വെളിച്ചം തെളിയിച്ചവര്‍

വെളിച്ചം തെളിയിച്ചവര്‍

 

 

 

 

 

അകം പള്ളിയിലെ പ്രകാശം
അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം ഹൃദയത്തിലുറച്ചവരുടെ ചിന്തയും നടപ്പും നാഥന്റെ മാര്‍ഗത്തിലാവും. അവനല്ലാത്ത മറ്റാരെയും ഭയമില്ലാതാവും. നശ്വരമായ ഇഹ ലോക താല്‍പര്യങ്ങള്‍ ഒരര്‍ത്ഥത്തിലും അവരെ സ്വാധീനിക്കുകയില്ല. നാഥനെക്കുറിച്ചും നാളത്തെ ജീവിതത്തെക്കുറിച്ചുമുള്ള പരന്ന ചിന്തയില്‍ അവര്‍ സ്വജീവിതത്തെ ക്രമീകരിക്കും.
ഈയൊരാമുഖം താജുല്‍ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെ ജീവിതത്തിലേക്ക് കയറിപ്പോവാന്‍ നിര്‍മിച്ച പൂമുഖമാണ്. മേല്‍പറഞ്ഞ ജീവിതവിശേഷങ്ങളുടെ സമഗ്രമായ സംഘാതമാണ് താജുല്‍ഉലമയുടെ ജീവിതം. കേരളീയ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു ജീവിതം ക്രമപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗം ജ്ഞാനസപര്യയുടെതാണ്; മലയാളിയുടെ ഗ്രാമീണത്തനിമയില്‍ നോക്കുമ്പോള്‍ അത് പള്ളിദര്‍സുകളാണ്. അറിവനുഭവങ്ങളുടെ സ്വാദിനും സുഗന്ധത്തിനും പുറമെ ഇഅ്തികാഫിന്റെ പുണ്യപര്‍വത്തിലേറി മുഴുനേരവും ഇബാദതിലായി കഴിച്ചുകൂട്ടാന്‍ പറ്റുന്ന കര്‍മമണ്ഡലം. ജീവിതത്തെ സ്വയം വിചാരണക്ക് വിധേയമാക്കാന്‍ സദാ പ്രേരകമാക്കുന്ന മീസാന്‍ കല്ലുകളുടെ സാമീപ്യം. ഇതെല്ലാം ഈ സംവിധാനത്തിന്റെ മേന്മകളാണ്.
താജുല്‍ഉലമയുടെ പഠനകാലം മുതല്‍ ഈ ധന്യതയുടെ പ്രകാശനം ആ ജീവിതത്തില്‍ പ്രകടമായിരുന്നു. അറിവിനോടുള്ള പ്രണയം, ഭാര്യയോടുപോലും പറയാതെ ബാഖിയാതിലേക്കുള്ള ഒളിച്ചോട്ടം – എല്ലാം ഈ യാഥാര്‍ത്ഥ്യത്തെ ശരിവെക്കുന്ന ജീവിതാധ്യായങ്ങളാണ്. പഠനകാലത്ത് ‘നാട്ടില്‍ പോകാ’റുണ്ട് മുതഅല്ലിമുകള്‍. അത് പലപ്പോഴും നിയന്ത്രിതമായ നിത്യജീവിതത്തിന്റെ ചിട്ടവട്ടങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് പലര്‍ക്കും. എന്നാല്‍ താജുല്‍ഉലമ നാട്ടില്‍ പോയിരുന്നത് നാട്ടിലെ പള്ളിയിലേക്കായിരുന്നു. റമളാനില്‍ ലഭിച്ചിരുന്ന അവധിക്കാലം മുഴുസമയം പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനും നാട്ടുകാര്‍ക്ക് ഇമാമും മുര്‍ശിദുമാവാനുമായിരുന്നു വിനിയോഗിച്ചിരുന്നത്.
അധ്യാപനം ജോലിയായിരുന്നില്ല, അന്വേഷണവും അറിവിനോടുള്ള അടങ്ങാത്ത ദാഹവും അനുഷ്ഠാന വുമായിരുന്നു. പൂര്‍ണമായി മനഃപാഠമുള്ള ഗ്രന്ഥങ്ങളാണെങ്കിലും ക്ലാസുകള്‍ക്ക് മുമ്പ് ബന്ധപ്പെട്ട വിഷയത്തില്‍ ഗഹനമായ പരിചിന്തനത്തിന് (മുത്വാലഅ) സമയം മാറ്റിവെച്ചു. കാലഘട്ടത്തിനും കുട്ടികളുടെ വര്‍ധനവിനും അനുസരിച്ച് പള്ളിദര്‍സ്, കോളേജ് എന്ന രൂപക്രമത്തിലേക്ക് മാറിയപ്പോഴും അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ അകത്തെ പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നുതന്നെയായിരുന്നു. നാട്ടിലും ഉള്ളാളത്തും യാത്രയിലും വെറുതെയിരിക്കുന്ന അവസ്ഥയില്‍ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. ‘ഉപ്പ’ എന്നതിനെക്കാള്‍ ‘ശൈഖ്’ എന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥയിലാണ് മക്കളുടെ ജീവിതത്തില്‍ പോലും അദ്ദേഹം ഇടപെട്ടത്.

ആരാധനാ ക്രമങ്ങളെ പ്രതികൂലമായി സ്വാധീനിക്കുന്ന ഒന്നും സയ്യിദിലുണ്ടായിരുന്നില്ല. വൈകി ഉറങ്ങിയത് നേരത്തേ ഉണരാതിരിക്കാന്‍ കാരണമായില്ല. വാര്‍ധക്യവും അനാരോഗ്യവും വകവെക്കാതെ പതിനൊന്ന് റക്അത് വിത്‌റ് എന്നും നിന്നു തന്നെ നിസ്‌കരിച്ചു. കൃത്രിമ ശ്വാസം നല്‍കാന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച് ഐ സി യുവില്‍ കിടത്തിയ ഡോക്ടര്‍ പുറത്തുപോയി വരുമ്പോള്‍ രോഗി നിന്ന് നിസ്‌കരിക്കുന്ന കാഴ്ച കണ്ട് അമ്പരന്നു. ഹൃദയമറിഞ്ഞ് ചുണ്ടുകള്‍ ഓരോ ദിവസവും ചൊല്ലിത്തീര്‍ത്ത ദിക്‌റുകള്‍ പലര്‍ക്കും ജീവിതകാലം മുഴുക്കെയും ഉപയോഗപ്പെടുത്തിയാലും എത്തിച്ചേരാനാവാത്ത അത്രയും എണ്ണപ്പെരുപ്പമുള്ളതായി. സമ്മാനങ്ങളെയും മുഖസ്തുതിയെയും വെറുക്കുകയും അത്തരം കാര്യങ്ങളുമായി കടന്നു വന്നവരെ പലപ്പോഴും ശകാരിക്കുകയും ആട്ടിയോടിക്കുകയും ചെയ്തു. ശരിയെന്ന് ബോധ്യപ്പെട്ടത് പറയാനും തെറ്റുതിരുത്താനും ആളും തരവും നോക്കിയില്ല. തലപ്പാവിന്റെയും പദവിയുടെയും അധികാരത്തിന്റെയും അനുയായികളുടെയും എണ്ണവും വണ്ണവും ആ ഇടപെടലുകളുടെ മാനദണ്ഡമായതേയില്ല.

അല്ലാഹുവിനെ മാത്രം പേടിച്ചു. അവന്റെ പ്രീതിക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിച്ചു, പ്രവര്‍ത്തിച്ചു. ആ പ്രാര്‍ത്ഥനയുടെയും പ്രവര്‍ത്തനങ്ങളുടെയും ഗുണഫലം ഒരു ജനത ഒന്നാകെ അനുഭവിച്ചു.

 

 

 

 

 

കണ്ണിമുറിയാത്ത ജ്ഞാനശൃംഖല
സമസ്തയുടെ യോഗം കഴിഞ്ഞ് കോഴിക്കോട് നിന്ന് വാഴക്കാട് ദാറുല്‍ ഉലൂമിലേക്ക് തിരിക്കുകയാണ് കണ്ണിയത്തുസ്താദ്. ബസ്സിലാണ് യാത്ര. യാത്രക്കൂലിക്ക് വേണ്ട ചില്ലറ അണകള്‍ മാത്രമേ കൈയ്യിലുള്ളൂ. ബസ്സ് കാത്ത് നില്‍ക്കുമ്പോള്‍ ഒരു യാചകന്‍ വന്ന് ഉസ്താദിന് നേര്‍ക്ക് കൈ നീട്ടി. വല്ലതും തരണേ… ഒരണയൊഴിയാതെ കയ്യിലുള്ളതൊക്കെ ഉസ്താദ് അയാള്‍ക്ക് നീട്ടി. ആവശ്യക്കാരുടെ കൈ തട്ടരുതെന്നാണല്ലോ ഇസ്‌ലാമിന്റെ പാഠം. സൂക്ഷ്മാലുവായ കണ്ണിയത്ത് മറ്റൊന്നുമാലോചിച്ചുനിന്നില്ല.

ഇനി വാഴക്കാട്ടേക്ക് നടക്കുകയേ നിവൃത്തിയുള്ളൂ. നിലാവിന്റെ വെളിച്ചത്തില്‍ തെളിഞ്ഞ് കാണുന്ന വഴിയേ ഉസ്താദ് ആഞ്ഞുനടന്നു. ദര്‍സിലെത്തുമ്പോള്‍ പാതിരാവും കഴിഞ്ഞിരുന്നു. ദാറുല്‍ഉലൂം ഉറങ്ങുകയാണ്. ഒരാള്‍ മാത്രം ഉറക്കൊഴിച്ച് ഇരിപ്പുണ്ട്. ഉസ്താദിന്റെ ഖാദിം- സേവകന്‍. രാത്രി ഭക്ഷണത്തിന്റെ സുപ്ര വിരിച്ച് ഉസ്താദിനെയും കാത്തിരിക്കുകയാണയാള്‍. വിശപ്പിന്റെയും നടത്തത്തിന്റെയും ക്ഷീണം തളംകെട്ടിയ മുഖത്തോടെ ഉസ്താദ് കയറിവന്നു. പക്ഷേ ഭക്ഷണം വേണ്ടപോല്‍! ഖാദിമിന് കണ്ണീര്‍ പൊട്ടി. ഏറെ ആശയോടെ കാത്തുനിന്നത് വെറുതെയായോ? അതിന്റെ കാരണം കൂടി ഉസ്താദ് തന്നെ പറഞ്ഞു: ഇത് ഇവിടെ പഠിപ്പിക്കുന്നയാള്‍ക്ക് വരുന്ന ഭക്ഷണമാണ്. ഇന്നാണെങ്കില്‍ എനിക്ക് ദര്‍സ് എടുക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ നീ കഴിച്ചോളൂ. നീ നിന്റെ പണി എടുത്തിട്ടുണ്ടല്ലോ.
ഉസ്താദിന്റെ സൂക്ഷ്മതയില്‍ ശിഷ്യന്‍ ഏറെ വിനീതനായി. ഇതാണ് ജീവിതശുദ്ധി.
മരക്കച്ചവടക്കാരനായിരുന്നല്ലോ കണ്ണിയത്തുസ്താദ്. കച്ചവടത്തിന് വന്നവരോട് മരത്തിന്റെ എല്ലാ കേടുപാടുകളും പറഞ്ഞിട്ട് മാത്രമേ വില്‍പന ഉറപ്പിച്ചിരുന്നുള്ളൂ. അനര്‍ഹമായത് ചില്ലിക്കാശാണെങ്കിലും അതില്‍ പങ്കുപറ്റരുതെന്നാണ് ഉസ്താദിന്റെ നിലപാട്.
ഇതേ നയം തന്നെയാണ് ശിഷ്യനോടും പറഞ്ഞത്. എങ്കില്‍ എനിക്കും വേണ്ട. ഖാദിമും തീരുമാനിച്ചു. ഇത് കണ്ണിയത്തുസ്താദിനെ വേദനിപ്പിച്ചു. വിശപ്പിന്റെ ചൂടേറ്റ് പൊള്ളിയ ഒരു യാചകന്‍ കൈ നീട്ടിയപ്പോഴാണ് യാത്രാക്കൂലി കൊടുത്ത് ഇവിടം വരെ നടന്നെത്തിയത്. ഇവിടെയെത്തിയപ്പോള്‍ ഞാന്‍ കാരണം ഒരാള്‍ വിശന്നിരിക്കുകയോ. ഉസ്താദ് തീരുമാനം പറഞ്ഞു: ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തൂ. ഞാന്‍ ദര്‍സെടുക്കട്ടെ. എന്നിട്ടാവാം എന്റെ ഭക്ഷണം. എന്നാല്‍ നിനക്കും കഴിക്കാലോ.

വിജ്ഞാനത്തിന്റെ നിധികുംഭങ്ങളെ തേടി കണ്ണിയത്ത് ദീര്‍ഘകാലം സഞ്ചരിച്ചു. ആ യാത്ര ദാറുല്‍ഉലൂം, ഊരകം, തലപ്പെരുമണ്ണ, മൊറയൂര്‍, നെല്ലിപ്പറമ്പ് എന്നിവിടങ്ങളിലൊക്കെ ചെന്നെത്തി. ദാറുല്‍ഉലൂമില്‍ രണ്ടുതവണയെത്തി. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, വൈത്തല അഹ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ തലയെടുപ്പുള്ള പണ്ഡിത ശ്രേഷ്ഠര്‍ ഈ വിജ്ഞാനകുതുകിയുടെ ദാഹം ശമിപ്പിക്കാനെത്തി.

ദാറുല്‍ഉലൂമില്‍നിന്ന് ഉപരിപഠനത്തിന് ദയൂബന്ദിലേക്ക്. വിജ്ഞാനത്തിന്റെ വസന്തമാണ് അക്കാലത്ത് ദയൂബന്ദ്. മഹാജ്ഞാനികളായ ഉസ്താദുമാരിലും കുതുബുഖാനയിലുമാണ് കണ്ണിയത്തിന്റെ കണ്ണ്. ദയൂബന്ദിലെ ഗ്രന്ഥശേഖരം കണ്ടിട്ട് കണ്ണിയത്തുസ്താദ് പറഞ്ഞുവത്രെ: ‘ദാറുല്‍ഉലൂമിലുള്ളതിനെക്കാള്‍ കൂടുതലൊന്നും ഇവിടെയില്ല. ദാറുല്‍ഉലൂമിലുള്ളതെല്ലാം എന്റെ ഉള്ളിലുണ്ട്.’

പാരമ്പര്യ വിജ്ഞാനത്തിന്റെ സൂക്ഷിപ്പുകാരനായിട്ടാണ് കണ്ണിയത്തുസ്താദിനെ മലയാളികള്‍ സ്വീകരിച്ചത്. വിജ്ഞാനത്തിനനുസൃതമായ വിനയവും ആ പണ്ഡിത കുലപതിയെ അജയ്യനാക്കി. അരനൂറ്റാണ്ടുകാലം വൈജ്ഞാനിക പ്രാസ്ഥാനിക രംഗങ്ങളില്‍ നേതൃശീര്‍ഷകമായി നിന്നു. 1967ല്‍ സമസ്ത കേരള ജംഇയ്യതുല്‍ഉലമയുടെ പ്രസിഡന്റ് പദവിയിലെത്തി.
കേരളത്തിന്റെ ആദര്‍ശ വൈജ്ഞാനിക മണ്ഡലങ്ങളില്‍ അതികായരായ അനേകം പണ്ഡിത ശ്രേഷ്ഠരെയും നേതൃത്വങ്ങളെയും രൂപപ്പെടുത്തിയ സാമൂഹിക കര്‍തൃത്വം നിര്‍വഹിച്ചവരിലൊരാളാണ് കണ്ണിയത്തുസ്താദ്. താജുല്‍ഉലമ ഉള്ളാള്‍ തങ്ങള്‍, ശംസുല്‍ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, ഹംസ മുസ്‌ലിയാര്‍ ചിത്താരി, മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ കണ്ണിയത്തിന്റെ ശിഷ്യന്മാരാണ്. കേരള മുസ്‌ലിം ജീവിതയാത്രകളെ നിര്‍ണയിച്ച വഴിയടയാളങ്ങളാണ് ഇവരെല്ലാം.
പേര് കേട്ട ചുരുക്കം പള്ളി ദര്‍സുകളിലൊന്ന് കണ്ണിയത്ത് ഉസ്താദിന്റെതായിരുന്നു. 1949ല്‍ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ എഴുപതോളം മുതഅല്ലിമുകള്‍ക്ക് ദര്‍സ് നടത്തിയിരുന്നു. ഭക്ഷണത്തിനുള്ള വഴിയില്ലാത്തതിനാല്‍ അഡ്മിഷന്‍ നല്‍കാത്തതാണ് അത് എഴുപതില്‍ ചുരുങ്ങിയത്. മൂന്നുവര്‍ഷത്തിലേറെ മാട്ടൂല്‍ കേന്ദ്രീകരിച്ചായിരുന്നു. ദര്‍സ്, 1941 മുതല്‍ 1944വരെ. 1967ല്‍ പട്ടിക്കാട് ജാമിഅ നൂരിയയിലും 1973ല്‍ പാറക്കടവിലെ ഒരു കോളേജിലും സേവനമനുഷ്ഠിച്ചു. ഇടക്ക് കാസര്‍കോട് തുരുത്തിയിലുമെത്തി. വാഴക്കാട് ദാറുല്‍ഉലൂമില്‍ മൂന്ന് തവണ അധ്യാപന ജീവിതം നയിച്ചിട്ടുണ്ട്. 1933, 1950, 1970 എന്നീ കാലങ്ങളില്‍.

പുരോഗമന സലഫി ധാരയോട് കണ്ണിയത്ത് ധീരമായി പടവെട്ടി. റദ്ദുല്‍ വഹാബിയ്യ എന്ന പേരില്‍ ഒരു ഗ്രന്ഥവും തയാറാക്കി. തസ്ഹീലു മത്വാലിബിന്‍ സ്വഹിയാണ് മറ്റൊരു രചന. രണ്ടു ഭാര്യമാര്‍. രണ്ടാമത്തേതില്‍ നാലു മക്കള്‍. രണ്ടാണും രണ്ടുപെണ്ണും. 1993 സെപ്തംബര്‍ 19ലാണ് വിയോഗം. വാഴക്കാട് പഴയ ജുമാമസ്ജിദിലാണ് മഖ്ബറ.

 

 

 

 

കീഴടങ്ങാത്ത പാണ്ഡിത്യം
എന്റെ അവസാനതുള്ളി ചോരയും സുന്നികള്‍ക്കെതിരെ ചെലവഴിക്കുമെന്ന് മുസ്ലിം ലീഗിലെ മുജാഹിദ് നേതാവിന്റെ പ്രസംഗം. മുസ്ല്യാര്‍മാര്‍ ആരാന്റെ ചോറും തിന്നിട്ട് ഞങ്ങളെ ഉപദേശിക്കാന്‍ വരണ്ട എന്ന് പ്രസംഗിച്ച അതേ നേതാവ് തന്നെയാണ് പുളിക്കലില്‍ സുന്നികള്‍ക്കെതിരെ ‘അവസാനതുള്ളി’ പ്രസ്താവനയുമായി ഇറങ്ങിയത്. അതേസ്ഥലത്ത് ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞതിങ്ങനെ: ‘തിരഞ്ഞെടുപ്പില്‍ ഒരു മുജാഹിദും അമുസ്ലിമായ സ്ഥാനാര്‍ത്ഥിയും തമ്മില്‍ മത്സരമുണ്ടായാല്‍ സുന്നികള്‍ അമുസ്ലിമായ ആള്‍ക്ക് വോട്ട് ചെയ്യും.’

വഹാബിസവുമായി, മതത്തിലെ നവീകരണവാദവുമായി സന്ധി ചെയ്യാന്‍ ഒരുക്കമല്ലായിരുന്നു അദ്ദേഹം. സുന്നത്ത് ജമാഅത്തിനെതിരായ ഒരു നീക്കവും വകവച്ചു നല്‍കിയില്ല. അപ്പുറത്താര് എന്നത് ഒരു പ്രശ്‌നമായിരുന്നില്ല. പറയാനുള്ള കാര്യങ്ങള്‍ ആരെയും പേടിച്ച് മറച്ചുവെച്ചില്ല. ഒരുവേള, സമുദായരാഷ്ട്രീയ പാര്‍ട്ടിയുടെ കുതന്ത്രങ്ങളെ ധീരമായിത്തന്നെ നേരിട്ടു. സമസ്തയില്‍ നിന്ന് കാന്തപുരം ഉസ്താദിനെ പുകച്ചുപുറത്ത് ചാടിക്കാന്‍ ലീഗ് നേതൃത്വം അണിയറയില്‍ പദ്ധതി തയാറാക്കുന്ന കാലത്ത്, എ പി പോയാല്‍ മറ്റാരും പോയത് പോലെയാകില്ല, അണികളും കൂടെപ്പോകുമെന്ന് മമ്മുക്കേയിയെ ഓര്‍മിപ്പിച്ചയാള്‍.

ഏറനാടന്‍ ഗ്രാമങ്ങളില്‍ ക്രൈസ്തവ മിഷനറി മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് മഞ്ചേരിയില്‍ ബൈബിളിന്റെ പഴയതും പുതിയതുമായ കോപ്പികള്‍ മുന്നില്‍ വെച്ച് പ്രസംഗിച്ചിട്ടുണ്ട് ശംസുല്‍ ഉലമ. സ്വന്തം മതഗ്രന്ഥങ്ങളില്‍ മാത്രം ഗവേഷണത്തെ തളച്ചിട്ടില്ല അദ്ദേഹമെന്ന് ബോധ്യപ്പെടുത്തുന്നതാണ് മഞ്ചേരി പ്രഭാഷണം. കോഴിക്കോട് കല്ലായിയില്‍ ഖാദിയാനിസത്തെ നിലംപരിശാക്കിയ പ്രസംഗവും (1960) സ്മരണീയമാണ്.

ബഹുഭാഷാ പണ്ഡിതന്‍, പ്രഭാഷകന്‍, സംഘാടകന്‍, കറകളഞ്ഞ ആദര്‍ശവാദി, അനേകായിരം ശിഷ്യരുടെ ഉസ്താദ്, വിശ്രമമില്ലാത്ത കര്‍മയോഗി.. വിശേഷണങ്ങള്‍ ഒന്നും അധികമാകില്ല ആ വ്യക്തിത്വത്തിന്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കേരളത്തിലെ സുന്നികളെ രണ്ടു ചേരിയിലാക്കിയപ്പോള്‍ ഒരു പക്ഷത്തെ മുന്നില്‍ നിന്ന് നയിച്ചെങ്കിലും തന്റെ ശിഷ്യരില്‍ പലരും മറുഭാഗത്ത് നിലയുറപ്പിച്ചിട്ടും അവരോട് പിണങ്ങുകയോ പരിഭവപ്പെടുകയോ ചെയ്തില്ല. അവസാനകാലത്ത് സുന്നികള്‍ ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത, അതിനുള്ള ഉല്‍ക്കടമായ ആഗ്രഹം തന്നെ വന്നു കണ്ടവരോടെല്ലാം ഇ കെ ഉസ്താദ് പങ്കുവച്ചു.
1996 ആഗസ്ത് 19 (റബീഉല്‍ ആഖിര്‍ 4)നാണ് അദ്ദേഹം വഫാത്തായത്.

 

 

 

 

 

അറിവിന്റെ ദൂരങ്ങള്‍
കേരളത്തിന്റെ ഓരോ പ്രഭാതവുമുണരുന്നത് ആ മഹാമനീഷിയുടെ ഓര്‍മയിലേക്കാണ്. മരണത്തിനു ശേഷവും നിലക്കാത്ത സുകൃതമായി പുതിയ തലമുറകള്‍ അതനുഭവിക്കുന്നു. മുസ്ലിം സമുദായം മാത്രമല്ല, നാടൊട്ടുക്കും അതിന്റെ സൗരഭ്യമാസ്വദിക്കുന്നു. പറഞ്ഞുവരുന്നത് കേരളത്തിലെ മുസ്ലിം ജീവിതത്തെ ചിട്ടപ്പെടുത്തുന്ന മദ്‌റസകളെ കുറിച്ചാണ്. അവിടെ പഠനാവസരം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെങ്കിലും അതിന്റെ ഗുണഫലം

നുഭവിക്കുന്നത് പൊതുസമൂഹം കൂടിയാണ്. നന്‍മയും സാമൂഹ്യ പ്രതിബദ്ധതയുമുള്ളവരാക്കി വിദ്യാര്‍ത്ഥികളെ മാറ്റിയെടുക്കുന്നതില്‍ മദ്റസാ പ്രസ്ഥാനം വഹിക്കുന്ന പങ്ക് ചെറുതല്ല. ഇവിടെ ഇത് യാഥാര്‍ഥ്യമാക്കിയതില്‍ ധാരാളം പേര്‍ക്ക് പങ്കുണ്ടാകാമെങ്കിലും അങ്ങനെയൊരാലോചന കേരളത്തിലെ മുസ്ലിം മണ്ഡലത്തിലേക്കെടുത്തിടുന്നത് എം എ അബ്ദുല്‍ഖാദര്‍ മുസ്ലിയാരാണ്. അതുമാത്രമല്ല, മദ്‌റസയിലേക്കുള്ള പാഠപുസ്തകങ്ങളില്‍ പലതും തയാറാക്കിയിരുന്നതും ഉസ്താദ് തന്നെയാണ്. ഓരോ പ്രദേശത്തെയും മദ്റസകള്‍ പ്രഭാതത്തില്‍ സജീവമാകുമ്പോള്‍ അത് എം എ ഉസ്താദിന്റെ ഓര്‍മകളിലേക്കുള്ള പിന്‍മടക്കം കൂടിയായി മാറുന്നത് അതുകൊണ്ടാണ്.
ഈയൊരു മേഖലയില്‍ പരിമിതപ്പെടുത്താവുന്ന വ്യക്തിത്വമല്ല ഉസ്താദിന്റേത്. നൂറുല്‍ ഉലമ എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കും വിധം പ്രകാശത്താല്‍ വലയം ചെയ്യപ്പെട്ടതായിരുന്നു ആ ജീവിതം. ആ പ്രകാശം അദ്ദേഹം സമൂഹത്തിലേക്ക് പകര്‍ന്നു. മദ്റസകള്‍ മാത്രമല്ല, അത്യുത്തര കേരളത്തിന്റെ വിജ്ഞാന ദാഹത്തിന് ശമനം നല്‍കിയ സഅദിയ്യയും ആ ധിഷണയുടെ സന്തതിയായി പിറവിയെടുത്തു. എണ്ണമറ്റ ഗ്രന്ഥങ്ങള്‍, അനേകായിരം ശിഷ്യന്മാര്‍, സഅദിയ്യയുടെ തണല്‍ കൊള്ളാന്‍ ഭാഗ്യം ലഭിച്ച ആയിരങ്ങള്‍ വേറെയും.. ഒരു ജീവിതം താണ്ടിയ ദൂരം ഇങ്ങനെയിങ്ങനെ നീണ്ടുപോകുന്നു.

എം എ ഉസ്താദിന്റെ രചനകള്‍ ആധികാരികമായിരുന്നു. കേട്ടുകേള്‍വികള്‍ അതിലിടം പിടിച്ചില്ല. ആരെങ്കിലും എഴുതിവെച്ചത് എടുത്തുദ്ധരിച്ചില്ല. മറ്റുള്ളവരെ ഖണ്ഡിക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും അനാവശ്യമായി ഒരുവരിയുമെഴുതിയില്ല. അന്വേഷണങ്ങളില്‍ ബോധ്യപ്പെട്ടത് മാത്രം പറഞ്ഞു. താര്‍ക്കികന്റെ വാശികളല്ല, പ്രബോധകന്റെ താല്പര്യങ്ങളാണ് ആ എഴുത്തില്‍ തെളിഞ്ഞുകത്തുന്നത്. ഉസ്താദിന്റെ കമ്യുണിസ്റ്റ്, ജമാഅത് വിമര്‍ശ പഠനങ്ങള്‍ മാത്രം മതി ഈ പ്രസ്താവം സാധൂകരിക്കാന്‍. കമ്യൂണിസത്തെക്കുറിച്ച് അക്കാലത്തിറങ്ങിയ ഏറ്റവും മികച്ച മതപക്ഷ വിശകലനം എം എ ഉസ്താദിന്റേതാണെന്ന് നിസ്സംശയം പറയാവുന്നതാണ്. ദീനിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിതനായ ഉസ്താദ് സമസ്തയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോഴാണ് അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി യാത്രയായത്.

 

 

 

 

 

വിതുമ്പുന്നവരുടെ തണല്‍
വൈലത്തൂര്‍ യൂസുഫ് ജീലാനി തങ്ങളുടെ സംസാരത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നാമമാണ് സി എം വലിയുല്ലാഹി. പതിനെട്ട് വര്‍ഷം സി എം വലിയുല്ലാഹിയുടെ മുരീദായും നിത്യസന്ദര്‍ശകനായും കഴിഞ്ഞ വൈലത്തൂര്‍ തങ്ങള്‍ക്ക് ജീവിതത്തിന്റെ ഓരോ സന്ധിയിലും ഒരു സി എം അനുഭവമെങ്കിലും പറയാതിരിക്കാനാവില്ലല്ലോ. ആത്മജ്ഞാനികളെ തേടി അലയുക, അവരില്‍നിന്ന് ദിക്‌റ് ഔറാദുകള്‍ സ്വീകരിക്കുക, അത് തികച്ചും ചൊല്ലിത്തീര്‍ക്കുക. ഇതായിരുന്നു വൈലത്തൂര്‍ തങ്ങളുടെ ജീവിതത്തിന്റെ ചുരുക്കം. ഇരുപതോളം ത്വരീഖത്തുകളില്‍ സാന്നിധ്യമുണ്ടായിരുന്നു തങ്ങള്‍ക്ക്. ഓരോ ത്വരീഖത്തിലുമുണ്ട് ധാരാളം ചൊല്ലിപ്പറയാന്‍. പാതിരാത്രി വരെയും സുബ്ഹിക്ക് വളരെ നേരത്തെയും ഉണര്‍ന്നിരുന്ന് തങ്ങളുടെ പ്രധാന പരിപാടി ഈ ചൊല്ലിപ്പറയല്‍ തന്നെയാണ്.

ഇതില്‍നിന്നെല്ലാം തങ്ങള്‍ സ്വരൂപിച്ചത് ജീവിതത്തിന്റെ തെളിമയും എളിമയുമാണ്.
ആര്‍ഭാടമില്ലാത്ത ജീവിതം. ആകര്‍ഷണീയത തോന്നിക്കാത്ത വസ്ത്രങ്ങള്‍. പേരിനൊരു പുര, ബസ്സും ഓട്ടോറിക്ഷയും കയറിയുള്ള യാത്ര. വൈലത്തൂര്‍ തങ്ങള്‍ക്കങ്ങനെയാണിഷ്ടം.
തങ്ങളുടെ സൗഹൃദവലയത്തില്‍ എല്ലാവരുമുണ്ടായിരുന്നു. പ്രായഭേദമില്ലാത്ത കൂട്ടുകാര്‍. എല്ലാവരോടും സ്‌നേഹം മാത്രം. തോളില്‍ കൈവെച്ച് നടന്നും സംസാരിച്ചും തങ്ങള്‍ എല്ലാവരെയും സന്തോഷിപ്പിച്ചു. നാട്ടുകാരോട് തങ്ങള്‍ക്ക് അടക്കാനാവാത്ത വികാരമായിരുന്നു. നാട്ടിലെ മിക്ക കടകളിലും തങ്ങളെത്തും. അവരോട് കുശലം പറയും. തങ്ങളുടെ ചികിത്സ സ്ഥലത്തുള്ള ഫാര്‍മസികളിലെ കാഷ് കൗണ്ടറില്‍ തങ്ങളെ ഇടക്കിടെ കണ്ടവരുണ്ട്. എ പി ഉസ്താദിന്റെ രണ്ടാം കേരളയാത്രയില്‍ മുഴുസമയ സാന്നിധ്യമായിരുന്നല്ലോ തങ്ങള്‍. യാത്രക്കിടെ നാട്ടുകാരനായ റഫീഖിനെ തങ്ങള്‍ കണ്ടു. തൃശൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയിലാണ് കണ്ടത്. തങ്ങള്‍ റഫീഖിനെ കൈമാടി വിളിച്ചു. മോനേ വാ… എ പി ഉസ്താദിനെ നാട്ടുകാരന്ന് കാണിച്ചുതന്നില്ലെന്ന് പറയരുത് എന്ന് പറഞ്ഞ് കയ്യും പിടിച്ച് എ പി ഉസ്താദിന്റെ അടുത്തെത്തിച്ചു.
കഅ്ബ കഴുകല്‍ ചടങ്ങ് കഴിഞ്ഞ് വൈലത്തൂര്‍ തങ്ങള്‍ തിരിച്ചുവരുന്ന വേളയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ തങ്ങള്‍ക്ക് ഒരു സ്വീകരണം നല്‍കിയിരുന്നു. അവിടെ കണ്ട നാട്ടുകാരനോടും തങ്ങള്‍ പറഞ്ഞു: നമുക്ക് നാട്ടില്‍ കാണാം…
സമസ്ത സ്ഥാപക നേതാക്കളിലൊരാളായ കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരുടെ(ചെറിയമുണ്ടം) ആണ്ടിനോടനുബന്ധിച്ച് തങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി നാട്ടുകാരെ കൂട്ടി സിയാറത്തിനിറങ്ങും. കഴിഞ്ഞാല്‍ എല്ലാവര്‍ക്കും തങ്ങളുടെ വക അന്നദാനം.

എല്ലാ വ്യാഴാഴ്ചയും മഗ്‌രിബിന് ശേഷം നടക്കുന്ന മമ്പുറം സ്വലാത്ത് തങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. ഒരു തവണയെങ്കിലും മുടങ്ങിയതായിട്ട് അറിവിലില്ല.
സുന്നി പ്രസ്ഥാനത്തോടുള്ള തങ്ങളുടെ അടുപ്പവും ബന്ധവും വേറെത്തന്നെയാണ്. പ്രസ്ഥാനത്തിന് വേണ്ടി തങ്ങള്‍ എല്ലാ തിരക്കും മാറ്റിവെച്ചു. ഏത് പരിപാടിയിലും മുന്‍നിരയില്‍ തന്നെ നിന്നു. 89 കാലത്ത് മലപ്പുറം ജില്ല എസ് വൈ എസ് പുനസംഘടിപ്പിച്ചതില്‍ തങ്ങള്‍ക്ക് മുഖ്യ പങ്കാളിത്തമുണ്ടായിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റായിരിക്കെയാണ് വിയോഗം. ഹുസൈന്‍ കാമില്‍ സഖാഫിയുടെ പ്രസംഗം സുന്നി വിരോധികള്‍ തടഞ്ഞപ്പോള്‍ തങ്ങള്‍ നാട്ടുകാരായ പ്രവര്‍ത്തകരെയും കൂട്ടി സദസ്സിലേക്ക് പുറപ്പെട്ടത് എസ് എസ് എഫുകാര്‍ ഇന്നും ഓര്‍ക്കുന്നു. സുന്നി സംഘടനകള്‍ക്കും എ പി ഉസ്താദിനും തങ്ങളുടെ സാന്നിധ്യം കരുത്തുപകര്‍ന്നു.

കരിങ്കപ്പാറ ഉസ്താദ്, വേങ്ങര കോയപ്പാപ്പ, വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാര്‍ എന്നിവരാണ് തങ്ങളുടെ ഗുരുസ്ഥാനീയര്‍. അറിവും ആത്മജ്ഞാനവും അര്‍ഹിക്കുന്ന ഉറവിടങ്ങളില്‍നിന്ന് തന്നെയാണ് തങ്ങള്‍ക്ക് കിട്ടിയത്. കരിങ്കപ്പാറ ഉസ്താദിന്റെ മകന്‍ ബാപ്പു മുസ്‌ലിയാര്‍ നാട്ടുകുട്ടികള്‍ക്ക് നടത്തിയിരുന്ന ദര്‍സില്‍ തങ്ങള്‍ ഒരു കുട്ടി മുതഅല്ലിമായിരുന്നത്രെ. പഠനം കഴിഞ്ഞ് ജോലിയും മറ്റുമായി കഴിയുമ്പോഴാണ് ഈ ഓത്ത് എന്നറിയുമ്പോള്‍ അറിവിനോടും ഉസ്താദുമാരോടും തങ്ങള്‍ പുലര്‍ത്തിയ അടുപ്പം നമുക്ക് പാഠമാണ്.

മുഹ്‌യിദ്ദീന്‍ ശൈഖിലേക്ക്(റ) ചെന്നുചേരുന്നതാണ് തങ്ങളുടെ വംശപരമ്പര. അതാണ് യൂസുഫുല്‍ ജീലാനി എന്നുവന്നത്. അതുതന്നെയാണ് തങ്ങളുടെ ചുറ്റിലും പ്രാരാബ്ധങ്ങളുടെ കഥകളുമായി തടിച്ചുകൂടിയ ജനക്കൂട്ടവും. 1946ലാണ് ജനനം. പിതാവ് സയ്യിദ് കോയഞ്ഞി തങ്ങള്‍. മാതാവ് സയ്യിദ് ആഇശ ബീവി. 2017ലാണ് വിയോഗം.

 

 

 

 

 

സംവാദങ്ങളുടെ അരങ്ങില്‍
പുതിയകാലത്ത് പരീക്ഷിച്ചു കൊണ്ടിരിക്കുന്ന അധ്യാപന രീതി പഴയകാലത്തുതന്നെ അവലംബിച്ചിരുന്ന വ്യക്തിത്വമായിരുന്നു കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍. വിഷയങ്ങളെക്കുറിച്ചുള്ള വ്യത്യസ്താഭിപ്രായങ്ങളെ അവതരിപ്പിക്കുകയും നാലു മദ്ഹബുകളും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന അധ്യാപന ശൈലിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഈ രീതിയാണ് നെല്ലിക്കുത്ത് ഉസ്താദ് പിന്തുടര്‍ന്നത്. പരീക്ഷാസമ്പ്രദായവുമുണ്ടായിരുന്നു ജമാലുദ്ദീന്‍ ഉസ്താദിന്റെ ദര്‍സില്‍. അവിടെ നടത്തിയ പരീക്ഷകളില്‍ ശറഹു മുസ്‌ലിമിലും മൈബദിയിലും നെല്ലിക്കുത്ത് ഉസ്താദിന് ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. ബൗദ്ധിക നിലാവരമുയര്‍ന്നെന്ന് പറയുന്ന പുതിയ കാലത്തെ പഠിതാക്കള്‍ താദാത്മ്യം പ്രാപിക്കാന്‍ പാടുപെടുന്ന രീതിയെ വരുതിയിലാക്കി ഒന്നാമതെത്തിയ കഥ അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവിച്ചതെന്നോര്‍ക്കുമ്പോഴാണ് ആ മുതഅല്ലിമിന്റെ പ്രാഗത്ഭ്യം തിരിച്ചറിയാനാകുന്നത്.

പഠനകാലത്താണ് മഞ്ചേരി കോടതിക്കു സമീപമുള്ള കച്ചേരിപ്പടി പള്ളിയില്‍ ജമാഅത്തുകാരനായ ഖത്തീബിനെ ജനമധ്യത്തില്‍ അടിയറവു പറയിപ്പിച്ച ആദര്‍ശ പോരാട്ടം നടത്തിയത്. ദുയൂബന്ദിലെ പഠനകാലത്ത് ഉസ്താദുമാരുടെ ‘വെല്ലുവിളി’ ഏറ്റെടുത്ത് കഴിവു തെളിയിച്ച സന്ദര്‍ഭങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി കേരള ചരിത്രത്തില്‍ തന്നെ പ്രസിദ്ധമായ കൊട്ടപ്പുറം, ഓണംപിള്ളി പോലെയുള്ള നിരവധി സംവാദങ്ങളുടെ അരങ്ങില്‍ ജ്വലിച്ചുനിന്നു. ഖണ്ഡന പ്രസംഗങ്ങളിലും കൊടതിക്കേസുകളിലുമെല്ലാം ആദര്‍ശ വിരോധികളുടെ വായടപ്പിച്ചു.

അരിമ്പ്ര, പുല്ലാര, കാവനൂര്‍ തവരാപ്പറമ്പ്, പൊടിയാട്, നന്തി ദാറുസ്സലാം, കാരന്തൂര്‍ മര്‍കസ് എന്നിവിടങ്ങളിലായി 1964 മുതല്‍ 2011 വരെ നീണ്ടുനിന്ന ദര്‍സുകാലം കേരളത്തിലെ ഇസ്‌ലാമിക പ്രബോധന ചരിത്രം തന്നെ മാറ്റിയെഴുതിയ ആയിരക്കണക്കിന് ശിഷ്യന്‍മാരെയാണ് സൃഷ്ടിച്ചത്. കനപ്പെട്ട നിരവധി രചനകള്‍ നടത്തിയ അനുഗൃഹീതനായ ഒരു എഴുത്തുകാരനാണ് നെല്ലിക്കുത്ത് ഉസ്താദ്. മലയാളത്തിലും അറബിയിലുമായി മുപ്പത്തിമൂന്ന് ഗ്രന്ഥങ്ങള്‍ ഉസ്താദ് രചിച്ചിട്ടുണ്ട്. തൗഹീദ് ഒരു സമഗ്രപഠനത്തിനു പുറമെ ജുമുഅ ഒരു പഠനം, മരണാനന്തര മുറകള്‍, തഖ്‌ലീദ് ഒരു പഠനം, മതത്തിലൂടെ ഒരു പഠനപര്യടനം, ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ തുടങ്ങിയവ അതില്‍ പ്രസിദ്ധമാണ്. ഒരു മലയാളി രചിച്ച ഏറ്റവും വലിയ അറബി ഗ്രന്ഥമാണ് മിര്‍ആത്ത്. 8 വാള്യങ്ങളിലായി 7000 ത്തിലേറെ പേജുകളുള്ള ഈ ഗ്രന്ഥം ഇസ്മാഈല്‍ ഉസ്താദിന്റെ മാസ്റ്റര്‍ പീസാണ്.

സമസ്തയുടെ ഏറനാട് താലൂക്ക് വൈസ് പ്രസിഡന്റായി സംഘടനാ ഭാരവാഹിത്വത്തിലേക്ക് വന്ന നെല്ലിക്കുത്ത് ഉസ്താദ് മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ്, മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിക്കുകയും പ്രാസ്ഥാനിക മുന്നേറ്റത്തില്‍ വലിയ സംഭാവനകളര്‍പ്പിക്കുകയും ചെയ്തു.

 

 

 

 

ഖുര്‍ആന്റെ തോഴന്‍ 
തമാശ ചേര്‍ന്ന വാക്കുകളില്‍ കുട്ടികളെ മുതല്‍ വലിയ പണ്ഡിതന്മാരെ വരെ ഖുര്‍ആന്‍ ഓതിപ്പഠിപ്പിച്ച വലിയ ഒരു ഉസ്താദ് ഉണ്ടായിരുന്നു. ഖാരിഅ് ഹസന്‍ മുസ്‌ലിയാര്‍. 1934 ഏപ്രില്‍ നാലിനായിരുന്നു ജനനം. ഉപ്പ പരുതിനി മുഹമ്മദ്. ഉമ്മ പാലായി ഹസൈനാരുടെ മകള്‍ മറിയുമ്മ. സ്വദേശം മഞ്ചേരി പട്ടര്‍കുളത്തിനടുത്ത് നറുകര ഗ്രാമം.

ഗുരുവര്യന്മാരുടെ ഗുരു- ഉസ്താദുല്‍അസാതീദ് എന്ന് വിളിക്കാവുന്ന മുദ്രകള്‍ പതിപ്പിച്ച അധ്യാപകനാണ് ഖാരിഅ് ഉസ്താദ്. 1967 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു ഖാരിഅ്. 1988 വരെ അവിടെയായിരുന്നു. 1996 മുതല്‍ മരണം വരെ കാരന്തൂര്‍ മര്‍കസില്‍നിന്ന് ബിരുദമെടുത്തിറങ്ങിയ സഖാഫിമാരുടെയും ഗുരുവാണ്. പി എം കെ ഫൈസി, മുസ്തഫാ ഫൈസി, വി പി എം വില്യാപ്പള്ളി, സയ്യിദലി ബാഫഖി തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍, പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, അബൂബക്കര്‍ ശര്‍വാനി, കെ ആലിക്കുട്ടി മുസ്‌ലിയാര്‍… അങ്ങനെ വലിയ സ്ഥാനങ്ങളിലെത്തിയ എണ്ണമറ്റ ശിഷ്യന്മാരുണ്ട് ഉസ്താദിന്.

ഫാതിഹ ഓതിക്കൊടുത്താണ് ക്ലാസിന്റെ തുടക്കം. മദ്ദ്, ശദ്ദ്, ഗുന്നത്ത്, ഇദ്ഗാം, അക്ഷരങ്ങള്‍ സ്ഥാനത്തുനിന്ന് കൊണ്ടുവരല്‍… ഇങ്ങനെ പാരായണത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ തമാശകള്‍ക്കും കാര്യത്തിനുമിടയില്‍ പറഞ്ഞ് കഴിഞ്ഞിട്ടുണ്ടാവും. അതുപോലെ ഖുര്‍ആന്‍ എഴുത്തിലും പാരായണശാസ്ത്രത്തിലും ഉണ്ടായിട്ടുള്ള അനേകമനേകം വഴിത്തിരിവുകളും ആ ക്ലാസിന്റെ വിഷയമായിരിക്കും. എല്ലാം കേള്‍ക്കുന്നവര്‍ക്ക് ഇമ്പം തോന്നും വിധത്തിലാണ് അവതരണം. ഫാതിഹ ശരിയാക്കി വരാന്‍ ഒന്നും രണ്ടും ദിവസമെടുക്കും. പിന്നെ അല്‍ബഖറ മുതല്‍ ഓത്ത് തുടരും. ഫാതിഹ ഓതിക്കഴിയുമ്പോള്‍ തന്നെ അടിസ്ഥാന പാരായണ നിയമങ്ങള്‍ ഏറെക്കുറെ ഓരോരുത്തരും സ്വായത്തമാക്കിക്കഴിഞ്ഞിരിക്കും. അത്രക്ക് സ്വാദിഷ്ടമാണ് അവതരണവും അനുഭവവും. തുടര്‍ന്നുള്ള ഓത്ത് ഫാതിഹ ഓതുമ്പോള്‍ കിട്ടിയ അനുഭവങ്ങളും ഓര്‍മപ്പെടുത്തലും കൊണ്ട് സമ്പന്നമായിരിക്കും. ചുരുക്കത്തില്‍ ഖുര്‍ആന്‍ എവിടെയും ആര്‍ക്കും ഓതിക്കൊടുക്കാനുള്ള ആത്മവിശ്വാസം ശിഷ്യന്മാര്‍ക്ക് കൈവന്നിരിക്കും.
ഏഴ് ഓത്ത് രീതിയിലും പ്രാവീണ്യമുണ്ട്. മലയാളത്തില്‍ അതിനൊത്ത ഒരു ഗുരുവിനെ അക്കാലത്ത് ഒത്തുകിട്ടാത്തതിനാല്‍ ബാംഗ്ലൂര്‍ സബീലുറശീദ് അറബിക് കോളേജില്‍ പോയാണത് നേടിയത്. കോളജ് പ്രിന്‍സിപ്പല്‍ ഹാഫിള് ഇംദാദുല്ലാസാഹിബ് ആയിരുന്നു ഗുരു. 1978ലാണ് ഈ ബിരുദം വാങ്ങുന്നത്.

1934ല്‍ തുടങ്ങിയ ബന്ധമായിരുന്നു ഖുര്‍ആനുമായി. ആയുസ്സിന്റെ പാതിയും ഖുര്‍ആനില്‍തന്നെയായി. പുലര്‍ച്ചെ ആറിന്ന് തുടങ്ങി രാത്രി ഒമ്പത് മണി വരെമുടങ്ങാതെയുള്ള അധ്യാപനത്തില്‍ ശരീരം ശോഷിച്ചു. തളര്‍ന്നു. പക്ഷേ, മനസ്സിന് ഖുര്‍ആന്‍ നല്‍കിയ യുവത്വം എന്നുമുണ്ടായിരുന്നു.

കെ കെ സ്വദഖതുല്ല മുസ്‌ലിയാരാണ് പ്രധാന ഗുരു. ഗുരുവിനെ ചൊല്ലി വലിയ അഭിമാനമുള്ള ശിഷ്യനായിരുന്നു. ഇടക്കിടെ കാണാനും പോവും. പട്ടര്‍കുളം എന്നായിരുന്നു ഗുരുവിന്റെ സ്‌നേഹംനിറഞ്ഞ വിളി. ദുന്‍യാവും ആഖിറവും തന്നത് ഉസ്താദ് ആണെന്ന് സ്വദഖതുല്ലാഹ് മുസ്‌ലിയാരെ ഓര്‍ത്ത് പറയും.

1997 ഒക്ടോബറില്‍, ആ വലിയ പണ്ഡിതന്‍ മണ്‍മറഞ്ഞു. ആയിരങ്ങളായിരുന്നു മരണവാര്‍ത്തയറിഞ്ഞ് മഞ്ചേരിക്കടുത്ത നറുകര ഗ്രാമത്തിലേക്ക് കുത്തിയൊഴുകിയത്. ഖുര്‍ആന്‍ നാവിലേക്കും മനസ്സിലേക്കും വെച്ചുതന്ന ഗുരുവിനെ നമുക്കുമോര്‍ക്കാം, മറക്കാതെ.

 

 

 

 

 

പ്രബോധകന്റെ വഴി
പുതിയ തലമുറക്കറിയില്ല, ഒരു കാലത്ത് മലപ്പുറം ജില്ലയിലെ പ്രസ്ഥാനിക സ്പന്ദനമായിരുന്നു മലപ്പുറം വെന്നിയൂരിലെ എന്‍ എം കുഞ്ഞുമോന്‍ ഫൈസി. വാദി സലാമില്‍ ജില്ലാ സുന്നി ഹെഡ് കോര്‍ട്ടേഴ്‌സ് ഉണ്ടായിരുന്നെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ തിരൂരങ്ങാടി താഴെചിന പള്ളിയായിരുന്നു ജില്ലയിലെ പ്രസ്ഥാനത്തിന്റെ സജീവ കാര്യാലയം. അവിടെ മുദരിസിന്റെ റൂം ഇരുപത്തിനാല് മണിക്കൂറും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. നെഞ്ചില്‍ തീച്ചൂടുമായി നേതാക്കളും പ്രവര്‍ത്തകരും താഴെചിന പള്ളിയില്‍ സമയാസമയങ്ങളില്‍ കേറിവരും. മുദരിസ് ചിലപ്പോള്‍ അധ്യാപനത്തിലാവും. അല്ലെങ്കില്‍ കിട്ടിയ ഒരഞ്ചുമിനിറ്റില്‍ വിശ്രമത്തിലാവും. ഏതവസ്ഥയിലായാലും ആര്‍ക്കും വന്നു വിളിക്കാം. വസ്ത്രം മാറി നിങ്ങളുടെ കൂടെ ഇറങ്ങിവരും. എന്താണ് നിങ്ങളുടെ ആവശ്യം? പോലീസ് സ്‌റ്റേഷനില്‍, ആശുപത്രിയില്‍, കടം, കല്യാണം, ഭക്ഷണം, മാധ്യസ്ഥം… എല്ലാത്തിനും കുഞ്ഞുമോന്‍ ഫൈസിയെ അറിയിച്ചാല്‍ മതി. പിന്നെ അത് തീര്‍പ്പാക്കിയിട്ടേ വിശ്രമമുള്ളൂ. ഇതാര്‍ക്ക് വേണ്ടിയായിരുന്നു ഫൈസി ഓടിയത്. താന്‍ പ്രവര്‍ത്തിക്കുന്ന ഘടകത്തിനോ സംഘടനക്കോ സ്ഥാപനത്തിനോ ഏരിയക്കോ വേണ്ടി മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടി. ഓട്ടം തന്നെ ഓട്ടം. സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ മുതല്‍ സുന്നി ബാലസംഘം വരെയുള്ള സംഘടനാ സംവിധാനങ്ങള്‍ക്ക് ഫൈസിയെ എപ്പോഴും വേണമായിരുന്നു.

നാം തിരക്കിട്ട് പോവുകയായിരിക്കും. പക്ഷേ ഫൈസി കൂടെയുണ്ടെങ്കില്‍ നിങ്ങളുടേതൊന്നും തിരക്കല്ല. ഫൈസിക്ക് ഇടക്കിടെ വണ്ടി നിറുത്തണം. ഏതെങ്കിലും പ്രവര്‍ത്തകന്മാര്‍ വഴിയില്‍ വണ്ടി കിട്ടാതെ നില്‍ക്കുന്നത് കണ്ടിട്ടുണ്ടാവും. അല്ലെങ്കില്‍ മറ്റേതെങ്കിലും ഏരിയയിലെ പ്രവര്‍ത്തകര്‍. അയാളെ ഇപ്പോള്‍ കണ്ടാല്‍ ആ ഏരിയയിലെ സംഘടനാ വിവരം അറിയാം. ആവശ്യമായ സഹായങ്ങള്‍ ചെയ്യാം. അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാപനത്തിന്റെ കടബാധ്യതകള്‍ അറിയിച്ചിട്ടുണ്ടാവും. അതിലേക്ക് എന്തെങ്കിലും തരാന്‍ കഴിയുന്ന ഒരാളുടെ വീടിന്റെ/ സ്ഥാപനത്തിന്റെ ഭാഗത്ത് എത്തിയിട്ടുണ്ടാവും. ഫൈസി അവിടെയിറങ്ങും. പോയി ആളെക്കാണും. ആവശ്യമായ സഹായം കൈപ്പറ്റിപ്പോരും. അല്ലെങ്കില്‍ ആരുടെയെങ്കിലും കല്യാണക്കാര്യം. പറ്റിയ ചെറുക്കനെ/ പെണ്ണിനെ തേടിയുള്ള ചിന്തയില്‍ കൊള്ളാവുന്ന ഒരിടത്തെത്തിയാല്‍ ഫൈസി പറയും: വണ്ടി ഒന്ന് ചവിട്ട്. ഇവിടെ ഒരാളെ കാണണം. ഇറങ്ങി ആളെ കണ്ട് വിലാസം കൈമാറിപ്പോരും. അല്ലെങ്കില്‍ പള്ളിയുമായി/ മദ്‌റസയുമായി/ ദീനി കാര്യങ്ങളുമായി ബന്ധമില്ലാത്ത കുട്ടികളെ കാണും. അവരെ വിളിച്ച് ചായയൊക്കെ വാങ്ങിക്കൊടുത്ത് വഴിയരികില്‍ നിന്ന് വിശദമായ കുശലാന്വേഷണം നടത്തും. വീട്ടുകാര്യങ്ങള്‍, പഠിപ്പുകാര്യങ്ങള്‍, എല്ലാം ചോദിച്ചറിയും. ആ കുട്ടിയെപ്പറ്റി എല്ലാം പഠിച്ച് അവന് വേണ്ട നിര്‍ദേശങ്ങള്‍കൊടുത്ത് അവനെ മാറ്റിയെടുത്തിട്ടുണ്ടാകും.

തിരൂരങ്ങാടി താഴെച്ചിനയില്‍നിന്ന് തിരൂരങ്ങാടി ടൗണിലേക്ക് ഇത്ര ദൂരമുണ്ടോ എന്ന് ഫൈസിയെ കാത്ത് തിരൂരങ്ങാടി ടൗണില്‍ നില്‍ക്കുന്നവര്‍ക്ക് തോന്നും. ഫൈസിക്ക് അത് അനേകം ദൂരമാണ്. ഒരു മതപ്രബോധകന്‍ താണ്ടിക്കടക്കേണ്ട അനേകദൂരങ്ങള്‍ ആ ഒരു ക്ഷണനേരം കൊണ്ട് ഫൈസി താണ്ടിക്കടന്നിട്ടുണ്ടാവും. വഴിയില്‍ കണ്ടവരോടൊക്കെ സംസാരിച്ച്/ ചിരിച്ച്/ വിവരങ്ങള്‍ വാങ്ങി, അവശ്യ സഹകരണങ്ങള്‍ നല്‍കിയേ ഫൈസി തിരൂരങ്ങാടി ടൗണിലെത്തൂ. ഒരിക്കല്‍ കണ്ടവര്‍ക്ക് മറക്കാനാവാത്ത ആ മുഖം കണ്‍മുന്നില്‍നിന്ന് മറഞ്ഞിട്ട് രണ്ട് പതിറ്റാണ്ടായി. 1996 ഓഗ. 24ന്ന് ഒരു റബി. ആഖിറില്‍. ഇന്ന് കാണുന്ന എല്ലാ പ്രാസ്ഥാനിക പ്രഭാവത്തിന്റെയും ആന്തരികോര്‍ജമായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരില്‍ ഒരാളാണ് ഫൈസി. ആ നിഷ്‌കാമകര്‍മിക്ക് ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകള്‍…
കൂടെ പ്രവര്‍ത്തിച്ച സുന്നി യുവജനസംഘം മുന്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാളായ പി കെ അബ്ദുറഹ്മാന്‍ മാസ്റ്ററുടെ വരികളിങ്ങനെ:

‘സുന്നി സമ്മേളനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും ഇഷ്ടം പോലെ പണം എത്തിച്ചുതന്ന ആ നേതാവ് രോഗശയ്യയില്‍ കിടക്കുമ്പോഴാണ് പുത്രിയുടെ വിവാഹം നടക്കുന്നത്. തനിക്കോ മക്കള്‍ക്കോ വേണ്ടി ഒന്നും കരുതി വെക്കാത്ത ആ നേതാവിന്റെ മകളുടെ കല്യാണം അറിഞ്ഞും കേട്ടും വീട്ടില്‍ ചെന്നപ്പോഴാണ് ആ കുടുംബത്തിന്റെ ദയനീയ ചിത്രം പലര്‍ക്കും മനസ്സിലാക്കാനായത്.’

രിസാല ഡെസ്‌ക്‌

You must be logged in to post a comment Login