കറുത്ത തെരുവുകള്‍

കറുത്ത തെരുവുകള്‍

അരികുവത്കരിക്കപ്പെട്ടവരുടെ ധാരാളം തെരുവുകളുണ്ട് സഊദി അറേബ്യയില്‍. മഹാനഗരങ്ങളില്‍ എവിടെ നോക്കിയാലും ഭിക്ഷാടകരെ കാണാം. മുഖാവരണമണിഞ്ഞ സ്ത്രീകളാണ് കൂടുതലും. മിക്കവരും കറുത്തവര്‍ഗക്കാര്‍. അവര്‍ ട്രാഫിക്കുകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കരികില്‍വന്ന് ഭിക്ഷയാചിക്കും. ഭോജനശാലകള്‍ക്കും പള്ളികള്‍ക്കും അരികില്‍ അവരുണ്ടാകും. അത്യന്തം ദൈന്യം നിറഞ്ഞവര്‍. ചിലര്‍ കുഞ്ഞുങ്ങളെ മടിയില്‍ കിടത്തിയിട്ടുണ്ടാവും. ഇത്തരത്തിലുള്ള അരികുവത്കരണം സഊദി അറേബ്യ നേരിടുന്ന വലിയ പ്രശ്‌നമാണ്. ഇങ്ങനെ തെരുവുകളില്‍ അടിഞ്ഞുകൂടിയവര്‍ ഭരണകൂടത്തിനും നിയന്ത്രണവിധേയമല്ല.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിയ പല ജനസമൂഹങ്ങളും സഊദിയിലുണ്ട്. കറുത്ത വര്‍ഗക്കാരും റോഹിംഗ്യന്‍ മുസ്‌ലിംകളും ഒക്കെയുണ്ട്. മ്യന്മറിലെ വംശവെറിയുടെ ഇരകളായ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ സഊദി അറേബ്യയിലും അഭയാര്‍ത്ഥികളായെത്തി. എന്നാല്‍ അനധികൃത കുടിയേറ്റക്കാര്‍ക്കിടയില്‍ ഏറ്റവും കൂടുതലുള്ളത് കറുത്തവര്‍ഗക്കാര്‍ തന്നെ.
ജിദ്ദയില്‍നിന്ന് ആഫ്രിക്കയിലേക്ക് പ്രവേശിക്കുക വളരെ എളുപ്പമാണ്. തോണിയിലോ ചങ്ങാടത്തിലോ യാത്ര ചെയ്യാം. യാത്രാരേഖകള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ ധാരാളം.

അബ്‌സീനിയ(ഇന്നത്തെ എത്യോപ്യ)യിലേക്കുള്ള പലായനം ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രധാനമാണ്. ഇസ്‌ലാം ആശ്ലേഷിച്ചതിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നവരോട് പ്രവാചകനിങ്ങനെ പറയുന്നുണ്ട്.
”നിങ്ങള്‍ അബ്‌സീനിയയിലേക്ക് പോവുകയാണെങ്കില്‍ അവിടുത്തെ രാജാവിന് കീഴില്‍ നിങ്ങള്‍ക്ക് പീഡനങ്ങള്‍ അനുഭവിക്കാതെ ജീവിക്കാന്‍ സാധിക്കും. മതത്തിന്റെ സത്യസന്ധത സൂക്ഷിക്കുന്ന നാടാണത്. ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ക്ക് ദൈവം ഒരു പരിഹാരം ഉണ്ടാക്കുന്നനാള്‍ വരെ ശാന്തമായി നിങ്ങള്‍ക്കവിടെ കഴിയാമല്ലോ.”
നേഗസ് എന്നായിരുന്നു അവിടുത്തെ രാജാവിന്റെ പേര്. അദ്ദേഹം മക്കത്തുനിന്നുവന്ന പ്രവാസികളെ നന്നായി സ്വീകരിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ നീങ്ങാന്‍ ഖുറൈശികള്‍ ചില പദ്ധതികള്‍ ആവിഷ്‌കരിച്ചു. വലിയ സമ്മാനങ്ങള്‍ നല്‍കി രാജാവിനെയും സൈന്യത്തിലെ ഉന്നതരെയും സ്വാധീനിക്കാനായിരുന്നു പദ്ധതി. പക്ഷേ നേഗസ് രാജാവ് ഈ ചതികളിലൊന്നും വീണുപോയില്ല. പ്രവാസികള്‍ സുരക്ഷിതരായിത്തന്നെ അവിടെ താമസിച്ചു.
പുരാതന കടല്‍പാതയിലൂടെ പില്‍ക്കാലത്ത് സഊദിയിലേക്ക് പ്രവേശിച്ച ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാര്‍ മറ്റൊരു ഗണത്തില്‍പെട്ടവരായിരുന്നു. ഹജ്ജിനും ഉംറക്കുമായി വന്നവരില്‍നിന്ന് രോഗങ്ങള്‍ ബാധിച്ചവരെ മക്കത്തേക്ക് പ്രവേശിപ്പിക്കാതെ നോക്കി. ഇങ്ങനെ ഭ്രഷ്ട് കല്‍പിക്കപ്പെട്ടവര്‍ സ്വദേശത്തേക്ക് മടങ്ങാനും തയാറായില്ല. ഇത്തരക്കാരും ദാരിദ്ര്യം നിറഞ്ഞ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമൊക്കെ വന്നടിഞ്ഞ സവിശേഷമായൊരു തെരുവുണ്ട് ജിദ്ദയില്‍. കരിന്തിന എന്നാണതിന്റെ പേര്. ക്വറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കിന് സംഭവിച്ച പ്രാദേശിക പരിണാമമാണ് കരിന്തിന. ഭിക്ഷാടക മാഫിയയുടെ കേന്ദ്രവും ഇവിടെത്തന്നെ.

ആ തെരുവിലേക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പലരും എന്നെ വിലക്കി. തീര്‍ത്തും അധോലോകമാണ്. പലതരം അനാശാസ്യത്തിന് കരിന്തിനയിലെ അനധികൃത കുടിയേറ്റം ഒരു കാരണമാവുന്നു. അവിടുത്തെ ചേരികളില്‍ താമസിക്കുന്ന കറുത്ത വര്‍ഗക്കാര്‍ ഒരു നിയമത്തെയും അനുസരിക്കില്ല. അവിടേക്ക് പ്രവേശിച്ച പൊലീസിനെയും പട്ടാളത്തെയും അവര്‍ അക്രമിച്ചിട്ടുണ്ട്. വെടിവെപ്പുകള്‍ നടന്നിട്ടുണ്ട്. ഇവരെയെല്ലാം അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കാന്‍ സഊദി സര്‍ക്കാര്‍ ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ വിജയിച്ചില്ല. യാതൊരു തരത്തിലുള്ള രേഖകളും കൈവശമില്ലാത്തവരെ ഏത് രാജ്യത്തേക്ക് പറഞ്ഞയക്കാനാണ്?
കരിന്തിനയെക്കുറിച്ച് കേട്ടറിഞ്ഞ കാര്യങ്ങള്‍ കാന്തക്കല്ലുപോലെ എന്നെ കരിന്തിനയിലേക്ക് ആകര്‍ഷിച്ചു. അരുവി മോങ്ങവും മാലിക് മഖ്ബൂലും ധൈര്യം തന്നപ്പോള്‍ പോകാമെന്ന് തന്നെ തീരുമാനിച്ചു. പ്രശ്‌നബാധിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നതിലുമുണ്ടല്ലോ ഒരു ത്രില്‍. അരുവിയാണ് വാഹനമോടിച്ചത്. വാഹനം അല്‍പം ദൂരെ നിര്‍ത്തിയിട്ട് തെരുവിന്റെ ഉള്ളിലേക്ക് നടന്നു. നല്ല തിരക്കുണ്ട്. ചേരി പ്രദേശങ്ങളിലെ കച്ചവടത്തെരുവുകളുടെ സ്വഭാവം എല്ലായിടത്തും കാണാം. അരികുവത്കരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും അടയാളങ്ങള്‍. കരിന്തിനയിലെ പള്ളിക്കുമുമ്പിലെത്തുമ്പോള്‍ ഉച്ച നമസ്‌കാരത്തിന്റെ സമയമായിരുന്നു. പൊതുവെ അറേബ്യയിലെ നഗരങ്ങളിലെ പള്ളികളില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ മുറ്റവും മറ്റ് സൗകര്യങ്ങളും ഉണ്ടാകും. കരിന്തിനയിലെ ആ പള്ളിയില്‍ പക്ഷേ അത്തരം സൗകര്യങ്ങളൊന്നുമില്ലായിരുന്നു. നല്ല ആള്‍ത്തിരക്കുമുണ്ട്.

കറുത്തവര്‍ഗക്കാരെയല്ലാതെ മറ്റാരെയും കാണാനില്ല. തെരുവില്‍ സ്ത്രീകളാണ് കച്ചവടക്കാര്‍. എത്യോപ്യയില്‍നിന്നും ജിബൂട്ടിയില്‍നിന്നുമൊക്കെ കടത്തിക്കൊണ്ടുവരുന്ന ഒരു തരം കായ സ്ത്രീകള്‍ തെരുവില്‍വെച്ച് വില്‍ക്കുന്നത് കണ്ടു. കണ്ടാല്‍ ബദാംകായ പോലെയിരിക്കും. പുകയില പോലെ ലഹരി നല്‍കുന്ന കായയാണത്. ഇതിന്റെ വില്‍പനയൊക്കെ സഊദിയില്‍ നിരോധിച്ചതാണ്. പക്ഷേ കരിന്തിനയില്‍ അത് സുലഭം. നിയമനടപടികളെടുക്കുന്ന അധികാരികള്‍ പോലും കരിന്തിനയിലേക്ക് പ്രവേശിക്കാന്‍ ഭയക്കുന്നു. യമന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ മലനിരകളില്‍ വളരുന്ന, കാട്ടുപുല്ലു പോലെ മറ്റൊരു ചെടിയുണ്ട്. അത് ചവച്ച് തിന്നാലും അല്‍പം ലഹരിയുണ്ടാവും. ഇതും കരിന്തിനയില്‍ സുലഭം. തെരുവില്‍ വെച്ച് പരസ്യമായി വില്‍ക്കില്ല എന്നുമാത്രം. അനാശാസ്യ പ്രവര്‍ത്തനങ്ങളും തെരുവുജീവിതത്തിന്റെ ഭാഗമാണെന്ന് അരുവി പറഞ്ഞു. റോഡരുകില്‍ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് അരുവി പറഞ്ഞുതന്നു. ലഹരിക്കായ വില്‍ക്കുന്ന സ്ത്രീയുടെ ഫോട്ടോ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ അവര്‍ ബഹളം വെച്ചു. കാര്യം പന്തിയല്ലെന്നു തോന്നിയപ്പോള്‍ ഞങ്ങള്‍ അവിടെനിന്നു മാറി. ആളുകള്‍ ഓടിക്കൂടിയാല്‍ അപായത്തില്‍ പെട്ടേക്കും. പൊലീസിനു പോലും രക്ഷിക്കാന്‍ പറ്റിയെന്നു വരില്ല. കരിന്തിനയിലെ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കു മുമ്പില്‍ അവര്‍ പോലും നിസ്സഹായരാണ് പലപ്പോഴും. അധികാരികളെ നിരന്തരമായി വെല്ലുവിളിക്കുകയാണ് കരിന്തിന നിവാസികള്‍. തെരുവിലൂടെ നടക്കുമ്പോള്‍ തുറന്ന ഭക്ഷണശാലകളിലിരുന്ന് ആഹാരം കഴിക്കുന്നവര്‍ ഞങ്ങളെ തുറിച്ചുനോക്കുന്നു. കരിന്തിനയിലേക്ക് പ്രവേശിക്കുന്ന അപരിചിതരെ നിരീക്ഷിക്കുന്നത് സ്വാഭാവികം. നിയമവിരുദ്ധവും ഇരുണ്ടതുമായ ജീവിതം നയിക്കുന്നതുകൊണ്ടാണത്. കരിന്തിനയിലെ ആഫ്രിക്കക്കാരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയാലും ഇവിടുത്തുകാര്‍ സഹകരിക്കില്ല.

പഴയ വാഹനങ്ങള്‍ പലയിടത്തും കൂട്ടിയിട്ടിരിക്കുന്നു. കെട്ടിടങ്ങള്‍ക്കിടയില്‍ ഈന്തപ്പനകളും സുലഭം. സ്ത്രീകള്‍ നടത്തുന്ന ഭോജനശാലകളുണ്ട്. ഇവിടുത്തെ രുചിക്കൂട്ടുകളും അറേബ്യന്‍ ഭക്ഷണരീതികളില്‍നിന്ന് വ്യത്യസ്തം. ഏതെങ്കിലും ഭോജനശാലയില്‍കയറി അവിടുത്തെ രുചിയറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ ധൈര്യം കിട്ടിയില്ല. തുറന്ന സ്ഥലത്തിരുന്ന് ചായ വില്‍ക്കുന്ന ഒരു സ്ത്രീയെ കണ്ടു. ചായ മാത്രമാണ് അവര്‍ വില്‍ക്കുന്നത്. അപ്പപ്പോള്‍ കെറ്റിലില്‍ വെള്ളം തിളപ്പിച്ച് ചായയുണ്ടാക്കും. പലതരം സുഗന്ധങ്ങള്‍ ചേരുന്ന ചായ. തട്ടുകടകളുടെ രീതിയില്‍ പ്ലാസ്റ്റിക് കസേരകള്‍ അവള്‍ക്കരികില്‍ നിരത്തിയിട്ടുണ്ട്. ഞങ്ങള്‍ അവിടെ ചെന്നിരുന്ന് ചായ ആവശ്യപ്പെട്ടു. ഞാന്‍ അവളുടെ മുഖഭാവം ശ്രദ്ധിച്ചു. അപരിചിതരെ കണ്ടതിന്റെ ചെറിയ അങ്കലാപ്പ് ആ മുഖത്ത് പ്രതിബിംബിക്കുന്നതുപോലെ തോന്നി. ജിദ്ദയിലെത്തുന്ന സന്ദര്‍ശകരൊക്കെ കരിന്തിനയിലേക്ക് വരാറില്ല. ഞങ്ങള്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴും ചുറ്റുപാടുകളില്‍നിന്ന് ഞങ്ങള്‍ക്കുനേരെ നീണ്ടുവരികയാണ് കണ്ണുകള്‍. വേഗം ചായ കുടിച്ച് ഞങ്ങള്‍ അവിടം വിട്ടു. തെരുവിലൊരിടത്ത് പഴയ വസ്ത്രം സൂക്ഷിക്കുന്ന പഴയൊരു ഗോഡൗണ്‍ കണ്ടു. സഊദി അറേബ്യയില്‍ നിരോധിച്ചതാണ് ഇത്തരം പഴയ വസ്ത്രവിപണി. പഴയ വസ്ത്രങ്ങളുടെ വിപണി ദാരിദ്ര്യം നിറഞ്ഞ ആഫ്രിക്കന്‍ രാജ്യങ്ങളുടെ അടയാളമാണ്. സമ്പന്ന രാജ്യങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന വസ്ത്രങ്ങളാണ് ഇങ്ങനെ വിപണികളിലെത്തുന്നത്.

തെരുവുകളിലൂടെ അലയുമ്പോള്‍ ഞങ്ങള്‍ക്കു പിന്നില്‍ കുറേ മുഖങ്ങള്‍ പ്രത്യക്ഷപ്പെടുകയാണ്. ആരോ ഞങ്ങളെ പിന്തുടരുന്നുണ്ട്. ഉറപ്പ്. ഇനിയും കരിന്തിനയില്‍ അലയുന്നത് അപകടമാണെന്ന് മാലിക് പറഞ്ഞു. മൂന്നുവഴികളിലൂടെ പിരിഞ്ഞ് കാറിന്റെ അടുത്തേക്ക് നടക്കാന്‍ അരുവി നിര്‍ദേശം നല്‍കി.

പി സുരേന്ദ്രന്‍

You must be logged in to post a comment Login