ജാഗരൂകരാവുക; ഇന്ത്യന്‍ ഫാഷിസം വേഷം മാറുകയാണ്

ജാഗരൂകരാവുക; ഇന്ത്യന്‍ ഫാഷിസം വേഷം മാറുകയാണ്

ഏകാന്തനും പരാജയബോധത്താല്‍ പരിഭ്രാന്തനുമായ കുലപതിയോട് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് പറഞ്ഞ, അല്ലയോ പരമാധികാരി, തെരുവുകളിലേക്ക് പോകൂ, തെരുവിലെ മുഖങ്ങളില്‍ നിന്ന് സത്യം കാണൂ, നമ്മള്‍ അന്ത്യത്തിലാണ് എന്ന വാചകത്തോടെയാണ് പോയ വര്‍ഷം നമ്മള്‍ ഈ താളുകളിലൂടെ സംസാരിച്ചുതുടങ്ങിയത്. ഉദ്ധരണികള്‍ മാറ്റാനാവാത്തവിധം ലോകം നിശ്ചലമാവുന്നു എന്നതിനെക്കാള്‍ ഭയാനകമായി മറ്റെന്തുണ്ട്? എല്ലാ ചലനങ്ങളും പുറപ്പെട്ടിടത്തേക്ക് ആസകലം മുറിവുകളോടെ, പലപ്പോഴും ചലനമില്ലാതെ തിരിച്ചെത്തുന്നതിനോളം നിര്‍ഭാഗ്യം മറ്റെന്തുണ്ട്? ഒരു ജനാധിപത്യ രാജ്യത്തിന്റെ, ഒരു ബഹുസ്വര മതേതര രാജ്യത്തിന്റെ ഒരു രാഷ്ട്രീയവര്‍ഷം എന്തായിരുന്നു എന്ന് ഇതള്‍ വിടര്‍ത്തുന്ന ഈ നിമിഷത്തില്‍ സമസ്തയിടങ്ങളിലും പടരുന്ന ചലനമില്ലായ്മകള്‍ നമ്മെ നടുക്കുകയാണ്.
ഊര്‍ധ്വബാഹുര്‍ വിരൗമ്യഏഷ
നച കശ്ചിച് ഛൃണോതി മേ എന്ന,
ഇരുകൈകളും ഉയര്‍ത്തി ഞാന്‍ വിലപിക്കുന്നു;
ആരും ഇത് കേള്‍ക്കുന്നില്ലല്ലോ എന്ന വ്യാസവിലാപത്തോടെയാണ് (സ്വര്‍ഗാരോഹണ പര്‍വം: മഹാഭാരതം) നമ്മള്‍ ആ സംവാദം അവസാനിപ്പിച്ചത്. നിസ്സഹായരും അജണ്ടകളാല്‍ വഞ്ചിതരുമായ ഇന്ത്യന്‍ ജനത പോയവര്‍ഷാദ്യത്തിലെ അതേ വിലാപം തുടരുകയാണ്. ആരുമത് കേള്‍ക്കുന്നില്ല. ഭരണാധികാരി തെരുവുകളിലേക്ക് പോകുന്നില്ല. സത്യം കാണുന്നുമില്ല. ഗുജറാത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പുതിയ പടനായകനോട് പരാജയം മണത്തപ്പോള്‍ മാത്രമാണ് അയാള്‍ തെരുവ് തൊട്ടത്. ചില സത്യങ്ങള്‍ അപ്പോഴാണ് തൊട്ടറിഞ്ഞത്.

മനുഷ്യരാശിയുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും നാശകാരിയായ രാഷ്ട്രീയ പ്രയോഗമാണ് ഫാഷിസം. ഇതേ താളുകളില്‍ പോയവര്‍ഷം നമ്മള്‍ ഫാഷിസത്തിന്റെ സൈദ്ധാന്തികവും പ്രയോഗപരവുമായ (കു)വിശേഷതകള്‍ പരിശോധിച്ചിരുന്നു. ഫാഷിസത്തിന്റെ പ്രയോക്താവായ ബെനിറ്റോ മുസോളിനി മുതല്‍ മനുഷ്യപക്ഷ ദാര്‍ശനികനായ ഉംബര്‍ട്ടോ എക്കോ വരെയുള്ളവരുടെ, ഫാഷിസത്തെക്കുറിച്ചുള്ള നിര്‍വചനങ്ങളിലൂടെ നമ്മള്‍ കടന്നുപോയി. അതെല്ലാം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും സംഭവിക്കുന്നല്ലോ എന്ന് നമ്മള്‍ നടുക്കത്തോടെ അത്ഭുതപ്പെട്ടു. ഈ പുതുവര്‍ഷത്തിരിഞ്ഞുനോട്ടം ആ അത്ഭുതത്തെ ഉദാഹരണങ്ങളിലൂടെ ഉറപ്പിച്ചെടുക്കാനുള്ള ശ്രമമാണ്.

നടുവൊടിക്കപ്പെട്ട ജനത
ഇഴഞ്ഞും കിതച്ചും വരിനിന്ന് അപമാനിതയായുമാണ് ഇന്ത്യ 2017-നെ തൊട്ടത്. ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക ചരിത്രത്തില്‍ നാളിതുവരെ കേട്ടിട്ടില്ലാത്ത സാമ്പത്തിക പരിഷ്‌കരണത്തിന് ഒറ്റ രാത്രികൊണ്ട് ഈ രാജ്യം വിധേയയായി. ജനങ്ങള്‍ അവരുടെ സമ്പാദ്യവുമായി തെരുവില്‍ അലഞ്ഞു. പിടഞ്ഞുവീണു. സോവിയറ്റ് റഷ്യയുടെ അവസാന പ്രധാനമന്ത്രിയായിരുന്ന വാലന്റൈന്‍ പാവ്‌ലേവിനെ അനുസ്മരിപ്പിച്ചു നരേന്ദ്രമോഡി ആ നാളുകളില്‍. അയാളും കറന്‍സി നിരോധിച്ചാണ് മരണാസന്നമായിരുന്ന റഷ്യയുടെ ശവപ്പെട്ടി പണിതത്. പടുവിഡ്ഡിയായ ഭരണാധികാരിയായി ചരിത്രത്തില്‍ വാലന്റൈന്‍ പാവ്‌ലോവ് അപമാനിക്കപ്പെട്ടു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ഭരണകൂടം കള്ളങ്ങള്‍ പ്രചരിപ്പിച്ചു. ഭരണാധികാരികള്‍ വരിവരിയായി നിന്ന് കള്ളം പറഞ്ഞു. എല്ലാം പൊളിഞ്ഞ വര്‍ഷമാണ് കടന്നുപോകുന്നത്. സാമ്പത്തിക ഇന്ത്യയുടെ നടുവൊടിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. അതും സാക്ഷാല്‍ റിസര്‍വ് ബാങ്കില്‍ നിന്ന്. റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ സ്വന്തം പുസ്തകത്തിന് ഐ ഡു വാട്ട് ഐ ഡു എന്ന് തലക്കെട്ടിട്ട് പടിയിറങ്ങുകയും ചെയ്തു.

ഇപ്പോഴിതാ അത് വെളിപ്പെട്ടുകഴിഞ്ഞു. എന്തിനായിരുന്നു ആ നിരോധനമെന്ന്. മുസോളിനിയിലേക്ക് പോയിട്ട് വരാം. കോര്‍പറേറ്റുകളും ഭരണകൂടവും തമ്മിലെ കെട്ടുപിണയലാണ് ഫാഷിസം എന്ന് പറഞ്ഞത് അയാളാണല്ലോ? ‘എമരെശാെ വെീൗഹറ ാീൃല ുൃീുലൃഹ്യ യല രമഹഹലറ രീൃുീൃമശോെ, ശെിരല ശ േശ െവേല ാലൃഴലൃ ീള േെമലേ മിറ രീൃുീൃമലേ ുീംലൃ. ഇറ്റലിയിലുണ്ടായിരുന്നു ഇമ്മാതിരി മാതൃകകള്‍. സമ്പൂര്‍ണ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വഴിയാണ് ആര്‍.എസ്.എസിന്റെ ദര്‍ശനം എന്നത് അവരുടെ കിത്താബിലുള്ള സത്യമാണ്. ഹിന്ദുരാഷ്ട്രമെന്നത് പക്ഷേ, മതരാഷ്ട്രമല്ല. മറിച്ച് അഹിന്ദുവും കമ്യൂണിസ്റ്റുകാരും ഇല്ലാത്ത രാഷ്ട്രമാണ്. അതത്ര എളുപ്പമല്ല. ഹിറ്റ്‌ലറുടെ വഴി വംശഹത്യയുടേതായിരുന്നു. അത് അയാളുടെ ദാരുണമായ മരണത്തിലേക്ക് വഴിവെട്ടി. അയാള്‍ അന്തിമമായി പരാജയപ്പെട്ടു. അപ്പോള്‍ മറ്റൊരുവഴി കോര്‍പറേറ്റുകളുടെ പിന്തുണയോടെ ഇളക്കമില്ലാത്ത ഭരണകൂടത്തെ സൃഷ്ടിക്കുക എന്നതാണ്. അതായത് രാഷ്ട്രത്തിന്റെ സമ്പദ് ജീവിതത്തിന്റെ നിയന്ത്രണം ഒന്നോ രണ്ടോ കോര്‍പറേറ്റുകളിലേക്ക് ചുരുക്കുക. ആ കോര്‍പറേറ്റുകള്‍ക്കായി ഭരണം തിരിക്കുക. ഇന്ത്യയില്‍ ഏറ്റവും എളുപ്പമുള്ള വഴിയാണത്. അരനൂറ്റാണ്ട് രാജ്യം ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിനുള്ള വഴി തുറന്നുകൊടുത്തിട്ടുണ്ടായിരുന്നു. ആ വഴിയാണ് ഇന്ത്യന്‍ ഫാഷിസം ഉപജീവിച്ചത്. അതിനുള്ള പണിയായിരുന്നു നോട്ടുനിരോധനം. ഇടത്തരവും ചെറുകിടയുമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മിക്കതും പൊടുന്നനെ തകര്‍ന്നു. അവശേഷിച്ചവ ഈ കോര്‍പറേറ്റുകള്‍ക്ക് വിധേയപ്പെട്ട് മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പരുവത്തിലെത്തി. എല്ലാ പണമിടപാടുകള്‍ക്കും മീതെ അംബാനി-അദാനിമാര്‍ ബിഗ്ബ്രദര്‍ വേഷമിട്ടു. അതെ. ബിഗ്ബ്രദര്‍. 2017-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരക്കിയ പുസ്തകങ്ങളിലൊന്ന് ജോര്‍ജ് ഓര്‍വലിന്റെ 1984 ആയിരുന്നല്ലോ. ഓര്‍വേലിയന്‍ പരമാധികാരിയാണല്ലോ ബിഗ്ബ്രദര്‍.

സാമ്പത്തികമായ തകര്‍ച്ച ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ലോകത്ത് അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. പക്ഷേ, സമഗ്രാധിപത്യം കാംക്ഷിക്കുന്ന ഒരു ഭരണകൂടത്തിന് അത് അങ്ങനെയല്ല. ഈ തകര്‍ച്ച സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെ സമഗ്രാധിപത്യം മുതല്‍ക്കൂട്ടാക്കും. സര്‍ക്കാരിനോടും ഭരണകൂടത്തിനോട് മൊത്തത്തിലും ഉള്ള വിധേയത്വത്തെയും ഭയത്തെയും അത് അരക്കിട്ടുറപ്പിക്കും. നോട്ടു നിരോധനവും ബാങ്കിംഗ് രംഗത്തുണ്ടായ അനാശാസ്യ ്രപവണതയും ചേര്‍ന്ന് രാജ്യത്തെ ഇടത്തരക്കാര്‍ക്കുണ്ടാക്കിയ അരക്ഷിതാവസ്ഥ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ കൊടുങ്കാറ്റായി എന്തുകൊണ്ട് മാറിയില്ല എന്നതിന് ഉത്തരം അതാണ്. ചെറു ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ചെറുചലനങ്ങള്‍ മാത്രമായിരുന്നു. ഗുജറാത്തിലേത് കാറ്റ് വീശാനുള്ള ഒരു ശ്രമം മാത്രമായിരുന്നു. സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്ന സാമുഹിക അസ്വസ്ഥതകളിലേക്ക് വര്‍ഗീയതയെയും വംശീയതയെയും കടത്തിവിടാന്‍ എളുപ്പമാണ്. പണിയും പണവുമില്ലാത്ത ചെറുപ്പക്കാര്‍ പഴയ ബോംബെയില്‍ ശിവസേന ആയ ചരിത്രം ഓര്‍ക്കുക.

തൊട്ടുപിന്നാലെയായിരുന്നു ജി.എസ്.ടി. എന്ന ഏകീകൃത നികുതി. ഫെഡറലിസമാണ് ഫാഷിസത്തിന്റെ ഒന്നാമത്തെ എതിരാളി എന്നറിയാമല്ലോ?. സാമ്പത്തിക സ്വാശ്രയത്വമാണ് ഫെഡറലിസത്തിന്റെ പ്രധാന കരുത്ത്. സംസ്ഥാനങ്ങള്‍ക്കുള്ള വിഭവപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യവും അധികാരവുമാണ് ഫെഡറലിസത്തിലുള്ളത്. അത് ജി.എസ്.ടി വന്നതോടെ കവര്‍ച്ച ചെയ്യപ്പെട്ടു. ഒരു യുദ്ധമുഖത്ത് എന്ന പോലെ നേരിട്ടുള്ളതായിരുന്നില്ല ആ കവര്‍ച്ച. പാതിരാപാര്‍ലമെന്റും പാട്ടും ചേര്‍ന്ന ആഘോഷമായ കവര്‍ച്ചയായിരുന്നു അത്. പ്രഭാത് പട്‌നായിക്കിനെപ്പോലെ ഏതാനും മാര്‍ക്‌സിസ്റ്റുകള്‍ക്കൊഴിച്ച് ആര്‍ക്കും ആ ആഘോഷത്തില്‍, ആഘോഷത്തോടെ നടത്തിയ കവര്‍ച്ചയില്‍ പരാതിയുണ്ടായില്ല. എത്ര സമര്‍ഥമായാണ് ഫാഷിസം അതിന്റെ സാമ്പത്തിക അജണ്ട നടപ്പാക്കുന്നത് എന്ന് മനസിലാക്കാന്‍ ജി.എസ്.ടി വന്ന വഴി പരിശോധിച്ചാല്‍ മതി. ജി.എസ്.ടി എന്നത് കോണ്‍ഗ്രസിന്റെ, യു.പി.എ യുടെ നയമല്ലേ എന്ന് ചോദിക്കാം.
അതെ. ഉശരമേീേൃവെശു ിമൗേൃമഹഹ്യ മൃശലെ െീൗ േീള റലാീരൃമര്യ എന്ന് പ്ലേറ്റോ പറഞ്ഞിട്ടുണ്ടല്ലോ? ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക് ചെറിയ ദൂരമേ ഉള്ളൂ എന്നര്‍ത്ഥം. യു.പി.എ പാകിവെച്ച വിത്തുകളില്‍ നിന്ന് ജനാധിപത്യത്തിന്റെ പുറംതൊലി നീക്കല്‍ എളുപ്പമായിരുന്നു എന്ന്. സമ്പത്തിന്റെ അനിയന്ത്രിതമായ കേന്ദ്രീകരണമാണ് സമഗ്രാധിപത്യ സര്‍ക്കാറുകളുടെ താല്‍പര്യം. അതാണ് നടപ്പാക്കിയതും.
കാണാതെപോയ മറ്റൊന്നുണ്ട്. സാമ്പത്തിക തകര്‍ച്ച ജനതയിലുണ്ടാക്കിയ അനാശാസ്യമായ പിളര്‍പ്പാണത്. ഈ ദുരിതങ്ങള്‍ക്കെല്ലാം കാരണമായി ദളിതരും മുസ്‌ലിങ്ങളും അടക്കമുള്ളവര്‍ ചിത്രീകരിക്കപ്പെട്ടു. വംശീയത ആയുധങ്ങളുമായി വിളവെടുപ്പിനൊരുങ്ങി. പോയ വര്‍ഷം രാജ്യമാകെ ഉയര്‍ന്ന വിലാപങ്ങള്‍ ആ വിളവെടുപ്പുകളുടേതായിരുന്നു.

വിഭജിക്കപ്പെട്ട ജനത
എന്തുകൊണ്ടാവാം സമ്പദ് വ്യവസ്ഥയുടെ അടിത്തറയെ കൃത്യമായ കാരണങ്ങള്‍ നിരത്താതെ തകര്‍ത്തിട്ടും ഭരണകൂടത്തിനെതിരെ കാര്യമായ പ്രക്ഷോഭങ്ങള്‍ പോയവര്‍ഷം ഉയര്‍ന്നുവരാതിരുന്നത്? അതിനുള്ള ഉത്തരം ജോസഫ് സ്റ്റാലിന്‍ പറഞ്ഞിട്ടുണ്ട്. ഠവല ുലീുഹല ംവീ രമേെ വേല ്ീലേ െറലരശറല ിീവേശിഴ. ഠവല ുലീുഹല ംവീ രീൗി േവേല ്ീലേ െറലരശറല ല്‌ലൃ്യവേശിഴ എന്ന്. വോട്ട് ചെയ്യുന്നവരല്ല, അത് കിട്ടുന്നവരാണ് കാര്യങ്ങള്‍ തീരുമാനിക്കുക എന്ന് അഥവാ അവരുടെ ഇച്ഛയാണ് നടപ്പാക്കപ്പെടുക എന്ന്. ജനാധിപത്യം തിരഞ്ഞെടുപ്പനന്തരം ഏകാധിപത്യത്തിലേക്ക് നീളുന്നത് അങ്ങനെയാണ്. പോയ വര്‍ഷത്തെ ഭാരതം സാക്ഷിയായതും അതിനാണ്. ഒറ്റ രാജ്യമായി നിലനിന്നാല്‍ വിയോജിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വലിയ സ്‌പേസ് സൃഷ്ടിക്കപ്പെടും. വിയോജിപ്പുകളെ ഫാഷിസം വെച്ചുെപാറുപ്പിക്കില്ല. കാരണം വിയോജിപ്പുകളെ നേരിടാനുള്ള ൈസദ്ധാന്തിക അടിത്തറ ഫാഷിസത്തിനില്ല. ഊതിവീര്‍പ്പിച്ച ദേശീയ വികാരത്തിനുള്ളിലാണ് ഫാഷിസം ജീവിക്കുന്നത്. വിയോജിപ്പുകള്‍ ആ വീര്‍പ്പിന്റെ ഘനം കുറക്കും. വിയോജിപ്പുകള്‍ ഇല്ലാതാക്കാന്‍ എന്താണ് വഴി. എല്ലാ ഏകാധിപത്യവും അതിന് കണ്ടെത്തുന്ന വഴി ഒന്നുതന്നെയാണ്. ജനതയെ വിഭജിക്കുക. അതിനുള്ള വഴിയെന്താണ്? ഒരു പ്രത്യേക വിഭാഗത്തെ അപരവല്‍കരിക്കുക. അതുവരെ വെള്ളത്തില്‍ മീന്‍ എന്ന പോല്‍ തുടിച്ചിരുന്ന ഘടകങ്ങളെ വേര്‍തിരിക്കുക. സെപ്തംബര്‍ പതിനൊന്നിന് ശേഷം അമേരിക്ക ലോകമാകെ പരത്തിയ ഇസ്‌ലമോഫോബിയ അതിന് പറ്റിയ ആയുധമാണ് എന്ന് ഫാഷിസ്റ്റുകള്‍ക്കറിയാം. ആ ആയുധം സൂക്ഷ്മമായി പ്രയോഗിക്കപ്പെട്ട വര്‍ഷമായിരുന്നു 2017. എങ്ങിനെയെന്നല്ലേ?

നോട്ടുനിരോധനത്തെ ന്യായീകരിക്കാന്‍ ഭരണകൂടം രണ്ടാമത് പറഞ്ഞ കാരണത്തെ, അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞ കാരണത്തെ ഓര്‍ക്കുക. തീവ്രവാദം തടയാനെന്ന്. ഭീകരവാദം തടയാനെന്ന്. സെപ്തംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രേഡ് സെന്ററിന് ശേഷം ലോകത്ത് തീവ്രവാദികള്‍ എന്ന് മുദ്രകുത്തപ്പെട്ടവരുടെ മതമേതാ? കാര്യം മനസിലായല്ലോ. അതാണ് പോയവര്‍ഷം ഒന്നുകൂടി ദൃഢീകരിക്കപ്പെട്ട വിഭജനം. 2017 ജൂലായില്‍ ജുനൈദ് എന്ന പതിനാറുകാരന്‍ കൊലക്കത്തിക്ക് ഇരയായത് മറക്കരുത്. എങ്ങിനെയാണ് ജുൈനദുമാര്‍ സൃഷ്ടിക്കപ്പെട്ടത്. എങ്ങനെയാണ് പശുസംരക്ഷണസേനക്കാര്‍ ഉത്തരേന്ത്യയില്‍ ഭീതി വിതച്ചത്? ഒന്നും കേവലമായി സംഭവിച്ചതല്ല. സമൂഹത്തെ വിഭജിച്ചു., അതിലൊരു വിഭാഗത്തെ അപരരാക്കി. ആ അപരിലെ ദുര്‍ബലരെ ഇടക്കിടെ കൊന്നുകൊണ്ടിരുന്നു. ഓരോ കൊലയും ചര്‍ച്ചകള്‍ ഉയര്‍ത്തി. ഓരോ ചര്‍ച്ചയും വിഭജനത്തെ വളര്‍ത്താന്‍ സംഘ്പരിവാര്‍ ഭരണകൂടം ഉപയോഗിച്ചു. അവര്‍ വിജയം തുടര്‍ന്ന വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഏറ്റവുമൊടുവില്‍ മുഹമ്മദ് ഭട്ട ഷെയ്ക്ക്. രാജസ്ഥാനില്‍ ആ മനുഷ്യന്‍ പച്ചക്ക് കത്തിയത് ഈ വിദ്വേഷത്തിന്റെ, ഈ വിഭജനത്തിന്റെ ഒടുവിലത്തെ വിളവെടുപ്പായിരുന്നു. കത്തിപ്പോയ ഒരു പച്ചമനുഷ്യന്റെ വീഡിയോ വരാനിരിക്കുന്ന നാളുകള്‍ക്കുള്ള അപായമണി ആയിരുന്നു. കൊല്ലുക എന്നതല്ല ഫാഷിസത്തിന്റെ അജണ്ട. ഭയാനകമായി കൊല്ലുക എന്നതാണ്. കൊല്ലുന്നതും ഭയാനകമായി കൊല്ലുന്നതും തമ്മിലെ വലിയ വ്യത്യാസം രണ്ടാമത്തേതില്‍ ഭീഷണിയുടെ, ഭയപ്പെടുത്തലിന്റെ സന്ദേശം ഉണ്ടെന്നതാണ്. കൂട്ടക്കൊലയെക്കാള്‍ പലപ്പോഴും ഫാഷിസ്റ്റുകള്‍ നടപ്പാക്കുക ഒറ്റയായ കൊലകളാണ്. 2017 ഏപ്രില്‍ ഒന്നിന് പെഹ്‌ലുഖാനെ കൊന്നതുപോലെ.

പൊതുബോധത്തിലേക്കുള്ള മാധ്യമ വഴികള്‍
അഫിനിറ്റി മാഗസിന്‍ കഴിഞ്ഞ ആഗസ്റ്റില്‍ ്രപസിദ്ധീകരിച്ച ഒരു പഠനം ഫാഷിസത്തിന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചായിരുന്നു. ഠവല ങലറശമ’ െകാുമര േകി ഠവല ഞശലെ ഛള എമരെശാെ. മുസ്സോളിനിയും ഹിറ്റ്‌ലറും തങ്ങളുടെ അധികാരമുറപ്പിക്കലിന് മാധ്യമങ്ങളെ ഉപയോഗിച്ചതെങ്ങിനെ എന്നായിരുന്നു അന്വേഷണ വിഷയം. മുസോളിനിയുടെ ദേശതാല്‍പര്യം എന്ന വാക്കിന്റെ ചൂണ്ടയില്‍ മാധ്യമങ്ങള്‍ കുരുങ്ങിയതിന്റെ വിവരണമാണ് ആ പഠനം. ഇന്ത്യന്‍ ഫാഷിസത്തിന്റെ ത്വരിത വളര്‍ച്ചയില്‍ ദേശീയ പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് അത്തരത്തില്‍ വിശകലനത്തിന് വിധേയമാകേണ്ട ഒന്നാണ്.
എങ്ങനെ അര്‍ണാബ് ഗോസ്വാമി ഉണ്ടായി എന്നതിന് ആ പഠനത്തില്‍ ഉത്തരമുണ്ട്. ഗോസാമി ഉള്‍പ്പടെയുള്ള മാധ്യമപ്പട വെറുതേ രൂപപ്പെട്ടതല്ല. ഗൂഡാലോചന സിദ്ധാന്തക്കാരും ഉപരിപ്ലവ ഇടതുപക്ഷവും കരുതുന്നപോലെ ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഭൂരിപക്ഷത്തിനെയും വിലക്കെടുത്തതുമല്ല. അത്തരം കച്ചവടം നടന്നിട്ടുണ്ട് എന്ന് കരുതുന്നതും (പൂര്‍ണമായും നടന്നിട്ടില്ല എന്നല്ല, ഉണ്ട്. പക്ഷേ, കച്ചവടം മാത്രമല്ല നടന്നത്) പ്രചരിപ്പിക്കുന്നതും ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളുടെ കടക്കലുള്ള കത്തിയാവും. വാസ്തവം പൂര്‍ണമായും അതല്ല.
ഇന്ത്യന്‍ മുഖ്യധാരമാധ്യമങ്ങളില്‍ ഇന്ന് സജീവമായതില്‍ 80 ശതമാനവും സംഘപരിവാരത്തെയോ, മോഡിയെയോ, ബി.ജെ.പി ഗവണ്‍മെന്റിനെയോ പിന്തുണക്കുന്നവരാണെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു എന്നീ രണ്ട് ദിനപത്രങ്ങള്‍ ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ സംഘിനൊപ്പമാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇത് ഏതെങ്കിലും പ്രത്യക്ഷ കച്ചവടത്തില്‍ നിന്ന് ഉരുവായി വന്ന പിന്തുണയല്ല. അവിടെയാണ് ഫാഷിസം എന്ന അതിവേഗം പടരുന്ന രാഷ്ട്രീയ രൂപത്തെ നാം തിരിച്ചറിയേണ്ടത്.
പൊതുബോധത്തെ അനുകൂലമാക്കുക എന്ന യജ്ഞത്തില്‍ ഇന്ത്യന്‍ ഫാഷിസം നേടിയ വിജയമാണ് ഈ മാധ്യമ പിന്തുണ. ഇന്ത്യന്‍ ഫാഷിസം അധികാരത്തിലെത്തുന്നതിന് മുന്‍പേ (ഈ ലേഖനത്തില്‍ മുഴുവന്‍ ഇന്ത്യന്‍ ഫാഷിസം എന്ന് ഉപയോഗിക്കുന്നത് ബോധപൂര്‍വമാണ്. നമ്മളിനി അങ്ങനെതന്നെ മനസിലാക്കിയേ മുന്നോട്ട് പോകാവൂ. ലക്ഷണമൊത്ത ഫാഷിസത്തിന്റെ പിറവി സംഭവിച്ചുകഴിഞ്ഞു. അതിന്റെ നടപ്പാക്കലില്‍ കാണുന്ന മിതത്വം നമ്മുടെ തോന്നലാണ്. പുതുകാലത്തെ മനസിലാക്കിയാണ് ഒരളവുവരെ ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്) ലാഭം ലക്ഷ്യമാക്കുന്ന ഒരു മാധ്യമ സംസ്‌കാരം ഇവിടെ രൂപപ്പെട്ടിരുന്നു. അതും വെറുതേ ഉണ്ടായതല്ല. ലാഭം ലക്ഷ്യമാക്കാത്ത മാധ്യമങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഉണ്ടായതാണ്. വ്യക്തമായോ? കോര്‍പറേറ്റുകളും സര്‍ക്കാരും ചേര്‍ന്ന് ഞെരിച്ചാല്‍ ഞെരുങ്ങാത്ത മാധ്യമങ്ങള്‍ കുറവാണ്. അല്ലെങ്കില്‍ അതുപോലെ പ്രബലമായ സംഘടനയുടെ പിന്‍ബലം വേണം. അത്തരം പിന്‍ബലമില്ലാത്ത, അതായത് സംഘടനകളുടെ പിന്‍ബലമില്ലാത്ത മാധ്യമ സ്ഥാപനങ്ങള്‍ക്ക് കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കാതെ പിടിച്ചു നില്‍ക്കാനാവില്ല എന്ന സ്ഥിതി വന്നു. മിക്കവാറും മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ കോര്‍പറേറ്റുകളായി മാറി. മറ്റു ചിലതിനെ കോര്‍പറേറ്റുകള്‍ വിഴുങ്ങി. അങ്ങനെ മാറിത്തീര്‍ന്ന മാധ്യമങ്ങളില്‍ നിന്നാണ് സംഘ് അനുകൂല പൊതുബോധത്തിന്റെ വിത്തുകള്‍ മുളച്ചത്. അതെങ്ങനെയാണെന്നോ? അത്തരം സ്ഥാപനങ്ങള്‍ സവിശേഷമായ ഒരു ആഭ്യന്തര അന്തരീക്ഷം ഉണ്ടാക്കും. ഹെജിമണി എന്ന് അന്‍േറാണിയോ ഗ്രാംഷി പറഞ്ഞ അതേ സാധനം. ആ ഹെജിമണിയുടെ ശിശുക്കളാണ് ഇന്ത്യന്‍ മാധ്യമ ലോകത്തെ അര്‍ണാബിയന്‍മാര്‍. അവര്‍ പടര്‍ത്തുന്ന വിദ്വേഷത്തിന്റെ ചൂടിലാണ് ഇന്ത്യന്‍ ഫാഷിസം തിളക്കുന്നതും ഇരകള്‍ വേവുന്നതും. അത്തരം അര്‍ണാബിയന്‍ ആക്രോശത്തിന്റെ പൂരപ്പറമ്പായിരുന്നു 2017. അതിന്റെയും വിളവെടുപ്പാവും 2018. മാധ്യമ സ്ഥാപനങ്ങളില്‍ നേരത്തേ പിടിമുറിക്കിയിരുന്ന സവര്‍ണശരീരങ്ങള്‍ക്ക് പെട്ടെന്ന് ഓടിക്കയറാന്‍ പറ്റിയ ഒന്നായിരുന്നു സംഘപരിവാരത്തിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയം എന്നും മനസിലാക്കണം. പണവും അധികാരവും മറ്റുപലതും മാത്രം മേയുന്ന ഒരിടത്ത് ആദര്‍ശത്താല്‍ പിടിച്ച് നില്‍ക്കല്‍ ്രപയാസമാവും. പല മുതിര്‍ന്ന മാധ്യമ ്രപവര്‍ത്തകരും പണിനിര്‍ത്തിപ്പോയ കാലം കൂടിയാണ് 2017.

അധികാരി തെരുവ് കാണുന്നു
ഇങ്ങനെ പലതലങ്ങളില്‍ പിടിമുറുക്കിയ ഫാഷിസ്റ്റ് ഭരണത്തിന്റെയും ആ ഭരണം നല്‍കിയ തണലില്‍ അഴിഞ്ഞാടാനിറങ്ങിയ ഇന്ത്യന്‍ കരിങ്കുപ്പായക്കാ (മുസോളിനിയുടെ കൂലിപ്പടയാണ് കരിങ്കുപ്പായക്കാര്‍)രും നടത്തിയ ആള്‍ക്കൂട്ടാക്രമണങ്ങളുടെയും ഇടയില്‍ നിന്നാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നത്. പ്രതിപക്ഷമില്ലാതെ, പാര്‍ലമെന്റിനെ അവഗണിച്ച് കുതിരപ്പാച്ചില്‍ നടത്തിയ ഭരണാധികാരിക്ക് തുടക്കത്തില്‍ ആ തിരഞ്ഞെടുപ്പ് നിസ്സാരമായിരുന്നു. തൂത്തുവാരുമെന്നതില്‍ കുഴലൂത്ത് മാധ്യമങ്ങള്‍ക്കും സംശയമില്ലായിരുന്നു. എന്നാല്‍ എല്ലാ ഇരുളുകള്‍ക്കും മീതെ തരിവെളിച്ചം ബാക്കിവെക്കുമെന്നാണ് മനുഷ്യരാശിയുടെ ചരിത്രം പഠിപ്പിക്കുന്നത്. ആ തരിവെളിച്ചമായിരുന്നു മുടിഞ്ഞ് മൂക്കുകുത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കിയെത്തിയ രാഹുല്‍ ഗാന്ധി. രാഹുല്‍ ഉയര്‍ത്തിയ തരംഗം തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയില്ലെങ്കിലും അധികാരിയെ അത് തെരുവിലിറക്കി. യാഥാര്‍ത്ഥ്യത്തിന്റെ സൂചനകള്‍ അയാളുടെ മുന്നില്‍ തെളിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ഫാഷിസത്തിന് 2017 നല്‍കിയ വലിയ തിരുത്തായിരുന്നു.

എന്നാല്‍ ആ തിരുത്ത് ശുഭകരമെന്ന് കരുതാന്‍ വരട്ടെ. അങ്ങനെയല്ല. ഫാഷിസത്തിന്റെ തിരുത്തുകള്‍ എന്നും ക്രൂരവും കുടുതല്‍ ്രപഹരശേഷിയുള്ളതുമായിരിക്കും. അത് പെട്ടെന്ന് ഇരകള്‍ക്ക് മനസിലാവുകയുമില്ല. ഞങ്ങള്‍ തിരുത്തുകയാണ് എന്ന ഒരു വ്യാജപ്രതീതിയും സൃഷ്ടിക്കും. സൃഷ്ടിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ബില്‍ അത്തരമൊരു തിരുത്തായിരുന്നു. ഇസ്‌ലാമിലെ സ്ത്രീകള്‍ക്ക് ഞങ്ങളാണ് രക്ഷകരെന്ന് ഫാഷിസ്റ്റുകള്‍ പറയുന്നതിലെ ചതിക്കുഴികള്‍ ഇന്നും വേണ്ടവിധം ചര്‍ച്ചയായിട്ടില്ല. കരഘോഷങ്ങള്‍ തുടരുകയും ചെയ്യുന്നു. അത് ഒരു ഉദാഹരണം മാത്രം. നാളെ ബാബരിപ്പള്ളി മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്ന് ഭരണകൂടം ്രപഖ്യാപിച്ചാലും അത്ഭുതപ്പെടരുത്. ഫാഷിസം അങ്ങനെയാണ് പിടിമുറുക്കുക. എതിര്‍പ്പുകളെ അത് കയ്യടികളാക്കി മാറ്റും.

നോക്കൂ, എത്ര എളുപ്പത്തിലാണ് എതിര്‍പ്പുകള്‍ ശാന്തമാകുന്നതെന്ന്. എ്രത എളുപ്പത്തിലാണ് ഒരു മനുഷ്യന്‍ പച്ചക്ക് ചുട്ടുകൊല്ലപ്പെട്ട വാര്‍ത്ത ആളുകള്‍ മറക്കുന്നത്. എത്ര എളുപ്പത്തിലാണ് എം.ടി വാസുദേന്‍ നായര്‍ കാവിയാണോ എന്ന് തിരക്കാന്‍ ‘നിഷ്‌കളങ്കരായ’ മതപഠിതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തേക്ക് പോകുന്നത്. എത്ര നിഷ്‌കളങ്കമായാണ് അവര്‍ ഒരാവശ്യവുമില്ലാത്ത ആ ചര്‍ച്ച തുടങ്ങിവെക്കുന്നതും നീട്ടിക്കൊണ്ടുപോവുന്നതും. ഒരത്ഭുതവുമില്ല, ഈ നിഷ്‌കളങ്കതകളും ഫാഷിസത്തിന്റെ സൃഷ്ടിയാണ്.
അതിനാല്‍ നാം ജാഗരൂകരാവുക. ഫാഷിസത്തിന്റെ ഒളിയടവുകള്‍ വരാനിരിക്കുന്നതേയുള്ളു. ജാഗ്രതയിലെ ചെറിയ വീഴ്ചകള്‍ നമ്മെ അവരുടെ പാളയത്തിലേക്ക് ആ നയിക്കും. ആ പാളയത്തിന് ചരിത്രത്തില്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ എന്നാണ് പേര്.

കെ കെ ജോഷി

You must be logged in to post a comment Login