ഇടയന്റെ വഴി

ഇടയന്റെ വഴി

ത്വാഇഫിലെ മലനിരകളില്‍ എന്നെങ്കിലുമൊരിക്കല്‍ കാലുകുത്തുമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ട്. ഓരോ യാത്രക്കും ഓരോ നിമിത്തമുണ്ടാവും എന്നതുകൊണ്ട് വര്‍ഷങ്ങളോളം ഞാന്‍ കാത്തിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ത്വാഇഫിന്ന് അത്രക്ക് പ്രാധാന്യമുണ്ട്. ഇസ്‌ലാമിന്റെ പൂര്‍വ കാലത്തിലേക്കും ആഴത്തില്‍ വേരോടിയതാണ് ത്വാഇഫിന്റെ സംസ്‌കൃതി.

ജിദ്ദയില്‍ ഞാനും മാലിക് മഖ്ബൂലും താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പ്രഭാതത്തില്‍ തന്നെ ലത്തീഫ് കണ്ണമംഗലം വന്നു. അയാളാണ് ഞങ്ങളെ ത്വാഇഫിലേക്ക് കൊണ്ടുപോകേണ്ടത്. വിറ്റാമിന്‍ പാലസ് എന്ന ജൂസ് കടയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലാണ് ലത്തീഫ് ജോലി ചെയ്യുന്നത്. പല ശാഖകളുണ്ട് വിറ്റാമിന്‍ പാലസിന്. ത്വാഇഫിലും ശാഖയുണ്ട്. ഇടക്ക് അവിടെയും പോകണം. ത്വാഇഫിലേക്ക് ലത്തീഫിനൊപ്പം പോകാമെന്ന് തീരുമാനിച്ചതിന്റെ കാരണവും അതാണ്. ചരക്കുകള്‍ കൂടി കൊണ്ടുപോകാവുന്ന ടയോട്ടയുടെ ചെറിയ ട്രക്കായിരുന്നു അയാളുടെ വാഹനം. ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്കുകൂടി സുഖമായി ഇരിക്കാം. പര്‍വത പ്രദേശത്തിനു പറ്റിയ വാഹനമാണത്.

മക്ക പ്രവിശ്യയുടെ ഭാഗമാണ് ത്വാഇഫ്. പല കാലഘട്ടങ്ങളില്‍ പ്രവാചകന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ സ്ഥലം. ഹജ്ജിനും ഉംറക്കും പോകുന്നവര്‍ ത്വാഇഫ് കൂടി കണ്ടു മടങ്ങും.
യാത്രക്കിടയില്‍ വിദൂരതയില്‍ അറഫ മഹാസംഗമ ഭൂമി കണ്ടു. അമുസ്‌ലിംകള്‍ക്ക് അങ്ങോട്ടു പ്രവേശിക്കുക വയ്യ. ഇസ്‌ലാമിക ചരിത്രത്തില്‍ അസാധാരണ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് അറഫ. ദുല്‍ഹിജ്ജ ഒമ്പത് അറഫയുമായി ബന്ധപ്പെട്ട പ്രധാന തീയതിയുമാണ്. അന്നാണ് പ്രവാചകന്‍ വാദി നമിറയില്‍ ഇറങ്ങുകയും ഉച്ചക്ക് ശേഷം അറഫയിലേക്ക് പോവുകയും ചെയ്തത്. അറഫയിലെ കുന്നിന്‍മോളില്‍ചെന്ന് ഖസ്വ്‌വാഅ് എന്ന ഒട്ടകത്തിന്റെ പുറത്തുകേറിനിന്ന് ജനങ്ങളോട് പ്രസംഗിച്ചത്. ആ മുഹൂര്‍ത്തത്തെക്കുറിച്ച് സങ്കല്‍പിക്കുക കൗതുകകരമാണ്. ഒരു ലക്ഷത്തിലേറെ ആളുകള്‍ പ്രവാചകന്റെ പ്രസംഗം കേള്‍ക്കാന്‍ വന്നു എന്നാണ് കണക്ക്. താഴ്‌വരയില്‍ അവരുടെ കണ്ണും കാതും ഹൃദയവും പ്രവാചകനിലേക്ക് നങ്കൂരമിട്ടുനിന്നു. ജനനേതാവിന്റെ ഹൃദയഹാരിയായ വിശ്വാസ പ്രഖ്യാപനമായിരുന്നു ആ പ്രസംഗം. മുഹമ്മദിന്റെ എളിമ മുഴുവന്‍ അറഫാ പ്രസംഗത്തില്‍ തെളിഞ്ഞുകാണാം. ദൈവം ഏകനാണ്. അവന് പങ്കുകാരനോ പകരക്കാരനോ ഇല്ല. മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണ്.

സാമ്പത്തികശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ഒത്തിരി അടരുകളുണ്ട് അറഫാ പ്രസംഗത്തില്‍. ജാഹിലി കാലത്തെ പലിശ റദ്ദ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം അറഫാ പ്രഭാഷണത്തിലുണ്ട്. തന്റെ പിതൃവ്യന്‍ അബ്ബാസ് ബിന്‍ അബ്ദുല്‍മുത്തലിബിന് കിട്ടാനുള്ള പലിശ കൂടി പ്രവാചകന്‍ റദ്ദ് ചെയ്യുന്നു. ഒരേ പിതാവിന്റെയും ഒരേ മാതാവിന്റെയും സന്തതികളാണ് നിങ്ങളെന്ന് പ്രഖ്യാപിക്കുന്നതും അറഫ പ്രസംഗത്തിലാണ്. ആദമിന്റെ മക്കളുടെ മഹാസംഗമമാണ് അറഫ. ഗോത്ര വൈജാത്യമില്ല, നിറത്തിനു പ്രസക്തിയില്ല. അറബിക്കും അനറബിക്കും വ്യത്യാസമില്ല. വലിയ മനുഷ്യാവകാശ പ്രഖ്യാപനം.
വിദൂരതയില്‍ ഒരു നിഴലുപോലെ അറഫാ സംഗമഭൂമി കാണുമ്പോള്‍ പല ചിത്രങ്ങള്‍ മനസ്സില്‍ തെളിയുന്നു. താഴ്‌വരയിലെ മഹാജനസഞ്ചയം, കുന്നിന്‍ മോളിലെ ഒട്ടകം. അതിന്റെ പുറത്ത് ഒരുക്കിയ പ്രസംഗപീഠം. കൗതുകകരമായ അനുഭവത്തിലേക്ക് എന്റെ മനസ്സ് ചേര്‍ന്നുനിന്നു.
യാത്രയില്‍ ജനവാസ കേന്ദ്രങ്ങള്‍ വിട്ടുപോകുമ്പോള്‍ മരുഭൂമിയുടെ വന്യത തെളിയും. ഒട്ടകപ്പറ്റങ്ങള്‍ മേഞ്ഞുനടക്കുന്നതുകാണാം. മരുഭൂമിയിലെ വന്യതയില്‍ പോലും അവയ്ക്ക് അനുസരണയുണ്ട്. വലിയ ഒട്ടകപ്പറ്റങ്ങള്‍ക്കുപോലും ഒന്നോ രണ്ടോ നോട്ടക്കാര്‍ മതിയാവും. നോട്ടക്കാരുടെ ഒച്ചകളോടുപോലും അവ പ്രതികരിക്കും. ഒട്ടകപ്പറ്റങ്ങളുടെ ഫോട്ടോ എടുക്കാനായി അല്‍പസമയം വണ്ടിനിര്‍ത്തി. മേയുന്ന ഒട്ടകങ്ങളുടെ ഫോട്ടോ എടുത്തു. മണല്‍ കൂനകള്‍ കേറിപ്പോവുകയും ഇറങ്ങിവരികയും ചെയ്യുന്ന ഒട്ടകങ്ങളുടെ ചലന ഭംഗികള്‍ കാണാന്‍ രസമാണ്.

മരുഭൂമിയില്‍ അങ്ങിങ്ങ് പുല്‍കാടുകള്‍ ഉണ്ട്. മഞ്ഞുകാലത്ത് അവ പച്ചപ്പാര്‍ന്നുനില്‍ക്കും. പുല്‍കാടുകളും മുള്‍കാടുകളും തേടിയാണ് ഒട്ടകങ്ങള്‍ അലയുന്നത്. മേയുന്നതിനിടെ അവ ചിതറി ഓടും.

കുറച്ചുദൂരം ചെന്നപ്പോള്‍ ആട്ടിന്‍പറ്റങ്ങളുടെ വലിയൊരു താവളം കണ്ടു. ചെമ്മരിയാടുകളും കോലാടുകളുമുണ്ട്. ചെമ്മരിയാടുകള്‍ ശാന്തസ്വഭാവികളാണ്. പരസ്പരം മണത്തുനോക്കി ചേര്‍ന്നുനില്‍ക്കും. ദൂരെ നിന്ന് നോക്കുമ്പോള്‍ അവ വലിയൊരു പഞ്ഞിക്കെട്ടുപോലെയാണ്. കോലാടുകള്‍ അങ്ങനെയല്ല. ചിതറി ഓടുന്നതാണ് അവയുടെ ശീലം. അനുസരണ തീരെയില്ല. അറേബ്യയിലെ ഗോത്രങ്ങള്‍ക്കുമുണ്ടായിരുന്നു ഈ സ്വഭാവ വ്യത്യാസം. ചിലത് സൗമ്യം. ചിലത് ക്ഷുഭിതം. ആട്ടിന്‍പറ്റങ്ങളുടെ ജീവിതത്തില്‍നിന്നും പ്രവാചകന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.
ആടിനെ മേക്കുന്നവര്‍ കൂടാരത്തില്‍ വിശ്രമിക്കുന്നു. ഒരാള്‍ യമനി. മറ്റേയാള്‍ സോമാലിയക്കാരന്‍. അവരോട് കുശലം പറഞ്ഞു. അവര്‍ക്കൊപ്പമിരുന്ന് ഫോട്ടോ എടുത്തു. ഇടയന്മാര്‍ കൂടുതലും സോമാലിയക്കാരോ യമനികളോ ആവും. ഇപ്പോള്‍ ബംഗ്ലാദേശുകാരും ഇടയന്മാരായി വരുന്നുണ്ട്. ആടുകളെ തളച്ചിടുന്ന വലവേലിക്കുപുറത്ത് വലിയൊരു ഉപ്പുകല്ല് കുഴിച്ചിട്ടിരിക്കുന്നു. ഉപ്പുപാറക്കൂട്ടങ്ങളില്‍നിന്ന് അടര്‍ത്തിക്കൊണ്ടുവരുന്നതാണ്. ആടുകള്‍ക്കത് പ്രിയമാണ്. അവയത് നക്കിത്തോര്‍ത്തും. പിന്നെ വെള്ളം കുടിക്കും.

ധാരാളം സ്ഥലങ്ങളില്‍ തീറ്റപ്പുല്ല് കൃഷി ചെയ്യുന്നുണ്ട്. ശാസ്ത്രീയമായ കൃഷിരീതിയാണ്. അവ മുറിച്ചെടുത്ത് ചതുരന്‍ കട്ടകളാക്കും. ആടുകളുടെയും ഒട്ടകങ്ങളുടെയും ലായങ്ങളില്‍ അത് കൂട്ടിവെച്ചിരിക്കും. പുല്‍കൃഷി മരുഭൂമിയിലെ വ്യവസായമാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് സഊദി അറേബ്യക്ക് ആഴവും പരപ്പുമേറിയ ഇടയജീവിതമുണ്ട്. ഭൂമിശാസ്ത്രപരമായ വൈവിധ്യം മുഖ്യകാരണമാണ്. വാദികള്‍ ഹരിതാഭമാണ്. മേച്ചില്‍പുറങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന വ്യാപ്തിയുണ്ട്. ഇടയഗോത്രങ്ങള്‍ക്ക് ജൈവികമായ അറിവുകള്‍ കൂടും. കാലാവസ്ഥ ഋതുമാറ്റങ്ങള്‍, ജൈവവൈവിധ്യം, ഹിംസ്രമൃഗങ്ങളുടെ സഞ്ചാരഗതികള്‍, സ്വഭാവങ്ങള്‍, ജ്യോതിശാസ്ത്രം, കാലഗണന ഇതൊക്കെ ഇടയ ജീവിതത്തിന് അറിയാതെവയ്യ. തലമുറകളായി അറിവുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. എല്ലാം ഓര്‍മകളില്‍ സൂക്ഷിച്ചുവെക്കണം. കച്ചവട സംഘങ്ങള്‍ക്കുമുണ്ട് ജ്ഞാനപരമായ ഈ സവിശേഷതകള്‍.
ഇടയജീവിതത്തിന് പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഒട്ടൊക്കെ വിശ്രാന്തിനിറഞ്ഞ ജീവിതമാണ് അവരുടേത്. ഒട്ടകത്തെയും ആടുകളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കൗതുകകരമായ അറിവുകള്‍ സമ്മാനിക്കും. മൃഗപരിപാലനം ഒരു ശാസ്ത്രം തന്നെയാണ്. മുമ്പൊക്കെ കഥ പറഞ്ഞിരിക്കലാണ് ഇടയ സംഘങ്ങള്‍ക്ക് വിരസതയകറ്റാനുള്ള വഴി. മൊബൈല്‍ ഫോണുകള്‍ അവരുടെ ജീവിതത്തെയും മാറ്റി. കൂടാരത്തില്‍ ആവുമ്പോള്‍ ഒഴിഞ്ഞ നേരങ്ങളില്‍ മൊബൈല്‍ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്ന ഇടയന്മാരെയാവും കൂടുതലും കാണുക. പുരാതന ഇടയ സംസ്‌കാരം അറേബ്യന്‍ ജീവിതത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണ്. നൊമാഡുകളായ ഇടയന്മാര്‍ തന്നെയായിരുന്നു ബദൂവികള്‍. അവര്‍ പലയിടങ്ങളില്‍ വാസമുറപ്പിച്ചുകൊണ്ടാണ് പട്ടണ/ നഗര സംസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നത്.

ഇടയന്മാരെ വിട്ട് ഞങ്ങള്‍ ത്വാഇഫിന്റെ ദിക്കിലേക്ക് നീങ്ങി. യാത്രക്കിടയില്‍ ചെറിയ കച്ചവട കേന്ദ്രങ്ങളുണ്ട്. ഒരിടത്ത് സംസം വെള്ളം കുപ്പികളില്‍ നിറച്ച് വില്‍പനക്കുവെച്ചിരിക്കുന്നതും കണ്ടു. യഥാര്‍ത്ഥത്തില്‍ ഇത് അനുവദനീയമല്ല.

ത്വാഇഫ് മലനിരകളുടെ അടിവാരത്തിലെത്തിയപ്പോള്‍ ചെറിയൊരു താവളം കണ്ടു. ഗ്രാമീണരായ അറബികള്‍ ഒത്തുകൂടുന്ന സ്ഥലം. അതൊരു സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. അറബികള്‍ ഒത്തുകൂടി വെടിപറഞ്ഞിരിക്കും. സാംസ്‌കാരിക പരിപാടികള്‍ നടത്താനുള്ള സ്റ്റേജുകളും അവിടെ കണ്ടു. രാവേറെ ചെല്ലുവോളം അറബികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ വെടിപറഞ്ഞിരിക്കും. ആഹാരം പാകം ചെയ്തു കഴിക്കും.

അറേബ്യന്‍ സംസ്‌കാരത്തിന്റെ പലതരം അടയാളങ്ങള്‍ നിരീക്ഷിച്ചുകൊണ്ടുള്ള യാത്ര.
പി സുരേന്ദ്രന്‍

You must be logged in to post a comment Login