വഞ്ചിക്കപ്പെട്ട വാഗ്ദത്തത്തിന്റെ നേരെഴുത്തുകള്‍

വഞ്ചിക്കപ്പെട്ട വാഗ്ദത്തത്തിന്റെ നേരെഴുത്തുകള്‍

പുറപ്പാട് കഥകളുടെ തിരയിളക്കത്തില്‍ നങ്കൂരമിളകിപ്പോയ മനസ്സുകൊണ്ടാണ് അവള്‍ ഇസ്രയേലിനെ സ്‌നേഹിച്ചത്. അവള്‍ കേട്ടും വായിച്ചുമറിഞ്ഞ ജൂത ജീവിതം പുറപ്പാടുകളുടേതും യാതനകളുടേതുമായിരുന്നു. സീനായില്‍ മോശയോടൊപ്പം അലഞ്ഞു തിരിഞ്ഞപ്പോഴും യൂറോപ്പില്‍ മതമൗലിക ക്രിസ്ത്യാനികളാല്‍ പീഡിതരായി ഒളിച്ചുപായുമ്പോഴും കേട്ടുതുടങ്ങിയ കാലം തൊട്ടേ അവള്‍ക്ക് ഇസ്രയേല്‍ വാഗ്ദത്തവും അഭയ ഭൂമിയുമായിരുന്നു. ജൂതന് ഭൂമിയില്‍ അനുവദിക്കപ്പെട്ട ഒരേയൊരു സ്വസ്ഥഗൃഹം. ലിയോണ്‍ ഉറിസ് അനശ്വരമാക്കിയ എക്‌സോഡസില്‍ തീരങ്ങളില്‍നിന്ന് ആട്ടിയകപ്പെട്ട് യൂറോപ്പിന്റെ ചുറ്റുകടലില്‍ അലയുകയും കടല്‍വെള്ളത്തില്‍ മുങ്ങിയമരുകയും ചെയ്യുമ്പോള്‍ അവളുടെ മനസ്സ് മോശയോടൊപ്പം കടല്‍ കീറിക്കടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വാഗ്ദത്ത ഭൂമിയുടെ ശേഷക്കുറികള്‍ പരതിയലയുന്നതിനിടയില്‍ ഫുആദിന്റെ കഥയറിയും വരെ ലിയോണ്‍ ഉറീസിന്റെ എക്‌സോഡസിന് ജൂതന്റെ വകയൊരു പാരഡിയുണ്ടാകുമെന്നവള്‍ നിനച്ചിരുന്നില്ല.
വിരലുകള്‍ വിജയചിഹ്നം ഉയര്‍ത്തിക്കാട്ടി. കൈകളില്‍ ദാവീദിന്റെ കൊടിയേന്തി, ആര്‍പ്പും ഓരിവിളികളുമായി 1948ലെ ആ ഇരുണ്ട സന്ധ്യക്ക് യൂറോപ്പിലെ ആദ്യത്തെ കുടിയേറ്റക്കാരുടെ സംഘം ഇസ്രയേല്‍ തീരത്തണയുമ്പോള്‍ ഭഗ്നാശയമായ മുഖവും കത്തുന്ന കരളുമായി മറ്റൊരു സംഘം ആട്ടിയിറക്കപ്പെടുന്നുണ്ടായിരുന്നു. അങ്ങനെയൊരു കഥ കേള്‍ക്കാന്‍ സൂസന്‍ നഥാന്റെ മനസ്സ് പാകപ്പെട്ടിരുന്നില്ല. അരുമയോടെ മനസ്സില്‍ കൊണ്ടുനടന്ന ഒരു വിശ്വാസത്തിന്റെ അലകുകള്‍ എട്ടുമട്ടില്‍ മുമ്പില്‍ പൊട്ടിത്തകരുന്നത് കണ്ടവള്‍ പകച്ചുപോയി. വീണ്ടുമൊരിക്കല്‍ ഹൈഫയിലെ ഒരു സ്‌കൂള്‍ പടിക്കെട്ട് കയറിപ്പോകുമ്പോള്‍ കടന്നുപോയ അറബിക്കുഞ്ഞുങ്ങളെ ചൂണ്ടി ഇടതുപക്ഷ സുഹൃത്തില്‍ നിന്ന് നിനക്ക് നാറുന്നില്ലേ എന്ന ചോദ്യവുംകൂടി കേട്ടപ്പോള്‍ ബാക്കിയുള്ളതുംകൂടി പൂര്‍ത്തിയായി. ഒരു മനുഷ്യനില്‍ കവിഞ്ഞ് അറബിയുടെയും ജൂതന്റെയും ചൂരുകള്‍ തമ്മില്‍ തിരിച്ചറിയാന്‍ അവള്‍ക്ക് വശമില്ലായിരുന്നല്ലോ. ആത്മവഞ്ചനയുടെയും അഭിശപ്ത നാട്യങ്ങളുടെയും അറുപതാണ്ടുകള്‍, യഹൂദന് വീണ്ടുകൊടുത്തത് വഞ്ചിക്കപ്പെട്ട ഒരു വാഗ്ദത്തമായിരുന്നുവെന്നവള്‍ തിരിച്ചറിഞ്ഞു. ഇസ്രയേലില്‍ നാളുകള്‍ പിന്നിടുന്തോറും ആ അറിവിന്റെ ആഴവും പരപ്പും കൂടിക്കൂടി വരികയും ചെയ്തു. ആത്മാവിന്റെ വേരുകളെത്തന്നെ ദംശിച്ച ജീര്‍ണതക്ക് മുമ്പില്‍ അവള്‍ മരവിച്ചുപോയി. ഇതായിരുന്നില്ല അവള്‍ കാത്തുകാത്തിരുന്ന ഇസ്രയേല്‍, ഇതായിരുന്നില്ല അവള്‍ സ്വപ്‌നം കണ്ട വാഗ്ദത്ത ഭൂമി.
ജൂതന്‍ നൂറ്റാണ്ടുകളിലൂടെ കടന്നുപോയ യാതനകളത്രയും അവരെ പീഡിപ്പിച്ച ചരിത്രത്തിന് കാഴ്ചക്കാരനായിപ്പോലും സന്നിഹിതരല്ലായിരുന്ന ഒരു ജനതയുടെ മേല്‍ കൊട്ടിയമര്‍ത്തുകയും ദുസ്സാമര്‍ത്ഥ്യത്തിന്റെ ശതസഹസ്രം മുനകള്‍ വെച്ച് അവരെ വ്യവസ്ഥാപിതമായി വാസ്തുഹരിക്കുകയും ചെയ്യുന്നതവള്‍ നേര്‍ക്കുനേരെ കണ്ടു. ഒടുവില്‍ ഇനിയും ആവില്ല എന്ന് വന്നപ്പോഴാണ് സൂസന്‍ പേനയെടുത്തത്. വഞ്ചിക്കപ്പെട്ട ഒരു വാഗ്ദത്തത്തിന്റെ നേരെഴുത്തുകളാണ് വരും പുറങ്ങളില്‍ നാം വായിക്കുന്നത്. താന്‍ വന്ന പടിഞ്ഞാറിനോടാണവര്‍ സംവദിക്കാന്‍ ശ്രമിക്കുന്നത്. പടിഞ്ഞാറ് ഫലസ്തീന്‍പ്രശ്‌നത്തെ സംബന്ധിച്ചിടത്തോളം അഗാധമായ സ്വയം നിഷേധത്തിലാണല്ലോ. അവര്‍ കാണുകയും ചിന്തിക്കുകയും ചെയ്യാത്ത ഒരിസ്രയേല്‍ നിലനില്‍ക്കുന്നു എന്നതിലേക്ക് സൂസന്‍ പടിഞ്ഞാറിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ദക്ഷിണാഫ്രിക്കക്ക് ശേഷം അപ്പാര്‍ത്തീഡ് ദേശീയ നയമാക്കി നിലനിര്‍ത്തുന്ന ലോകത്തെ ഒരേയൊരു രാജ്യമാണത്. ഇന്നും ഒരു ലിഖിത ഭരണഘടനയോ നിര്‍ണയിച്ച അതിരോ ഇല്ലാത്ത രാജ്യം. എഴുതാനും വരക്കാനും അറിയാഞ്ഞല്ല; കടന്നുകയറ്റവും അപഹരണവും രാജ്യമര്യാദയാക്കിയ പശ്ചിമേഷ്യയിലെ ഒരേയൊരു ജനാധിപത്യ രാജ്യം അതിന് കഴിയാത്തവിധം ആത്മാവില്‍ ദൃഷ്ടമായിപ്പോയതുകൊണ്ട്. ഫലസ്തീനികളുടെ ചോര വീഞ്ഞും മാംസം അപ്പവുമാക്കിക്കൊണ്ട് അത് ജന്മത്തിന്റെ അറുപതാം പിറന്നാളാഘോഷിക്കുകയാണ്.
അറബിപ്പകയുടെ കടലില്‍, നിലനില്‍ക്കാന്‍ അടിതപ്പുന്ന ഒരു തുരുത്താണ് പലര്‍ക്കും ഇസ്രയേല്‍. എണ്ണമറ്റ കുരുതികളുടെയും കടന്നുകയറ്റങ്ങളുടെയും കുടിയിറക്കപ്പെട്ട നിരപരാധരായ നാല്‍പത് ലക്ഷം ഫലസ്തീനികള്‍-ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി സമൂഹം ആരുടെയും മനോലോകങ്ങളില്‍ ഒരസ്വാരസ്യം പോലുമാകുന്നില്ല. പട്ടാള നായ്ക്കള്‍ ചവച്ചുതുപ്പുന്ന പൈതങ്ങളുടെ ഉടലുകളും ചെക്ക്‌പോയിന്റുകളില്‍ ആളഭയമില്ലാതെ പ്രസവിക്കാന്‍ വിധിക്കപ്പെട്ട ഗര്‍ഭിണികളും നിശാ റെയ്ഡുകളും കുറ്റപത്രങ്ങളില്ലാത്ത തടങ്കലുകളും സൈനിക ബുള്‍ഡോസറുകള്‍ക്ക് ഏത് നേരവും തകര്‍ക്കാന്‍ സമ്മതപത്രം വേണ്ടാത്ത വീടുകളിലെ അന്തിയുറക്കവും ഉപരോധിക്കപ്പെട്ട കൃഷിയിടങ്ങളും എന്നു നീക്കം ചെയ്യുമെന്നുറപ്പില്ലാത്ത വഴി തടസ്സങ്ങള്‍ക്ക് മുമ്പിലെ അനന്തമായ കാത്തിരിപ്പുകളും മരുന്നും ഭക്ഷണവും ചികിത്സയും നിഷേധിക്കപ്പെട്ട ദുര്‍ബല ജീവിതങ്ങളും ഒരു ജനതയെ എങ്ങനെ മാറ്റിത്തീര്‍ക്കുമെന്ന് ദേശാന്തരീയ വേദികളില്‍ ഒരു കീറുപായ കടലാസില്‍ പോലും ചര്‍ച്ചയാകുന്നില്ല. സാധാരണത്വം കൊണ്ട് നമുക്കൊക്കെ അഗണ്യമായ അനുഭവമാണ് ഫലസ്തീന്‍. പട്ടി കടിച്ചാലല്ല, പട്ടിയെ കടിച്ചാലാണല്ലോ വാര്‍ത്ത. ഇസ്രയേലി സൈന്യത്തിന്റെ ദിനസരിക്കൊലകളല്ല, ഫലസ്തീനികളുടെ ആണ്ടിലൊരിക്കല്‍ തിരിച്ചടികളാണ് വാര്‍ത്ത. ജൂതസൈന്യത്തിന്റെ നിത്യവേട്ടകള്‍, പതിവ് പഥസഞ്ചലനം. കൊടുക്കല്‍ വാങ്ങലുകള്‍ക്ക് മേല്‍ നിസ്സംഗനായ മധ്യസ്ഥനായി ലോകം സസുഖം മയങ്ങുന്നു.
പക്ഷേ, സൂസന്‍ നഥാന്‍ എഴുതുന്നത് ഇസ്രയേലി ഹിംസയുടെ ഈ ദൈനംദിന ബീഭത്സതയെക്കുറിച്ചാണ്, ചോര വീഴാതെ കുടിലനായ ഷൈലോക്ക് മുറിച്ചെടുക്കുന്ന ഫലസ്തീന്റെ നെഞ്ചിലെ ഒരു തുണ്ട് മാംസത്തെക്കുറിച്ചാണ്. ഇത് നാമൊരിക്കലും വായിച്ചറിഞ്ഞിട്ടില്ലാത്ത ഇസ്രയേലാണ്. മുള്ളാണി പതിച്ച ബൂട്ടുകള്‍കൊണ്ട് കാല്‍പാദം അമര്‍ത്തി ഞെരിക്കുമ്പോഴും വഷളച്ചിരി കൊത്തിവെച്ച മുഖവുമായി ഹസ്തദാനം നടത്തുന്ന സയണിസ്റ്റ് രാഷ്ട്രത്തിന്റെ ആത്മവഞ്ചനകളെക്കുറിച്ച്; അതിന്റെ ജന്മത്തെത്തന്നെ നിരാകരിക്കുന്ന അധര്‍മത്തെക്കുറിച്ച്, വഞ്ചിക്കപ്പെട്ട ഒരു വാഗ്ദത്തത്തില്‍ ബാക്കിയായ അശ്ലീലങ്ങളെക്കുറിച്ച്.
ലിഖിത ഭരണഘടനയും മാര്‍ഗരേഖകളുമില്ലാത്ത ഒരു രാജ്യത്ത്, ഗുമസ്തന്മാരുടെ നീട്ടെഴുത്തുകളാണ് നിയമം. കാവല്‍തുറകളില്‍ തോക്കുപിടിക്കുന്നവന്റെ നിമിഷ ചോദനകളാണ് ചട്ടം. നിയമബാഹ്യ ഏജന്‍സികളെ ഉപയോഗിച്ച്, വിചിത്രമായ പ്രമാണങ്ങള്‍ നിരങ്കുശം, വ്യവസ്ഥാപിതമായി സമര്‍ത്ഥമായി ഉപയോഗിച്ച് ഇസ്രയേല്‍ ഫലസ്തീനിയെ അവന്റെ ജീവിതത്തിനും മണ്ണിനും, അധികാരങ്ങള്‍ക്കും മേല്‍ അവകാശഭ്രഷ്ടനാക്കുന്നു. തല്‍ക്കാലം സ്ഥലത്തില്ലെന്ന പേരില്‍(ഘമം ീള ുൃലലെി േമയലെിലേല പലപ്പോഴും സയണിസ്റ്റ് പീഡനങ്ങളില്‍നിന്ന് രക്ഷതേടിപ്പായുന്നവരാണവര്‍) ഫലസ്തീനികളുടെ വീട് കയ്യേറി സൂക്ഷിപ്പായി വെക്കുകയും യഥാ സമയം ഒരു കുടിയേറ്റ ജൂതന്‍ എത്തുമ്പോള്‍ ഉടമയില്ലാത്ത മുതലായി അയാള്‍ക്കത് പതിച്ചുകൊടുക്കുകയും ചെയ്യുന്നു. ലോകത്തെവിടെ ജീവിക്കുന്ന ജൂതനും നിയമപ്രകാരം ഇസ്രയേല്‍ മാതൃരാജ്യമാണ്. നൂറ്റാണ്ടുകളായി ആ മണ്ണില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്തുവരുന്ന ഫലസ്തീനിക്കാകട്ടെ പൗരത്വം അനുവദിച്ചുകിട്ടേണ്ടതും. തനതു സംസ്‌കാരങ്ങള്‍ സംരക്ഷിച്ചുനിര്‍ത്താനെന്ന ന്യായത്തിലാണ് ഫലസ്തീനികളെ വേറിട്ട സ്‌കൂളുകളിലാക്കുന്നത്. അവിടെ പക്ഷേ, അധ്യാപകരെ നിയമിക്കാനധികാരം ഇസ്രയേല്‍ ആഭ്യന്തര ചാരസംഘടനയായ ഷിന്‍ ബേത്തിനാണ്. ആ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഒരിക്കലും നവീകരിക്കപ്പെടുകയില്ല. അറുപത് കൊല്ലം മുമ്പ് എഴുതിയ സിലബസുകള്‍ക്ക് മാറ്റമില്ല. കമ്പ്യൂട്ടറുകള്‍ക്ക് ആ പടികള്‍ക്കകത്ത് പ്രവേശനമില്ല. ഒട്ടകത്തെ കറക്കുന്നതും ഒലീവ് തോട്ടം നനക്കുന്നതുമാണ് ഇന്നും അറബിക്കുഞ്ഞുങ്ങളുടെ പാഠ്യവിഷയങ്ങള്‍, അവിടെ കുട്ടികള്‍ക്ക് പടിക്കാന്‍ ഫലസ്തീനൊരു ചരിത്രം അനുവദിക്കപ്പെട്ടിട്ടില്ല, 1948നപ്പുറം ലോക ചരിത്രമേയില്ല.
മാസ്റ്റര്‍ പ്ലാനുകളില്ലാതെ ഇസ്രയേലില്‍ നിര്‍മിതിയോ പുതുക്കമോ അനുവദിക്കപ്പെടുകയില്ല. ദേശീയ സേവന സ്രോതസുകളിലേക്ക്(വൈദ്യുതി, കുടിവെള്ളം, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ എന്നിവ) പ്രവേശനം ലഭിക്കാനും മാലിന്യ നിര്‍ഗമന സൗകര്യങ്ങളേര്‍പ്പെടുത്താനും മാസ്റ്റര്‍ പ്ലാന്‍ അനിവാര്യം. പക്ഷേ ഫലസ്തീന്‍ പട്ടണങ്ങള്‍ക്ക് ഒരിക്കലും മാസ്റ്റര്‍ പ്ലാനുകള്‍ അനുവദിക്കപ്പെടുകയില്ല. കൃഷിഭൂമികള്‍ സ്റ്റേറ്റിന്റേതാണ്. കൃഷിഭൂമി മറ്റേതാവശ്യത്തിനും ഉപയോഗപ്പെടുത്താന്‍ നിരോധനം നിലനില്‍ക്കുന്നു(അവ മുഴുവനും ഫലസ്തീനി കര്‍ഷകരില്‍നിന്ന് പിടിച്ചെടുത്തതാണെങ്കിലും). രജിസ്റ്റര്‍ ചെയ്ത കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കാണ് അവിടെ കൃഷി ചെയ്യാനവകാശം. ജൂതന്മാരല്ലാത്ത കര്‍ഷക സംഘങ്ങള്‍ക്കാകട്ടെ ഒരിക്കലും രജിസ്‌ട്രേഷന്‍ ലഭിക്കുകയുമില്ല. ഫലത്തിന്‍ സ്വന്തം വിസര്‍ജ്യങ്ങളിലും മാലിന്യങ്ങളിലും പുഴുക്കളെപ്പോലെ ഞെരുങ്ങാന്‍ വിധിക്കപ്പെട്ടവനാണ് ഫലസ്തീനി. ഉള്ള വീടിന് മുകളിലേക്ക് പണിയാമെന്ന് വെച്ചാല്‍ അനധികൃത നിര്‍മിതിയുടെ പേരില്‍ ഉള്ളതും ഇടിച്ചുനിരത്തപ്പെടും. ഇസ്രയേലില്‍ എല്ലാം നിയമാനുസൃതമേ പാടുള്ളൂ. നിയമമാകട്ടെ ഒറ്റക്കണ്ണനും. തൊഴിലിനും ഉപരിപഠനത്തിനും സൈന്യ സേവനം ഒരുപാധിയാണ്. അറബികള്‍ക്കാകട്ടെ സൈനിക സേവനം ശാശ്വതമായി വിലക്കപ്പെട്ടിരിക്കുന്നു.
കീഴ്‌വഴക്കങ്ങളും സര്‍ക്കാരേതര സംവിധാനങ്ങളും അതിസമര്‍ത്ഥമായും കുടിലമായും ഉപയോഗിച്ച് കാര്‍പ്പറ്റിനടിയില്‍ ഒളിച്ച് ചെയ്യുന്ന വംശീയതയുടെ ജുഗുപ്‌സയാണ് ആധുനിക ഇസ്രയേല്‍. നാമറിഞ്ഞിട്ടില്ലാത്ത, ഒരതിര്‍ത്തിക്കപ്പുറം അറിയാന്‍ അസാധ്യമായ ഒരകലം രണ്ട് ജനവിഭാഗങ്ങള്‍ക്കിടയില്‍ ഈ ആധുനിക ജനാധിപത്യ(!!) രാജ്യം എങ്ങനെ സൂക്ഷ്മവും വിദഗ്ധവുമായി നിലനിര്‍ത്തുന്നു എന്നതാണ് ഈ പുസ്തകം നമ്മളോട് പറയുന്നത്. ആത്മവഞ്ചനകളെ പകലിന്റെ ഘോഷമാക്കി മാറ്റിയ ഒരു നവീന രാഷ്ട്രത്തിന്റെ അറുപതാണ്ടുകളുടെ പുരാവൃത്തം.

ഏഴ് പതിറ്റാണ്ടുകളായി ചരിത്രത്തെ കീഴ്‌മേല്‍ മറിച്ച് മൗനിയായ ഒരു ലോകത്തെ കൂട്ടുപ്രതിയാക്കി ഒരു രാഷ്ട്രം(ഇസ്രയേല്‍) ഒരു ജനതക്ക് മേല്‍ നടത്തുന്ന പ്രത്യക്ഷവും പരോക്ഷവുമായ അപഹരണങ്ങളെക്കുറിച്ച് എഴുതപ്പെട്ട അദര്‍ സൈഡ് ഓഫ് ഇസ്രയേല്‍ എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ്- അബ്ദുല്ല മണിമ, പ്രസാധനം അദര്‍ബുക്‌സ്, കോഴിക്കോട്.
അബ്ദുല്ല മണിമ

You must be logged in to post a comment Login