പള്ളികള്‍ ചരിത്രമാവുമ്പോള്‍

പള്ളികള്‍ ചരിത്രമാവുമ്പോള്‍

ത്വാഇഫ് പട്ടണത്തിലൂടെ നടക്കുമ്പോള്‍ പൗരാണിക പള്ളികളില്‍ കയറിയിറങ്ങുന്നത് ഇസ്‌ലാമിക ചരിത്രത്തിലൂടെയുള്ള ഒരു യാത്രയായി മാറും. അത്രയേറെ ചരിത്ര പ്രാധാന്യമുണ്ട് അവക്ക്. വെളിയങ്കോട് ഉമര്‍ഖാളിയും ത്വാഇഫില്‍ പള്ളി പണിതുകൊടുത്തുവെന്ന് പറയുമ്പോള്‍ അത്ര പെട്ടെന്ന് നമുക്ക് വിശ്വാസം വരണമെന്നില്ല. പക്ഷേ ചരിത്ര രേഖകള്‍ പരിശോധിക്കുമ്പോള്‍ അത് സത്യമായിരുന്നുവെന്ന് നാമറിയും. എണ്ണയും പ്രകൃതിവാതകവുമൊക്കെ കണ്ടെത്തും മുമ്പ് ദാരിദ്ര്യം നിറഞ്ഞ കാലഘട്ടത്തിലൂടെ അറേബ്യ കടന്നുപോയിട്ടുണ്ട്. അക്കാലത്ത് പള്ളികള്‍ നിര്‍മിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അറേബ്യയില്‍നിന്ന് കേരളത്തിലേക്കും കത്തുകള്‍ വന്നിരുന്നു. അങ്ങനെയൊരു കത്ത് താന്‍ കണ്ടിട്ടുണ്ടെന്ന് എന്റെ സുഹൃത്തും പണ്ഡിതനുമായ ഹാഷിം തങ്ങള്‍ പറഞ്ഞു. ചരിത്രം പിന്നീട് കീഴ്‌മേല്‍ മറിഞ്ഞു. കേരളത്തില്‍ പള്ളികള്‍ നിര്‍മിക്കാനുള്ള സഹായം തേടി അറേബ്യയിലേക്ക് തന്നെ പ്രാര്‍ത്ഥനാപൂര്‍വം കൈകള്‍ നീണ്ടുചെന്നു. നാഗരികതയുടെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള വൈചിത്ര്യങ്ങള്‍ കാണാം.
ത്വാഇഫിലെ ഏറ്റവും ശ്രദ്ധേയമായ പള്ളി അബ്ദുല്ല ബിന്‍ അബ്ബാസ് മസ്ജിദ് ആണ്. വലിയൊരു തീര്‍ത്ഥാടന കേന്ദ്രമാണിത്. അബ്ദുല്ല ബിന്‍ അബ്ബാസിന്റെ ഖബ്‌റ് ഉള്ളതും ഈ പള്ളിയിലാണ്.
അബ്ദുല്ല ബിന്‍ അബ്ബാസിന് ഇസ്‌ലാമിക ചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. മനോഹരമായ നിര്‍മിതിയാണ് ഈ പള്ളിയുടേത്. പല കാലഘട്ടങ്ങളിലായി പുതുക്കിപ്പണിയുകയും വികസിപ്പിക്കുകയും ചെയ്തു. വിശാലമായ മുറ്റവും നടവഴികളും ഒക്കെ ഉള്ളതാണ് ഈ വാസ്തുശില്‍പം. അവിടേക്ക് കേറിച്ചെല്ലുമ്പോള്‍ ഭിക്ഷാടകരായ സ്ത്രീകളെ കണ്ടു. തീര്‍ത്ഥാടകര്‍ ധാരാളം വരുന്ന ഇടങ്ങളിലൊക്കെ ഇത്തരം കാഴ്ച സാധാരണം.

പ്രവാചകന്റെ പിതാവായ അബ്ദുല്ലയുടെ ഇളയ സഹോദരന്മാരിലൊരാളായ അബ്ബാസിന്റെ മകനായിരുന്നു അബ്ദുല്ല. മാതാവ് ഉമ്മുല്‍ഫള്‌ല. ലുബാബ കുബ്‌റ എന്നൊരു പേരുകൂടിയുണ്ടായിരുന്നു അവര്‍ക്ക്. മുലകുടിക്കാന്‍ തുടങ്ങും മുമ്പ് പ്രവാചകന്റെ അനുഗ്രഹം വാങ്ങാനാണ് ഉമ്മുല്‍ഫള്‌ല മകനെ ആദ്യം കൊണ്ടുപോയത്. വലുതായപ്പോള്‍ അവന്‍ പ്രവാചകനൊപ്പം തന്നെയായിരുന്നു. അംഗസ്‌നാനത്തിനുള്ള വെള്ളം കൊണ്ടുവരാനൊക്കെ ആ കുട്ടി സഹായിച്ചു. പിന്നെയും വളര്‍ന്നപ്പോള്‍ പ്രവാചകന്റെ അനുചരസംഘത്തില്‍ ചേര്‍ന്നു. അറിവുനേടാനുള്ള അടങ്ങാത്ത ആവേശം കുഞ്ഞുനാളിലേ അബ്ദുല്ലക്കുണ്ടായിരുന്നു. പ്രവാചകന്‍ പലപ്പോഴും അവന്റെ ചുമലില്‍ തട്ടി പ്രാര്‍ത്ഥിച്ചത് ഇസ്‌ലാമിനെക്കുറിച്ച് അഗാധ ജ്ഞാനമുണ്ടാവാന്‍ അബ്ദുല്ലയെ തുണക്കേണമേ എന്നാണ്.

ഇസ്‌ലാമിക വിഷയത്തില്‍ ജ്ഞാനസാഗരം(ബഹ്‌റുല്‍ഉലൂം) തന്നെയായി അബ്ദുല്ല മാറി. ത്വാഇഫില്‍ വെച്ച് ഹിജ്‌റ വര്‍ഷം 68ല്‍ ആണ് അദ്ദേഹം മരണമടഞ്ഞത്. അബ്ദുല്ലയുടെ വംശപരമ്പരക്കും സവിശേഷതകള്‍ ഏറെയുണ്ട്. പ്രവാചക പത്‌നിയായ മൈമൂനയുടെ സഹോദരിയായിരുന്നു ഉമ്മുല്‍ഫള്‌ല.

മൈമൂനയുടെ മറ്റ് സഹോദരിമാരെ വിവാഹം കഴിച്ചവരും പ്രബലരായിരുന്നു. സല്‍മയെന്ന സഹോദരിയെ വിവാഹം കഴിച്ചത് പ്രവാചകന്റെ മറ്റൊരു എളാപ്പയായ ഹംസയാണ്. വലിയ പോരാളിയായിരുന്നു ഹംസ. ഉഹ്ദ് യുദ്ധത്തില്‍ വെച്ച് ഹംസ രക്തസാക്ഷിയായി. രക്തസാക്ഷികളുടെ നേതാവ് എന്ന് ഹംസ അറിയപ്പെട്ടു. അസ്മയെ വിവാഹം കഴിച്ചത് പ്രവാചകന്റെ മൂത്താപ്പയുടെ മകനായ ജഅ്ഫര്‍ ബിന്‍ അബീതാലിബ് ആണ്. മൈമൂനയുടെ പിതാവിന് മറ്റൊരു പത്‌നിയിലുണ്ടായ പുത്രിയായ ലുബാബ സ്വുഗ്‌റയെ വിവാഹം കഴിച്ചത് വില്ലാളി വീരനായ ഖാലിദിന്റെ പിതാവ് വലീദാണ്. വംശവൃക്ഷത്തിന്റെ ഓരോ ശാഖയും ഫലവത്തായിരുന്നു എന്നര്‍ത്ഥം. എല്ലാം ഇസ്‌ലാമിക ചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവ. അബ്ദുല്ല ബിന്‍ അബ്ബാസ് പള്ളി ഇസ്‌ലാമിന്റെ ഒന്നാം നൂറ്റാണ്ടിലാണ് പണിയുന്നത്, ഓട്ടോമന്‍ കാലഘട്ടത്തില്‍. അക്കാലത്തെ പന്ത്രണ്ടോളം രക്തസാക്ഷികളുടെ ഒരു ഖബര്‍സ്ഥാനും ഇവിടെയുണ്ട്.

വെളിയങ്കോട് ഉമര്‍ഖാളി നിര്‍മിച്ച പള്ളിയും കാലാന്തരത്തില്‍ ഒരുപാട്തവണ പുനര്‍നിര്‍മിക്കപ്പെട്ടു. മസ്ജിദുല്‍ ഹുനൂദ് എന്നാണതിന്റെ പേര്. ഹുനൂദ് ഹിന്ദ് എന്നും പറയും. ആ തെരുവിലൂടെ നടക്കുന്നതും രസകരം. ഈത്തപ്പഴത്തിന്റെ ഗന്ധമുണ്ട് ആ തെരുവുകള്‍ക്ക്. തോട്ടങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പലതരം ഈത്തപ്പഴങ്ങള്‍ വില്‍പനക്കുവെച്ചിരിക്കുന്നു. കടകളില്‍ വില്‍പനക്കാരുടെ നിഷ്‌കളങ്കമായ ഗ്രാമീണ മന്ദഹാസം എന്നെ വല്ലാതെ ആകര്‍ഷിച്ചു.

അദ്ദാസ് മസ്ജിദ് വളരെ ലളിതമായ നിര്‍മിതിയാണ്. പില്‍ക്കാലത്ത് മാറ്റിപ്പണിത രൂപമാണ് ഇന്നുള്ളത്. അല്‍മദ്ഹൂന്‍ മസ്ജിദ് നിര്‍മാണത്തിന്റെ സവിശേഷതകൊണ്ട് ശ്രദ്ധേയം. അല്‍മദ്ഹൂന്‍ മസ്ജിദിന്റെ മിനാരത്തിലേക്ക് കയറുമ്പോള്‍ സന്ധ്യയായിരുന്നു. കല്ലുകൊണ്ട് നിര്‍മിച്ച വൃത്ത സ്തൂപമാണ് അതിന്റെ മിനാരം. ഓട്ടോമന്‍ കാലഘട്ടത്തില്‍ നിര്‍മിച്ച പള്ളികളില്‍ ടര്‍ക്കിഷ് സ്വാധീനം പ്രകടമാണ്. പുരാതന പള്ളികളുടെ മേല്‍ക്കൂരകളുടെ നിര്‍മിതിയില്‍ ഈന്തപ്പന ധാരാളമായി ഉപയോഗിച്ചിരിക്കുന്നതായി കാണാം. ത്വാഇഫിലെ കനത്ത തണുപ്പിനെ ചെറുക്കുന്ന രീതിയിലുള്ള ഉയരം കുറഞ്ഞ നിര്‍മിതികളാണ് പലതും. കരിങ്കല്ല് കൃത്യമായ വലിപ്പത്തില്‍ മുറിച്ചെടുക്കാവുന്ന സാങ്കേതിക വിദ്യ വികസിക്കാത്ത കാലത്ത് പ്രകൃതിയില്‍നിന്ന് സ്വാഭാവികമായി ലഭിക്കുന്ന ഒരേ ആകൃതിയിലുള്ള ചെറു കല്ലുകള്‍ നിര്‍മിതിക്കായി ഉപയോഗിച്ചിരിക്കുന്നത് കാണാം. പള്ളി മിനാരങ്ങളിലേക്കുള്ള പടവു നിര്‍മിക്കാനും ഈന്തപ്പനയുടെ തടിയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ പലതും ജീര്‍ണാവസ്ഥയില്‍. സന്ധ്യശോഭയിലേക്ക് നിഴലുപോലെ ചേര്‍ന്നുനില്‍ക്കുന്ന മിനാരം ആത്മീയതയുടെ നിറവാണ്. ഒരു ജനതയുടെ വിശ്വാസ സംഹിത മാറ്റിമറിച്ച ചരിത്രകാലത്തിന്റെ സാക്ഷ്യമായി ഏകദൈവാനുഭവങ്ങളിലേക്ക് നിവര്‍ന്ന് നില്‍ക്കുകയാണ് മിനാരം.

ഹസ്‌റത്ത് അലി മസ്ജിദിന്റെ മിനാരത്തിനുമുണ്ട് സവിശേഷത. ലളിതമായ നിര്‍മിതിയാണത്. വൃത്ത സ്തൂപാകൃതിയിലെ ആ നിര്‍മിതികള്‍ അക്കാലത്തെ വാസ്തുശില്‍പത്തിന്റെ ഏറ്റവും നവീനമായ മുഖമാണ് അവതരിപ്പിച്ചത്. നാഗരികതയുടെ ചരിത്രത്തില്‍ ഈ പള്ളികള്‍ ഇടം നേടുന്നതിന്റെ കാരണവും അതാണ്. അല്‍മദ്ഹൂന്‍ മസ്ജിദ്(ഖന്‍ത്വറ മസ്ജിദ് എന്നും പേരുണ്ടതിന്) സഊദി അറേബ്യയിലെ തന്നെ ചരിത്രസ്മാരകങ്ങളിലൊന്നാണ്. പ്രവാചകന്റെ കൈകൊണ്ട് നിര്‍മിക്കപ്പെട്ട പള്ളിയുമുണ്ട് ത്വാഇഫില്‍. പക്ഷേ, അവയൊന്നും പഴയ നിര്‍മിതിയിലല്ല നിലനില്‍ക്കുന്നത് എന്ന് മാത്രം. മഹാവിജയത്തിന്റെ ചരിത്ര സാക്ഷ്യങ്ങള്‍ കൂടിയാണവ. ഒരിക്കല്‍ ആട്ടിയോടിക്കപ്പെട്ട അതേ ദേശത്തേക്ക് തിരിച്ചുവന്ന് സത്യവിശ്വാസത്തിന്റെ വിജയ മുദ്രകള്‍ പതിഞ്ഞത് ഈ മണ്ണിലും കൂടിയായിരുന്നല്ലോ.

ചെറുതും വലുതുമായ ധാരാളം ചരിത്രസ്മാരകങ്ങള്‍ ത്വാഇഫിലുണ്ട്. സ്മാരകങ്ങൡലൂടെയും കൃഷിഭൂമികളിലൂടെയും അലഞ്ഞുനടക്കുന്നത് അസാധാരണ അനുഭവം തന്നെയാണ്. വാദികള്‍ ധാരാളമുണ്ടിവിടെ. ചുണ്ണാമ്പിന്റെ കലര്‍പുള്ള മണ്ണ് കൃഷിക്ക് അനുയോജ്യമാണ്. താഴ്‌വരയിലെ വയലുകളില്‍ ശീതകാല പച്ചക്കറികളും പഴങ്ങളും ധാരാളം വിളയും. അത്തരം കാഴ്ചകള്‍ കണ്ണുകളെ കുളിര്‍പ്പിക്കും.

വലിയ ചരിത്രസ്മാരകം ടര്‍ക്കിഷ് കോട്ടയാണ്. മക്കക്കും ത്വാഇഫിനും ഇടയിലാണത്. ടര്‍ക്കിഷ് ആധിപത്യത്തിന്റെ പ്രതാപകാലത്തെ നിര്‍മിതിയാണിത്. കരിങ്കല്ലുകൊണ്ട് നിര്‍മിച്ച ഈ കോട്ട അറേബ്യയിലെ തന്നെ പ്രധാനപ്പെട്ട വാസ്തുശില്‍പ മന്ദിരമാണ്. 1517ലാണ് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച ഇവിടെ സംഭവിച്ചത്.

ത്വാഇഫ് സുഖവാസ കേന്ദ്രം കൂടിയായതിനാല്‍ സമ്പന്നരായ അറബികള്‍ ധാരാളം ഫാം ഹൗസുകള്‍ നിര്‍മിച്ചിട്ടുണ്ട്. അത്തരം ലളിതമായ വീടുകള്‍ക്കു ചുറ്റും പഴങ്ങളും പച്ചക്കറികളും വിളയുന്ന തോട്ടങ്ങളുണ്ട്. പഴങ്ങളുടെ വിളവെടുപ്പുകാലം മാധുര്യം നിറഞ്ഞ യാത്രകള്‍ക്ക് അനുയോജ്യമാണ്. യുവാക്കള്‍ ട്രക്കിംഗിനുവേണ്ടിയും ത്വാഇഫിനെ തിരഞ്ഞെടുക്കും. മലകള്‍ക്കിടയിലൂടെയുള്ള പാതകള്‍ അവര്‍ക്ക് ആവേശം നല്‍കും.
ചുറ്റിനടത്തം കഴിഞ്ഞ് വിറ്റാമിന്‍ പാലസില്‍ തന്നെ മടങ്ങിയെത്തി. അവിടെ പഴങ്ങള്‍കൊണ്ട് തീര്‍ത്ത അലങ്കാരങ്ങള്‍ കൗതുകകരമായിരുന്നു. ഓരോ സീസണിലും ലഭിക്കുന്ന പഴങ്ങള്‍കൊണ്ട് അലങ്കാരങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ജൂസുകളുടെ രുചിപോലെത്തന്നെ ഈ അലങ്കാരങ്ങളും ആളുകളെ ആകര്‍ഷിക്കുന്നു.

രാത്രി ഭക്ഷണം കഴിഞ്ഞാണ് ത്വാഇഫില്‍നിന്ന് മടങ്ങിയത്. ചുരമിറങ്ങിയപ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. ചുറ്റും നിശബ്ദതയും ഇരുട്ടുമാണ്. വാഹനങ്ങളൊന്നും കണ്ടില്ല. മുനിഞ്ഞുകത്തുന്ന ഒരു വിളക്കിന്റെ പ്രകാശം കണ്ടപ്പോള്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി. അതൊരു യമനിയുടെ തട്ടുകടയാണ്. സുഗന്ധവും ഉന്മേഷവും പകരുന്ന പച്ചമരുന്നുകള്‍ ചേര്‍ത്ത യമനിച്ചായ കുടിച്ച് കുറച്ചുനേരം അയാളോട് വര്‍ത്തമാനം പറഞ്ഞു. ആ നേരത്ത് അപൂര്‍വമായി ആ വഴി കടന്നുപോകുന്ന സഞ്ചാരികളെക്കാത്ത് ഉറക്കമിളച്ചിരിക്കുകയാണ് ആ മനുഷ്യന്‍; ശരീരം നിറയെ ദാരിദ്ര്യത്തിന്റെ അടയാളവും പേറിക്കൊണ്ട്.

പി സുരേന്ദ്രന്‍

You must be logged in to post a comment Login