ഖിലാഫതുകളിലെ ജിദ്ദ

ഖിലാഫതുകളിലെ ജിദ്ദ

പൗരാണിക ചരിത്രമുണ്ട് ജിദ്ദക്ക്. മുത്തശ്ശി നഗരമെന്നും അതിന് പേരുണ്ട്. ആദിമാതാവായ ഹവ്വാ ബീവിയുടെ ഖബര്‍സ്ഥാന്‍ ജിദ്ദയിലാണെന്ന് ഒരു നാടോടി വിശ്വാസമുണ്ട്. അങ്ങനെയൊരു ഖബര്‍സ്ഥാന്‍ കണ്ടെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു ജനങ്ങള്‍. അങ്ങനെ വിശ്വസിക്കപ്പെട്ടിരുന്ന ഖബര്‍സ്ഥാന്‍ 1975ല്‍ അധികാരികള്‍ മുദ്രവെച്ചടച്ചു. സന്ദര്‍ശനം നിരോധിക്കുകയും ചെയ്തു.

ശിലായുഗ കാലം തൊട്ടേ ജിദ്ദയില്‍ ജനവാസ കേന്ദ്രമുണ്ടായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദിമമായ ലിപികള്‍ ജിദ്ദയുടെ കിഴക്കന്‍ താഴ്‌വരയില്‍ നിന്നും വടക്കുകിഴക്കന്‍ താഴ്‌വരയില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് വന്നവര്‍ പൗരാണിക കാലത്തുതന്നെ ഇവിടെ വാസമുറപ്പിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്കും ഈ പ്രദേശത്തെക്കുറിച്ച് അറിയാമായിരുന്നു. അദ്ദേഹം ഇവിടെ കാലുകുത്തിയിട്ടുമുണ്ട്. പക്ഷേ ഇവിടെ ആധിപത്യം സ്ഥാപിക്കാനോ യുദ്ധം ചെയ്ത് കീഴടക്കാനോ സാധിച്ചില്ല. പൗരാണിക കാലത്തുതന്നെ ഇവിടെ തുറമുഖമുണ്ട്. ഹജ്ജ് തീര്‍ത്ഥാടനം പ്രവാചകന് മുമ്പുതന്നെ പ്രാധാന്യം നേടിയിരുന്നതുകൊണ്ട് തീര്‍ത്ഥാടകര്‍ ജിദ്ദ വഴി മക്കയിലേക്ക് പോയി. കടലുമായി ബന്ധപ്പെട്ടതായിരുന്നു സാധാരണക്കാരുടെ ജീവിതം. എ ഡി 703 കാലത്ത്(റാശിദിയ ഖിലാഫത്ത് കാലം) ഹ്രസ്വഘട്ടത്തിലെങ്കിലും കടല്‍ക്കൊള്ളക്കാരും ഇവിടെ താവളമടിച്ചിട്ടുണ്ട്. ഉമവിയ്യ, അബ്ബാസിയ്യ തുടങ്ങിയ ഖിലാഫത് കാലഘട്ടത്തിലും ജിദ്ദക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട്.
ഫാത്വിമിയ ഖിലാഫത് കാലം ശിയാ കാലഘട്ടമാണ്. വീണ്ടും സുന്നി ആധിപത്യത്തിലേക്ക് ഇവിടം തിരിച്ചെത്തുന്നത് അയ്യൂബിയ ഖിലാഫത്ത് കാലത്താണ്. ധാരാളം മദ്‌റസകള്‍ നിര്‍മിക്കപ്പെട്ടു. സിന്ധിലെയും തെക്കുകിഴക്കനേഷ്യയിലെയും കിഴക്കനാഫ്രിക്കയിലെയും മുസ്‌ലിം കച്ചവടക്കാരും സഞ്ചാരികളും ജിദ്ദയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.
അയ്യൂബിയ ഖിലാഫത് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണകാലമാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ അദ്ദേഹത്തിന് ഏറെ പ്രാധാന്യമുണ്ട്. എക്കാലത്തെയും മഹാനായ പോരാളിയായിരുന്നു അദ്ദേഹം. പോരാളി മാത്രമായിരുന്നില്ല. സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു. വടക്കന്‍ ഇറാഖിലെ തഖ്‌രീത്തില്‍ 1137ല്‍ ജനിച്ചു. കുര്‍ദ് വംശജനായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി സ്വലാഹുദ്ദീന്‍ അയ്യൂബി. സങ്കി രാജവംശത്തിലെ നൂറുദ്ദീന്‍ മുഹമ്മദ് സങ്കി സ്വലാഹുദ്ദീനെ പൊലീസ് ഓഫീസറാക്കി. പിന്നീട് ഗവര്‍ണറായി. മഹ്മൂദി സങ്കിയുടെ മരണശേഷം ഈജിപ്ത്, സിറിയ, യമന്‍, ഇറാഖ് എന്നീ മേഖലകള്‍ അടങ്ങുന്ന വലിയ രാജവംശത്തിന്റെ അധികാരിയായി സ്വലാഹുദ്ദീന്‍. ഒന്നാംതരം പ്രഭാഷകനുമായിരുന്നു അദ്ദേഹം. പ്രവാചകന്റെ ബഹുസ്വരത അദ്ദേഹം തന്റെ പ്രവര്‍ത്തനത്തില്‍ മാതൃകയാക്കി. തീര്‍ച്ചയായും ക്രിസ്ത്യന്‍, ജൂത ആക്രമണങ്ങളെയും ഗൂഢാലോചനയെയും അദ്ദേഹം ചെറുത്തിട്ടുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍/ ജൂത ജനതയെ അദ്ദേഹം വെറുത്തില്ല. അവരുടെ എല്ലാ മനുഷ്യാവകാശങ്ങളെയും അംഗീകരിച്ചു. സുദീര്‍ഘമായ ആയുസ്സ് കിട്ടിയില്ല അദ്ദേഹത്തിന്. 1193ല്‍ ഈജിപ്തില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. ജിദ്ദയിലൊക്കെ വെച്ച് മരണപ്പെട്ടാല്‍ അവിടെത്തന്നെ ഖബ്‌റടക്കുകയാണ് പതിവ്. കേരളത്തില്‍നിന്നൊരു മഹാ പണ്ഡിതനെയും ജിദ്ദയില്‍ ഖബ്‌റടക്കിയിട്ടുണ്ട്. ശുജാഇ മൊയ്തു മുസ്‌ലിയാര്‍. വലിയ പ്രതാപികളായ അണ്ടത്തോട് കുളങ്ങര വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1861ല്‍ പൊന്നാനി വലിയ പള്ളിയിലായിരുന്നു അദ്ദേഹത്തിന്റെ മതപഠനം. അബ്ദുറഹ്മാന്‍ കുഞ്ഞന്‍ ബാവ മഖ്ദൂമും തുന്നംവീട്ടില്‍ മുഹമ്മദ് മഖ്ദൂമുമൊക്കെയായിരുന്നു ഗുരുനാഥന്മാര്‍. മുഖ്യഗുരു മുഹമ്മദ് മഖ്ദൂം തന്നെ. തുഹ്ഫ എന്ന വിഖ്യാത അറബി ഭാഷാശാസ്ത്രത്തിന് വ്യാഖ്യാനമെഴുതിയ പണ്ഡിതനാണ് മുഹമ്മദ് മഖ്ദൂം. പാണ്ഡിത്യം കൊണ്ട് സ്ഫുടം ചെയ്‌തെടുത്ത ധിഷണയായിരുന്നു മൊയ്തു മുസ്‌ലിയാരുടേത്. അറബി മലയാളത്തില്‍ ആയിരക്കണക്കിന് പേജു വരുന്ന ഒരു ചരിത്ര ഗ്രന്ഥം രചിച്ചു അദ്ദേഹം. ആദം നബി മുതല്‍ തുര്‍ക്കി സുല്‍ത്താന്മാര്‍ വരെയുള്ള കാലഘട്ടത്തിന്റെ ചരിത്രം. പ്രവാചകരുടെ ചരിത്രമായിരുന്നു മറ്റൊരു ഗ്രന്ഥം. ഭാഷാ പണ്ഡിതനായ അദ്ദേഹം ഹിന്ദുസ്ഥാനി ഭാഷാ പഠനസഹായിയും രചിച്ചു. ലോകത്ത് സംഭവിച്ച അത്ഭുതങ്ങളെക്കുറിച്ചുള്ള ചരിത്രവും ഇസ്‌ലാമിക അടിസ്ഥാന ശാസ്ത്രവുമൊക്കെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് വിഷയമായി.

ശുജാഇ എന്ന വിശേഷണം വന്നതിനെപ്പറ്റി രസകരമായ ഒരു കഥയുണ്ട്. വിളക്കത്തിരിക്കല്‍ എന്നായിരുന്നു അക്കാലത്ത് പൊന്നാനിയിലെ മതപഠനത്തെ വിശേഷിപ്പിച്ചിരുന്നത്. മണ്ണെണ്ണ പോലും പ്രചാരത്തിലില്ലാത്ത കാലത്ത് സസ്യ എണ്ണ ഉപയോഗിച്ചായിരുന്നു വിളക്കുകത്തിക്കല്‍. ഒരു ദിവസം എണ്ണ തീര്‍ന്നുപോയി. തന്റെ കൈവശമുണ്ടായിരുന്ന വില കൂടിയ അത്തര്‍ വിളക്കിലൊഴിച്ച് അദ്ദേഹം വീണ്ടും തിരിതെളിയിച്ചു. തഹജ്ജുദ് നിസ്‌കാരത്തിന് പള്ളിയില്‍ വന്ന മഖ്ദൂം അത്തറിന്റെ മണമറിഞ്ഞ് കാരണമന്വേഷിച്ചു. അത്തറിന്റെ രഹസ്യമറിഞ്ഞ ഗുരുനാഥന്‍ ശിഷ്യനോട് പറഞ്ഞത് നീ വലിയ ശുജാഇ ആണല്ലോ എന്നാണ്. 1919ലാണ് ഈ പണ്ഡിതന്‍ മരണപ്പെടുന്നത്. ജിദ്ദയുടെ തെരുവിലൂടെ നടക്കുമ്പോള്‍ ഇത്തരം ഒത്തിരി ഓര്‍മകള്‍ കടന്നുവരും.

ജിദ്ദയിലെ ക്രിസ്ത്യന്‍ ശ്മശാനം എനിക്ക് കൗതുകകരമായ ഒരറിവായിരുന്നു. പോര്‍ച്ചുഗീസ് പോരാളികളെ ഇവിടെ ഖബ്‌റടക്കിയിട്ടുണ്ടത്രെ. ജിദ്ദയില്‍ പോര്‍ച്ചുഗീസുകാര്‍ അധിനിവേശത്തിനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ അറബ് മംലൂക്കുകളാല്‍ അവര്‍ തോല്‍പ്പിക്കപ്പെടുകയാണുണ്ടായത്. മംലൂക്കുകളും പോര്‍ച്ചുഗീസുകാരും തമ്മില്‍ കഠിന പോരാട്ടം നടന്നിട്ടുണ്ട്. അധിനിവേശ ശക്തികളില്‍നിന്ന് ജിദ്ദയെ രക്ഷിക്കാന്‍ വലിയ സംരക്ഷണ ഭിത്തിയും ഉണ്ടായിരുന്നു. അതിന്റെ അവശിഷ്ടങ്ങളൊക്കെ ഇപ്പോഴുമുണ്ട്. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൊതുവെ ഉദാസീനരാണ് സഊദി ഭരണകൂടം.

അറബ് മംലൂക്കുകളെ കീഴടക്കിയ ഉസ്മാനിയ ഖിലാഫത്ത് കാലം(ഓട്ടോമന്‍ തുര്‍ക്കികളുടെ കാലം) ജിദ്ദയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ഒരുപാട് നിര്‍മിതികള്‍ അക്കാലത്തുണ്ടായി. സഊദിയിലെ സവിശേഷമായ വാസ്തുശില്‍പത്തിന്റെ ഒരു ഘട്ടം ഉസ്മാനിയ ഖിലാഫത്തിന്റേതാണ്. 1517ലാണ് ഓട്ടോമന്‍ തുര്‍ക്കികള്‍ മംലൂക്കുകളെ കീഴടക്കി ഹിജാസ് പ്രവിശ്യ അടക്കമുള്ള മംലൂക്ക് ദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നത്. 1525ല്‍ ജീര്‍ണിച്ച നഗരഭിത്തികള്‍ അവര്‍ പുനര്‍നിര്‍മിച്ചു. ടര്‍ക്കിഷ് ശൈലിയില്‍ അവര്‍ നിര്‍മിച്ചത് ആറ് നിരീക്ഷണ ഗോപുരങ്ങളും ആറ് നഗര കവാടങ്ങളുമാണ്. മക്ക കവാടം, അല്‍ മഗ്‌രിബ കവാടം, ശരീഫ് കവാടം, അല്‍ബുന്ദ് കവാടം, അല്‍ശാം കവാടം, മദീന കവാടം എന്നിവയാണവ. പട്ടാളക്കാര്‍ക്കായി ചെറിയ കോട്ടയും അവര്‍ ജിദ്ദയില്‍ പണിതു. അഹ്മദ് അല്‍ജസ്സാര്‍ എന്ന വലിയ പോരാളിയുടെ ആദ്യ കാലഘട്ടം ജിദ്ദയിലായിരുന്നു. പല ഖിലാഫത്ത് കാലഘട്ടങ്ങളിലെ ജിദ്ദയുടെ ചരിത്രം പറയാന്‍ തന്നെ വലിയ ഗ്രന്ഥം രചിക്കേണ്ടിവരും. ഞാനൊരു ചരിത്രാന്വേഷകനല്ലാത്തതുകൊണ്ട് അത്തരം വിശദാംശങ്ങളിലേക്ക് പോകുന്നില്ല. ഞാനൊരു സാധാരണ സഞ്ചാരി മാത്രം.

ചില ടര്‍ക്കിഷ് നിര്‍മിതികള്‍ പുതിയ കാലത്ത് വേലികെട്ടി സംരക്ഷിക്കുന്നുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അലയുമ്പോള്‍, ഭിത്തിനിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതിക വിദ്യയും കൗതുകകരമായി. ചൂരലും മണ്ണും ചേര്‍ത്തുള്ള നിര്‍മിതികളുണ്ട്. തേമ്പിപ്പിടിപ്പിക്കുന്ന മണ്ണിന് ഉറപ്പുകിട്ടാനായി ധാന്യവൈക്കോല്‍ ചേര്‍ക്കുന്നതും സ്വാഭാവികം. മരുഭൂമി വാസ്തുശില്‍പത്തിന്റെ പലതരം ശൈലികള്‍ ഗൃഹാകാരങ്ങളിലും കോട്ടകളിലും കാണാം. ഹിജാസിന്റെ കുന്നുകള്‍ പാറക്കെട്ടുകള്‍ നിറഞ്ഞതായതിനാല്‍ കരിങ്കല്‍ കോട്ടകളും നിര്‍മിച്ചിരുന്നു. ടര്‍ക്കിഷ് ഗൃഹാകാരങ്ങളുടെ ഭംഗി അറിയാന്‍ പഴയ ജിദ്ദയുടെ ഭാഗമായ ബലദിലേക്ക് പോകണം.

പി സുരേന്ദ്രന്‍

You must be logged in to post a comment Login