഷ്ട്ര സമാധാന പുരസ്കാരം (International Children Peace Prize) കൊടുത്ത് മലാലയെ ലോകത്തിന് വീണ്ടും കാട്ടിക്കൊടുത്തു. ബുദ്ധിശൂന്യമായ നീക്കമായിരുന്നു ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നിഷ്പക്ഷമതികള്‍ വിലയിരുത്തുന്നുണ്ടാവുമിപ്പോള്‍. താലിബാനെതിരെ ഒരു പെണ്‍കുട്ടിയെ കവചമായി പിടിച്ചത് ആ കുരുന്നിന്റെ ജീവന്‍ പണയം വച്ചായിരുന്നു. പഠിക്കാന്‍ മിടുക്കിയായ ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും സുരക്ഷിതത്വവും നല്‍കുക എന്ന പ്രാഥമിക കര്‍ത്തവ്യം ഏറ്റെടുക്കുന്നതിനു പകരം താലിബാന്‍ വിരുദ്ധമുദ്രകള്‍ ചാര്‍ത്തി അവളെ തീവ്രവാദികളുടെ മുന്നില്‍ ഇട്ടുകൊടുക്കുകയായിരുന്നു അധികാരികള്‍. ഭീകരവാദികളുടെ നോട്ടപ്പുള്ളിയാണെന്നറിഞ്ഞിട്ടും പ്രാഥമിക സുരക്ഷ പോലും നല്‍കിയിരുന്നില്ല എന്നാണ് ഒക്ടോബര്‍ ഒമ്പതിലെ ദുരന്തം വിളിച്ചു പറയുന്നത്.

മലാല മരണത്തോട് മല്ലടിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രസിഡന്റ് സര്‍ദാരിക്ക് ബോധോദയം ഉദിച്ചത്. അവള്‍ പാക്കിസ്ഥാന്റെ പുത്രിയാണെന്നും തന്റെ സ്വന്തം മകളാണെന്നും പറഞ്ഞ് ലോകത്തിന്റെ രോഷം കെടുത്താന്‍ പ്രയാസപ്പെടുകയാണ് അദ്ദേഹമിപ്പോള്‍. അവളെ വധിക്കാന്‍ പദ്ധതികളാവിഷ്കരിച്ചെന്നു പറയുന്ന തഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ വക്താവ് അഹ്സനുല്ല അഹ്സാന്റെ തലക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘സിതാരെ ശുജാഅത്ത്’ നല്‍കി മലാലയെ ധീരതയുടെ പ്രതീകമായി പ്രകീര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ടത്രെ. എന്നാല്‍, സ്വാതിലെയും മറ്റു തീവ്രവാദ മേഖലകളിലെയും പെണ്‍കുട്ടികള്‍ക്ക് അറിയേണ്ടത് മലാലയുടെ അനുഭവം തങ്ങള്‍ക്കുമുണ്ടാവാതിരിക്കാന്‍ എന്തു മുന്‍കരുതലാണ് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്നതെന്നാണ്. താലിബാന്റെ ഗതകാല കര്‍മവീഥി അറിയുന്നവരാരും മലാലയുടേത് ഒറ്റപ്പെട്ട അനുഭവമാണെന്ന് കരുതില്ല. ഇന്നും ഗോത്രവര്‍ഗ ആചാരങ്ങളില്‍ നിന്നും പ്രതിലോമപരതയുടെ പുതലിച്ച മാതൃകകളില്‍ നിന്നും മതകീയ ഊര്‍ജ്ജം സംഭരിക്കുന്ന ഈ കാടന്‍ സലഫികള്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന് തങ്ങളുടെ വികല ചിന്തകളില്‍ നിന്നാണ് വ്യാഖ്യാനങ്ങളും നിര്‍വചനങ്ങളും കണ്ടെത്തുന്നത്. അധികാരമാണ് ഇവരുടെ ലക്ഷ്യം. സ്വാത് താഴ്വരയുടെ അധീശത്വം ഏറ്റെടുത്ത് ഇസ്ലാമിന്റെയും ശരീഅത്തിന്റെയും പേരില്‍ കാടന്‍നിയമങ്ങളും ആചാരങ്ങളും നടപ്പാക്കുകയാണ് ലക്ഷ്യം. ഇവരെ ഈ വിധം അക്രമണോത്സുകരാക്കിയത് പടിഞ്ഞാറന്‍ വന്‍ശക്തികളാണ്. കാടത്തം പഠിപ്പിച്ചതും മുച്ചൂടും ആയുധങ്ങള്‍ നല്‍കി പോരാട്ട ഭൂമിയിലിറക്കിയതും മറ്റാരുമല്ല. ഇന്ന് ലോകത്തിന്റെ മുന്നില്‍ ഇസ്ലാമിന്റെ പ്രതിഛായ തകര്‍ക്കാനും ഈയാംപാറ്റകളെ പോലെ നശീകരണമുഖത്ത് പിടഞ്ഞു മരിക്കാനുമാണ് ഇവരുടെ നിയോഗം. അതിനിടയിലാണ് മലാലമാരുടെ ജീവനെടുത്ത് മുസ്ലിം ശത്രുക്കളുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നത്.

എന്തിന് ഈ പതിനാലുകാരിയെ ഇവര്‍ നിഷ്കരുണം വെടിവച്ചിട്ടു? പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോയി പഠിക്കാന്‍ പാടില്ല എന്ന ദുശ്ശാഠ്യം കൊണ്ടാണെന്നാണ് മീഡിയ പറയുന്നത്. താലിബാന്‍ ആധിപത്യ കാലത്ത് താഴ്വരയിലെ നൂറോളം പെണ്‍കുട്ടികളുടെ വിദ്യാലയങ്ങള്‍ ഇവര്‍ തകര്‍ത്തതായും പറയുന്നു. എന്നാല്‍ വിശ്വാസയോഗ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് സ്വാതില്‍ 571 സ്കൂളുകള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം സര്‍ക്കാര്‍ നടത്തുന്നുണ്ട്. മിശ്രവിദ്യാഭ്യാസം നടത്തുന്ന 1,576 വിദ്യാലയങ്ങള്‍ക്ക് പുറമെയാണിത്. സ്വകാര്യ മേഖലയില്‍ മാത്രം 361 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മലാലയെ കൊന്നത് കൊണ്ടുമാത്രം ഇവര്‍ക്ക് ഇത്രയും സ്കൂളുകള്‍ അടച്ചുപൂട്ടാനോ പെണ്‍കുട്ടികളെ അക്ഷരലോകത്തു നിന്ന് ആട്ടിയോടിക്കാനോ കഴിയുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളാണിവരെന്ന് കരുതാന്‍ വയ്യ. തങ്ങള്‍ക്കെതിരെ പുറംലോകത്ത് സംസാരിച്ചതാവണം ഈ നിഷ്ഠൂരത പുറത്തെടുക്കാന്‍ പ്രേരകമായത്. മലാല സംഭവത്തിനു ശേഷം തഹ്രീകെ താലിബാന്റെ പേരില്‍ പുറത്തുവിട്ട പ്രസ്താവന അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത് അതേ പടി പകര്‍ത്തട്ടെ :If anyone thinks that Malala was targeted because of education that is absolutely wrong, and propaganda of media. Malala was targeted for her pioneering role in preaching secularism and the so called enlightened moderation. And whoever does so in future will also be targeted മലാലയെ ഉന്നമിട്ടത് വിദ്യാഭ്യാസത്തിന്റെ പേരിലാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്. മാധ്യമങ്ങളുടെ പ്രചാരണമാണത്. മലാലയെ ലക്ഷ്യമിടാന്‍ കാരണം മതേതരത്വവും മിതവാദവുമെന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് മാതൃകയാവും വിധം പ്രചരിപ്പിച്ചതാണ്. മേലില്‍ ആര് അത് ചെയ്താലും അവരെ ഉന്നംവെക്കുക തന്നെ ചെയ്യും.

മതേതരത്വത്തിന്റെയും മിതവാദത്തിന്റെയും പേരില്‍ ഏതു തരത്തിലുള്ള പാഠങ്ങളാണ് മലാല തന്റെ തലമുറക്ക് കൈമാറുന്നതെന്ന് താലിബാന്‍ വിശദീകരിക്കുന്നില്ല. ചെയ്ത കൊടുംക്രൂരതയില്‍ അശേഷം പശ്ചാത്തപിക്കുന്നില്ല എന്നു മാത്രമല്ല, മതത്തിന്റെ പേരില്‍ ന്യായീകരിക്കാന്‍ വേണ്ടി ശ്രമിക്കുന്നുമുണ്ട്. ഇസ്ലാമിനും ശരീഅത്തിനും എതിരെ പ്രചാരണം നടത്തുന്നവരെ കഥ കഴിക്കാന്‍ മതം അനുവദിക്കുന്നുണ്ടത്രെ. അവരുടെ നിഷ്കാസനം നിര്‍ബന്ധകാര്യമാണ് എന്നാണ് ഇവര്‍ പരസ്യമായി പറയുന്നത്. സാമ്രാജ്യത്വ, സയണിസ്റ്, ഇവാഞ്ചലിസ്റ് ദുശ്ശക്തികള്‍ക്ക് ഇക്കൂട്ടര്‍ വിജയം തളികയില്‍ വച്ച് കൊണ്ടു കൊടുക്കുന്നത് കണ്ടില്ലേ? അധിനിവേശ ശക്തികളോട് അവസാന ശ്വാസം വരെ പോരാടിയ പാരമ്പര്യമുള്ള ഒരു ജനത സ്വന്തം സഹോദരങ്ങളെ കൊലക്കു കൊടുത്ത് ആത്മനാശത്തിന്റെ പാത തെരഞ്ഞെടുക്കുമ്പോള്‍ മനംനൊന്ത് സഹതപിക്കുകയല്ലാതെ മറ്റെന്തു പോംവഴി?

You must be logged in to post a comment Login