നിലംപൊത്തരുത് നീതിയുടെ പൂമരം

നിലംപൊത്തരുത് നീതിയുടെ പൂമരം

യശ്ശശരീരനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്‌നേഹപൂര്‍വം ശാഹിദിന് നല്‍കിയ ഒരു പുസ്തകം വിലപ്പെട്ട ഉപഹാരമായി ഇന്നും സൂക്ഷിക്കുന്നുണ്ട്. ‘”India: A People Betrayed ‘ (ഇന്ത്യ: വഞ്ചിക്കപ്പെട്ട ഒരു ജനത) എന്ന ശീര്‍ഷകത്തില്‍ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിലേക്കും പ്രശ്‌നങ്ങളിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന വിദഗ്ധരുടെ ലേഖന സമാഹാരമാണീ പുസ്തകം. അതില്‍ നീതിന്യായ വ്യവസ്ഥയെ ആമൂലാഗ്രം ഗ്രസിച്ച അപചയങ്ങളെകുറിച്ചാണ് ആ നിയമവിശാരദന്‍ ഗഹനമായ നിരീക്ഷണങ്ങള്‍ നടത്തുന്നത്. ആ ലേഖനത്തിന് അദ്ദേഹം കൊടുത്ത തലക്കെട്ട് ഇങ്ങനെ : The Judiciary, Don’t Write Your Obituary’ ‘ നീതിന്യായ സംവിധാനമേ, നിങ്ങള്‍ ചരമക്കുറിപ്പ് എഴുതരുതേ! 1993കാലഘട്ടത്തില്‍ കൃഷ്ണയ്യര്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയെ പിടിപെട്ട കലശലായ രോഗങ്ങള്‍ തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു: ‘ നീതിക്കായുള്ള ജനങ്ങളുടെ ദാഹം ശമിപ്പിക്കുന്ന കാര്യത്തില്‍ കോടതികള്‍ ഇന്ന് ഒരു താല്‍പര്യവും കാണിക്കുന്നില്ല. അതുപോലെ പൊതുജന താല്‍പര്യ വ്യവഹാരങ്ങളിലും. മനുഷ്യര്‍ നശ്വരമാണ്, പക്ഷേ, നിയമപോരാട്ടം അനശ്വരമാണ്. ഒരു സാദാ കച്ചവടക്കാരന്‍ കാണിക്കുന്ന ബിസിനസ് മാനേജ്‌മെന്റ് പാടവം നീതിനിര്‍വഹണ കാര്യത്തില്‍ ബാറിന്റെയും ബെഞ്ചിന്റെയും പ്രവര്‍ത്തനം ഒരുമിച്ചുവെച്ചാലാവില്ല’.

ബ്രിട്ടീഷുകാരില്‍നിന്ന് അനന്തരമായെടുത്ത ‘രാജ് സിന്‍ഡ്രോം’ ആണെത്ര നമ്മുടെ കോടതികളുടെ ഏറ്റവും വലിയ ബലഹീനത. എത്രയും പെട്ടെന്ന് അര്‍ഹിക്കുന്നവര്‍ക്ക് നീതി എത്തിച്ചുകൊടുക്കുന്നതിനു പകരം, എങ്ങനെ നീതി വൈകിപ്പിക്കാമെന്നും അട്ടിമറിക്കാമെന്നും ന്യായാധിപന്മാര്‍ പോലും ചിന്തിക്കുന്നതായി വി.ആര്‍ കൃഷ്ണയ്യര്‍ വിലപിച്ചു. ജുഡീഷ്യറിയില്‍ ചീഞ്ഞുമാറുന്ന ജീര്‍ണതകളില്‍ മനംനൊന്ത് നിര്‍ണായക ഘട്ടങ്ങളില്‍ പൊട്ടിത്തെറിക്കാറുള്ള അദ്ദേഹം ജഡ്ജിമാര്‍ രാഷ്ട്രീയക്കാര്‍ക്ക് പാദസേവ ചെയ്യുന്നതിനെ കുറിച്ചും മന്ത്രിമാരെ സ്വീകരിക്കാനും യാത്രയയക്കാനും വിമാനത്താവളം വരെ പോകുന്ന മാനസിക അധമത്വത്തെ കുറിച്ചും പുച്ഛത്തോടെ , ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യയില്‍ എഴുതിയപ്പോള്‍ അക്കാലത്ത് ജനത്തിനു വിശ്വാസം വന്നില്ല. പക്ഷേ, കൃഷ്ണയ്യര്‍ പറഞ്ഞതിനപ്പുറം കോടതിയുടെ അകത്തളങ്ങളില്‍ കൊള്ളരുതായ്മകള്‍ നടമാടുന്നുണ്ടെന്ന് ഏറ്റവും സീനിയറായ നാല് സുപ്രീംകോടതി ജഡ്ജിമാര്‍ ഇക്കഴിഞ്ഞ ജനുവരി 12ന് വാര്‍ത്താസമ്മേളനത്തിലൂടെ വിളിച്ചുപറഞ്ഞപ്പോള്‍ രാജ്യം ഞെട്ടി! ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ കലാപത്തിന്റെ, അല്ലെങ്കില്‍ വിപ്ലവത്തിന്റെ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കപ്പെടുകയാണെന്ന് സാധാരണക്കാര്‍ പോലും ഒരു പോലെ വിളിച്ചുപറഞ്ഞു. അസാധാരണവും സ്‌ഫോടനാത്മകവുമായ ഈ സംഭവം ദിവസങ്ങളോളം പരമോന്നത നീതിപീഠത്തെ അരാജകത്വത്തിന്റെ മുള്‍മുനയില്‍ നിറുത്തി എന്ന് മാത്രമല്ല, നരേന്ദ്രമോഡി വാഴുന്ന കാലത്ത് ഇന്ത്യന്‍ ജുഡീഷ്യറി എത്രത്തോളം വലത്തോട്ട് ചാഞ്ഞാണ് കിടക്കുന്നത് എന്നുകൂടി ലോകത്തിനു മനസ്സിലാക്കിക്കൊടുത്തു. നീതിയും നെറിയും മാഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹിക പരിസരത്ത് പൗരന്മാരുടെ അവസാന അഭയകേന്ദ്രമായി ഇതുവരെ സങ്കല്‍പിച്ചുപോന്ന നീതിന്യായവ്യവസ്ഥ വിചാരിച്ചതു പോലെ പാവനമോ നിഷ്പക്ഷമോ അല്ലെന്നും ആര്‍ക്കൊക്കെയോ വേണ്ടി അമരത്തിരിക്കുന്നവര്‍ ഒത്താശ ചെയ്തുകൊടുക്കുകയാണെന്നുമുള്ള ആരോപണം നീതിയുടെ കോവിലകത്തുനിന്ന് തന്നെ പുറത്തുവന്നപ്പോള്‍ , ജനാധിപത്യത്തില്‍ ഇങ്ങനെയും ഒരു തിരുത്തല്‍ പ്രക്രിയ ബാക്കികിടപ്പുണ്ടെന്ന് പൊതുജനത്തിന് ഗ്രഹിക്കാനായി.

പൊന്നിന്‍ തളിക കൊണ്ട് മൂടിവെച്ചത്
ജസ്റ്റിസ്മാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകൂര്‍ എന്നിവരാണ് കോടതി നടപടികള്‍ ബഹിഷ്‌കരിച്ച്, ചെലമേശ്വറിന്റെ ഔദ്യോഗിക വസതിയുടെ അങ്കണത്ത് ഒരുക്കിയ കസേരകളില്‍ നിരന്നിരുന്ന് രാജ്യവാസികളോട് കയ്‌പേറിയ കുറെ സത്യങ്ങള്‍ തുറന്നുപറഞ്ഞത്. പൊന്നിന്‍ തളിക കൊണ്ട് മൂടിവെച്ച കോടതിരഹസ്യങ്ങള്‍ പകല്‍വെളിച്ചത്തില്‍ വിളിച്ചുപറഞ്ഞത്. പരമോന്നത കോടതികളില്‍ അനഭിലഷണീയമായ ചിലത് നടക്കുന്നുവെന്നും മുതിര്‍ന്ന ന്യായാധിപര്‍ എന്ന നിലയില്‍ അതു തിരുത്താന്‍ ശ്രമിച്ചിട്ടും വിജയിച്ചില്ലെന്നുമാണ് ഇവരുടെ പരിദേവനം. രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ള സുപ്രധാന കേസുകള്‍ ഇഷ്ടപ്പെട്ട ‘ബെഞ്ചിനെ’ പ്രത്യേകമായി തിരഞ്ഞെടുത്ത് ഏല്‍പിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഇവര്‍ ഉന്നയിച്ചത്. ഈ സ്ഥാപനത്തെ അതിന്റെ പാവനയില്‍ കാത്തുസൂക്ഷിച്ചില്ലെങ്കില്‍ ജനാധിപത്യത്തിന്റെ നിലനില്‍പ് തന്നെ അവതാളത്തിലാകുമെന്നും ന്യായാധിപന്മാര്‍ മുന്നറിയിപ്പ് നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഗുരുതരമായ ഈ ആരോപണം കേട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആദ്യം കരുതിയത് സുപ്രീംകോടതി കൊളീജിയം രൂപവത്കരിച്ചതിലെ അപാകതകളാവാം ജഡ്ജിമാരെ രോഷം കൊള്ളിച്ചതെന്നാണ്. മുമ്പ് ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തിയും ആശങ്കയും പ്രകടിപ്പിച്ചുകൊണ്ട് തങ്ങള്‍ നാലുപേരു കൂടി എഴുതിയ കത്തിന്റെ കോപ്പി പത്രക്കാര്‍ക്കിടയില്‍ വിതരണം ചെയ്തതോടെ, പരമോന്നത ന്യായാസനത്തിന്റെ അകത്തളങ്ങളില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്നതിന്റെ തെളിവുകള്‍ മുന്നില്‍ കുന്നുകൂടുകയായിരുന്നു. സുപ്രിംകോടതിയുടെ പ്രമാദമായ സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസ് വിചാരണ കേട്ടുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരിച്ച മുംബൈ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ അന്ത്യത്തെ കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി, ജുനിയര്‍ ജഡ്ജായ അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനെ ഏല്‍പിച്ചതാണ് ചെമലേശ്വറും അടുത്ത് ചീഫ് ജസ്റ്റിസാവേണ്ട ഗൊഗോയിയും മറ്റു രണ്ടുപേരും ക്രമരാഹിത്യത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ജഡ്ജിമാരുടെ വാര്‍ത്താസേമ്മളനത്തിലൂടെ ഭൂകമ്പം സൃഷ്ടിക്കപ്പെടുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ ദുഷ്യന്ത് ദവെ, ദേശീയമാധ്യമങ്ങളിലെഴുതിയ ഒരു ലേഖനത്തില്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ ക്രൂരകൃത്യങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ടായിരുന്നു. അതില്‍ പ്രധാനം ജഡ്ജി ലോയയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയില്‍ വരുന്ന ഈ കേസ് താരതമ്യേന ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിലേക്ക് പോയപ്പോള്‍ തന്നെ പലരും പുരികം ചുളിച്ചു. ജസ്റ്റിസ് മിശ്രക്ക് ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടെന്ന ദുഷ്യന്ത് ദവെയുടെ ആരോപണത്തോടെ ആ കേസ് കേള്‍ക്കാന്‍ അദ്ദേഹം അയോഗ്യനാവുന്നുണ്ട്. 2016 ഡിസംബറില്‍ ജസ്റ്റിസ് മിശ്രയുടെ മരുമകന്റെ വിവാഹ സല്‍ക്കാരത്തില്‍ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യം താന്‍ നേരിട്ടുകണ്ടതാണെന്നും ദവെ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് അരൂണ്‍ മിശ്രയുടെ ബെഞ്ചിലാണ് കേസ് കേള്‍ക്കുന്നതെങ്കില്‍ നിയമപോരാട്ടത്തില്‍നിന്ന് പിന്മാറുകയാണ് നല്ലതെന്ന് വരെ അദ്ദേഹം തന്റെ കക്ഷിയെ ഉപദേശിച്ചതായി തുറന്നുപറഞ്ഞു. മെഡിക്കല്‍ കോളജ് കേസില്‍ നൂറ് കോടിയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസിന് എതിരെ വിരല്‍ നീണ്ട ഈ കേസില്‍ വിഷയം ഭരണഘടന ബെഞ്ചിന് വിടുകയും പ്രത്യേക അന്വേഷണസംഘം വേണമെന്ന് വിധിക്കുകയും ചെയ്തത് ജസ്റ്റിസ് ചെലമേശറാണ്. ആ വിധിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അട്ടിമറിച്ചത്. ഇത് സ്വാഭാവികമായും സീനിയര്‍ ന്യായാധിപന്മാരെ പ്രകോപിപ്പിച്ചു.
ചീഫ് ജസ്റ്റിസിന്റെ പദവിയും അധികാരവും സംബന്ധിച്ച തര്‍ക്കത്തിന് സുപ്രീംകോടതിയോളം പഴക്കമുണ്ട്. ചീഫ് ജസ്റ്റിസ് തുല്യരില്‍ ഒന്നാമനാണെങ്കിലും മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ അദ്ദേഹമാണെന്നതില്‍ തര്‍ക്കമില്ല. ഭരണഘടനയുടെ 145(1) ഖണ്ഡിക പറയുന്നത് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ സുപ്രീംകോടതിയുടെ നടപടിക്രമങ്ങളെ കുറിച്ച് അതത് കാലങ്ങളില്‍ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുമെന്നാണ്. അതായത്, കേസുകള്‍ ഏത് ബെഞ്ചിന് വിടണമെന്ന് തീരുമാനിക്കാനുള്ള അധികാരം അദ്ദേഹത്തിന്റേതാണ്. അതിനര്‍ഥം സ്വേച്ഛാപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം ചീഫ് ജസ്റ്റിസിനുണ്ട് എന്നല്ല . ഇവിടെയാണ് നാല് ജഡ്ജിമാര്‍ ‘ജുഡീഷ്യല്‍ ആക്ടിവിസ’ത്തിന്റെ പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുന്നത്. രാഷ്ട്രീയമായും പൗരാവകാശവുമായും ബന്ധപ്പെട്ടുകിടക്കുന്ന സുപ്രധാനമായ കേസുകളില്‍ ഭരണഘടനാബെഞ്ച് രൂപീകരിക്കുമ്പോള്‍ കഴിവതും മുതിര്‍ന്ന ന്യായാധിപന്മാരെ ഉള്‍പ്പെടുത്തുന്നതിനു പകരം താരതമ്യേന ജൂനിയര്‍ ജഡ്ജിമാരെ ഉത്തരവാദിത്തം ഏല്‍പിക്കുന്നതിലെ അനൗചിത്യമാണ് ‘കലാപകാരികള്‍’ തൊട്ടുകാണിച്ചത്. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ രാഷ്ട്രീയമാനങ്ങള്‍ വലുതാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റാണ് അതിലെ പ്രതികളിലൊരാള്‍. അതുകൊണ്ടുതന്നെ നിഷ്പക്ഷമായും സത്യസന്ധമായും നീതി പുലര്‍ന്നുകാണട്ടെ എന്ന വിചാരത്തോടെയല്ല, മറ്റു ചില ഗൂഢോദ്ദേശ്യത്തോടെയാണ് ബെഞ്ച് രൂപീകരിച്ചതെന്ന ആരോപണം തള്ളിക്കളയാനാവില്ല. ഏറ്റവുമൊടുവില്‍, ഇത്രയേറെ വിവാദമുയര്‍ന്നിട്ടും ബെഞ്ച് മാറ്റുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് പ്രകടിപ്പിക്കുന്ന കടുംപിടുത്തം സംശയങ്ങളുണര്‍ത്തുന്നുണ്ട്. ജുഡീഷ്യറിയും രാഷ്ട്രീയ പാദസേവ ചെയ്യുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ചീഫ്ജസ്റ്റിസിന് നാല് ജഡ്ജിമാര്‍ അയച്ച കത്തിലെ ഒരു വാചകം ഹിന്ദുത്വ വാഴുന്ന വര്‍ത്തമാനകാല രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.
യുക്തിഭദ്രമായ ഒരു കാരണവും ഇല്ലാതെ ഇഷ്ടപ്പെട്ട ബെഞ്ചിന് ദേശീയ പ്രാധാന്യമുള്ള കേസുകള്‍ ഏല്‍പിച്ചുകൊടുത്തതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെ്. ഈ ആരോപണം തള്ളിക്കളയാനാവില്ല. മോഡിസര്‍ക്കാരിനു വേണ്ടി നിലകൊള്ളുന്ന മാധ്യമങ്ങള്‍ ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ല എന്നു കാണിക്കുന്നതിന് കഴിഞ്ഞ 20വര്‍ഷത്തെ കേസ്പട്ടിക എടുത്തുപരിശോധിച്ചാല്‍ ജൂനിയര്‍ ന്യായാധിപന്മാരുടെ ബെഞ്ചുകളിലേക്കും സുപ്രധാന കേസുകള്‍ പോയിട്ടുണ്ട് എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുകയുണ്ടായി. (ഉദാഹരണത്തിന് ജനുവരി 15ന് ടൈംസ് ഓഫ് ഇന്ത്യയുടെ മുഖവാര്‍ത്ത. ”ടലിശെശേ്‌ല രമലെ െശി ടഇ മശൈഴിലറ ീേ യലിരവല െവലമറലറ യ്യ ഖൗിശീൃ ഷൗറഴല)െ നാല് ജഡ്ജിമാര്‍ ചെയ്തത് കടുംകൈ ആണെന്നും ഫുള്‍കോര്‍ട്ട് വിളിച്ച് പ്രശ്‌നം അവതരിപ്പിക്കുന്നതിനു പകരം വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങള്‍ ഉന്നയിച്ചത് സുപ്രീംകോടതി പോലുള്ള മഹത്തായ സ്ഥാപനത്തെ നശിപ്പിക്കാനാണെന്ന് ഇളയ ന്യായാധിപന്മാര്‍ കുറ്റപ്പെടുത്തിയതായി ജനുവരി 16ന്റെ ‘ടൈംസ്’പറയുന്നു.

ആശങ്ക പടരുന്നു
ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം സൃഷ്ടിച്ച കോലാഹലങ്ങള്‍ ഈ കുറിപ്പ് എഴുതുമ്പോള്‍ നാലാം ദിനത്തിലും പരിഹാരമാവാതെ തുടരുകയാണ്. ജനുവരി 15ന് തിങ്കളാഴ്ച കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ ‘കലാപകാരികള്‍’ ജോലിയില്‍ ഹാജരായെങ്കിലും ചീഫ് ജസ്റ്റിസ് തന്റെ നിലപാടില്‍നിന്ന് ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ല എന്നാണ് മനസ്സിലാക്കാനാവുന്നത്. ലോയ കേസ് വിവാദ ജഡ്ജിയുടെ ബെഞ്ചില്‍ തന്നെ നിലനിര്‍ത്തി എന്നു മാത്രമല്ല, സുപ്രധാന കേസുകള്‍ കേള്‍ക്കേണ്ട പുതിയ ഭരണഘടനാ ബെഞ്ച് ഉണ്ടാക്കിയപ്പോള്‍ മുതിര്‍ന്ന അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ കൂട്ടാക്കിയില്ല. അതിനര്‍ഥം, ചീഫ് ജസ്റ്റിസ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് മാത്രമല്ല, അധികാരിവര്‍ഗത്തിന്റെ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ട് എന്നുമാണ്. ഈ സ്ഥിതിവിശേഷം കൈമാറുന്ന സന്ദേശം അപകടം നിറഞ്ഞതാണ്. പരമോന്നത നീതിപീഠത്തെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നും അതിനു വിഘാതമായി നില്‍ക്കുന്ന ഘടകങ്ങളെ തൃണവത്ഗണിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നുമാണ്. പ്രത്യാഘാതം ഗുരുതരമായിരിക്കും. പൗരന്മാരുടെ അവസാനത്തെ പ്രതീക്ഷയും തകര്‍ക്കപ്പെടും വിധം കാര്യങ്ങള്‍ കൂടുതല്‍ കൂഴഞ്ഞുമറിയാന്‍ പോവുകയാണെന്ന് ചുരുക്കം. നീതിപീഠത്തില്‍നിന്ന് കേട്ട അര്‍ഥശൂന്യമായ വാദങ്ങളോട് മുമ്പ് ഒരു ന്യായാധിപന്‍ ചോദിച്ച ഒരു ചോദ്യമുണ്ട്: ണവലൃല അൃല ണല! (നമ്മള്‍ എവിടെയാണെന്ന്. ) കോടതിയാണിതെന്ന് മറന്ന് വാദങ്ങള്‍ കാടു കയറിയപ്പോള്‍ കേട്ട ആ ചോദ്യം വീണ്ടും മുഴങ്ങിക്കേള്‍ക്കാന്‍ പോവുകയാണ്: നമ്മള്‍ എങ്ങോട്ടാണ് ചലിക്കാന്‍ പോകുന്നത്? അത്തരമൊരു ചോദ്യത്തിനു ശരിയായ ഉത്തരം കിട്ടാനാണ് നാല് ജഡ്ജിമാര്‍ ജനങ്ങളിലേക്ക് ഇറങ്ങിവന്നത്. അസാധാരണമായ ഒരു സാഹചര്യം നേരിടാന്‍ അസാധാരണമായ പോംവഴി സ്വീകരിച്ചുവെന്ന് മാത്രം. അത് ജനാധിപത്യ സമ്പ്രദായത്തിന്റെ ശക്തിയായാണ് നാം കാണേണ്ടത്. ലെജിസ്ലേറ്റീവിനും എക്‌സിക്യൂട്ടീവിനും ജുഡീഷ്യറിയുടെമേല്‍ നിയന്ത്രണമോ അധികാരമോ ഇല്ല. രാഷ്ട്രപതിക്കു പോലും കോടതികളുടെമേല്‍ നിയന്ത്രണാധികാരമില്ല. അപ്പോള്‍ ജനങ്ങളുടെ മുന്നില്‍ പ്രശ്‌നം അവതരിപ്പിക്കുകയേ നിര്‍വാഹമുള്ളൂ. അതില്‍ കുപിതരാവുകയോ രോഷാകുലരാവുകയോ ചെയ്തിട്ട് ഫലമില്ല.

ശാഹിദ്‌

You must be logged in to post a comment Login