ആസുര ദേശീയതകളുടെ ആലിംഗനം

ആസുര ദേശീയതകളുടെ ആലിംഗനം

ബെഞ്ചമിന്‍ നെതന്യാഹുവും നരേന്ദ്രമോഡിയും വില്‍സ് സിഗരറ്റിന്റെ പരസ്യത്തിലേതു പോലെ ‘മേഡ് ഫോര്‍ ഈച്ച് അദര്‍’ ആണ്. നെതന്യാഹു 1949 ഒക്‌ടോബറിലും മോഡി 1950 സെപ്തംബറിലുമാണ് ജനിച്ചത്. രണ്ടു രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ജനിച്ച് പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യത്തെ വ്യക്തികളാണ് ഇരുവരും. ഇവര്‍ സ്വന്തം പ്രതിച്ഛായകള്‍ അന്യോന്യം കാണുന്നുണ്ടായിരിക്കണം.

ഇരുവരും കര്‍ക്കശക്കാരും കേവലസിദ്ധാന്തവാദികളും വലതുപക്ഷ തീവ്രവാദികളുമാണ്. ഇരുവരും വിമോചനത്തിലേക്കുള്ള മാര്‍ഗമെന്ന നിലയിലും മതവിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തിന്റെ സാക്ഷാത്കാരമെന്ന നിലയിലും ഹിംസയെ പ്രഘോഷിച്ച രണ്ടു വ്യക്തികളില്‍ നിന്ന് ഊര്‍ജ്ജം നേടിയവരാണ്. മോഡിക്കത് വി ഡി സവര്‍ക്കറാണെങ്കില്‍ നെതന്യാഹുവിന് വ്‌ളാഡിമിര്‍ ജബോടിന്‍സ്‌കിയാണ്.

ഹിന്ദുവിനെ ‘വരിയുടച്ചത്’ അഹിംസയുടെ പ്രഘോഷത്തിലൂടെ അശോകനും ബുദ്ധനുമാണെന്ന് രോഷം കൊണ്ട സവര്‍ക്കര്‍ ഹിന്ദു ദേശീയതയെ സായുധവത്കരിക്കേണ്ടതുണ്ടെന്ന് വാദിച്ചു. ജബോടിന്‍സ്‌കിയാകട്ടെ ‘ജൂത ബയണറ്റുകളടെ ഉരുക്കു മതിലിന്’ ആഹ്വാനം ചെയ്തു. സയണിസമെന്നാല്‍ കോളനിവത്കരണസാഹസകൃത്യമാണെന്നും അതുകൊണ്ടു തന്നെ സായുധസേനയാണ് അതിനെ താങ്ങുന്നതും വീഴ്ത്തുന്നതുമെന്നും അയാള്‍ ഒട്ടും മയമില്ലാതെ പ്രസ്താവിച്ചു.

സവര്‍ക്കറാണ് ‘ഹിന്ദുത്വം’ എന്ന വാക്ക് കണ്ടെത്തിയത്. അദ്ദേഹമത് ‘ഹിന്ദുഡം’ എന്നും ‘ഹിന്ദു രാജ്’ എന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ഹിന്ദു രാഷ്ട്രത്തിന് യാതൊരു സെമിറ്റിക് മതത്തിന്റെയും വിശ്വാസികളുമായി സഹവസിക്കാനാകില്ലെന്ന തരത്തിലുള്ള ദ്വിരാഷ്ട്രവാദം സവര്‍ക്കര്‍ പ്രചരിപ്പിച്ചു. ആര്‍ എസ് എസിനെ അങ്ങിനെ അദ്ദേഹം പ്രചോദിപ്പിക്കുകയും ഹിന്ദു മഹാസഭയെ പ്രേത്സാഹിപ്പിക്കുകയും ചെയ്തു.

ജബോടിന്‍സ്‌കി 1923ല്‍ യൂണിയന്‍ ഓഫ് സയണിസ്റ്റ് റെവല്യൂഷണറീസ് സ്ഥാപിക്കുകയും, സവര്‍ക്കര്‍ ഗാന്ധിയെയും നെഹ്‌റുവിനെയും നേരിട്ടതു പോലെ ജൂയിഷ് ഏജന്‍സിയുടെ സ്ഥാപകനായ തിയഡോര്‍ ഹെര്‍സിയെയും ലേബര്‍ സയണിസ്റ്റുകളുടെ നേതാവും ഇസ്‌റയേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായ ബെന്‍ ഗുരിയോണിനെയും എതിര്‍ക്കുകയും ചെയ്തു. ജുദിയ രക്തത്തിലും അഗ്നിയിലും വീണുപോയിരിക്കുന്നുവെന്നും രക്തത്തിലൂടെയും അഗ്നിയിലൂടെയും മാത്രമേ അത് ഉയിര്‍ത്തെഴുന്നേല്‍ക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ആ പ്രവചനം പൂര്‍ത്തിയാക്കി.

ഒരേ മട്ടില്‍ ഹിംസാത്മകമായ രാഷ്ട്രീയ-നൈതിക തത്വചിന്തകളുടെ പിന്മുറക്കാരെന്ന നിലയില്‍ മോഡിയും നെതന്യാഹുവും ഇടുങ്ങിയതും വിഭാഗീയവുമായ ദേശീയതയുടെ വക്താക്കളായി സ്വയം പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിന്റെ ചാലകശക്തി ‘അപരന്റെ’ പിശാചുവത്കരണമാണ്. മോഡിയുടെ കാര്യത്തില്‍ പാകിസ്ഥാനാണതെങ്കില്‍ നെതന്യാഹുവിന് ഫലസ്തീനാണ്. ഉച്ചത്തിലുള്ളതും വിദേശിപ്പേടിയുള്ളതും ആസുരദേശീയത അടങ്ങിയതുമായ പ്രത്യയശാസ്ത്രത്തിനോടാണ് ഇരു നേതാക്കള്‍ക്കും കൂറുള്ളത്. ഫലസ്തീനികളും ഏറിയ പങ്ക് പാകിസ്ഥാനികളും മുസ്‌ലിംകളാണെന്നത് ഇരുവരെയും അടുപ്പിക്കുന്നുണ്ട്. അങ്ങനെ ഹിന്ദുത്വവും യഹൂദിത്വവും ഒരേ വേദിയില്‍ അണിനിരക്കുന്നുണ്ട്.

തീര്‍ച്ചയായും ഇക്കാര്യത്തില്‍ വ്യത്യാസങ്ങളുണ്ട്. നെതന്യാഹു ഉന്നതവിദ്യാഭ്യാസം നേടിയയാളാണ്. ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് അദ്ദേഹത്തിന് ബിരുദവും ബിരുദാനന്തബിരുദവുമുണ്ട്. പേരുള്ള പണ്ഡിതനാണദ്ദേഹം. എന്നാല്‍ മോഡിയെ കുറിച്ച് ഇങ്ങനെയൊന്നും തന്നെ പറയാനില്ല. മോഡി ഭാര്യയില്‍ നിന്ന് സ്വയം വിടര്‍ത്തിമാറ്റിയ ആളാണ്. നെതന്യാഹുവാകട്ടെ മൂന്നു തവണ വിവാഹിതനും നിരവധി വിവാഹേതരബന്ധങ്ങളിലും അപവാദങ്ങളിലും കെട്ടുപിണഞ്ഞയാളുമാണ്. 2017 ല്‍ ഇസ്‌റയേലി പൊലീസ് നെതന്യാഹുവിനെതിരെ ചതിയുടെയും വിശ്വാസവഞ്ചനയുടെയും കൈക്കൂലിയുടെയും കുറ്റങ്ങള്‍ ചുമത്തി. നമ്മുടെ രാജ്യത്ത് ആര്‍ക്കും ഭരണത്തലവനെതിരെ അത്തരം കുറ്റങ്ങള്‍ ചുമത്താനുള്ള ധൈര്യമില്ല. 1997 ലുണ്ടായ ഒരു കേസില്‍ നെതന്യാഹു വിചാരണക്ക് നിന്നു കൊടുക്കേണ്ടി വരാഞ്ഞത് ‘ആവശ്യമായ തെളിവുകളുടെ’ അഭാവത്തിലാണ്. രാഘവന്‍ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമും മോഡിക്കെതിരെ ‘ആവശ്യമായ തെളിവുകള്‍’ കണ്ടെത്താനായിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ടല്ലോ.

ഇരുവര്‍ക്കും ചിന്തകള്‍ക്ക് ഊര്‍ജ്ജം പകരുന്ന സ്ഥാപനങ്ങളുണ്ട്. 2009ല്‍ സ്ഥാപിതമായ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നരേന്ദ്രമോഡി സര്‍ക്കാരിനോട് വളരെ അടുത്തുനില്‍ക്കുന്നതും ‘അന്താരാഷ്ട്ര ഭീകരവാദത്തെ’ ചെറുക്കാനുള്ള ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ്. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേശകനായ അജിത് ഡോവല്‍ ആയിരുന്നു ഈ ഫൗണ്ടേഷന്റെ ആദ്യത്തെ ഡയറക്ടര്‍. 1978ല്‍ സ്ഥാപിതമായ, നെതന്യാഹുവിന്റെ സഹോദരനായ യോനാതന്റെ പേരില്‍ അറിയപ്പെടുന്ന ആന്റി ടെററിസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് അദ്ദേഹത്തിന്റെ സഹായി. ഈദി അമീന്റെ ഉഗാണ്ടയിലേക്ക് തട്ടിക്കൊണ്ടു പോയ ഇസ്‌റയേലി ബന്ദികളെ രക്ഷിക്കുന്നതിനിടയില്‍ രക്തസാക്ഷിയായ ആളാണ് യോനാതന്‍.
വെറുക്കപ്പെട്ട സയണിസ്റ്റ് ഭീകരസംഘടനയായ ഇര്‍ഗുന്‍ സവായ് ല്യൂമിയുടെ നേരിട്ടുള്ള രാഷ്ട്രീയ പിന്‍ഗാമിയായ നെതന്യാഹു സ്വയം ‘ഭീകരവിരുദ്ധന്‍’ എന്നു വിശേഷിപ്പിക്കുന്നത് വിരോധാഭാസമാണ്. ഈ ഭീകരസംഘടന കൈകോര്‍ത്ത് പ്രവര്‍ത്തിച്ചിരുന്നത് ലെഹി എന്ന് ഔദ്യോഗികമായും സ്റ്റേണ്‍ ഗ്യാങ് എന്ന് പൊതുവിലും അറിയപ്പെട്ടിരുന്ന മറ്റൊരു ഭീകരസംഘടനയോടായിരുന്നു. ഇര്‍ഗുന്റെ നേതാവായിരുന്ന ബെഗിന്‍ 1973ല്‍ ലിക്കുഡ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും നാലു വര്‍ഷത്തിനു ശേഷം ഇസ്‌റയേലിന്റെ പ്രധാനമന്ത്രിയാകുകയും ചെയ്തു. 1983ല്‍ ബെഗിന്‍ ഈ സ്ഥാനം ലെഹി സംഘടനയുടെ നേതാവ് ഷമിറിനെ ഏല്‍പിച്ചു. ബെഗിന്‍-ഷമിര്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാവാണ് നെതന്യാഹു.
ഷമിറിന്റെ ലെഹി ഭീകരവാദികളാണ് 1944ല്‍ കയ്‌റോയില്‍ വെച്ച് മധ്യപൗരസ്ത്യ ദേശത്തേക്കുള്ള ബ്രിട്ടീഷ് മന്ത്രിയെ കൊലപ്പെടുത്തിയത്. ബ്രിട്ടീഷ് ഭരണകേന്ദ്രമായിരുന്ന കിങ് ഡേവിഡ് ഹോട്ടലിന്റെ ഒരു ഭാഗം ബോംബ് വെച്ച് തകര്‍ത്ത് 91 പേരെയാണ് ഇര്‍ഗുന്‍ ഭീകരര്‍ 1946ല്‍ കൊന്നൊടുക്കിയത്. ബ്രിട്ടനിലേക്ക് സയണിസ്റ്റ് ഭീകരവാദം വ്യാപിപ്പിക്കാനുള്ള ഒരു പദ്ധതിയും താമസിയാതെ ബ്രിട്ടീഷുകാര്‍ കണ്ടെത്തി. വിദേശ സെക്രട്ടറി ബെവിനെ വധിക്കാനും അവര്‍ ലക്ഷ്യമിട്ടിരുന്നു. ഇസ്‌റയേല്‍ രൂപീകൃതമായിട്ടും അത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 1952 ല്‍ ജര്‍മന്‍ ചാന്‍സലറെ വധിക്കാനുള്ള ശ്രമവും നടന്നു.

ഇര്‍ഗുനും ലെഹിയും ചേര്‍ന്നാണ് 1948 ഏപ്രില്‍ 10 ന് നിരായുധരായ അറബ് ഫലസ്തീനികള്‍ക്കു നേരെ ഏറ്റവും ദുഷ്ടമായ ആക്രമണം അഴിച്ചു വിട്ടത്. അന്ന് ഇരുന്നൂറ്റിയമ്പത് പുരുഷന്മാരും സ്ത്രീകളും കുട്ടികളും വൃദ്ധരും കൊല്ലപ്പെട്ടു. അവരുടെ മൃതശരീരങ്ങള്‍ വിരൂപമാക്കപ്പെട്ടു. ‘എല്ലായിടവും നാം ആക്രമിക്കുകയും ശത്രുവിനെ വകവരുത്തുകയും ചെയ്യും. ദൈവം നമ്മളെ അധിനിവേശത്തിനായി തിരഞ്ഞെടുത്തിരിക്കുന്നു’ എന്നാണ് ബെഗിന്‍ സഹപ്രവര്‍ത്തകരായ ഭീകരവാദികള്‍ക്കുള്ള അനുമോദനസന്ദേശത്തില്‍ പറഞ്ഞത്.

രണ്ടാഴ്ചക്കു ശേഷം, 1948, ഏപ്രില്‍ 25ന് അറബ് ജഫ (ഒന്നാം ലോകമഹായുദ്ധത്തിനിടയില്‍ ഇന്ത്യന്‍ സൈന്യം വിമോചിപ്പിച്ച ഇടം) ആക്രമിക്കപ്പെട്ടു. പേടിച്ചരണ്ട എഴുപതിനായിരത്തിലധികം താമസക്കാര്‍ നഗരത്തില്‍ നിന്ന് പലായനം ചെയ്തു. തുടര്‍ന്ന് വ്യാപകമായ കവര്‍ച്ചയും അക്രമവുമുണ്ടായി.

ലെബനീസ് ക്യാമ്പുകളായ സബ്രയിലും ഷാതിലയിലും 1982 ല്‍ അക്രമം അഴിച്ചു വിടുകയും നൂറുകണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുകയും ചെയ്തതിലൂടെ ബെഗിന്‍ പ്രധാനമന്ത്രിയായതിനു ശേഷവും തന്റെ ദുഷ്‌പേര് നിലനിര്‍ത്തി. ആക്രമണം വ്യാപകമായ പ്രതിഷേധത്തിനു കാരണമായതിനെ തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം ബെഗിന്‍ പ്രധാനമന്ത്രിസ്ഥാനം രാജി വെച്ചു. പകരക്കാരനായി എത്തിയതാകട്ടെ സ്റ്റേണ്‍ ഗ്യാങിന്റെ നേതാവ് ഷമിറും.

ഇവരാണ് നെതന്യാഹുവിന്റെ മുന്‍ഗാമികള്‍. ഗസ്സയിലെ ഫലസ്തീനിയന്‍ പ്രതിഷേധക്കാര്‍ക്കു മേല്‍ അങ്ങേയറ്റം മനുഷ്യത്വ രഹിതമായി മിസൈലുകള്‍ വര്‍ഷിക്കാന്‍ നെതന്യാഹുവിന് മടിയില്ലാത്തത് അതു കൊണ്ടാണ്. 2009 ലെ ഗ്ലാഡ്‌സ്റ്റോണ്‍ റിപ്പോര്‍ട്ടും 2017 ലെ ഫാല്‍ക്ക് റിപ്പോര്‍ട്ടും നിരവധി ഐക്യരാഷ്ട്രസഭാപ്രമേയങ്ങളും ഈ സംഭവങ്ങളെ അപലപിച്ചിട്ടുണ്ട്. എന്നാല്‍ ഫലസ്തീനികളുടെ ദുരവസ്ഥ നെതന്യാഹു കണ്ട മട്ടില്ല.

2009 ലാണ് നെതന്യാഹു തന്റെ ദ്വിരാഷ്ട്ര വാദത്തിന്റെ ഉപാധികള്‍ അവതരിപ്പിച്ചത്. ഫലസ്തീന്‍ എന്നെന്നേക്കുമായി നിരായുധീകരിക്കപ്പെടണം. ഫലസ്തീന് മിസൈലുകളോ റോക്കറ്റുകളോ ഉണ്ടാകരുത്. ജറുസലേം അവിഭക്ത ജൂത പ്രദേശമായിരിക്കണം. ഇസ്‌റയേലില്‍ നിന്നോ അധിനിവേശ ഇടങ്ങളില്‍ നിന്നോ ആട്ടിയോടിക്കപ്പെട്ട ഫലസ്തീനികള്‍ തിരിച്ചു വരരുത്. ഇസ്‌റയേലിന്റെ ‘ജൂതരുടെ രാഷ്ട്ര’മെന്ന നിലനില്‍പിനു വിഘാതമാകുന്ന ഒന്നും സാധ്യമല്ല. ഇസ്‌റയേല്‍ ഒരു രാഷ്ട്രമാണെന്നു മാത്രമല്ല ( അവരത് 1967ല്‍ യാസര്‍ അറാഫത്ത് അനിഷേധ്യ പലസ്തീനി നേതാവായ കാലം മുതലേ അംഗീകരിച്ചതാണ്) ഇസ്‌റയേല്‍ ഒരു ജൂതരാഷ്ട്രമാണെന്നും ഫലസ്തീനികള്‍ സമ്മതിക്കണം. ലോകത്തെമ്പാടുമുള്ള ജൂതന്മാര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് 2015 ല്‍ നെതന്യാഹു പറഞ്ഞത് ഇസ്‌റയേലിനകത്തും പുറത്തുമുള്ള ജൂതന്മാരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. 125 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന മോഡിയുടെ അവകാശവാദം ഇതിനോട് ചേര്‍ത്തു വായിക്കുക. മൂന്നിലൊന്ന് ഇന്ത്യക്കാര്‍ പോലും മോഡിക്ക് വോട്ടു ചെയ്തിട്ടില്ലല്ലോ.
ഇസ്‌റയേലും ഫലസ്തീനുമായുള്ള ബന്ധത്തില്‍ സന്തുലനം നിലനിര്‍ത്താനെന്ന മട്ടില്‍ ഫലസ്തീനിലേക്ക് അടുത്ത മാസം പോകാനുള്ള മോഡിയുടെ തീരുമാനം ‘വിശ്വസ്തനായ ഇടനിലക്കാരന്റെ’ വേഷം കെട്ടാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ട്രംപ്-നെതന്യാഹു കൂട്ടുകെട്ടിനാല്‍ കൂടുതല്‍ വഷളായ പശ്ചിമേഷ്യന്‍ സാഹചര്യത്തില്‍ ആ വേഷം ഫലപ്രദമാകുമെന്ന് തോന്നുന്നില്ല. ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും എന്നതു പോലെ ഫലസ്തീന്‍ അറബികള്‍ക്ക് സ്വന്തമാണെന്ന് പറഞ്ഞത് മഹാത്മാ ഗാന്ധിയാണ്. ഫലസ്തീന്‍ വിഭജിക്കുന്നതിനു പകരം ഒരൊറ്റ ജനാധിപത്യ , മതേതര, ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ ഇരു കൂട്ടര്‍ക്കും സ്വയം ഭരണപ്രദേശങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്നു വാദിച്ചത് നെഹ്രുവാണ്. അത്തരം ധാര്‍മികത നമുക്ക് എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അറബികള്‍ക്കുള്ളിലെ ശത്രുതകളോ ഇസ്‌റയേലിന്റെ ഇറാന്‍ വിരുദ്ധതയോ ഇന്ത്യ മുതലെടുക്കാന്‍ ശ്രമിക്കുന്നത് നല്ലതിനല്ല. എഴ് ദശലക്ഷം ഇന്ത്യക്കാരാണ് ഗള്‍ഫ് പ്രദേശത്തുള്ളതെന്ന് നാം എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്.

അതുകൊണ്ടാണ്, നെതന്യാഹുവിന്റെ സന്ദര്‍ശനം ഉയര്‍ത്തിവിട്ട ഘോഷത്തെ അവഗണിച്ച്, പശ്ചിമേഷ്യന്‍ വിദഗ്ധനായ നയതന്ത്രപ്രതിനിധി തല്‍മീസ് അഹമദ് ഇങ്ങനെ പറഞ്ഞത്: ‘ഇന്ത്യ-ഇസ്‌റയേല്‍ ബന്ധങ്ങള്‍ തല്‍ക്കാലം കൊടുക്കല്‍ വാങ്ങല്‍ ബന്ധങ്ങളില്‍ ഒതുങ്ങും. അതൊരിക്കലും തന്ത്രപ്രധാനമായ തലത്തിലേക്കുയരില്ല.’

മണിശങ്കര്‍ അയ്യര്‍

(വിവ. കെ സി)

You must be logged in to post a comment Login