നാടുപേക്ഷിച്ചവരല്ല; നാടുകടത്തപ്പെട്ടവരാണ് അഭയാര്‍ത്ഥികള്‍

നാടുപേക്ഷിച്ചവരല്ല; നാടുകടത്തപ്പെട്ടവരാണ് അഭയാര്‍ത്ഥികള്‍

”നാടുപേക്ഷിക്കപ്പെടാന്‍ നിര്‍ബന്ധിതരായവര്‍ നേരിടുന്ന വെല്ലുവിളികള്‍ ലോകത്തെല്ലായിടത്തും പരിഹരിക്കാനാവുന്നതിലപ്പുറം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ കൂട്ടത്തോടെ നാടുവിടാന്‍ നിര്‍ബന്ധിതരാകുകയല്ല മറിച്ച് നാടുകടത്തപ്പെടുകയാണ്. സ്വന്തം ജനതയെ സംരക്ഷിക്കേണ്ട സൈന്യം തന്നെ കൂട്ടക്കൊല ചെയ്യുന്നു. ലോകം അപകടത്തിന്റെ വക്കിലാണ്. അഭയാര്‍ത്ഥികള്‍ എന്ന പദം ഇന്ന് ഭീകരവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും അക്രമങ്ങള്‍ നടത്തുന്നവര്‍ക്കും കുറ്റവാളികള്‍ക്കും സമാനമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വീടും കുടുംബവും നാടും വിട്ടുപോകേണ്ടിവരുന്ന മനുഷ്യര്‍ക്ക് മുന്നില്‍ ദേശങ്ങളും അതിര്‍ത്തികളും വാതിലുകള്‍ കൊട്ടിയടക്കുന്നത് ആത്യന്തികമായി മനുഷ്യത്വഹീനതയിലേക്ക് തന്നെയാണ് ലോകത്തെ കൊണ്ടുപോകുന്നത്.”
ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള സമിതി അസിസ്റ്റന്റ് ഹൈക്കമ്മീഷണര്‍ വോളര്‍ ടുര്‍ക്ക് 2017 ഒക്ടോബര്‍ അഞ്ചിന് ജനീവയില്‍ നടന്ന സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇപ്രകാരം പറഞ്ഞത്. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള സമിതിയുടെ കണക്കനുസരിച്ച് നിലവില്‍ ലോകത്ത് ആറരക്കോടി ജനങ്ങള്‍ ജനിച്ച നാടുപേക്ഷിക്കുകയോ ആട്ടിപ്പായിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിലിരട്ടിയാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും പറയുന്നു. അഭയാര്‍ത്ഥികളാക്കപ്പെട്ടവരില്‍ പകുതിയോളം കുട്ടികളാണെന്നും എല്ലാ ഏജന്‍സികളുടെയും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ലോകത്ത് പലയിടത്തും അഭയാര്‍ത്ഥികളുടെ പ്രവാഹം ഉണ്ടാകുമ്പോള്‍ തന്നെ അതിനെ ചെറുക്കാന്‍ വിവിധ രാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആഭ്യന്തരവും സൈനികവുമായ സന്നാഹങ്ങളെ ആശങ്കയോടെയാണ് ഐക്യരാഷ്ട്രസഭയും അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും മനുഷ്യസ്‌നേഹികളും കാണുന്നത്.

”6.56 കോടി ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് ബലമായി പിടിച്ചിറക്കപ്പെട്ടു” എന്നാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യു എന്‍ സമിതിയുടെ തലവന്‍ ഫിലിപ്പോ ഗ്രാന്‍ഡി ഇതേ എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. 2017ല്‍ മാത്രം ഇതുവരെ ഇരുപത് ലക്ഷം ആളുകളാണ് തങ്ങളുടെ രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യപ്പെടാന്‍ നിര്‍ബന്ധിതരായത്. ”അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുക എന്നത് തത്വങ്ങളുടെയും മൂല്യങ്ങളുടെയും കാര്യം മാത്രമല്ല ലോകത്തിന്റെ സുസ്ഥിരതയുടെയും സമാധാനത്തിന്റെയും ആവശ്യകത കൂടിയാണ്.” രണ്ടര ലക്ഷം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ബംഗ്ലാദേശിലെത്തിയ തന്റെ അനുഭവം കൂടി പങ്കിട്ടാണ് ഫിലിപ്പോ ഗ്രാന്‍ഡി ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധവും സംഘര്‍ഷവും അവരെ ആട്ടിപ്പായിച്ചു, ദേശീയത അവര്‍ക്ക് മുമ്പില്‍ വാതിലടച്ചു
കടല്‍ത്തിട്ടയില്‍ മുഖം കുത്തിക്കിടക്കുന്ന ഐലന്‍ കുര്‍ദിയെ മറക്കാനാകുമോ? ചുവന്ന ടീഷര്‍ട്ടും കടും നീല ട്രൗസറും നീലയും മഞ്ഞയും ഇടകലര്‍ന്ന കുഞ്ഞുഷൂസുകളും ധരിച്ച് ശാന്തമായ ഉറക്കത്തിലെന്നപോലെ തിരകള്‍ തലോടുന്ന ആ മൂന്നര വയസുകാരന്റെ ചേതനയറ്റ ശരീരം ആരുടെ ഇടനെഞ്ചാണ് തകര്‍ക്കാത്തത്. യുദ്ധത്തിലും ആഭ്യന്തര കലഹത്തിലും പെട്ട് രാജ്യം വിട്ടോടുന്ന ജനതയുടെ ദുരന്തചിത്രമായി ഐലന്‍ കുര്‍ദി ചരിത്രമുള്ളിടത്തോളം കാലം ഓര്‍മിക്കപ്പെടും.
സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റമാണ് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ക്ക് കാരണമെന്ന് എടുത്തുപറയേണ്ട കാര്യമില്ല. വടക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് 2001ന് ശേഷം ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമുണ്ടായത്. സിറിയ, ലബനന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ തകര്‍ന്ന് നാമാവശേഷമായി. ദശലക്ഷക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ അതിലേറെയാളുകള്‍ ജീവന്‍ കയ്യില്‍ പിടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അമേരിക്കയുടെ ഇറാഖ് അധിനിവേശമാണ് അവിടത്തെ സ്ഥിരതയും സമൃദ്ധിയും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവും കശക്കിയെറിഞ്ഞത്. സാങ്കേതികമായി മാത്രമേ സൈനിക വിജയം അവകാശപ്പെടാന്‍ അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും കഴിഞ്ഞിട്ടുള്ളൂ. ഇതിനകം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്കും ഭീകരപ്രസ്ഥാനങ്ങളുടെ അടിച്ചമര്‍ത്തലിലേക്കും ഈ നാടുകള്‍ എടുത്തെറിയപ്പെട്ടു. സമാധാനം സ്ഥാപിക്കാന്‍ യുദ്ധങ്ങളും അക്രമങ്ങളും മാത്രം മതിയെന്ന നിലവന്നതോടെ സാധാരണക്കാര്‍ക്ക് ഓടിരക്ഷപ്പെടുക മാത്രമായിരുന്നു ഏക പോംവഴി. ഓടിയതൊന്നും രക്ഷപ്പെടാനായിരുന്നില്ലെന്ന് ജീവന്‍ അവശേഷിച്ചവര്‍ക്ക് ഇതിനകം മനസ്സിലായിട്ടുണ്ട്. ചെന്നുകയറിയ ഇടങ്ങളിലെല്ലാം അവര്‍ ശത്രുക്കളായി തന്നെ പരിഗണിക്കപ്പെട്ടു. തങ്ങളുടെ ദേശത്തിന്റെ സുരക്ഷക്കും സമൃദ്ധിക്കും തുരങ്കം വെക്കാന്‍ എത്തിയവര്‍ എന്ന നിലക്കാണ് അഭയം തേടിയെത്തിയ നാട്ടിലെ ജനങ്ങള്‍ അവരെ കണ്ടത്.
മധ്യധരണ്യാഴിയില്‍ മുങ്ങിപ്പോയ ജീവനുകള്‍ക്ക് കണക്കില്ല. ഐലന്‍ കുര്‍ദി അവരുടെ പ്രതീകം മാത്രം. ചെറുബോട്ടുകളില്‍ മനുഷ്യക്കടത്തുകാരുടെ സഹായത്താല്‍ ഗ്രീസിലേക്കും ഇറ്റലിയിലേക്കും ഫ്രാന്‍സിലേക്കും കടക്കാന്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അങ്ങനെ എത്തിയവര്‍ അവിടെയും തെരുവിലാണ്. തുര്‍ക്കി വഴി ബള്‍ഗേറിയയിലും സെര്‍ബിയയിലും റൊമേനിയയിലും കടന്നിട്ട് പ്രത്യേകിച്ച് കാര്യമില്ല. അതിനാല്‍ യൂറോപ്പിലേക്കെത്തിയാല്‍ എങ്ങനെയെങ്കിലും ജീവനെങ്കിലും ബാക്കിയാകുമെന്ന വിശ്വാസത്തിലാണ് മധ്യധരണ്യാഴി കടക്കാന്‍ എന്ത് ത്യാഗവും അവര്‍ സഹിക്കുന്നത്. ദക്ഷിണ സുഡാനിലെയും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ആഭ്യന്തരകലഹം പതിനായിരങ്ങളെ രാജ്യം വിടാന്‍ നിര്‍ബന്ധിതരാക്കി. ഇവരും യൂറോപ്പിനെയാണ് ലക്ഷ്യം വച്ചത്. ഇതോടെയാണ് ഇറ്റലിയും ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനുമൊക്കെ കടുത്ത നിലപാടെടുത്തത്. യൂറോപ്പിലെ പല ഭരണകൂടങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കാനും അവര്‍ക്ക് അഭയം നല്‍കാനും തയാറാണെങ്കിലും ദേശീയവാദികള്‍ എല്ലായിടത്തും കടുത്ത എതിര്‍പ്പുയര്‍ത്തുകയാണ്. ഇതിനിടെ കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് മിക്ക രാജ്യങ്ങളും.

യുദ്ധം ലോകത്ത് ആറരക്കോടി ആളുകളെ അഭയാര്‍ത്ഥികളാക്കിയപ്പോള്‍ അതിതീവ്ര ദേശീയവാദം അവര്‍ക്ക് അഭയമൊരുക്കേണ്ട വാതിലുകള്‍ കൊട്ടിയടക്കുകയാണ്. കുടിയേറ്റത്തിനെതിരെ, അഭയാര്‍ത്ഥി പ്രവേശനത്തിനെതിരെ യൂറോപ്പിലും അമേരിക്കയിലും വലിയ പ്രചരണവും വികാരവുമാണ് അലയടിക്കുന്നത്. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ ഇതിന്റെ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. എന്ത് സംഭവിക്കരുതെന്ന് ലോകം ആഗ്രഹിച്ചോ അത് അമേരിക്കയില്‍ സംഭവിച്ചു. ഡോണാള്‍ഡ് ട്രംപിന്റെ മണ്ടന്‍-ഭ്രാന്തന്‍-വിഡ്ഢിത്ത ആശയങ്ങളെ അമേരിക്കന്‍ ജനത പൂമാലയിട്ട് സ്വീകരിച്ചു. പറഞ്ഞതുപോലെ തന്നെ ട്രംപ് തുടങ്ങി. കുടിയേറ്റക്കാര്‍ക്ക് എതിരെ, മുസ്‌ലിം വംശജര്‍ക്കെതിരെ, മെക്‌സിക്കന്‍ അതിര്‍ത്തിവഴി കടക്കുന്നവര്‍ക്കെതിരെ, അഭയാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടികളെടുത്തു. അവ എതിര്‍പ്പുകള്‍ അവഗണിച്ചുതന്നെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

ജര്‍മനിയില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ആഞ്ചല മെര്‍ക്കല്‍ വീണ്ടും ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നവനാസികള്‍ നേതൃത്വം നല്‍കുന്ന അതിതീവ്രദേശീയ കക്ഷി വലിയ വിജയം നേടി. ജര്‍മനിയിലേക്ക് കടക്കുന്ന അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും അടിച്ചുപുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നവര്‍ക്ക് വന്‍പിന്തുണയാണ് ജര്‍മന്‍ ജനത നല്‍കിയത്. ഫ്രാന്‍സിലും ഇറ്റലിയിലും സമാന സ്ഥിതി തന്നെയാണ്.

”ഞങ്ങള്‍ ഈ മനുഷ്യരെ സ്‌നേഹിക്കുന്നു”
സിറിയയില്‍ നിന്നും മറ്റുമുള്ള അഭയാര്‍ത്ഥികള്‍ക്കായി വടക്കന്‍ പാരീസില്‍ ഒരുക്കിയ ക്യാമ്പിന് സമീപത്തെ റോഡുകളിലെല്ലാം മുനിസിപ്പല്‍ അധികൃതര്‍ അടുത്തിടെ വലിയ കരിങ്കല്‍ ചീളുകള്‍ ഇറക്കിയത് ക്യാമ്പുകളില്‍ കഴിയുന്നവര്‍ പാതയോരങ്ങളില്‍ കിടന്നുറങ്ങാതിരിക്കാനായിരുന്നു. എന്നാല്‍ കേട്ടറിഞ്ഞെത്തിയ കലാകാരന്മാരും ശില്‍പികളും മനുഷ്യാവകാശ പ്രവര്‍ത്തകരും കൂട്ടിയിട്ട കരിങ്കല്‍ കഷണങ്ങളിലെല്ലാം കൊത്തുകയും വരയ്ക്കുകയും എഴുതുകയും ചെയ്തത് ”ഞങ്ങള്‍ ഈ മനുഷ്യരെ സ്‌നേഹിക്കുന്നു” എന്നുതന്നെയായിരുന്നു. ”എന്റെ ആത്മാവ് കുഴിയില്‍ വീണു, അവര്‍ എന്റെ മേല്‍ കല്ലുകളെറിഞ്ഞു”, ”കല്ലുകള്‍ക്കൊണ്ട് ആരുടെയും ജീവിതം ഇല്ലാതാക്കാനാവില്ല” തുടങ്ങിയ എഴുത്തുകള്‍ ഈ കല്ലുകളില്‍ വ്യാപകമായി രേഖപ്പെടുത്തപ്പെട്ടതോടെ മുനിസിപ്പല്‍ അധികൃതരുടെ കല്ലിറക്കല്‍ തത്ക്കാലം നിലച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണമായിരുന്നു. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനായിരുന്നു കടുത്ത കുടിയേറ്റവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ട്രംപിന്റെ ഈ തീരുമാനം. അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്ന തരത്തില്‍ വലിയ മുതല്‍മുടക്കുള്ള ഈ മതില്‍നിര്‍മാണ പ്രഖ്യാപനം വ്യാപകമായ എതിര്‍പ്പുകള്‍ക്കിടയാക്കിയെങ്കിലും ട്രംപ് അധികാരത്തിലെത്തുകയും കടുത്ത കുടിയേറ്റവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകുകകയും ചെയ്യുന്നു. ലോകത്തെമ്പാടുനിന്നുമുള്ള അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കടന്ന് മെക്‌സിക്കോ വഴി അമേരിക്കയിലേക്ക് നുഴഞ്ഞുകയറുന്നു എന്നത് കാലങ്ങളായി അമേരിക്കയിലെ യാഥാസ്ഥിതികരും വലതുപക്ഷരാഷ്ട്രീയക്കാരും ഉയര്‍ത്തുന്ന മുറവിളിയാണ്.

ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല
മ്യാന്‍മറിലെ കൂട്ടക്കൊലയില്‍ നിന്നും കലാപത്തില്‍ നിന്നും രക്ഷപ്പെട്ടോടുന്ന റോഹിംഗ്യന്‍ ജനതയുടെ നരക ജീവിതം ലോകമറിയുകയും അതേക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകുകയും ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇന്ത്യയില്‍ തങ്ങുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരികെ മ്യാന്‍മറിലേക്ക് അയക്കണമെന്നും ഇവര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തപ്പോള്‍ സുപ്രീംകോടതിയിലേക്ക് വരെ ഈ വിഷയം എത്തി. ഇന്ത്യയില്‍ നാല്‍പ്പതിനായിരത്തോളം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ ഡല്‍ഹിയിലും പശ്ചിമബംഗാളിലും ജമ്മുകാശ്മീരിലുമായി വിവിധ ക്യാമ്പുകളിലുള്ളവരെയാണ് അഭയാര്‍ത്ഥികളുടെ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ കലാപത്തില്‍ മ്യാന്‍മറില്‍ നിന്ന് നാലരലക്ഷം ആളുകളാണ് പലായനം ചെയ്തത്. ഇതില്‍ പകുതിയിലേറെപ്പേരും തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശിലേക്കാണ് രക്ഷപ്പെട്ടോടിയത്. കടല്‍ കടന്ന് മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും കടക്കാന്‍ ശ്രമിച്ച് ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെട്ടു. മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള റോഹിംഗ്യന്‍ പ്രവാഹം ശക്തമായതോടെയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ജാഗ്രത കടുത്തതും റോഹിംഗ്യകള്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പുറത്തുവന്നതും.
അമിത രാജ്യസ്‌നേഹവും മതേതരവിരുദ്ധ മനോഭാവവും മുഖമുദ്രയാക്കിയ തീവ്രവലതുപക്ഷം വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ അവര്‍ തങ്ങളുടെ നയം ഇവിടെയും വ്യക്തമാക്കിയിരുന്നു. പറഞ്ഞതിലപ്പുറം നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന മുറവിളിക്ക് എന്തുഫലം. തങ്ങളെ വീണ്ടും മരണത്തിലേക്ക് പറഞ്ഞയക്കരുതേ എന്ന് ഡല്‍ഹിയിലെ റോഹിംഗ്യന്‍ ക്യാമ്പിലെ കുട്ടികളും മുതിര്‍ന്നവരും നിലവിളിച്ചുപറയുമ്പോള്‍ സത്യത്തില്‍ മനസ്സ് പിന്തിരിഞ്ഞു സഞ്ചരിക്കേണ്ടത് വിഭജനകാലത്തെ കൂട്ടപ്പലായനങ്ങളുടെയും അഭയാര്‍ത്ഥി പ്രവാഹങ്ങളുടെയും കാലത്തേക്ക് തന്നെയാണ്.

ശ്രീലങ്കയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടങ്ങിയ കാലത്ത് അവിടെ നിന്നും വന്‍തോതില്‍ ജനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് അഭയം തേടി പോയിരുന്നു. ഇന്ത്യയുടെ എല്ലാ ഭാഗത്തും ശ്രീലങ്കന്‍ തമിഴ് വംശജര്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുണ്ട്. കേരളത്തില്‍ വരെ അവര്‍ക്ക് സെറ്റില്‍മെന്റുകളുണ്ടായി. തമിഴ്‌നാട്ടില്‍ വന്‍തോതില്‍ ശ്രീലങ്കന്‍ തമിഴ് വംശജര്‍ കുടിയേറി. എന്നാല്‍ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം ഇന്ത്യ കടുത്ത നിലപാടുകള്‍ സ്വീകരിച്ചു. ഏറ്റവും അവസാനം ശ്രീലങ്കന്‍ സേനയും എല്‍ ടി ടി ഇയും തമ്മിലുണ്ടായ യുദ്ധത്തില്‍ എല്‍ ടി ടി ഇ ഉന്മൂലനം ചെയ്യപ്പെട്ടു. ആയിരക്കണക്കിന് തമിഴ് വംശജര്‍ കൂട്ടക്കൊലക്കിരയായി.

അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നത്
മനുഷ്യനുണ്ടാക്കിയതെല്ലാം അവനില്‍ നിന്ന് അന്യവത്ക്കരികപ്പെടുകയും അവന്‍ പൊരുതി നേടിയവയില്‍ നിന്നെല്ലാം അഭയം തേടി ഓടേണ്ടിവരികയും ചെയ്യുന്ന അവസ്ഥയുണ്ട്. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറിക്കടന്ന് തളര്‍ന്നു മടുത്തുനില്‍ക്കുന്ന ആധുനിക മനുഷ്യന്റെ മുന്നില്‍ മനുഷ്യചരിത്രം തന്നെ ഒരു അഭയാര്‍ത്ഥി പ്രവാഹമായി മാറുന്ന വര്‍ത്തമാനകാല സംഭവങ്ങളാണ് പ്രശസ്ത എഴുത്തുകാരന്‍ ആനന്ദിന്റെ ‘അഭയാര്‍ത്ഥികള്‍’ എന്ന നോവല്‍ ആവിഷ്‌കരിക്കുന്നത്. ആനന്ദ് ഈ നോവല്‍ എഴുതുന്ന കാലത്തെക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെയവസ്ഥ. ശാസ്ത്ര സാങ്കേതിക പുരോഗതിയും ആരോഗ്യസുരക്ഷാ സംവിധാനങ്ങളും ഭക്ഷ്യസമൃദ്ധിയും എല്ലാം അവശ്യത്തിനും അതിനുമധികമുള്ളപ്പോഴും യുദ്ധത്തിന്റെയും അക്രമത്തിന്റെയും പിടിച്ചടക്കലിന്റെയും അടിച്ചമര്‍ത്തലിന്റെയും വിഭ്രാന്തികളില്‍ അഭിരമിക്കാനാണ് മനുഷ്യന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് സമകാലിക ലോകസംഭവങ്ങള്‍ കാട്ടിത്തരുന്നത്.

മനുഷ്യചരിത്രത്തിലെ ആദ്യ പ്രവാഹങ്ങള്‍ പ്രകൃതിദുരന്തങ്ങളെയും പകര്‍ച്ചവ്യാധികളെയും ഭയന്നായിരിക്കണം. പിന്നീട് ഗോത്രകലഹങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍. പിന്നീടത് യുദ്ധങ്ങളെയും കലഹങ്ങളെയും ഭയന്നായിരിക്കും. രാജ്യങ്ങളുണ്ടായതോടെയായിരിക്കും ജനപ്രവാഹം അഭയാര്‍ത്ഥി പ്രവാഹമായി മാറിയിരിക്കുക. തുടര്‍ന്ന് അതിര്‍ത്തികളുടെയും സാമ്രാജ്യങ്ങളുടെയും രാജ്യങ്ങള്‍ അപ്രസക്തമാക്കുന്ന മതങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ കലഹങ്ങളും യുദ്ധങ്ങളും പിടിച്ചടക്കലുകളും സര്‍വ്വസാധാരണമായതോടെ നാടുപേക്ഷിച്ച്, ജീവന്‍ മാത്രം മതിയെന്ന ആഗ്രഹത്താല്‍ പലായനം ചെയ്യപ്പെടുന്നവരുടെ എണ്ണവും കൂടി. കോളനിവത്കരണങ്ങള്‍, ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുണ്ടായ കലഹങ്ങളും യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും ലക്ഷക്കണക്കിനാളുകളെ ജനിച്ച ദേശത്തുനിന്നും ആട്ടിപ്പായിച്ചു. അതുവരെയുണ്ടായിരുന്ന അധ്വാനവും സമ്പത്തും കുടുംബബന്ധങ്ങളും ഉപേക്ഷിച്ച് ഓടിപ്പോകേണ്ടിവരുന്ന ജനങ്ങള്‍ ഏത് ദേശത്തായാലും രാജ്യത്തായാലും അവരുടെ അവസ്ഥ ഒന്നുതന്നെയായി.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ അന്തച്ഛിദ്രവും ലഹരിമാഫിയകളുടെ അഴിഞ്ഞാട്ടവും, ശ്രീലങ്കന്‍ പ്രശ്‌നം, ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷം, തെക്കുകിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷങ്ങള്‍, അഫ്ഗാനിലെ യു എസ് അധിനിവേശം, ഗള്‍ഫ് യുദ്ധങ്ങള്‍, ഐസിസ് പോലെയുള്ള ഭീകരപ്രവര്‍ത്തകരുടെ ആക്രമണപ്രത്യാക്രമണങ്ങള്‍, ഇപ്പോഴിതാ മ്യാന്‍മറിലെ റാഖിനെ പ്രദേശത്തെ ന്യൂനപക്ഷ മുസ്‌ലിം വിഭാഗങ്ങളായ റോഹിംഗ്യകള്‍ക്ക് നേരെയുള്ള ആക്രമണവും. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ മുമ്പില്‍ നടക്കുന്ന കൂട്ടപ്പലായനങ്ങള്‍ക്ക് വഴിവച്ച സംഭവങ്ങളില്‍ ചിലതാണിവ.

”ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്”
2016ലെ ഒളിമ്പിക്‌സ് മത്സരം റിയോ ഡി ജനീറോയിലെ വിശ്വപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ 206 രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെ തുടങ്ങിയപ്പോള്‍ സ്‌റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് വരവേറ്റത് പത്തുപേരടങ്ങിയ ചെറിയൊരു ടീമിനെയായിരുന്നു. യുസ്ര മര്‍ദ്ദീനി എന്ന പതിനെട്ടുകാരിയാണ് ആ ടീമിന് വേണ്ടി പതാകയേന്തിയത്. മറ്റ് ടീമുകളില്‍ നിന്ന് ഭിന്നമായി അവര്‍ കൈയ്യില്‍ ഏന്തിയിരുന്നത് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ ഔദ്യോഗിക പതാകയായിരുന്നു. സുഡാന്‍, എത്യോപ്യ, കോംഗോ, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആ പത്തുപേര്‍ അറിയപ്പെട്ടത് റെഫ്യൂജി ടീം എന്നായിരുന്നു.
വിവിധ കാരണങ്ങളാല്‍ സ്വന്തം ദേശത്തുനിന്ന് സര്‍വസ്വവും ഉപേക്ഷിച്ച് ഓടിപ്പോകേണ്ടിവന്ന കായികതാരങ്ങള്‍ക്ക് ഒളിമ്പിക്‌സ് കമ്മിറ്റി മത്സരിക്കാന്‍ വേദിയൊരുക്കിയത് ചരിത്രത്തില്‍ ആദ്യമായിരുന്നു. പിറന്ന മണ്ണ് ഉപേക്ഷിക്കേണ്ടി വന്ന നാല്‍പ്പത്തിമൂന്ന് കായികതാരങ്ങളെ വിവിധ രാജ്യങ്ങളില്‍ നിന്ന് കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അവരില്‍ നിന്ന് യോഗ്യരായ പത്തുപേരെയാണ് ഒളിമ്പിക്‌സ് പതാകക്ക് കീഴില്‍ മത്സരിക്കാന്‍ ഒളിമ്പിക്‌സ് കമ്മിറ്റി ബ്രസീലിലേക്ക് അയച്ചത്.

സിറിയയില്‍ നിന്നും ജര്‍മനിയില്‍ അഭയം തേടിയ യുസ്ര മര്‍ദ്ദീനി ഉള്‍പ്പെടെയുള്ള അത്‌ലറ്റുകള്‍ അവരുടെ കഠിനമായ ജീവിതം എന്തെന്ന് ലോകത്തോട് തുറന്നുപറഞ്ഞപ്പോള്‍ മത്സരത്തെയും വിജയത്തെയും മെഡലിനെയുമൊക്കെ മറന്ന് അവര്‍ക്ക് വേണ്ടി ലോകം ഒന്നടങ്കം കൈയ്യുയര്‍ത്തി. സിറിയയില്‍ നിന്നും രക്ഷപ്പെട്ട് കടല്‍ കടക്കുന്നതിനിടെ കരയോടടുത്ത് ബോട്ട് മുങ്ങിയപ്പോള്‍ നീന്തല്‍താരമായ യുസ്ര തന്റെ സഹോദരിയെ തോളിലേറ്റി നീന്തി കരയ്ക്കണയുകയായിരുന്നു. ഒളിമ്പിക്‌സില്‍ മത്സരിച്ച ആ പത്തുപേര്‍ക്കും പറയാന്‍ കണ്ണീര്‍ കഥകള്‍ മാത്രമാണുണ്ടായിരുന്നത്. ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’, എന്ന് ലോകം ഒന്നടങ്കം അവരോട് പറഞ്ഞു. എല്ലാവിധ വിഭാഗീയതകളെയും അതിര്‍വരമ്പുകളെയും പൊട്ടിച്ചെറിയുന്ന വികാരമാണ് കായികമത്സരങ്ങള്‍ പകര്‍ന്നുനല്‍കുന്നത്. അതുകൊണ്ടാണ് അഭയാര്‍ത്ഥി താരങ്ങളോട് ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് മാരക്കാനയിലെ ലക്ഷക്കണക്കിനാളുകള്‍ വിളിച്ചുപറഞ്ഞത്. സത്യത്തില്‍ ലോകമൊന്നടങ്കമുള്ള മനുഷ്യസ്‌നേഹികളും അഭയാര്‍ത്ഥികളോട് പറയേണ്ടത് ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം’ എന്നാണ്.

ഷിബു ടി ജോസഫ്‌

You must be logged in to post a comment Login