അമേരിക്ക ഫലസ്തീനൊപ്പം ചേരുമ്പോള്‍

അമേരിക്ക ഫലസ്തീനൊപ്പം ചേരുമ്പോള്‍

അമേരിക്കന്‍ ഐക്യനാടുകളില്‍ ഇസ്രയേല്‍ അനുകൂല വികാരമുണ്ടാക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫേഴ്‌സ് കമ്മിറ്റി അഥവാ എ.ഐ.പി.എ.സി. ഇസ്രയേലിന്റെ ‘അഞ്ചാം പത്തി’ എന്ന വിശേഷണമുള്ള ഈ സംഘടനയുടെ വാര്‍ഷിക നയരൂപവത്കരണ സമ്മേളനം മാര്‍ച്ച് ആദ്യവാരം വാഷിംഗ്ടണില്‍ ചേര്‍ന്നു.
”അമേരിക്കന്‍-ഇസ്രയേല്‍ ബന്ധം ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് എ ഐ പി എ സിയുടെ പ്രധാന ദൗത്യം. അതുവഴി ഇരുരാജ്യങ്ങളുടെയും സുരക്ഷ വര്‍ധിക്കും. ഇസ്രയേല്‍ സുരക്ഷിതമായും ശക്തമായും നിലനില്‍ക്കുന്നത് അമേരിക്കയ്ക്ക് എത്രമാത്രം ഗുണപരമാണെന്ന കാര്യം ഈ രാജ്യത്തെ നേതാക്കളെ ബോധ്യപ്പെടുത്താന്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും”-എ.ഐ.പി.എ.സിയുടെ ഉദ്ദേശ്യലക്ഷ്യമായി സംഘടനാപ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടുന്ന നിലപാടാണിത്. ഇൗ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാനായി വിപുലമായ പ്രചാരണസംവിധാനങ്ങളും സംഘടനയ്ക്കുണ്ട്.

ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുന്നോടിയായി യു.എസ്. ഗവണ്‍മെന്റിന്റെ മുന്നില്‍ ഒരുപാട് ആവശ്യങ്ങള്‍ എ.ഐ.പി.എ.സി. മുന്നോട്ടുവച്ചിരുന്നു. ”ഇസ്രയേലിന് ഒബാമ ഭരണകൂടം വാഗ്ദാനം ചെയ്ത 3800 കോടി ഡോളറിന്റെ സഹായധനം എത്രയും പെട്ടെന്ന് കൈമാറാന്‍ യു.എസ്. കോണ്‍ഗ്രസ് നടപടിയെടുക്കണം. ഇറാന്റെ മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് എ.ഐ.പി.എ.സി. ആവശ്യപ്പെടുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ ആയുധപരിശോധകര്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. ഇസ്രയേലിനെതിരെയുളള ഉപരോധനീക്കം തടയാനുളള യു.എസ്. കോണ്‍ഗ്രസ് ബില്ലിന് എ.ഐ.പി.എ.സി. പൂര്‍ണ പിന്തുണ നല്‍കും”. സമ്മേളനത്തിന് മുന്നോടിയായി സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണിവ.

എ.ഐ.പി.എ.സി. തമാശ പറയുന്നതല്ല. യു.എസ്. കോണ്‍ഗ്രസിനെയും ഇപ്പോള്‍ വൈറ്റ്ഹൗസിനെയും സ്വാധീനിക്കാനായി അവര്‍ ചെലവിട്ട പണത്തിന്റെ ഹുങ്കാണ് ഇത്തരം വലിയ വര്‍ത്തമാനങ്ങള്‍ പറയാന്‍ അവര്‍ക്ക് ചങ്കൂറ്റം നല്‍കുന്നത്. എന്നാല്‍ അവകാശപ്പെടുന്നത് പോലെ അത്ര മാത്രം ശക്തരാണോ ഈ സംഘടന?

ശക്തി സ്ഥാപിക്കല്‍
വലിയ വായിലുളള പ്രസ്താവനകളും വമ്പന്‍ സമ്മേളനങ്ങളും നടത്തി എ.ഐ.പി.എ.സി. ശക്തി തെളിയിക്കാന്‍ ശ്രമിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കാം. സംഘടന നടത്തുന്ന ഓരോ സമ്മേളനങ്ങളും കൃത്യമായൊരു സന്ദേശം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
”സയണിസ്റ്റുകളാണ് ഈ രാജ്യം ഭരിക്കുന്നത്. സ്പീക്കര്‍, സെനറ്റര്‍മാര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍, അംബാസഡര്‍മാര്‍, പ്രസിഡന്റുമാര്‍… ഇവരെല്ലാം ഇസ്രയേലി-യു.എസ്. പതാകകള്‍ ഒന്നിച്ചുചേര്‍ന്ന് പറക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇസ്രയേല്‍ എന്നാല്‍ അമേരിക്കയാണ്. അമേരിക്ക ഇസ്രയേലും”.

ഈയൊരു സന്ദേശം മാത്രമല്ല എ.ഐ.പി.എ.സി. സമ്മേളനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകരുന്നത്. എ.ഐ.പി.എ.സി. എന്ന് പേര് എഴുതിവച്ച് പോഡിയത്തിന് മുന്നില്‍ നിന്ന് സംസാരിക്കുന്ന ഉയര്‍ന്ന റാങ്കുള്ള യു.എസ്. ഉദ്യോഗസ്ഥര്‍, പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെനറ്റര്‍മാര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരെല്ലാം ജനങ്ങളിലേക്ക് പടരുന്ന ഒരു പൊതുധാരണയുണ്ട്. ഇവരെല്ലാം ഇസ്രയേല്‍ നിലപാടിനൊടൊപ്പമാണ് എന്ന്.

ഈ രണ്ട് ദൃശ്യങ്ങളും ഒന്നിച്ചുവരുന്നത് ഏകീകൃതമായ ഒരു ദൃശ്യസന്ദേശമായി മാറുന്നു. ഈ ആളുകള്‍ എത്ര ശക്തരാണെന്നു നോക്കൂ, ഇവരെല്ലാവരും സര്‍വശക്തനായ എ.ഐ.പി.എ.സി.യുടെ ആജ്ഞാനുവര്‍ത്തികളാണ്. അതുവഴി സയണിസത്തിന്റെയും ഇസ്രയേലിന്റെയും- എന്നതാണാ സന്ദേശം.

ജോസഫ് ഗീബല്‍സിനും ലെനി റീഫന്‍സ്റ്റാളിനും വരെ ഇത്ര ശക്തമായ ഒരു ഫാഷിസ്റ്റ് അനുകൂല സന്ദേശം രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇതൊക്കെയാണെങ്കിലും എ.ഐ.പി.എ.സി. ഉറക്കെ കുരയ്ക്കുന്നേയുള്ളൂ. അതിന് കടിക്കാന്‍ കഴിയുന്നില്ല. അതിന്റെ നിലപാടുകളില്‍ പലതും അതിരുകടക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ ധാരാളമുണ്ടിപ്പോള്‍.

അതിരുവിടുന്ന പ്രതിഷേധം
സയണിസ്റ്റ് ലോബിക്ക് ഈ രാജ്യത്തുള്ള സ്വാധീനശക്തിയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. പക്ഷേ ഫലസ്തീനില്‍ അവര്‍ കാട്ടിക്കൂട്ടുന്ന നെറികേടിനെ അമേരിക്കക്കാര്‍ക്ക് മുന്നില്‍ ന്യായീകരിക്കാന്‍ ഏറെക്കാലമായി അവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അവരതില്‍ വിജയിച്ചിട്ടില്ല. എതിരഭിപ്രായം പറയുന്നവരെ മുഴുവന്‍ ‘സെമിറ്റിക്-വിരുദ്ധര്‍’ എന്ന് ചാപ്പയടിച്ചിട്ടുപോലും ഇസ്രയേലിന്റെ നടപടികള്‍ ചോദ്യം ചെയ്യാന്‍ പലരും മുന്നോട്ടുവരുന്നു.
ഷെല്‍ഡണ്‍ ആഡല്‍സനെ പോലെയുള്ള സയണിസ്റ്റ് കോടീശ്വരന്‍മാര്‍ക്ക് ട്രംബിന്റെ സ്വകാര്യചടങ്ങില്‍ പങ്കെടുക്കാന്‍ 50 ലക്ഷം ഡോളറിന്റെ ടിക്കറ്റ് വാങ്ങാന്‍ സാധിച്ചേക്കും. ജെറുസലേമിലെ മോഷ്ടിക്കപ്പെട്ട ഫലസ്തീനിയന്‍ നഗരത്തില്‍ അമേരിക്കയ്ക്ക് പുതിയ എംബസി വാങ്ങാന്‍ പോലും അദ്ദേഹത്തിന് കഴിയും. മറ്റൊരു സയണിസ്റ്റ് കോടീശ്വരന്‍ ഹെയിം സബാന്‍ കഴിഞ്ഞ യു.എസ്. തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനുവേണ്ടി കോടികള്‍ വാരിയെറിഞ്ഞിരുന്നു. തന്റെ അഗാധമായ അഴിമതിയെ മറച്ചുവച്ച് ഹിലരി ക്ലിന്റന് ജയിക്കാനായാല്‍ അവരെ സയണിസ്റ്റ് പക്ഷത്തേക്ക് ഉറപ്പിക്കാനായിരുന്നു ഈ നീക്കം. ‘എനിക്കൊരു വിഷയമേയുളളൂ. ആ വിഷയം ഇസ്രയേലാണ്’ എന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് ഹെയിം സബാന്‍. ഒരേ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് പ്രതിയോഗികള്‍ക്ക് വേണ്ടി പണം മുടക്കാന്‍ ഓരോ സയണിസ്റ്റ് കോടീശ്വരന്‍മാര്‍ മുന്നോട്ടുവന്നത് ഒറ്റ ലക്ഷ്യത്തോടെയാണ്. ആര് ജയിച്ചാലും നമുക്കൊപ്പം നിര്‍ത്തുക. ഇവര്‍ കാരണം സയണിസത്തെ പിന്തുണയ്ക്കുന്ന ബില്യണര്‍മാര്‍ എന്ന അര്‍ത്ഥം വരുന്ന ‘സയണേഴ്‌സ്’ എന്നൊരു പുതിയ വാക്ക് പോലും രൂപപ്പെട്ടുകഴിഞ്ഞു.
അതാണ് അധികാരം. സംശയമില്ല. എന്നിട്ടും സയണിസ്റ്റുകള്‍ ഇപ്പോഴും പ്രതിഷേധിക്കുന്നു. അവര്‍ കടിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഉച്ചത്തില്‍ കുരയ്ക്കുന്നു. അമേരിക്കന്‍ അധികാരത്തിന്റെ രാഷ്ട്രീയ ശരീരം നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് ഭാവിക്കുന്നു. പക്ഷേ സഹോദരാ, എത്രത്തോളം ആഴത്തില്‍ അവര്‍ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു.

തങ്ങളുടെ അരക്ഷിതത്വബോധവും നിയമവിരുദ്ധതയും മറച്ചുവെക്കാനാണ് അവര്‍ ഐ.എ.പി.എ.സി. സമ്മേളനങ്ങള്‍ പോലെയുള്ള ബ്രഹ്മാണ്ഡ പരിപാടികള്‍ ഇടയ്ക്കിടെ നടത്തുന്നത്. തങ്ങള്‍ കപടന്മാരാണെന്ന് മറ്റാരെക്കാളും നന്നായി സയണിസ്റ്റുകള്‍ക്ക് തന്നെയറിയാം. തങ്ങളുടെ കള്ളത്തരം മറ്റാരും കണ്ടുപിടിക്കാതിരിക്കാനുളള മറയാണ് ഇത്തരം സമ്മേളനങ്ങള്‍. മറ്റാരുടെയോ ദേശത്ത് നുഴഞ്ഞുകയറുന്ന കള്ളന്‍മാരാണ് തങ്ങളെന്ന കുറ്റസമ്മതം കൂടിയാണീ സമ്മേളനങ്ങള്‍.

ആത്മാവിനെ നഷ്ടപ്പെടല്‍
അമേരിക്ക എന്നതൊരു സങ്കീര്‍ണ്ണമായ സമൂഹമാണ്. വിവിധ അടരുകളുള്ള വിശ്വാസങ്ങളും വികാരങ്ങള്‍ക്കും വിധേയമായാണ് അത് പ്രവര്‍ത്തിക്കുന്നത്. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് അത് രാഷ്ട്രീയ പാര്‍ട്ടികളാലും ആശയങ്ങളാലും വിഭജിക്കപ്പെട്ട സമൂഹം എന്ന തോന്നലുണ്ടായേക്കാം. അതിനാല്‍ എളുപ്പത്തില്‍ അതിനെ സ്വാധീനിക്കാനാകും എന്നും അവര്‍ കരുതുന്നു. ഈ തെറ്റായ ചിന്താഗതി പ്രയോജനപ്പെടുത്തിയാണ് സയണിസ്റ്റുകള്‍ തങ്ങള്‍ക്ക് ഇവിടെ വലിയ സ്വാധീനമുണ്ടെന്ന് പ്രചരിപ്പിച്ചത്.

‘ജൂതന്‍മാര്‍ അമേരിക്കയെ നിയന്ത്രിക്കുന്നു’ എന്ന പറഞ്ഞുപഴകിയ വാചകത്തില്‍ കയറിപ്പിടിച്ചാണ് സയണിസ്റ്റുകള്‍ എക്കാലവും പ്രവര്‍ത്തിക്കുന്നത്.
എല്ലാത്തിനും പിന്നില്‍ മറഞ്ഞുകിടക്കുന്നൊരു ‘ജൂത ലോബി’യുണ്ടെന്ന പൊതുബോധവും വിഡ്ഡിത്തമാണ്. ജൂതന്‍മാര്‍ എന്നതൊരു ഏകശിലാരൂപമല്ല. അവരെല്ലാവരും സയണിസത്തെ പിന്തുണയ്ക്കുന്നവരുമല്ല. പുരോഗമന ചിന്താഗതിയുളള ജൂത ചിന്തകര്‍, പണ്ഡിതര്‍, പത്രപ്രവര്‍ത്തകര്‍, പഴയതും പുതിയതുമായ തലമുറയില്‍ ഉള്‍പ്പെട്ടവര്‍ അങ്ങനെയെത്രയോ പേര്‍ സയണിസത്തിനെതിരെ പരസ്യമായ രംഗത്തുവന്നിട്ടുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഹന്ന ആരെന്‍ഡന്റും മുതല്‍ യു.എസ്. ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ വരെ ഉദാഹരണം.
ഒരു പ്രത്യേക വിഭാഗവും- ജൂതന്മാരോ, ക്രിസ്ത്യാനികളോ, മുസ്‌ലിംകളോ മറ്റാരെങ്കിലുമോ അമേരിക്കയെ പൂര്‍ണമായും നിയന്ത്രിക്കുന്നില്ല. സയണിസ്റ്റുകള്‍ക്ക് പോലും അമേരിക്കയെ തങ്ങളുടെ ചൊല്‍പടിയിലാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ മറിച്ചാണെന്ന് അവര്‍ ഭാവിക്കാന്‍ ശ്രമിക്കുന്നു. ഇല്ലാത്ത ശക്തി തങ്ങള്‍ക്കുണ്ടെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
എ.ഐ.പി.എ.സി., ഷെല്‍ഡന്‍ ആഡല്‍സന്‍, ബെഞ്ചമിന്‍ നെതന്യാഹു- ഈ മൂന്ന് പ്രബല അധികാരകേന്ദ്രങ്ങളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇറാനുമായി ആണവകരാറില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് പ്രസിഡന്റ് ഒബാമയെ പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. അന്നവര്‍ വിജയിച്ചിരുന്നെങ്കില്‍ അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ലിബിയയെയും യമനെയും സിറിയയെയും പോലെ ആയിട്ടുണ്ടാവുമായിരുന്നു ഇന്ന് ഇറാന്‍.

‘എല്ലാ സയണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളും എ.ഐ.പി.എ.സി. നേതാക്കളും കേന്ദ്രീകരിക്കുന്നത് വാഷിംഗ്ടണ്‍ നഗരത്തിലാണ്. സ്വാഭാവികമായും അവരുടെ പ്രധാന പ്രവര്‍ത്തനമേഖലയും ഇവിടം തന്നെ. എന്നാല്‍ വാഷിംഗ്ടണിന് പുറത്തെ അമേരിക്കയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.
ഈയടുത്ത കാലത്ത് ഇന്റര്‍നെറ്റില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു ചെറുവീഡിയോ ക്ലിപ്പ് നിങ്ങളുടെ ശ്രദ്ധയിലും പെട്ടിരിക്കാം. അമേരിക്കന്‍ സാഹിത്യ, സാംസ്‌കാരിക, കായിക, കലാ, രാഷ്ട്രീയരംഗത്തെ ഏറ്റവും പ്രിയപ്പെട്ട, ഏറ്റവും ജനപ്രീതിയാര്‍ജിച്ച മുഖങ്ങളും ശബ്ദങ്ങളും ഒന്നിച്ചു ചേരുന്ന വീഡിയോ ആണത്. അവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? ഫലസ്തീനികള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണവര്‍. സയണിസ്റ്റുകള്‍ തല കുത്തി നിന്നാല്‍ പോലും ഇതുപോലൊരു മനോഹര വീഡിയോ നിര്‍മിച്ചെടുക്കാനാവില്ല. അവരുടെ കൈയിലുള്ള കോടിക്കണക്കിന് ഡോളറുകളും ഇവിടെ പ്രയോജനരഹിതമാണ്.

”സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതുകൊണ്ടുമാത്രമാണ് നിങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നത് എന്ന് ഞങ്ങള്‍ അമേരിക്കക്കാര്‍ക്ക് നന്നായി അറിയാം” എന്നാണ് വീഡിയോ ക്ലിപ്പില്‍ അമേരിക്കന്‍ സാംസ്‌കാരിക നായകന്‍മാര്‍ ഫലസ്തീനിനോട് പറയുന്നത്. ഫലസ്തീന്‍ വിേമാചനപ്രസ്ഥാനത്തോട് സമ്പൂര്‍ണമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ക്ക് മടിയില്ല.

അമേരിക്കയുടെ ഹൃദയത്തില്‍ നിന്ന് മറച്ചുവെക്കാന്‍ എ.ഐ.പി.എ.സി. ഏറെക്കാലം ശ്രമിച്ച ആ സത്യം ഇന്നെല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു.

അമേരിക്കയുടെ ഹൃദയത്തില്‍ ഫലസ്തീന്‍
ജനകീയ സയണിസ്റ്റ് പ്രചാരണങ്ങളും ശക്തമായ ഇസ്രയേല്‍ അനുകൂല ലോബിയും ചേര്‍ന്ന് മനസ്സാക്ഷിയുള്ള യു.എസ്. പൗരന്മാരെ മൗനികളാക്കുന്ന കാലഘട്ടത്തിലാണ് ഒരു സംഘം അമേരിക്കന്‍ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ ഇത്തരമൊരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോക്കൊപ്പം പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അവര്‍ പറയുന്നു.

”കഴിഞ്ഞ വര്‍ഷം, അമേരിക്കയില്‍ നിന്ന് ഒരു സംഘം കലാകാരന്‍മാര്‍ ഫലസ്തീനില്‍ സന്ദര്‍ശനം നടത്തി. ഇസ്രയേല്‍ സൈനിക അധിനിവേശത്തിനു കീഴില്‍ നരകിച്ച് ജീവിക്കുന്ന നബീ സലേഹ് ഗ്രാമത്തിലെ അഹദ് തമീമിയുടെ കുടുംബവുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിജീവന സമരത്തിന്റെ പാട്ടുകളും കഥകളും പങ്കുവെച്ചു തമീമി കുടുംബം തങ്ങളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികള്‍ തെരുവില്‍ കളിക്കുന്നതിനിടെ ഇസ്രയേലി സൈന്യം വെടിയുതിര്‍ക്കുന്നത്, ഇസ്രയേലി കുടിയേറ്റക്കാര്‍ തങ്ങളുടെ കുടിവെള്ളം ചോര്‍ത്തുന്നത്. വെസ്റ്റ് ബാങ്കിലുടനീളം നൂറുകണക്കിന് ഫലസ്തീന്‍ കുട്ടികളെ അറസ്റ്റ് ചെയ്ത ഇസ്രയേല്‍ പട്ടാളക്കാരും പോലീസുകാരും അവരെ ചവിട്ടിയും കുത്തിയും നരകയാതന അനുഭവിക്കുന്ന കഥകള്‍ തമീമി കുടുംബം പറഞ്ഞുതന്നു. പട്ടാളത്തിനെതിരെ കല്ലെറിഞ്ഞു എന്ന കുറ്റം ചുമത്തിയാണ് കുട്ടികളോട് ഈ കൊല്ലാക്കൊല കാട്ടുന്നത്”.

കഴിഞ്ഞ നാല്‍പതു വര്‍ഷമായി സയണിസ്റ്റ് പ്രചാരണങ്ങള്‍ സഹിച്ചുകൊണ്ട് അമേരിക്കയില്‍ കഴിയുന്നയാളാണ് ഞാന്‍. ഫലസ്തീന്‍ ചെറുത്തുനില്‍പിനെ അനുകൂലിച്ചുകൊണ്ട് ഈ രാജ്യത്തെ പ്രമുഖവ്യക്തിത്വങ്ങള്‍ ഒത്തുചേര്‍ന്നുകൊണ്ടൊരു വീഡിയോ പുറത്തുവിടുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ കരുതിയിട്ടില്ല. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

പ്രചാരണത്തിനായി കോടിക്കണക്കിന് ഡോളര്‍ ചെലവാക്കിയിട്ടുപോലും സയണിസ്റ്റുകള്‍ ഒരു രാജ്യത്തിന്റെ ധാര്‍മ്മിക മനഃസാക്ഷിയെ ഭയപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു.

ഫലസ്തീന്‍ നടത്തുന്ന പോരാട്ടത്തിന്റെ ഉത്തരവാദിത്തം ഒന്നോ രണ്ടോ ഗ്രൂപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇപ്പോള്‍. അതൊരു പൊതുപ്രശ്‌നമായി മാറിക്കഴിഞ്ഞു. ജൂതന്മാര്‍ക്കെതിരെ പണ്ട് നടന്ന വംശീയ ഉന്‍മൂലനവുമായി സാമ്യമുണ്ട് ഇപ്പോള്‍ ഫലസ്തീനിനെതിരെ നടക്കുന്ന ക്രൂരതയ്ക്ക്. പണ്ട് ജൂത ഉന്‍മൂലനത്തില്‍ കുടുംബത്തെ നഷ്ടപ്പെട്ട എറിക് റെസ്‌നിക്ക എന്ന അമേരിക്കന്‍ ജൂതന്റെ വാക്കുകള്‍ കേള്‍ക്കൂ- ”സയണിസ്റ്റുകള്‍ ഫലസ്തീനികളോട് കാട്ടുന്ന ദ്രോഹത്തെ വെള്ളപൂശാനല്ല എന്റെ കുടുംബം ലോകത്ത് നിന്ന് വിട പറഞ്ഞത്”.

എ.ഐ.പി.എ.സി. സമ്മേളനത്തിനെതിരെ രംഗത്തുവന്ന നൂറുകണക്കിന് പേര്‍ക്കൊപ്പം എറിക് റെസ്‌നിക്കുമുണ്ടായിരുന്നു.

എ.ഐ.പി.എ.സി. സമ്മേളനത്തിനെതിരെ പ്രക്ഷോഭം നടത്തിയ ജൂതപുരോഹിതന്‍ റബ്ബി യെസ്രോല്‍ വീസ് അല്‍-ജസീറയോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. ”യഹൂദരുടെ പേരില്‍ സംസാരിക്കുവാന്‍ സയണിസ്റ്റുകള്‍ക്ക് ഒരു അവകാശവുമില്ല. ഞങ്ങളുടെ പേര് മോഷ്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്. നൂറുകണക്കിന് വര്‍ഷം മുമ്പത്തേതുപോലെ ഫലസ്തീനി അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയാനാണ് ജൂതന്മാര്‍ക്കിഷ്ടം. സയണിസ്റ്റ് ഗൂഢാലോചനയാണ് ഫലസ്തീനിനെ തകര്‍ത്തത്”.

തദ്ദേശീയരായ അമേരിക്കന്‍ വംശജര്‍ നേരിട്ട പീഢനത്തെയും ആഫ്രിക്കന്‍ അടിമത്തത്തെയും ജൂതകൂട്ടക്കൊലയുമൊക്കെ ഉചിതമായി അനുസ്മരിക്കാന്‍ പറ്റിയ മാര്‍ഗം ഫലസ്തീനികളുടെ കൂടെ നിന്ന് അവരുടെ പോരാട്ടത്തില്‍ പങ്കാളിയാവുക എന്നതാണ്. അല്ലാതെ ഓസ്‌കര്‍ അവാര്‍ഡ്ദാനച്ചടങ്ങുകളെ നാണിപ്പിക്കുന്ന എ.ഐ.പി.എ.സി. സമ്മേളനങ്ങളില്‍ പങ്കെടുക്കലല്ല.

ഹമീദ് ദബാഷി

(കൊളംബിയ സര്‍വകലാശാലയിലെ ഇറാനിയന്‍ സ്റ്റഡീസ് ആന്‍ഡ് കംപാറിറ്റീവ് ലിറ്ററേച്ചര്‍ പ്രൊഫസറാണ് ലേഖകന്‍)

You must be logged in to post a comment Login