ദേശീയത ബലപ്രയോഗമല്ല

ദേശീയത ബലപ്രയോഗമല്ല

രചനകളിലെ വൈവിധ്യവും നിലപാടിലെ ദൃഢതയുമാണ് പി സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്റെ സവിശേഷത. നോവല്‍, ചെറുകഥ, യാത്രാവിവരണം, ലേഖനസമാഹാരം, ചിത്രനിരൂപണം തുടങ്ങി എഴുത്തിന്റെ മേഖലകള്‍ വ്യാപിച്ച് കിടക്കുന്നതുപോലെ തന്നെ അഭിസംബോധന ചെയ്യുന്ന വിഷയങ്ങളുടെ വൈപുല്യവും ശ്രദ്ധേയമാണ്. അടിമുടി മണ്ണിന്റെ മണമുള്ള, പച്ചയുടെ നിറമുള്ള, മനുഷ്യനെപ്പോലെ തന്നെ ഇതര ജീവസസ്യജാലങ്ങളുടെ നോവറിയുന്ന എഴുത്താണ് അദ്ദേഹത്തിന്റേത്. എഴുത്തില്‍ പരിസ്ഥിതിയുടെ രാഷ്ട്രീയവും ദര്‍ശനവും ഇത്രയേറെ പ്രകടിപ്പിക്കുന്ന മറ്റൊരാള്‍ മലയാള സാഹിത്യത്തില്‍ ഇന്ന് ഇല്ലതന്നെ. യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം എന്ന് പറയുന്നതില്‍ തെറ്റില്ല.

മലയാളത്തിലെ ജനപ്രിയ എഴുത്തുകാര്‍ അസ്തിത്വവ്യഥയിലും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളിലും പാര്യമ്പര്യങ്ങളോടുള്ള വെല്ലുവിളികളിലും അഭിരമിച്ചപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായൊരു നിലപാട് സ്വീകരിക്കുകയും അത്ര ജനപ്രിയമാകുമെന്ന് കരുതാത്ത ഇടങ്ങളെ എഴുത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്ത ആളാണ് പി സുരേന്ദ്രന്‍. മനുഷ്യനെ മണ്ണിനോടും പച്ചപ്പിനോടും ചേര്‍ത്തുനിര്‍ത്തിയ ഈ എഴുത്തിന്റെ ശൈലി രൂപപ്പെടാന്‍ ഇടയായത് എങ്ങനെയാണ്?

പ്രധാനമായും എന്നെ സ്വാധീനിച്ച രാഷ്ട്രീയ ഐഡിയോളജി ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് അല്ലെങ്കില്‍ ഇടതുപക്ഷ രാഷ്ട്രീയ ചിന്തകളിലൂടെ തന്നെയാണ് ഞാനും കടന്നുവരുന്നത്. എന്റെ ഹൈസ്‌കൂള്‍ കാലഘട്ടം അടിയന്തരാവസ്ഥയുടെ നിഴലിലൂടെ കടന്നുപോകുന്നതാണ്. ഇന്ത്യയിലെ ഏറ്റവും ധൈഷണികമായ, പ്രത്യയശാസ്ത്രപരമായ, സര്‍ഗാത്മകമായ പ്രതിഷേധവും പ്രതിരോധവും രൂപപ്പെട്ടുവരുന്നത് അടിയന്തരാവസ്ഥയിലാണ്. നമ്മള്‍ ഇന്ന് കാണുന്ന മിക്കവാറും എഴുത്തുകാര്‍ കടമ്മനിട്ടയെപ്പോലുള്ളവര്‍, കെ ജി ശങ്കരപ്പിള്ളയെപ്പോലുള്ളവര്‍ അടിയന്തരാവസ്ഥയുടെ ആകുലതകള്‍ പങ്കിട്ട എഴുത്തുകാരാണ്. കേരളത്തില്‍ എഴുത്തിന്റെയും ചിന്തയുടെയും മേഖലയില്‍ അത്യഗാധമായ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ് നക്‌സലൈറ്റ് പ്രസ്ഥാനം. അതിനോടുള്ള ഏതുതരം വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈയൊരു കാര്യം അംഗീകരിക്കുക തന്നെ വേണം. ആ പ്രസ്ഥാനം ഇല്ലായിരുന്നുവെങ്കില്‍ സച്ചിദാനന്ദന്റെ ഒരുപാട് കവിതകള്‍ രൂപപ്പെടുമായിരുന്നില്ല. കെ ജി ശങ്കരപ്പിള്ളയുടെ ബംഗാള്‍ വരുമായിരുന്നില്ല. എം സുകുമാരന്റെയും യു പി ജയരാജിന്റെയും കഥകള്‍ ഉണ്ടാകുമായിരുന്നില്ല.
രചനാത്മകമായി വലിയ കുതിപ്പുകള്‍ നടത്തിയ കാലം തന്നെയായിരുന്നു അത്. സിവിക് ചന്ദ്രന്റെ റിപ്പബ്ലിക് എന്ന കവിത വരുന്ന കാലമാണത്. ബി രാജീവന്റെ പ്രഭാഷണങ്ങള്‍ക്കൊണ്ട് പുഷ്‌കലമായ കാലമാണ്. അന്നത്തെ മുഖ്യധാരാ ഇടതുപക്ഷത്തോട് കലഹമുള്ള ആളുകളായിരുന്നു ഇവര്‍ എല്ലാവരും തന്നെ. കടമ്മനിട്ടയും സച്ചിദാനന്ദും അടക്കമുള്ളവര്‍. പിന്നീട് ഏതെങ്കിലുമൊക്കെ കാലത്ത് അവരുമായി യോജിച്ച് പോകുകയോ കൈകോര്‍ക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടാകാം. കടമ്മനിട്ട മുഖ്യധാരാ ഇടതുപക്ഷത്തിന്റെ പിന്തുണയില്‍ നിയമസഭയില്‍ എത്തുകയുണ്ടായെങ്കിലും കുറത്തിയും കാട്ടാളനും വന്ന കാലഘട്ടം പ്രധാനം തന്നെയാണ്. ആ കാലഘട്ടത്തില്‍ ചെഗുവേരയെ ഉയര്‍ത്തിക്കൊണ്ടുവന്നത് മുഖ്യധാരാ ഇടതുപക്ഷക്കാരായിരുന്നില്ല. ഇപ്പോഴാണല്ലോ ചെഗുവേരയെ അവര്‍ ഏറ്റെടുത്തത്. എന്റെയും കാഴ്ചപ്പാടുകളും ലോകവീക്ഷണവും മാറ്റുന്നത് ആ പ്രസ്ഥാനം തന്നെയാണ്.
ഒരു പൊളിറ്റിക്കലായ പശ്ചാത്തലത്തില്‍ നിന്നൊന്നുമല്ല ഞാന്‍ വരുന്നത്. അത്യാവശ്യം മന്ത്രവാദവും പൂജയുമൊക്കെയുള്ള നായര്‍ കുടുംബത്തില്‍ മച്ചും കാവും കളരിയും ഒക്കെയുള്ള വളരെ അനുഷ്ഠാനപരമായ പശ്ചാത്തലത്തില്‍ വളര്‍ന്നയാളാണ് ഞാന്‍. അച്ഛന്‍ പൊന്നാനിക്കാരന്‍ കുമാരന്‍നായര്‍. അമ്മ സരോജിനിയമ്മ. അമ്മ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, അച്ഛനുണ്ട്. എനിക്ക് പി സുരേന്ദ്രന്‍ എന്ന പേര് വരുന്നതില്‍ തന്നെ ഒരു കൗതുകമുണ്ട്. അച്ഛന്‍ കെ സുരേന്ദ്രന്റെ വലിയ ആരാധകനായിരുന്നു. അങ്ങനെ എനിക്ക് അദ്ദേഹത്തിന്റെ പേരിട്ടു. അച്ഛന് അക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട കവി അന്തരിച്ച സുധാകരന്‍ തേലക്കാടായിരുന്നു. അനുജന് അദ്ദേഹത്തിന്റെ പേരിടുകയും ചെയ്തു.

അത്തരം ഒരു അന്തരീക്ഷത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇതില്‍ ഒരു മാറ്റം വരുന്നത് ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ്. ഖസാക്കിന്റെ ഇതിഹാസം വായിക്കുന്ന ഒരു കാലഘട്ടം, എം സുകുമാരന്റെ കഥകള്‍ വായിച്ച് പനിപിടിച്ച് നടന്ന കാലഘട്ടം. ഇതിനിടെ ജനകീയ സാംസ്‌കാരിക വേദിയില്‍ സജീവമായി ഇടപെട്ടു. നടവരമ്പ് കേസില്‍ സച്ചിദാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വലിയൊരു പ്രതിഷേധ യോഗം ഞങ്ങള്‍ പൊന്നാനിയില്‍ വച്ച് നടത്തി. തിരുവനന്തപുരത്ത് നിന്നും ബി രാജീവനാണ് പ്രഭാഷണത്തിനായി അന്ന് വന്നത്. അതൊരു പ്രതിരോധ സംഗമം കൂടിയായിരുന്നു. അന്ന് ആമുഖമായി ചൊല്ലിയത് സിവിക് ചന്ദ്രന്റെ റിപ്പബ്ലിക് എന്ന കവിതയായിരുന്നു. ഇന്ന് സി പി എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സഖാക്കള്‍ അന്ന് ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

അതിന് മുമ്പ് സച്ചിദാനന്ദന്‍ മാഷെ ക്രൈസ്റ്റ് കോളജില്‍ പോയി നേരില്‍ കണ്ടിട്ടുണ്ട്. ഇതിനിടയ്ക്ക് പ്രേരണ മാസികയുടെ ഓഫീസില്‍ പോയിട്ടുണ്ട്. സദാശിവന്‍ അതിന്റെ എഡിറ്ററായ കാലത്ത്, സിവിക് ചന്ദ്രനെയൊക്കെ അവിടെ വച്ചാണ് കണ്ടിട്ടുള്ളത്. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞിട്ട് മൈസൂരില്‍ ഒരു ഹോട്ടല്‍ പണിക്ക് പോയി. ആ കാലഘട്ടത്തില്‍ സജീവമായി കത്തിടപാടുകളുണ്ടായിരുന്നത് സിവിക് ചന്ദ്രനുമായിട്ടാണ്. എന്റെ ആദ്യകാലത്തെ ഒരു നോവല്‍ അദ്ദേഹത്തിനാണ് സമര്‍പ്പിക്കുന്നത്. അങ്ങനെ അക്കാലത്ത് കുറെയേറെപ്പേരുമായി അടുത്ത ബന്ധമുണ്ടായി. ഇടയ്ക്ക് സുരാസുവിനെ കാണും. ഇടക്കാലത്ത് അദ്ദേഹവുമായി വലിയ ആത്മബന്ധമുണ്ടായിരുന്നു. എന്റെ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്. ആ കാലത്ത് ബാവ എന്ന് പാര്‍ട്ടിയില്‍ ഒക്കെ അറിയപ്പെടുന്ന, അണ്ടര്‍ ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്തിരുന്ന ഒരു പ്രമുഖനായ നേതാവ് വീട്ടില്‍ വന്നിട്ടുണ്ട്. ഇവരുടെയൊക്കെ സ്വാധീനവും സംസര്‍ഗവുമൊക്കെയായിട്ട് ഈ മൂവ്‌മെന്റിനൊപ്പം ഞാനും സജീവമായി. അതാണ് യഥാര്‍ത്ഥത്തില്‍ എന്റെ രാഷ്ട്രീയ വീക്ഷണം രൂപപ്പെടാനുണ്ടായ പശ്ചാത്തലം.

എവിടെവച്ചാണ് ഇതില്‍ നിന്ന് മാറണം എന്ന ചിന്തയുണ്ടാകുന്നത്. സത്യത്തില്‍ ഒട്ടുമിക്കവരും അവര്‍ വിശ്വസിക്കുന്ന രാഷ്ട്രീയം, മതം, വിശ്വാസം, നിലപാട് എന്നിവയില്‍ നിന്ന് മാറാന്‍ കൂട്ടാക്കില്ല. അങ്ങനെ മാറുന്നവര്‍ക്ക് നേരെ വിമര്‍ശനവും പരിഹാസവും ആക്ഷേപങ്ങളും അളവില്ലാതെ ചൊരിയപ്പെടാറുമുണ്ട്. തീവ്രമായ ഇടത് രാഷ്ട്രീയത്തില്‍ നിന്നും പച്ചയുടെ ചിന്തയിലേക്കും ദര്‍ശനങ്ങളിലേക്കും എത്തിപ്പെടുന്നത് എപ്പോഴാണ് ?

ഞാന്‍ ഇടപെട്ടിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പരിമിതികളെക്കുറിച്ച് കുറെക്കഴിഞ്ഞപ്പോള്‍ ബോധ്യമുണ്ടായി. അക്കാലത്ത് തന്നെ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട പാരിസ്ഥിതിക നിലപാടുകളെക്കുറിച്ചൊന്നും അവിടെ ആരിലും വലിയ ആകുലതകള്‍ ഒന്നും കണ്ടില്ല. മാര്‍ക്‌സിയന്‍ ആശയങ്ങള്‍ പിന്നീട് അതിന്റെ ഇടുങ്ങിയ തലത്തിലേക്ക് മാറി. എന്നാല്‍ മാര്‍ക്‌സിനും എംഗല്‍സിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അടക്കമുള്ളവയോട് വലിയ ആഭിമുഖ്യം ഉണ്ടായിരുന്നുതാനും. മാര്‍ക്‌സിനെയും എംഗല്‍സിനെയുമൊന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ചുരുങ്ങിയ ആശയാദര്‍ശങ്ങളുടെ അളവുകോല്‍ വച്ചല്ല കാണേണ്ടത്. അവര്‍ ലോകം കണ്ട മഹാദാര്‍ശനികരാണ്. ആശയപരമായി അവരോട് വിയോജിക്കാമെങ്കിലും അത്രമേല്‍ സംശുദ്ധമായ ദാര്‍ശനികാടിത്തറയുള്ളവര്‍ തന്നെയായിരുന്നു അവര്‍ എന്ന കാര്യത്തില്‍ ഒട്ടും സംശയിക്കേണ്ട.

ചിന്തയിലും എഴുത്തിലും ഞാന്‍ പതിയെ മാറാന്‍ തുടങ്ങി. മഹായാനം എന്ന നോവല്‍ ഇരുപത്തിയൊന്നാം വയസ്സിലാണ് ഞാന്‍ എഴുതുന്നത്. അജിതയുടെ ഒക്കെ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതാണ് അത്. വനത്തിലൂടെ നടത്തിയ ഗറില്ലാ യുദ്ധമുറയായിരുന്നല്ലോ അന്ന് അവരുടേത്. അതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ആ പുസ്തകം എഴുതപ്പെടുന്നത്. സത്യത്തില്‍ അത് വളരെ അമേച്വറാണ്. കാരണം ഇരുപത്തൊന്നാം വയസ്സില്‍ നമ്മുടെ ലോകവീക്ഷണം രൂപപ്പെട്ട് വരാന്‍ തുടങ്ങുന്നതേയുള്ളൂ. അക്കാലത്തെഴുതിയ നോവല്‍ എന്ന നിലയ്ക്ക് പരിമിതികളുണ്ടെങ്കിലും അതിലെ പ്രധാന കഥാപാത്രമായ കവി ഗറില്ലാ പോരാളിയുടെ തോക്ക് പിടിച്ചുവാങ്ങി പച്ചപ്പിലേക്ക് വലിച്ചെറിയുകയാണ്. കൊല്ലിയില്‍ നിന്നും പച്ചനിറത്തിലുള്ള കൈകള്‍ ഉയര്‍ന്നുവന്ന് ഈ തോക്ക് പിടിച്ചുവാങ്ങി അപ്രത്യക്ഷമാകുന്നു. സത്യത്തില്‍ പാരിസ്ഥിതികമായ എന്റെ ചിന്തകളുടെ ബീജം അവിടെ നിന്നായിരിക്കണം ഉത്ഭവിക്കുന്നത്. അത് പിന്നീട് ഹരിതവിദ്യാലയം, ഭൂമിയുടെ നിലവിളി, ജൈവം തുടങ്ങിയ കൃതികളിലൂടെ മുന്നേറി.

വൈവിധ്യമാര്‍ന്ന തലങ്ങളിലേക്ക് എഴുത്തിനെക്കൊണ്ടുപോകാനായിരുന്നു എനിക്ക് താല്‍പര്യം. ദേവദാസികളെക്കുറിച്ചും ഹിജഡകളെക്കുറിച്ചും ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെയുള്ള അതിവിപുലമായ യാത്രകളെക്കുറിച്ചുമൊക്കെ എഴുതി. ചെറുകഥയിലും നോവലിലുമൊക്കെ പാരിസ്ഥിതികമായ ആഖ്യാനം വികസിപ്പിച്ചെടുത്ത എഴുത്തുകാരന്‍ എന്നനിലയിലാണ് എന്റെ എഴുത്തിലെ വ്യക്തിത്വം രൂപപ്പെട്ടിരിക്കുന്നതും വികസിച്ചതും.

ഇതിലേക്ക് വരാന്‍ പ്രധാന കാരണം മനുഷ്യകേന്ദ്രീകൃതമായ ദര്‍ശന പദ്ധതികളോട് എനിക്ക് യോജിക്കാന്‍ പറ്റാതായി എന്നതാണ്. മനുഷ്യന് വേണ്ടി മാത്രം സംസാരിച്ചാല്‍ മതിയോ, അതോ മനുഷ്യന് മാത്രം നിലനിന്നാല്‍ മതിയോ, ഇതൊക്കെ പ്രകൃതിയും പരിസ്ഥിതിയും ഒക്കെയായി ബന്ധപ്പെട്ട് നില്‍ക്കുന്നതല്ലേ എന്നുള്ള ചിന്തയാണ് ഈ തലത്തിലേക്ക് ചിന്തിക്കാനും എഴുതാനും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേവലമനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പോരാട്ടങ്ങളോട് എനിക്ക് അത്ര ആഭിമുഖ്യമില്ല. ദളിതുകളുടെ ഒക്കെ പ്രശ്‌നത്തെ ഞാന്‍ കാണുന്നത് മണ്ണില്‍ നിന്ന് അടര്‍ത്തിമാറ്റപ്പെട്ടവര്‍ എന്ന നിലയ്ക്കാണ്. ആദിവാസികളുടെയും ദളിതുകളുടെയും സമരങ്ങള്‍ക്ക് ഒരു പാരിസ്ഥിതിക വശം കൂടിയുണ്ട്. പ്രത്യേകിച്ചും ഇക്കാലത്ത് മൂലധനത്തിന്റെ അക്രമാസക്തമായ കടന്നുകയറ്റമുണ്ട്. മൂലധന ഭീകരത എന്ന് വേണമെങ്കില്‍ പറയാം. എവിടെയും സമ്പന്നന്‍ രക്ഷപ്പെടുന്നുണ്ട്. ഇപ്പോള്‍ അവസാനം വന്ന ഓഖി ചുഴലിക്കാറ്റില്‍ വരെ നഷ്ടങ്ങള്‍ അനുഭവിക്കുന്നത് പാവങ്ങളാണ്. പാരിസ്ഥിതികമായ എല്ലാ ദുരന്തങ്ങളിലും ഇരയാകുന്നതും അവരാണ്.

പി സുരേന്ദ്രന്റെ യാത്രാനുഭവങ്ങളെ വായനക്കാര്‍ കേവലം യാത്രാവിവരണങ്ങളായല്ല കാണുന്നത്. കടന്നുചെല്ലുന്ന ദേശങ്ങളെ, ഭൂപ്രകൃതിയെ, മണ്ണിനെ, അവിടെ കാണുന്ന മനുഷ്യരെയൊക്കെത്തന്നെ എഴുത്തുകാരന്‍ ചിത്രങ്ങളിലേതുപോലെ മിഴിവാര്‍ന്ന് രേഖപ്പെടുത്തുകയാണ്. അത്രമേല്‍ ഇഴുകിച്ചേര്‍ന്ന ഒരു മായികാനുഭൂതി വായനക്കാരനിലേക്ക് കടത്തിവിടാന്‍ സാധിക്കുന്നതെങ്ങനെയാണ്?

എനിക്ക് കേവലം ലാന്റ് സ്‌കേപ്പുകളില്‍ വലിയ താല്‍പര്യമില്ല. എല്ലാറ്റിലും മനുഷ്യരും പ്രകൃതിയുമുണ്ട്. കുറെയേറെ മനുഷ്യന്‍ ഈ പറയുന്ന സസ്യലതാദികളോടൊത്താണ് ജീവിക്കുന്നത്. മുണ്ടക്കല്‍ത്തൊടി ഉമ്മര്‍ എന്നയാളെ ഞാന്‍ ഗുണ്ടല്‍പ്പേട്ടയില്‍ കണ്ടത് എഴുതിയിട്ടുണ്ട്. അദ്ദേഹം കൃഷി ചെയ്യുന്നയാളാണ്. അദ്ദേഹം മണ്ണ് പരിശോധിക്കുന്നത് ഒരു തരിയെടുത്ത് നാവില്‍ വച്ച് രുചിച്ചാണ്. അദ്ദേഹത്തിന് ഒരു ചരിത്രമുണ്ട്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ നക്‌സല്‍ വര്‍ഗീസിന്റെ കൂട്ടുകാരനായിരുന്നു. വര്‍ഗീസിന്റെ മരണത്തോടെ വയനാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ പൊറുതികെട്ട് അലയുകയായിരുന്നു. അയാള്‍ നഗ്നപാദനായാണ് അലയുന്നത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണ്.
എനിക്ക് യാത്രകളില്‍ പലപ്പോഴും കിടപ്പാടങ്ങള്‍ ഒരുക്കിത്തരുന്നത് സാധാരണക്കാരായ കൃഷിക്കാരും ചായക്കടക്കാരും ഒക്കെയാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ യാത്ര തുടങ്ങിയതിന് ശേഷം ചെന്നമല്ലീപുരത്തൊക്കെ പോകുമ്പോള്‍ ആ ഗ്രാമങ്ങളില്‍ തന്നെയാണ് രാത്രി തങ്ങുന്നത്. മായാപുരാണം എന്ന നോവല്‍ ഞാന്‍ ചെന്നമല്ലീപുരത്ത് താമസിക്കുന്ന ഘട്ടത്തിലാണ് എഴുതുന്നത്. അവിടെ മനുഷ്യര്‍ കൃഷിയെ ഒരു പ്രാര്‍ത്ഥന പോലെ കണ്ടവരാണ്. ഗുണ്ടല്‍പ്പേട്ടയിലെ, ചെന്നമല്ലീപുരത്ത് ഗ്രാമവീഥികളില്‍ കിടങ്ങുകള്‍ കുത്തി മുത്താറിയൊക്കെ അതിലാണ് സൂക്ഷിച്ചിരുന്നത്. ധാരാളം ആടുമാടുകളും പുകയിലപ്പാടങ്ങളും അവിടെ ഉണ്ടായിരുന്നു. മരങ്ങളുടെ ചുവടുകളില്‍ കുങ്കുമം തൊടീച്ച് കല്ലുകള്‍ ഉണ്ടാകും. ഈ മണ്ണും അതിലെ അനുഷ്ഠാനങ്ങളും ചേര്‍ന്ന ജീവിതമാണവരുടേത്. പല കാര്യങ്ങളിലും അജ്ഞതയുള്ളവരാണെങ്കിലും അന്തകവിത്തൊക്കെ വന്നപ്പോള്‍ അതിനെതിരെ പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയത് ഈ ഗ്രാമീണരൊക്കെത്തന്നെയാണ്.

പിന്നീട് ഡക്കാണില്‍ വളരെ വിപുലമായി യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ അത്തോണി എന്ന് പറയുന്ന മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഗ്രാമത്തില്‍ പോകേണ്ടതുണ്ടായിരുന്നു. കന്നടയൊക്കെ നന്നായി സംസാരിക്കുമായിരുന്നു. അവിടേയ്ക്ക് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അതിലിരുന്ന ഒരു ചെറുപ്പക്കാരന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഞാന്‍ അത്തോണിയിലെത്തുമ്പോള്‍ അസമയമാകുമെന്നും അവിടെ തങ്ങാന്‍ വിഷമമാണെന്നും ഇടയ്ക്ക് എവിടെയെങ്കിലും തങ്ങിയിട്ട് നാളെ യാത്ര തുടരുന്നതാണ് നല്ലതെന്നും അവന്‍ പറഞ്ഞു. മുറിയെടുത്ത് തങ്ങാന്‍ വലിയ കാശൊന്നും കയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്‍ തന്റെ വീട്ടിലേക്ക് പോരുന്നതില്‍ പ്രയാസമില്ലെന്ന് പറഞ്ഞ് ഇടയ്ക്കുള്ള ചെറുഗ്രാമത്തില്‍ ഇറങ്ങുകയും എന്നെ വീട്ടിലേക്ക് കൂട്ടുകയും ചെയ്തു. എനിക്ക് അത്രമേല്‍ വിശ്വാസമുണ്ടായി ആ ചെറുപ്പക്കാരനെ. അന്ന് എര്‍ഗാട്ടി എന്ന ഗ്രാമത്തില്‍ ആ ചെറുപ്പക്കാരന്റെ കുടിലില്‍ താമസിച്ചു. സത്യത്തില്‍ ഇന്നത് പറ്റില്ല. കാരണം ഇന്ന് മധ്യേന്ത്യന്‍ ഗ്രാമങ്ങള്‍ മുഴുവന്‍ സംശയത്തിന്റെ നിഴലിലാണ്. പല പ്രദേശങ്ങളിലും പോകുമ്പോള്‍ പൊലീസ് നമ്മളെ മാവോയിസ്റ്റുകളാണെന്ന് കരുതും. ഗ്രാമവാസികള്‍ക്ക് നമ്മള്‍ പൊലീസിന്റെ ആളായിരിക്കും. ഗ്രാമങ്ങളില്‍ യാത്ര ചെയ്യുന്നത് ദുഷ്‌കരമായിട്ടുണ്ട്. എല്ലാ കണ്ണുകളിലും സംശയത്തിന്റെ നിഴലുകളാണ് കാണാനാവുക. മനുഷ്യര്‍ ഒറ്റമരങ്ങളായും പൂന്തോട്ടങ്ങളായും ഓരോ യാത്രകളിലും എന്റെ മുന്നില്‍ എത്തിയിട്ടുണ്ട്, അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അടുത്തകാലത്ത് ലംബാര്‍ഡികള്‍ എന്ന ആദിവാസി ഗോത്രവിഭാഗത്തില്‍ ഷിബു നടേശന്‍ എന്ന ചിത്രകാരനായ സുഹൃത്തിനൊപ്പം പോയിരുന്നു. ഹംപിക്ക് അടുത്തുള്ള ഗ്രാമമാണ്. ആ ഗ്രാമത്തിലെ ഒരു യുവതി വളരെ കഷ്ടപ്പെട്ടാണ് കഴിയുന്നത്. ഉമാഭായി എന്നാണ് അവരുടെ പേര്. ഭര്‍ത്താവ് ഖനിത്തൊഴിലാളിയാണ്. സാമ്പത്തികമായി വലിയ പ്രയാസത്തിലാണെന്ന് ഒറ്റനോട്ടത്തിലറിയാം. എന്നിട്ടും ഞങ്ങള്‍ക്ക് സമയാസമയങ്ങളില്‍ ആഹാരം തന്നു. തിരികെ പോരുമ്പോള്‍ കുറച്ച് പണം കൊടുത്തപ്പോള്‍ അവള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. ഏറെ നിര്‍ബന്ധിച്ച് കയ്യില്‍ ബലമായി അത് പിടിപ്പിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഇതാണ് ഗ്രാമങ്ങളില്‍ നമുക്കുണ്ടാകുന്ന അനുഭവങ്ങള്‍. ശുദ്ധമായ സ്‌നേഹം നമ്മള്‍ അനുഭവിക്കുന്നത് ഇവിടങ്ങളില്‍ നിന്നാണ്. പക്ഷേ ആ ഗ്രാമങ്ങളൊക്കെയും ഇന്ന് മലിനമായിക്കഴിഞ്ഞു.

മാവോയിസം പോലുള്ള രാഷ്ട്രീയത്തോട് എനിക്ക് പറയാനുള്ളത് കുറെക്കൂടി ജനാധിപത്യ സ്വഭാവത്തിലേക്ക് അവര്‍ മാറണമെന്നാണ്. ഇല്ലെങ്കില്‍ ഓരോ ഗ്രാമങ്ങളെയും ഒളിയുദ്ധത്തിന്റെ നിഴലിലേക്ക് എല്ലാവരും കൂടി വീഴ്ത്തിക്കളയും. സത്യത്തില്‍ വെളിച്ചത്തിലേക്ക് അവര്‍ വരികയാണ് വേണ്ടത്. ഒരിക്കല്‍ ബീഹാറില്‍ നക്‌സലൈറ്റ് ബാധയുള്ള മേഖലയിലൂടെ യാത്ര ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ എല്ലാവരും നിരുത്സാഹപ്പെടുത്തി. അത് ജീവന് തന്നെ ഭീഷണിയാകുമെന്ന് മുന്നറിയിപ്പും നല്‍കി. ഇതാണ് നിലവിലെ ഇന്ത്യന്‍ ഗ്രാമങ്ങളുടെ സ്ഥിതി. ഒരുതരം ഇരുണ്ട ഭൂപ്രദേശങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. സത്യത്തില്‍ എല്ലായിടത്തും കൂടുതല്‍ വെളിച്ചം കടന്നുചെല്ലുകയാണ് വേണ്ടത്. സ്വകാര്യതകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്ത്, എല്ലാം പകല്‍പോലെ തുറന്നുകാട്ടപ്പെടുന്ന ഈ സമയത്ത് ഇനിയും ഗറില്ലാ യുദ്ധമുറകളുമായി വിമോചനം നടപ്പിലാക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് സത്യത്തില്‍ വിഡ്ഢിത്തമാണ്. സായുധ പരീക്ഷണങ്ങളുടെ പ്രസക്തി ഇന്ന് ലോകത്തൊരിടത്തും തന്നെയില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ഇത് ഉപേക്ഷിക്കേണ്ടതായിരുന്നു.

നിരന്തരം യാത്രകളുടെ ലോകത്താണ് അങ്ങ്. വിവിധ സംസ്ഥാനങ്ങളിലേക്ക്, രാജ്യങ്ങളിലേക്ക്, ഭൂഖണ്ഡങ്ങളിലേക്ക് യാത്രകള്‍ തുടരുകയാണ്. അനന്തമായ യാത്രകളെ അങ്ങ് വിശേഷിപ്പിക്കുന്നത് പൊറുതികെട്ട ജന്മസഞ്ചാരങ്ങളായാണ്. യാത്രകളോട് എങ്ങനെയാണ് ഇത്ര കമ്പം ഉണ്ടായത്?

എല്ലാക്കാലത്തും ഏറ്റവും ഇഷ്ടപ്പെടുന്നത് പര്‍വതങ്ങളെയാണ്. എഴുത്തിലൊക്കെ കുന്നുകള്‍ ധാരാളം പ്രത്യക്ഷപ്പെടുന്നുണ്ട്. എന്റെ തറവാട് നില്‍ക്കുന്നതിന്റെ പുറകില്‍ വലിയ ഒരു കുന്നാണ്, ചോരന്‍കുന്ന്. അതിന്റെ മുകളില്‍ കയറിക്കഴിഞ്ഞാല്‍ പന്തല്ലൂര്‍ മല കാണാം. അതിനും അപ്പുറത്ത് എന്താണെന്ന ആകാംക്ഷ വളരെ ചെറുപ്പം മുതലേയുണ്ടായിരുന്നു. അതിനപ്പുറത്തേയ്ക്കുള്ള മലകള്‍ എന്നെ കുട്ടിക്കാലത്ത് മാടിവിളിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നെ ഏറ്റവുമധികം മോഹിപ്പിച്ചത് മധ്യഡക്കാനാണ്. ആഫ്രിക്കയിലും മധ്യ പൂര്‍വേഷ്യയിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ധാരാളമായി പോയിട്ടുണ്ടെങ്കിലും ഇപ്പോഴും പോകാന്‍ എനിക്ക് ആവേശമുണ്ടാക്കുന്ന ഇടം ഡക്കാനാണ്. കര്‍ണാടകയുടെയും ആന്ധ്രയുടെയും അതിരുകള്‍ പങ്കിടുന്ന മധ്യ ഡക്കാന്‍ ഭൂപ്രദേശം.

ഇതിന് പ്രധാന കാരണം, പൊറുതികെട്ട ജന്മമാണ് എന്റേതെന്നാണ്. വിജയന്‍ മാഷ് പ്രഭാഷണത്തിനിടെ ഒരിക്കല്‍ ഇത് പറഞ്ഞിട്ടുണ്ട്. സുരേന്ദ്രന് പൊറുതിയില്ല എന്ന്. ഒരു പൊറുതിയുമില്ലാത്ത ജന്മമാണ് സുരേന്ദ്രന്റേത് എന്നും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞത് ഇവിടെ ഓര്‍ക്കുകയാണ്. ഇനിയൊരു ജന്മമുണ്ടാകില്ല. ഈ യാത്രയില്‍ നാം എല്ലാം അവസാനിപ്പിക്കുകയാണല്ലോ. പലരും ചോദിക്കാറുണ്ട്, അടുത്തൊരു ജന്മമുണ്ടെങ്കില്‍ എന്താകണമെന്ന്. സത്യത്തില്‍ അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് പൂര്‍ണബോധ്യത്തോടെ തന്നെ പറയുകയാണെങ്കില്‍ മനുഷ്യനായാണ് പിറക്കുന്നതെങ്കില്‍ ഡക്കാനിലെ നൊമാഡുകളുടെ ഏതെങ്കിലും വംശത്തില്‍ എനിക്ക് പിറന്നാല്‍ മതി. ഇപ്പോഴുള്ള സെറ്റില്‍ഡായ ജീവിതത്തില്‍ താല്‍പര്യമില്ല.

പലപ്പോഴും ഇടയന്മാരെ കാണും, അവരോടൊപ്പം കൂടും, അവരോട് സംസാരിക്കും, അവരുണ്ടാക്കിത്തരുന്ന ഭക്ഷണം കഴിക്കും, അവരോടൊപ്പം യാത്ര ചെയ്യും. ഇത് വലിയൊരനുഭവമാണ്. ഇത് എന്റെ ഭാവനയുടെ ലോകം വളരെയേറെ വികസിപ്പിച്ചിട്ടുണ്. പിന്നെ അഭയാര്‍ത്ഥികള്‍, വേട്ടയാടപ്പെടുന്ന മനുഷ്യന്‍, ടിബറ്റന്‍ ജീവിതം ഞാന്‍ ഏറെ പഠിക്കുകയും കണ്ടറിയുകയും ചെയ്തിട്ടുണ്ട്. ടിബറ്റന്‍ അഭയാര്‍ത്ഥികളോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെയാണ് ടിബറ്റന്‍ അധിനിവേശം, ചൈനയുടെ കടന്നുകയറ്റം എത്രകണ്ട് മാരകമായിരുന്നു, എത്ര വലിയ സാംസ്‌കാരിക ഭൂപടത്തെയാണ് അവര്‍ മായ്ക്കാന്‍ ശ്രമിച്ചത് എന്നൊക്കെ മനസിലാകുന്നത്.

വ്യാജമായ ദേശീയതാ നിര്‍മിതി കൊണ്ടുപിടിച്ചുനടക്കുന്ന കാലമാണിത്. എല്ലാവരെയും സംശയത്തിന്റെ നിഴലിലാക്കുക എന്നത് ഫാഷിസത്തിന്റെ തന്ത്രമാണ്. ഇന്ത്യ ഇന്ന് അതിന്റെ തീവ്രമായ പിടിയിലാണ്. സത്യത്തില്‍ ദേശീയതയെയും അതിര്‍ത്തികളെയും കുറിച്ച് ഗൗരവതരമായ ചിന്തകളും ചര്‍ച്ചകളും ആശയസംവാദങ്ങളും പ്രതിരോധങ്ങളും ഉണ്ടാകേണ്ട സമയം അതിക്രമിച്ചില്ലേ?

ബലമായി ഉണ്ടാക്കിയെടുക്കുന്ന ദേശീയതയെ എനിക്ക് ഒരിക്കലും ന്യായീകരിക്കാനും അംഗീകരിക്കാനുമാകില്ല. രാഷ്ട്രം എന്നത് ബലമായി പിടിച്ചടക്കിവക്കുന്ന അതിരുകളും അതിന്റെ ഭാഗമായി നിര്‍മിക്കപ്പെടുന്ന ദേശീയതയും ആണെന്ന് എനിക്ക് അംഗീകരിക്കാനാകില്ല. അത്തരം ദേശീയത ഒരു ഭ്രാന്തായി മാറും. അതിപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാ പ്രദേശങ്ങളിലും, ലോകത്തെമ്പാടും ഇത് കാലങ്ങളായി നടക്കുകയാണ്. സത്യത്തില്‍ സോവിയറ്റ് യൂണിയന്‍ പോലും അങ്ങനെയുണ്ടായതാണ്. ചൈനയിലും ഇത്തരം ഒരുപാട് സംസ്‌കാരങ്ങള്‍ അംഗീകരിക്കപ്പെടാതെ പോയിട്ടുണ്ട്. ഫാഷിസം ഇന്ത്യയിലും വളരെ ഭയാനകമായ തലത്തില്‍ വരുന്നു. എന്ന് മാത്രമല്ല, ആളുകള്‍ക്ക് മേല്‍ ഹിന്ദുത്വം എന്ന് പറയുന്ന, അവര്‍ ഉണ്ടാക്കിയെടുക്കുന്ന ഒരു രാഷ്ട്രം അടിച്ചേല്‍പ്പിക്കുകയാണ്. ഈയിടെ രസകരമായ ഒരു അനുഭവമുണ്ടായി. ഞാന്‍ ഷാര്‍ജ ബുക്ക് ഫെസ്റ്റിവല്‍ കഴിഞ്ഞ് മനാമയിലേക്ക് പോവുകയാണ്. വിമാനത്താവളത്തില്‍ വിസയൊക്കെ പരിശോധിക്കുന്ന പെണ്‍കുട്ടി ചോദിച്ചു, ഞാന്‍ കലാകാരനോ മറ്റോ ആണോ എന്ന്. എഴുത്തുകാരനാണെന്ന് മറുപടി പറഞ്ഞു. വലിയ തിരക്കില്ലാത്ത സമയമായിരുന്നു. അവള്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളല്ലേ നിങ്ങളെന്നും ഗൂഗിളില്‍ എന്നെക്കുറിച്ച് തിരക്കാനും പറഞ്ഞു. അവള്‍ അടിച്ചുനോക്കിയപ്പോള്‍ ഒരുപാട് വിവരങ്ങള്‍ എന്നെക്കുറിച്ച് വന്നതുകണ്ട് വലിയ സന്തോഷമായി. സ്വന്തം നാട്ടുകാരനായ ഒരു എഴുത്തുകാരനെ നേരിട്ടുകണ്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് അവള്‍ പറഞ്ഞു. വെളുത്ത് സുന്ദരിയായ പെണ്‍കുട്ടിയായിരുന്ന അവള്‍. ഞാന്‍ കരുതിയത് അവള്‍ ഉത്തരേന്ത്യക്കാരിയായിരിക്കുമെന്നാണ്. നന്നായി ഹിന്ദിയും സംസാരിക്കുന്നുണ്ട്. സ്ഥലം ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് പാകിസ്ഥാന്‍കാരിയാണെന്നാണ്. നമ്മളൊക്കെ ഒരേ നാട്ടുകാര്‍ അല്ലേ സാര്‍ എന്നും ഇടയ്ക്ക് പറഞ്ഞു. ഇത്തരത്തിലാണ് ആളുകള്‍ നമ്മളെ ലോകത്തിന്റെ അപ്രതീക്ഷിത കോണുകളില്‍ നിന്ന് അതിശയിപ്പിക്കുന്നത്.
ഒരിക്കല്‍ മേഘാലയയില്‍ പോയപ്പോള്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പോയി. അതിര്‍ത്തി തിരിച്ചിരുന്നത് സ്ഫടികസമാനമായ വെള്ളമൊഴുകുന്ന പുഴയാണ്. ഇന്ത്യയുടെ അതിര്‍ത്തി കടന്ന് പുഴ ബംഗ്ലാദേശിലേക്ക് ഒഴുകുകയാണ്. അപ്പുറത്തുനിന്ന് കുട്ടികള്‍ പുഴ മുറിച്ചുകടന്ന് ഇങ്ങോട്ടേക്ക് നീന്തും. ഇവിടെ നിന്നും കുട്ടികള്‍ അപ്പുറത്തേക്കും നീന്തും. പുഴയോരത്ത് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരും ഇത് കാണുന്നുണ്ട്. സത്യത്തില്‍ ഭാവനാത്മകമായ അതിരാണ് അവിടെ രണ്ട് രാജ്യങ്ങളെയും വേര്‍തിരിക്കുന്നത്. നദിക്ക് യാതൊരു അതിരുമില്ല, അത് ഇവിടെ നിന്നും അങ്ങോട്ടേയ്ക്ക് ഒഴുകിപ്പോകും. വെള്ളത്തിന് എന്ത് അതിര്‍ത്തി. അതിര്‍ത്തികളെയും ദേശീയതയെയും കുറിച്ച് അഭിമാനിക്കുന്നവര്‍ക്കിടയിലാണ് ഇതൊക്കെ നടക്കുന്നതെന്ന് കൗതുകം തന്നെയാണ്.
എന്റെ ദേശീയബോധം എന്റെ അയല്‍രാജ്യത്തെ വെറുക്കാനുള്ളതല്ല, എന്റെ ദേശീയബോധം മറ്റൊരാളെ അവമതിക്കാനുള്ളതല്ല. എനിക്ക് വിയോജിപ്പ് അതാതിടത്തെ ഭരണകൂടങ്ങളോടാണ്, അവരുടെ നയങ്ങളോടാണ്. അവിടുത്തെ ജനങ്ങളോടല്ല. ബലമായി പിടിച്ചടക്കിയുണ്ടാക്കുന്ന രാജ്യങ്ങള്‍ക്ക് നിലനില്‍പ്പില്ല. സ്‌നേഹം കൊണ്ടാണ് രാജ്യങ്ങള്‍ ഉണ്ടാക്കേണ്ടത്, പട്ടാളത്തെക്കൊണ്ടും തോക്കുകൊണ്ടുമല്ല. തോക്കുകൊണ്ട് ഉണ്ടാക്കുന്ന രാഷ്ട്രങ്ങളൊക്കെ തകര്‍ന്നടിയും.
അപകടകരമായ ദേശീയത ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്നുണ്ട്. അതിന് വേണ്ടി വലിയ തോതില്‍ നുണകളെ ആശ്രയിക്കുന്നുണ്ട്. ഇതാണ് ഇന്നത്തെ വലിയ പ്രശ്‌നം. മോര്‍ഫിംഗ് അടിസ്ഥാനമാക്കിയാണ് എല്ലാക്കാര്യങ്ങളും ഇപ്പോള്‍ നടക്കുന്നത്. മനുഷ്യന്റെ കാഴ്ചകളെയും ചിന്തകളെയും മോര്‍ഫ് ചെയ്യുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ നടക്കുമ്പോഴും എനിക്ക് പ്രതീക്ഷകളുണ്ട്. സി പി എം അടക്കമുള്ളവരോട് എനിക്ക് പറയാനുള്ളത്, നിലവിലെ ഇന്ത്യയിലെ ഭരണകൂടത്തിന് മാറ്റം വരാതെ രാജ്യത്തിന് മുന്നേറാനാകില്ല എന്നതാണ്. വലിയ പ്രതിസന്ധിയിലാണ് രാജ്യം. എല്ലാവരും സംശയത്തിന്റെ നിഴലിലാണ്. അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ രാജ്യദ്രോഹികളായി കാണുകയാണ്. ബി ജെ പിക്ക് ഒരു ക്ഷേമരാഷ്ട്രവും ഇവിടെയുണ്ടാക്കാനായിട്ടില്ല. അതിനൊട്ട് കഴിയുകയുമില്ല.

എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരും എഴുത്തുകാരും തോക്കിനും കത്തിക്കും ഇരകളാക്കപ്പെടുകയാണ്. പ്രതിരോധത്തിന് വഴികാണാന്‍ ശ്രമിക്കാതെ, നടന്നുവന്ന വഴികളിലൂടെ തന്നെ പിന്നെയും നടക്കുകയാണ് എല്ലാവരും. എങ്ങനെയാണ് നിലവിലെ പ്രതിസന്ധിയെ മറികടക്കാനാകുക? ആരാണ് ഇതിന് മുന്‍കൈ എടുക്കുക?

ഫാഷിസത്തോടുള്ള വിയോജിപ്പുകള്‍ കാരണം കൊലനിലങ്ങളില്‍ രക്തം ചിന്തിയത് രാജ്യത്തെ എഴുത്തുകാരും ചിന്തകരും തന്നെയാണ്. ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും നമ്മുടെ മുമ്പിലാണ് പിടഞ്ഞുവീണത്. ആ വര്‍ഗത്തിന്റെ പ്രതിനിധിയാണ് ഞാനും. എനിക്ക് ഇപ്പോഴത്തെ കെട്ട സാഹചര്യങ്ങളിലും പ്രതീക്ഷയുണ്ട്. ഇതിന് കാരണം ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നത് തന്നെയാണ്. ലോകത്തെ എല്ലാ ഏകാധിപതികളും ഫാഷിസ്റ്റുകളും അവസാനിച്ചതിന്റെ ചരിത്രം നമുക്ക് മുമ്പിലുണ്ട്. ചരിത്രം ശരിക്ക് പഠിക്കുക തന്നെ വേണം.

ഇപ്പോഴും കോടതിയില്‍ നിന്ന് നീതി ലഭ്യമാകുന്നുണ്ട്. നമ്മുടെ പ്രതീക്ഷയും പലപ്പോഴും കോടതികള്‍ തന്നെയാണ്. അതുകൊണ്ട് കോടതിയുടെയും നീതിന്യായവ്യവസ്ഥയുടെയും ശക്തി കുറയ്ക്കാനുള്ള നടപടികളല്ല വേണ്ടത്, അതിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അടുത്തിടെ കോടതിയിലേക്ക് നടന്ന ഒരു പ്രക്ഷോഭ സമരത്തെ, മാര്‍ച്ചിനെ സൂചിപ്പിച്ചുകൊണ്ട് തന്നെയാണ് ഞാനിത് പറയുന്നത്. ആ പ്രതീക്ഷയുടെ ഇടം തകര്‍ക്കപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ ഒന്നും അവശേഷിക്കില്ല.

ഇന്ത്യയില്‍ ബി ജെ പി മുന്നണിക്ക് വിരുദ്ധമായ അതിവിശാലമായ ഒരു സഖ്യം, താല്‍ക്കാലികമായ വിയോജിപ്പുകള്‍ മാറ്റിവച്ച് രൂപം കൊടുക്കണം. ഇതിന് മുന്‍കൈ എടുക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസുമായുള്ള വിയോജിപ്പുകള്‍ തുറന്നുപറഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ ഇത് പറയുന്നതും. അവര്‍ക്കാണ് വിശാലമായ അടിത്തറ രാജ്യത്തുള്ളത്. അവര്‍ക്കാണ് വേരുകളുള്ളത്. കോണ്‍ഗ്രസ്, സോഷ്യലിസ്റ്റുകള്‍, ഇടതുപക്ഷം, ആം ആദ്മി ജനാധിപത്യ മുസ്‌ലിം പാര്‍ട്ടികള്‍ എന്നിവരെല്ലാം ചേര്‍ന്ന വിശാലമായ സഖ്യമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്. ആ സഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടി അടുത്ത തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി എന്നൊക്കെയുള്ള പേരില്‍ രംഗത്തെത്തിയാല്‍ ചരിത്രം ഇടതുപക്ഷത്തെ കുറ്റക്കാരെന്ന് തന്നെ വിളിക്കും. ഒരു സംശയവും വേണ്ട. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തെമ്പാടും, കേരളത്തില്‍ അടക്കം നേരിടുന്ന വലിയ പ്രതിസന്ധി അവരുടെ അസഹിഷ്ണുതയാണ്. അത് ഒഴിവാക്കപ്പെടേണ്ടതാണ്. പുറത്ത് നില്‍ക്കുന്ന ആളുകള്‍ക്കും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും ഇടവും സാഹചര്യവുമൊരുക്കണം.

കാലത്തെ തിരിച്ചറിയാതെ വലിയൊരു ശത്രു ആക്രമിക്കാന്‍ വരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ പരസ്പരം ഗ്രൂപ്പ് തിരിഞ്ഞ് പോരാടുകയാണ്. ഇവര്‍ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും ഉള്‍കൊള്ളുന്നില്ല. സി പി എം ഫാഷിസത്തിനെതിരെ പല പരിപാടികളും നടത്തുന്നുണ്ട്. വിയോജിപ്പ് പറയുമ്പോഴും നല്ലത് എടുത്ത് കാണിക്കണമല്ലോ.

രിസാല വാരികയില്‍ വരാന്‍ പോകുന്ന സൗദി അറേബ്യന്‍ യാത്രാവിവരണത്തെക്കുറിച്ചുള്ള അറിയിപ്പ് ഇതിനകം വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ രചനയെ കാത്തിരിക്കുന്ന വായനക്കാരോട് എന്താണ് അങ്ങേയ്ക്ക് പറയാനുള്ളത്?

പൊതുജന സമൂഹത്തിന് വേണ്ടിക്കൂടിയാണ് ഞാനീ ട്രാവലോഗ് എഴുതുന്നത്. പ്രവാചകന്റെ കാലടികള്‍ പതിഞ്ഞ ജനപദത്തിലൂടെയാണ് ഞാന്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചത്. പക്ഷേ ഒരു അമുസ്‌ലിം എന്ന നിലയില്‍ മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങളില്‍ പോകാന്‍ പരിമിതികളുണ്ട്. ഹിറാ ഗുഹയുടെ പരിസരത്ത് പോകാന്‍ സാധിക്കില്ല. ശരിക്കത് മാറേണ്ടതാണ് എന്ന വിശ്വാസവും എനിക്കുണ്ട്. പ്രവാചകന്‍ ലോകത്തിന്റെ ഗുരുനാഥനാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടയാളുമാണ്. ഇത്തരം ചരിത്രദേശങ്ങളില്‍ എല്ലാ ആളുകള്‍ക്കും കടന്നുചെല്ലാനും കാണാനും ഉള്ള അവസരം ലഭ്യമാക്കുകയാണ് അവിടുത്തെ ഭരണകൂടം ചെയ്യേണ്ടത്. ഭാവിയില്‍ അങ്ങനെയാകുമെന്നും കരുതാം. യാത്രയില്‍ അങ്ങ് വിദൂരതയില്‍ അറഫാ സംഗമഭൂമി സുഹൃത്ത് എനിക്ക് കാണിച്ചുതന്നു. ഞാനത് ഭാവനയില്‍ കണ്ടുവേണം എഴുതാന്‍. മക്കത്ത് ഒരു അമുസ്‌ലിമിന് എത്താവുന്നിടത്തോളം വരെയെത്തി.
വിശുദ്ധ ഖുര്‍ആനെയും പ്രവാചകനെയും ഞാന്‍ കാണുന്നത് ലോകത്തിന്റെ ജ്ഞാനചരിത്രത്തിന്റെ ഭാഗമായാണ്. അതിന് നരവംശശാസ്ത്രപരമായി ഒരുപാട് പ്രാധാന്യമുണ്ട്. ലോക സംസ്‌കൃതിയും നാഗരികതയും എങ്ങനെയാണ് ഉയര്‍ന്നുവന്നത് എന്നതിന്റെ ചരിത്രമാണിത്. ഇത് ലോകത്തെമ്പാടുമുള്ള ജനതയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. അതാണ് ചൂണ്ടിക്കാണിക്കാനും വിശദീകരിക്കാനും ശ്രമിക്കുന്നത്. ആ തരത്തില്‍ പ്രവാചകന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രദേശങ്ങളില്‍ പോകാനായി. മാത്രമല്ല അതിപൗരാണികമായ സംസ്‌കൃതി അവിടെയുണ്ട്. ഇവിടെയുള്ള സ്മാരകങ്ങളും നിര്‍മിതികളും കാണാനായി. ആകുന്നിടത്തോളം അതിരുകളിലും ചരിത്രദേശങ്ങളിലും എത്താനായി. ഇത്തരത്തില്‍ അതിവിശാലമായ ചരിത്രഭൂമിയെ, കലയോടും ചരിത്രത്തോടും നരവംശശാസ്ത്രത്തോടും താല്‍പര്യമുള്ള ഒരു എഴുത്തുകാരന്റെ കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് മരുഭൂമിയിലെ തേനറകള്‍ എന്ന പംക്തിയിലൂടെ.

പി സുരേന്ദ്രന്‍ – ഷിബു ടി ജോസഫ്

You must be logged in to post a comment Login