ഈ ആള്‍ക്കൂട്ടം അപഹാസ്യമാണ് ദയവായി പിരിഞ്ഞുപോവുക

ഈ ആള്‍ക്കൂട്ടം അപഹാസ്യമാണ് ദയവായി പിരിഞ്ഞുപോവുക

‘ചൌപ്പാത്തില്‍ കൂടുന്ന മനുഷ്യര്‍ക്കൊന്നും മേല്‍വിലാസമോ പശ്ചാത്തലമോ ഇല്ല. എല്ലാവരും എല്ലാവര്‍ക്കും അപരിചിതര്‍. അവിടെ മനുഷ്യര്‍ പരസ്പരം വ്യക്തികളായല്ല, ഒരു ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകളായാണ് കൂട്ടിമുട്ടുന്നത്. ആള്‍ കൂടുവാന്‍ കാരണമൊന്നും വേണ്ട. ഒരാള്‍ അല്‍പ്പം ഉറക്കെ ചിരിച്ചാല്‍ അയാള്‍ക്ക് ചുറ്റും മനുഷ്യര്‍ തടിച്ചുകൂടും. ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തെ കണ്ടു അടുത്തുചെന്നു പ്രേം അവരിലൊരാളോട് ചോദിച്ചു. ആള്‍ കൂടിയിരുക്കുന്നത് എന്തിനാണെന്ന്. അയാള്‍ ആ ചോദ്യം അടുത്ത മനുഷ്യനിലേക്ക് പകര്‍ന്നു. അയാള്‍ മറ്റൊരാളിലേക്ക്. അങ്ങനെ ചോദ്യം പകര്‍ന്നുപോയപ്പോള്‍ മനസ്സിലായി, അവിടെ നിന്നിരുന്ന ആര്‍ക്കും തങ്ങള്‍ അവിടെ കൂടിയിരുന്നതിന്റെ കാരണം അറിഞ്ഞു കൂടായിരുന്നുവെന്ന്!.
– ആനന്ദ് (ആള്‍ക്കൂട്ടം)’

ആള്‍ക്കൂട്ടത്തിന്റെ അര്‍ത്ഥശൂന്യതയെ വായിച്ചല്ലോ? ആനന്ദിലേക്ക് വരാം. അതിന് മുമ്പ് ചാര്‍ളി ചാപ്ലിനെ കാണാം. നമ്മളിപ്പോള്‍ ചാപ്ലിന്റെ ഗ്രേറ്റ് ഡിക്‌ടേറ്റര്‍ കാണുകയാണ്. അരങ്ങേറിയ ചരിത്ര നിമിഷത്തില്‍ ലോകത്തെ ഭയചകിതമാക്കിയ ആ നിമിഷങ്ങളെ ചാപ്ലിന്‍ പുനരാവിഷ്‌കരിക്കുകയാണ്. തെല്ലും മാറ്റങ്ങളില്ല. ലോകത്തെ കിടുകിടാ വിറപ്പിച്ച അതേ മനുഷ്യന്‍. അതേ മുറിമീശ. അതേ ശരീര ചലനങ്ങള്‍. അതേ സംഭവങ്ങള്‍. പക്ഷേ, നമ്മളിപ്പോള്‍ കിടുകിട വിറക്കുകയല്ല. കുടുകുടാ ചിരിക്കുകയാണ്. ചരിത്രത്തില്‍ അങ്ങനെയുണ്ട്. ആവര്‍ത്തനത്തില്‍ നമ്മളെ ചിരിപ്പിക്കുന്ന ഭയാനകതകള്‍.

അത്തരം ഒരു ചരിത്രസന്ദര്‍ഭത്തിലൂടെയാണ് പോയനാളുകളില്‍ കേരളം സഞ്ചരിച്ചത്. പിന്നീട്, അതും ഏറെയൊന്നും അകലെയല്ലാത്ത ഒരു പിന്നീട്, ആലോചിച്ചാല്‍ ഇതിലെന്ത് എന്ന കൗതുകവും ചിലപ്പോള്‍ ഒരു ചിരിയും മാ്രതം ബാക്കിവെച്ചേക്കാവുന്ന സംഭവങ്ങള്‍.

ഹാദിയയെക്കുറിച്ചാണ് പറയുന്നത്. സംഭവിച്ചത് എന്താണ്? പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി ഇസ്‌ലാമില്‍ ആകൃഷ്ടയായി. പോട്ടെ, ആകൃഷ്ടയാക്കപ്പെട്ടു. അതിനെന്ത്? ഒന്നുമില്ല. ഏറ്റവും സ്വകാര്യമായി അനുഷ്ഠിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഒരു മതമാണ് ഇസ്‌ലാം എന്നാണ് ഈ ലേഖകന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഒരു തരത്തിലുള്ള ചിഹ്‌നവും ചിന്നംവിളികളുമില്ലാതെ സാധ്യമാവുന്ന ഒന്ന്. ആ മതത്തിന് ഒരു ഗ്രന്ഥമുണ്ട്. പ്രാര്‍ത്ഥനക്ക് രീതികളുണ്ട്. രണ്ടും ഏറ്റവും സ്വകാര്യമായി അനുഷ്ഠിക്കാവുന്ന ഒന്ന്. ആ മതം ഒരു ജീവിത പദ്ധതിയാണ്. അതും വ്യക്തിതലത്തില്‍ സ്വകാര്യമായ, വിളംബരങ്ങളോ പ്രകടനങ്ങളോ ആവശ്യമില്ലാത്ത ഒന്ന്. അങ്ങനെ ഒരു മതവിശ്വാസത്തില്‍, വലിയ ഭാഷയില്‍ പറഞ്ഞാല്‍ ജീവിത ദര്‍ശനത്തില്‍ ഒരാള്‍ ആകൃഷ്ടമായാല്‍ അതിനെന്ത്? ഒന്നുമില്ല. ലോകത്തെ ഏറ്റവും ശക്തമായ ലിഖിത ഭരണഘടനയുണ്ട് ഇന്ത്യക്ക്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം അതില്‍ രേഖാമൂലമുണ്ട്. പ്രായപൂര്‍ത്തിയായ ഒരാളുടെ സ്വയം നിര്‍ണയാവകാശങ്ങളെക്കുറിച്ച് ദീര്‍ഘ ദീര്‍ഘം സംവദിക്കുന്നുമുണ്ട് ആ പുസ്തകം. ഈ രാജ്യത്തെ ഓരോ വ്യക്തിയുടെയും ജീവിതം ആ പുസ്തകത്താല്‍ കെട്ടപ്പെട്ടിരിക്കുന്നു. ഭാഗ്യവശാല്‍ 67 വര്‍ഷമായിട്ടും രാജ്യത്ത് അനുശീലിക്കപ്പെടുന്ന ഒരു മതവും ഭരണഘടനയുടെ വ്യവസ്ഥകളെ അതിലംഘിച്ചിട്ടില്ല. ഗോത്ര സമൂഹങ്ങളിലെ ആഭിചാരങ്ങള്‍ ഒഴികെ.

എന്നിട്ടും 23 വയസ്സുള്ള, സംസ്ഥാനത്തിന് പുറത്ത് അഞ്ചുവര്‍ഷം പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയ ഒരു പെണ്‍കുട്ടിയുടെ വിശ്വാസമാറ്റം ഇത്രമേല്‍ ഗ്വാഗ്വ വിളികള്‍ക്കും ഇത്ര രൂക്ഷമായ ചേരിതിരിവുകള്‍ക്കും എങ്ങനെ ഇടയാക്കി? ഏതൊരു ഗ്രാമീണനെപ്പോലെയും അവളുടെ പിതാവ് നടത്തിയ ആദ്യഘട്ടത്തിലെ സ്വാഭാവികമായ എതിര്‍ത്ത് നില്‍ക്കല്‍ പിന്നീട് എങ്ങനെ ഇത്ര വഷളായി? കേരള ൈഹക്കോടതിയില്‍ രണ്ടുതവണയായി ആ പിതാവ് നല്‍കിയ ഹരജിയില്‍ സാമാന്യ നീതിയെ മുന്‍നിര്‍ത്തി ഉണ്ടാകേണ്ടിയിരുന്ന അതിലളിതമായ തീര്‍പ്പാക്കല്‍ എന്തുകൊണ്ട് ഉണ്ടായില്ല? ആ സാമാന്യ നീതി ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് കേട്ടിട്ടുള്ള ഏവര്‍ക്കുമറിയാം പ്രായപൂര്‍ത്തിയായ ഒരുവളുടെ താല്‍പര്യത്തെ മുന്‍നിര്‍ത്തി ആകുമെന്ന്. എന്തുകൊണ്ട് അതുണ്ടായില്ല. എന്തുകൊണ്ട് അത്യസാധാരണമായ നിലപാടിലേക്ക് ഹൈക്കോടതി വന്നു? ഒരു കുറ്റവും ചെയ്യാത്ത ഒരു പെണ്‍കുട്ടി എങ്ങനെ തോക്കുകള്‍ക്കും ക്യാമറക്കണ്ണുകള്‍ക്കും തുളച്ചുകയറുന്ന ചോദ്യങ്ങള്‍ക്കുമിടയിലൂടെ സഞ്ചരിക്കേണ്ടി വന്നു?

ഹാദിയക്കേസില്‍ തടിച്ചുകൂടിയവര്‍ പിരിഞ്ഞുപേകേണ്ട സമയമായതിനാലാണ് കേസിനെക്കുറിച്ച് പറയാതെ ഈ ചോദ്യങ്ങള്‍ ചോദിച്ചത്. ആ കേസില്‍ ഇനി വരാനുള്ള വിധിയില്‍ ഒരു അദ്ഭുതവും വേണ്ട. അത് ഹാദിയയുടെ സ്വയം നിര്‍ണയാവകാശത്തെ അരക്കിട്ടുറപ്പിക്കുക തന്നെ ചെയ്യും. കാരണം ഭരണഘടനയാണ് സുപ്രീം കോടതിയുടെ വേദപുസ്തകം. എങ്ങനെ വ്യാഖ്യാനിച്ചാലും സ്വബോധത്തോടെ, ക്ഷമാപൂര്‍വം മനോഹരമായി ഹാദിയ ചീഫ്ജസ്റ്റിസിന് മുമ്പാകെ നല്‍കിയ ആ മറുപടികള്‍ സുവ്യക്തമാണ്. ആ മറുപടികളില്‍ നിന്നല്ലാതെ ഒരു ഉത്തരവ് സാധ്യമല്ല. അതിനാല്‍ ഹാദിയക്ക് അവള്‍ തിരഞ്ഞെടുത്ത വിശ്വാസ-ദാമ്പത്യ ജീവിതം തട്ടും തടവുമില്ലാതെ അനുഷ്ഠിക്കാന്‍ കഴിയും. ഈ ബഹളങ്ങളിലേക്കും പോര്‍വിളികളിലേക്കും ഇപ്പോള്‍ അവളെ

എറിഞ്ഞുകൊടുക്കുന്നില്ല എന്ന അള്‍ട്രാൈവറസായ അഥവാ നിയമത്തിന്റെ അധികാരപരിധിയെ കവിയുന്ന ഉത്തരവാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. കോടതിയുടെ പണി അതല്ല. പ്രത്യക്ഷത്തില്‍ ആ ഉത്തരവ് തെറ്റാണെന്ന് തോന്നാം. പക്ഷേ, ഒരാവശ്യവുമില്ലാത്ത മത്സരത്തിലേക്ക് ഹാദിയയെ എറിഞ്ഞുകൊടുക്കാതിരിക്കുക എന്ന നിലപാടെടുക്കുകയാണ് കോടതി ചെയ്തത്. എല്ലാവരും ഇത്തിരി നേരം മാറിനില്‍ക്ക് എന്ന് പറയാതെ പറയുകയാണ്. അങ്ങനെ എല്ലാവരും മാറിനിന്നാല്‍ അവള്‍ പഠിക്കും. മതം അനുഷ്ഠിക്കും. എങ്ങനെ തിരഞ്ഞെടുത്തതായാലും അവള്‍ ഭര്‍ത്താവായി വരിച്ചയാളോടൊപ്പം ജീവിതം പങ്കിടും. അതുകൊണ്ടാണ് എല്ലാവരും ഇത്തിരി നേരം മാറിനില്‍ക്കണം എന്ന് തുടക്കത്തില്‍ പറഞ്ഞത്. അങ്ങനെ മാറിനിന്ന് ആലോചിക്കുമ്പോഴാണ് നാസി ജര്‍മനി, ഡിക്‌ടേറ്ററിലേതുപോലെ ഒരു കോമാളിത്തമാവുന്നത്. അങ്ങനെ മാറി നില്‍ക്കുമ്പോഴാണ് ഹാദിയ കേസിലെ ആള്‍ക്കൂട്ട ബഹളങ്ങള്‍ പരിഹാസ്യമാവുന്നത്. അപ്പോഴാണ് സ്വയം സാമൂഹിക ബുദ്ധിജീവിപ്പട്ടവും സ്വയം നേതൃത്വവും എടുത്തണിഞ്ഞ് ഒരു പെണ്‍കുട്ടിയുടെ ഏജന്‍സിയെടുത്ത് തര്‍ക്കിച്ചത് വെറുതെയാണെന്ന് മനസിലാവുക. അത്തരം ബഹളങ്ങളൊന്നും ഹാദിയയുടെ വിധിയെ സ്പര്‍ശിച്ചില്ല എന്ന് മനസ്സിലാക്കുമ്പോഴാണ് തികച്ചും സ്വകാര്യമായ ഒന്നിനെ അനാവശ്യമായി പൊതുവല്‍കരിക്കാന്‍ കൂട്ട് നിന്നത് എത്ര പരിഹാസ്യമാണെന്ന് മനസ്സിലാവുക.

ആ പരിഹാസ്യതയെ ചുണ്ടിന്റെ കോണില്‍ മേയാന്‍ വിട്ട് നമുക്ക് ഒരു കണക്കെടുപ്പിലേക്ക് പോകാം. ഒരു പെണ്‍കുട്ടിയുടെ വിശ്വാസ സ്വാതന്ത്ര്യം എന്ന തീരെ ചെറുതായ ഒരു വിഷയത്തില്‍ അവള്‍ക്കൊപ്പവും അവള്‍ക്കെതിരെയും നിന്ന ശക്തികളുടെ ഒരു പരിശോധനയാണ് ഈ കണക്കെടുപ്പ്. നാം അവളോട് നീതിചെയ്തുവോ എന്ന ചോദ്യമാണ് ഈ പരിശോധനയുടെ പ്രധാന പ്രേരണ എന്നത് മറക്കരുത്. അല്ലാതെ ഹാദിയ ചെയ്തത്, അശോകന്‍ ചെയ്തത്, ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ചെയ്തത് ശരിയോ തെറ്റോ എന്ന വിചാരണയല്ല. അത് കഴിഞ്ഞതാണ്. ചരിത്രത്തിലെ ചില സംഭവങ്ങള്‍ മറക്കാനുള്ളതാണ്. പാരസ്പര്യത്തിന്റെയും സഹജീവനത്തിന്റെയും സാഹോദര്യത്തിന്റെയും ഊടുംപാവും ഉലയാതിരിക്കാന്‍ ചില മറവികള്‍ അനിവാര്യമാണ്. ആ ഊടുംപാവും നിത്യമായി ഉലഞ്ഞുകിടക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടാകാം. അവരുടെ ലക്ഷ്യം വേറെയാണ്. ഹാദിയ അല്ല, ഇസ്‌ലാമല്ല, സ്വാതന്ത്ര്യമല്ല. കണക്കെടുപ്പിലേക്ക് വരാം.

ഹാദിയക്കൊപ്പം എന്ന ഹാഷ്ടാഗുമായി രംഗത്ത് വന്ന കേരളത്തിലെ സെക്യുലര്‍ പൊതുസമൂഹത്തിന്റെ (അങ്ങനെ അവകാശപ്പെട്ടവരുടെ) നിലപാട് പരിശോധിക്കാം. വിവാഹം വിശ്വസനീയമല്ല എന്ന കേരള ഹൈക്കോടതിയുടെ അസാധാരണ നിലപാടിന്റെ ഫലമായി വൈക്കത്തെ പിതൃഭവനത്തില്‍ കഴിയേണ്ടി വന്ന ഹാദിയ മാസങ്ങളായി എല്ലാത്തരം മീഡിയയിലും പ്രധാന വാര്‍ത്താവിഭവമാണ്. അതെ, വാര്‍ത്താവിഭവം എന്ന വാക്ക് മനപ്പൂര്‍വമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ നവ-ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ വാര്‍ത്താസ്വഭാവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ വിഭവം എന്ന അപഹാസ്യമായ പദവിയിലേക്ക് വാര്‍ത്തകള്‍ തരംതാഴുന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. കഴിക്കാനും ഏമ്പക്കം വിടാനും മറക്കാനുമുള്ളതാണ് വിഭവം. നിറഞ്ഞുനിന്ന വാര്‍ത്തകള്‍ക്ക് പിന്നീടെന്ത് സംഭവിച്ചു എന്ന് വെറുതേ പരിശോധിച്ചാല്‍ അത്യന്തം അപകടകരമായ ഈ സ്ഥിതിവിശേഷം നമുക്ക് ബോധ്യപ്പെടും. വിഭവത്തിന്റെ ആസ്വദിക്കല്‍ വലിച്ച് നീട്ടുക എന്ന സാഡിസ്റ്റ് സമീപനങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഹാദിയക്കൊപ്പമുള്ള നില്‍ക്കലാണ് ഏറ്റവും പുരോഗമനപരം എന്നതില്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സംശയമില്ല. എന്നാല്‍ അപകടങ്ങള്‍ ഒരുപാടുള്ള വഴിയിലായിരുന്നു പല നില്‍പുകളും. സ്വാതന്ത്ര്യം, നീതി തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ ഊന്നി, ൈവകാരികതയെ തെല്ലും അലോസരപ്പെടുത്താതെ നീണ്ടുനില്‍ക്കുന്ന മുറിവുകള്‍ ഒരിടത്തും അവശേഷിപ്പിക്കാതെ പക്വമായുള്ള ഒരു നില്‍പായിരുന്നു വേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ അതല്ല ഉണ്ടായത്.
പോര്‍വിളികളുടെ ഭാഷ ആ നില്‍പില്‍ ഇടം പിടിച്ചു. അമിത ബഹളങ്ങള്‍ വിഷയത്തെ കാതലില്‍ നിന്നും കൊണ്ടുപോയി. കുടുംബം, വ്യക്തി, വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം, വിവാഹത്തിനുള്ള തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം തുടങ്ങിയ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്‌നം അതിവൈകാരികമായി കൈകാര്യം ചെയ്യപ്പെട്ടു. അതിനെന്താ കുഴപ്പം എന്ന് ചോദിക്കാം.

കുഴപ്പമുണ്ട്. എന്താണ് മതസൗഹാര്‍ദപരമെന്നും ഒട്ടൊക്കെ മതേതരമെന്നും വിളിക്കാവുന്ന കേരളീയ പൊതുസമൂഹത്തിന്റെ ആധാരവസ്ത്രം? നിശ്ചയമായും അത് സൂക്ഷ്മതയോടെ പരിപാലിച്ചില്ലെങ്കില്‍ പൊട്ടിപ്പോകുന്ന നൂലിഴകളാണ്. കാല്‍നൂറ്റാണ്ട് മുന്‍പ് ഒരു ഡിസംബര്‍ ആറിന്, ബാബരി പള്ളി പൊളിച്ചപ്പോള്‍ എത്ര ആഞ്ഞുവലിച്ചിട്ടും അത് കീറിപ്പോകാതിരുന്നത് ആ നൂലിഴകള്‍ പുലര്‍ത്തിയ ഐതിഹാസികമായ പാരസ്പര്യം കൊണ്ടാണ്. ആ പാരസ്പര്യം കൃത്രിമമായി ഉണ്ടായതല്ല. ചരിത്രത്തിലെ നാനാതരം സന്ദര്‍ഭങ്ങള്‍ തമ്മില്‍ പ്രവര്‍ത്തിച്ച് ഉണ്ടായതാണ്. അത് പാട്ട് മുതല്‍ പാടം വരെ പങ്കിട്ട് ഉണ്ടാക്കിയെടുത്തതാണ്. ഇസ്‌ലാമിനെ അപരവല്‍കരിച്ച്, ഇസ്‌ലാമിനെ സംശയിച്ച് അധികാരം ഉറപ്പിച്ച ഒരു ഭരണകൂടത്തിന്റെ നിസ്സഹായരായ പ്രജകളാണ് നമ്മള്‍ എന്നത് മറക്കരുത്. ആ അധികാരം നമ്മുെട സൈ്വര്യ ജീവിതത്തിന് മേല്‍ ധാര്‍ഷ്ട്യത്തിന്റെ തേരോട്ടുന്നത് കാണാതിരിക്കരുത്. മതപരമായി സമൂഹത്തെ പിളര്‍ത്തിയാണ് ഇന്ത്യന്‍ ഫാഷിസം അതിന്റെ പിടിമുറുക്കല്‍ തുടങ്ങിയത്. മുസ്‌ലിമിനെ അപരമാക്കാനുള്ള എല്ലാ സാധ്യതയും അവര്‍ ഉപയോഗിച്ചു. ഉപയോഗിക്കുന്നു. ഗുജറാത്തില്‍ പതിറ്റാണ്ടുകള്‍ പരിശ്രമിച്ചിട്ടാണ് അവര്‍ ആ പിളര്‍പ്പ് സാധ്യമാക്കിയത്. മിശ്രവിവാഹങ്ങളും മതപരിവര്‍ത്തനങ്ങളും തന്നെയായിരുന്നു ആദ്യകാല വെടിമരുന്നുകള്‍. അവര്‍ കൂട്ടത്തോടെ നമ്മുടെ ആളുകളെ മതം മാറ്റും എന്ന നുണ ഗുജറാത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു.

അചഞ്ചലമായ വിശ്വാസം മതാടിത്തറയായ മതമാണ് ഇസ്‌ലാം. ഈ അചഞ്ചലതയെ എളുപ്പത്തില്‍ പ്രാകൃതമെന്ന് ആക്ഷേപിക്കാന്‍ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കഴിഞ്ഞു. മതം നിത്യാനുഷ്ഠാനമല്ലാത്ത വിശ്വാസി സമൂഹമാണ് ഏറിയകൂറും ഹിന്ദുക്കള്‍ എന്ന് വിളിക്കപ്പെടുന്നവര്‍. അത്തരം സമൂഹത്തിലേക്ക് മതം അനുഷ്ഠിക്കുന്ന മുസ്‌ലിമിനെ അപരരായി പ്രതിഷ്ഠിക്കല്‍ എളുപ്പമാണ്. ഗുജറാത്തിലും ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും എല്ലാം സംഘ്പരിവാര്‍ നടത്തിയ ഈ പരിശ്രമങ്ങളുടെ ദീര്‍ഘമായ വിവരണങ്ങള്‍ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. ആ പരിശ്രമങ്ങളുടെ ഫലമാണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ സമകാലിക വളര്‍ച്ച.
കേരളത്തിലോ? തികച്ചും സവിശേഷമായ സാമൂഹിക ബന്ധങ്ങളുടെ ഈറ്റില്ലമാണ് കേരളം. കീറിക്കളയാന്‍ പ്രയാസമാണ് അതിലെ മതസൗഹാര്‍ദ ഇഴകള്‍. നവോത്ഥാനവും കമ്യൂണിസ്റ്റുകാരും വിശ്വാസി സംഘടനകളും മനുഷ്യരുടെ ഇടകലര്‍ന്നുള്ള ജീവിതവും എല്ലാം ചേര്‍ന്ന് നാള്‍ക്കുനാള്‍ അത് ദൃഢപ്പെടുകയുമാണ്. അതിന്റെ ദൃഢത പല കാരണങ്ങള്‍കൊണ്ട് കുറഞ്ഞ ചിലയിടങ്ങളില്‍ മാത്രമാണ് സംഘപരിവാറിന് കേരളത്തില്‍ വേരോട്ടമുള്ളത്. ആ ദൃഢത കുറക്കാന്‍ തക്കം പാര്‍ക്കുകയാണ് അവരുടെ മുഴുവന്‍ കേന്ദ്രങ്ങളും. അവിടേക്കാണ് ഒരു യുവതിയുടെ വിശ്വാസപ്രശ്‌നം വലിച്ചിഴക്കപ്പെട്ടത്.

ഹാദിയ സുഹൃത്തുക്കളുടെ വിശ്വാസജീവിതത്തില്‍ ആകൃഷ്ടയായതില്‍ അസ്വാഭാവികത ഒന്നുമേയില്ല. മനോരോഗം, മയക്കുമരുന്ന്, ഭീഷണി മുതലായ ഭീകര സിദ്ധാന്തങ്ങള്‍ ചമക്കുന്നവര്‍ ചരിത്രബോധത്തിന്റെ അഭാവം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. വിശ്വാസം എന്ന പ്രതിഭാസത്തിന്റെ വേരുകള്‍ വെറുതേ പരിശോധിച്ചാല്‍ കാരണം മനസ്സിലാവും. അത് വിശദീകരിക്കുക ഭാഷാസാധ്യമല്ല. എന്തുകൊണ്ട് എന്നതിന് വിശ്വാസത്തില്‍ പെട്ടെന്ന് ഉത്തരമില്ല. വിശ്വാസത്തില്‍ ആയിക്കഴിഞ്ഞാലാകട്ടെ ഉത്തരമുണ്ട് താനും. വിശ്വാസിയല്ലാത്തിനാല്‍ ഈ ലേഖകന് അത് ഉറപ്പിച്ച് പറയാന്‍ കഴിയും. വിശ്വാസം അത്ര സങ്കീര്‍ണമായ ഒരു പ്രതിഭാസമാണെന്ന് ആധുനിക മനഃശാസ്ത്രം കരുതുന്നുമില്ല. വിശദീകരിക്കാനാവില്ല എന്നതിനാല്‍ മാത്രം ഒന്നും സങ്കീര്‍ണമാവില്ലല്ലോ? എല്ലാം വിശദീകരിക്കാന്‍ ജീവിതം പരീക്ഷയല്ല താനും. അതുവരെ പരിചയിച്ചിട്ടില്ലാത്ത ഒന്നിനോട് തോന്നിയ കൗതുകമാവാം പ്രാഥമിക പ്രചോദനം.

ആ യുവതിയുടെ മാതാവ് പറഞ്ഞ വാക്കുകള്‍ നമ്മള്‍ കേട്ടു. മുസ്‌ലിം സഹവാസം ഇല്ലാത്ത കുടുംബമാണത്. സ്വാഭാവികമാണ്. പലകാരണങ്ങളാല്‍ മുസ്‌ലിം സാന്നിധ്യമില്ലാത്ത എത്രയോ ഗ്രാമങ്ങള്‍ കേരളത്തിലുണ്ട്. എറണാകുളം, കോട്ടയം ജില്ലകളില്‍ ്രപത്യേകിച്ചും. ഇസ്‌ലാമിനെ തീവ്രവാദമതം എന്നും പരാമര്‍ശിച്ചു ആ മാതാവ്. ഒരു പ്രകോപനവും ദേഷ്യവും അവരോട് വേണ്ട. പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പൊതുബോധത്തെ പങ്കുവെച്ചതാണ് അവര്‍. അത് അവരുടെ തെറ്റല്ല. അവര്‍ അതാണ് മനസ്സിലാക്കിയത്. ആ പരാമര്‍ശത്തെ നിഷ്‌കളങ്കമായ തെറ്റ് എന്ന് വ്യക്തിതലത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ആ തെറ്റിലേക്ക് ആ മാതാവിനെ എത്തിച്ച സാമൂഹിക ശക്തികളോടാണ് പൊതുസമൂഹം യുദ്ധം ്രപഖ്യാപിക്കേണ്ടത്. ആ മാതാവിനോടല്ല. അപ്പോള്‍ അതുവരെ കണ്ടിട്ടില്ലാത്ത ഒന്നിനോട് നിഷ്‌കളങ്കമായി തോന്നിയ അഭിനിവേശവും മനസ്സിലാക്കിയപ്പോള്‍ തോന്നിയ സത്യസന്ധമായ താല്‍പര്യവുമായി ഹാദിയയുടെ വിശ്വാസത്തെ, മതപരിവര്‍ത്തനത്തെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അതായിരുന്നു വേണ്ടത്. ഒരു കുടുംബത്തിനകത്തെ താല്‍കാലികമോ ചിലപ്പോള്‍ ശാശ്വതമോ ആയ അസ്വാരസ്യം മാത്രമായി ആ വിശ്വാസമാറ്റം മാറിയേനെ. ആയിക്കണക്കിന് ഉദാഹരണങ്ങളുണ്ട് കേരളത്തില്‍.

പക്ഷേ, സംഭവിച്ചത് അതല്ല. അനാവശ്യമെന്ന് വേണമെങ്കില്‍ മനസിലാക്കാവുന്ന രക്ഷാകര്‍തൃത്വത്തിലേക്ക്, ഏജന്‍സിയിലേക്ക് അവള്‍ എടുത്തെറിയപ്പെട്ടു. അതോടെ വിശ്വാസം, വ്യക്തിസ്വാതന്ത്ര്യം എന്നീ അപകടകരമല്ലാത്ത അന്തരീക്ഷത്തിലേക്ക് ചില മതസംഘടനകള്‍ പ്രവേശിച്ചു. അതോടെ ചേരി രൂപപ്പെട്ടു.

കലര്‍പ്പുകളെ നിഷേധിച്ച്, വൈജാത്യങ്ങളെ നിഷേധിച്ച് നിലനില്‍ക്കുന്നതാണ് ഫാഷിസം. പിളര്‍ത്തി മാറ്റി അപരമാക്കാനാവാത്ത വിധം ഇടകലര്‍ന്നതാണ് കേരളത്തിലെ മതേതര-മതസൗഹാര്‍ദ ജീവിതം. അതായത് ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ ജീവിതങ്ങള്‍ ഇടകലര്‍ന്നും സഹകരിച്ചും കൂടിച്ചേര്‍ന്നും നില്‍ക്കുന്ന സ്ഥലം. നമ്മുടെ ഭക്ഷണ ശാലകള്‍, പീടികകള്‍, കളികള്‍ എല്ലാം പരിശോധിക്കൂ. ആഴമുള്ള ഇടകലരല്‍ കാണുന്നില്ലേ? ഉണ്ട്. ആ ഇടകലരല്‍ നിഷേധിച്ച് ഒറ്റ സ്വത്വമായി മുസ്‌ലിം മാറണം എന്ന് തീവ്രമായി ആഗ്രഹിക്കുന്നത് ആരാണെന്ന് അറിയാമോ? നിശ്ചയമായും അത് മുസ്‌ലിം ജനതയല്ല. അത് സംഘ്പരിവാറാണ്. അപരമാക്കി മാറ്റി നിര്‍ത്തിയാല്‍ ആളെണ്ണത്തിന്റെ കണക്കെടുക്കാം. പല നിലകളില്‍ തകര്‍ക്കാം. സമൂഹശാസ്ത്രം അത് പഠിച്ചിട്ടുണ്ട്. ഹാദിയ എന്ന യുവതിയുടെ വിശ്വാസ പ്രശ്‌നത്തെ മുസ്‌ലിമിന്റെ അഭിമാന-അവകാശ പ്രശ്‌നമാക്കി മാത്രം മാറ്റാന്‍ പരിശ്രമിച്ചവര്‍ ആ അടര്‍ത്തിമാറ്റലിന് അറിഞ്ഞോ അറിയതെയോ ബലം പകരുകയായിരുന്നു. ആ ബലം പകരല്‍ ഫാഷിസത്തിന് എണ്ണയൊഴിക്കലാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഐ. എസ് അമേരിക്കക്ക് ശക്തി പകരലാണെന്ന് മനസ്സിലാക്കുന്നപോലെ നിസാരമാണ് ഈ മനസ്സിലാക്കല്‍. അതെ, നിഷ്‌കളങ്കമെന്ന് ഉറപ്പിച്ച് പറയാവുന്ന ഒരു വ്യക്തി ജീവിതം മതസൗഹാര്‍ദ ജീവിതത്തിലെ പിളര്‍പ്പിന് വഴിയൊരുക്കിയെന്ന്.

വിശ്വാസ പ്രശ്‌നമാണ്, ഭരണകൂടം ഇടപെടേണ്ടതില്ല എന്ന നിലപാടായിരുന്നു തുടക്കം മുതല്‍ കേരള സര്‍ക്കാരിന്. അതില്‍ തെറ്റുണ്ടായിരുന്നില്ല. അശോകനും അദ്ദേഹത്തിന്റെ മകളും കക്ഷിയായ ഒരു വ്യവഹാരത്തില്‍ ഇടപെടേണ്ടന്ന ആ തീരുമാനം പക്വവുമായിരുന്നു. എന്നാല്‍ ആ പക്വമായ മാറിനില്‍ക്കലിനെ മതേതര ആക്ടിവിസ്റ്റുകള്‍ തെറ്റിദ്ധരിച്ചു. ബഹളം വെച്ചു. ഭരണകൂടം വിശ്വാസപ്രശ്‌നത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു.

ആ മുറവിളികള്‍ അവസാനിപ്പിച്ച് നിങ്ങളെല്ലാം മടങ്ങിയല്ലോ? ഇനി ചോദിക്കട്ടെ,
സ്‌നേഹത്താല്‍, സംവാദത്താല്‍, എല്ലാവരെയും പരിഗണിച്ചുള്ള പരിഹാരത്താല്‍, പരസ്പരമുള്ള മനസ്സിലാക്കലാല്‍ തീരേണ്ടിയിരുന്ന ഈ വിശ്വാസ പ്രശ്‌നത്തെ ഇത്രമാത്രം പൊതുവിടത്തിലേക്ക് വലിച്ചിഴച്ചതെന്തിനാണ്?

വിശ്വാസത്തില്‍ കോടതിയും ഭരണകൂടവും ഇടപെടുക എന്ന ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന കീഴ്‌വഴക്കം ഉണ്ടാക്കിയത് എന്തിനാണ്?

രക്ഷാകര്‍തൃത്വം എന്ന നിയമബാഹ്യമായ നിലയിലേക്ക് സുപ്രീം കോടതിയെ എത്തിച്ച അനാശാസ്യ പ്രവണതകള്‍ എന്തിനായിരുന്നു?

ഇര കാത്ത് കിടന്ന ഇന്ത്യന്‍ ഫാഷിസത്തിന് കേരളീയ ഹൈന്ദവ കുടുംബങ്ങളിലേക്ക് വഴികാട്ടിയത് എന്തിനാണ്?

ചോര, ജീവാര്‍പ്പണം തുടങ്ങിയ യുദ്ധോന്മുഖ പദങ്ങള്‍ ഈ പൊതുവിടത്തിലേക്ക് കയറ്റിവിട്ട് ഇസ്‌ലാമിനെ പ്രതിസന്ധിയിലാക്കിയത് എന്തിനാണ്?

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിരുത്തരവാദ സെന്‍സേഷണലിസത്തിന് തലവെച്ചത് എന്തിന്?
മുസ്‌ലിം സമുദായ ജീവിതത്തിന് ഈ ഗ്വാഗ്വാ വിളികള്‍ ഉണ്ടാക്കിയ പോറലുകള്‍, അത് മതസൗഹാര്‍ദ പൊതുവിടത്തില്‍ മുസ്‌ലിമിന് ഉണ്ടാക്കിയ അപരത്വം നിങ്ങള്‍ എങ്ങനെ പരിഹരിക്കും?

ഉത്തരങ്ങള്‍ വേണ്ട. ആദ്യമേ പറഞ്ഞല്ലോ ചരിത്രം മറക്കാനുള്ളതുമാണ്. ഈ മുറിവും കേരളം ഉണക്കും. ഹാദിയയില്‍ നിന്ന് പന്തം കൊളുത്താമെന്ന വ്യാമോഹം ഒരു പക്ഷവും ഏറെനാള്‍ കൊണ്ടുനടക്കില്ല. മതസൗഹാര്‍ദ പൊതുജീവിതം വരും കാലങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രതക്കുള്ള ൈസറണായി ഹാദിയക്കേസ് മനസ്സിലാക്കപ്പെടും. കേസിന്റെ നാള്‍വഴികള്‍ ഈ കുറിപ്പില്‍ എവിടെയും പരാമര്‍ശിക്കാത്തതും ഇടപെട്ട വ്യക്തികളെ, ഇടപെട്ട് വഷളാക്കിയ മാധ്യമങ്ങളെ ചൂണ്ടിക്കാട്ടാത്തതും ആ ജാഗ്രതയുടെ തുടക്കമെന്ന നിലയിലാണ്. അര്‍ത്ഥശൂന്യമായ ആള്‍ക്കൂട്ടത്തെക്കുറിച്ചുള്ള ആനന്ദിന്റെ വാക്കുകളില്‍ നിന്നാണ് തുടങ്ങിയത്. ആ ആള്‍ക്കൂട്ടം ദയവായി പിരിഞ്ഞുപോകണം. അധികാരത്തിന്റെ കോമാളിത്തത്തെയാണ് ആദ്യം പരാമര്‍ശിച്ചത്. ഈ മത്സരങ്ങള്‍ വെല്ലുവിളികള്‍ എല്ലാം ചരിത്രത്തില്‍ കോമാളിത്തമായി പരിവര്‍ത്തിക്കും. അങ്ങനെയൊന്നുമല്ല ലോകം ഇവിടെ വരെ വന്നത്. അങ്ങനെയൊന്നുമല്ല ലോകത്ത് മത വിശ്വാസങ്ങള്‍ വന്നത്. അതിനാല്‍ സംഭവിച്ചത് സംഭവിച്ചു. ആ ഏജന്‍സികള്‍ ഉപേക്ഷിച്ച് നിങ്ങള്‍ പിരിഞ്ഞുപോവുക. മുറിവുകള്‍ നമുക്ക് ഒരുമിച്ചുണക്കാം.

കെ കെ ജോഷി

You must be logged in to post a comment Login