വിരക്തിയുടെ കസ്തൂരി

മുരീദ്

യുദ്ധമുതലുകള്‍ കൊണ്ടുവന്നപ്പോള്‍ ഖലീഫ ഉമറബ്നു അബ്ദുല്‍ അസീസിന് അല്പം കസ്തൂരിയും അനുയായികള്‍ കരുതിയിരുന്നു. പക്ഷേ, ഖലീഫക്ക് അതിന്റെ മണം അത്ര പിടിച്ചില്ല. യുദ്ധമുതലാകയാല്‍ തന്റെ പ്രജകള്‍ മുഴുവന്‍ ആസ്വദിക്കേണ്ട സൌരഭ്യം തനിക്കായി മാത്രം നീട്ടിയപ്പോള്‍ അദ്ദേഹത്തിന് ആ സുഗന്ധം ഉള്‍കൊള്ളാനായില്ല.

                       ഹംദിനും സലാത്തിനും ശേഷം അത്ഭുതകരമായ സ്വരശുദ്ധിയോടെ വിശുദ്ധഖുര്‍ആനിലെ ചില സൂക്തങ്ങള്‍ പാരായണം ചെയ്തുകൊണ്ട് ഗുരു സദസ്സിനെ അഭിമുഖീകരിക്കുകയായി. പലപ്പോഴും ഖുര്‍ആനിക സൂക്തങ്ങള്‍ പാരായണം ചെയ്ത് കഴിയുമ്പോഴൊക്കെയും ശാന്തതക്കു മേല്‍ ശാന്തത സദസ്സില്‍ വന്നു നിറയുന്നതായും സദസ്യരെ ആവരണം ചെയ്യുന്നതായും തോന്നാറുണ്ട്.’അബൂദര്‍റുല്‍ ഗിഫാരിയെ അറിയുമോ?’

നിശ്ശബ്ദമായിരുന്ന സദസ്സില്‍ ആ ചോദ്യം അല്പനേരം തങ്ങി നിന്നു. സ്ഥിതിസമത്വം വിശ്വാസികളുടെ ഇടയില്‍ പരിപൂര്‍ണമായി പുലരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച പ്രവാചക ശിഷ്യരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. സമ്പത്തും സൌകര്യങ്ങളും സഹോദരങ്ങള്‍ക്കിടയില്‍ തുല്യമായി വീതിച്ച് പങ്കിട്ടുകൊള്ളണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഭൌതിക വിഭവങ്ങളോടുള്ള ‘വിരക്തി’യുടെയും വിമുഖതയുടെയും (‘വറഅ്’) ഏറ്റവും ഉയര്‍ന്ന അവസ്ഥ പ്രാപിച്ച വ്യക്തിയായിരുന്നു അബൂദര്‍റുല്‍ ഗിഫാരി. പ്രവാചകരില്‍ ദര്‍ശിച്ച ഈ സവിശേഷ ഗുണത്തെ അതിന്റെ പരിപൂര്‍ണതയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ഗിഫാരിയുടെ സ്വഭാവവും മനസ്സും വായിച്ചറിഞ്ഞ പ്രവാചകര്‍ ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞുവത്രെ: “അബൂദര്‍, താങ്കള്‍ ഒറ്റയാനായി നടക്കും. ഏകാന്തതയില്‍ മരണം വരിക്കും. ഒറ്റയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുകയും ചെയ്യും.” ഗിഫാരിയുടെ വ്യതിരിക്തത ചരിത്രത്തില്‍ അടയാളപ്പെടുത്തുകയായിരുന്നു വിശ്വഗുരു. ആ പ്രവചനം അന്വര്‍ത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും മരണവും.1

മതനിയമങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയവന്റെ ഏറ്റവും പ്രകടമായ ഒരു ഗുണം അയാള്‍ എല്ലാവിധ അനാവശ്യകാര്യങ്ങളില്‍ നിന്നും വിമുഖനായിരിക്കുയെന്നതത്രെ. ഈ ഗുണസവിശേഷത്തെ ‘വറഅ്’ എന്നാണ് സൂഫികള്‍ വിശേഷിപ്പിക്കുന്നത്. ഉപരിപ്ളവമായതും മനസ്സില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നതും തി•യെന്ന് തോന്നുന്നതില്‍ നിന്നു പോലും മാറിനില്‍ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സൂഫി ഭാഷയില്‍ ‘വറഅ്’ എന്നാണ് ഇബ്റാഹിമുബ്നു അദ്ഹം വിശദീകരിക്കുന്നത്.2 മതകല്പനകളെ വ്യാഖ്യാനമോ വിശദീകരണമോ കൂടാതെ സ്വീകരിക്കാനും ആന്തരവത്ക്കരിക്കാനും തന്റെ ഇന്ദ്രിയങ്ങളെ പരിശീലിപ്പിക്കുക എന്നതാണ് ‘വറഅ്’ എന്നാണ് യഹ്യബ്നു മുആദ് നല്‍കിയ നിര്‍വ്വചനം.3
ചിലപ്പോള്‍ കാഴ്ചക്കാരന് അപ്രധാനമെന്ന് തോന്നാവുന്ന കാര്യങ്ങളില്‍ ജ്ഞാനികള്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും പ്രകടിപ്പിക്കുന്നത് കാണാം. അല്ലാഹുവല്ലാതെ മറ്റൊന്നിനോടും ആഭിമുഖ്യമോ താല്‍പര്യമോ കാണിക്കാതെ പരിപൂര്‍ണ്ണ സമര്‍പ്പണത്തെ പുല്‍കുവാന്‍ മനസ്സിനെ പരിശീലിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

മനുഷ്യാവസ്ഥകളെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു സദസ്സില്‍ ഇസ്ഹാഖ് ഇബ്നു ഖലഫ് എന്ന ജ്ഞാനി തന്റെ ശിഷ്യഗണത്തോട് പറഞ്ഞു: “സ്വര്‍ണവും വെള്ളിയും ഉപേക്ഷിക്കാന്‍ ഒരു പക്ഷേ മനുഷ്യന് കഴിയുമായിരിക്കാം. എന്നാല്‍ അനാവശ്യ സംസാരത്തില്‍ നിന്ന് തന്റെ നാവിനെ മാറ്റിനിര്‍ത്താന്‍ അവന്‍ വളരെ കഷ്ടപ്പെടേണ്ടി വരും. ദ്രവ്യങ്ങള്‍ക്കു നേരെ ചിലപ്പോള്‍ മനുഷ്യന്‍ കണ്ണുകള്‍ അടച്ചേക്കാം. എന്നാല്‍ ‘അധികാര’ത്തോട് വിമുഖതകാട്ടാന്‍ അവന്‍ ഏറെ പണിപ്പെടേണ്ടി വരും. കാരണം വിഭവങ്ങള്‍ ‘അധികാരത്തിനു’ പകരം വെക്കാന്‍ പോലും മനുഷ്യന്‍ തയ്യാറാവാറുണ്ട്.”4 ഇങ്ങനെ ചെറുതും വലുതുമായ സകല ഇടപാടുകളിലും കര്‍ക്കശമായ വിശകലനം നടത്തിക്കൊണ്ട് വേണം സാധകന്‍ തന്റെ ആത്മീയയാനം മുന്നോട്ടു നയിക്കുന്നത്. സൂക്ഷ്മ ദൃക്കുകളായി മതത്തെ വീക്ഷിക്കുകയും ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പു നാളില്‍ ഉന്നത പദവി അലങ്കരിക്കുവാന്‍ സാധിക്കും.5

ഇസ്ലാമിക ചരിത്രത്തില്‍ സച്ചരിതരായ ഖലീഫമാരുടെ ഭരണത്തിനു ശേഷം മാതൃകാപരമായ ഭരണം കാഴ്ചവച്ച ഖലീഫയായിരുന്നു ഉമര്‍ ബ്നു അബ്ദുല്‍ അസീസ്. ഒരുനാള്‍ യുദ്ധമുതലുകള്‍ കൊണ്ടുവന്ന കൂട്ടത്തില്‍ അദ്ദേഹത്തിനായ് അല്പം കസ്തൂരിയും അനുയായികള്‍ കൊണ്ടുവന്നു കൊടുത്തു. കസ്തൂരിയുടെ പ്രാധാന്യം അതിന്റെ സൌരഭ്യമാണ്. ‘യുദ്ധമുതലാകയാല്‍ ഇതിന്റെ സൌരഭ്യം എന്റെ പ്രജകള്‍ മുഴുവന്‍ ആസ്വദിക്കുന്നതു വരെ ഞാന്‍ വെറുക്കുന്നു’വെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ സ്ഥാനവും ഉത്തരവാദിത്വവും കസ്തൂരിയുടെ സൌരഭ്യം ആസ്വദിക്കുന്നതില്‍ നിന്നുപോലും ജ്ഞാനിയായ ആ ഭരണാധികാരിയെ തടയുകയായിരുന്നു.
മക്കയിലെ ഒരു കച്ചവടക്കാരന് ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍ ഒരു പാത്രം പണയം വച്ച് കുറച്ചു പണം കടം വാങ്ങി. പണം തിരികെ നല്‍കി പാത്രം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ഒരേ പോലെയുള്ള രണ്ടു പാത്രങ്ങള്‍ കാണിച്ച് ഇതില്‍ ഏതാണ് താങ്കളുടെ പാത്രമെന്ന് കച്ചവടക്കാരന്‍ ചോദിച്ചു. നിശ്ചയമില്ലെന്നായിരുന്നു ഇമാമിന്റെ മറുപടി. പണം നല്‍കിക്കൊണ്ട് ഇമാം പോകാനൊരുങ്ങി. അപ്പോള്‍ കച്ചവടക്കാരന്‍ ഇമാമിന്റെ പാത്രം ചൂണ്ടിക്കാണിച്ച് പറഞ്ഞു : “ഇതാണ് താങ്കളുടെ പാത്രം. താങ്കളെ ഞാന്‍ വെറുതെ പരീക്ഷിക്കുകയായിരുന്നു.” “സുഹൃത്തേ, എന്റെ പാത്രമേതെന്ന് എനിക്ക് നിശ്ചയമല്ലാത്തതിനാല്‍ ഈ പണവും പാത്രവും നിന്റെ പക്കല്‍ നില്‍ക്കട്ടെ. ഇപ്പോള്‍ ആ പാത്രം സ്വീകരിക്കാന്‍ എനിക്കു പ്രയാസമുണ്ട്. ഇമാം മറുപടി പറഞ്ഞു. ഇമാമിന്റെ സൂക്ഷ്മതയായിരുന്നു അത്. സുനിശ്ചിതമല്ലാത്തതും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവയും തി•യെന്ന് തോന്നുന്നവയും, ഉപരിപ്ളവമായ കാര്യങ്ങളും മറ്റും പാടെ തിരസ്കരിച്ച് കൃത്യതയും സുനിശ്ചിതവുമായ കാര്യങ്ങളില്‍ വ്യാപൃതരാവുകയാണ് കരണീയമായിട്ടുള്ളത്. സഹജീവികളുമായുള്ള വ്യവഹാരങ്ങളില്‍ ഇത്തരം കാര്യങ്ങളിലും സന്ദര്‍ഭങ്ങളിലും മതപരമായ കാര്യങ്ങളിലെന്ന പോലെ പൂര്‍ണമായ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തുകയെന്നത് തന്നെയാണ് ‘വറഅ്’ എന്ന സൂഫി സംജ്ഞയുടെ പൊരുളും വിവക്ഷയും.

1. ‘യംശീവാഹിദന്‍, വയമൂതു വാഹിദന്‍ വയുബ്അസു വാഹിദന്‍”
2. രിസാലതുല്‍ ഖുശൈരിയ്യ.
3. അതേ പുസ്തകം
4. അതേ പുസ്തകം
5. അതേ പുസ്തകം
6. അതേ പുസ്തകം
7. അതേ പുസ്തകം

You must be logged in to post a comment Login