ഹാദിയ മാതൃക

ഹാദിയ മാതൃക

വിശ്വാസദാര്‍ഢ്യത്തിന്റെ പ്രോജ്വല മാതൃകകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ വായിച്ചവര്‍ക്ക് ഹാദിയ എന്ന 25കാരി നവംബര്‍ 27ന് സുപ്രീംകോടതിയില്‍ മൊഴിഞ്ഞ വാക്കുകള്‍ ആവേശം പകരാതിരിക്കില്ല. തന്റെ ഇസ്‌ലാം മതാശ്ലേഷത്തെ ഒരു നിലക്കും അംഗീകരിക്കാത്ത മാതാപിതാക്കളുടെ ‘തടങ്കലി’ല്‍നിന്നും മോചനം അര്‍ത്ഥിച്ചുകൊണ്ട് പരമോന്നത നീതിപീഠത്തോട് അവര്‍ക്ക് പറയാനുണ്ടായിരുന്നത് ഇതാണ്: ‘ഐ വാണ്ട് ഫ്രീഡം’. എനിക്ക് സ്വാതന്ത്ര്യം വേണം. വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണം. എന്റെ പ്രിയതമനായിരിക്കണം മേലില്‍ എന്റെ രക്ഷിതാവ്. എന്റെ പഠനം ഭര്‍ത്താവിന്റെ ചെലവിലായിരിക്കണം.’ മകള്‍ മനോനില തെറ്റിയ അവസ്ഥയിലാണെന്ന് വാദിച്ച പിതാവ് അശോകനെ മനസ്സില്‍ തട്ടിയ മൊഴികള്‍ കൊണ്ട് ആ മകള്‍ തോല്‍പിക്കുകയായിരുന്നു. തന്റെ മകള്‍ ഭ്രാന്തിയാണെന്ന് പൊതുസമൂഹത്തോട് വിളിച്ചുപറയാന്‍ ഒരു പിതാവിനെ പ്രേരിപ്പിച്ച അവസ്ഥാവിശേഷം മറുഭാഗത്ത് ഫണംവിടര്‍ത്തിനില്‍ക്കുകയായിരുന്നല്ലോ? മകള്‍ക്ക് ഭ്രാന്ത് പിടിച്ചാലും സാരമില്ല, തന്റെ എതിരാളികള്‍ തോറ്റുകാണണം എന്ന കെട്ടുനാറുന്ന മനോനിലയിലേക്ക് ഒരു മനുഷ്യനെ ‘വളര്‍ത്തിക്കൊണ്ടുവരാന്‍’ നാം ജീവിക്കുന്ന ലോകത്ത് ഒരു പ്രത്യയശാസ്ത്രത്തിന് സാധിക്കുമെങ്കില്‍ അത് സംഘ്പരിവാറിന്റെതാണെന്ന് തെളിയിക്കുന്നതായി ഹാദിയയെ സുപ്രീംകോടതിക്കു മുമ്പാകെ ഹാജരാക്കിയപ്പോള്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍. ബാഹ്യലോകവുമായുള്ള സകല ബന്ധങ്ങളും അറുത്തുമാറ്റാന്‍ ആറുമാസം തങ്ങള്‍ തടവില്‍ പാര്‍പ്പിച്ചിട്ടും അചഞ്ചലചിത്തയായി തന്റെ വിശ്വാസത്തെ മുറുകെ പിടിച്ച ആ യുവതിയുടെ മുന്നില്‍ പിതാവും ആര്‍.എസ്.എസ് ശക്തികളും ദയനീയമായി പരാജയപ്പെട്ടപ്പോഴാണ് മനോനില തെറ്റിയിരിക്കുകയാണെന്ന് പരമോന്നത നീതിപീഠത്തിന്റെ മുന്നില്‍ വാദിക്കാന്‍ ഉദ്യുക്തരായത്. പക്ഷേ നിഷ്പക്ഷമായി ചിന്തിക്കുന്ന രാജ്യത്തെ പൗരന്മാര്‍ക്ക് ഹിന്ദുത്വവാദികളുടെയും അവരുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിന് കച്ചകെട്ടി ഇറങ്ങിയ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെയും (ഐ.ബി) റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെയും (റോ) യും ‘കണ്ടെത്തലുകള്‍’ പൊള്ളത്തരമാണെന്ന് സമര്‍ത്ഥിക്കാന്‍ ഹാദിയയുടെ ഡല്‍ഹിയാത്ര സഹായിച്ചു. താനും ഹാദിയയും തമ്മിലുള്ള വിവാഹം അസാധുവായി പ്രഖ്യാപിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീര്‍പ്പിനെതിരെ, സുപ്രീംകോടതിയെ സമീപിച്ചത് ഹേബിയസ് കോര്‍പ്പസ് റിട്ട് ഹര്‍ജിയിലൂടെയാണ്. എന്നാല്‍ ആ ഹര്‍ജിയുടെമേല്‍ നീതിപീഠം തീര്‍പ്പൊന്നും കല്‍പിച്ചില്ല. ഷഫിന് പെട്ടെന്ന് ഭാര്യയെ തിരിച്ചുകിട്ടിയില്ലെങ്കിലും തന്നില്‍നിന്ന് മകളെ അകറ്റിനിറുത്താന്‍ വീട്ടിനകത്ത് ജയില്‍ പണിത വൈക്കം സ്വദേശി അശോകന്‍പൊന്നമ്മ ദമ്പതികളില്‍നിന്ന് സ്വതന്ത്രയാക്കാന്‍ സാധിച്ചുവെന്നത് വലിയ വിജയം തന്നെയാണ്. ഹാദിയാ കേസ് എളുപ്പത്തില്‍ തീര്‍പ്പാക്കപ്പെടുമെന്ന് കരുതാന്‍ നിവൃത്തിയില്ല. തന്റെ ജീവിതത്തില്‍ ഇത്രക്കും സങ്കീര്‍ണമായ ഒരു കേസ് പരിഗണനക്ക് വന്നിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് സൂചിപ്പിക്കേണ്ടിവന്നത് ഒരു ഭാഗത്ത് ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നവും മറുഭാഗത്ത് രാജ്യം ഭരിക്കുന്നവര്‍ എടുത്തുകാട്ടുന്ന തീവ്രവാദചിന്തയുടെ ഭീഷണിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ പ്രശ്‌നപരിഹാരം ദുഷ്‌കരമാക്കുന്നത് കൊണ്ടാണ്. ഐ.എസ് ഭീകരവാദ ബന്ധം ആരോപിക്കപ്പെട്ട ഷഫിന്‍ ജഹാന്റെ കാര്യത്തില്‍ എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ കോടതി ഈ ഘട്ടത്തില്‍ പരാമര്‍ശങ്ങളൊന്നും നടത്താതിരുന്നത് അതില്‍ തൊട്ടാല്‍ ഹാദിയയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ പെട്ടെന്നൊന്നും ദൂരീകരിക്കപ്പെടില്ല എന്ന ബോധ്യത്തിലാവണം. ഇവിടെ നിയമപോരാട്ടം ബഹുമുഖമാണ്. ഒരുഭാഗത്ത് ഒരു യുവതിയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന തരത്തില്‍ മാതാപിതാക്കളും ഹൈകോടതിയും തീര്‍ത്ത തടങ്കല്‍. മറുഭാഗത്ത് ഹാദിയയെ ഭാര്യയായി കിട്ടാന്‍ ഷഫിന്‍ നടത്തുന്ന നിയമപോരാട്ടം. എല്ലാറ്റിനുപരിയായി കേരളം തീവ്രചിന്തയുടെ വിഹാരഭൂമിയായി മാറിയിരിക്കയാണെന്ന നിഗമനത്തില്‍ എന്‍.ഐ.എയും കേന്ദ്ര ഏജന്‍സികളും മുന്നോട്ടുവെക്കുന്ന തെളിവുകള്‍. ഒരു കാലഘട്ടത്തിന്റെ വിഹ്വലതകള്‍ മുഴുവന്‍ ഈ കേസില്‍ പ്രതിഫലിക്കുന്നുണ്ട്.

ഹാദിയ ലോകത്തോട്
‘ഞാന്‍ മുസ്‌ലിമാണ്. ആരും എന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയതല്ല. ഷഫിന്‍ ജഹാന്‍ എന്റെ ഹസ്ബന്റാണ്. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ എന്നെ അനുവദിക്കണം. എനിക്കു നീതി കിട്ടണം’ നവംബര്‍ 25ന് ശനിയാഴ്ച ഉച്ചക്ക് ശേഷം നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് കേട്ട ഈ നിലവിളി കേരളീയ പൊതുസമൂഹത്തിന്റെ മനഃസാക്ഷിയെ തട്ടിയുണര്‍ത്താതിരിക്കില്ല. സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിന് ഡല്‍ഹിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോകുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ കഴിഞ്ഞ ആറുമാസമായി വീട്ടുതടങ്കലില്‍ കഴിയുന്ന ആ യുവതിക്ക് നിയന്ത്രണം വിടുന്നുണ്ടായിരുന്നു. മാസങ്ങളായി ലോകത്തോട് വിളിച്ചുപറയാന്‍ ഉള്ളില്‍ അടക്കിപ്പിടിച്ച വാക്കുകളാണ് വിവരണാതീതമായ ആവേശത്തോടെ അവരുടെ നാവില്‍നിന്ന് നിര്‍ഗളിച്ചുകൊണ്ടിരുന്നത്. ഹാദിയയെ കുറിച്ച് സംഘ്പരിവാര്‍ ശക്തികള്‍, കേന്ദ്ര ഏജന്‍സികളുടെയും ഒരു പരിധി വരെ നീതിന്യായ കോടതിയുടെയും പിന്‍ബലത്തോടെ പ്രചരിപ്പിക്കപ്പെട്ട സിദ്ധാന്തമാണ് ആരുടെയെങ്കിലും പ്രേരണക്കോ നിര്‍ബന്ധത്തിനോ പഴുതില്ലാത്ത ചുറ്റുപാടില്‍ അവസരം കിട്ടിയപ്പോള്‍ അവര്‍ സ്വയം ഖണ്ഡിക്കാന്‍ ശ്രമിച്ചത്. അതോടെ സംഘ്പരിവാരവും ഹാദിയയുടെ അച്ഛന്‍ അശോകനും മാസങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന ‘ലവ് ജിഹാദ് ‘സിദ്ധാന്തമാണ് തച്ചുടക്കപ്പെട്ടത്. പിതാവും കോടതിയും സംസ്ഥാന സര്‍ക്കാറും ഏകോപിച്ച് ഒരുക്കിയ വീട്ടുതടങ്കലില്‍ ആറ് മാസം ചെലവഴിച്ചിട്ടും ആര്‍.എസ്.എസ് നേതാക്കള്‍ തൊട്ട് ദേശീയ വനിതാകമീഷന്‍ സാരഥി വരെ കിണഞ്ഞുശ്രമിച്ചിട്ടും ഇസ്‌ലാം മതത്തിലുള്ള അവരുടെ വിശ്വാസ്യദാര്‍ഢ്യത്തിന് പോറലേല്‍പിക്കാന്‍ സാധിച്ചിട്ടില്ല എന്ന വസ്തുത ഹാദിയയുടെ വാക്കുകള്‍ ചാനലിലൂടെ ശ്രവിച്ചവരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടാവാം. അതുകൊണ്ടാവണം രണ്ടു ഇംഗ്ലീഷ് പത്രങ്ങള്‍ അവരുടെ മൊഴികള്‍ ലീഡ് വാര്‍ത്തയായി തെരഞ്ഞെടുത്തത്. ‘I am a Muslim,says Hadiya ahead of apex court ‘ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യവാര്‍ത്തയില്‍ ടൈംസ് ഓഫ് ഇന്ത്യ, ലവ് ജിഹാദ് സിദ്ധാന്തം പിച്ചിച്ചീന്തപ്പെട്ടതിനെ കുറിച്ച് എഴുതിയത് ഇങ്ങനെ: At least one instance of the much hyped ‘love Jihad’ seemed to come apart at the seams when Hadiya alias Akhila ^ a Hindu girl who converted to Islam and married a Muslim under alleged duress þ stated publicly and unambiguously on saturday. No one forced me into embracing Islam’. ‘. ‘ഡെക്കാന്‍ ക്രോണിക്ക്ള്‍’ മുഖ്യവാര്‍ത്തയുടെ തലക്കെട്ട് നല്‍കിയത് ഇങ്ങനെ: ”””Hadiya sticks to Islam’ ഹാദിയ ഇസ്‌ലാമില്‍ ഉറച്ചുനില്‍ക്കുന്നു എന്ന്.

എത്രയോ മതംമാറ്റങ്ങള്‍ ദിനേന നടക്കുന്ന നമ്മുടെ നാട്ടില്‍ ഒരു യുവതിയുടെ മതപരിവര്‍ത്തനം മാത്രം ഇത്രമാത്രം ദേശീയ പ്രാധാന്യമുള്ള സങ്കീര്‍ണ വിഷയമാക്കിയതിന്റെ പ്രക്ഷുബ്ധതയാണ് ശനിയാഴ്ച കേരളം നേരിട്ട് കണ്ടത്. വൈക്കം ടി.വി പുരത്തെ വീട്ടില്‍നിന്ന് ഒരു കൊടുംക്രിമിനലോ ഭീകരവാദിയോ എന്ന മട്ടില്‍ വന്‍ പൊലീസ് അകമ്പടിയോടെ ഹാദിയെ മാതാപിതാക്കളോടൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ തടിച്ചുകൂടിയ മാധ്യമപ്പട തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് ഒരു ശരാശരി മധ്യവര്‍ഗ കുടുംബത്തില്‍നിന്ന് ഹോമിയോ ഡോക്ടറായി വളര്‍ന്ന ഒരു തുവതിയടെ വിശ്വാസപരമായ മാറിച്ചിന്തിക്കല്‍ ആസുരത കള്‍ നിറഞ്ഞ അവരുടെ ജീവിത കാലഘട്ടം ഒരു സമസ്യയാക്കി മാറ്റിയെടുത്തു എന്നത്. ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് ഈ കഥയിലെ മുഖ്യവില്ലന്‍. കേരളം ‘ലവ് ജിഹാദി’ന്റെ വിഹാരഭൂമിയാണെന്നും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ആയിരക്കണക്കിന് ഹൈന്ദവ , ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റിയെടുക്കുകയാണെന്നും സിറിയയിലേക്കും അഫ്ഗാനിലേക്കും ജിഹാദ് നടത്താന്‍ ഇവരെ റിക്രൂട്ട് ചെയ്യുകയാണെന്നും പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വസ്തുതകളെ സൂക്ഷ്മമായി പരിശോധിക്കുന്നതിന് പകരം സംഘ്പരിവാരത്തിന്റെ പ്രചാരണങ്ങളെ മുഖവിലക്കെടുത്ത് ഷഫീന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കുകയും അതുവരെ അവള്‍ക്ക് സ്വാതന്ത്ര്യം വകവെച്ചുനല്‍കിയ കേരള ഹൈകോടതി പിതാവിന്റെ തടവിലേക്ക് വിട്ടുകൊടുത്തതുമാണ് പ്രശ്‌നം ഇക്കാണുംവിധം വഷളാക്കിയത്. മൂന്നാമതായി, ഈ വിഷയത്തില്‍ നിഷ്പക്ഷനിലപാടാണ് സ്വീകരിക്കുന്നതെന്ന് വിശ്വസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗം വാസ്തവത്തില്‍ ഹാദിയയുടെ സ്വാതന്ത്ര്യം പകല്‍ വെളിച്ചതില്‍ ഹനിക്കുന്നതിനും ആറുമാസക്കാലം ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെടുത്തുന്നതിനും കാരണമായി എന്ന് വിലയിരുത്തുന്നതാവും സത്യസന്ധത. വീട്ടിനകത്തും പുറത്തും പൊലീസിനെ വിന്യസിച്ച് പ്രതിരോധം തീര്‍ത്ത അധികൃതര്‍ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയെ പോലും അകത്തേക്ക് കടത്തിവിട്ടില്ല. എന്നാല്‍ ആര്‍.എസ്.എസ്‌കാരിയായ ദേശീയ വനിതാ കമീഷന്‍ അംഗം യഥേഷ്ടം ഹാദിയയെ പോയി കാണുകയും സംസാരിക്കുകയും ചെയ്തു. സംഘ്പരിവാര്‍ സഹയാത്രികനായ രാഹുല്‍ ഈശ്വര്‍ നേരത്തെ ഹാദിയെ കണ്ടു സംഭാഷണം നടത്തി എന്ന് മാത്രമല്ല, വീഡിയോയില്‍ അവളുടെ നിലവിളി പകര്‍ത്തുകയും ചെയ്തു. ആര്‍.എസ്.എസ് നേതാക്കളെ ഉപയോഗിച്ച് യുവതിയുടെ മനം മാറ്റാനുള്ള ശ്രമങ്ങള്‍ പലതും അരങ്ങേറിയെങ്കിലും ഒന്നും വിലപ്പോയില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതേസമയം, കേരളത്തിലെ ഒട്ടുമിക്ക വനിതാസംഘടനകളും കൂട്ടായ്മകളും ഹാദിയ വിഷയത്തില്‍ ഒരുതരം ഒളിച്ചുകളിയാണ് നടത്തിയത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നാക്കിട്ടടിക്കാറുള്ള പശുമാര്‍ക്ക് സെക്കുലര്‍ നേതാക്കളെയൊന്നും ഹാദിയയുടെ നിലവിളി ഉയരുന്ന വീട്ടിന്റെ പരിസരത്ത് പോലും കണ്ടില്ല. വിപ്ലവ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് പോലും പല ഘട്ടങ്ങളിലും നാവിറങ്ങിയത് ശ്രദ്ധിക്കപ്പെടാതിരുന്നില്ല. കേരളീയ പൊതുസമൂഹം യഥാര്‍ത്ഥത്തില്‍ രണ്ടു ചേരിയായി ഭിന്നിച്ച് കുശുകുശുക്കുകയായിരുന്നു കഴിഞ്ഞ ആറുമാസം. പൂര്‍വീകര്‍ ചെയ്തു കൂട്ടിയ സുകൃതങ്ങളുടെ പുണ്യം കൊണ്ട് മാത്രമാണ് പരസ്യമായി തെരുവില്‍ ഏറ്റുമുട്ടാതെ രക്ഷപ്പെട്ടത്. കേരളം മാനസികമായി രണ്ടു ധ്രുവങ്ങളിലായിരുന്നു എന്നത് നിഷേധിച്ചിട്ട് കാര്യമില്ല. നീതിയോ പൗരാവകാശ ബോധമോ ആയിരുന്നില്ല കാര്യങ്ങളെ നിയന്ത്രിച്ചത്, പ്രത്യുത, സങ്കുചിതമായ കാഴ്ചപ്പാടും മനസ്സിന്റെ വൃത്തികെട്ട മൂലയില്‍ അടിഞ്ഞുകുടിയ മുന്‍വിധികളുമായിരുന്നു.

വിവാദത്തിന്റെ ഉറവിടം
കേരളത്തിലെ ഒരു മുസ്‌ലിം യുവതിക്ക് ഒരിക്കലും കിട്ടാത്ത വാര്‍ത്താപ്രാധാന്യമാണ് ഹാദിയ നേടിയെടുത്തത്. കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റിയത് വിവിധ കാരണങ്ങളാലാണ്. ഒരു മതംമാറ്റവിവാഹകേസ് ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍.ഐ.എ) പരിശോധനക്ക് വിട്ടത് രാജ്യത്ത് ഇതാദ്യമായിരിക്കാം. ഒരു മുസ്‌ലിം യുവാവ്, മതം മാറി വന്ന ഹിന്ദുപെണ്‍കുട്ടിയെ നികാഹ് ചെയ്ത് ജീവിത പങ്കാളിയാക്കുന്നത് അത്യപൂര്‍വ സംഭവമല്ല. എന്നാല്‍, സമീപകാലത്തായി പ്രചരിപ്പിക്കപ്പെട്ട ‘ലവ് ജിഹാദ്’ സിദ്ധാന്തത്തിന്റെ അകമ്പടിയോടെ കോട്ടയം വൈക്കം സ്വദേശി അഖിലയുടെ മതംമാറ്റവും ഷഫിന്‍ ജഹാനുമായുള്ള വിവാഹവും വിവാദമായപ്പോള്‍ പ്രതീക്ഷിക്കാത്ത സാമൂഹിക മാനങ്ങള്‍ അതിനുകൈവന്നു. കേരളം ഭീകരവാദികളുടെ താവളമാണെന്ന സംഘ്പരിവാറിന്റെ ചിരകാല പ്രചാരണങ്ങള്‍ക്ക് ബലം നല്‍കുംവിധം ‘മുസ്‌ലിം ഭീകരവാദികളെ’ തേടി എന്‍.ഐ.എ വലവീശിയ പശ്ചാത്തലത്തില്‍ ഹാദിയയെ മതം മാറ്റി, ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന വാദം സുപ്രീം കോടതിയില്‍ വരെ ഉന്നയിക്കപ്പെട്ടു. കൗമാരപ്രായക്കാരെ മരണവക്രത്തിലേക്ക് മാടിവിളിക്കുന്ന ‘ബ്ലൂവെയില്‍’ അപകടത്തോടാണ് ഹാദിയാ സംഭവത്തെ മുന്‍ ചീഫ് ജസ്റ്റിസ് ഖഹാര്‍ സമീകരിച്ചത്. ഈ കേസ് ഉയര്‍ത്തുന്ന നിയമസാമൂഹിക പ്രശ്‌നങ്ങളുടെ മര്‍മം മനസ്സിലാക്കാന്‍ 2017മേയ് 24ന് ഹൈകോടതി പുറപ്പെടുവിച്ച 88പേജ് വരുന്ന വിധിന്യായത്തിലൂടെ കണ്ണോടിച്ചാല്‍ മതിയാവും. ഹാദിയയുടെ കുടുംബപശ്ചാത്തലം, പഠനം, മതംമാറ്റം, വിവാഹം, വിവാദത്തിലേക്ക് തള്ളിവിട്ട സംഭവവികാസങ്ങള്‍ തുടങ്ങി എന്തുകൊണ്ട് 24വയസ്സുള്ള ഒരു യുവതിക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കുന്നു എന്നുവരെ വിധിന്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വിഷയം പരമോന്നത നീതിപീഠത്തിനു മുന്നിലെത്തിയതോടെ, ചില മൗലികവിഷയങ്ങളിലൂന്നിയാണ് വാദ പ്രതിവാദങ്ങള്‍ നടന്നത്. ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനുള്ള യുവതിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ അച്ഛന്‍ അശോകന്‍ പോലും ധൈര്യപ്പെട്ടില്ല. അതേസമയം, മതംമാറ്റത്തിനു പിന്നില്‍ ബാഹ്യശക്തികളാണെന്നും ഇസ്‌ലാമിക ഭീകരവാദത്തിന്റെ പ്രേരണ പിന്നിലുണ്ടെന്നുമുള്ള ആര്‍.എസ്.എസിന്റെ വാദമാണ് അശോകനിലൂടെ കേള്‍ക്കാന്‍ കഴിഞ്ഞത്. ഷഫിന്‍ ജഹാന്‍ എന്ന യുവാവുമായുള്ള വിവാഹം ദുര്‍ബലപ്പെടുത്തിയ േൈഹകോടതി വിധി സുപ്രീം കോടതി അസാധുവാക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഈ വിഷയത്തില്‍ കേരള ഹൈകോടതിയുടെ തീര്‍പ്പ് വ്യാപകമായി വിമര്‍ശിക്കപ്പെട്ട സ്ഥിതിക്ക് പ്രത്യേകിച്ചും.

കോട്ടയം വൈക്കം സ്വദേശി അശോകന്റെയും പൊന്നമ്മയുടെയും ഏക മകളാണ് ഹാദിയ. അശോകനും ഭാര്യയും ഈഴവ വിഭാഗത്തില്‍പെട്ടവരാണത്രെ. സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജിലാണ് ഹാദിയ ഹോമിയോ ബിരുദത്തിന് പഠിച്ചത്. കോളജ് ഹോസ്റ്റലിലാണ് ആദ്യം താമസിച്ചിരുന്നതെങ്കിലും പിന്നീട് കോളജിനു സമീപത്തെ വാടകവീട്ടിലേക്ക് മാറി. അവളുടെ കൂടെ താമസിച്ച നാല് പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ ഹിന്ദുക്കളും രണ്ടുപേര്‍ മുസ്‌ലിംകളുമാണ്. അതില്‍ ജസീന എന്ന പെണ്‍കുട്ടിയുമായാണ് ഹാദിയക്ക് കൂടുതല്‍ അടുപ്പം. പലതവണ ജസീനയുടെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ പോയിട്ടുണ്ട്. ജസീനയുമായുള്ള ചങ്ങാത്തം ഇസ്‌ലാമിന്റെ വിശ്വാസപ്രമാണങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും അവളെ ആകര്‍ഷിച്ചുവത്രെ. എന്നാല്‍, പരാതിക്കാരനായ അശോകന്‍ ആരോപിച്ചത് ജസീനയുടെ പിതാവ് അബൂബക്കറിന്റെ നിര്‍ബന്ധ പ്രകാരമാണ് മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതെന്നാണ്. നിരോധിത സംഘടനയായ സിമിയുടെ നേതാക്കളുടെ മുന്‍കൈയാല്‍ രൂപവവത്കരിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് അല്ലെങ്കില്‍ എസ് ഡി പി ഐ നടത്തുന്ന ‘നിയമവിരുദ്ധ മതംമാറ്റ കേന്ദ്ര’ മായ സത്യസരണിയെയാണ് ഹാദിയ കേസിലെ ആറാംപ്രതിയായി ചേര്‍ത്തിരിക്കുന്നത്. ജസീനയും സഹോദരി ഫസീനയും ദുസ്വാധീനം ചെലുത്തിയാണ് മകളെ മതം മാറ്റിയതെന്നാണ് അശോകന്‍ പലതവണ കോടതിയില്‍ ആവര്‍ത്തിച്ചത്. വേറെ ചില യുവതീയുവാക്കളുടെ പേരും കോടതി പരാമര്‍ശിക്കുന്നുണ്ട്. 2016ജനുവരി ആറിന് അബൂബക്കറിന്റെ പുത്രിമാര്‍ തന്നെ അറിയിക്കാതെ മകളെ സേലത്തേക്ക് കൊണ്ടുപോയി എന്ന് അശോകന്‍ പൊലീസില്‍ പരാതിപ്പെടുകയുണ്ടായി. പെരിന്തല്‍മണ്ണ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അബൂബക്കറെ അറസ്റ്റ് ചെയ്തു. പക്ഷേ ഹാദിയയെ കണ്ടെത്തിയില്ല. തുടര്‍ന്ന് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ജനുവരി19ന് കേസെടുത്തപ്പോള്‍ ഹാദിയ നേരിട്ട് കോടതിയില്‍ ഹാജരായി തന്നെ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

താന്‍ വീട് വിടാനുണ്ടായ കാരണം സത്യവാങ്മൂലത്തില്‍ ഹാദിയ കോടതിയെ ബോധിപ്പിക്കുന്നുണ്ട്. സേലത്തെ താമസകാലത്ത് ജസീനയുടെയും ഫസീലയുടെയും സ്വഭാവഗുണങ്ങളും കൃത്യസമയത്തുള്ള നിസ്‌കാരവും തന്നെ ഹഠാദാകര്‍ഷിച്ചു. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ പുസ്തകങ്ങള്‍ വായിക്കുകയും വീഡിയോകള്‍ കാണുകയും ചെയ്തു. ഹിന്ദുമതത്തില്‍ ഒട്ടനവധി ദൈവങ്ങളുള്ളത് കൊണ്ട് ഏത് ദൈവത്തെയാണ് ആരാധിക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ട്. എന്നാല്‍ ഇസ്‌ലാം മുന്നേട്ട് വെക്കുന്ന ഏകദൈവവിശ്വാസം തന്റെ മനസ്സിനെയും യുക്തിയെയും തൃപ്തിപ്പെടുത്തുന്നു. മതംമാറ്റം ഔപചാരികമായി പ്രഖ്യാപിക്കാതെ കുറെ കാലം നിശ്ശബ്ദമായി ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ വീട്ടില്‍വെച്ച് നിസ്‌കരിക്കുമ്പോള്‍ അച്ഛന്‍ കണ്ടു. ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി. ഇസ്‌ലാം ഭീകരതയുടെ മതമാണെന്നാണ് അഛന്റെ കാഴ്ചപ്പാടെന്ന് ഹാദിയ വെളിപ്പെടുത്തുന്നു. അച്ഛന്‍ അവിശ്വാസി ആണെങ്കിലും അമ്മ ദൈവഭക്തയാണ്. 2015നവംബറില്‍ മുത്തച്ഛന്‍ മരിച്ചപ്പോള്‍ വീട്ടില്‍ 40ദിവസത്തെ ചടങ്ങുകള്‍ നടത്തപ്പെടുകയുണ്ടായി. അതില്‍ ഭാഗഭാക്കാവാന്‍ തന്നെ നിര്‍ബന്ധിച്ചു. അതോടെ, അതുവരെ രഹസ്യമാക്കിവെച്ച മതംമാറ്റം താന്‍ പരസ്യമാക്കിയെന്നും ഹാദിയ കോടതിയെ ബോധിപ്പിച്ചു. 2016ജനുവരി രണ്ടിന് വീട് വിട്ടിറങ്ങിയ ഹാദിയ സേലത്തേക്ക് പോകുന്നതിന് പകരം നേരെ ചെന്നത് ജസീനയുടെ വീട്ടിലേക്കാണ്. ഇസ്‌ലാമിനെ കുറിച്ച് പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ ചേര്‍ക്കാന്‍ അബൂബക്കര്‍ ശ്രമിച്ചത്രെ. ‘കിം’ എന്ന സ്ഥാപനത്തില്‍ കൊണ്ടുപോയപ്പോള്‍ അവിടെ സ്വീകരിച്ചില്ല. തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ എന്ന സ്ഥാപനത്തില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ തയാറായില്ലെങ്കിലും പുറമെയുള്ള വിദ്യാര്‍ത്ഥിയാക്കാമെന്ന് സമ്മതിച്ചു. തന്റെ വീട്ടില്‍ താമസിപ്പിക്കുന്നതിന് പകരം അബൂബക്കര്‍ ‘സത്യസരണി’ എന്ന സ്ഥാപനത്തില്‍ ഹാദിയയെ എത്തിച്ചു. നോട്ടറി പബ്ലിക് ഒപ്പിട്ട സത്യവാങ്മൂലവുമായി രണ്ടുദിവസം കഴിഞ്ഞു വരാന്‍ ആവശ്യപ്പെട്ടു. ജനുവരി രണ്ടുമുതല്‍ നാല് വരെ അബൂബക്കറിന്റെ വീട്ടില്‍ താമസിപ്പിച്ചുവെങ്കിലും ഇനി അതിനു സാധ്യമല്ലെന്ന് പറഞ്ഞ് സേലത്തേക്ക് പറഞ്ഞയച്ചതായും ഹാദിയ പറയുന്നു. ജനുവരി ആറിന് കോളജിലെത്തിയ ഹാദിയ മഫ്ത ധരിച്ചാണ് ക്ലാസില്‍ പോയത്. വേഷത്തിലെ മാറ്റം ശ്രദ്ധിച്ച സഹപാഠിനി അര്‍ച്ചന വിവരം അഖിലയുടെ വീട്ടിലറിയിച്ചു. അച്ഛന്‍ വീണ് പരിക്കു പറ്റിയിരിക്കയാണെന്നും ഉടന്‍ വീട്ടിലെത്തണമെന്നും മാതാവ് അറിയിച്ചെങ്കിലും അത് തന്നെ കബളിപ്പിക്കാനാണെന്ന് മനസ്സിലാക്കി ഹാദിയ ആ വഴിക്ക് പോകാതെ ജസീനയുടെ വീട്ടില്‍ വീണ്ടും അഭയം തേടി. അപ്പോഴും തന്നെ സഹായിക്കാന്‍ സാധ്യമല്ലെന്ന് അബൂബക്കര്‍ അറിയിച്ചിരുന്നതായി ഹാദിയ പറയുന്നു. അതോടെ ‘സത്യസരണി’ ഭാരവാഹികള്‍ സാമൂഹിക പ്രവര്‍ത്തകയായ ഏഴാം പ്രതി സൈനബയുടെ കൂടെ താമസിപ്പിക്കാന്‍ തുടങ്ങി. ജനുവരി ഏഴ് തൊട്ട് സൈനബയുടെ കൂടെ താമസം തുടങ്ങിയ വിവരം അച്ഛനെയും ഡി.ഐ.ജിയെയും അറിയിച്ചിരുന്നു. താന്‍ പ്രായപൂര്‍ത്തിയായ സ്ത്രീയാണെന്നും തനിക്ക് ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അവകാശമുണ്ടെന്നും അവള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ശല്യം ചെയ്തുകൊണ്ടേയിരുന്നുവെന്ന് അവര്‍ പരാതിപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഉപദ്രവത്തിന് എതിരെ കോടതി വരെ ചെന്നു. ജനുവരി 19ന് കേസ് പരിഗണിച്ച കോടതി, ഹാദിയ ആരുടെയും നിയമവിരുദ്ധ തടങ്കലില്‍ അല്ലെന്ന് വിധിച്ചു. വിശദമായി അവളുമായി സംസാരിച്ച ന്യായാസനം ‘ഏഴാം പ്രതി’യോടൊപ്പം താമസിച്ചോളാന്‍ കല്‍പിച്ചു. ‘സത്യസരണി’യില്‍ പ്രവേശനം നേടിയതിന്റെ തെളിവ് ഹാജരാക്കണമെന്നും മാതാപിതാക്കള്‍ക്ക് കാണാന്‍ അവസരം നല്‍കണമെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചു. ജനുവരി 25ന് ഇതുമായി ബന്ധപ്പെട്ട വിധിയും പുറത്തുവന്നു.

സിറിയയിലേക്ക് കണ്ണുംനട്ടിരിക്കുന്നവര്‍
പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ യുവതിയായി കണ്ട് അതുവരെ ഹാദിയയുടെ ഹിതങ്ങള്‍ വകവെച്ചുകൊടുത്ത നീതിപീഠം മറ്റൊരു ദിശയിലൂടെ ചിന്തിക്കാന്‍ തുടങ്ങിയത് 2016 ആഗസ്റ്റ് 16ന് അശോകന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ്. അബൂബക്കറും പുത്രിമാരും ചേര്‍ന്ന് തന്റെ മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതാന്നെന്നും രാജ്യത്തിനു പുറത്തേക്ക് കടത്തിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നുമാണ് അശോകന്റെ പരാതി. സത്യസരണയില്‍ പ്രവേശനം നേടുന്നതിന് അബൂബക്കര്‍ സഹായിച്ചില്ല എന്ന് പറയുന്നത് നിയമനടപടിയില്‍നിന്ന് രക്ഷപ്പെടാനാണെന്നും സംഭവിച്ചത് മറിച്ചാണെന്നും അശോകന്റെ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചു. സത്യസരണി മതംമാറ്റാനുള്ള സ്ഥാപനമാണെന്നും ഏഴാം പ്രതി കോട്ടക്കല്‍ സ്വദേശിനി സൈനബ അതിന്റെ ഭാഗമാണെന്നും ആരോപിക്കപ്പെട്ടു. ആഗസ്റ്റ് 17ന് കേസ് കേട്ടപ്പോള്‍ ഒന്ന് മുതല്‍ നാല് വരെ പ്രതികളെ നിരീക്ഷിക്കാനും ഹാദിദയയെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്താനും നിര്‍ദേശിച്ചു. 22ന് കേസ് വീണ്ടും എടുത്തപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഏഴാം പ്രതിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഹാദിയയെ കാണാനില്ലെന്നും ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നുമാണ്. കേസ് 25ന് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ അഡീഷനല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചത് ഹാദിയ ഏഴാം പ്രതിയോടൊപ്പം എത്തിയിട്ടുണ്ടെന്നാണ്. കോടതി എത്ര നിര്‍ബന്ധിച്ചിട്ടും മാതാപിതാക്കളോടൊപ്പം പോകാന്‍ അവള്‍ തയാറായില്ല. സൈനബയാണ് തന്റെ രക്ഷകര്‍ത്താവ് എന്ന് ശഠിച്ചു. ഒരുതെറ്റും ചെയ്യാത്ത തന്നെ കഴിഞ്ഞ 35ദിവസം ആരോടും ബന്ധപ്പെടാന്‍ അനുവദിക്കാതെ കോടതി കസ്റ്റഡിയില്‍ വെച്ചിരിക്കയാണെന്ന് അവള്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ പറയുന്നുണ്ട്. തനിക്ക് ഇഷ്ടപ്പെടുന്ന സ്ഥലത്ത് ജീവിക്കണം. ഇതുവരെ പാസ്‌പോര്‍ട്ട് എടുക്കാത്ത സ്ഥിതിക്ക് പിതാവ് ആരോപിക്കും പോലെ സിറിയയിലേക്ക് കൊണ്ടുപോകുന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ല.

വാദങ്ങള്‍ മുഴുവന്‍ കേട്ട കോടതി ഹാദിയ ആരുടെയും നിയമവിരുദ്ധ തടങ്കലില്‍ അല്ലെന്ന നിഗമനത്തില്ലെത്തുകയും മാതാപിതാക്കളോടൊപ്പം പോകാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വിധിക്കുകയും ചെയ്തു. എറണാകുളം പച്ചാളത്തെ ശാന്തിനികേതന്‍ ഹോസ്റ്റലില്‍ തുടരണമെന്ന് നിര്‍ബന്ധിക്കാന്‍ സാധ്യമല്ല. അടുത്ത സിറ്റിങ്ങില്‍ എപ്പോഴായാലും ഹാജരാവാന്‍ സന്നദ്ധമാണ്. അതുവരെ ഏഴാംപ്രതി എ.എസ് സൈനബയുടെ കൂടെ താമസിക്കും. ഇനി താമസം മാറ്റുകയാണെങ്കില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയെ വിവരമറിയിക്കുകയും ബന്ധപ്പെടാനുള്ള മേല്‍വിലാസവും ഫോണ്‍നമ്പറും നല്‍കാനും തയാറാണ്. അച്ഛനമ്മമാര്‍ക്ക് ഏത് സമയവും മകളുമായി ബന്ധപ്പെടാം. സെപ്റ്റംബര്‍ 27ന് മറ്റൊരു ഡിവിഷന്‍ ബെഞ്ചിന്റെ മുമ്പാകെ വിഷയം പരിഗണനക്ക് വന്നപ്പോള്‍ ഹാദിയയുമായി കോടതി ചര്‍ച്ച നടത്തിയെങ്കിലും മാതാപിതാക്കളോടൊപ്പം പോകാന്‍ അവള്‍ തയാറായില്ല. കഴിഞ്ഞ 35ദിവസമായി ഒരു കാരണവുമില്ലാതെ കോടതിയുടെ കസ്റ്റഡിയിലാണെന്നും ആരുമായും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും അവള്‍ നീതിപീഠത്തോട് പരിഭവം നിരത്തി. പുതുതായി ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി പിതാവിന്റെ അഭിഭാഷന്റെ പ്രേരണമൂലമാണെന്നും ഹാദിയ ചൂണ്ടിക്കാട്ടി. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി ഹാദിയ ആരുടെയും തടങ്കലില്‍ അല്ലെന്നും മാതാപിതാക്കളോടൊപ്പം പോകണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും പച്ചാളത്തെ ശാന്തി നികേതന്‍ ഹോസ്റ്റലില്‍ തന്നെ താമസിക്കണമെന്ന് വ്യവസ്ഥ വെക്കുന്നില്ലെന്നും കോടതി ഒരുത്തരവിലൂടെ വ്യക്തമാക്കി. അടുത്ത സിറ്റിംഗ് എപ്പോഴായാലും ഹാജരാവാന്‍ സന്നദ്ധമാണ്. ഏഴാം പ്രതിയുടെ വീട്ടില്‍നിന്ന് താമസം എവിടുത്തേക്ക് മാറ്റിയാലും പെരിന്തല്‍മണ്ണ ഡി. വൈ. എഫ്. ഐയെ വിവരമറിയിക്കുകയും ബന്ധപ്പെടാനുള്ള മേല്‍വിലാസവും ഫോണ്‍നമ്പറും നല്‍കുന്നതാണെന്നും അവരുടെ അഭിഭാഷകന്‍ പി.കെ ഇബ്രാഹീം ഉറപ്പുനല്‍കി. നവംബര്‍ 14ന് കോടതി വീണ്ടും കേസെടുത്തപ്പോള്‍ പരാതിക്കാരന്‍ ആശങ്ക പ്രകടിപ്പിച്ചത് മകള്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാത്തതിനെ കുറിച്ചാണ്. എന്നാല്‍ ഹാദിയ ഹോമിയോ പ്രാക്ടീസ് തുടരുന്നുണ്ടെന്നും പ്രതിമാസം 2000രൂപ സമ്പാദിക്കുന്നുണ്ടെന്നും ബോധിപ്പിച്ചു. പ്രതിഭാഗം അഭിഭാഷകന്‍ ഏഴാം പ്രതി സൈനബയുടെ വരുമാനമാര്‍ഗത്തെകുറിച്ചാണ് ആരാഞ്ഞത്. വന്‍സാമ്പത്തിക സ്വാധീനമുള്ള സംഘടനയുടെ ആളാണ് ഈ സ്ത്രീ എന്നാണ് അവരുടെ വാദം. അതുകൊണ്ട് ഹാദിയയുടെയും ഏഴാം പ്രതിയുടെയും വരുമാനമാര്‍ഗം വിവരിക്കുന്ന പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സൈനബയുടെ റേഷന്‍ കാര്‍ഡ് ഹാജരാക്കണമെന്നും അവരുടെ ഭര്‍ത്താവിന്റെ വരുമാനം വിശദമാക്കണമെന്നും കോടതി കല്‍പിച്ചു. സേലത്ത് കോളജ് ഹോസ്റ്റലില്‍ താമസിച്ച് ഹൗസ് സര്‍ജന്‍ സി പൂര്‍ത്തിയാക്കണമെന്നും അതിന്റെ ചെലവ് പിതാവ് വഹിക്കുമെന്നും പിതാവ് തന്നെ അവിടെ കൊണ്ടാക്കുമെന്നും പരാതിക്കാരന്‍ ആവര്‍ത്തിച്ചു. അന്യയായി ഏഴാം പ്രതിയോടൊപ്പം ഹാദിയ തുടര്‍ന്നുതാമസിക്കുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

കോടതിയെ വിറളി പിടിപ്പിച്ച നികാഹ്
കോടതി ആവശ്യപ്പെട്ട പ്രകാരം ഡിസംബര്‍ 21ന് ഹാദിയ ഹാജരായപ്പോള്‍ ഒപ്പം വന്നത് ഒരു യുവാവായിരുന്നു. രണ്ടുദിവസം മുമ്പ് മലപ്പുറം കോട്ടക്കലിനടുത്ത് പൂത്തുര്‍ ജുമാമസ്ജിദ് ഖാളിയുടെ കാര്‍മികത്വത്തില്‍ ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ ഷഫിന്‍ ജഹാന്‍ എന്ന യുവാവുമായി ഹാദിയയുടെ നികാഹ് കഴിഞ്ഞുവെന്നാണ് കോടതിയെ അറിയിച്ചത്. അപ്രതീക്ഷിതമായ ഈ സംഭവി വികാസത്തില്‍ ആശ്ചര്യം കൂറിയ ന്യായാധിപന്മാര്‍ വിവാഹരേഖകള്‍ പരിശോധിച്ചു. വരനെ കുറിച്ച് കുടുതല്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ വിവാഹം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി സംശയിച്ചു. പുത്തൂര്‍ സ്രാംബിക്കല്‍ വീട്ടില്‍ വെച്ചാണ് നികാഹ് നടന്നത്. ഈ വീട് ഏഴാം പ്രതിയുടേതാണ്. പുത്തൂരിലെ തന്‍വീറുല്‍ ഇസ്‌ലാം സംഘം സെക്രട്ടറി ഒപ്പിട്ട മഹല്ലിന്റെ വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നുവെങ്കിലും ഇത് വ്യാജ കുട്ടായ്മയാണോ എന്ന് കോടതി സംശയം പ്രകടിപ്പിക്കുന്നുണ്ട്. വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിന് ഡിസംബര്‍ 20ന് ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പണം അടച്ചതിന്റെ രശീതിയുടെ ഫോട്ടോകോപ്പിയും ഹാജരാക്കിയിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിലെ ഒരു സ്‌പെല്ലിംഗ് തെറ്റാണ് (Shafin Jahan എന്നതിന് പകരം Jefin Jahan എന്ന് എഴുതിയത് ) കോടതി ഗൗരവത്തിലെടുത്തത്. ഡിസംബര്‍ 14നും 19നും കോടതി പുറപ്പെടുവിച്ച ഉത്തരവുകളെ തുടര്‍ന്ന് ധൃതി പിടിച്ച് നികാഹ് നടത്തുകയാണെന്നും അഖിലയുടെ കുടുംബക്കാര്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ലെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ ആരോപിച്ചു. ഏഴാം പ്രതി സൈനബ മറ്റൊരു മതംമാറ്റ കേസില്‍ പെട്ടിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍ മൊഴി നല്‍കിയത്. ചെര്‍പുളശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ കേസ് വന്നപ്പോള്‍ ആ പെണ്‍കുട്ടി പറഞ്ഞത് സൈനബയുടെ പ്രേരണയാലാണ് മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതെന്നാണത്രെ. ആ കേസ് തുടരുകയാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ അവരുടെ അഭിഭാഷന്‍ പി.കെ ഇബ്രാഹീം ആരോപണം നിഷേധിക്കുകയും തന്റെ കക്ഷി ഇതുവരെ ഒരു കേസിലും പെട്ടിട്ടില്ലെന്ന് തറപ്പിച്ച് പറയുകയുമുണ്ടായി. മാസങ്ങളായി തുടരുന്ന കേസിനെ ദുര്‍ബലപ്പെടുത്താനുള്ള സൂത്രമാണ് വിവാഹത്തിന്റെ പേരിലുള്ള ഈ നാടകം എന്നാണ് ആരോപിക്കപ്പെട്ടത്.

പരാതിക്കാരന്‍ മുന്നോട്ടുവെച്ച വൈകാരിക വിഷയങ്ങള്‍ കോടതി വിധിന്യായത്തില്‍ വിവരിക്കുന്നുണ്ട്. ഇവിടെ നിയമത്തിനപ്പുറത്തൂടെയാണ് കോടതി സഞ്ചരിച്ചതും സംസാരിച്ചതും. പ്രായപൂര്‍ത്തി എത്തിയവളാണെങ്കിലും മകളുടെ സുരക്ഷിതത്വത്തിലും നല്ല ഭാവിയിലും പിതാവ് ആശങ്കാകുലനാണ്. മാതാപിതാക്കള്‍ക്കാണ് മകളെ കെട്ടിച്ചുകൊടുക്കാനുള്ള അവകാശം. അതും അനുയോജ്യനായ വരന്. ആരുടെയെങ്കിലും പ്രേരണയാലാണോ അതോ നിര്‍ബന്ധപൂര്‍വമോ വിവാഹം നടന്നതെന്ന് അഖില കോടതിയിലുള്ള സ്ഥിതിക്ക് അന്വേഷിക്കണമെന്ന് പരാതിക്കാരന്റെ അഭിഭാഷന്‍ എസ്. ശ്രീകുമാര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ അവളോട് സംസാരിക്കേണ്ടെന്നും ഉചിതമായ സമയത്ത് ആവാമെന്നുമായിരുന്നു കോടതിയുടെ നിലപാട്. എന്തുകൊണ്ടാണതെന്ന് നീതിപീഠം വ്യക്തമാക്കുന്നില്ല. വക്കീലന്മാരെ മാറ്റിമാറ്റി വെക്കുന്നത് കൊണ്ട് ഹാദിയയുടെ വരുമാന മാര്‍ഗമാണ് ഇപ്പോഴും കോടതിക്ക് അറിയേണ്ടത്. ഹാദിയയെ വിവാഹം ചെയ്ത ഷഫിന്‍ ജഹാനെ കുറിച്ച് കോടതി സൂക്ഷ്മമായി അന്വേഷിക്കുന്നുണ്ട്. അദ്ദേഹം ബിരുദധാരിയാണ്. വിദേശത്ത് ജോലി ചെയ്യുന്നു. ഹാദിയെയും വിദേശത്ത് കൊണ്ടുപോകാനാണത്രെ ഉദ്ദേശിക്കുന്നത്. ഹാദിയയുടെ പിതാവ് നേരത്തേ മുന്നോട്ടുവെച്ച ഉത്കണ്ഠ അസ്ഥാനത്തല്ല എന്നാണ് കോടതി മനസ്സിലാക്കുന്നത്രെ. പെണ്‍കുട്ടിയെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് വിവാഹത്തെ ആയുധമാക്കുകയാണോ എന്നാണ് കോടതി സംശയം പ്രകടിപ്പിക്കുന്നത്. ഷഫിന്‍ ജഹാന്റെ കുടുംബപശ്ചാത്തലമെന്താണെന്ന് കോടതിക്ക് അറിയില്ല. കോടതിയുടെ സംശയങ്ങള്‍ക്ക് നിവാരണം കാണാത്ത കാലത്തോളം ഭര്‍ത്താവിന്റെ കൈയില്‍ പെണ്‍കുട്ടി സുരക്ഷിതയാണെന്ന് ഉറപ്പിക്കാന്‍ സാധ്യമല്ല. അതോടെ കോടതി രക്ഷിതാവിന്റെ റോളിലേക്ക് (Parents Patriae Jurisdiction) സ്വയം കടന്നുചെല്ലുകയും ഹാദിയയെ രാജ്യത്തിനു പുറത്തേക്ക് കടത്തിക്കൊണ്ടുപോയി ചൂഷണം ചെയ്യപ്പെടാന്‍ അനുവദിക്കുകയില്ലെന്ന് തീരുമാനിക്കുകയുമാണ്. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇത്തരമൊരു അപൂര്‍വ നിലപാട് സ്വീകരിക്കുന്നതിന് കോടതി നിരത്തുന്ന ന്യായീകരണം വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്: ”തടവില്‍കഴിയുന്ന യുവതി പ്രായം തികഞ്ഞവളാണെന്ന് അവളുടെ സീനിയര്‍ അഭിഭാഷകന്‍ ശക്തമായി വാദിക്കുന്നുണ്ടെങ്കിലും ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഇരുപതുകളിലെ, ലോലമായ പ്രായത്തിലുള്ള സ്ത്രീ ആണ് അവള്‍ എന്നതാണ്. ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം, ശരിയാംവിധം വിവാഹം കഴിക്കുന്നത് വരെ മാതാപിതാക്കളുടേതാണ്. ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരാളെ കുടുതല്‍ അപകടത്തിലേക്ക് വിട്ടുകൊടുക്കാതിരിക്കേണ്ടത് കോടതിയുടെ കര്‍ത്തവ്യമാണെന്ന് കരുതുന്നു. ഇസ്‌ലാമിക മതാചാര പ്രകാരം മറ്റൊരാളുമായി വിവാഹകര്‍മം പൂര്‍ത്തിയാക്കപ്പെട്ട ചുറ്റുപാടില്‍ വിശേഷിച്ചും. അതും ആരുടെ കൂടെയാണോ കോടതി താമസിക്കാന്‍ അനുവദിച്ചത് അങ്ങനെയുള്ള ഏഴാംപ്രതിയുടെ ഗൂഢാലോചനയിലൂടെ.” ഏഴാം പ്രതി വിവാഹകാര്യം തങ്ങളെ മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്നും കോടതി പരിഭവിക്കുന്നു.

തുടര്‍ക്കഥ പോലെ
ഹാദിയയുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ മേലാണ് ഹാദിയയെ സുപ്രീംകോടതി വിളിച്ചുവരുത്തിയതെങ്കിലും ഈ വിഷയം ജനുവരി മൂന്നാം വാരമേ പരിഗണിക്കൂ. ഗുരുതരമായ ആരോപണങ്ങളാണ് ഷഫിനെതിരെ എന്‍.ഐ.എ ഉന്നയിച്ചിരിക്കുന്നത്. ഐ.എസ് ഭീകരവാദിയാണെന്ന് വരെ ആരോപിച്ചിരിക്കയാണ്.
എന്‍.എ.ഐയും ഐ.ബിയും റോയുമെല്ലാം ഇന്ന് ആര്‍.എസ്.എസിന്റെ കൈയിലെ പ്രചാരണോപാധികളായി മാറിയിട്ടുണ്ടെന്ന മറുവാദം തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെ, നീതിപീഠത്തിലല്ലാതെ പ്രതീക്ഷയര്‍പ്പിക്കാന്‍ ഇവിടെ ഒരു ജനാധിപത്യസ്ഥാപനവുമില്ല. ഹാദിയയുടെ അനുഭവം നമുക്ക് ഒരു പാഠമാണ്. വിശ്വാസത്തിന്റെ പാത സെക്കുലര്‍ ഇന്ത്യയിലും ദുഷ്‌കരമായി വന്നിരിക്കുന്നു. മതപ്രബോധനത്തിനുള്ള ഭരണ ഘടനയിലെ അവകാശം ഏട്ടിലെ പശുവായി കലാശിക്കണമെന്നാണ് ഭൂരിപക്ഷസമുദായത്തിലെ തീവ്രവാദിവിഭാഗം ഉദ്ദേശിക്കുന്നത്. ഒരു ഹിന്ദുവിശ്വാസി മതം മാറുമ്പോള്‍ ഒരു വോട്ട് കുറയുമെന്ന ഭീതിയാണ് ഇക്കൂട്ടരെ ഭ്രാന്തരാക്കുന്നത്. മതസ്വാതന്ത്ര്യത്തിനു പുതിയ നിര്‍വചനം കണ്ടെത്തുക കാലഘട്ടത്തിന്റെ ബാധ്യതയായി മാറിയിരിക്കുന്നു. ജാഗ്രത്തായ ഒരു സമൂഹത്തിന് മുന്നിലേ ഈ കൂരിരുട്ടില്‍ വെളിച്ചം തെളിയിക്കാനാവൂ.

കാസിം ഇരിക്കൂര്‍

One Response to "ഹാദിയ മാതൃക"

  1. nawas  December 15, 2017 at 5:19 pm

    very good

You must be logged in to post a comment Login