ലാസ് വെഗാസിലെ ‘ഒറ്റക്കുറുക്കന്‍’

ലാസ് വെഗാസിലെ ‘ഒറ്റക്കുറുക്കന്‍’

ഭീതി ജനിപ്പിക്കുന്ന കൂട്ടക്കൊല ഒരു വട്ടം കൂടി അമേരിക്കയില്‍ നടന്നിരിക്കുന്നു. ലാസ് വെഗാസില്‍ വെടിയേറ്റു വീണ നിരപരാധികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ഒരിക്കല്‍ കൂടി ജനം ഒത്തുകൂടി. ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് മുതലക്കണ്ണീരൊഴുക്കാന്‍ ബരാക്ക് ഒബാമ ഇല്ലാതെ പോയി എന്നൊരു വ്യത്യാസം മാത്രം.

പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബര്‍ ഒന്നിന് ലാസ്‌വെഗാസിലെ ഹോട്ടലില്‍ മുറിയെടുത്ത ആയുധധാരി അവിടെ നടക്കുന്ന സംഗീതപാര്‍ട്ടിക്കെത്തിയ ജനക്കൂട്ടത്തിന് നേരെ യന്ത്രത്തോക്കുകളുപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലധികമാളുകള്‍ക്ക് പരിക്കേറ്റു.

ലാസ്‌വെഗാസിലെ തെരുവുകളിലെ രക്തം ഉണങ്ങുന്നതിന് മുമ്പ് തന്നെ കൊലയാളിയുടെ വ്യക്തിത്വത്തെക്കുറിച്ചും അയാളുടെ ഉദ്ദേശ്യത്തെക്കുറിച്ചും മീഡിയകള്‍ പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. അയാളൊരു വെള്ളക്കാരനാണ്, അയാള്‍ മുസ്‌ലിമല്ല, അപ്പോഴത് ‘ഭീകരത’യാണോ? ഇതൊരു ‘ഒറ്റക്കുറുക്കന്റെ’ ചെയ്തി മാത്രമല്ലേ? മുസ്‌ലിമല്ലാത്ത സ്ഥിതിക്ക്… അയാള്‍ വെളളക്കാരനായതിനാല്‍… ആവേശപൂര്‍വം ചര്‍ച്ച ചെയ്യുമ്പോഴും മീഡിയകള്‍ക്ക് ഇക്കാര്യങ്ങളിലൊക്കെ ആശയക്കുഴപ്പമുണ്ടായി.

വെള്ളക്കാരായ ആയുധധാരികള്‍ ഓരോ തവണ വെടിവെപ്പു നടത്തുമ്പോഴും, അങ്ങനെ പലവട്ടം സംഭവിച്ചല്ലോ- ട്രംപിനെ പോലെ വംശീയവാദികളും ഇസ്‌ലാമോഫോബിസ്റ്റുകളുമായ അമേരിക്കന്‍ ഭരണനേതൃത്വത്തെ ഒരു കാര്യം പറഞ്ഞുബോധ്യപ്പെടുത്താന്‍ പലരും വിഫലശ്രമം നടത്തും. ഇത്തരം കൂട്ടക്കൊലകള്‍ക്ക് പിന്നില്‍ ആഭ്യന്തരമായ വെളുത്ത ഭീകരതയാണെന്ന വസ്തുത ബോധ്യപ്പെടുത്താന്‍. അമേരിക്കയിലോ മറ്റെവിടെയെങ്കിലോ നടക്കുന്ന കൂട്ടക്കൊലകള്‍ക്ക് പിന്നില്‍ നിങ്ങള്‍ തന്നെ പേര് നല്‍കി വലുതാക്കിയ ‘ഇസ്‌ലാമിക ഭീകരത’യ്ക്ക് കാര്യമായ പങ്കൊന്നുമില്ലെന്ന കാര്യം. അമേരിക്കക്കാരെ സുരക്ഷിതരാക്കാനായി നിങ്ങള്‍ ഏര്‍പ്പെടുത്തിയ മുസ്‌ലിം രാജ്യങ്ങള്‍ക്കുളള പ്രവേശനവിലക്ക് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന യാഥാര്‍ത്ഥ്യം. ട്രംപോ കടുത്ത വംശീയ വിദ്വേഷികളായ അദ്ദേഹത്തിന്റെ അനുയായികളോ ഇക്കാര്യങ്ങളൊന്നും അംഗീകരിക്കാന്‍ കൂട്ടാക്കില്ല. ‘ഇസ്‌ലാമിക ഭീകരത’ എന്ന കച്ചവടത്തില്‍ നന്നായി പണമൊഴുകുന്നത് കൊണ്ടാണിത്.

അമേരിക്കയും, അവര്‍ക്ക് വേണ്ടി യൂറോപ്പില്‍ ബ്രിട്ടനും ചേര്‍ന്നുണ്ടാക്കി വച്ചൊരു സങ്കല്പമുണ്ട്. ‘ഭീകരത’ എന്നത് മുസ്‌ലിംകള്‍ക്ക് മാത്രം ഉത്തരവാദിത്തമുള്ളത് എന്നതാണാ സങ്കല്പം. വെള്ളക്കാരാകട്ടെ എല്ലായ്‌പ്പോഴും ആ ‘ഭീകരത’യുടെ ഇരകളാകാന്‍ വിധിക്കപ്പെട്ടവരും. ഇത്തം കപടനാട്യങ്ങള്‍ കൊണ്ടൊക്കെ ശ്രദ്ധ തിരിക്കാമെന്നല്ലാതെ മറ്റ് പ്രയോജനങ്ങളൊന്നുമില്ല. അമേരിക്കയില്‍ നടമാടുന്ന നിന്ദ്യമായ തോക്ക് സംസ്‌കാരവും അതിന് വളം വച്ചുെകാടുക്കുന്ന അമേരിക്കന്‍, ഇസ്‌റായേല്‍ ആയുധലോബിയുമൊക്കെയാണ് യഥാര്‍ത്ഥ പ്രശ്‌നം എന്നത് ഒളിച്ചുവെക്കുകയാണവര്‍. മുറിയിലുള്ള വലിയ ആനയെ കാണാതെ മുറ്റത്ത് തിരയുന്നതുപോലെയാണിത്. സാമ്രാജ്യത്വം ഇരുട്ടില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആയുധവ്യാപാരത്തിന്റെ ഇരകളാണ് ലാസ്‌വെഗാസില്‍ മരിച്ചുവീണവര്‍.
ഇതാര്‍ക്കും അറിയാത്ത കാര്യമൊന്നുമല്ല. ഓരോ കൂട്ടക്കൊലകള്‍ സംഭവിക്കുമ്പോഴും ‘ആയുധനിയന്ത്രണം’ എന്ന ഒരിക്കലും നടക്കാത്ത കാര്യത്തെക്കുറിച്ച് ആരെങ്കിലുമൊക്കെ സംസാരിക്കാന്‍ തുടങ്ങും. ”477 ദിവസങ്ങള്‍, 521 കൂട്ടവെടിവെയ്പുകള്‍, ഒന്നും ചെയ്യാതെ കോണ്‍ഗ്രസ്”- ന്യൂയോര്‍ക്ക് ടൈംസിലെ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. അധികാരത്തിലുളളപ്പോള്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്ന ദിവസങ്ങളിലെല്ലാം ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നിലെത്തി പൊട്ടിക്കരയുന്ന സ്വഭാവമുണ്ടായിരുന്നു ബരാക് ഒബാമയ്ക്ക്. ഇരകള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കിയശേഷം ആയുധനിയന്ത്രണത്തിനായി നടപടിയെടുക്കണമെന്ന് അദ്ദേഹം യു.എസ്. കോണ്‍ഗ്രസിനോട് ആവശ്യപ്പെടും. കോണ്‍ഗ്രസാകട്ടെ ഇക്കാര്യത്തില്‍ ചെറുവിരല്‍ പോലുമനക്കാറുമില്ല. അമേരിക്കന്‍ ഇസ്‌റയേല്‍ പബ്ലിക് അഫേഴ്‌സ് കമ്മിറ്റി (എ.ഐ.പി.എ.സി.), നാഷനല്‍ റൈഫിള്‍സ് അസോസിയേഷന്‍ (എന്‍.ആര്‍.എ.) എന്നീ ലോബിയിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അത്രയ്ക്ക് സ്വാധീനമുള്ളതുകൊണ്ടാണിത്. ഇസ്‌റയേല്‍ ആയുധനിര്‍മാതാക്കളില്‍ നിന്ന് അമേരിക്കയിലേക്ക് നിര്‍ബാധം ആയുധമൊഴുക്കുന്നതിന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുക എന്നതാണ് എ.ഐ.പി.എ.സിയുടെ ധര്‍മം. എന്‍.ആര്‍.എയാകട്ടെ ഇങ്ങനെയെത്തുന്ന ആയുധങ്ങള്‍ അമേരിക്കക്കാര്‍ക്ക് നിയമതടസമൊന്നുമില്ലാതെ ഉപയോഗിക്കുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നു. തോക്കുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനായി സര്‍ക്കാരുകള്‍ എന്തെങ്കിലും നടപടിയെടുത്താല്‍ ആദ്യം ചാടി വീഴുക എന്‍.ആര്‍.എയാണ്. തോക്കുകള്‍ കൈവശം വെക്കുന്നത് തടയുന്നത് മനുഷ്യാവകാശലംഘനമാണെന്നാണ് ഇവരുടെ വാദം. യു.എസ്. കോണ്‍ഗ്രസിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും ഇവര്‍ക്കുള്ള സ്വാധീനം ചെറുതൊന്നുമല്ല. ഇസ്‌റാഈലുകാര്‍ ഫലസ്തീനികളെ കൊന്നൊടുക്കുന്ന അതേ ലാഘവത്തോടെ അമേരിക്കക്കാര്‍ക്ക് തമ്മില്‍ തമ്മില്‍ വെടിവെച്ച് മരിക്കാന്‍ അവസരമൊരുക്കുകയാണ് രണ്ട് സംഘടനകളും ചെയ്യുന്നത്. ഈ വിഷയത്തില്‍ ഒബാമയ്ക്കുള്ളത് പോലെ ഇരട്ടത്താപ്പൊന്നും ട്രംപിനില്ല എന്നതാണ് രസകരമായ കാര്യം. ഹൃദയമില്ലാത്തൊരു വംശീയവാദിയാണയാള്‍. അത് തുറന്നുപറയുന്നതിനും ആള്‍ക്കൊരു മടിയുമില്ല.

കോഴികള്‍ കൂട്ടിലെത്തുമ്പോള്‍
അമേരിക്കന്‍ ആയുധക്കൊതിയുടെ പ്രാദേശികവും ദേശീയവുമായ മാനങ്ങളെക്കുറിച്ച് ശരിയായി ബോധ്യപ്പെടണമെങ്കില്‍ ഇസ്‌ലാമികതീവ്രാദം, ഇസ്‌ലാമികേതര തീവ്രവാദം എന്നീ ദ്വന്ദ്വങ്ങളെക്കുറിച്ചുള്ള തെറ്റുധാരണകള്‍ ആദ്യം മനസ്സില്‍ നിന്നകറ്റണം. ജിഹാദിസം, ഒറ്റക്കുറുക്കന്റെ ചെയ്തികള്‍ എന്നിങ്ങനെ അക്രമങ്ങളെ വേര്‍തിരിച്ചു കാണുകയുമരുത്. ഇത്തരം കൂട്ടക്കൊലകള്‍ നടത്തുന്നത് ആരുമാകട്ടെ- മുസ്‌ലിം മൗലികവാദിയോ, ക്രിസ്ത്യന്‍ വംശീയവാദിയോ, ബറൂച്ച് ഗോള്‍ഡ്സ്റ്റീനെപോലൊരു ജൂതനോ, ഡിലന്‍ റൂഫിനെ പോലൊരു വെള്ളക്കാരന്‍ മേല്‍ക്കോയ്മാവാദിയോ ആരുമാകാമത്, അവരുടെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പൊതുവായൊരു സത്യമുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം ഹീനമായ കൊലകള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്‌റയേലും പടര്‍ത്തിവിടുന്ന വെറുപ്പിന്റെയും കൊലവിളിയുടെയും രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായ ചേരിതിരിവുകള്‍ പോലും വലിയ പ്രശ്‌നങ്ങളാക്കി ഊതിപ്പെരുപ്പിച്ച് യുദ്ധത്തിലേക്കെത്തിക്കുന്ന ആയുധലോബിയുടെ ഇടപെടലും ഇതിലുണ്ട്.

കൂട്ടക്കൊല നടത്താനുപയോഗിക്കുന്ന ആയുധങ്ങള്‍ എവിടെ നിന്നാണ് വരുന്നത്, ആരാണിവ നിര്‍മിക്കുന്നതും ലോകം മുഴുവന്‍ എത്തിക്കുന്നതും? ‘ആയുധനിയന്ത്രണ’ത്തെക്കുറിച്ചും ‘ഭീകരത’യെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഈ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിക്കും. ലോകമെങ്ങുമുള്ള നിഷ്‌കളങ്കരെ കൊന്നൊടുക്കി ലാഭം കൊയ്യുന്ന കള്ളക്കച്ചവടക്കാരെ ഇരുട്ടില്‍ തന്നെ നിര്‍ത്താനാണ് എല്ലാവര്‍ക്കും താത്പര്യം. അമേരിക്കന്‍ തോക്ക് സംസ്‌കാരവും ഇസ്‌റാഈല്‍ സൈനികനീക്കങ്ങളുമാണ് പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണമെന്ന് തുറന്നുപറയാന്‍ ആരും ധൈര്യം കാട്ടാറില്ല.

അമേരിക്കയില്‍ ഒരു ‘തോക്ക് ലോബി’ ഉണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. പക്ഷേ ഈ തോക്ക് ലോബിയല്ല യഥാര്‍ത്ഥ രോഗം, അതൊരു രോഗസൂചന മാത്രമാണ്. ബരാക്ക് ഒബാമയും ഡൊണാള്‍ഡ് ട്രംപും ഈ തോക്ക് ലോബിയുടെ ശക്തരായ വക്താക്കളാണ്. വിവിധ രാജ്യങ്ങളിലെ ഏകാധിപതികളായ ഭരണകൂടങ്ങള്‍ക്ക് ആയുധങ്ങളെത്തിക്കാന്‍ ഇരുവരും വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. യെമനില്‍ കുറ്റകൃത്യങ്ങള്‍ നടത്താന്‍ സഊദി അറേബ്യയ്ക്കും റോഹിംഗ്യന്‍ മുസ്‌ലിംകളെ ജീവനോടെ ചുട്ടെരിക്കാന്‍ മ്യാന്‍മറിനും അവരുടെ നൊബേല്‍ ജേതാവായ നേതാവിനും ആയുധങ്ങളെത്തിക്കുന്നത് ഇവര്‍ തന്നെ.

”കോഴികള്‍ വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു”- 1963 നവംബര്‍ 22ന് ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെട്ടപ്പോള്‍ മാല്‍കം എക്‌സ് വളരെ ലളിതമായൊരു വാചകം പറഞ്ഞു. അമേരിക്കന്‍ ഭരണകൂടവും പട്ടാളവും ലോകം മുഴുവനും വ്യാപിപ്പിച്ച ഹിംസയുടെയും യുദ്ധക്കൊതിയുടെയും തിക്തഫലങ്ങള്‍ അമേരിക്കക്ക് തന്നെ തിരിച്ചടിച്ചുതുടങ്ങിയെന്നാണ് മാല്‍കം എക്‌സ് ഉദ്ദേശിച്ചത്. ഈയൊരു സത്യം വിളിച്ചുപറഞ്ഞതിന് മാല്‍ക്കം എക്‌സിന് ഒട്ടേറെ വിമര്‍ശനവും ഒറ്റപ്പെടലും നേരിടേണ്ടിവന്നു. പക്ഷേ ഓരോ തവണ യുക്തിരഹിതമായ കൂട്ടക്കൊലകള്‍ നടക്കുമ്പോഴും മാല്‍ക്കം എക്‌സിന്റെ പ്രവചനസ്വഭാവമുള്ള ആ വാചകങ്ങളുടെ കനം കൂടി വരികയാണ്.
ലോകം മുഴുവന്‍ കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുകയും നാട്ടിലെത്തി ആയുധനിയന്ത്രണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാനും ഒബാമയ്ക്കും ട്രംപിനും മാത്രമേ സാധിക്കൂ. സാമാന്യബുദ്ധിയുളള ആര്‍ക്കുമതിന് കഴിയില്ല.

ഭീകരത, നാട്ടിലും വിദേശത്തും
തോക്കിനും ബോംബിനുമിരയായി മ്യാന്‍മറിലും ലാസ് വെഗാസിലും മനുഷ്യര്‍ മരിച്ചുവീഴുന്നത് ഒരുപോലെയാണ്. ആഗോളമായൊരു ദുരന്തത്തിന്റെ ഒരുപോലുള്ള ഇരകളാണവര്‍. തോക്കിന്റെ കാഞ്ചി വലിക്കുന്നവര്‍ മാറുന്നുണ്ടെങ്കിലും ഇരകള്‍ മാറുന്നില്ല. അമേരിക്കയും ഇസ്‌റാഈലുമാണ് ലോക ആയുധവിപണിയിലെ പ്രധാനപ്പെട്ട നിര്‍മാതാക്കളും കച്ചവടക്കാരും. യെമനിലെ കുട്ടികളെ സഊദി കൊല്ലുന്നത് അമേരിക്കന്‍ ആയുധമുപയോഗിച്ചാണ്. ഇസ്‌റയേലികള്‍ ഫലസ്തീനികളെ കശാപ്പ് നടത്തുന്നതും അമേരിക്കന്‍ ആയുധങ്ങള്‍ കൊണ്ടുതന്നെ. മ്യാന്‍മറിലെ പട്ടാളഭരണകൂടം റോഹിംഗ്യന്‍ മുസ്‌ലിംകളെ കൊന്നൊടുക്കുന്നതും അമേരിക്കന്‍ ആയുധങ്ങള്‍ കൈയിലേന്തിയാണ്. ലാസ്‌വെഗാസില്‍ കൂട്ടക്കൊല നടത്തിയ ആളുടെ കൈയിലുമുണ്ടായിരുന്നത് ഇതുതന്നെ. സഊദികളും ഇസ്‌റയേലികളും മ്യാന്‍മര്‍ പട്ടാളവും ഉപയോഗിക്കുന്ന അതേ ആയുധങ്ങള്‍.
ബാലിശവും വിഢിത്തവുമായ ഒരു പ്രസ്താവനയിലൂടെ ഡൊണാള്‍ഡ് ട്രംപ് ലാസ്‌വെഗാസ് കൂട്ടക്കൊലയെ അപലപിച്ചിട്ടുണ്ട്. ‘ശുദ്ധമായ തിന്മ’ എന്നാണ് ലാസ്‌വെഗാസ് കൂട്ടക്കൊലയെ ട്രംപ് വിശേഷിപ്പിച്ചത്. ഗാനമേളക്കെത്തിയ നിരപരാധികളായ മനുഷ്യരെ മുന്നും പിന്നും നോക്കാതെ വെടിവെച്ചിട്ട മാനസികരോഗിയുടെ ചെയ്തിയെയല്ല ‘ശുദ്ധമായ തിന്മ’ എന്ന് വിശേഷിപ്പിക്കേണ്ടത്. നിരപരാധികളായ യെമനികളെയും ഫലസ്തീനികളെയും റോഹിംഗ്യകളെയും കൊന്നൊടുക്കാന്‍ ആയുധങ്ങള്‍ നിര്‍മിച്ചുകൊടുക്കുന്നതിനെയാണ് ‘ശുദ്ധമായ തിന്മ’ എന്ന് വിളിക്കേണ്ടത്. അതിലെന്താണ് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യം?

ലാസ്‌വെഗാസിലെ ഗാനമേളക്കെത്തിയ നിരപരാധികളായ അമേരിക്കക്കാരെ നമുക്ക് എളുപ്പത്തില്‍ സങ്കല്പിക്കാനാവും. അതുപോലെ തന്നെയാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അഫ്ഗാനികളും, അതേപോലെയാണ് സ്‌കൂളിലെത്തുന്ന യെമനി കുട്ടികളും, അതുപോെലയാണ് ഗാസ കടലോരത്ത് പന്ത് കളിക്കുന്ന ഫലസ്തീനികളും, അതുപോലെയാണ് കത്തുന്ന ഗ്രാമങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന റോഹിംഗ്യകളും. എല്ലാവരും അമേരിക്കയും ഇസ്‌റാഈലും നടത്തുന്ന ആയുധക്കച്ചവടത്തിന്റെ ഇരകള്‍. ഈ രണ്ട് രാജ്യങ്ങള്‍ക്കും പുറമെ യൂറോപ്പും റഷ്യയും ചൈനയുമൊക്കെ ആയുധക്കച്ചവടം നടത്തുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
‘ആയുധലോബി’ എന്നത് രാജ്യാതിര്‍ത്തികള്‍ ഇല്ലാതാക്കുന്ന രാജ്യാന്തര വ്യാപാരമാണ്. സഊദിക്ക് കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന ആയുധങ്ങള്‍ വിലയ്ക്കും, അത്ര തന്നെ ആയുധങ്ങള്‍ ഇസ്‌റാഈലിന് സൗജന്യമായും നല്‍കിയാണ് ബരാക്ക് ഒബാമ പ്രസിഡന്റ് പദം ഒഴിഞ്ഞത്. യെമനികളെയും ഫലസ്തീനികളെയും കൊന്നൊടുക്കാനാണിത്. തുടര്‍ന്ന് അധികാരമേറ്റെടുത്ത ട്രംപും ഇതേ വഴിയില്‍ തന്നെ നീങ്ങി. വൈറ്റ് ഹൗസിലെ ഒരു മുറിയിലിരുന്ന് സഊദിക്ക് ആയുധങ്ങളെത്തിക്കുന്നതിനുളള കരാറില്‍ ഒപ്പിടുകയും മറ്റേ മുറിയിലിരുന്ന് അമേരിക്കന്‍ സ്‌കൂളില്‍ വെടിയേറ്റ് മരിച്ച കുട്ടികള്‍ക്കായി തേങ്ങിക്കരയുകയും ചെയ്തിട്ട് കാര്യമില്ല. ഇരട്ടത്താപ്പിന്റെ അങ്ങേയറ്റമാണിത്. ബരാക്ക് ഒബാമ നല്‍കിയ ആയുധങ്ങള്‍ കൊണ്ട് പിടഞ്ഞുവീണ ഫലസ്തീനി കുട്ടികളും യെമനി കുട്ടികളും ലാസ്‌വെഗാസില്‍ മരിച്ചവരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഒരു വ്യത്യാസവുമില്ല എന്നാണുത്തരം.

അതുകൊണ്ട് മുതലക്കണ്ണീര് തുടക്കാം. അമേരിക്ക രാജ്യത്തിനകത്തും പുറത്തും നടത്തുന്ന ആയുധവ്യാപാരത്തെ എതിര്‍ക്കുന്നവര്‍ മാത്രമേ ലാസ്‌വെഗാസ് കൂട്ടക്കൊലയെച്ചൊല്ലി കണ്ണീര്‍ വാര്‍ക്കേണ്ടതുള്ളൂ. ഇരട്ടത്താപ്പുകാരായ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് കക്ഷിനേതാക്കളെയും മൃദു,തീവ്ര സയണിസ്റ്റുകളെയും ഇവിടേക്ക് പ്രവേശിപ്പിക്കുന്നില്ല.

(കൊളംബിയ സര്‍വകലാശാലയിലെ ഇറാനിയന്‍ സ്റ്റഡീസ് ആന്‍ഡ് കംപാറേറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം പ്രൊഫസറാണ് ഹമീദ് ദബാഷി).
ഹാമിദ് ദബാഷി

You must be logged in to post a comment Login